അടിച്ചിലി വൈഖരി വായനശാലയ്ക്ക് കേരള ഗ്രന്ഥശാലാ സംഘത്തിന്റെ അഫിലിയേഷൻ സർട്ടിഫിക്കറ്റ് കൈമാറുന്ന ഖൈബർ 2012 ചടങ്ങിൽ അടിച്ചിലിയിലെ ജനമനസ്സ് 2012 ഫെബ്രുവരി 26ന് ഏകമനസ്സായിരുന്നു. വൈകീട്ടു നാലുമണി കഴിഞ്ഞതോടെ ആരംഭിച്ച ചടങ്ങുകൾ രാത്രി ഏറെ വൈകും വരെ നീണ്ടു നിന്നു.
വൈഖരിയുടെ അഫിലിയേഷൻ സർട്ടിഫിക്കറ്റ്
വന്നവർക്കും വരാനിരിയ്ക്കുന്നവർക്കുമായി അക്ഷരലോകത്തിന്റെ കവാടങ്ങൾ തുറന്ന് കാത്തിരിയ്ക്കുകയായി ഇനി വൈഖരി വായനശാല. അടിച്ചിലിയിൽ പണ്ടു സ്ഥാപിച്ച ഏ.കേ.ജി. മെമ്മോറിയൽ വായനശാലയുടേയും ശാസ്ത്രി മെമ്മോറിയൽ വായനശാലയുടേയും ആസ്തികളും പ്രവർത്തനങ്ങളും ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികൾ കൈയടക്കിയപ്പോൾ അറിവിന്റെ വെളിച്ചം അടിച്ചിലിയ്ക്കു തുറന്നു കൊടുക്കാൻ ഏതാനും ചെറു കുരുന്നുകളുടേയും അവരെ സ്നേഹിയ്ക്കുന്ന മാതാപിതാക്കളുടേയും ആത്മാർത്ഥമായ പരിശ്രമത്തിനു കഴിഞ്ഞു. ആ ആത്മാർത്ഥതയെ തിരിച്ചറിഞ്ഞ ജനം സകല സഹായ സഹകരണങ്ങളും കൊണ്ട് അവരെ അനുഗ്രഹിച്ചു.
പകൽ സദസ്യർ
വൈഖരിയുടെ ബാലസഭാ അംഗങ്ങളായ ആതിര പി.ബി.യും അനീറ്റ പൌലോസും പ്രാർത്ഥനാഗീതം ആലപിച്ചപ്പോൾ സദസ്സ് മിക്കവാറും നിറഞ്ഞിരുന്നു. ജനം പിന്നെയും ഒഴുകി വന്നു കൊണ്ടിരുന്നു. വാറ്റുചാരായത്തിന്റേയും ബീവറേജസ് മദ്യത്തിന്റേയും മണമടിയ്ക്കാതെ അവർ അന്തസ്സായി അവരുടെ ഒരു സ്വപ്ന സ്ഥാപനം ഒരു നാഴികക്കല്ലു കൂടി പിന്നിടുന്നതു നോക്കി നിന്നു.
ആതിര പി.ബി.യും അനീറ്റ പൌലോസും പ്രാർത്ഥനാഗീതം ആലപിയ്ക്കുന്നു
വായനശാലാ പ്രസിഡണ്ട് സി.കെ.ദിലീപ് സ്വാഗതം പറഞ്ഞപ്പോൾ സ്വാഭാവികമായി വായനശാലയുടെ ആരംഭവും പ്രവർത്തനവും പ്രകാശിതമായി.
സെക്രട്ടറി ഷിനി സജീവ് റിപ്പോർട്ട് അവതരിപ്പിച്ചതോടെ വായനശാലയുടെ ശക്തി ദൌർബല്യങ്ങളും അനാവൃതമായി.
മേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹൈമാവതി ശിവൻ അദ്ധ്യക്ഷം വഹിച്ച യോഗം ബഹുമാനപ്പെട്ട ചാലക്കുടി എം.എൽ.ഏ. ബി.ഡി. ദേവസ്സി നിലവിളക്കു കൊളുത്തി ഉത്ഘാടനം ചെയ്തു.
ചടങ്ങ് ഉത്ഘാടനം ചെയ്യപ്പെടുന്നു
മുകുന്ദപുരം താലൂക്ക് ലൈബ്രറി കൌൺസിൽ സെക്രട്ടറി ഖാദർ പട്ടേപ്പാടം, മുൻ പഞ്ചായത്ത് പ്രസിഡണ്ടും ഇപ്പോളത്തെ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗവുമായ പി.പി.ബാബു, കുന്നപ്പിള്ളി ആശാൻ മെമ്മോറിയൽ വായനശാല പ്രസിഡണ്ട് മഞ്ചേഷ് കെ.എസ്., ബാലസഭാ പ്രതിനിധിയായ ലക്ഷ്മി സി.ഡി. എന്നിവർ പ്രസംഗിച്ചു. വൈഖരി വായനശാല വൈസ് പ്രസിഡണ്ട് ശ്രീ. സിജോഷ് നന്ദി പറഞ്ഞു.
സദസ്യർ രാത്രിയിൽ
എങ്കിലും അതിനിടെ നടന്ന ഒരു ചടങ്ങും നടക്കാതെ പോയ മറ്റൊരു ചടങ്ങും അടിച്ചിലിക്കാരുടെ കണ്ണു നനയിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ക്ലാസ്സീക്കൽ നർത്തകിയായി നാഷണൽ യൂണിവേഴ്സിറ്റി ഫെസ്റ്റിവലിൽ സമ്മാനിതയായ അടിച്ചിലിയുടെ സ്വന്തം ശരണ്യ ശശിധരനു പിറന്ന നാടിന്റെ സ്നേഹാദരങ്ങൾ അർപ്പിയ്ക്കുന്ന ട്രോഫി കയ്മാറിയപ്പോൾ സന്തോഷാശ്രുക്കൾ പൊഴിച്ചവർ അടിച്ചിലിയിലെ സിറ്റി ബോയ്സ് ക്ലബ്ബുകാർ കാട്ടിയ മഹനീയ മാതൃക കൂടി കണ്ടതോടെ പറയാൻ വാക്കുകൾ നഷ്ടപ്പെട്ടവരായി.
ശരണ്യയ്ക്കു നൽകിയ ഉപഹാരം
ശരണ്യയുടെ മറുപടി പ്രസംഗം
ഒരു കാലത്ത് അടിച്ചിലിയിലെ സാംസ്കാരിക രംഗമെന്നാൽ അടിച്ചിലി സിറ്റി ബോയ്സ് എന്നു തന്നെ ആയിരുന്നു അർത്ഥം. അന്നവർ സ്തുത്യർഹമായി നടത്തി വന്ന കലാ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനമായി കുറേ തുക സംഭരിച്ചിരുന്നു. എന്നാൽ രാഷ്ട്രീയ ധ്രുവീകരണങ്ങൾ യുവാക്കളെ തമ്മിലകറ്റുകയും അവരിൽ ശത്രുത സൃഷ്ടിയ്ക്കുകയും ചെയ്തതോടെ രാഷ്ടീയ മേലാളന്മാരുടെ അനുമതിയില്ലാതെ അവർക്ക് ഒത്തു പ്രവർത്തിയ്ക്കാൻ വയ്യാത്ത സാഹചര്യം വന്നു. അങ്ങനെ സിറ്റി ബോയ്സ് ക്ലബ് ചരിത്രമായി. എങ്കിലും ബാക്കികിടന്ന എന്തു ചെയ്യണമെന്നറിയാത്ത ആ തുകയ്ക്ക് 15000 രൂപ വില വരുന്ന പുസ്തകങ്ങൾ വാങ്ങി അവർ വൈഖരി വായനശാലയ്ക്ക് സമ്മാനിച്ചു കൊണ്ട് അവരുടെ മുൻ കാല പ്രവർത്തനങ്ങളുടെ മികവ് ഒരിയ്ക്കൽ കൂടി തെളിയിച്ചു. എങ്കിലും അതേ രാഷ്ട്രീയ കാരണങ്ങളാൽ സിറ്റി ബോയ്സിലെ ഒരംഗത്തിനു പോലും ക്ലബ്ബിനെ പ്രതിനിധീകരിച്ചു കൊണ്ട് ചടങ്ങിൽ സംബന്ധിയ്ക്കാൻ അനുവാദം ഉണ്ടായില്ല. രാഷ്ട്രീയാന്ധത യുവത്വത്തെ വഴി തെറ്റിയ്ക്കുകയും സംഭീതരാക്കുകയും ചെയ്യുന്നതോർക്കുമ്പോൾ നേരത്തേ പറഞ്ഞ സന്തോഷ കണ്ണീരൊക്കെ ദുഃഖക്കണ്ണീരായി ചിലരുടെയെങ്കിലും കവിൾ നനച്ചു.
സിറ്റി ബോയ്സ് സംഭാവന ചെയ്ത പുസ്തകങ്ങൾ
വൈഖരിയുടെ വളർച്ചയ്ക്കു സകല മംഗളങ്ങളും ആശംസിയ്ക്കവേ തന്നെ ആദരണീയരായ സിറ്റി ബോയ്സിന്റെ പ്രവർത്തകർക്കും അഭിവാദ്യങ്ങൾ അർപ്പിയ്ക്കട്ടെ. എങ്കിലും സിറ്റി ബോയ്സിന്റെ ഒരു പുനർജീവനം ഉണ്ടായെങ്കിൽ എന്നു ഞങ്ങൾ ആത്മാർത്ഥമായി ആഗ്രഹിയ്ക്കുന്ന കാര്യം നിങ്ങൾ മറക്കാനിട വരുകയും അരുത്.
പരിപാടികൾക്കു ശേഷം നാട്ടുപന്തൽ ടീമിന്റെ നാടൻ പാട്ടു കലാമേള പാതിരാവാവോളം സകലരും ആസ്വദിയ്ക്കുകയുണ്ടായി.
നാടൻ പാട്ടു കലാമേള