രാക്ഷസൻ
ദീർഘകാല സാമ്പത്തിക നയങ്ങൾ രാഷ്ട്രപുനർനിർമ്മാണത്തെ സ്വാധീനിച്ചിരുന്ന കാലങ്ങളിൽ സാമ്പത്തിക നയങ്ങളും തട്ടിപ്പുകളും വേർതിരിക്കുന്ന ഒരു രാജപാതയുണ്ടായിരുന്നു. ആരാണു നയങ്ങളുടെ പ്രയോക്താവ് അഥവാ ഉപഭോക്താവ് എന്ന ചോദ്യം കാട്ടിയ വഴിയിലൂടെ ജനം സകലവും കണ്ടു. അതിനാൽ സാമ്പത്തിക വിമർശനം നയങ്ങളുടെ വിമർശനമായിത്തീർന്നു. ഇന്നു കാലം മാറിയത് അറിയാത്ത പാവങ്ങളിൽ ചിലർ ഇപ്പോളും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയം കണ്ടെത്താനും അവയെ വിമർശിക്കാനും സമയം കണ്ടെത്തുന്നുണ്ട്.
പണം സർക്കാരുകളേക്കാൽ വളർന്ന കാലമാണിത്. സർക്കാർ ചില സർക്കാർ ഉടമസ്ഥ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാൻ തീരുമാനിച്ചപ്പോൾ അവയുടെ വില കുത്തനെ ഇടിയുന്നു. കുറഞ്ഞ വിലക്ക് ആ ഓഹരികൾ മൊത്തമായി വാങ്ങാനുള്ള ആരുടേയോ ഓഹരിവിപണിയിലെ ഇടപെടലാണു അതിനു കാരണമെന്നു പറയുന്നു. പല രാഷ്ട്രങ്ങളും കടമെടുത്താൽ യഥാസമയം തിരിച്ചു കൊടുക്കാൻ ശേഷിയില്ലാത്ത നിസ്വരാണെന്നു ചില ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾ പറയുന്നു. സംസ്ഥാനങ്ങളുടെ കടമെടുക്കൽ ശേഷിയെ കേന്ദ്രം നിയന്ത്രിക്കുന്നെന്ന രോദനം ഉയരവേ തന്നെ കേന്ദ്രത്തിന്റെ കടമെടുപ്പും നോട്ടടിയും പോലും പാർലമെന്റു ഫലപ്രദമായി നിയന്ത്രിക്കുന്നില്ല. കേന്ദ്ര സർക്കാരും പാർലമെന്റും നിയന്ത്രിക്കുന്നത് എല്ലായ്പ്പോളും ഒരേ ശക്തികളാണെന്നതാണ് അതിനു കാരണം. (അല്പ കാലം നിലനിന്ന ചില ന്യൂനപക്ഷ സർക്കാരുകളെ വിസ്മരിക്കുന്നില്ല.) സർക്കാർ ബജറ്റുകൾ കമ്മി ബജറ്റ് ആയാലേ മതിയായ വികസനം ഉണ്ടാകൂ എന്നു ധനതത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഭരണാധികാരികൾ തന്നെ വാദിക്കുന്നു. ഓരോ കമ്മി ബജറ്റും രാഷ്ട്രത്തിന്റെ വരാനിരിക്കുന്ന തലമുറകളെ വിറ്റകാശാണെന്നത് സൌകര്യപൂർവം വിസ്മരിക്കപ്പെടുന്നു. സർക്കാരുകൾ സാമ്പത്തികമായി തകരുന്നതുകൊണ്ട് ഉദ്യോഗസ്ഥവൃന്ദത്തിന്റെ വലുപ്പം കുറയ്ക്കണമെന്നും ക്ഷേമ പ്രവർത്തനങ്ങളിൽ നിന്നും പിൻവാങ്ങണമെന്നും നിരന്തരം സർക്കാരുകളെ നയിക്കുന്നവർ തന്നെ പറയുന്നു. എന്നിട്ടു ചെയ്യുന്നതോ!
സൈന്യം പോലീസ് നീതിന്യായം റവന്യൂ കമ്മ്യൂണിക്കേഷൻ ട്രാൻസ്പോർട്ടേഷൻ എന്നിവയിൽ കനത്ത നിക്ഷേപം. വ്യവസായത്തിനും വാനിജ്യത്തിനും ചില അപ്പക്കഷണങ്ങൾ, കൃഷി പാടേ അവഗണിക്കപ്പെടുന്നു. വോട്ടു ബാങ്കുകൾക്ക് ചില പ്രോത്സാഹനങ്ങൾ ഇങ്ങനെ ഒരു ആവറേജ് കമ്മേർസ്യൽ സിനിമയുടെ കഥപോലെ സർക്കാർ ബജറ്റിംഗും. ചാണക്യവിഷ്ണുഗുപ്തന്റെ കാലത്ത് പരമാവധി നികുതി ആറിലൊന്നായിരുന്നു. ഉല്പാദന സ്ഥാനത്തു മാത്രമേ അതും ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ പരമാവധി നികുതിഭാരം 30 ശതമാനമെങ്കിലുമാണ്. അത്തരം നികുതി തന്നെ പണ്ട് ബൂർഷ്വകൾക്കും കുത്തകകൾക്കുമെന്നാണു പറഞ്ഞു വന്നിരുന്നത്. ഇപ്പോൾ പ്രതിവർഷം എട്ടു ലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് അതു ബാധകം. അതായത് അന്തർദ്ദേശീയ തലത്തിൽ പതിനാറായിരം ഡോളർ പ്രതിവർഷ വരുമാനമുള്ള വ്യക്തി ബൂർഷ്വാ ആയിക്കഴിഞ്ഞു. അഞ്ചു വർഷം മുമ്പ് ഗ്രേഡ് ഒന്നു ഓഫീസർമാരായ രണ്ടുപേർ മാത്രം ഇങ്കം ടാക്സ് കൊടുത്തുകൊണ്ടിരുന്ന ഒരു ആഫീസിൽ ഇപ്പോൾ പ്യൂൺമാരടക്കം ഇരുപതുപേരെങ്കിലും ഇൻകം ടാക്സ് കൊടുക്കേണ്ടി വരുന്നുണ്ട്. ടാക്സേഷന്റെ പരിധി അത്ര വികസിച്ചിട്ടും സർക്കാരുകൾ കുത്തുപാളയെടുക്കേണ്ടി വരുന്നത് സർക്കാരിന്റെ ആസ്തികൾ ചോരാൻ തക്ക ഓട്ടകൾ വ്യവസ്ഥക്കകത്ത് ഉള്ളതുകൊണ്ടാണ്.
ഏതു ദീർഘകാല സാമ്പത്തിക വ്യവസ്ഥയിലും സർക്കാരുകൾക്ക് ഇത്ര ഗതികേടിലാകേണ്ടി വരികയില്ല തന്നെ. ദരിദ്രമായ തിരുവിതാംകൂർ നാട്ടുരാജ്യം പതിനഞ്ചാം നൂറ്റാണ്ടു മുതൽ സമാഹരിച്ചു പദ്മനാഭ സ്വാമീ ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന സമ്പത്ത് മാത്രം കണ്ടാൽ മതി ഭാരതത്തിന്റെ എത്ര സമ്പത്ത് ധൂർത്തടിക്കപ്പെട്ടിട്ടുണ്ട് എന്ന ഒരു ഊഹക്കണക്കിലെത്താൻ. ഒരു കാര്യം കൂടി പറഞ്ഞശേഷം നമുക്കു ഹ്രസ്വകാല സാമ്പത്തിക വ്യവസ്ഥയിലേക്കു തിരികേ വരാം.
ഇരുപതു വർഷമെങ്കിലും തുടർച്ചയായ നയപരിപാടിയിലൂടെ കടന്നു പോയ ശേഷമാണ് സിങ്കപ്പൂർ പോലെയുള്ള ചെറുരാജ്യങ്ങൾ വൻ മുന്നേറ്റം കാഴ്ചവച്ചത്. മിക്കരാജ്യങ്ങളിലും വൻ വികസനവും മുന്നേറ്റവും ഉണ്ടാകുന്നത് സർക്കാരിന്റെ മുൻകൈ കൊണ്ടല്ല, നേരേ മറിച്ച് ജനതയുടെ ചില പ്രത്യേക സാംസ്കാരികാവസ്ഥകളെ തുടർന്നുള്ള ഉണർവ്വിന്റെ ഫലമായാണ്. ഉയർന്നു വരുന്ന ഒരു ജനകീയ സാമ്പത്തിക പ്രക്രിയയെ മാറ്റങ്ങൾ രാഷ്ട്രീയമായ അസ്ഥിരതയോ തുടർമാറ്റങ്ങളോ സൃഷ്ടിക്കുമെന്ന ഭയത്താലോ നികുതി വരുമാനം പിഴിഞ്ഞെടുക്കാൻ ഒരു ഉപാധി എന്ന നിലയിലോ മാത്രം കാണുമ്പോൾ ഒരു സാമ്പത്തിക കുതിച്ചു ചാട്ടത്തിനു കൂച്ചു വിലങ്ങിടുകയാണ്. പൊന്മുട്ടയിറ്റുന്ന താറാവിനെ കൊന്നു തിന്നുന്ന മാനസികാവസ്ഥ രാഷ്ട്രനായകന്മാർക്കുണ്ടാകരുത്.
ഓരോ വർഷത്തേയും വരവു കണക്കാക്കി സ്ഥിരം ചെലവുകൾ കഴിച്ച് ബാക്കി വന്നത് പിണക്കാൻ പാടില്ലാത്തവർക്ക് സിംഹഭാഗം നൽകി പങ്കു വയ്ക്കുന്ന പരിപാടിയിലെ ദർശനമില്ലായ്കയാണ് ഹ്രസ്വകാല സാമ്പത്തിക വ്യവസ്ഥയിലെ പ്രധാന വില്ലൻ. ജനത എങ്ങോട്ടു പോകുന്നു എന്നു ജനനായകർ അറിയുന്നില്ല. മുടക്കുന്ന തുക മധ്യവർത്തികൾ മുക്കുന്നു. ഒന്നും ഒന്നിനും തികയുന്നില്ല. അഴിമതിയും സ്വജനപക്ഷപാതവും അത്യാവശ്യചിന്ത ചെലുത്താത്ത നടപ്പാക്കലും വിനിമയ വിതരണങ്ങളും ഒരു വക കണ്ണാരം പൊത്തിക്കളിയായി സർക്കാർ ബജറ്റ് നിർവഹണത്തെ മാറ്റുന്നു.
കാശു തികയാതെ വരുന്നിടത്തു പുതിയൊരു പ്രശ്നം കൂടി അഭിമുഖീകരിക്കേണ്ടി വരുന്നു. സർക്കാർ കടമെടുക്കാൻ തുടങ്ങുകയും നോട്ടടിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ഇപ്രകാരം ചെയ്തു കാലങ്ങൾക്കു ശേഷം വല്ല കാരണവശാലും അല്പം മിച്ചം വന്നാൽ വിപണിയിലിറക്കിയ നോട്ടുകൾ തിരിച്ചു പിടിക്കാൻ തുടങ്ങുന്നു. ഇതിനിടയിലാണ്. വിദേശശക്തികളും സ്വദേശ മഫിയകളും കണ്ടെയ്നർ കണക്കിനു കള്ളനോട്ടുകൾ ഇറക്കുന്നത്. പലപ്പോളും സർക്കാരുകൾ തന്നെയാണ് കള്ളനോട്ടുകൾ അടിക്കുന്നതെന്നു വേണം വിചാരിക്കാൻ. കാരണം ഒറിജിനലിനെ വെല്ലുന്ന നോട്ടടി സാങ്കേതികവിദ്യ സർക്കാരുകൾക്കല്ലാതെ ലഭ്യമാകുക ക്ഷിപ്രസാധ്യമല്ല.
റിസർവ് ബാങ്ക് മറ്റു ബാങ്കുകൾ മുഖേന സൃഷ്ടിക്കുന്ന പണപ്രവാഹത്തിലെ അസ്ഥിരത ഓഹരിദല്ലാളന്മാർക്കും ഊഹക്കച്ചവടക്കാർക്കും ചാകരക്കൊയ്ത്തൊരുക്കുന്നു. അതിനിടയിൽ സ്വാഭാവികമായുണ്ടാകുന്ന ജനകീയ സാമ്പത്തിക വികാസ പ്രക്രിയ വല്ല വിധേനയും നിലനിൽക്കാൻ പെടാപാടു പെടുമ്പോൾ അതിനെ സർക്കാരിന്റെ സാമ്പത്തിക നിയന്ത്രണപരിപാടിക്കു വെല്ലുവിളിയായി കാണുന്നു. ആശയപരമായ എതിർപ്പുകളെ അസഹിഷ്ണുതയോടെ കാണാൻ അധികാരി വർഗം തുനിയുന്നു. അഴിമതി പൂത്തു തളിർക്കുന്നു.
അപ്പോൾ എങ്ങനെ ഓരോ ഹ്രസ്വകാല സാമ്പത്തിക പരിപാടിയും തട്ടിപ്പിനു കളമൊരുക്കുമെന്നു നാം കണ്ടുകഴിഞ്ഞു. എന്നാൽ ജനം തട്ടിപ്പിക്കപ്പെട്ടു എന്നതുകൊണ്ടു മാത്രം ആരും തട്ടിപ്പുകാരായി കരുതപ്പെടുകയില്ല. നിലവിലുള്ള നിയമപ്രകാരം സർക്കാരിന്റെ നയം കൊണ്ടല്ലാതെ ഒരാളുടെ സ്വേച്ഛാപരമായ പ്രവൃത്തികൾ കൊണ്ട് സർക്കാരിനു നഷ്ടമുണ്ടാക്കിയാലോ നടപടിക്രമങ്ങൾ ലംഘിച്ചാലോ അല്ലാതെ ആർക്കുമെതിരെ കുറ്റം ചാർത്തപ്പെടുന്നില്ല. ജനത്തിനു നഷ്ടമുണ്ടായാൽ ജനം സഹിച്ചു കൊള്ളണം. തട്ടിപ്പുകാർ സകലവും നയത്തിൽ ചെയ്യാൻ പഠിച്ചതിനാൽ അവർ സർവാത്മനാ പരിശുദ്ധരായിരിക്കുകയും ചെയ്യും.
മുന്നറിയിപ്പ്
മനഃപൂർവം തെറ്റു ചെയ്യുന്നവനേയും അറിയാതെ തെറ്റു ചെയ്യുന്നവനേയും തമ്മിൽ തിരിച്ചറിയാൻ ശ്രമിക്കുന്നവൻ ഒരു നൂല്പാലത്തിലൂടെ കടന്നു പോകുകയാണ്. ഒരു ചുവടു പിഴച്ചാൽ അവന്റെ നിഗമനം തെറ്റായിത്തീരും. അതിനാൽ രാക്ഷസനു തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ സദയം ക്ഷമിക്കുക.
No comments:
Post a Comment