ഡോ: ബാബു എം.എൻ.
ക്രിസ്തുവിനു മുമ്പ് 620ൽ ജനിക്കുകയും 546ൽ മരിക്കുകയും ചെയ്ത ഗ്രീസിലെ അയോണിയയിലെ മിലിറ്റസ് ദേശക്കാരനായ ഥെയിത്സ് സ്വാഭാവിക പ്രകൃതിദർശനത്തിന്റെ പിതാവായി അരിസ്റ്റോട്ടിലിനാൽ വിശേഷിപ്പിക്കപ്പെട്ട മഹാനാണ്. അരിസ്റ്റോട്ടിലിന്റെ കൃതികളിൽ നിന്നുമാണ് നാം ഥെയിത്സിനെ വിശദമായി അറിയുന്നത്. അദ്ദേഹമാണ് ദ്രവ്യകാരണമായ അടിസ്ഥാന പദാർത്ഥങ്ങളെക്കുറിച്ച് പരിചിന്തിച്ച് നിഗമനങ്ങളിലെത്തിച്ചേർന്ന ആദ്യ ഗ്രീക്കുകാരൻ.
ദർശനം, ചരിത്രം, ശാസ്ത്രം, ഗണിതം, എഞ്ചിനീയറിംഗ്, ഭൂമിശാസ്ത്രം, രാഷ്ട്രതന്ത്രം തുടങ്ങി ജ്ഞാതമായ മിക്കവാറും വിഷയങ്ങളിൽ താല്പര്യം പ്രകടിപ്പിച്ച അദ്ദേഹം പ്രകൃതിയേയും ഭൂതങ്ങളേയും ഭൂമിയുടെ നിലനിൽപ്പിനേയും മാറ്റത്തിന്റെ കാര്യകാരണങ്ങളേയും കുറിക്കുന്ന പ്രതിഭാസങ്ങളെ സാമാന്യീകരിക്കാനും ശ്രമിച്ചു. ജ്യോതിശാസ്ത്രത്തിനും പ്രപഞ്ചഘടനാ സിദ്ധാന്തത്തിനും അദ്ദേഹം വിലപ്പെട്ട സംഭാവനകൾ നൽകി.
19 വർഷങ്ങളുടെ ചന്ദ്രഗ്രഹണചക്രം അന്നു അറിയപ്പെട്ടിരുന്നുവെങ്കിലും ഗ്രഹണ സമയവും സ്ഥലവും കൃത്യമായി പ്രവചിക്കാൻ കഴിയാതിരുന്ന അക്കാലത്ത് യുക്തിഭദ്രമായ ചില ഊഹങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമെന്നു ചിലർ പറയുന്നുവെങ്കിലും ബി.സി. 585ലെ ചന്ദ്രഗ്രഹണം ഥെയിത്സ് മുൻകൂട്ടി പ്രവചിച്ചു. ഒരു വസ്തുവിന്റേയും അതിന്റെ നിഴലിന്റേയും നീളം തുല്യമായ സമയം കണ്ടെത്തി പിരമിഡുകളുടേയും മറ്റു വൻ വസ്തുക്കളുടേയും ഉയരം കണ്ടെത്താനും അദ്ദേഹത്തിനായി. ക്ഷേത്രഗണിതത്തെ താർക്കികമായി ചിട്ടപ്പെടുത്തുവാനും സിദ്ധാന്തങ്ങൾ രൂപപ്പെടുത്താനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. കരയിൽ നിന്നും എത്ര ദൂരത്താണു കപ്പലുകൾ എന്നു കണ്ടെത്താനും അദ്ദേഹത്തിനറിയാമായിരുന്നു.
സകലവും ജലത്തിൽ നിന്നും ഉത്ഭവിച്ചുവെന്നും അനന്തമായ സമുദ്രത്തിൽ ഒഴുകി നടക്കുന്ന ഒരു പരന്ന വസ്തുവാണു കരയെന്നും ഥെയിത്സ് വിശ്വസിച്ചിരുന്നതായി അരിസ്റ്റോട്ടിൽ തന്റെ മെറ്റാഫിസിക്സ് എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. എന്തിലുമുപരിയായി വിശ്വാസത്തെ മാത്രം അടിസ്ഥാനപ്പെടുത്താതെ യുക്തി ചിന്തയെ അടിസ്ഥാനമാക്കി പ്രപഞ്ചത്തെ വിശകലനം ചെയ്യാൻ അദ്ദേഹം ശ്രമിച്ചിരുന്നു.
സകലവും അടിസ്ഥാനപരമായി ജലമയമാണെന്നു ഥെയിത്സ് പറയുന്നു. ജീവനുള്ളവയെല്ലാം ജലമയമത്രേ. സസ്യങ്ങൾക്ക് നിലനിൽക്കാൻ ജലമവശ്യം, തിന്നുന്നതു ദഹിപ്പിക്കാനും ജലമയം ജന്തുക്കൾക്ക് ജലമയം നിർബന്ധം. ജലം നഷ്ടപ്പെടുന്നതെല്ലാം മരിക്കുന്നു. പ്രപഞ്ചത്തെ മുഴുവനും സൃഷ്ടിക്കാനും നിലനിറുത്തുന്നതിനുമാവശ്യമായ പോഷകങ്ങൾ ജലത്തിൽ അന്തർലീനമെന്ന് അദ്ദേഹം വാദിച്ചു. ഭൂമിയുടെ ആലംബം, ആകൃതി, വലിപ്പം, വിഷുവങ്ങളുടെ തീയതികൾ, ഭൂകമ്പങ്ങൾക്കു കാരണം തുടങ്ങി ഭൂമിയെക്കുറിച്ചുള്ള അനേകം ചോദ്യങ്ങൾക്കും സൂര്യചന്ദ്രന്മാരുടെ വലിപ്പത്തേക്കുറിച്ചും അദ്ദേഹം ഉത്തരം പറഞ്ഞു.
യൂക്ലിഡിന്റെ അഞ്ചു സിദ്ധാന്തങ്ങൾ ഥെയിത്സിന്റെ പേരിലാണു അറിയപ്പെടുന്നത്. ഥെയിത്സിന്റെ അക്കാലത്തെ തെളിവുകൾ അനുമാനപരം മാത്രമായിരുന്നെന്നു കരുതപ്പെടുന്നു. പ്ലാറ്റോയുടെ പ്രോട്ടഗോറസ് എന്ന ഗ്രന്ഥത്തിൽ ഗ്രീസിലെ ഏഴു പുരാതന വിശുദ്ധപുരുഷരുടെ കൂട്ടത്തിൽ ഥെയിത്സിനേയും ഉൾപ്പെടുത്തിയിരിക്കുന്നു.
.
No comments:
Post a Comment