മാലിന്യപ്രശ്നവും പ്ലാന്റിലെ ബയോ ഗ്യാസ് സ്ഫോടനവും നിയമലംഘനങ്ങളും കെടുകാര്യസ്ഥതയുമൊക്കെ കാരണം പൂട്ടേണ്ടി വന്ന കാതിക്കുടത്തെ നിറ്റാ ജലാറ്റിൻ കമ്പനി വീണ്ടും പ്രവർത്തിപ്പിക്കാൻ സകലർക്കും ബഹു തിടുക്കം. യാതൊരു പ്രത്യക്ഷ ന്യൂനതാപരിഹരണവുമില്ലാതെ തന്നെ ചില ഉറപ്പുകൾ മാത്രം കമ്പനി നല്കാൻ തയ്യാറായിട്ടുണ്ടത്രേ.
ഡിസംബർ 7 നു തിരുവനന്തപുരത്തു വച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഒരു യോഗം കൂടി അതിന്റെ മിനിറ്റ്സ് പുറത്തിറക്കുകയായിരുന്നു ആദ്യ പടി. കമ്പനി നടത്തിയ മലിനീകരണം സംബന്ധിച്ചു പഠനം നടത്തിയ സമിതിയുടെ ശുപാർശകളിൽ 13 എണ്ണം സമയബന്ധിതമായി നടപ്പാക്കാൻ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. കമ്പനി തുറന്നു പ്രവർത്തിക്കുന്നതിനു അനുമതി നൽകാൻ യോഗം തീരുമാനിച്ചിട്ടുണ്ട്. തീരുമാനം അനുസരിച്ചുള്ള പണികൾ കമ്പനി തുടങ്ങണം.
മാലിന്യ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിച്ച ശേഷം മാത്രം കമ്പനി തുറന്നാൽ മതിയെന്നായിരുന്നത്രേ കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാട്. ജനങ്ങളുടെ പ്രശ്നങ്ങൾ പൂർണ്ണമായി പരിഹരിക്കുന്നതുവരെ കമ്പനി തുറന്നു പ്രവർത്തിക്കാൻ അനുവദിക്കരുതെന്നു മുഖ്യമന്ത്രിയോട് മേധാ പട്കറും ആവശ്യപ്പെട്ടുവത്രേ. ബയോഗ്യാസ് പ്ലാന്റ് പൊട്ടിയപ്പോളുള്ള മുഖ്യമന്ത്രിയുടെ ഇടപെടലിനു മേധ നന്ദിയും പ്രകാശിപ്പിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ യോഗത്തിന്റെ മിനിറ്റ്സ് തയ്യാറായ ഉടൻ തന്നെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി കൂടി കമ്പനി തുറന്നു പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് അടക്കമുള്ളവർ അതിൽ സന്നിഹിതരുമായിരുന്നു. കൊരട്ടി റസിഡന്റ്സ് നഗർ അസോസിയേഷനും മുസ്ലീം ലീഗ് നിയോജകമണ്ഡലം കമ്മിറ്റിയും അതു തന്നെ ആവർത്തിച്ചു.
കമ്പനി വേറെ നടപടി ക്രമങ്ങൾക്കൊന്നും കാത്തു നിൽക്കാതെ 2012 ഡിസംബർ 15 മുതൽ ഉല്പാദനവും ആരംഭിച്ചതായി അറിയുന്നു. ശുപാർശകൾ 2012 ഡിസംബറോടെ നടപ്പാക്കുമെന്നാണ് കമ്പനി തത്ക്കാലം പറയുന്നത്.
No comments:
Post a Comment