ജോർജ് ജോസഫ്
പ്രിയ ജോർജ് ജോസഫ്,
ഈ വക ചോദ്യങ്ങൾ ആരോടെങ്കിലും ചോദിക്കാമോ? ഇതിനു തന്റെ വിശ്വാസമെന്താണോ അതു തള്ളി പറയാതെ സത്യസന്ധമായി ഉത്തരം പറഞ്ഞവരിൽ മിക്കവാറും പേർ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. സമൂഹത്തിൽ നന്മയെ സംബന്ധിച്ച മുൻവിധികൾ ഉള്ളതിനെ ചോദ്യം ചെയ്യുന്നത് ഇഷ്ടപ്പെടാത്തവരുണ്ട്.
ഒരു ഉദാഹരണത്തിൽ നിന്നു തുടങ്ങാം. ഒരു സിംഹം ഒരു മാനിനെ കൊല്ലുന്നു. ഇതിൽ സിംഹത്തിനു നന്മയും മാനിനു തിന്മയും ഉണ്ടെന്നു പറയുന്നു. സിംഹം ജീവിക്കയാലും മാൻ കൊല്ലപ്പെടുകയാലുമത്രേ അത്. എങ്കിലും ചിലർ നേരേ മറിച്ചും പറയും. സിംഹം ഒരു ജീവനെ ഹിംസിക്കയാൽ തിന്മയത്രേ ചെയ്തത്. സ്വയം ഭക്ഷണമായി സിംഹത്തിന്റെ വിശപ്പടക്കിയതിനാൽ മാൻ നന്മചെയ്തെന്നും.വരുന്നു. നന്മ തിന്മകൾ മാനദണ്ഡങ്ങൾക്കനുസരിച്ചു മാറുമെന്നു മാത്രം മനസ്സിലാക്കിയാൽ മതി.
അങ്ങനെയെങ്കിൽ നീതിബോധത്തിനെന്തു പ്രസക്തി? സകലർക്കും ബാധകമായ ഒരു നീതിശാസ്ത്രം സാധ്യമോ എന്ന ചോദ്യത്തിൽ ഊന്നിയാണ് പുരാതന ദർശനശാസ്ത്രം വികസിച്ചത്. സകലതിനേയും സമ്യക്കായി വീക്ഷിക്കാനായാൽ നന്മതിന്മകളിലെ ഈ വൈരുദ്ധ്യം കുറച്ചുകൊണ്ടുവരാൻ കഴിയുമെന്ന് അവർ കരുതി. അത്തരം ഒരു ജ്ഞാനമാണ് നന്മ എന്നു പറയാൻ അത് ഇടയാക്കി. എങ്കിലും സകല ജ്ഞാനവും തികഞ്ഞവർ തിന്മ ചെയ്യുകയില്ലെന്ന വിശ്വാസം അസ്ഥാനത്താണെന്നു ചരിത്രം വീണ്ടും വീണ്ടും തെളിയിച്ചു. ലോകത്തിലെ ഏറ്റവും ക്രൂരർ അജ്ഞരോ മന്ദബുദ്ധികളോ ആയിരുന്നില്ല തന്നെ.
അതിനാൽ ജ്ഞാനസമന്വിതമായ കർമമാണു നന്മ എന്നു വിലയിരുത്തപ്പെട്ടു തുടങ്ങി. അപ്പോൾ ജ്ഞാനം കർമത്തിലേക്കു നയിക്കുന്ന ഒരു സദ്ഗുണം മാത്രമായി ചുരുങ്ങി. പിന്നീട് അദ്ധ്യാത്മമോ നീതിശാസ്ത്രപരമോ ആയ ജ്ഞാനത്തേക്കാൾ പ്രാമുഖ്യം ലൌകീകവിജ്ഞാനീയത്തിനു ലഭിച്ചു. ജ്ഞാനം ജ്ഞാനവർദ്ധനക്കു വേണ്ടി എന്ന നയത്തിനു ശക്തി ലഭിച്ചു. അതോടെ നന്മതിന്മകളിൽ നിന്നു ജ്ഞാനം സ്വതന്ത്രമായി. അതിനിടെ വിശ്വാസികളുടെ അനുസരണ അടിസ്ഥാനമാക്കിയ മതങ്ങൾ വികസിച്ചു അധികാരസോപാനങ്ങളിൽ കയറി പറ്റിയിരുന്നു. പൌരോഹിത്യത്തിനോടുള്ള അനുസരണ എന്നത് എടുക്കാ ചരക്കായതിനാൽ ദൈവത്തോടുള്ള അനുസരണ നന്മയായി. കാലക്രമത്തിൽ ദൈവവചനങ്ങൾ ചില ഗ്രന്ഥങ്ങളിലൂടെ മാത്രമോ ചില ദൈവദാസരുടെ വെളിപാടുകളിലൂടെ മാത്രമോ ലഭിക്കുന്നതായി വ്യാഖാനിക്കപ്പെട്ടു. അങ്ങനെ നിയമങ്ങളുടെ ആചരണം നന്മയും അവയുടെ ലംഘനം തിന്മയും ആയി അറിയപ്പെട്ടു. പിന്നെപ്പിന്നെ നിയമം പോലും പ്രമാണമല്ലാതായി, വിശ്വാസം മാത്രം നന്മ. ഓരോ കൂട്ടക്കാരുടേയും നന്മതിന്മകൾ വ്യത്യസ്തമായി തുടരുന്നത് ദാർശനികർക്കു പിടിക്കാതായി. അവർ നന്മതിന്മകളെ പ്രതിഭാസങ്ങളായി വിലയിരുത്തി തുടങ്ങി.
സാമൂഹ്യ പ്രതിഭാസങ്ങളാണ് നന്മതിന്മകളുടെ പ്രഭവകേന്ദ്രം എന്ന ചിന്തക്കു ഊന്നൽ ലഭിച്ചു. സാമൂഹ്യ പ്രതിഭാസങ്ങളെയും വ്യവസ്ഥകളേയുമാണ് അവർ നന്മതിമകളായി കണ്ടത്. വയസ്സനായ ദൈവം മരിച്ചു മനുഷ്യൻ സ്വതന്ത്രനായ ലോകത്ത് ഒരു മനുഷ്യനും പാപിയോ പുണ്യവാളനോ അല്ല. വിശക്കുന്ന ലോകത്ത് അപ്പം മോഷ്ടിക്കപ്പെട്ടാൽ കട്ടവനല്ല, വ്യവസ്ഥിതിയാണു കുറ്റവാളി. നന്മതിന്മകൾ ഒരു രാഷ്ട്രീയ പ്രശ്നമാണ്. തിന്മകളെ രാഷ്ട്രീയമായി പ്രതിരോധിക്കേണ്ടതുണ്ട് എന്നു ചിലർ പറയുന്നു. വർഗ്ഗശത്രുക്കളുടെ കഴുത്തുവെട്ടാനും മരണം വരെ നിരാഹാരമനുഷ്ഠിക്കാനും മനുഷ്യർ വെമ്പുന്നത് തിന്മയെ രാഷ്ട്രീയമായി നേരിടുന്നതിനാണ്.
അങ്ങനെയിങ്ങനെ ആയിരക്കണക്കിനു നന്മതിന്മകളെക്കുറിച്ച് ജീവബിന്ദു കേട്ടിരിക്കുന്നു. ജീവബിന്ദുവിനു ഈ തർക്കങ്ങളിൽ അശേഷം താല്പര്യമില്ല. താങ്കൾ നന്മയെ വിലപ്പെട്ടതായി കാണുന്നുവെങ്കിൽ താങ്കൾക്ക് അനുയോജ്യമായ ഒരു നന്മ കണ്ടെത്താനേ ജീവബിന്ദു ഉപദേശിക്കൂ. അല്ലാത്ത നിർവചനങ്ങളൊന്നും താങ്കൾക്ക് തൃപ്തി തരുമെന്നു തോന്നുന്നില്ല.
ജീവബിന്ദു
No comments:
Post a Comment