പാലമറ്റത്തു നെറ്റിക്കാടൻ കുടുംബക്കാർ മേലൂരിലെ ഇന്നത്തെ ശാന്തിപുരത്ത് നൂറ്റമ്പതോളം വർഷങ്ങൾക്ക് മുമ്പ് തെക്കും വടക്കുമായി രണ്ടു വീടുകൾ പണിതു. ഇതിൽ വടക്കേ വീട് അഗ്നിയ്ക്കിരയായി. തെക്കേ വീട് മൂന്നു നിലയിലുള്ള ഒരു എട്ടു കെട്ടായിരുന്നു. അതിന്റെ പലഭാഗങ്ങളും പിന്നീട് പൊളിച്ചുമാറ്റി. ഏതാനും ഭാഗം ഇപ്പോളും അവശേഷിയ്ക്കുന്നത് കാര്യമായ അറ്റകുറ്റപ്പണിയില്ലാതെ ഇപ്പോളും അവശേഷിയ്ക്കുന്നു. ഇപ്പോൾ ഈ വീട് ജർമ്മൻ ജോസ് എന്നു വിളിയ്ക്കപ്പെടുന്ന നെറ്റിക്കാടൻ ജോസിന്റെ കൈവശമാണ്.
ഒന്നാം ലോകമഹായുദ്ധകാലത്ത് യുദ്ധവിവരങ്ങൾ ചൂടോടെ തേടിപ്പിടിച്ച് നാട്ടുകാരെ അവ അറിയിയ്ക്കുന്നതിൽ ഇവിടത്തെ ഒരു കാരണവർ താല്പര്യമെടുത്തിരുന്നു. ഇന്ത്യ ഭരിയ്ക്കുന്ന ബ്രിട്ടീഷുകാരെ എതിർക്കാൻ ധൈര്യം കാട്ടിയ അദ്ദേഹം ജർമ്മനി ജയിയ്ക്കുമെന്നു പരസ്യമായി പറയുമായിരുന്നു. അതിനാൽ അദ്ദേഹത്തിനു ജർമ്മൻ എന്നു മാറാപ്പേരു വീഴുകയായിരുന്നു. അദ്ദേഹത്തിന്റെ പിന്മുറക്കാരും നാളിതുവരെ അങ്ങനെ തന്നെ അറിയപ്പെട്ടു. അവരാരും ജർമ്മനിയിൽ പോയതുകൊണ്ടല്ല അപ്രകാരം വിളിയ്ക്കപ്പെട്ടത്.
നെറ്റിക്കാടൻ കുടുംബത്തിന്റെ മറ്റൊരു വിഭാഗം കൈതോലപ്പാടത്തിനു വടക്കുള്ള പുഞ്ചയിൻ കരയിൽ 1892ൽ മറ്റൊരു വീടും പണിയുകയുണ്ടായി. അവരെ പിന്നീട് പുഞ്ചയിൽ എന്നു കൂട്ടിവിളിയ്ക്കാനും തുടങ്ങി. ആ വീട് ഇന്നു പുഞ്ചയിൽ നെറ്റിക്കാടൻ ചാക്കുര്യയുടെ കൈവശമാണ്. അതൊരു നാലുകെട്ടായിരുന്നു. അതിന്റേയും ഏതാനും ഭാഗം പൊളിച്ചു കളയേണ്ടി വന്നിട്ടുണ്ട്.
ജർമ്മൻ ജോസിന്റേയും പുഞ്ചയിൽ ചാക്കുര്യയുടേയും വീടുകൾ മേലൂരിന്റെ ചരിത്രത്തിന്റെ ചില ഏടുകൾ ഉറങ്ങുന്നതാണ്. അവയിൽ കണ്ട ചില പ്രത്യേകതകൾ വായനക്കാരുടെ ശ്രദ്ധയിൽ കൊണ്ടു വരികയാണ്. ഇവിടെ പറയുന്ന കാര്യങ്ങൾ ഏതേതു വീട്ടിലേതിലെന്നു പ്രത്യേകം പറഞ്ഞെന്നു വരികയില്ല.
പുഞ്ചയിൽ വീടുവച്ച പുഞ്ചയിൽ ചാക്കുര്യയുടെ മാതാപിതാക്കളുടെ ചിത്രങ്ങൾ ഇപ്പോളും ലഭ്യമായിട്ടുണ്ട്. അന്നത്തെ വേഷവിധാനങ്ങൾ മനസ്സിലാക്കാർ അവ വായനക്കാരെ സഹായിച്ചേക്കും.
പുഞ്ചയിൽ ചാക്കുര്യയുടെ മാതാപിതാക്കളുടെ ചിത്രം
ആ രണ്ടു വീടുകളിൽ കണ്ട പുരാവസ്തുക്കളിൽ ചിലത് അന്നത്തെ ജീവിതരീതിയും സംസ്കാരവും സാമൂഹ്യ സാമ്പത്തിക ബന്ധങ്ങളും മനസ്സിലാക്കുന്നതിനു സഹായകമായേക്കും. പുഞ്ചയിൽ വീട്ടിൽ നിന്നും കണ്ടെടുത്ത ഒരു പെട്ടി തന്നെ ആദ്യം നമുക്കു പരിശോധിയ്ക്കാം.
പുഞ്ചയിൽ വീട്ടിൽ നിന്നും കണ്ടെടുത്ത പെട്ടി
ഈ പെട്ടി നല്ല മരത്തിൽ പണിത് അരികുകളിൽ മെറ്റൽ സ്ട്രാപ്പ് അടിച്ച് ശക്തിപ്പെടുത്തിയിട്ടുള്ളതാണ്. തുറന്നു നോക്കിയാൽ കനം കുറഞ്ഞതെങ്കിലും ശക്തമായ മരപ്പാളികൾ കൊണ്ട് അനേകം അറകൾ അതിനകത്ത് തീർത്തിരിയ്ക്കുന്നതായി കാണാം. കടലാസ്സുകളോ മറ്റോ എടുത്തു വയ്ക്കാൻ മൂന്നു ബാറുകളും ഉണ്ട്. പണ്ട് വിലപ്പെട്ട സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഈ പെട്ടി മറ്റു സംവിധാനങ്ങൾ വന്നതോടെ ആണി ഇട്ടുവയ്ക്കാനാണു ഇപ്പോൾ ഉപയോഗിയ്ക്കുന്നതെന്നു മാത്രം.
പുഞ്ചയിലെ വീട് കെട്ടിയപ്പോൾ വീട്ടുകാർക്കു പുരപ്പാർക്കലിനു 1892ലെ ഒരു ചിത്രം ഫ്രെയിം ചെയ്തത് സമ്മാനമായി കിട്ടിയത് ഇപ്പോളും സൂക്ഷിച്ചിട്ടുണ്ട്. അന്നത്തെ മാർപ്പാപ്പയുടെ പേരും മറ്റും അതിലുണ്ട്.
1892ലെ ഒരു ചിത്രം ഫ്രെയിം ചെയ്തത്
ഉപയോഗത്തിലുള്ള വസ്തുക്കളിൽ വളരെ പഴക്കമുള്ളതും കയർ വരിഞ്ഞതുമായ ഒരു നാടൻ കട്ടിലുണ്ട്. അതിന്റെ ശില്പരീതിയിലെ ലാളിത്യവും സ്വഭാവവിശേഷങ്ങളും ശ്രദ്ധാർഹമാണ്. എന്നാൽ ജർമ്മൻ വീട്ടിൽ സൂക്ഷിച്ചിരിയ്ക്കുന്ന ഒരു പഴയ കട്ടിൽ മഹാപ്രൌഢി വെളിവാകുന്നതാണ്.
പുഞ്ചയിലെ പഴയ കട്ടിൽ
രണ്ടടിയോളം വീതിയുള്ള മരപ്പലക ഉപയോഗിച്ചുണ്ടാക്കിയ ഇരിമ്പു വിജാഗരികൾ ഇല്ലാത്ത ആന പിടിച്ചാൽ ഇളകാത്ത മര വാതിലുകൾ ആണ് മറ്റൊരു പ്രത്യേകത. നല്ല മരത്തിന്റെ ലഭ്യത അന്നു ധാരാളം ഉണ്ടായിരുന്നു എന്നു സ്പഷ്ടമാക്കുന്നവയാണു നിർമ്മിതികൾ. വെട്ടുകല്ലിനിടയിലേയ്ക്ക് മരപ്പണിയുടെ ചില ഭാഗങ്ങൾ ഏതാനും അടികൾ തന്നെ തള്ളി നിൽക്കും. പലപ്പോളും സാധാരണക്കാർക്ക് ഒറ്റയ്ക്കു വാതിൽ അടയ്ക്കാനോ തുറക്കാനോ കഴിയാത്ത വിധം ഭാരമുള്ളവയായിരിയ്ക്കും ഈ വാതിലുകൾ.
ജർമ്മന്റെ വീട്ടിലെ ഒറ്റയ്ക്ക് അടയ്ക്കാൻ പ്രയാസമായ ഒരു വാതിൽ
ചില വാതിലുകളിൽ വിജാഗിരിപ്പണി കുറേക്കൂടി വിശേഷപ്പെട്ടതാണ്. വാതിൽ മൊത്തത്തിൽ ഇളക്കി മാറ്റാനും പിടുത്തമില്ലാതെ സ്വതന്ത്രമായി കറങ്ങുവാനും ഉതകുന്ന വിധത്തിൽ കട്ടിമരം കൊണ്ടുണ്ടാക്കിയ പൊട്ടാത്ത മര വിജാഗിരികൾ കാണുന്നതു തന്നെ ഒരനുഭവമാണ്.
ആന പിടിച്ചാൽ ഇളകാത്ത ജനലുകൾ മറ്റൊരു സവിശേഷതയാണ്. ഇത്രയും ധൂർത്തമായി നല്ലമരം ഉപയോഗിയ്ക്കുന്നത് ഇന്നു നമ്മൾക്ക് സങ്കല്പിയ്ക്കാൻ പോലും കഴിയില്ല. ഓരോ ജനലഴിയ്ക്കും അര മുക്കാലടി കനം വരും. ഒന്നൊന്നര അടി കനത്തിലാണ് ജനലിന്റെ പണി. പണി ലളിതമാണ്. ജർമ്മൻ വീട്ടിലെ നൂറ്റമ്പതിലധികം വർഷം പഴക്കമുള്ള ഈ മരങ്ങളിലൊന്നും ഇതു വരെ ചിതൽ പിടിച്ചിട്ടില്ല എന്നും വ്യക്തമാണ്.
വീടുകൾ പണിത കാലത്തു തന്നെ ഓടു മേയാൻ കഴിഞ്ഞിരുന്നോ എന്നു സംശയമാണ്. മേയാൻ എത്ര പഴക്കമുള്ള ഓടുകളാണ് ഉപയോഗിച്ചതെന്നും അറിയില്ല. കാരണം പല ഓടുകളിലും അതിന്റെ നിർമ്മിതി വർഷം കുറിച്ചിട്ടില്ല. ലഭ്യമായ വർഷം കുറിച്ച ഓടുകൾ 1896 ലെ മണലി ടൈൽ ആന്റ് ബ്രിക് വർക്കിന്റേതാണ്. മണലി എന്ന സ്ഥലം ആമ്പല്ലൂരിനും പാലിയേക്കരയ്ക്കും ഇടയിലാണ് ഇന്നുള്ളത്. 1906 വർഷത്തിലെ ചാലക്കുടി ചാക്കോളയുടെ ഓടും ചിലയിടത്ത് ഉപയോഗിച്ചിട്ടുണ്ട്. അത് മുരിങ്ങൂരിൽ ഇപ്പോൾ ബാർ ആക്കി മാറ്റാൻ ശ്രമിച്ചു കൊണ്ടിരിയ്ക്കുന്ന ഓട്ടുകമ്പനിയാകാനേ തരമുള്ളൂ. ജർമ്മൻ വീട്ടിലും പുഞ്ചവീട്ടിലും 1896 ലെ ഓടു തന്നെയാണ് പ്രധാനം. ഈയിടെ ജർമ്മൻ വീട്ടിൽ പലയിടത്തും പുതിയ ഓടുകൾ വച്ച് പഴയ 1896ലെ ഓടുകൾ തൊഴുത്തിലേയ്ക്ക് മാറ്റിയതായി കാണുന്നുണ്ട്.
വിളക്കുകളുടെ ഉപയോഗത്തിലും ഏറെ വൈവിധ്യമുണ്ട്. പഴയ ഓട്ടു വിളക്കു തന്നെ പ്രധാനം. ഓട്ടു വിളക്ക് അലുമിനിയം വിളക്കിനു വഴി മാറി. സാർവ്വത്രികമായി വൈദ്യുതി വന്നതോടെ, പ്രത്യേകിച്ച് മണ്ണെണ്ണ റേഷനിംഗിൽ നിയന്ത്രണം വന്നതോടെ അത്തരം വിളക്കുകൾ അപ്രത്യക്ഷമായി. കറന്റ് കട്ട് വന്നാൽ കാശു ഇത്തിരി കൂടിയാലും ആവശ്യത്തിനു ലഭ്യതയുള്ള മെഴുകു തിരിയോ വെളിച്ചെണ്ണയോ ആണ് ഇന്ന് ഉപയോഗിച്ച് വരുന്നത്.
സ്ഫടിക വിളക്കുകളിൽ നാട ഉപയോഗിച്ചതും, ഇത്തരം വിളക്കുകൾ ഗ്ലാസ്സ് കൊണ്ടു മൂടി കാറ്റിനെതിരെ പ്രധിരോധിച്ചതും, അരിക്കിലാമ്പും, പെട്രോമാക്സും ഗ്യാസ് ലൈറ്റുമൊക്കെ നമ്മുടെ ജീവിതത്തിലൂടെ വന്നു പോയി. ഇലക്ട്രിക് ബൾബും, ട്യൂബ് ലൈറ്റും, ഫ്ലൂറസെന്റും, സി.എഫ്.എല്ലും, എൽ.ഇ.ഡിയും ഒക്കെയാണ് ഇന്നതെ രാജാക്കന്മാർ.
വിളക്കുകളുടെ പരിണാമ ചരിത്രത്തിലെ ചില ഇടക്കാലക്കാർ
ഇരിയ്ക്കുവാൻ മുട്ടിപ്പലകയും, സ്റ്റൂളും, മരക്കസേരയും, ചാരു കസേരയും, ബഞ്ചും, സെറ്റിയും സോഫയും ഒക്കെ വന്നും പോയും ഇരിയ്ക്കുമ്പോളും ചൂരൽ കസേരകൾ ഇനിയും രംഗം ഒഴിഞ്ഞിട്ടില്ല. വനനശീകരണം മൂലം ആവശ്യത്തിനു ചൂരൽ കിട്ടാത്തതു മാത്രമാണ് തടസ്സം.
ചൂരൽ കസേരകൾ
അടുക്കളയിൽ തേങ്ങ ചിരവാനും പച്ചക്കറിയും ഇറച്ചിയും നുറുക്കാനും പഴയ തരം ചിരവകൾ തന്നെ അഭികാമ്യം. എന്നാൽ കിച്ചൺ സ്ലാബുകൾ വന്നതോടെ ചിരവാൻ മാത്രമുള്ള മെറ്റാല്ലിക് ചിരവകൾ നിലവിൽ വന്നു. നുറുക്കാൻ ഫൈബർ ബോർഡുകൾ സാർവ്വത്രികമായിക്കഴിഞ്ഞു, പലകുട്ടികളും ചിരവ കണ്ടിട്ടു തന്നെ ഉണ്ടാകില്ല. പണ്ട് നമ്മുടെ സദ്യകൾ തയ്യാറാക്കുന്നതിനു ചിരവ ഒഴിവാക്കാൻ വയ്യായിരുന്നു. പല വിഭാഗങ്ങളും ആചാരപരമായി തന്നെ ചിരവയെ ആദരിച്ചിരുന്നു. നമുക്ക് ചിരവപ്പാട്ടു പോലും ഉണ്ട്.
നാടൻ ചിരവ
ചാലക്കുടി പുഴ എല്ലാ വർഷവും നിറഞ്ഞു കവിഞ്ഞ് ഒഴുകിയിരുന്നതിനാൽ പൂർണ്ണാനദി എന്നു അറിയപ്പെട്ടിരുന്നു എന്ന് അറിയാമല്ലോ. കൊല്ലവർഷം 1099ലെ വെള്ളപ്പൊക്കത്തിൽ ജർമ്മൻ വീടിന്റേയും പുഞ്ച വീടിന്റേയും രണ്ടു നിലകൾ മുഴുവനും വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയിരുന്നു. എന്നാൽ ചാലക്കുടി പുഴയുടെ തീരത്ത് നിരന്തരം താമസിച്ചു വരുന്നവരാകയാൽ അവർ അവരുടെ വീടുകൾ വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയാലും വീടുകൾക്ക് കേടു വരാത്ത വിധത്തിലായിരുന്നു. അതുകൊണ്ടു കൂടിയാണ് അവർ വാതിലുകളും ജനലുകളും അത്ര ശക്തമാക്കി പണിതതെന്നു വേണം അനുമാനിയ്ക്കാൻ. അതു കൂടാതെ രണ്ടാം നിലകളിലെ ജനലുകളിൽ അവർ എമർജൻസി എക്സിറ്റുകൾ ഉണ്ടാക്കിയിരുന്നു. അതിനായി പലതരം സങ്കേതങ്ങളും ഉപയോഗിച്ചിരുന്നു.
ജർമ്മൻ വീട്ടിലെ എമർജൻസി എക്സിറ്റ് ജനൽ പാളികൾക്കു പുറമേ മൊത്തം ജനലകൾ തന്നെ വിജാഗിരികൾ ഉപയോഗിച്ച് തുറക്കാവുന്ന വിധത്തിലാണ് ഡിസൈൻ ചെയ്തിരുന്നത്. ഇവ അനാവശ്യമായോ പുറത്തു നിന്നു കള്ളന്മാരുടേയോ മറ്റോ ഇടപെടൽ മൂലമോ തുറക്കാതിരിയ്ക്കാൻ ശക്തമായ ഒരു ഇരുമ്പു ദണ്ഡുകൊണ്ട് അടച്ചിരിയ്ക്കും. അതു വലിച്ചു തുറക്കാതിരിയ്ക്കാൻ ഒരു പൂട്ടും ഉണ്ടായിരുന്നു. അപ്രകാരം താക്കോൽ കൊണ്ട് പൂട്ടു തുറന്ന് ദണ്ഡ് വലിച്ചുമാറ്റി ജനലുകളും തുറന്ന് ജനൽ പാളികളും തുറന്ന് കഴിഞ്ഞാൽ ഓരോ ആളുകൾക്ക് കടന്നു പോകാവുന്ന രണ്ട് ദ്വാരങ്ങൾ ഉണ്ടാകും വെള്ളം ഒരു നില കവിഞ്ഞാലാണല്ലോ രണ്ടാം നിലയിലെ സുരക്ഷാജനൽ ഉപയോഗിയ്ക്കേണ്ടതുള്ളൂ. അപ്പോൾ രക്ഷപ്പെട്ടയാളെ കാത്ത് പുറത്ത് വഞ്ചി നില്പുണ്ടായിരിയ്ക്കണം.
വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷ നേടാനുള്ള ജർമ്മൻ വീട്ടിലെ സുരക്ഷാജനൽ
സുരക്ഷാജനലിന്റെ പൂട്ട്
ജർമ്മൻ വീട്ടിൽ നിന്നും വ്യത്യസ്തമായ ഒരു രീതിയിലാണു പുഞ്ചവീട്ടിലെ സുരക്ഷാജനൽ പ്രവർത്തിയ്ക്കുന്നത്. അവിടെ ജർമ്മൻ വീട്ടിലെ ജനലിന്റെ അത്ര കനമുള്ളതല്ല മരജനലുകൾ. അതിനാൽ ജനൽ മൊത്തം അഴിച്ചുമാറ്റുന്നത് ബലക്ഷയമുണ്ടാക്കും. അതു തടയുന്നതിനു വേണ്ടി ജനലിന്റെ അടിഭാഗത്തുള്ള നാലിലൊരു ഭാഗം മാത്രമേ സുരക്ഷാജനൽ ആയി തുറക്കുകയുള്ളൂ. അതിനു വിജാഗരികൾ ഒന്നുമില്ല. പ്രത്യേകം തയ്യാറാക്കിയ മരപ്പൂളുകൾ ഊരി മാറ്റിയാൽ ഏതാനും ജനലഴികൾ ഊരി മാറ്റാവുന്ന രീതിയാണവിടെ. ഊരിമാറ്റിയാൽ അവ പുനസ്ഥാപിച്ച് മരപ്പൂളുകൾ ഉപയോഗിച്ച് വീണ്ടും ഉറപ്പിയ്ക്കണം. പുറത്തു നിന്നുള്ള ഒരാളുടെ കൈകൾ പൂർണ്ണമായി കടക്കാനാകാത്തവിധം ജനലഴികൾ അടുപ്പിച്ച് പണിതാണ് കള്ളന്മാരുടെ ആക്രമണത്തിനു തടയിടാൻ വഴി കണ്ടത്.
മറ്റു പഴയ ഉപകരണങ്ങളിൽ കിണ്ടിയും കോളാമ്പിയും പാക്കുവെട്ടിയും നൂറുപെട്ടിയുമൊക്കെ ഉൾപ്പെടുന്നുണ്ട്. അവ ഇപ്പോളും അസാധാരണമായിട്ടില്ലാത്തതു കൊണ്ട് കൂടുതൽ വിശദീകരിയ്ക്കുന്നില്ല. കിണ്ടി കൈകാൽ മുഖം കഴുകാനും മറ്റും വെള്ളമെടുക്കാനും കോളാമ്പി മുറുക്കിയാലോ രോഗം വരുമ്പോളോ തുപ്പാനും പാക്കു വെട്ടി അടയ്ക്ക മുറിയ്ക്കാനും നൂറുപെട്ടി ചുണ്ണാമ്പിട്ടു വയ്ക്കാനും സാമാന്യേന ഉപയോഗിച്ചു വരുന്നു.
പഴയ ക്രിസ്തീയ ഭവനങ്ങളിൽ സ്ത്രീകൾക്ക് സ്ത്രീധനം നൽകി വന്നിരുന്നെങ്കിലും അവരുടെ സ്വത്തവകാശം അംഗീകരിയ്ക്കപ്പെട്ടിരുന്നില്ല. അവർക്ക് കർശനമായ സാമൂഹ്യ നിയന്ത്രണങ്ങളും ഉണ്ടായിരുന്നു. പുഞ്ചയിലെ വീടു പണിതകാലത്ത് വീടിന്റെ മുൻ വശത്ത് വരുന്ന ആണുങ്ങളുടെ കണ്ണിൽ സ്ത്രീജനങ്ങൾ പെടാൻ പാടില്ലായിരുന്നു. എങ്കിലും വന്നവർക്ക് വല്ല സത്കാരവും ചെയ്യേണ്ടതുണ്ടോ എന്നറിയുന്നതിനും മറ്റും അവർക്ക് ആളറിയേണ്ടിയുമിരുന്നു. അതിനു അടുക്കളയുടെ അകത്തു നിൽക്കുന്നവർക്ക് പുറത്തുള്ളവരെ കാണാനും തിരിച്ച് കാണാതിരിയ്ക്കാനും വേണ്ടി ഉണ്ടാക്കിയ ഈ ദ്വാരമിട്ട ഭിത്തി അന്നത്തെ വനിതകളുടെ ജീവിതത്തിന്റെ ഒരു സൂചകമാണ്.
വനിതകൾക്കായി ദ്വാരമിട്ട ഭിത്തി
ആഹാര രംഗത്ത് നാടൻ വിഭവങ്ങളുടെ വൈവിധ്യമുണ്ടായിരുന്ന പഴയകാലത്ത് അത്ര തന്നെ ക്ഷാമകാലങ്ങളും ഉണ്ടായിരുന്നു. പലപ്പോളും ചമ്മന്തി ഒരു ഇഷ്ട വിഭവം ആയിരുന്നു. ചമ്മന്തികൾ തയ്യാറാക്കുന്നതിനു മിക്സിയില്ലാത്ത കാലത്ത് കോര്യേപ്പലക തന്നെയായിരുന്നു പ്രധാന ഉപകരണം. ഉള്ളിയും മുളകും ചതയ്ക്കുന്നതിനും ഉപ്പു പൊടിയ്ക്കാനും മറ്റും കോര്യേപ്പലക വീട്ടമ്മമാർക്കു ചെയ്തിരുന്ന സഹായം ചില്ലറയല്ല.
കോര്യേപ്പലക
കാർഷികവൃത്തി പ്രധാന തൊഴിലും ഉപജീവനമാർഗ്ഗവും ആയിരുന്ന കാലത്ത് മനുഷ്യരുടേയും മൃഗങ്ങളുടേയും അദ്ധ്വാനശേഷിയത്രേ ജലസേചനത്തിനും പ്രധാന ആശ്രയമായിരുന്നത്. അന്നത്തെ കാളത്തേക്ക് പ്രസിദ്ധമാണല്ലോ. കാളത്തേക്കിനു വെള്ളം നിറയ്ക്കുന്ന ലോഹക്കൊട്ടയും തുമ്പിയും കപ്പിയും കയറും നുകവും കാളയും കാളക്കാരനും അയാളുടെ കയ്യിലെ വടിയും ചുണ്ടിലെ തേക്കുപാട്ടുമൊന്നും മുതിർന്നവർക്ക് വിനഷ്ടമായിട്ടില്ലെങ്കിലും പുതു തലമുറയ്ക്ക് അതെല്ലാം എന്തെന്നറിയുക കൂടി ചെയ്യണമെന്നില്ല. കിണറ്റിൽ മുക്കാവുന്ന ലോഹക്കൊട്ടയിൽ പോത്തിൻ തുകൽ കൊണ്ടുള്ള തുമ്പി ഘടിപ്പിയ്ക്കുന്നു. അവയെ ഓരോരോ കയറുകൾ കൊണ്ട് ഘടിപ്പിച്ച് കപ്പിയിലേയ്ക്ക് കയറ്റിയിറക്കി നുകത്തിൽ ഘടിപ്പിയ്ക്കുന്നു. നുകത്തിൽ കെട്ടിയ കാള കാളക്കാരന്റെ വടിയുടെയും ഒച്ചയുടേയും നിയന്ത്രണത്തിൽ വെള്ളം നിറച്ച ലോഹക്കൊട്ടയും ചിലപ്പോളെല്ലാം കാളക്കാരനെക്കൂടി വലിച്ചു കൊണ്ടു പോകുന്നു. നല്ല മൂഡിലെങ്കിൽ കാളക്കാരൻ വല്ല തേക്കു പാട്ടു പാടിയാലായി. വെള്ളം മുകളിലെത്തിയാൽ തുമ്പി തനിയെ തുറക്കുന്ന വിധത്തിലോ കയർ വലിച്ച് തുമ്പി തുറക്കുന്ന വിധത്തിലോ ഒരു ക്രമീകരണം ഉണ്ടായിരിയ്ക്കും. തുമ്പി തുറന്നാൽ തുമ്പിയിലൂടെ ലോഹക്കൊട്ടയിലെ വെള്ളം തുറന്നു വരുന്നത് ഒരു കയ്യാണിയിലേയ്ക്കൊഴുക്കുന്നത് ഒഴുകി നനയ്ക്കേണ്ട പറമ്പിൽ എത്തും. ഒരാൾ തേകുമ്പോൾ മറ്റൊരാൾ നനയ്കുകയാണ് പതിവ്.
നെൽകൃഷി പ്രധാനമായിരുന്ന അക്കാലത്ത് പലപ്പോളും കൂലിയും നെല്ലുതന്നെയായിരുന്നു. അതിനാൽ നീണ്ട കാലത്തേയ്ക്ക് നെല്ല് സൂക്ഷിയ്ക്കേണ്ടിയിരുന്നു. പത്തായങ്ങളിലാണു നെല്ല് സൂക്ഷിച്ചു വന്നിരുന്നത്. പത്താഴം പല വിധത്തിലും ഉണ്ടാക്കാം. വീടിന്റെ ഒറ്റപ്പെട്ട ഒരു ഭാഗം മരപ്പലകകൾ ഉപയോഗിച്ച് മറച്ചാണു പത്താഴം സാധാരണയായി ഉണ്ടാക്കുക. നിരപ്പലകകൾ ഉപയോഗിച്ച് പത്താഴം തുറക്കാനുള്ള സംവിധാനവും ഉണ്ടായിരിയ്ക്കും. പലപ്പോഴും നല്ല പൂട്ടും താക്കോലും അവയ്ക്കു കാണുകയും ചെയ്യും.
നെല്ലും അരിയും മറ്റും അളക്കുന്നതിനു പറ, ഇടങ്ങഴി, നാഴി തുടങ്ങിയ ഏകകങ്ങൾ ഉപയോഗിച്ചു വന്നു. ഇപ്പോൾ നിയമം മൂലം അവയെല്ലാം നിരോധിച്ചു കഴിഞ്ഞു. മതപരമായതോ സാമൂഹ്യമായതോ ആയ ചടങ്ങുകൾക്കാണ് ഇപ്പോൾ ഇവ പ്രധാനമായും ഉപയോഗിച്ചു വരുന്നത്.
പറയും ഇടങ്ങഴിയും
ബൈബിളിൽ ദാവീദ് ഞാഞ്ഞൂൾ വടി ഉപയോഗിച്ചതായി പറയുന്നുണ്ടത്രെ. അനേക കാലത്തേയ്ക്ക് ഒടിയാത്ത ഒരു വടിയാണു ഞാഞ്ഞൂൾ മരക്കൊമ്പുകൊണ്ട് ഉണ്ടാക്കുന്നത്. അത്തരം വിശേഷപ്പെട്ട മരങ്ങൾ കൊണ്ടുണ്ടാക്കുന്ന വാക്കിങ്ങ് സ്റ്റിക്കുകൾ അന്ന് ധാരാളമായി പ്രചാരത്തിലുണ്ടായിരുന്നു. പാമ്പുകളുടെ ഉപദ്രവം താരതമ്യേന കൂടുതലായ അക്കാലത്ത് അവയെ നേരിടുന്നതിനും കാടു പിടിച്ച വഴികളിലൂടെ വഴി തെളിയിയ്ക്കുന്നതിനുമവ അന്ന് ആവശ്യമായിരുന്നിരിയ്ക്കണം.
ഒരു കാലത്ത് മരത്തിന്റെ കൊഴുവിനു പകരമായി ഇരുമ്പു കൊണ്ടുള്ള കൊഴു ഉപയോഗിയ്ക്കാൻ പലരും ശ്രമം നടത്തിവരികയുണ്ടായി. എന്നാൽ അമിതമായ ഭാരം ഉള്ളതായതിനാൽ അവ പരാജയമായി. അക്കാലങ്ങളിൽ ഉണ്ടായിരുന്ന ഒരു ഇരുമ്പു കൊഴുവിന്റെ ചിത്രം താഴെ ചേർക്കുന്നു.
ഇരുമ്പു കൊഴു
നാലുകെട്ടിലും മറ്റും മഴവെള്ളം പുരപ്പുറത്ത് വീഴുന്നത് പാത്തികളിൽ ശേഖരിച്ചു വേണം പുറത്തു കളയാൻ. അതിനായി ലോഹഷീറ്റുകൾ ഉപയോഗിയ്ക്കുന്നതിനു പകരം പാത്തി ഓടുകളാണ് അക്കാലങ്ങളിൽ ഉപയോഗിച്ചു വന്നത്.
പാത്തി ഓടുകൾ
ഞാഞ്ഞൂൽ വടികൾക്കു പുറമേ പല വലിപ്പത്തിലും പല ഡിസൈനിലും പല മരങ്ങൾ ഉപയോഗിച്ച് വാക്കിംഗ് സ്റ്റിക്കുകൾ ഉണ്ടാക്കിയതിൽ ചന്ദനത്തിന്റെ വടികൾ വരെ ഉണ്ട്.
മൂന്നിനം വാക്കിംഗ് സ്റ്റിക്കുകൾ
കിലോഗ്രാമും ഗ്രാമുമെല്ലാം ഭാരതിന്റെ അടിസ്ഥാന ഏകകങ്ങളായി വരുന്നതിനു മുമ്പ് പൌണ്ടിനെ അടിസ്ഥാനമാക്കി ഭാരം നോക്കി വന്ന കാലത്തെ കട്ടി.
ഒരു പഴയ കട്ടി
മറ്റൊരു പഴയ കട്ടി
മദ്യപാനവും പുകവലിയും ചായകുടിയും പ്രചാരത്തിൽ വരുന്നതിനു മുമ്പ് തന്നെ ബ്രിട്ടീഷുകാർ നമ്മെ കറുപ്പു തീറ്റക്കാരാക്കിയിരുന്നു. അക്കാലത്ത് കറുപ്പു സൂക്ഷിച്ചിരുന്നത് പിച്ചള പാത്രങ്ങളിലായിരുന്നു. അത്തരം ഒരു കറുപ്പു പാത്രം നമുക്കിനി കാണാം.
കറുപ്പു പാത്രം
ക്രൈസ്തവ ഗൃഹങ്ങളിൽ പണ്ടുകാലത്ത് മതപരമായ പ്രാർത്ഥനകൾക്ക് കൊന്തകൾ ഉപയോഗിച്ചിരുന്നു. അവയിൽ ഓരോ യൂണിറ്റിലും ഏഴു മണികൾ വീതമുള്ള വ്യാകുലക്കൊന്ത ബഹു വിശേഷമായിരുന്നു. ചുവടെ ചിത്രം കൊടുത്ത വ്യാകുലക്കൊന്തയിൽ ഓരോ ഏഴു മണിയ്ക്ക് ശേഷവും യേശു സഹിച്ച ഓരോ പീഢാനുഭവങ്ങളുടെ ലോഹചിത്രണവും ഉണ്ട്.
വ്യാകുലക്കൊന്ത
മേലൂരിലെ നിലനിൽക്കുന്ന ഏറ്റവും പുരാതനമായ വീടുകൾ ഇവ തന്നെയെന്നു ഇവിടെ വാദമില്ല. അവ യഥാസമയം കണ്ടെത്തി ലഭ്യമാകുന്ന വിവരം വായനക്കാരെ ഇനിയും അറിയിയ്കുന്നതാണ്.
മറ്റു ചില വീഡിയോകൾ കൂടി കാണാം