രാക്ഷസൻ
വാൾസ്ട്രീറ്റ് തുടങ്ങിയ ഓഹരി വിപണന കേന്ദ്രങ്ങളിൽ ആധുനിക മുതലാളിത്തത്തിനെതിരായ സമരം നടക്കുന്നതായി നാം അറിയാൻ തുടങ്ങിയിട്ട് നാളേറെയായി. കമ്മ്യൂണിസത്തിന്റെ തിരിച്ചുവരവായി ചിലർ ഇതിനെ വിശേഷിപ്പിച്ചു കാണുന്നു. അതുകൊണ്ട് ചോദിക്കട്ടെ, എന്തുകൊണ്ട് വാൾസ്ട്രീറ്റ്?
വാൾസ്ട്രീറ്റ് ഉല്പാദനകേന്ദ്രമോ വിപണന കേന്ദ്രമോ അല്ല. വ്യവസായസ്ഥാപനങ്ങളുടേയോ ധനകാര്യ സ്ഥാപനങ്ങളുടേയോ പ്രവർത്തനങ്ങളിൽ വാൾസ്ട്രീറ്റ് യാതൊരു കൈകടത്തലും നടത്തുന്നില്ല. ലാഭനഷ്ടങ്ങളോ ചൂഷണമോ എപ്രകാരമായിരിക്കണമെന്ന കാര്യത്തിൽ വാൾസ്ട്രീറ്റ് നിശബ്ദത പാലിക്കുന്നു. പിന്നെന്തിനു വാൾസ്ടീറ്റ്?
മുതലാളിത്തത്തിനു പരിണാമം സംഭവിച്ചിരിക്കുന്നു. ഉല്പാദന വിപണന വിതരണ സംവിധാനങ്ങൾ കടുത്ത മത്സരത്തിനു വിധേയമാകുന്നതിനോടൊപ്പം തൊഴിൽ മേഖലയും എന്നത്തേക്കാളും ചെലവാർന്നതായിരിക്കുന്നു. മുതലാളിത്തത്തെ നിയന്ത്രിക്കാൻ ജനകീയ വിപണനകേന്ദ്രങ്ങളും ഉപഭോക്തൃ ശീലങ്ങളും പരിശ്രമിക്കുന്നു. സമ്പത്തു കുന്നുകൂട്ടാൻ വ്യവസായസംരംഭകർ മാത്രമാകുന്നവർക്കാകുന്നില്ല.
രാഷ്ട്രങ്ങളുടെ കറൻസികളും കടപ്പത്രങ്ങളും ബാങ്കുകളുടെ മൾട്ടിപ്പിൾ ഇഫക്റ്റും യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ അനേക മടങ്ങു പണം കൃത്രിമമായി സൃഷ്ടിക്കുന്നു. കൃത്രിമ പണം പെരുകുമ്പോൾ അതിനെ അപേക്ഷിച്ച് അല്പമാത്രമായ യഥാർത്ഥ ആസ്തികൾക്ക് വൻ ഡിമാന്റ് സൃഷ്ടിക്കപ്പെടുന്നു. പണം നിക്ഷേപിക്കാൻ ആസ്തികളില്ല എന്നതാണു യഥാർത്ഥ പ്രശ്നം. കൃത്രിമ പണം അടിസ്ഥാനപരമായി വിപണിയിലേക്കിറക്കിയ സർക്കാരുകളും അവയെ അനേക മടങ്ങു ഇരട്ടിപ്പിച്ച ബാങ്കുകളും തങ്ങളുടെ പണത്തിനു വിലയില്ലാതാകുന്നതു തങ്ങളുടെ ആസ്തികൾക്കുകൂടി വിലയിടിക്കുന്നതു നിരന്തരം കണ്ടു സംഭീതരാകുമ്പോൾ പണത്തിന്റെ പ്രവാഹത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു. സർക്കാർ തങ്ങളുടെ കൃത്രിമ പണത്തെ ഇരട്ടിപ്പിക്കുന്ന ബാങ്കുകളുടെ ഇരട്ടിപ്പിക്കൽ ശേഷി നിയന്ത്രിച്ചുകൊണ്ടാണു തങ്ങളുടെ സാമ്പത്തിക നയപരിപാടികൾ നടപ്പാക്കുന്നതിനു ആരംഭം കുറിക്കുന്നത്. ഇത്തരം ഓരോ നിയന്ത്രണവും പണത്തിന്റെ ഒരു പ്രവാഹം സൃഷ്ടിക്കുന്നു. ഈ പ്രവാഹം എവിടെ അന്തിമമായി ചെന്നു ചേരുന്നുവോ അവിടെ സമ്പത്തും കേന്ദ്രീകരിക്കപ്പെടുന്നു.
സർക്കാരുകൾ പണപ്രവാഹം സൃഷ്ടിക്കുമ്പോൾ ആ പ്രവാഹം തിരിച്ചറിഞ്ഞ് അതിന്റെ ഗതിക്കൊപ്പം തങ്ങളുടെ നിക്ഷേപങ്ങളെയും ഗതി തിരിച്ചു വിട്ട് കോടികൾ കൊയ്യുന്ന ഒരു വർഗം രൂപപ്പെട്ടിരിക്കുന്നു. അവർ ഒന്നും ഉല്പാദിപ്പിക്കുന്നില്ല ഒന്നും വിതരണം ചെയ്യുന്നുമില്ല. അപ്രകാരം അവർ ജനതയുടെ നിലനില്പിനു യാതൊരു സംഭാവനയും നൽകുന്നില്ല. എങ്കിലും സമ്പത്ത് അവരുടെ കൈവശം അന്തിമമായി വന്നു ചേരുന്നു. പലപ്പോളും തങ്ങളുടെ ഹിതാർത്ഥം സർക്കാരുകളെക്കൊണ്ടുപോലും അവർ പുത്തൻ പണപ്രവാഹങ്ങൾ സൃഷ്ടിപ്പിക്കുന്നു. ജനം അവരുടെ കൃത്രിമസമ്പത്തിനു പകരമായി അടിമവേല ചെയ്യേണ്ടി വരുന്നു.
സമ്പന്നരായ ഈ പുത്തൻ വർഗക്കാർ മുതലാളികളെന്നു വിശേഷിപ്പിക്കപ്പെടാൻ അർഹരല്ല. എന്തെന്നാൽ തൊഴിൽ ശക്തിയോ തൊഴിലാളികളെ ചൂഷണം ചെയ്യലോ അവരുടേ ലക്ഷ്യമല്ല. അന്തിമമായി യഥാർത്ഥ ആസ്തികളെല്ലാം അവർ കൈവശമാക്കുന്നു. ഭൂമിയും കെട്ടിടങ്ങളും ഓഹരികളും സ്വർണവും രത്നവും അവരുടേതായി തീരുന്നു. അത്തരം ആളുകൾ അന്തിമമായി സർക്കാരുകളുടെ പണങ്ങളുടെ മൂല്യം വരെ നിയന്ത്രിക്കാൻ പ്രാപ്തി നേടുന്നു.
ധനകാര്യ വിദഗ്ദ്ധന്മാർ രാഷ്ട്രീയം കയ്യാളുന്നതിന്റെ തിരിച്ചടിയുടെ ഒന്നാന്തരം ഉദാഹരണമാണിത്. ഇവർ നേരിട്ട് രാഷ്ട്രം ഭരിക്കണമെന്നില്ല, പ്രത്യുത ഭരണത്തെ ഉപകരണമാക്കി തങ്ങളുടെ സാമ്പത്തിക അജണ്ട നടപ്പാക്കിയാൽ തന്നെ നാടിന്റെ ഉടയോന്മാരായ ജനത നിസ്വരാകും. ഈ വിദഗ്ദ്ധർക്കു പണമാണു മുഖ്യം. അതു സൃഷ്ടിക്കുന്നതെങ്ങനെയെന്നും പെരുപ്പിക്കുന്നതെങ്ങനെയെന്നും അവർക്കറിയാം. യഥാർത്ഥ ആസ്തികൾ സൃഷ്ടിക്കാതെ പണം മാത്രം സൃഷ്ടിക്കുന്ന ഇവർ സൃഷ്ടിക്കപ്പെട്ട പണത്തിന്റെ ഓരോ ഏകകവും മറ്റുള്ളവരുടേയും വരാനിരിക്കുന്ന തലമുറകളുടേയും ബാധ്യതയാണെന്നു മറന്നുപോകുന്നു. മുതലാളിത്തം തങ്ങളുടെ കീഴിലുള്ള തൊഴിൽശക്തിയേയും മിച്ചമൂല്യത്തേയും ആശ്രയിച്ച് സമ്പന്നരായപ്പോൾ ഭാവിതലമുറയെ തങ്ങൾക്കു കടക്കാരാക്കിയില്ല. എന്നാൽ സർക്കാർ-ബാങ്കിങ്ങ്-പണപ്രവാഹ അച്ചുതണ്ട് ഭാവിതലമുറകളെ തങ്ങളുടെ അടിമകളാക്കിക്കഴിഞ്ഞു. ഈ ലാബറിന്തിൽ നിന്നു പുറത്തു കടക്കണമെങ്കിൽ ഒന്നുകിൽ ഈ പണപ്രവാഹത്തെ നിശ്ചലീകരിക്കുകയോ ഋണവത്കരിക്കുകയോ വേണം, അല്ലെങ്കിൽ പണപ്രവാഹത്തിനു തുടക്കമിടുന്ന സർക്കാരുകളെ തന്നെ കടപുഴക്കണം. രണ്ടും ക്ഷിപ്രസാധ്യമല്ല.
ആസ്തികളിൽ അഭിരമിക്കാതെ ആസ്തികൾക്കു ഊഹക്കച്ചവടപരമായ മൂല്യം ചാർത്തിക്കൊടുത്ത് അത്യാർത്തിയെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളും സ്ഥിതിവിവരക്കണക്കുകളും ആഗോളമായിത്തന്നെ പുറത്തുവിട്ട് അതിൽ ജനതയെ കുരുക്കി ഒരു പണപ്രവാഹം സൃഷ്ടിക്കുന്നതിനെ ഔദ്യോഗികവും നിയമാനുസൃതവുമാക്കി തീർക്കുകയാണ് വാൾസ്ട്രീറ്റ് പോലെയുള്ള ഓഹരി കമ്പോളങ്ങളുടെ പ്രാഥമിക ധർമം. നാശം വിതക്കുന്ന ഈ പണപ്രവാഹത്തെ നിയന്ത്രിക്കുന്നതിനാണു വാൾസ്ട്രീറ്റ് പോലുള്ള ഓഹരി കമ്പോളങ്ങളെ ജനം ഉപരോധിക്കുന്നത്. ചിന്താശൂന്യമായ യാദൃശ്ചികതയല്ല ഓഹരി കമ്പോളങ്ങളുടെ ഉപരോധം. ഓഹരി കമ്പോളങ്ങൾ നിശ്ചലമാക്കുമ്പോൾ പണപ്രവാഹത്തിന്റെ ഒരു ദിശ നിശ്ചലമാകുന്നു. അതിസൂക്ഷ്മമായി ധനകാര്യ വിദഗ്ദ്ധർ കണക്കുകൂട്ടിവച്ച പണത്തിന്റെ ഗതി മറ്റെവിടേക്കോ മാറിയൊഴുകുന്നു. ധനവാൻ നിസ്വനാകുന്നു, നിസ്വൻ ധനവാനും. അക്കളി സുരക്ഷിതമല്ലാത്തതു കൊണ്ട് കൃത്രിമ പണപ്രവാഹം താത്കാലികമായി തടയപ്പെടുന്നു. അത്രകാലം പണത്തിന്റെ കൃത്രിമ മൂല്യശോഷണവും തടയപ്പെടുന്നു. അതത്രേ വാൾസ്ടീറ്റ് ഉപരോധത്തിന്റെ പ്രസക്തി. കമ്മ്യൂണിസത്തിന്റെ അടിസ്ഥാന സിദ്ധാന്തമായ മുതലാളിത്തത്തിനു ശേഷം പ്രോലിറ്ററേറ്റ് എന്ന സങ്കല്പത്തിനു ഇവിടെ അശേഷം പ്രസക്തി ഇല്ലാത്തതുകൊണ്ട് വാൾസ്ടീറ്റ് ഉപരോധം കമ്മ്യൂണിസത്തിന്റെ തിരിച്ചുവരവാണെന്നു കരുതാൻ ന്യായമില്ല.
No comments:
Post a Comment