പത്തിരുപതു കൊല്ലം മുമ്പു വരെ കാശു കൊടുത്താൽ വെരുകിൻ പുഴു വാങ്ങാൻ കിട്ടുമായിരുന്നു. സുഗന്ധദ്രവ്യങ്ങളിൽ ചേർക്കാനും ഔഷധക്കൂട്ടിലെ ഭാഗമായും എന്തിനു ബീഡിയിൽ കൂട്ടിത്തെറുക്കാനും വരെ വെരുകിൻ പുഴു ഉപയോഗിച്ചു വന്നിരുന്നു. കൂട്ടിലിട്ടു വളർത്താൻ വളരെ പ്രയാസമായ വെരുകുകളിൽ കേരളത്തിലും കർണ്ണാടകത്തിന്റെ തെക്കൻ ഭാഗങ്ങളിലും മാത്രം കണ്ടു വന്നിരുന്ന ജാവാദി വെരുകിനെ മലബാർ സിവെറ്റ് (Malabar Large Spotted Civet) എന്നു വിളിക്കുന്നു. ശാസ്ത്രീയ നാമം Viverra Civettina. ഇന്ത്യയിലെ നിലനിൽപ്പിനു ഏറ്റവും വെല്ലുവിളി നേരിടുന്ന സസ്തനികളിൽ ക്രമനമ്പർ 34 ആണ് ജാവാദി വെരുകിന്റെ സ്ഥാനം. 1999ൽ വനപ്രദേശത്ത് 250 ജാവാദി വെരുകുകൾ അവശേഷിച്ചിരിക്കും എന്നാണു കരുതപ്പെട്ടിരുന്നത്. അവ തന്നെ മധ്യകേരളത്തിലെ രണ്ടുമൂന്നു ജില്ലകളിലായി ചുരുക്കപ്പെട്ടിരുന്നു. ഒരുകാലത്ത് കേരളത്തിലെ തീരദേശജില്ലകളിൽ ധാരാളമുണ്ടായിരുന്ന വനങ്ങൾ വെട്ടി വെളുപ്പിക്കപ്പെടുകയും തോട്ടങ്ങൾ വച്ചു പിടിപ്പിക്കുകയും ചെയ്തപ്പോൾ കശുമാവിൻ തോട്ടങ്ങളിലേക്ക് ആവാസം മാറ്റുകയായിരുന്നു ഈ ഹതഭാഗ്യർ. പിന്നീട് കശുമാവിൻ തോട്ടങ്ങൾ റബ്ബറിനു വഴിമാറിയപ്പോൾ അനുകൂലമായ അവസാന ആവാസ വ്യവസ്ഥയും നഷ്ടപ്പെടുകയാണ് ഇവയ്ക്ക്.
ചെറു സസ്തനികളും ഉരഗങ്ങളും മീനും പ്രാണികളും ചില സസ്യഭാഗങ്ങളും അവ ഭക്ഷണമാക്കാറുണ്ട്. ഭക്ഷണത്തിനു ദൌർലഭ്യം അനുഭവപ്പെടുമ്പോൾ കോഴികളെ പിടിക്കാനിറങ്ങുന്ന അവ പലപ്പോളും കള്ളന്മാരെന്ന നിലയിൽ മനുഷ്യരാൽ കൊല്ലപ്പെടാറുമുണ്ട്. നായ്ക്കൾ വെരുകുകളെ പിടിച്ചു തിന്നുന്നതിൽ വളരെ തത്പരരുമാണ്. ഉടലുമായി താരതമ്യപ്പെടുത്തുമ്പോൾ ചെറുതായ ഇവയുടെ വാൽ ഇവയെ നാടൻ വെരുകുകളിൽ നിന്നു വ്യത്യസ്തമാക്കുന്നു.
Is it true this is used in the laddu prepared at thirupathi
ReplyDelete