പീലി മനോജ്
പെട്ടെന്നു കാശുണ്ടായ ഒരാൾ സ്വന്തം പൊങ്ങച്ചം കാട്ടാൻ ആ കാശെടുത്തു ചെലവഴിച്ചാൽ അയാൾ കൂടുതൽ ദരിദ്രനായിത്തീരും എന്ന ഒരു സന്ദേശം മാത്രമേ ജനങ്ങൾക്ക് കമലിന്റെ സ്വപ്നസഞ്ചാരി എന്ന സിനിമ നൽകുന്നുള്ളൂ. നല്ലൊരു മലയോര നാട്ടിൻ പുറത്ത് അഴകപ്പന്റെ ക്യാമറയിൽ കെ. ഗിരീഷ്കുമാറിന്റെ ഒരു ഒതുക്കമുള്ള കഥ രണ്ടരമണിക്കൂർ കൊണ്ട് കമൽ പറയാൻ ശ്രമിച്ചിരിക്കുകയാണ്.
ഇതൊരു കുടുംബകഥയാണ്. ഒരു പ്യൂൺ ആയിരുന്ന ഒരാൾ ഗൾഫിൽ പോയി കുറേ കാശുണ്ടാക്കി തിരിച്ചു വരുന്നു. അയാളെ നാട്ടിലെ ഉത്സവവും മറ്റു പ്രധാന പരിപാടികളുമൊക്കെ നടത്താൻ കാശു ചെലവു ചെയ്യുന്നു. അയാളുടെ മകളുടെ കൂട്ടുകാരിയുടെ ഒരു ഓപ്പറേഷനു അയാൾ പൈസ കൊടുക്കാമെന്നു പറഞ്ഞിട്ടുണ്ടായിരുന്നു. അതിനിടെ അയാളുടെ ബിസിനസ്സ് തകരുന്നു. അയാൾക്കു വാക്കുപാലിക്കാനാകുന്നില്ല. മകൾക്കൊരു ദുരന്തവും സംഭവിക്കുന്നു. അതോടെ അയാൾ നാടു വിടുന്നു. പിന്നെ മകൾക്കെന്തു സംഭവിക്കുന്നു എന്നത് പിന്നീടാണു പറയുന്നത്. ആഖ്യാന രീതി വച്ചു നോക്കുമ്പോൾ തുടർച്ചയായി കഥ പറയുന്നതായിരുന്നു നല്ലതെന്നു തോന്നുന്നു.
ഈ സിനിമ ആരംഭിക്കുന്നത് ഒരു ദുരന്തം കാണിച്ചുകൊണ്ടാണ്. ദുരന്തത്തിടയായി ആശുപത്രിയിൽ വന്ന ആളുകളെ ശുശ്രൂഷിച്ചിരുന്ന നഴ്സ് യഥാർത്ഥ ജീവിതത്തിൽ ഒരിക്കലും സംഭവിക്കാത്തപോലെ ജയറാം അവതരിപ്പിക്കുന്ന കഥാപാത്രത്തിനു പിന്നാലെ ഒരു വണ്ടിയിൽ പോകുകയാണ്. ആ വണ്ടിയിലിരുന്നാണ് കഥ ഓർക്കുന്നത്. അയാളുടെ മകൾ ഒരു സ്കൂളിന്റെ മുകൾ നിലയിൽ നിന്നു താഴെ വീഴുകയായിരുന്നു. ഓപ്പറേഷൻ വേണ്ടിയിരുന്ന പെൺകുട്ടിയായിരുന്നു ആ നഴ്സ്. അവളുടെ ഓപ്പറേഷൻ പിന്നീട് നടന്നിരുന്നു.
കമൽ എന്ന സംവിധായകൻ ഒരുപാടു നല്ല ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. പക്ഷേ ഇതിനെ അങ്ങനെ വിശേഷിപ്പിക്കാനാകുന്നില്ല, അഴകപ്പൻ നല്ല രീതിയിൽ ക്യാമറ ചെയ്തിട്ടുണ്ട്. എം. ജയചന്ദ്രന്റെ സംഗീതത്തിൽ ഒന്നുരണ്ടു നല്ല പാട്ടുകളുമുണ്ട്. ജനങ്ങളെ സ്വാധീനിക്കുന്ന ഒരു മാധ്യമമെന്ന നിലയിൽ എന്തെങ്കിലും ഒരു സന്ദേശം കൊടുക്കുക എന്നത് സംവിധായകന്റേയും എഴുത്തുകാരന്റേയും കടമയാണ്. അക്കാര്യത്തിൽ ചിത്രം പരാജയമാണെങ്കിലും സാങ്കേതികമായി ഇതൊരു നല്ല സിനിമയാണ്. തിരക്കഥയിൽ ക്രമമായിട്ടൊരു ഒഴുക്കുണ്ട്. കമലിൽ നിന്നും പക്ഷേ നാം ഇതൊന്നുമല്ല പ്രതീക്ഷിച്ചത്. ഒരു കോമഡി പോലും ഈ ചിത്രത്തിലുണ്ടെന്നു തോന്നുന്നില്ല. രണ്ടര മണിക്കൂർ രസിക്കാൻ വേണ്ടി സിനിമാ തിയേറ്ററിലേക്കു പോകുന്ന ഒരു സാധാരണ പ്രേക്ഷകൻ ഇത്രയും ദുരന്തങ്ങൾ പ്രതീക്ഷിച്ചിരിക്കയില്ല. അത്തരക്കാർക്കും ഈ സിനിമ ഒരു ദുരന്തമായിരിക്കും. ആദ്യത്തെ സീൻ തന്നെ സ്വപ്നസഞ്ചാരം എന്ന ഈ ചിത്രത്തിന്റെ പരിണാമഗുപ്തിയും നഷ്ടപ്പെടുത്തിക്കളഞ്ഞു. എങ്കിലും കുടുംബ പ്രേക്ഷകർ ഈ ചിത്രം രണ്ടര മണിക്കൂറും ഇരുന്നു കാണുന്നുണ്ട്.
No comments:
Post a Comment