ഇത്തരം ഒരു വിഷയം കൈകാര്യം ചെയ്യുമ്പോൾ മലയാളികളുടെ താല്പര്യത്തിനെതിരു നിൽക്കുന്ന ഒരു മരത്തലയനാണു ഇതെഴുതുന്നതെന്നൊരു വിമർശനം പ്രതീക്ഷിക്കേണ്ടതുണ്ട്. എങ്കിലും അത്തരം ഒരു വിമർശനം കേട്ടാലും കുഴപ്പമില്ല, സത്യം വിളിച്ചു പറയാതിരിക്കുന്നത് ശരിയല്ല എന്ന ബോധ്യത്തിൽ നിന്നാണ് ഈ മുഖമൊഴി എഴുതാൻ ധൈര്യം വരുന്നത്.
മുല്ലപ്പെരിയാർ ഡാം 999 വർഷമോ അതിൽ കുറവോ തമിഴ് നാടിനു കൈവശം വയ്ക്കാൻ അവകാശമുണ്ടെങ്കിൽ തന്നെ ഒരു ഡാം അത്ര കാലം എന്തായാലും നിലനിൽക്കുകയില്ലല്ലോ. പുതിയ ഡാം ഉണ്ടാകാതിരിക്കുകയും അപ്രകാരം ഒരു കരാറിൽ എത്തിച്ചേരാതിരിക്കുകയും ചെയ്യുന്ന ഒരു സമയത്താണ് മുല്ലപ്പെരിയാർ ഡാം തകരുന്നതെങ്കിൽ പിന്നെ തമിഴ്നാടും മുല്ലപ്പെരിയാർ പ്രശ്നവും കേരളത്തിന്റെ തലയിൽ നിന്നും എന്നേക്കുമായി ഒഴിഞ്ഞു പോകും. പലയിടത്തും 50 വർഷമാണു ഒരു ഡാമിന്റെ ശരാശരി ആയുസ്സായി കണക്കു കൂട്ടിയിരിക്കുന്നത്. പുതിയ ഡാം കെട്ടിയാൽ ഇന്നത്തെ അവസ്ഥ ഒരമ്പതു വർഷമോ അതിൽ കുറവോ കാലത്തിനുള്ളിൽ വീണ്ടും സംജാതമാകും. പുതുതായി കെട്ടിയ ഡാം തകർന്നാലുള്ള പ്രശ്നങ്ങളാണ് അപ്പോൾ അഭിമുഖീകരിക്കേണ്ടി വരിക. അപ്പോൾ പിന്നെയുമൊരു ഡാം കെട്ടിയാലും അതു പൊട്ടുമ്പോളുള്ള പ്രശ്നങ്ങൾ അതിനു ശേഷം. അങ്ങനെ മുല്ലപ്പെരിയാർ പ്രശ്നങ്ങൾ അനന്തമായി തുടരാനിടയുണ്ട്. ഇന്നത്തെ ജനസംഖ്യാ വളർച്ച വച്ചു നോക്കുമ്പോൾ ഇനിയൊരു ഡാം തകർച്ച ഇത്രപോലും നിയന്ത്രണാധീനമായേക്കില്ല. പുതിയ ഡാം ദീർഘകാലാടിസ്ഥാനത്തിൽ പ്രശ്നം വർദ്ധിപ്പിക്കുകയേയുള്ളൂ എന്നു തോന്നുന്നു.
കേരളം 700 കോടി രൂപ ചെലവു ചെയ്ത് ഒരു പുതിയ ഡാം നിർമ്മിക്കുന്നതിനു ഒരേയൊരു കാരണമേ പറയാനുള്ളൂ. മുല്ലപ്പെരിയാർ ഡാം തകരുന്ന സമയത്തുള്ള പ്രത്യാഘാതങ്ങളിൽ നിന്നു രക്ഷപ്പെടുക മാത്രം. ഡാം നിർമ്മാണം പൂർത്തിയാകുമ്പോൾ വേണ്ടി വരുന്ന നിരക്കു വർദ്ധനയും പുതുക്കേണ്ടി വരുന്ന എസ്റ്റിമേറ്റുകളും കൂടി കണക്കിലെടുത്താൽ 2000 കോടി രൂപയിൽ ഡാം തീർന്നേക്കണമെന്നുമില്ല. അങ്ങനെ നോക്കിയാൽ 700 കോടി രൂപയിൽ താഴെ ചെലവിൽ ഒരു സമഗ്ര ഡിസാസ്റ്റർ മാനേജുമെന്റ് പ്ലാൻ ഉണ്ടാക്കി അപ്രകാരമുള്ള പ്ലാൻ നടപ്പാക്കാനായാൽ കേരളത്തിന്റെ താല്പര്യങ്ങൾക്കു നല്ലത് മുല്ലപെരിയാർ പൊട്ടിയോ പൊട്ടാതെയോ ഡീകമ്മീഷൻ ചെയ്യുക മാത്രമാണ്. കേരളത്തിനു അതു സാധ്യമോ എന്ന കാര്യത്തിൽ തർക്കമുണ്ട്. നമുക്കതൊന്നു പരിശോധിച്ചു നോക്കാം.
ഒന്നാമത്തെ പ്രശ്നം ഡാമിന്റെ തകർച്ച എത്ര കൃത്യമായി പ്രവചിക്കാനാകുമെന്നതാണ്. റിക്ടർ സ്കൈലിൽ 5.5നു മേൽ ശക്തിയില്ലാത്ത ഭൂചലനങ്ങൾ ഡാമിനെ ബാധിച്ചേക്കില്ല എന്നേ ഇതുവരെയുള്ള പഠനങ്ങളിൽ നിന്നു വെളിവായിട്ടുള്ളൂ. അത്തരം ചലനങ്ങൾ കേരളത്തിൽ അപൂർവമാണ്. മറ്റു കാരണങ്ങളാലോ ശക്തി കുറഞ്ഞ ഭൂചലനങ്ങളാലോ ആണ് ഡാമിനു ക്ഷയം സംഭവിക്കുന്നതെങ്കിൽ അത് ഡാമിന്റെ തകർച്ചക്കു വഴിവക്കുന്നതിനു മുമ്പ് ദിവസങ്ങളുടെ തന്നെ മുൻ കരുതലെടുക്കാനിട ലഭിച്ചേക്കാം. ജലനിരപ്പ് ക്രമീകരിക്കുന്നതിലൂടെ ഏതാനും ദിവസങ്ങൾ കൂടി ആയുസ്സ് നീട്ടിക്കിട്ടുകയും ചെയ്യും. അത്രയും സമയം കൊണ്ട് മുല്ലപ്പെരിയാർ ഡാമിന്റെ ജലപ്രവാഹവേഗത കാര്യമായി കുറച്ചുകൊണ്ടു വരാനും ഇടുക്കിയിലെ ജലനിരപ്പു കുറയ്ക്കാനും പുനരധിവാസ പ്രവർത്തനങ്ങൾ പൂർണമാക്കാനും കഴിയുന്നതാണ്.
ഇനി 5.5 നു മേൽ ശക്തിയുള്ള ഭൂചലനം വന്നാലത്തെ അവസ്ഥയെ നേരിടേണ്ട കാര്യമാണ്. അതിനു സർക്കാരിനു വ്യക്തമായ പദ്ധതികൾ ഉണ്ടെന്നു പോലീസും, റവന്യൂ വകുപ്പും മുഖ്യമന്ത്രിയും പറയുന്നുണ്ട്. സർക്കാരിനു വേണ്ടി ഇക്കാര്യം അഡ്വക്കേറ്റ് ജനറലും ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഓരോരോ മന്ത്രിമാർ സൌകര്യാർഥം പുറപ്പെടുവിക്കുന്ന പ്രസ്താവനകൾക്ക് നിയമത്തിന്റെ മുമ്പിൽ പുല്ലു വിലയാണുള്ളത്. (പുല്ലുകളോട് മാപ്പ്) സർക്കാർ ഉത്തരവുകളിലും സുപ്രീം കോടതി ഹൈക്കോടതി എന്നിവിടങ്ങളിളും മറ്റു ഭരണഘടനാ സ്ഥാപനങ്ങളിലും സർക്കാർ നൽകുന്ന സത്യവാങ്മൂലങ്ങളിലുമൊക്കെ പറയുന്നതാണ് ആധികാരികം.
മുല്ലപ്പെരിയാർ ഡാം തകർന്നാൽ അവിടെയെത്തുന്ന വെള്ളം ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ വഴി അറബിക്കടലിലേക്കു പോകുകയായിരിക്കും ചെയ്യുക എന്നു അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയെ അറിയിച്ചതായി മാധ്യമങ്ങൾ പറയുന്നു. മുല്ലപ്പെരിയാർ ഡാമിലെ വെള്ളം ഇപ്പോളത്തെ നിലയിൽ ഇടുക്കി ഡാമിനു താങ്ങാനാകുമെന്നു വൈദ്യുതി ബോർഡിന്റെ കണക്കുകൾ ഉദ്ധരിച്ച് സ്റ്റേറ്റ് ഡിസാസ്റ്റർ കമ്മിറ്റി യോഗത്തിൽ വച്ച് റവന്യൂ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറയുന്നു. മുല്ലപ്പെരിയാറിൽ നിന്നു ഇടുക്കിവരെ വെള്ളമൊഴുകുന്ന ഭാഗത്തു താമസിക്കുന്നവരുടെ സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ടെന്നു പറയുന്നു. കേരളത്തിൽ ദുരന്ത സാധ്യത ഇല്ലാത്തതുകൊണ്ട് ദേശീയ ദുരന്ത നിവാരണ സമിതിയുടെ വേങ്ങേരിയിലെ സ്ഥിരം കേന്ദ്രം പൂട്ടിക്കെട്ടി ചെന്നെയിലേക്കു പോകാൻ ഉത്തരവായതു നടപ്പിലാക്കുന്നു. അഡ്വക്കേറ്റ് ജനറലിനെ മാറ്റണമെന്ന പലഭാഗത്തു നിന്നുമുള്ള ആവശ്യം നടപ്പാക്കേണ്ടതില്ലെന്നു തീരുമാനമായെന്നു പത്രങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. അത് അഡ്വക്കേറ്റ് ജനറലിന്റെ വാദങ്ങളിൽ സംസ്ഥാനത്തിനു വിശ്വാസമുള്ളതുകൊണ്ടായിരിക്കണം.
ഡോക്ടർ സി.പി. രാജേന്ദ്രൻ അഭിപ്രായപ്പെടുന്നത് ഈയിടെ ഇടുക്കിയിലുണ്ടായ ഭൂചലനങ്ങളൊന്നും മുല്ലപ്പെരിയാർ അണക്കെട്ടിനെ ബാധിച്ചിട്ടില്ലെന്നാണ്. വെറുതേയാണ് പരിഭ്രാന്തി പരത്തുന്നത്. അതു തന്നെയാണ് അഡ്വക്കേറ്റ് ജനറൽ കോടതിയിൽ പറഞ്ഞതും. ജയലളിതയും കേന്ദ്ര സർക്കാരും സി.പി.എം. പോളിറ്റ് ബ്യൂറോയും സി.പി.ഐ., ആർ എസ്.പി, കോൺഗ്രസ്സ്, ബി.ജെ.പി കേന്ദ്രനേതൃത്വങ്ങളും സമാനമായ സുചിന്തിതമായ അഭിപ്രായങ്ങളാണ് പുലർത്തുന്നത്.
അങ്ങനെ ഒരു സാഹചര്യമാണ് യഥാർഥത്തിൽ ഉള്ളതെങ്കിൽ പുതിയ അണക്കെട്ട് എന്ന ആവശ്യം കേരളം ഉയർത്തുന്നത് ശുദ്ധമായ വൈരുദ്ധ്യമാണ്. തമിഴ് നാടിനേ അതുകൊണ്ടു വല്ല നേട്ടവുമുള്ളൂ. തമിഴ് നാട് ആവശ്യപ്പെടേണ്ട ആവശ്യം കേരളം ഏകപക്ഷീയമായി ആവശ്യപ്പെട്ടു എന്നു വരുത്തുകയും, ആയതിനു, ഹൈക്കോടതികളുടേയും, സുപ്രീം കോടതിയുടേയും കേന്ദ്ര ഗവണ്മെന്റിന്റേയും അംഗീകാരം ഉത്തരവായി കൈപ്പറ്റുവാനും വേണ്ടിയാണ് തമിഴ്നാടു ഗവണ്മെന്റിന്റെ ശ്രമം എന്നത് തിരിച്ചറിയുന്നതിൽ നമ്മുടെ രാഷ്ട്രീയ നേതൃത്വം പരായജപ്പെടുകയാണോ? അല്ലെങ്കിലും തമിഴ് നാടുമായുള്ള സകല ജലതർക്കങ്ങളിലും അന്തസ്സായി തോറ്റു കൊടുത്ത ചരിത്രമല്ലേ നമുക്കുള്ളൂ. ഇതും മറ്റൊന്നായിരിക്കാൻ ഇടയൊന്നുമില്ല.
കേരളം രണ്ടു കാര്യങ്ങൾ മാത്രമാണു ആവശ്യപ്പെടാനുള്ളത്. ഒന്നാമത്തേത്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിബന്ധനാ രഹിതവും സമയബന്ധിതവും ആയ ഡീ കമ്മീഷണിങ്ങ്. രണ്ട് തമിഴ് നാടിന്റെ നിയന്ത്രണത്തിലും തമിഴ് നാടിനു മാത്രം പ്രയോജനപ്പെടുന്നതുമായ മുല്ലപ്പെരിയാർ ഡാമിൽ നിന്നുണ്ടാകാവുന്ന സകല കഷ്ടനഷ്ടങ്ങൾക്കും തമിഴ് നാടു നഷ്ടോത്തരവാദിത്തം ഏൽക്കണമെന്ന ആവശ്യം ഉന്നയിച്ച് അതു നിയമപരമായി നടപ്പാക്കിയെടുക്കൽ. പ്രയോജനങ്ങൾ ഒരു കൂട്ടർക്കും നഷ്ടം മുഴുവൻ മറുകൂട്ടർക്കും എന്ന നില കൊളോണിയലിസത്തിന്റെ ബാക്കിപത്രമാണ്. സ്വതന്ത്ര ജനാധിപത്യ രാജ്യത്തിൽ ഇത്തരം അടിമത്തം അംഗീകരിക്കാനാവില്ല. നിലവിലുള്ള ലോ ഓഫ് ടോർട്ട് പ്രകാരമെങ്കിലും ഇടമലയാറിന്റെ ഇരകൾക്ക് അതിന് അവകാശമുണ്ട്. പൊതുതാല്പര്യ ഹർജികൾ നൽകുന്നവർ ഇക്കാര്യത്തിൽ കൂടി ഒന്നു മനസ്സു വച്ചാൽ തമിഴ് നാട് സർക്കാരിന്റെ ധാർഷ്ട്യമാർന്ന ഭാഷ ഒന്നു മയപ്പെടാനിടയുണ്ട്.
എഡിറ്റർ