കേരളം ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രശ്നം നഗരവത്കരണവും തത്ഫലമായ മലിനീകരണവുമാണ്. നഗരങ്ങളുടെ എച്ഛിൽ വീപ്പകളായി ഗ്രാമങ്ങൾ കരുതപ്പെട്ടിരുന്ന കാലം അവസാനിക്കുകയാണ്. നഗരം സ്വയം അതിന്റെ മാലിന്യങ്ങളെ സംസ്കരിക്കേണ്ടതുണ്ട്. ഗ്രാമങ്ങൾ ഇല്ലാതെയായി ക്രമത്തിൽ നഗരങ്ങളാകുന്ന ദൃശ്യമാണ് നമ്മുടെ മുമ്പിലുള്ളത്. ഇന്ത്യയിൽ ആകെയുള്ള നഗരങ്ങളിൽ ഏറ്റവും ജനസംഖ്യയുള്ള ആദ്യത്തെ മുപ്പതിൽ അഞ്ചിലൊന്നു കേരളത്തിൽ നിന്നാണെന്നത് അമ്പരപ്പിക്കുന്ന വസ്തുതയാണ്. അതിനാൽ കേരളം മൊത്തം ഒരു വൻ നഗരമായി തന്നെ പരിഗണിക്കപ്പെടാവുന്നതാണ് എന്ന നില വന്നിരിക്കുന്നു.
മാലിന്യത്തിന്റെ ഈ കൂമ്പാരം കുന്നുകൂടുന്നത് പ്രധാന മാധ്യമങ്ങൾ മറ്റേതോ മലിന വസ്തു എന്ന നിലയിൽ തമസ്കരിക്കുകയാണ്. ശവം കാണുമ്പോൾ കാകന് എന്ന ന്യായേന മാലിന്യ നിക്ഷേപ പ്രശ്നത്തിൽ ജനകീയ സംഘങ്ങളും പഞ്ചായത്തുകളും നഗരസഭകളും കോർപ്പറേഷനുകളും തമ്മിൽ തല്ലുമ്പോൾ കൊത്തിക്കീറാൻ വല്ല മുറിയോ മുണ്ടനോ കിട്ടുമോ എന്നു കാക്കുന്ന മാധ്യമങ്ങളെയേ നമുക്കു ചുറ്റും കാണാനുള്ളൂ. ഇത് അത്യന്തം നിന്ദ്യമത്രേ.
പ്രശ്നങ്ങളെ അതിന്റെ സമഗ്രതയിലും അതർഹിക്കുന്ന ഗൌരവത്തിലും കാണണം. അതിലേക്ക് നമുക്ക് പാർശ്വവത്കരിക്കപ്പെട്ട ചില പ്രാദേശിക വാർത്തകൾ പരിശോധിക്കാം. ഇരിങ്ങാലക്കുട രാമഞ്ചിറ തോട്ടിലേക്കു ഹോട്ടൽ മാലിന്യം തള്ളുന്നതു തടയുന്ന കോറ്റതി വിധി നടപ്പാക്കിയില്ലെന്നു കാട്ടി ഗായത്രി റെസിഡന്റ്സ് അസോസിയേഷൻ ഹർജി നൽകിയതിൽ അദ്വക്കേറ്റ് കമ്മീഷണർ വസ്തുത ഉണ്ടെന്നു കണ്ടതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു. അപ്പോൾ തന്നെ അവിടെ നഗരസഭയും ഹോട്ടലുകാരുടെ സംഘടനയും മറ്റുമുണ്ടാക്കിയ പുകിലുകൾ മറന്നു പോയിരിക്കുന്നു. മാലിന്യങ്ങൾ തോട്ടിലേക്ക് ഒഴുക്കാൻ പാടില്ലെന്ന ഉത്തരവുണ്ട്. പക്ഷേ ഉണ്ടകുന്ന മാലിന്യം ഇതുവരെ സംസ്കരിച്ചിട്ടില്ലാത്ത ഹോട്ടലുകാർക്ക് അതു എങ്ങനെ കുറഞ്ഞ ചെലവിൽ സംസ്കരിക്കുമെന്നു അറിവില്ല. അതിനാൽ ഉത്തരവു പാലിക്കാൻ ഹോട്ടലുകൾ പൂട്ടേണ്ടി വന്നേക്കാം.
പനംകുറ്റിച്ചിറയിലെ മാലിന്യ പ്രശ്നത്തിൽ എം.എൽ.ഏ.യും മേയറും റോഡരുകിലെ മാലിന്യം പനങ്കുറ്റിച്ചിറയിൽ തട്ടിക്കഴിഞ്ഞാൽ പിന്നീട് മാലിന്യം നിക്ഷേപിക്കില്ലെന്നു ഒരു ഉറപ്പ് നൽകിയിരുന്നു. എന്നാൽ അതു ലംഘിച്ച സാഹചര്യത്തിൽ ജനം സമരത്തിനിറങ്ങി. പോലീസ് സമരക്കാരെ അറസ്റ്റു ചെയ്തു നഗരസഭക്കാർ പോലീസ് സഹായത്തോടെ മാലിന്യം നിക്ഷേപിക്കുകയായിരുന്നു. (ക്ലിക്ക് ചെയ്യുക)
ഇത്തരം നടപടിക്കൾക്ക് ഒരു ജനാധിപത്യ വിരുദ്ധതയും വികലതയും ഉണ്ട്. അത് ചിലരുടെ നേട്ടങ്ങളെ ചിലരുടെ മാത്രം കോട്ടങ്ങളാക്കി പരിണമിപ്പിക്കുകയും ഭൂമി തന്നെ മൊത്തത്തിൽ അധിവാസ യോഗ്യമല്ലാത്ത ഒന്നാക്കി ക്രമത്തിൽ മാറ്റുകയും ചെയ്യുന്നു.
ലാലൂരെ പ്രശ്നം ഉന്നയിച്ച് മനുഷ്യാവകാശ പ്രവർത്തകർ കോർപ്പറേഷൻ കൌൺസിൽ ഹാളിലേക്ക് തള്ളിക്കയറിയത്തായിരുന്നു മറ്റൊരു സംഭവം. തള്ളിക്കയറിയവരുടെ മുങ്കാല ചരിത്രം ചികഞ്ഞും അവരുടെ അനാവശ്യ സമരങ്ങൾ ചൂണ്ടിക്കാട്ടി ലാലൂർ പ്രശ്നത്തെ അവഗണിക്കുകയാണ് ബന്ധപ്പെട്ടവർ ചെയ്തത്. ഹസാരേ സമരത്തിൽ ഉയർത്തപ്പെട്ട ആശയങ്ങളെ അതുന്നയിക്കുന്നവർ പൂർണ്ണമായും അഴിമതി വിമുക്തരല്ല എന്ന വാദം കൊണ്ട് ആക്രമിച്ച കാര്യം സാന്ദർഭികമായി ഓർമ്മിക്കുകയാണ്. പ്രശ്നങ്ങളെ പ്രശ്നങ്ങളായി തന്നെ കാണേണ്ടതുണ്ട്. ഒരു പ്രശ്നവും ഒരാളുടേയും വ്യക്തിപരമായ പ്രശ്നമായി കാണേണ്ടതില്ല. കടലിലേയും ബക്കറ്റിലേയും വെള്ളത്തെ സാധൂകരിക്കാൻ അതു തുള്ളി വെള്ളത്തിൽ നിന്നും അന്യമാണെന്നു സമർത്ഥിക്കുന്നത് അക്ഷന്തവ്യമായ അപരാധവുമാണ്.
ലാലൂരിലും പനംകുറ്റിചിറയിലും മാലിന്യം സംസ്കരിക്കാൻ കഴിയാതെ വന്നപ്പോൾ ഉണ്ടായ അസഹ്യമായ നാറ്റം സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കാനായാണ് അവിടങ്ങളിലും വിയ്യൂരിലും ശക്തനിലും ചവറിനു തീ പിടിച്ചത്. അതിന്റെ പുക ചിലരുടെയെല്ലാം അസ്വസ്ഥതയ്ക്കു കാരണമായിട്ടുണ്ട് എന്നതു നേരുതന്നെ. ഏതാനും ഡസൻ പേർ ആശുപത്രിയിൽ ചികിത്സ തേടി എന്നതല്ല, മറിച്ച് ചവറിന്റെയും മാലിന്യത്തിന്റേയും മേൽ കോർപ്പറേഷനുണ്ടായിരുന്ന അധികാരത്തെ അവഗണിച്ചിരിക്കുന്നു എന്നതാണ് അസ്വസ്തതയ്ക്കു കാരണം. താൻ ഇരിക്കേണ്ട ഇടത്ത് കൌൺസിൽ ഇരുന്നില്ലെങ്കിൽ അവിടെ കശാപ്പുകാർ കയറിയിരിക്കും എന്നു അധികാരികൾ ഓർക്കുന്നത് നന്നായിരിക്കും.
മാലിന്യ പ്രശ്നങ്ങളിൽ ഒന്നു മാത്രമായ ലാലൂരിലെ പ്രശ്നം പോലും പരിഹരിക്കാൻ അലാവിദ്ദീന്റെ അത്ഭുതവിളക്കിൽ കുറഞ്ഞ ഒന്നുകൊണ്ടും സാധ്യമല്ലെന്നു മേയർക്ക് അറിയാം. എന്നാൽ വിവേകമോ ഭരണനൈപുണ്യമോ അക്കാര്യം ചെയ്യാൻ പര്യാപ്തമാകുമെന്നു ചിന്തിക്കാൻ തക്ക ചെറുപ്പം തമ്പുരാൻ അദ്ദേഹത്തിന്റെ തലച്ചോറിനു കൊടുത്തില്ല. അല്ലെങ്കിലും മാജിക് വാൻഡും അത്ഭുതവിളക്കും ഒക്കെ ഇല്ലാത്തതിനാൽ ചിലതെല്ലാം കഴിയുന്നില്ലെന്നു കോൺഗ്രസ്സ് നേതാക്കൾ ഈയിടെയായി ധാരാളമായി പറഞ്ഞു തുടങ്ങിയിരിക്കുന്നു. ചിന്ത ഫലപ്രാപ്തിയിൽ എത്തിയതിന്റെ ഫലമായാണെന്നു തോന്നുന്നു 1,70,000,00,00,000 രൂപയൊക്കെ അപ്രത്യക്ഷമാക്കുന്ന വിദ്യകൾ നടപ്പാക്കുന്ന ചിലരെയെല്ലാം പരിചയപ്പെടാൻ അവർക്കായത്. മലിനീകരണ നിവാരണ കാര്യത്തിൽ പോലും മനുഷ്യസാധ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കുന്നത് അസാധ്യമാണെന്നു പറയുന്നവർ തൽസ്ഥാനം രാജി വച്ചു പോകുകയാണു വേണ്ടത്.
വിളപ്പിൽ ശാലയിലെ കോടതി പരിഹാരം ഒരു ജനകീയ പരിഹാരമാക്കി മാറ്റേണ്ടതുണ്ട്. കക്കൂസ് മാലിന്യങ്ങൾ പുഴയിലും റോട്ടിലും തട്ടുന്ന സംഗതികൾ പലപ്പോളായി ഈ ബ്ലോഗ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതാകട്ടെ നമ്മുടെ ശീലങ്ങളുമായി ബന്ധപ്പെട്ട ഒരു സാംസാരിക പ്രശ്നവുമാണ്. സകലർക്കും ഒരു പോലെ സ്വീകാര്യവും ഉത്തരവാദിത്തമുള്ളതുമായ ഒരു രാഷ്ട്രീയ പരിഹാരം ഉയർന്നു വരേണ്ടതുണ്ട്. ഇക്കാര്യത്തിൽ നമ്മുടെ ഒരു രാഷ്ട്രീയ നേതൃത്വത്തിനും സമഗ്രമായ ദർശനമില്ല.
അതിനിടെയാണ് മാലിന്യം കൂട്ടിയിട്ടു കത്തിക്കാൻ കോർപ്പറേഷൻ രഹസ്യ നിർദ്ദേശം നൽകിയിട്ടുള്ളതായും അതിന്റെ ഫലമായി നഗരത്തിലെമ്പാടും മാലിന്യം എരിയുന്നുണ്ടെന്നും ഇരുന്നൂറോളം പേർ വിഷപ്പുക ശ്വസിച്ച് ആശുപത്രിയിൽ ആയെന്നും വാർത്ത വരുന്നത്. (ക്ലിക്ക് ചെയ്യുക) അതിൽ ആരെങ്കിലും മരിക്കുകയോ മറ്റോ ചെയ്താൽ ആരു സമാധാനം പറയും. മണ്ണോ നാം മലിനമാക്കി ഇനി വിണ്ണും അശുദ്ധമാക്കാതെ പൂരനഗരി പൂതമാകില്ലെന്നോ?
മിക്കവാറും മാലിന്യം സൃഷ്ടിക്കുന്ന വ്യാപാരി വ്യവസായികൾ അതിനിടെ സകലവും കോർപ്പറേഷന്റെ തലയിൽ കെട്ടിവച്ച് കൈ കഴുകി കോർപ്പരേഷനിലേക്ക് ഒരു മാർച്ചും സംഘടിപ്പിക്കുകയാണ്. (ക്ലിക്ക് ചെയ്യുക) കോർപ്പറേഷൻ കൌൺസിൽ യോഗത്തിൽ ലാലൂരുമായി ബന്ധപ്പെട്ട് യാതൊരു തീരുമാനവും എടുക്കാതിരുന്ന കോർപ്പറേഷൻ ഇതൊക്കെ ഇരന്നു വാങ്ങുകയായിരുന്നു. (ക്ലിക്ക് ചെയ്യുക) മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കൂടിയെടുത്ത തീരുമാനം കാതിക്കുടം നിറ്റ ജലാറ്റിൻ കമ്പനിയുടെ കാര്യത്തിലായാലും ആമ്പല്ലൂർ ടോൾ പിരിവിന്റെ കാര്യത്തിലായാലും നടപ്പായിരുന്നില്ല. അതുപോലെ ലാലൂർ പ്രശ്നത്തിലും മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ലാലൂർ പ്രശ്നത്തിൽ എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കാതെ വന്നതിനാൽ ഫെബ്രുവരി 14 മുതൽ ലാലൂർ സമര സമിതി അനിശ്ചിതകാല നിരാഹാര സമരം നടത്താൻ തീരുമാനിച്ചിരിക്കുന്നത്രേ. കൊക്കെത്ര കുളം കണ്ടു, കുളമെത്ര കൊക്കിനെ കണ്ടു.
ലാലൂരിലെ മാലിന്യം മുളങ്കുന്നത്തുകാവിലെ തോനിപ്പാറയിൽ കൊണ്ടു വന്നു തട്ടാനുള്ള നീക്കത്തെ അവിടത്തെ പഞ്ചായത്ത് പ്രസിഡണ്ട് മുളയിലേ നുള്ളിയിട്ടുമുണ്ട്. (ക്ലിക്ക് ചെയ്യുക)
ഒരുപാടു തൃശ്ശൂർ കഥകൾ പറഞ്ഞ സ്ഥിതിയ്ക്കു നമുക്കു ഗുരുവായൂർക്കു പോകാം. ഗുരുവായൂർ ആനക്കൊട്ടിൽ നാറുകയാണെന്ന പരമാർത്ഥം സകലർക്കും അറിയാം. ഒരു വിധം നല്ല തെളിനീർ ഒഴുകിയിരുന്ന ഗുരുവായൂർ നഗരസഭയിലെ തൈക്കാട്ട് വലിയ തോട്ടിലേയ്ക്ക് ഇപ്പോൾ മലം കലന്ന വെള്ളമാണ് ഒഴുകുന്നതത്രേ. (ക്ലിക്ക് ചെയ്യുക) വാടാനപ്പിള്ളിയിലെ മാലിന്യ കൂമ്പാരങ്ങൾ പകർച്ച വ്യാധികൾ പടർത്തുന്നതായി അവിടന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. (ക്ലിക്ക് ചെയ്യുക)
ഇതെല്ലാം അവിടന്നും ഇവിടന്നുമുള്ള നുറുങ്ങുകൾ മാത്രം. പ്രശ്നം വളരെ ഗുരുതരമാണ്. കേരളീയർ സ്വയം തമ്മിലടിച്ച് ചാകേണ്ടെങ്കിൽ സമഗ്രമായ ഒരു രാഷ്ട്രീയ പരിഹാരം മാലിന്യ പ്രശ്നത്തിൽ അടിയന്തിയമായി ഉണ്ടാകേണ്ടതുണ്ട്.
എഡിറ്റർ