നക്ഷത്രമില്ലാത്ത ബാറുകൾ
കേരള സംസ്ഥാനത്ത് ബാർ ലൈസൻസുകൾക്ക് അനുമതി നലകാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവിൽ എക്സൈസ് മന്ത്രി ഒപ്പു വച്ചതായ വാർത്ത 01.12.2011നു തന്നെ പുറത്തു വന്നതായിരുന്നു. അതിനെ അഭിനന്ദിച്ചുകൊണേ ഒരു കുറിപ്പെഴുതണമെന്നു വിചാരിച്ചിരുന്നപ്പോളാണ് കേന്ദ്ര സർക്കാർ ടൂറിസം വകുപ്പ് ബാർ ലൈസൻസ് അനുവദിക്കുന്നതും സ്റ്റാർ പദവിയുമായി ബന്ധമില്ലെന്നും അതുപ്രകാരം സംസ്ഥാനം നടപടി എടുക്കണമെന്നും കാട്ടി സംസ്ഥാന സർക്കാരിനു കത്തെഴുതിയതും സംസ്ഥാന ടൂറിസം വകുപ്പു മന്ത്രി അതിനെ അനുകൂലിച്ച് പ്രസ്താവന ഇറക്കിയതും. അടിച്ചിലിയിൽ ബിവറേജസ് കോർപ്പറേഷന്റെ മദ്യ വില്പന കേന്ദ്രത്തിനും മുരിങ്ങൂരിലെ ബാറിനും എതിരെ നടക്കുന്ന ജനകീയ മുന്നേറ്റങ്ങളിൽ അഭിപ്രായം പറയുന്നതിനു ഗ്രാമ പഞ്ചായത്തിനു അധികാരം സിദ്ധിച്ചേക്കും എന്ന നില വന്നതോടെ ഒരല്പം പ്രതീക്ഷയോടെ ആയിരുന്നവരെ കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം ആശങ്കപ്പെടുത്തുന്നുണ്ട്. മുട്ടിനു മുട്ടിനു ബാറുകളും മദ്യവില്പന കേന്ദ്രങ്ങളും അനുവദിക്കുന്ന നിലയിലേക്കു കാര്യങ്ങൾ പോകാതിരുന്നാൽ മതിയായിരുന്നു. അല്ലെങ്കിലും മേലൂരിലെ യുവാക്കളുടെ ഇടയിൽ മദ്യാസക്തി കൂടിവരുന്നതായാണു കാണുന്നത്. അതിനെ വിറ്റു കാശാക്കാനാണോ അതിനെ പ്രതിരോധിച്ചു കുടുംബങ്ങളെ രക്ഷിക്കാനാണോ അധികാരികൾ ശ്രമിക്കുക എന്നേ അറിയാനുള്ളൂ.
ഗ്രാമസഭാ ശില്പശാല
കിലയും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ഗ്രാമസഭ അംഗങ്ങൾക്കുള്ള ബോധവത്കരണ പരിശീലകരുടെ മേലൂർ പഞ്ചായത്ത് തല ശില്പശാല 08.12.2011നു മേലൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടീന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് ഉത്ഘാടനം ചെയ്തു. ശ്രീമതി സാറാക്കുട്ടി തുടങ്ങിയവർ ക്ലാസ്സെടുത്തു. പരിശീലനത്തിനു വന്നവരെ ഏഴു ഗ്രൂപ്പായി തിരിച്ച് ഓരോരുത്തർക്കും ഓരോ തത്വങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ചർച്ചചെയ്തു അവതരിപ്പിച്ചത് അഹികാരികൾ സമാഹരിച്ചിട്ടുണ്ട്. ഉയർന്നു വന്ന അഭിപ്രായങ്ങളിൽ അധികാരികൾ വല്ല തീരുമാനവുമെടുക്കുമെന്നു ഇത്തവണയെങ്കിലും പ്രതീക്ഷിക്കാമല്ലേ?
ജംഗ്ഷനിൽ ബെൽമൌത്തും ബസ് ബേയും അനുവദിക്കണം
നാഷണൽ ഹൈവേയിൽ മുരിങ്ങൂർ ജംഗ്ഷനിൽ ബെൽമൌത്തും ബസ് ബേയും അനുവദിക്കണമെന്നു ആവശ്യപ്പെട്ട് മേലൂർ പഞ്ചായത്ത് ആക്ഷൻ കൌൺസിലിന്റെ നേതൃത്വത്തിൽ ഡിസംബർ 5,6 തീയതികളിൽ രാവിലെ 9 മണി മുതൽ ഉപവാസവും ധർണയും നടത്തി. ഇപ്പോൾ പാലമുറി വഴി വരുന്ന വണ്ടികൾ കൊരട്ടിയിലെത്തിയ ശേഷമാണ് തിരിച്ചു പോകുന്നത്. കുറച്ച് നാളുകൾക്കകം മേലൂർ നിന്നും വരുന്ന വണ്ടികൾക്കും ഇതേ ഗതിയാണു ഉണ്ടാകുക. ഇക്കാര്യത്തിൽ ചില അനുകൂല ഉറപ്പുകൾ ലഭിച്ചിരുന്നതായി മുൻ പഞ്ചായത്ത് ഭരണസമിതി അവകാശപ്പെട്ടിരുന്നതായി ഓർക്കുന്നു. പക്ഷേ ഈ അവസാന കാലത്ത് എല്ലാം ജലരേഖകളായി. മേലൂർക്കാരുടെ കഴിവുകേടും കൊരട്ടിക്കാരുടെ കഴിവും. പക്ഷേ ടോൾ നൽകുന്ന ആറുവരിപ്പാതകൾ ജനങ്ങളെ രണ്ടാക്കി വിഭജിക്കുമെന്ന ഭീതി യാഥാർഥ്യമാണെന്നു തെളിഞ്ഞിരിക്കുന്നു.
സമ്പൂർണ ചന്ദ്രഗ്രഹണം
2011ലെ അവസാന ചന്ദ്രഗ്രഹണം 2011 ഡിസംബർ 10 ശനിയാഴ്ച വൈകീട്ട് 5.30 മുതൽ 11.02 വരെ നടന്നു. പൂർണഗ്രഹണം 7.36 മുതൽ 8.28 വരെയായിരുന്നു. മേലൂരിൽ ഗ്രഹണം ദൃശ്യമായത് ഇങ്ങനെയായിരുന്നു.
ഫോട്ടോ പീലി മനോജ്
No comments:
Post a Comment