കേരള വിദ്യുച്ഛക്തി ബോർഡിന്റെ അനാസ്ഥ കാരണം തുമ്പുർമുഴി ഡാം ജലസേചന പദ്ധതിയിൽ ആവശ്യത്തിനു വെള്ളമെത്താത്ത പ്രശ്നം മേലൂർ ന്യൂസ് മുമ്പു വായനക്കാരുടെ മുമ്പിൽ കൊണ്ടു വന്നിരുന്നു.(ക്ലിക്ക് ചെയ്യുക) തുമ്പുർമുഴി ഡാമിൽ അതിനു ശേഷം കെ.എസ്.ഇ.ബി. കുറേക്കൂടി കൂടുതൽ ജലം വിട്ടു തുടങ്ങിയിട്ടും കനാലുകളിൽ വീണ്ടും ആവശ്യത്തിനു ജലമെത്താതെ വന്നതിനാൽ കനാൽ സിസ്റ്റത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്നു പരിശോധിയ്ക്കണമെന്നു വായനക്കാരിൽ ചിലർ ആവശ്യപ്പെട്ടു. ശാഖാ കനാലുകളിലും ഉപശാഖാ കനാലുകളിലും ഉണ്ടാകുന്ന പ്രശ്നം ഉപഭോക്താക്കൾക്കു തന്നെ ജനശ്രദ്ധയിൽ കൊണ്ടു വരിക എളുപ്പമാകയാൽ തുമ്പുർമുഴി ഡാം മുതൽ മെയിൻ കനാൽ അവസാനിക്കുന്നതു വരെ ഒരു ഓട്ട പ്രദക്ഷിണം നടത്തിയാൽ ഫലമുണ്ടായേക്കും എന്ന തോന്നൽ ശരി വയ്ക്കുന്ന ഫലങ്ങളാണ് കണ്ടത്.
തുമ്പുർമുഴി ഡാം വളരെ മനോഹരമായ ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറിക്കൊണ്ടിരിയ്ക്കുന്നു എന്നത് അതിന്റെ ജലസേചന സംബന്ധമായ പ്രാധാന്യത്തെ കുറച്ചു കാട്ടാൻ ഇടയാക്കരുത്. ഡാമിന്റെ സൌന്ദര്യത്തിനപ്പുറത്ത് ഇറിഗേഷൻ എഞ്ചിനീയറിംഗ് നമുക്ക് ഒന്നു വിലയിരുത്തി നോക്കാം.
ഈ തടഞ്ഞു നിറുത്തിയ ജലമാണ് ജലസേചനപദ്ധതിയുടെ ജലസ്രോതസ്
ഡാമിന്റെ വലതുകര കനാൽ ആരംഭിയ്ക്കുന്നിടത്ത് കനാലിൽ വൻ ചോർച്ച ഉള്ളത് വെറുതേ അവഗണിയ്ക്കരുത്. ഒരു ബ്രാഞ്ച് കനാലിലൂടെ ഇപ്പോൾ ഒഴുകുന്ന അത്ര വെള്ളം ഇതിലൂടെ നഷ്ടപ്പെടുന്നുണ്ട്. മാത്രമല്ല, ഈയിടെ നിഷ് പ്രയോജനമായി ഒരു അറ്റകുറ്റപ്പണികൾ നടത്തിയ ശേഷമാണ് ഈ വൻ ചോർച്ച എന്നത് നമ്മുടെ ഡാമുകൾ സംരക്ഷിയ്ക്കുന്നവരുടെ കഴിവിൽ സംശയമുയർത്തുന്നു.
വലതുകര കനാൽ ആരംഭിയ്ക്കുന്നിടത്ത് വൻ ചോർച്ച
കനാലിൽ മരങ്ങൾ വീണും മറ്റും വൻ തടസ്സങ്ങൾ ഉണ്ടാകുന്നത് യഥാസമയം മാറ്റുവാൻ ആരും ശ്രമിയ്ക്കാത്തത് ജലപ്രവാഹം കുറയ്ക്കാനിടയാക്കുന്നുണ്ട്.
ഇത് അനേക തടസ്സങ്ങളിൽ ഒന്നു മാത്രം.
ഡാം സൈറ്റിൽ തന്നെ ടൂറിസ്റ്റുകൾക്കു വേണ്ടി ഒരു നടപ്പാത ഉണ്ടാക്കാൻ ബോൾഡറുകൾ തകർത്ത് നടത്തിയ പരീക്ഷണം പരാജയപ്പെട്ട് കനാലിന്റെ ജലപ്രവാഹം പകുതിയോളമാക്കി കുറച്ചിരിയ്ക്കുന്നു. കനാലിൽ നിന്നും വൻ ബോൾഡറുകൾ മാറ്റാൻ കൂടുതൽ ശ്രമം നടത്തിയാൽ കൂടുതൽ ഭാഗം ഇടിഞ്ഞു വീണു കനാൽ മൊത്തം മൂടിപ്പോകുമോ എന്നു ഭയന്നാണെന്നു തോന്നുന്നു സകലരും ഉള്ള തടസ്സം നീക്കാൻ ശ്രമിയ്ക്കാത്തത്.
ബോൾഡറുകൾ കൊണ്ട് നികന്നു പോയ വലതുകര മെയിൻ കനാൽ
ഡാമിൽ നിന്നും നേരിട്ട് പുഴയിലേയ്ക്ക് വെള്ളം തുറന്നു വിടാൻ രണ്ടു ഷട്ടറുകൾ ഉള്ളതിൽ ഒന്ന് അടച്ചിടുമ്പോളും ചെറിയ ലീക്ക് ഉള്ളതാണ്. ഇതും ഡാമിന്റെ ജലസംഭരണശേഷി ചെറിയ തോതിൽ കുറയ്ക്കുന്നുണ്ട്.
ഷട്ടറിനു മുകളിലേയ്ക്ക് വെള്ളം തള്ളുന്നു
കേരളത്തിലെ ഡാമുകളിൽ അവസാദങ്ങൾ നിക്ഷേപിക്കപ്പെടുന്നത് തിരിച്ചറിഞ്ഞ് അവ നീക്കം ചെയ്യാൻ ശ്രമം തുടങ്ങിയിട്ട് വർഷങ്ങളായി. തുമ്പുർമുഴി ഡാമിന്റെ പലഭാഗത്തും ഇപ്പോൾ രണ്ടടി തികച്ചു ആഴത്തിൽ വെള്ളമില്ല. ഇക്കാണുന്ന ചിത്രത്തിലേയ്ക്കൊന്നു സൂക്ഷിച്ചു നോക്കിയാൽ അടി കാണാനാകും.
തുമ്പുർമുഴി ഡാമിൽ അവസാദ നിക്ഷേപം
ഇടതുകര കനാലിലേയ്ക്കുള്ള ഷട്ടർ കാലപ്പഴക്കം കൊണ്ട് വളരെ ദുർബ്ബലമായിരിയ്ക്കുന്നു. ഇവിടെ രണ്ടിടത്ത് അതി കഠിനമായ ചോർച്ചയുണ്ട്. അതിൽ ഒന്ന് അതീവ അപകടകരമായ നിലയിലാണു താനും.
കാലപ്പഴക്കം ബാധിച്ച അറ്റകുറ്റപ്പണികൾ ചെയ്യാത്ത ഷട്ടർ
ഷട്ടറിനരികെ താരതമ്യേന ചെറിയ ഒരു ലീക്കുള്ളതിൽ കൂടി ഒരു ചെറിയ ഉപശാഖാ കനാലിൽ കൂടി ഒഴുകുന്നത്ര ജലമേ നഷ്ടപ്പെടുന്നുള്ളൂ.
ചെറിയ ലീക്ക്
വലിയ ലീക്കിലൂടെ ഒരു ബ്രാഞ്ച് കനാലിലൂടെ ഒഴുകുന്ന ജലത്തിന്റെ പകുതിയോളം നഷ്ടപ്പെടുന്നുണ്ട്. ലീക്ക് വെള്ളം അതികം ഉണ്ടെന്നതു മാത്രമല്ല അതിന്റെ അത്യധികമയ കുത്തൊഴുക്കും പ്രവേഗവും ഷട്ടറിനു അപായകരമായ ഒരു അവസ്ഥ സൃഷ്ടിയ്ക്കുകയും ചെയ്തേക്കാം. ഈ ലീക്കുകൾ ക്രമപ്പെടുത്തിയാൽ തന്നെ ജലക്ഷാമം ഒരു പരിധി വരെ കുറച്ചുകൊണ്ടു വരാനായേക്കും.
വലിയ ലീക്ക് (വീഡിയോക്ക് ഇവിടെ ക്ലിക്ക് ചെയ്യുക)
ഈ ലീക്കുകളിലൂടെ നഷ്ടപ്പെടുന്ന ജലത്തിലും അത്ര അധികമൊന്നുമല്ല ഷട്ടറിൽ നിന്നും താഴെ കനാലിലേയ്ക്ക് ഒഴുകുന്ന ജലം.
കനാലിലേയ്ക്ക് ഒഴുകുന്ന ജലം
ഇനി നമുക്ക് ഇടതു കര മെയിൻ കനാലിലൂടെ അല്പം സഞ്ചരിച്ചു നോക്കാം. മെയിൻ കനാൽ ആദ്യഭാഗം മിക്കവാറും കാടും പടലും വന്നു മൂടിയിരിയ്ക്കുകയാണ്. അങ്ങനെ അനേക വർഷങ്ങളായി അവഗണിയ്ക്കപ്പെടുക നിമിത്തം കനാൽ കാലാകാലങ്ങളിൽ ദുർബ്ബലമായി വന്നു. പക്ഷേ ഇപ്പോളത്തെ മെയിൻ കനാൽ ലീക്കിന്റെ അളവു വച്ചു നോക്കിയാൽ കനാലിന്റെ നിർമ്മാണ സമയത്തു തന്നെ അതിൽ ബാഡ് വർക്കുകൾ ഉണ്ടായിരുന്നിരിയ്ക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല തന്നെ.
കാടും പടലും വന്നു മൂടിയും ലീക്കു ചെയ്തും ഇരിയ്ക്കുന്ന മെയിൻ കനാലിന്റെ ഒരു ദൃശ്യം
ഈ ലീക്കുകൾ അതിശക്തമായ പ്രവാഹം ഉള്ളതു തന്നെ ഒരു ഡസനിലധികം വരും. അതികം വൈകാതെ തന്നെ ഒരു പക്ഷേ ഇവിടെ മെയിൻ കനാൽ ഇടിഞ്ഞു തകർന്നു വീണു റോഡു ബ്ലോക്കാക്കിയേക്കാം. അങ്കമാലിയിൽ നിന്നും അതിരപ്പിള്ളിയിലേയ്ക്കു പോകുന്ന റോഡിന്റെ അരികിലാണ് മെയിൻ കനാലിന്റെ ഇ ലീക്ക്.
ശക്തമായ കുത്തൊഴുക്ക്(വീഡിയോക്ക് ഇവിടെ ക്ലിക്ക് ചെയ്യുക)
ഏകദേശം ഒരു കിലോമീറ്റർ ദൂരം മുഴുവൻ കനാൽ തികഞ്ഞ അപകടാവസ്ഥയിലാണ്. അമ്പതും നൂറും മീറ്റർ ഇടവിട്ട് ഇത്തരം ലീക്കുകൾ ഉള്ളതായി പറയുന്നു.
മറ്റൊരു ലീക്ക്
റോഡിൽ നിന്നും ഏറെ അകലെയുള്ള ഭാഗത്തു നിന്നും ഇങ്ങനെ പൊട്ടിയൊഴുകുന്ന വെള്ളം അരുവികളായി ഒഴുകി വരുന്നുണ്ട്.
അരുവിയായി ഒഴുകി വരുന്ന ലീക്ക് വെള്ളം
അഞ്ചാറിടത്തെ ലീക്ക് വെള്ളം ഒന്നിച്ചു കൂടി മറ്റൊരു കനാലായി പുഴയിലേയ്ക്കു തന്നെ തിരിച്ചൊഴുകി പോകുകയാണ്.
കനാലിൽ നിന്നും പുഴയിലേയ്ക്ക് ലീക്കു വെള്ളം കൊണ്ടൊരു സ്വാഭാവിക കനാൽ
ഇങ്ങനെ വരുന്ന ലീക്ക് വെള്ളം ടൂറിസ്റ്റുകളുടെ സഞ്ചാരത്തിനു ഏക മാർഗ്ഗമായ റോഡിൽ പലയിടത്തും തടസ്സം സൃഷ്ടിയ്ക്കുന്നു.
റോഡിൽ ലീക്കു വെള്ളത്തിനും ഒരു അപായ ചെങ്കൊടി
എപ്പോളും വെള്ളം ഒഴുകി റോഡ് പലയിടത്തു തകർന്ന് പോയിരിയ്ക്കുന്നു. പി.ഡബ്ലിയു. ഡി. റോഡായിട്ടും പലയിടത്തും അറ്റകുറ്റപ്പണികൾ പോലും നടത്താൻ കഴിയാത്ത വിധം അത്ര ശക്തമാണ് വെള്ളക്കെട്ട്.
തകർന്ന റോഡ്
മെയിൻ കനാലിലെ ശക്തമായ കുത്തൊഴുക്ക് അനേകം ലീക്കുകളിലൂടെ ജലം നഷ്ടപ്പെടുന്നതോടെ കുറഞ്ഞു വരുന്നുണ്ടെന്നതിനാൽ തുമ്പൂർമുഴിയിൽ നിന്നും അകലുന്തോറും ലീക്കുകളുടെ എണ്ണവും ശക്തിയും ക്രമത്തിൽ കുറഞ്ഞു വരുന്നുണ്ട്. അവസാനം പാലിശ്ശേരിയിലെത്തി മെയിൻ കനാൽ രണ്ട് ബ്രാഞ്ചുകളായി തിരിയുന്നു. 1.80 മീറ്റർ ഹെഡിൽ വെള്ളം ലഭിയ്ക്കേണ്ട ഇവിടെ പക്ഷേ 1.10 മീറ്റർ വെള്ളം വരെയൊക്കെയേ ലഭിയ്ക്കാറുള്ളൂ. കെ.എസ്. ഇ.ബി. കൂടി ചതിച്ചാൽ ഹെഡ് 60 സെന്റിമീറ്റർ വരെയായി താഴും.
മെയിൻ കനാൽ രണ്ട് ബ്രാഞ്ചുകളായി തിരിയുന്നു
ഈ വഴിത്തിരിവ് പക്ഷേ വെറും കനാൽ ജലം പങ്കു വയ്ക്കാൻ മാത്രമുള്ളതല്ല, അയ്യമ്പുഴ, കറുകുറ്റി, മേലൂർ, മൂകന്നൂർ, കൊരട്ടി, പാറക്കടവ്, കാടുകുറ്റി തുടങ്ങിയ പഞ്ചായത്തുകളിലെ ജലസേചനത്തിനും കുടിവെള്ളത്തിനും, കുളിയ്ക്കാനും നനയ്ക്കാനും, കന്നുകാലികൾക്ക് ആലംബമാകുവാനും മറ്റു സകല ജീവജാലങ്ങളേയും ജീവിപ്പിച്ചു നിറുത്തുവാനും കനാലുകളുടെ ഈ വഴിത്തിരിവിൽ തടസ്സമില്ലാതെ തെളിനീർ ഒഴുകണം. അങ്ങനെ ഒഴുക്കണമെന്നു സർക്കാരും, ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനങ്ങളും ഒരേ പോലെ വിചാരിയ്ക്കണം, അല്ലെങ്കിൽ കാഡ പദ്ധതിയ്ക്കു പറ്റിയ പറ്റ് നമ്മുടെ സകല ജലസേചന പദ്ധതികൾക്കും പറ്റിയേക്കാം.
അതുകൊണ്ട് ജാഗരൂകരായിരുന്നു പ്രവർത്തിയ്ക്കുവിൻ
എഡിറ്റർ