ഇന്ത്യയിലെ കാശുകാർ അവരവരുടെ കുഞ്ഞുങ്ങൾക്ക് കർശനമായ വൈദ്യനിരീക്ഷണത്തോടെ നൽകിവന്ന പെന്റാവാലെന്റ് വാക്സിൻ കേരളത്തിലും തമിഴ്നാട്ടിലും സാർവത്രികമായും സൌജന്യമായും നടപ്പാക്കാൻ തീരുമാനിച്ചിരിക്കുകയാണല്ലോ. കേരളത്തിലെ പെന്റാവാലന്റ് വാക്സിൻ വിതരണം കഴിഞ്ഞയാഴ്ച പലയിടങ്ങളിലായി നടന്നു. പതിവുപോലെ തമിഴ്നാട് തങ്ങളുടെ പരീക്ഷണങ്ങൾ കേരളത്തിന്റെ പരീക്ഷണങ്ങൾ നടന്നു റിസൽട്ടു വരും വരേയ്ക്കും നീട്ടിവച്ചിരിക്കയാണ്.
എല്ലാ ബുധനാഴ്ചകളിലും സർക്കാർ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും വച്ച് 6,10,14 ആഴ്ച പ്രായമുള്ള കുട്ടികൾക്ക് മൂന്നു ഡോസായി വാക്സിൻ നൽകുന്ന ഈ പദ്ധതിയുടെ തൃശ്ശൂർ ജില്ലാ ഉത്ഘാടനം തൃശ്ശൂരിലെ ജില്ലാ ആശുപത്രിയിൽ വച്ചു നിർവഹിക്കപ്പെട്ടു.
ഡിസംബർ 14നു വിതുരയിൽ വച്ച് പെന്റാവാലന്റ് വാക്സിൻ നൽകപ്പെട്ട വിതുര പരപ്പാറ മരുതം മൂട് സജീർ മൻസിലിൽ സബീറിന്റേയും ഷാജിതയുടെയും 58 ദിവസം പ്രായമുള്ള കുഞ്ഞ് പിറ്റേന്നു രാവിലെ മരിച്ചു. പെന്റാവാലെന്റ് വാക്സിന്റെ പാർശ്വഫലത്താലാണ് കുട്ടി മരിച്ചതെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ജഢം പോസ്റ്റ്മോർട്ടം നടത്തിയിട്ടുണ്ട്. ശരീരഭാഗങ്ങൾ ശാസ്ത്രീയ പരിശോധനക്കയച്ചിട്ടുണ്ട്. അതിന്റെ ഫലം വന്നിട്ടില്ല.
2008 ജനുവരി 1നു ശ്രീലങ്കയിൽ ആരംഭിച്ച പെന്റാവാലന്റ് വാക്സിനേഷൻ അഞ്ചു കുട്ടികൾ മരിക്കാനിടയാകുകയും പലർക്കും പാർശ്വഫലങ്ങൾ ഉണ്ടാകുകയും ചെയ്തതോടെ നിറുത്തിവയ്ക്കുകയാണുണ്ടായത്. 2009ൽ ഭൂട്ടാനിൽ ഇതു പരീക്ഷിച്ചപ്പോൾ 8 മരണങ്ങൾ ഉണ്ടായതിനെ തുടർന്ന് അവിടേയും വാക്സിനേഷൻ നിറുത്തിവച്ചു. പാക്കിസ്ഥാനിൽ ചില മരണങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഉത്തർ പ്രദേശിൽ ഇതു നൽകിയപ്പോളും മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണെന്നു തോന്നുന്നു വാക്സിന്റെ പ്രയോഗം കേരളത്തിലും തമിഴ്നാടിലും മാത്രമായി പരിമിതപ്പെടുത്താൻ കാരണമെന്നു വേണം കരുതാൻ.
പെന്റാവാലന്റ് വാക്സിന്റെ പ്രധാന പാർശ്വഫലമായി പറയുന്നത് HHE എന്നു വിളിക്കപ്പെടുന്ന hypotonic-hyporesponsive episode എന്ന അവസ്ഥയാണ്. ഇതിന്റെ ഫലമായി ശിശുക്കളിൽ ഓക്സിജന്റെ അളവ് പെട്ടെന്നു ചുരുങ്ങുകയും ത്വക്കിനു നീലനിറം വരികയും ചെയ്യുന്ന അവസ്ഥ പക കുട്ടികളിലും കണ്ടു വരുന്നുണ്ട്. അതിൽ ചിലതാണു മാരകമായി മരണകാരണമായി തീരുന്നതെന്നു കരുതുന്നു.
ഏതെങ്കിലും വിധത്തിലുള്ള അലർജി ഉള്ള കുട്ടികൾക്ക് ഈ വാക്സിൻ കൊടുക്കരുതെന്നു പല ഡോക്ടർമാരും മുന്നറിയിപ്പു നൽകാറുണ്ട്. പ്രത്യേകിച്ച് ലാറ്റക്സിനോടും ഈ വാക്സിനോടും തന്നെയുള്ള അലർജി. ഇത്തരം അലർജി ഇല്ല എന്നു ഉറപ്പാക്കാതെ വാക്സിൻ കൊടുക്കുന്ന രീതി പലപ്പോളും അപകടത്തിലേക്കു നയിച്ചേക്കാം. ഏതായാലും പൾസ് പോളിയോ പോലെ ഡോക്ടർമാരുടെ സാന്നിദ്ധ്യത്തിലല്ലാതെ തന്നെ വാക്സിൻ കൊടുക്കുന്ന രീതി പെന്റാവാലെന്റ് വാക്സിന്റെ കാര്യത്തിൽ ഒരു വിധത്തിലും ആശാസ്യമല്ല.
വിദഗ്ധർ പറയുന്നത് പെന്റാവാലന്റ് വാക്സിൻ നൽകും മുമ്പ് കുട്ടിക്ക് പനിയോ മറ്റു രോഗങ്ങളോ ഛർദ്ദിയോ വയറിളക്കമോ വയറിനോ ആമാശയത്തിനോ കുഴപ്പമോ ഭാരക്കുറവോ ബ്ലഡ് ക്യാൻസറൊ രക്തദൂഷ്യമോ ഇല്ല എന്നു ഉറപ്പു വരുത്തണമെന്നാണ്. യു.എസ്.ഏ.യിൽ ഈ മരുന്നു കൊടുക്കുമ്പോൾ ഉണ്ടാകാവുന്ന പാർശ്വഫലങ്ങളായി പറയപ്പെടുന്നത് ചെറുപനി, വയറിളക്കം, ഛർദ്ദി, വയറുവേദന, രക്തം കലർന്ന മലം, തുടർച്ചയായ 102 ഡിഗ്രിയിൽ കൂടുതലുള്ള പനി, തടിപ്പ്, കടി, നീര്, (പ്രത്യേകിച്ച് മുഖത്തും നാവിലും കൊരക്കിലും) തല കറക്കം, ശ്വാസ തടസ്സം തുടങ്ങിയവയാണ്. Vaccine Adverse Event Reporting System (VAERS) എന്ന ഒരു സംവിധാനം യു.എസ്.ഏ.യിലും കനഡയിലും നിലവിലുണ്ട്. ഏതു കുട്ടിയുടെ രക്ഷിതാവിനും അവരുമായി ബന്ധപ്പെടാം. 1-800-822-7967 യു.എസ്സിലേയും 1-866-234-2345 കനഡയിലേയും ഹെൽപ്പ് ലൈനിന്റെ നമ്പറാണ്.
ഇന്ത്യയിലെ സർക്കാർ വിദഗ്ധന്മാർ പക്ഷേ അമേരിക്കൻ ഡോക്ടർമാരോടു വിയോജിക്കുന്നു. ഏറിയാൽ അപൂർവം ചിലർക്ക് ഒരു ചുവന്ന തടിപ്പ്, നീര്, കുത്തിവയ്പ്പെടുത്ത സന്ധികളിൽ രണ്ടുമൂന്നു ദിവസം നീണ്ടു നിൽക്കുന്ന വേദന, അത്യപൂർവമായി ചെറിയ പനി, അല്ലാതെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഒന്നുമില്ല. പക്ഷേ ഏതു കാരണവശാലും 6 ആഴ്ചക്കു മുമ്പോ ഒരു വയസ്സിനു ശേഷമോ പെന്റാവാലന്റ് കൊടുത്തു പോകരുത്. അങ്ങനെ ആർക്കെങ്കിലും വേണ്ടി വന്നാൽ നമ്മുടെ പഴയ ഡി.പി.ടി രീതി തന്നെ തുടർന്നാൽ മതി.
എന്നാൽ വിതുരയിലെ പാവം കുട്ടിയുടെ കാര്യമോ? ചെറിയ പനി ഉണ്ടാകുമെന്നും അതു കാര്യമാക്കേണ്ടെന്നും ഡോക്ടർ തന്നെ കുട്ടിയുടെ മാതാപിതാക്കളോടു പറഞ്ഞു പോലും. വൈകുന്നേരം പനി വന്നപ്പോൾ ഡോക്ടർ പറഞ്ഞതു പോലെ തന്നെ അവർ അതു കാര്യമാക്കിയില്ല. പിറ്റേന്നു രാവിലെ കുട്ടിയെ വിളിക്കുമ്പോൾ എഴുന്നേൽക്കാതെ വന്നപ്പോൾ അവർ ആശുപത്രിയിലേക്ക് അതിനെ കൊണ്ടോടി. ആശുപത്രിയിൽ വച്ച് മരണം സ്ഥിരീകരിച്ചു. ഈ മരണത്തിൽ എന്തിനേയും ലഘൂകരിച്ചു കാണുന്ന മലയാളി ഡോക്ടറുടെ മനോഭാവത്തിനു കാര്യമായ പങ്കില്ലേ?
ഇനി നമുക്കു കുറച്ചു സ്ഥിതിവിവരക്കണക്കുകളിലേക്കു പോകാം. അമേരിക്കയിൽ ഈ വാക്സിൻ പരീക്ഷണങ്ങൾ നടത്തും മുമ്പ് വളരെ വില കൂറ്റിയ പെന്റാവാലന്റ് വാക്സിനിൽ മറ്റു സാധാരണ വിലകുറഞ്ഞ വാക്സിനുകളേക്കാൾ കൂടുതലായി ന്യൂമോണിയയും മെനിഞ്ചെറ്റിസും ഉണ്ടാക്കുന്ന Hib രോഗത്തിനുള്ള പ്രതിരോധം മാത്രമാണുള്ളത്. ഇതിൽ Hib രോഗം രണ്ടു വിധത്തിലുണ്ട്. ഒന്നു ശ്വാസകോശത്തെ ബാധികുമ്പോൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നത്. രണ്ട് മൂക്കിനെ ബാധിക്കുന്ന നിരുപദ്രവകരമായത്. ഇതിൽ മൂക്കിനെ ബാധിക്കുന്ന രോഗത്തിന്റെ സ്റ്റാറ്റിസ്റ്റിക്കിനെ അടിസ്ഥാനമാക്കിയാണു ഇന്ത്യയിൽ പെന്റാവാലെന്റ് വാക്സിൻ ഔദ്യോഗികമായി ശുപാർശ ചെയ്യപ്പെട്ടത്. അതുപോലും വെല്ലൂർ കൽക്കത്ത ചണ്ഡീഗഢ് എന്നീ മൂന്നു സ്ഥലങ്ങളിൽ മാത്രം നടത്തിയ പഠനങ്ങളെ മാത്രം അടിസ്ഥാനമാക്കിക്കൊണ്ട്. കൂടാതെ അന്തിമ പഠന റിപ്പോർട്ട് വരും മുമ്പു തന്നെ വാക്സിൻ ശുപാർശ ചെയ്യപ്പെടുകയും ചെയ്തു.
ഗുരുതരമായ Hib രോഗം സംബന്ധിച്ച് യു.എസിൽ രണ്ട് പ്രദേശങ്ങളിലെ പഠനങ്ങൾ ലഭ്യമാണ്. ആദ്യത്തേത് അപ്പാച്ചേ മേഖലയിലേത്. അവിടെ വാക്സിൻ പ്രയോഗത്തിനു മുമ്പ് 100000 പേരിൽ 500 മുതൽ 1000 പേർക്ക് ഈ രോഗമുണ്ടായിരുന്നു. വാക്സിൻ കൊടുത്തവർക്കിടയിൽ അതു 100000 പേരിൽ 22 ആയി ചുരുങ്ങി. അടുത്തതായി ടെക്സാസിലെ ഡള്ളാസ് പ്രദേശത്ത് നടത്തിയ പഠനമാണ്. അവിറ്റെ ഇത് 100000ത്തിൽ 109 ആണ്. ഗാംബിയയിൽ 100000 പേരിൽ 200 പേർ ഉണ്ടായിരുന്നത് വാക്സിനേഷനു ശേഷം 21 ആയി ചുരുങ്ങി. എന്നാൽ വാക്സിനേഷനു മുമ്പു തന്നെ ഏഷ്യയിലെ ഈ രോഗത്തിന്റെ സ്ഥിതി 100000ത്തിനു 3 മുതൽ 9 വരെ മാത്രമാണ്. അപ്പോൾ പിന്നെ കൊള്ളവില വേണ്ടിവരുന്ന ഈ മരുന്നിനെ സകല ഭാരതീയരും അല്ല സകല ഏഷ്യക്കാരും സ്വീകരിക്കേണ്ട കാര്യമെന്താണ്?
ഇത്തരുണത്തിലാണ് ലോകാരോഗ്യ സംഘടന ഭൂമിയിലെ സകല മനുഷ്യരും ഈ വാക്സിൻ ഉപയോഗിക്കണമെന്നു പ്രഖ്യാപിച്ചതിലെ ബിസിനസ്സ് ബുദ്ധി തെളിഞ്ഞു വരുന്നത്. സബ്സിഡി ഇല്ലാതെ നാലായിരം രൂപയോളം വില വരുന്ന ഈ മരുന്ന് സബ്സിഡി നിരക്കിൽ ഇന്ത്യയിൽ ലഭ്യമാക്കിയപ്പോളും അതിനു 525 രൂപ ഒറ്റ ഡോസിനു വില വന്നിരുന്നു. എന്നാൽ ട്രൈവാലന്റ് ഡി.പി.ടി.യ്ക്ക് 15 രൂപ മാത്രമാണു ചെലവ്. ഇപ്പോൾ ഇന്ത്യയിൽ മൂന്നു വർഷത്തേക്കു സൌജന്യമായാണു പെന്റാവാലെന്റ് വാക്സിൻ ലഭിക്കുക. മൂന്നു വർഷം കഴിഞ്ഞാൽ സർക്കാരോ ജനമോ ഇതിനു വില കൊടുക്കേണ്ടിവരും. ഇപ്പോൾ അമേരിക്കയിൽ റോട്ടാ വൈറസ് പെന്റാവാലന്റ് വാക്സിൻ ഒരു ഡോസിനു 81 ഡോളറാണു ചെലവ്. അതായത് 4374 രൂപ. പ്രതിവർഷം ആയിരം കോടി രൂപയുടെയെങ്കിലും വ്യാപാരം ഇന്ത്യയിൽ നിന്നും ലഭിക്കാൻ ഈയൊരു വാക്സിൻ മതി. അത്യാവശ്യ മരുന്നുകളുടെ കൊള്ളവില കമ്പനികൾ ഇപ്പോളും തുടരുന്നുമുണ്ടല്ലോ. ഇപ്പോൾ ഡി.പി.ടി., പോളിയോ വാക്സിനുകൾ ഇന്ത്യയിലെ സർക്കാർ സംവിധാനങ്ങൾ വഴി നിർമ്മിച്ചു വിതരണം ചെയ്യാനാകുന്നുണ്ട്. പെന്റാവാലെന്റ് വരുന്നതോടെ അതു പൂട്ടേണ്ടതായി വരും. ഇപ്പോൾ പറ്റിയില്ലെങ്കിലും കുറേ കാലം കഴിയുമ്പോൾ നമുക്കും തനിയേ പെന്റാവാലെന്റ് ഉത്പാദിപ്പിക്കാനായേക്കും എന്നാണ് അതിനു അധികാരികളുടെ മറുപടി.
സാർവത്രികമായി ഇന്ത്യയിൽ പോളിയോ പ്രതിരോധ വാക്സിൻ നടപ്പാക്കിയതു സംബന്ധിച്ച് ചില കണക്കുകളും ലഭ്യമായിട്ടുണ്ട്.
ബീഹാർ സംസ്ഥാനത്ത് പൾസ് പോളിയോക്കു മുമ്പ് (2009 ജൂൺ) 100000 പേരിൽ 4280 പോളിയോ ബാധിക്കുന്നവർ ഉണ്ടായിരുന്നത് 2010 ജൂണിൽ 100000 പേരിൽ 5190 ആയി വർദ്ധിച്ചു (വർദ്ധന 21.26%)
ഉത്തർ പ്രദേശ് സംസ്ഥാനത്ത് പൾസ് പോളിയോക്കു മുമ്പ് (2009 ജൂൺ) 100000 പേരിൽ 5286 പോളിയോ ബാധിക്കുന്നവർ ഉണ്ടായിരുന്നത് 2010 ജൂണിൽ 100000 പേരിൽ 6824 ആയി വർദ്ധിച്ചു (വർദ്ധന 22.54%)
അതിൽ നിന്നെല്ലാം ചില സമഗ്ര വാക്സിനേഷൻ തിരിച്ചടികൾ ഉണ്ടാക്കുമെന്നും അറിയേണ്ടതുണ്ട്.
വിതുരയിലെ ശിശുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വരും മുമ്പു തന്നെ ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസസിന്റെ പ്രതികരണം വന്നു കഴിഞ്ഞിരുന്നു. ആൻസി എന്ന വിതുരയിലെ ആ ശിശുവിന്റെ മരണവും പെന്റാവാലന്റ് വാക്സിനും തമ്മിൽ യാതൊരു ബന്ധവുമില്ല. ശ്രീലങ്കയിലേയും ഭൂട്ടാനിലേയും കുട്ടികൾ മരിച്ചപ്പോളും ലോകാരോഗ്യ സംഘടനയുടെ വിദഗ്ധർ തന്നെയാണു പരിശോധന നടത്തി കുട്ടികൾ മരിച്ചത് വാക്സിന്റെ പാർശ്വഫലം കൊണ്ടാണു മരിച്ചതെന്നു സംശയാതീതമായി പറയാനാകില്ല എന്ന നിഗമനത്തിലാണെത്തിയത്. കുട്ടികൾ മരിക്കാൻ യാതൊരു മതിയായ കാരണവും അവർ കണ്ടെത്തിയില്ല. ഹൃദയം നിന്നു പോയതുകൊണ്ട്, രക്തത്തിലെ ഓക്സിജൻ കുറഞ്ഞതു കൊണ്ട്, ഊഷ്മാവിന്റെ നില ക്രമികരിക്കാനാകാതെ ശരീരം തണുത്തു പോയതു കൊണ്ട് തുടങ്ങിയവ മുതൽ തലച്ചോർ പ്രവർത്തിക്കാതെ വന്നതുകൊണ്ട് എന്നു വരെ വിദഗ്ധർ പറഞ്ഞു കളയും. ആരുടെ എന്നു മാത്രം ചോദിക്കരുത്.
അല്ലെങ്കിലും കുത്തകകളുടെ ഇത്തരം ക്രൂരതകൾക്കെതിരെ ഒന്നും മിണ്ടാനാകാത്ത വിധം സങ്കീർണ്ണവും മാറ്റാനാകുന്നതുമാണു അവയിലെ ന്യൂനതകൾ കണ്ടു പിടിക്കാനുള്ള രീതിശാസ്ത്രങ്ങളും മാനദണ്ഡങ്ങളും. അവർക്കൊരിക്കലും കാസർകോട്ടെ ഇരകൾക്ക് എന്തു സംഭവിച്ചു എന്നു കണ്ടു പിടിക്കാനാകുകയില്ല, എങ്കിലും അതു എൻഡോസൾഫാൻ കൊണ്ടല്ലെന്നു അവർക്കു തെളിയിക്കാനാകും. അതാണു മെഡിക്കൽ സയൻസ്, എന്തെന്നാൽ അതൊരിക്കലും സയൻസ് ആയിരുന്നിട്ടേയില്ല, വെറും സംഭാവ്യതാശാസ്ത്രം മാത്രം.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നപ്പോൽ അത് ഒന്നുകൂടി തെളിയിക്കപ്പെട്ടു, ആൻസിയുടെ മരണകാരണം അറിയില്ല, പക്ഷേ അതെന്തായാലും പെന്റാവാലന്റ് വാക്സിൻ കാരണമല്ല.
എഡിറ്റർ
No comments:
Post a Comment