മഹാത്മാഗാന്ധി
സർവ്വകലാശാലയിൽ നിന്നും എം.ടെക്കിനു ഒന്നാം റാങ്കു ലഭിച്ച ദിയാ തോമസുമായും
കുടുംബാംഗങ്ങളുമായും കെ.ജി.ശശിയും ഡോക്ടർ
ബാബു എം.എൻ. നും നടത്തിയ അഭിമുഖം
ദിയാ തോമസ് റാങ്ക് വാങ്ങിയ സന്തോഷത്തിൽ
(അഭിമുഖത്തിന്റെ മൂന്നാം ഭാഗ വീഡിയോയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക)
(അഭിമുഖത്തിന്റെ നാലാം ഭാഗ വീഡിയോയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക)
(അഭിമുഖത്തിന്റെ നാലാം ഭാഗ വീഡിയോയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക)
ചോദ്യം : ദിയ റാങ്കു വാങ്ങിയിരിയ്ക്കയാണല്ലോ. മേലൂർ നിന്നു എം.ടെക്കിനു
റാങ്കു വാങ്ങാൻ കഴിഞ്ഞത് ഒരു അത്ഭുതമെന്നു തോന്നുന്നുണ്ടോ?
ഉത്തരം : തോന്നുന്നുണ്ട്.
ചോദ്യം : സന്തോഷമുണ്ടോ?
ഉത്തരം : സന്തോഷമുണ്ട്.
ചോദ്യം : വിദ്യാഭ്യാസത്തിന്റെ തുടക്കം മുതൽ ഇതു
വരെയുള്ള നേട്ടങ്ങൾ ഒന്നു വിവരിയ്ക്കാമോ?
ഉത്തരം : ബി.ടെക്കിനു എനിയ്ക്ക് ബെസ്റ്റ് സ്റ്റുഡന്റ്
അവാർഡ് ലഭിച്ചിരുന്നു. പിന്നെ കുറേ പേപ്പറുകൾ പബ്ലിഷ് ചെയ്തിട്ടുണ്ട്. എം.ടെക്കിനു
പഠിയ്ക്കുമ്പോൾ എന്റെ ക്ലാസ്സിൽ ഞാനാണെന്നു തോന്നുന്നു ആദ്യമായി ഇന്റർനാഷണൽ പേപ്പർ
പബ്ലിഷ് ചെയ്തത്. ഈ ഫസ്റ്റ് റാങ്ക് തന്നെ വലിയ നേട്ടമല്ലേ.
ചോദ്യം : എവിടെയാണ് വിദ്യാഭ്യാസം ആരംഭിച്ചത്?
ഉത്തരം : സി.കെ.എം.എൻ.എസ്.എസ്. സ്കൂൾ, ചാലക്കുടിയിൽ.
പ്ലസ് ടു വരെ അവിടെ തന്നെയാണ് പഠിച്ചത്. അതിനു ശേഷം പറവൂരെ മാതാ എഞ്ചിനീയറിംഗ്
കോളേജിൽ ബി.ടെക്കിന്. പിന്നെ രാജഗിരി എഞ്ചിനീയറിംഗ് കോളേജിൽ എം.ടെക്കിന്.
ചോദ്യം : പ്രൊഫഷൻ രണ്ടിടത്തും ഒന്നു തന്നെ ആയിരുന്നോ?
ഉത്തരം : ബി.ടെക്കിനും കമ്പ്യൂട്ടർ സയൻസ്. എം.ടെക്കും
കമ്പ്യൂട്ടർ സയൻസ് തന്നെ.
ചോദ്യം : ഏതു ഫീൽഡിലാണ് സ്പെഷലൈസേഷൻ?
ഉത്തരം : എനിയ്ക്കു ക്വറി പ്രോസസ്സിംഗ് ആണ് താല്പര്യം.
ഏരിയ ഓഫ് ഇന്ററസ്റ്റ് അതാണ്. അതിലാണ് റിസർച്ച് ചെയ്യാനും ആഗ്രഹം. ഇപ്പോൾ പേപ്പറെല്ലാം പബ്ലിഷ് ചെയ്യുന്നതും
പി.എച്ച്.ഡി. മുമ്പിൽ കണ്ടുകൊണ്ടാണ്.
ചോദ്യം : റിസർച്ച് ചെയ്യാൻ തന്നെ തീരുമാനിച്ചു?
ഉത്തരം : അതെ. എനിയ്ക്കു പ്ലസ് ടു കഴിഞ്ഞപ്പോൾ മെഡിസിനു
പോകാനായിരുന്നു ആഗ്രഹം. അങ്ങനെ പറ്റിയില്ല. എഞ്ചിനീയറിംഗ് പ്രൊഫഷനാണ് ദൈവമായിട്ട്
കൊണ്ടു വന്നു തന്നത്. അതുകൊണ്ട് പേരിന്റെ കൂടെ ഡോക്ടർ എന്ന പേരും കൂടി വേണമെന്ന്
ഒരു ആഗ്രഹമുണ്ട്. എഞ്ചിനീയറിംഗിൽ തന്നെ ഡോക്ടറേറ്റ് എടുക്കാൻ തീരുമാനിച്ചു.
ചോദ്യം : മറ്റെല്ലാത്തരം റിസർച്ചിനേയും അപേക്ഷിച്ച്
എഞ്ചിനീയറിംഗ് റിസർച്ച് വളരെ ചെലവ് കൂടിയതാണല്ലോ?
ഉത്തരം : അതല്ലല്ലോ. നമ്മുടെ ലക്ഷ്യം തന്നെ റിസർച്ച്
ആണല്ലോ. കോസ്റ്റ്ലി ആണെങ്കിലും, ഞാൻ വർക്ക് ചെയ്യുന്നുണ്ട്. വർക്ക് ചെയ്തു
കിട്ടുന്ന ശമ്പളം ഞാൻ സ്വരൂപിയ്ക്കും.
ചോദ്യം : എഞ്ചിനീയറിംഗിൽ പി.എച്ച്.ഡി. വളരെ
അപൂർവമാണെന്നാണ് ഞാൻ ഉദ്ദേശിച്ചത്.
ഉത്തരം : അതെ. ടീച്ചിംഗ് ഫീൽഡ് ആയതിനാൽ അതിലും
ഒന്നുകൂടി എക്സൽ ചെയ്യുന്നതിനു പി.എച്ച്.ഡി. ഒരു റിക്വയർമെന്റ് ആണ്.
ചോദ്യം : എഞ്ചിനീയറിംഗ് റിസർച്ച് സൌകര്യങ്ങൾ തെക്കേ
ഇന്ത്യയിൽ വളരെ കുറവല്ലേ ഉള്ളൂ?
ഉത്തരം : കഴിവുണ്ട്. കഴിവല്ല, ദൈവാനുഗ്രഹമുണ്ടെങ്കിൽ
ഒരു സീറ്റ് കിട്ടും.
ചോദ്യം : പരീക്ഷണങ്ങൾ നടത്താനുള്ള സൌകര്യങ്ങളെല്ലാം എവിടെ
കിട്ടും?
ഉത്തരം : എം.ടെക്കിനു പഠിയ്ക്കുമ്പോളേ കുറെയെല്ലാം
റിസർച്ച് ഓറിയന്റഡ് ആയാണ് ഞങ്ങൾ സ്റ്റഡി നടത്തിയത്. റിസർച്ചിന്റെ
പോസ്സിബിലിറ്റീസും എങ്ങനെയെല്ലാമാണ് പേപ്പർ പ്രിപ്പയർ ചെയ്യേണ്ടതെന്നും ഇപ്പോൾ
തന്നെ ഒരു ട്രൈനിംഗ് പോലെ കിട്ടിയിട്ടുണ്ട്. പി.എച്ച്.ഡി.യ്ക്ക് എന്തായാലും അതു
വളരെ ഉപകാരപ്പെടും. പേപ്പർ പബ്ലിക്കേഷനു തന്നെ എന്നെ ഗൈഡ് ചെയ്തത് പി.എച്ച്.ഡി.
എടുത്ത ഒരു സാർ ആണ്. സാറിന്റെ കുറെ അഡ്വൈസ് കിട്ടിയിട്ടുണ്ട്. സാറു പറയും, പേപ്പർ
വായിച്ചു വായിച്ച് നമുക്ക് ഒരു വട്ടു പിടിയ്ക്കുന്ന അവസ്ഥയാകുമെന്ന്. അതായത്, ഉറക്കത്തിലുമൊക്കെ
ആ ഒരു ഏരിയയെ കുറിച്ചായിരിയ്ക്കും ഫുൾ ചിന്ത. ആ ഒരു ലെവലിൽ എത്താൻ നാം ഒരു പാട്
അദ്ധ്വാനിയ്ക്കണം. ടി.വി.കാണുക, സിനിമ കാണുക എന്നൊന്നും തോന്നാതെ ഫുൾ ടൈം പേപ്പർ
വായിയ്ക്കാൻ തോന്നണം.
ചോദ്യം : അന്തർദ്ദേശീയ തലത്തിൽ എഞ്ചിനീയറിംഗ് ഫീൽഡിൽ
ഒരുപാട് പബ്ലിക്കേഷൻസ് വരുന്നുണ്ട്. അതു പോലെ അക്രെഡിറ്റഡായ ഒരുപാട് സൈറ്റുകളും
ഉണ്ട്. അതിലൊക്കെ പോകാറുണ്ടോ?
ഉത്തരം : ഉവ്വ്. എല്ലാ സൈറ്റുകളിലും പോകാറുണ്ട്.
ചോദ്യം : ഇതിനെല്ലാത്തിനും സമയം കിട്ടാറുണ്ടോ?
ഉത്തരം : ഫേസ് ബുക്ക്, ഓർക്കുട്ട് തുടങ്ങിയ സോഷ്യൽ
നെറ്റ് വർക്ക് സൈറ്റുകളിലൊന്നും ഞാൻ ഇല്ല. ഒരു ഇമെയിൽ അക്കൌണ്ടേ ഉള്ളൂ. സിനിമയൊന്നും
കാണാറില്ല. കൂടുതലും ഇങ്ങനെ എന്തെങ്കിലും വായിച്ചു തന്നെയാണ് സമയം കളയാറ്.
ചോദ്യം : ഇന്റർനാഷണൽ പേപ്പേഴ്സ് എവിടെയെല്ലാമാണ്
പബ്ലിഷ് ചെയ്തിട്ടുള്ളത്?
ഉത്തരം : രാജഗിരിയിൽ തന്നെ ഒരു ഇന്റർനാഷണൽ കോൺഫറൻസ്
നടന്നിരുന്നു. അവിടെ പബ്ലിഷ് ചെയ്തു. പിന്നെ ഒരെണ്ണം മലേഷ്യയിൽ നടന്ന ഇന്റർനാഷണൽ
കോൺഫറൻസ് ഓൺ കമ്പ്യൂട്ടിംഗിലും ചെയ്തു. ഇനി രാജഗിരിയിൽ വരാനുള്ള ഒരു ഇന്റർനാഷണൽ
കോൺഫറൻസിലും ഒരു പേപ്പർ ആക്സപ്റ്റഡ് ആയിട്ടുണ്ട്. പബ്ലിഷ് ആകും. ഓഗസ്റ്റ് 9 മുതൽ
11 വരെയാണ് കോൺഫറൻസ്.
ചോദ്യം : ഈ പേപ്പറുകൾ ഡൌൺലോഡബിൾ ആണോ?
ഉത്തരം : സ്പ്രിംഗറിന്റെ ഒരു പേപ്പർ ഡൌൺലോഡബിൾ ആണ്. Mobile
Query Processing:Taxonomy,Issues and Challenges എന്നാണ് പേര്.
ചോദ്യം : മറ്റു പേപ്പറുകൾ ഡൌൺലോഡബിൾ ആയിട്ടില്ല?
ഉത്തരം : രണ്ടും ഡൌൺലോഡബിൾ ആണ്. പക്ഷേ ഇപ്പോൾ കോൺഫറൻസ്
നടക്കാൻ പോകുകയല്ലേ? കോൺഫറൻസിൽ പ്രസന്റ് ചെയ്തതിനു ശേഷമേ പുതിയത്ത് പുറത്തിറക്കൂ.
ചോദ്യം : ഈ പേപ്പറുകൾ കോപ്പിറൈറ്റിന്റെ കീഴിൽ കൊണ്ടു
വരാനാണോ അതോ സൌജന്യമായി സകലർക്കും ലഭിയ്ക്കാവുന്ന വിധത്തിലാക്കാനാണോ താല്പര്യം?
ഉത്തരം : എന്റെ പേപ്പേഴ്സ് രണ്ടും കോപ്പിറൈറ്റഡ് ആണ്. പബ്ലിഷ്
ചെയ്യാൻ പോകുന്നതും കോപ്പി റൈറ്റഡ് ആണ്.
ചോദ്യം : പേറ്റന്റ് ബൌദ്ധീകമായ സ്വത്തവകാശം
തുടങ്ങിയവയിലൂടെ ഒരുപാട് കാശുണ്ടാക്കാൻ ആശയുണ്ടോ?
ഉത്തരം : അങ്ങനെയൊന്നുമില്ല. എനിയ്ക്ക് താല്പര്യമുള്ള
വിഷയത്തിൽ വർക്ക് ചെയ്യണമെന്നും അതിൽ കൂടുതൽ അറിവു നേടണമെന്നും ഒരു ആഗ്രഹമുണ്ട്.
ചോദ്യം : എഞ്ചിനീയറിംഗ് വിട്ട് മറ്റു താല്പര്യങ്ങൾ
എന്തൊക്കെയാണ്?
ഉത്തരം : ഡാൻസ് ഇഷ്ടമാണ്. പെർഫോം ചെയ്തിട്ടുമുണ്ട്.
ഇവിടെ കുടുംബ യൂണിറ്റിലും കോളേജിലുമൊക്കെ തിരുവാതിരയും സിനിമാറ്റിക് ഡാൻസും
കളിച്ചിട്ടുണ്ട്. മ്യൂസിക് കേൾക്കാൻ ഇഷ്ടമാണ്. ചിത്രയും യേശുദാസുമാണ് ഇഷ്ടപ്പെട്ട
പാട്ടുകാർ. റിസർച്ച് പേപ്പർ വായന തന്നെ പ്രധാനം.
ചോദ്യം : റിസർച്ച് പേപ്പറുകൾ തികച്ചും സാങ്കേതികവും
സാധാരണയിൽ കവിഞ്ഞ യുക്തി ആവശ്യമായതുമാണ്. ഇത്തരം സാങ്കേതികത്വവും കടുത്ത
യുക്തിബോധവും പേപ്പറുകളെ ബോറടിപ്പിയ്ക്കാറുണ്ടോ?
ഉത്തരം : പേപ്പർ വായിയ്ക്കുമ്പോൾ ലിങ്ക് ചെയ്ത് ലിങ്ക്
ചെയ്തു പോകുന്നതു കൊണ്ട് ബോറടിപ്പിയ്ക്കാറില്ല.നമുക്ക് ഇഷ്ടപ്പെട്ട ഏരിയ ആയതു
കൊണ്ട് കൂടുതൽ എക്സ്പ്ലോർ ചെയ്യാനാണ് തോന്നുക.
ചോദ്യം : വായനയിലെ സാങ്കേതികമായ തടസ്സങ്ങൾ അതി ജീവിച്ചു
കഴിഞ്ഞോ?
ഉത്തരം : ഉവ്വ്. ആദ്യമൊക്കെ പേപ്പർ വായിയ്ക്കുമ്പോൾ എനിയ്ക്ക്
ബോറടിയ്ക്കാ റുണ്ടായിരുന്നു. പക്ഷേ വായിച്ച് വായിച്ച് നാം ഒരു ലെവൽ എത്തിയാൽ
മാത്രമേ നമുക്കു കൂടുതൽ നേടാൻ കഴിയുകയുള്ളൂ എന്നു സാർ പറഞ്ഞിരുന്നു. അതു ഞാൻ
എപ്പോളും ഓർത്തു. ആദ്യമൊക്കെ ബോറടിപ്പിച്ചെങ്കിലും പിന്നെ പിന്നെ പേപ്പറുകൾ
എനിയ്ക്ക് ഇന്ററസ്റ്റിംഗ് ആയി.
ചോദ്യം : ഇന്റർനാഷണലായി ഒരുപാട് പേപ്പറുകൾ നമ്മുടെ
മുമ്പിലുണ്ട്. ആ പേപ്പറുകൾക്കെല്ലാം നമ്മൾ പ്രതീക്ഷിയ്ക്കുന്ന നിലവാരം ഉള്ളതായി
തോന്നിയിട്ടുണ്ടോ?
ഉത്തരം : തോന്നിയിട്ടില്ല. പല പേപ്പറും
കോണ്ട്രഡിക്റ്ററി ആയി പോലും തോന്നിയിട്ടുണ്ട്. ഒരു പേപ്പറിൽ കണ്ടതിനു നേരെ
ഓപ്പോസിറ്റായിട്ടായിരിയ്ക്കും മറ്റൊരു പേപ്പറിൽ പറയുക. ഇവിടെ നമ്മൾ നല്ലത് ഏത്
എടുക്കണമെന്ന നമ്മുടെ ഒരു നിലപാടിൽ എത്തിച്ചേരേത്തതുണ്ട്.
ചോദ്യം : എഞ്ചിനീയറിംഗ് സയൻസിന്റെ അപ്ലിക്കേഷൻ ആണ്.
അതിനു കൃത്യത വേണം. അപ്പോൾ രണ്ടു വ്യത്യസ്ത നിലപാടുകൾ വരിക സാധ്യമല്ല.
ഉത്തരം : കുറേ കോളേജുകൾ ഫിനാൻഷ്യൽ നേട്ടങ്ങൾക്കു വേണ്ടി
കോൺഫറൻസ് നടത്തുന്നുണ്ട്. അവർക്ക് കാശു കിട്ടിയാൽ മതി, പേപ്പറിനു ക്വാളിറ്റി
ഉണ്ടാകണമെന്നില്ല. വിദ്യാർത്ഥികൾക്ക് നിശ്ചിത എണ്ണം പേപ്പർ പബ്ലിഷ് ചെയ്യണമെന്നേ
ഉള്ളൂ. ക്വാളിറ്റി അവിടെ ആരും നോക്കാറില്ല.
ചോദ്യം : ഇത്തരം ഇൻസ്റ്റിറ്റ്യൂഷൻസ് പേപ്പർ
അവതരിപ്പിയ്ക്കുന്നവരിൽ നിന്നും പണം വാങ്ങുന്നുണ്ടോ?
ഉത്തരം : വാങ്ങുന്നുണ്ട്. ഐ.ട്രിപ്ലിയും
സ്പ്രിംഗ്ല്ലറും പതിനായിരം വച്ച് വാങ്ങുന്നുണ്ട്. പക്ഷേ അവർ തുക വാങ്ങുമ്പോളും
ക്വാളിറ്റിനോക്കാറുണ്ട്. മൂന്നുനാലു റിവ്യൂകൾ നടത്തിയിട്ടേ അവർ പേപ്പർ ആക്സെപ്റ്റ്
ചെയ്യാറുള്ളൂ. അല്ലാത്ത സൈറ്റുകൾ പലതുമുണ്ട്. അവർ ക്വാളിറ്റി തീരെ നോക്കാറില്ല.
ചോദ്യം : ദിയയ്ക്ക് റിവ്യൂ എഴുതിയിട്ടുള്ളത്
ആരൊക്കെയാണ്?
ഉത്തരം : റിവ്യൂ എഴുതിയിട്ടുള്ളത് ആരൊക്കെയാണ് എന്നു
അറിയാനാകില്ല. പക്ഷേ റിവ്യൂ കമന്റ്സ് നമുക്ക് വ്യൂ ചെയ്യാനാകും. എന്നെക്കൊണ്ട്
ഒരിയ്ക്കൽ റിവ്യൂ ചെയ്യിപ്പിച്ചിട്ടുമുണ്ട്.
ചോദ്യം : ദിയയുടെ പേപ്പറിനെ കുറിച്ചുള്ള റിവ്യൂ
എങ്ങനെയാണ്?
ഉത്തരം : റിവ്യൂവിൽ ചില സജഷൻസ് ഒക്കെ പറയും. ലിറ്റററി
സ്റ്റഡി കുറച്ചു കൂടി നടത്തണം, അല്ലെങ്കിൽ ഇമ്പ്ലിമെന്റേഷൻ കുറച്ചുകൂടി ഡീറ്റയിൽ
ആയിട്ട് എഴുതണം. പേപ്പറിൽ നാം എന്തൊക്കെയാണോ മോഡിഫൈ ചെയ്യേണ്ടത് അതൊക്കെ പറയും.
ചോദ്യം : ദിയയുടെ പേപ്പറുകളിൽ ഇതു വരെയുള്ള അറിവുകൾ
കണ്ടെത്തി ക്രോഡീകരിയ്ക്കുക എന്നതിനു അപ്പുറം പുതിയ അറിവുകൾ കണ്ടെത്താനുള്ള ഒരു
ശ്രമം ഉണ്ടോ?
ഉത്തരം : ഉണ്ട്. ക്വറി പ്രോസ്സസ്സിംഗിൽ തന്നെ ഞാൻ
ഒരുപാട് പേപ്പറുകൾ വായിച്ചു കഴിഞ്ഞപ്പോൾ ക്ലാസ്സിഫിക്കേഷൻ ഓഫ് ക്വറി എവിടെയും ഡീൽ
ചെയ്തിട്ടില്ല എന്ന് എനിയ്ക്കു തോന്നി. അതുകൊണ്ട് ഞാൻ തന്നെ ലൊക്കേഷൻ ബേസഡ്
ക്വറിയായിട്ടും, ലൊക്കേഷൻ ഡിപ്പന്റന്റ് ക്വറീസ് ആയിട്ടുമൊക്കെ ക്വറികളെ ക്ലാസ്സിഫൈ
ചെയ്യാം എന്നൊക്കെ പറഞ്ഞ് ഞാൻ തന്നെ ഒരു പേപ്പറിനകത്ത് ക്വറികളെ ക്ലാസ്സിഫൈ
ചെയ്തിട്ടുണ്ട്.
ചോദ്യം : കമ്പ്യൂട്ടർ വിവര സാങ്കേതിക വിദ്യ
വിജ്ഞാനത്തിന്റെ ഒരു മഹാവിസ്ഫോടനം സാധ്യമാക്കിയിട്ടുണ്ട് എന്നാണ് പറയുക. കമ്പ്യൂട്ടർ
സയൻസ് തന്നെ പഠിച്ച് എം.ടെക്കിൽ റാങ്ക് വാങ്ങിയ ഒരാളെന്ന നിലയിൽ ഈ വിവര
മഹാവിസ്ഫോടനത്തെ കുറിച്ച് എന്താണ് പറയാനുള്ളത്?
ഉത്തരം : നോളഡ്ജ് ഒരുപാട് അഡ്വാൻസ്ഡ് ആകുന്നുണ്ട്. പലതും
ഒരു മാജിക്കാണോ എന്നു പോലും ഞാൻ ചിന്തിച്ചു പോകുന്നു. നാം ലോകത്തിൽ എവിടെയായിരുന്നാലും എത്ര വേഗത്തിലാണ് ഡാറ്റ
ട്രാൻസ്ഫർ ചെയ്യാനാകുന്നത്! ടെക്നോളജി നമ്മുടെ ചിന്തയ്ക്കുമപ്പുറത്തേയ്ക്ക്
വളർന്നു എന്നു മാത്രമല്ല, ക്ലൌഡ് കമ്പ്യൂട്ടിംഗ് തുടങ്ങിയ പുതിയ ടെക്നോളജികൾ
വരുന്നു, പ്രൊസസ്സിംഗും സ്റ്റോറിംഗും ഷെയർ ചെയ്യാൻ പറ്റുന്നു. ഇതെല്ലാം എത്രത്തോളം
വളർന്നു! ഇതെല്ലാം ഒരു തരം കണ്ണുകെട്ട്, ഒരു തരം മാജിക് ആണെന്നു തോന്നിപ്പോകുന്നു.
ചോദ്യം : കമ്പ്യൂട്ടർ ടെക്നോളജി മനുഷ്യനെ കൂടുതൽ
സ്വാതന്ത്ര്യത്തിലേയ്ക്കും സമൃദ്ധിയിലേയ്ക്കും നയിയ്ക്കുന്നതായി തോന്നുന്നുണ്ടോ?
ഉത്തരം : ടെക്നോളജിയ്ക്ക് പോസിറ്റീവ് സൈഡും നെഗറ്റീവ്
സൈഡും ഉണ്ട്. നമ്മൾ അത് എങ്ങനെ ക്യാപ്ചർ ചെയ്യുന്നു എന്നതാണ് പ്രധാനം.
പോസിറ്റീവായി കാര്യങ്ങൾ കണ്ടാൽ നമുക്ക് നല്ലൊരു ബനഫിറ്റ് കിട്ടും. അല്ലാതെ
ഫലമില്ല. ഇന്റർനെറ്റ് കിട്ടുന്നത് തന്നെ എത്രപേർ പോസിറ്റീവായി ഉപയോഗിയ്ക്കുന്നുണ്ട്?
എത്രപേർ അത് നെഗറ്റീവായി ഉപയോഗിയ്ക്കുന്നു!
ചോദ്യം : ഇന്റർനെറ്റിനെ ആശ്രയിച്ചുള്ള വ്യവസായങ്ങൾ ഒരു
പാട് പുരോഗമിച്ചിട്ടുണ്ട്. സ്വതന്ത്രമായ സോഫ്റ്റ് വെയറുകളെ പിന്തുണയ്ക്കുന്ന
ഒരുപാട് സംഘടനകളും ഉണ്ട്. പക്ഷേ എപ്പോളും മൈക്രോസോഫ്റ്റ് ആപ്പിൾ തുടങ്ങിയ കുത്തകകൾ
ഈ രംഗത്ത് ആധിപത്യം തുടരുന്നു. എന്താണത്?
ഉത്തരം : ഒരു ഗ്രാമത്തിൽ നിന്നുള്ള ഒരാൾ നല്ലൊരു
സോഫ്റ്റ് വെയർ ഡെവലപ്പ് ചെയ്താലും അതിനു ഒരുപാടു നെഗറ്റീവുകൾ ഉണ്ട്. അതിനു മതിയായ
പ്രൊമോഷനോ സാമ്പത്തിക പിന്തുണയോ അഡ്വർട്ടൈസ്മെന്റോ ലഭിച്ചു കാണുകയില്ല. മൈക്രോസോഫ്റ്റിനും
ആപ്പിളിനും ഒരു ബ്രാൻഡ് നെയിം ഉണ്ട്. അത് വലിയൊരു ഫാക്ടർ ആണ്. ഞാൻ തന്നെ നല്ലൊരു
സോഫ്റ്റ് വെയർ ഉണ്ടാക്കി വിപണിയിൽ ഇറക്കിയാൽ അതു കസ്റ്റമർ വാങ്ങുമെന്നു എനിയ്ക്കു
പ്രെഡിക്ട് ചെയ്യാനാകുകയില്ല. നല്ല ബ്രാൻഡ് നെയിം ഉള്ള കമ്പനികൾ ഇറക്കുന്ന
സോഫ്റ്റ് വെയറുകൾ നന്നായിരിയ്ക്കുമെന്ന് നമുക്കൊരു ചിന്തയുണ്ട്. അപ്പുറത്ത് ഒരു
പാവപ്പെട്ടവനാണ് സോഫ്റ്റ് വെയർ നിർമ്മിച്ചത് എന്നൊന്നും നം ഓർക്കാറില്ല. നാം ബ്രാൻഡ്
നെയിമിനടുത്തേയ്ക്കു മാത്രമേ പോകൂ.
ചോദ്യം : അതിനെന്താണൊരു സൊല്യൂഷൻ?
ചോദ്യം : ദിയയെ സോഫ്റ്റ് വെയർ ഡൌൺലോഡുകൾക്ക്
സഹായിയ്ക്കുന്ന സൈറ്റുകൾ ഏതെല്ലാമാണ്?
ഉത്തരം : മൈക്രോസോഫ്റ്റും ഒറാക്കിളുമൊക്കെ അവരുടെ
സൈറ്റുകളിൽ നിന്നും സോഫ്റ്റ് വെയറുകൾ ഡൌൺലോഡ് ചെയ്തെടുക്കാനുള്ള സൌകര്യം
നൽകുന്നുണ്ടല്ലോ.
ചോദ്യം : കമ്പ്യൂട്ടർ സയൻസ് പ്രധാനമായും ഇൻഫർമേഷൻ
ഷെയറിംഗ് ആണ്. അത് ഒരു ഉല്പന്നവും സൃഷ്ടിയ്ക്കുന്നില്ല. എന്നാൽ മൊത്തം
ജി.ഡി.പി.യുടെ നല്ലൊരു പങ്കും ഈ രംഗവുമായി ബന്ധപ്പെട്ടു പോകുകയും ചെയ്യുന്നു. ഉല്പാദനമില്ലാതെ
ഇൻഫർമേഷനു വേണ്ടി മാത്രം ഇത്രയേറെ ചെലവു ചെയ്യുന്നത് ആശാസ്യമെന്നു കരുതുന്നുണ്ടോ?
ഉത്തരം : ഇൻഫർമേഷൻ ഈസ് വെൽത്ത്. വിവരം തന്നെയാണ്
സമ്പത്ത്. വിനിമയം ചെയ്യപ്പെടുന്ന ജ്ഞാനം നാം വില കൊടുത്തു വാങ്ങുന്ന മറ്റേതു
ഉല്പന്നത്തേക്കാളും വിലയുള്ളതല്ലേ?
ചോദ്യം : നമുക്ക് കമ്പ്യൂട്ടർ ഭക്ഷിയ്ക്കാനാകില്ല,
നമുക്ക് കമ്പ്യൂട്ടറിൽ സവാരി ചെയ്യാനുമാകില്ല. ഇങ്ങനെ നമുക്ക് അത്യന്താപേക്ഷിതമായ
സംഗതികൾക്ക് വേണ്ടി വരുന്നതിലും കൂടുതൽ പങ്ക് കമ്പ്യൂട്ടർ രംഗത്തേയ്ക്ക്
നീക്കിവയ്ക്കുന്നത് ശരിയാണോ?കമ്പ്യൂട്ടർ രംഗത്തെ അപേക്ഷിച്ച് മറ്റു മണ്ഡലങ്ങൾ
പുറകോട്ട് പോകുന്നതായി തോന്നുന്നുണ്ടോ?
ഉത്തരം : കമ്പ്യൂട്ടർ ഇൻഫോർമേഷനും പ്രോസസ്സിംഗും ഒരു
പരിധി വരെ എല്ലാ രംഗത്തേയും ഹെല്പ് ചെയ്യുന്നുണ്ട്. ഒരു കമ്പനി ഉല്പാദനം
നടത്തുന്നതിനെ ഫസിലിറ്റേറ്റ് ചെയ്യുന്ന ഒരുപാട് സോഫ്റ്റ് വെയറുകൾ ഉണ്ട്. പേ റോൾ, ഇൻവെന്ററി
മാനേജ്മെന്റ് സിസ്റ്റങ്ങൾ, ബില്ലിംഗ് സിസ്റ്റം ഇവയിലെല്ലാം സോഫ്റ്റ്വെയർ വന്നതോടെ ജോലി
എളുപ്പമായി, പേപ്പർ വർക്ക് ലോഡ് കുറഞ്ഞു, തെറ്റുകൾ കടന്നു കൂടാനുള്ള സാധ്യത
കുറഞ്ഞു. ഇതെല്ലാം സോഫ്റ്റ് വെയർ വന്നതിന്റെ നേട്ടങ്ങളാണ്. വ്യവസായങ്ങളുടെ സുഗമ
പ്രവർത്തനങ്ങളെ ഇവയെല്ലാം സഹായിയ്ക്കുന്നുണ്ട്.
ചോദ്യം : അതിന്റെ ഫലമായി തൊഴിലാളികളുടെ ആവശ്യകത
കുറഞ്ഞു?
ഉത്തരം : തൊഴിലാളികളുടെ ആവശ്യകതയല്ല, അവരുടെ
ജോലിഭാരമാണ് കുറഞ്ഞത്. അതു പോലെ തന്നെ തെറ്റു വരാനുള്ള സാധ്യതകളും. സോഫ്റ്റ് വെയർ
പ്രയോഗിക്കുന്നതോടെ ഉല്പന്നത്തിന്റെ തന്നെ ഗുണനിലവാരം വർദ്ധിയ്ക്കുകയാണ്
ചെയ്യുന്നത്.
ചോദ്യം : ശരിതന്നെ. പക്ഷേ ഒരു ഹാക്കർ വരുന്നതോടെ
സോഫ്റ്റ് വെയർ തകർന്നു തരിപ്പണമാകുന്നു?
ഉത്തരം : സെക്യൂരിറ്റി നിലവാരം ഉയർത്തുന്നതിനെ കുറിച്ച്
ഒരുപാട് റിസർച്ചുകൾ നടക്കുന്നുണ്ട്. ഹാക്കർമാരിൽ നിന്നും കമ്പൂട്ടറുകളെ
രക്ഷിയ്ക്കേണ്ടതുണ്ട്.
ചോദ്യം : വൈറസുകളെ കൊണ്ട് വല്ല പ്രയോജനവുമുണ്ടോ?
ഉത്തരം : ഒരു പ്രയോജനവും ഇല്ല.
ചോദ്യം : എന്നിട്ടും വൈറസ്സുകളെ നിരന്തരം പടച്ചു
വിട്ടുകൊണ്ടിരിയ്ക്കുകയാണ്. ഇതിന്റെ പുറകിലെ ഉദ്ദേശം എന്താണ്?
ഉത്തരം : മനുഷ്യരിൽ മിക്കവരും സ്വാർത്ഥരാണ്. അപ്പോൾ
മറ്റൊരുത്തൻ ക്രാഷ് ചെയ്യുന്നത് കണ്ട് രസിയ്ക്കാനായിരിയ്ക്കാം. മിലിറ്ററിയുടെ
വിലപ്പെട്ട റെക്കോർഡുകളിൽ പോലും വൈറസ് അറ്റാക്ക് നടക്കുന്നു. ബാങ്കിങ്
സിസ്റ്റത്തിലുമൊക്കെ വലിയ വൈറസ് അറ്റാക്ക് നടക്കുന്നുണ്ട്. അറ്റാക്ക്
ചെയ്യപ്പെടുന്നവരുടെ ശത്രുക്കൾക്ക് അതൊരു ബനഫിറ്റ് ആയേക്കാം.
ചോദ്യം : വൈറസുകൾ ഉണ്ടക്കിയവർക്കെതിരെ കേസ്സുകളോ മറ്റു
നടപടികളോ കാര്യമായി വരുനുമില്ലല്ലോ.
ഉത്തരം : അതാണ് ടെക്നോളജിയുടെ വേറൊരു പ്രോബ്ലം. കുറ്റം
ചെയ്തയാളെ നിയമത്തിനു മുമ്പിലെത്തിയ്ക്കുക പ്രയാസമാണ്. ഒരു കൊലപാതക കേസിലാണെങ്കിൽ
ഇന്നയാളാണു കൊല നടത്തിയതെന്നു ചൂണ്ടിക്കാണിയ്ക്കാൻ നമുക്കു കഴിയും. പക്ഷേ
ടെക്നോളജി ഓറിയന്റഡ് ആയ ഒരു പ്രശ്നത്തിൽ ആരാണ് കുറ്റവാളിയെന്നു നമുക്ക് പറയാൻ
കഴിയില്ല. ഞാൻ ഒരു വൈറസ് ഉണ്ടാക്കി നെറ്റിലേയ്ക്ക് കടത്തി വിട്ട് പടർത്തി പല
സിസ്റ്റങ്ങളും ക്രാഷ് ചെയ്തു എന്നു വിചാരിയ്ക്കുക. അതിന്റെ പോയിന്റ് ഓഫ് ഒറിജിൻ
കണ്ടു പിടിയ്ക്കുക വളരെ ബുദ്ധിമുട്ടാണ്. ഇനി പോയിന്റ് ഓഫ് ഒറിജിൻ കണ്ടെത്തിയാൽ
തന്നെ ഇന്നയാളാണ് അത് സിസ്റ്റത്തിലേയ്ക്ക്
കടത്തി വിട്ടതെന്നും തെളിയിയ്ക്കാനാകുകയില്ല. അതു പോലെ തന്നെ കമ്പ്യൂട്ടർ
ജനറേറ്റഡ് ക്രൈംസിനെ കുറിച്ചുള്ള അവബോധം എത്രത്തോളം ജഡ്ജസിനും ലോയേഴ്സിനും
ഉണ്ടെന്നുള്ളതും സംശയാസ്പദമാണ്.
ചോദ്യം : സോഷ്യൽ നെറ്റ് വർക്കിങ്ങിനേയും ഇന്റർനെറ്റ് ഉപയോഗത്തേയും
നിയന്ത്രിയ്ക്കാൻ സർക്കാർ ചില നീക്കങ്ങൾ നടത്തുന്നതായി കേൾക്കുന്നു. അതേക്കുറിച്ച്
എന്താണ് അഭിപ്രായം?
ഉത്തരം : നല്ലതാണ്. സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളെ
നമുക്ക് ഒരുപാട് രീതിയിൽ ദുരുപയോഗപ്പെടുത്താം. ഉദാഹരണത്തിനു ഒരു കുട്ടിയുടെ
പേരിലുള്ള അക്കൌണ്ടിലെ ഫോട്ടോ എടുത്ത് “മൾട്ടിപ്പിൾ അക്കൌണ്ട്സ് വിത്ത് ദി സെയിം
ഫോട്ടോ” ക്രിയേറ്റ് ചെയ്തിരിയ്ക്കുകയാണ്.
ചോദ്യം : വീട്ടിൽ ആരൊക്കെയുണ്ട്. ഒന്നു
പരിചയപ്പെടുത്താമോ?
ഉത്തരം : മമ്മിയുടെ പേര് കെ.പി.മേരി. ഹെഡ് നേഴ്സായി
തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ ജോലി ചെയ്യുന്നു.പപ്പയുടെ പേര് ടി.ഇ. തോമസ്. പപ്പ
അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ആയിരുന്നു സി.ഐ.എസ്.എഫിൽ. ഇപ്പോൾ വി.ആർ. എസ്. എടുത്ത്
പുറത്ത് വന്നു. അനിയത്തി ദീപ തോമസ്. അവൾ ബി.ടെക്. പഠിയ്ക്കുന്നു. എട്ടാമത്തെ
സെമസ്റ്റർ. കാലടി ആദിശങ്കര എഞ്ചിനീയറിംഗ് കോളേജിൽ. ഞാനവളെ പഠിപ്പിയ്ക്കുന്നു.
ചോദ്യം : അവരുടെ ഭാഗത്തു നിന്നുള്ള സപ്പോർട്ടൊക്കെ
എങ്ങനെ?
ഉത്തരം : ഒരുപാട് ഹെല്പ് ചെയ്തിട്ടുണ്ട്. ഞാൻ
പഠിച്ചുകൊണ്ടിരിയ്ക്കുമ്പോൾ പപ്പ ഒരുപാട് ഹാർഡ് വർക്ക് ചെയ്തിട്ടുണ്ട്. കാലത്തൊക്കെ
എഴുന്നേറ്റ് ഞങ്ങൾക്കൊക്കെ എല്ലാം ചെയ്തു തരും. അങ്ങനെയൊക്കെ ഉള്ള പപ്പയെ സന്തോഷിപ്പിയ്ക്കാൻ
എന്നെക്കൊണ്ടൊക്കെ ചെയ്യാൻ പറ്റുന്ന കാര്യം ഇതാണ്. അതു കൊണ്ടാണ് ഞാൻ വർക്ക്
ചെയ്യുന്നേ. പപ്പ അത്രയ്ക്കൊക്കെ എനിയ്ക്കു വേണ്ടി കഷ്ടപ്പെട്ടിട്ടുണ്ട്. പിന്നെ
മമ്മിയാണെങ്കിലും എന്നെ നന്നായി മോട്ടിവേറ്റ് ചെയ്യും. മമ്മി എപ്പോളും പറയും,
“പരിശ്രമം ചെയ്യുകിലെന്തിനേയും വശത്തിലാക്കാൻ കഴിവുള്ള വണ്ണം ദീർഘങ്ങളാം കൈകളെ
നൽകിയത്രേ മനുഷ്യനെ പാരിലയച്ചതീശൻ.” ശരിയാണത്. നാം ഹാർഡ് വർക്ക് ചെയ്താൽ നമുക്ക്
എന്തും നേടാം. മമ്മിയുടെ കുറേ എൻകറേജ്മെന്റ് കൊണ്ടും പപ്പയുടെ കുറേ ഹാർഡ് വർക്ക്
കൊണ്ടും ആണ് നന്നായി പഠിയ്ക്കണമെന്നെനിയ്ക്കു തോന്നിയത്. ഞാൻ അവരോട് ഒരുപാട്
കടപ്പെട്ടിട്ടുണ്ട്.
ദിയ കുടുംബാംഗങ്ങളോടു കൂടെ
ചോദ്യം : സുഹൃത്തുക്കൾ ആരെങ്കിലുമൊക്കെ
സഹായിച്ചിട്ടുണ്ടോ?
ഉത്തരം : ഫ്രണ്ട്സ് എൻകറേജ് ചെയ്തിട്ടുണ്ട്. പക്ഷേ
കൂടുതലും എന്റെ ഫ്രണ്ട്സ് പപ്പയും മമ്മിയും ആണ്.
ചോദ്യം : അദ്ധ്യാപകരുടെ ഭാഗത്തു നിന്നും?
ഉത്തരം : നല്ല സപ്പോർട്ടാണ്. ടെക്നിക്കൽ ആയി മാത്രമല്ല,
മെൻഡലിയും ഒരുപാട് സപ്പോർട്ട് ചെയ്തിട്ടുണ്ട്. ടെൻഷനൊക്കെ വരുമ്പോൾ തൃപ്തി മിസ്
തുടങ്ങിയ രാജഗിരിയിലെ തന്നെ ഒരുപാട് ടീച്ചേഴ്സ് ഒരുപാട് ഹെൽപ്പ് ചെയ്തിട്ടുണ്ട്. ദിയ
നിനക്കു പറ്റും എന്നു പറഞ്ഞ് ഭയങ്കര മോട്ടിവേഷനും എൻകറേജ്മെന്റും തരുമായിരുന്നു. പ്രസന്റേഷനുമൊക്കെ
വരുമ്പോൾ ഭയങ്കര ടെൻഷൻ വന്നാൽ എൻകറേജ് ചെയ്യുമായിരുന്നു. സാബുസാറും മറ്റു കുറേ അദ്ധ്യാപകരും
നല്ല ഗുരുക്കന്മാർ എന്നതിനേക്കാളും നല്ല
ഫ്രണ്ട്സ് ആയാണ് പെരുമാറിയിരുന്നത്.
ചോദ്യം : അദ്ധ്യാപകരിൽ എം.ടെക്കിനുള്ളവരെ മാത്രമാണോ
സ്മരിയ്ക്കാനുള്ളത്?
ഉത്തരം : അല്ല, ബി.ടെക്കിനുമുണ്ട്. ശ്യാം എന്ന ഒരു
സാറിന്റെ ടീച്ചിംഗ് നല്ലതായിരുന്നു. ശരിയ്ക്കു പറഞ്ഞാൽ എന്റെ ടീച്ചിംഗിൽ അദ്ദേഹം
നന്നായി ഇൻഫ്ലുവൻസ് ചെയ്തിട്ടുണ്ട്. പിന്നെ സെറീനാ മിസ്, പിന്നെയും കുറേ പേരുണ്ട്.
ചോദ്യം : ആചാര്യ സ്ഥാനത്തു നിറുത്താവുന്ന ഒരാളെ പറയാമോ?
ഉത്തരം : തൃപ്തി മിസ്.
ചോദ്യം : അവർ ഒരു മാതൃകാ അദ്ധ്യാപികയാണോ?
ഉത്തരം : അതെ. തൃപ്തി മിസ് നന്നായി ക്ലാസ്സെടുക്കുക
മാത്രമല്ല, കുട്ടികളെ നന്നായി അറിഞ്ഞുമിരുന്നു. അദ്ധ്യാപകർ കുട്ടികളെ ഇന്റലക്ച്വലി
മാത്രമല്ല മെൻഡലിയും അറിഞ്ഞിരിയ്ക്കണം. ഞാൻ അപ്സെറ്റ് ആയിക്കഴിഞ്ഞാൽ എന്താ ദിയേ,
എന്നൊക്കെ ചോദിച്ച് ആശ്വസിപ്പിയ്ക്കും. മോർ ദാൻ എ ടീച്ചർ, തൃപ്തി മിസ് ഒരു ഫ്രണ്ട്
ആയിരുന്നു.
ചോദ്യം : ദിയയെ അപ്സെറ്റ് ചെയ്യിയ്ക്കുന്ന കാര്യങ്ങൾ
എന്തൊക്കെയാണ്?
ഉത്തരം : നമ്മുടെ ലൈഫിൽ നമ്മെ അപ്സെറ്റ് ചെയ്യിയ്ക്കാൻ
എന്തെങ്കിലുമൊക്കെ ഉണ്ടാകുമല്ലോ. ഉദാഹരണത്തിന് പി.ജി. ഒക്കെ ആകുമ്പോൾ കോമ്പറ്റീഷൻ
കൂടുതലാണ്. കുറച്ച് മാർക്കൊക്കെ കൂടിയാൽ ചില ഫ്രണ്ട്സൊക്കെ പറയും, “എന്തിനാ ദിയേ
ഇങ്ങനെ ഫുൾടൈം പഠിച്ചു കൊണ്ടിരിയ്ക്കുന്നേ. ടി.വി.യൊക്കെ കണ്ടു കൂടെ? കുറച്ചു ഫ്രീ
ആയിട്ടിരുന്നു കൂടെ സോഷ്യൽ നെറ്റ് വർക്കിലൊന്നും കണ്ടില്ലല്ലോ. എന്നെല്ലാം
ചോദിച്ച് അപ്സെറ്റ് ചെയ്യിയ്ക്കാറുണ്ട്. അല്ലെങ്കിൽ അവരൊക്കെ ഫുൾടൈം സിനിമയ്ക്കും
ഔട്ടിംഗിനുമൊക്കെ പോകുന്നവരായതുകൊണ്ട്, ഫുൾടൈം റൂമിൽ തന്നെ കുത്തിയിരിയ്ക്കുന്ന
എന്നെ കുത്തി പറയാറുണ്ട്. അതൊക്കെ അറിയുമ്പോൾ തൃപ്തി മിസ് “ദിയ ഇപ്പോൾ വർക്കു
ചെയ്യുന്നുണ്ടെങ്കിൽ കഷ്ടപ്പെടുന്നുണ്ടെങ്കിൽ അതിന്റെ പ്രതിഫലം എന്നെങ്കിലും
ദിയയുടെ ലൈഫിനു കിട്ടും” എന്നൊക്കെ പറഞ്ഞ്
മോട്ടിവേറ്റ് ചെയ്യുമായിരുന്നു.
ചോദ്യം : അങ്ങനെ സ്വയം അടച്ചു പൂട്ടി കഴിയുന്ന ഒരാളാണ്
ദിയയെന്നു എനിയ്ക്കു വിശ്വസിയ്ക്കാൻ കഴിയുകയില്ല, ഞാൻ ചോദിയ്ക്കട്ടെ ടി.പി.
ചന്ദ്രശേഖരൻ ആരാണ്?
ഉത്തരം : അങ്ങനെയല്ല, എനിയ്ക്കദ്ദേഹത്തെ കുറിച്ച്
അറിയാം.
ചോദ്യം : ചുറ്റുപാടുമുള്ള ലോകത്തെ കുറിച്ച് അറിയാവുന്ന
ഒരാളെ പിന്നെ എങ്ങനെയാണ് അടച്ചു പൂട്ടിയ ഒരാളായി കാണാൻ കഴിയുക?
ഉത്തരം : അതല്ല. ഞാൻ രാജഗിരിയിലെ ഹോസ്റ്റലിൽ നിന്നാണ്
പഠിച്ചത്. അവിടെ വളരെ നല്ല സാമ്പത്തിക സ്ഥിതിയുള്ള കുട്ടികളാണ് അധികവും. അവർ
ഇടയ്ക്കിടയ്ക്കൊക്കെ ഷോപ്പിങ്ങിനൊക്കെ വിളിയ്ക്കും. വരുന്നുണ്ടോ എന്നൊക്കെ
ചോദിച്ച് അവർ എന്നെ വിളിയ്ക്കും. അതിനൊന്നും പോകാതെ ഞാൻ കൺഫൈൻഡായി കഴിയും.
ചോദ്യം : അതിനു ഫൈനാൻഷ്യൽ മാറ്റേഴ്സ് ഒരു ഇഷ്യൂ
ആയിരുന്നോ?
ഉത്തരം : ഒരു പരിധി വരെ. എനിക്ക് അവരുടെ കൂടെ പോയി ഒരു
ദിവസം രണ്ടായിരം രൂപയുടെയൊക്കെ ഷോപ്പിംഗ് നടത്താനുള്ള കപ്പാസിറ്റി ഇല്ല. പപ്പ
തന്നെ എത്ര കഷ്ടപ്പെട്ടാ എന്നെ നോക്കുന്നത് എന്നെനിയ്ക്ക് അറിയാം. എം.ടെക്കിനു
ചേരണമെന്നു പറഞ്ഞപ്പോൾ തന്നെ പപ്പ പറഞ്ഞത്, “നിന്നെ പഠിപ്പിയ്ക്കണമെന്നു എനിയ്ക്ക്
ആഗ്രഹമുണ്ട്. എന്റെ കയ്യിൽ പൈസ ഇല്ലല്ലോ“ എന്നാണ്. എന്നിട്ടും എന്നെ പഠിയ്ക്കാൻ
വിട്ടു. പപ്പ എത്ര കഷ്ടപ്പെട്ടാണ് എന്നെ വിടുന്നത് എന്ന ഒരു ബോധം ഉള്ളതു കൊണ്ടാണ് ഞാൻ
അത്രയ്ക്ക് പഠനത്തിൽ കേന്ദ്രീകരിച്ചത്.
ചോദ്യം : സോ യൂ ഫെൽറ്റ് റെസ്പോൺസിബിൾ?
ഉത്തരം : യെസ്. ഐ ഫെൽറ്റ് റെസ്പോൺസിബിൾ. രാജഗിരിയിലെ
മിക്ക കുട്ടികളിലും അങ്ങനെ തോന്നാത്തത് അവർക്ക് കാശിന്റെ വില അറിയാത്തതു
കൊണ്ടായിരിയ്ക്കണം.
ചോദ്യം : പൊതുവേ എല്ലാവരിലും അങ്ങനെ ഒരു കുറവുള്ളതായി
തോന്നുന്നുണ്ടോ?
ഉത്തരം : എല്ലാവരിലും ഇല്ല. ഫിനാൻഷ്യലി
സ്ട്രോങ്ങായിട്ടുള്ള കുട്ടികളിൽ പഠിയ്ക്കുന്നവരും ഉണ്ട്. പക്ഷേ അവരെ
നയിയ്ക്കുന്നത് കാശിന്റെ വിലയല്ല, മറിച്ച് അവരുടെ ഇന്നത് ആവണം എന്ന ലക്ഷ്യബോധമാണ്
അവരെ മോട്ടിവേറ്റ് ചെയ്യിയ്ക്കുന്നത്. എന്നെ സംബന്ധിച്ച് ലക്ഷ്യബോധം മാത്രമല്ല,
പണത്തിന്റെ വിലയും പഠിയ്ക്കാൻ പ്രചോദനമാകുന്നുണ്ട്.
ചോദ്യം : ദിയയ്ക്ക് സോഷ്യൽ കമ്മിറ്റ്മെന്റുകൾ ഉണ്ടോ?
ഉത്തരം : ടീച്ചിംഗാണ് ഞാൻ പ്രൊഫഷനായി
തെരഞ്ഞെടുത്തിട്ടുള്ളത്. ഏ ലോട്ട് ഓഫ് സോഷ്യൽ കമ്മിറ്റ്മെന്റ് ഈസ് ദേർ. കാരണം ഞാൻ
പഠിപ്പിയ്ക്കുന്ന ഓരോ കുട്ടിയും ഫ്യൂച്ചർ സിറ്റിസൺ ആണ്. എനിയ്ക്കറിയാവുന്ന
ടെക്നിക്കൽ കാര്യങ്ങൾ മാത്രമല്ല, സൊസൈറ്റിയിൽ അവർ എങ്ങനെ ഒരു നല്ല സിറ്റിസൺ ആകണം
എന്നും എനിയ്ക്ക് പറഞ്ഞു കൊടുക്കേണ്ടതുണ്ട്.
ദിയയുടെ പിതാവ് തോമാസ്
ചോദ്യം : ടീച്ചിംഗ് തന്നെയാണോ പ്രൊഫഷൻ?
ഉത്തരം : എനിയ്ക്ക് അതു തന്നെയാണ് ഇഷ്ടം. കോളേജിൽ ഒരു
കാമ്പസ് പ്ലേസ്മെന്റിനും ഞാൻ പോയിട്ടില്ല. ടീച്ചറാവണം എന്ന ആഗ്രഹം തന്നെയാണ് അതിനു
കാരണം. പഠിപ്പിയ്ക്കാനും കുട്ടികളുമായി അറിവു പങ്കു വയ്ക്കാനും എനിയ്ക്ക് ഭയങ്കര
ഇഷ്ടമാണ്.
ചോദ്യം : സാങ്കേതികമായ കാര്യങ്ങൾ ഈസിയായി കുട്ടികളുമായി
ഷെയർ ചെയ്യാൻ ദിയയ്ക്കു കഴിയുമെന്ന വിശ്വാസമുണ്ടോ?
ഉത്തരം : ഉണ്ട്. ഞാൻ പറഞ്ഞു കൊടുക്കുന്ന സംഗതികൾ ഞാൻ
യഥാർത്ഥ ലോകവുമായി ബന്ധപ്പെടുത്തിയാണ് പറഞ്ഞു കൊടുക്കുന്നത്. അതിനാൽ കുട്ടികൾക്ക്
നന്നായി മനസ്സിലാക്കാനാകുന്നുണ്ട്.
ചോദ്യം : കുട്ടികൾക്ക് ദിയയെ കുറിച്ചുള്ള അഭിപ്രായമെന്താണ്?
ഉത്തരം : രാജഗിരിയിൽ ഞാൻ പഠിച്ചു കൊണ്ടിരിയ്ക്കേ തന്നെ
എനിയ്ക്ക് അവിടെ ടീച്ചിംഗ് അസിസ്റ്റന്റ്ഷിപ്പിൽ വർക്ക് ചെയ്യാൻ അവസരം തന്നിരുന്നു.
കുട്ടികളുടെ അഭിപ്രായം നല്ല രീതിയിൽ തന്നെ ആയിരുന്നു. 92% ഫീഡ്ബാക്ക്
കിട്ടിയിരുന്നു. പ്രസന്റേഷനൊക്കെ എടുക്കേണ്ടി വരുമ്പോൾ ടീച്ചേഴ്സ് ദിയ നന്നായിട്ട്
എടുത്തു എന്നെല്ലാം പറയുമായിരുന്നു. അതിന്റെ അർത്ഥം എനിയ്ക്കു പറഞ്ഞു കൊടുക്കാൻ കഴിവുണ്ടെന്നു
തന്നെയാണ്. അവരുടെ അത്തരം കമന്റ്സൊക്കെ ടീച്ചിംഗ് പ്രൊഫഷനായിട്ടെടുക്കാൻ എന്നെ
മോട്ടിവേറ്റ് ചെയ്തിട്ടുണ്ട്.
ചോദ്യം : ദിയ പഠിപ്പിച്ചതെല്ലാം ദിയയ്ക്കു മനസ്സിലായ
ശേഷം മാത്രമാണ് കുട്ടികളെ പഠിപ്പിച്ചത് എന്നു പറയാനാകുമോ?
ഉത്തരം : ഉവ്വ്. ഞാൻ ക്ലാസ്സിൽ എടുക്കേണ്ട വിഷയത്തെ
കുറിച്ച് എന്തെങ്കിലും സംശയം ഉണ്ടാകുന്ന പക്ഷം അത് ക്ലിയർ ചെയ്ത ശേഷമേ ഞാൻ
ക്ലാസ്സിൽ പോകാറുള്ളൂ. എനിയ്ക്കൊരു സംശയം വന്നാൽ ആ നിമിഷം തന്നെ ഞാനത് ക്ലിയർ
ചെയ്തിരിയ്ക്കും. ബുക്ക്സ്, ഫ്രണ്ട്സ്, ടീച്ചേഴ്സ് അങ്ങനെ ആരിൽ നിന്നായാലും ആ
സംശയം തീർത്തിരിയ്ക്കും. എനിയ്ക്ക് പൂർണ്ണ സാറ്റിസ്ഫാക്ഷൻ ഉണ്ടെങ്കിൽ മാത്രമേ
ഞാനതു ക്ലാസ്സിൽ പഠിപ്പിയ്ക്കൂ. എന്തായാലും ഞാൻ ക്ലാസ്സിൽ തെറ്റു
പഠിപ്പിയ്ക്കുകയില്ല.
ചോദ്യം : നാം ഏതു മണ്ഡലത്തിലാണോ ഉള്ളത് അവിടെ ലഭ്യമായ
അറിവ് ആർജ്ജിച്ചിരിയ്ക്കും. അല്ലേ?
ഉത്തരം : ഞാനിപ്പോൾ ഈ കോമ്മേഴ്സിലാണ് ക്ലാസ്സ്
എടുക്കുന്നതെങ്കിൽ ആ വിഷയത്തിൽ ഉണ്ടാകാവുന്ന ഏതു ഡൌട്ടും ക്ലിയർ ചെയ്യാവുന്ന
തരത്തിലുള്ള വായന കഴിഞ്ഞേ ക്ലാസ്സിൽ പോകാറുള്ളൂ.
ചോദ്യം : ഓപ്പൺ ഡിബേറ്റുകൾ നടത്തിയിട്ടുണ്ടോ?
ഉത്തരം : ഞാൻ തന്നെ ഓപ്പൺ ഡിബേറ്റ് എന്റെ ക്ലാസ്സിൽ
എന്റെ സബ്ജക്റ്റ് വച്ച് എടുക്കാറുണ്ട്. ഞാൻ ടീച്ചറാണന്നു വച്ച് എനിയ്ക്ക് എല്ലാ
കാര്യങ്ങളിലും അറിവ് ഉണ്ടാകണമെന്നില്ല. പിള്ളേർക്കും ചില കാര്യങ്ങളിൽ എന്നേക്കാളും
അറിവ് ഉണ്ടായെന്നു വരാം. ഓപ്പൺ ഡിബേറ്റ് വരുമ്പോൾ എന്റെ നോളേജ് ഞാൻ ഷെയർ ചെയ്യുക
മാത്രമല്ല അവരുടെ നോളേജ് എനിയ്ക്ക് കിട്ടുക കൂടിയാണ് ചെയ്യുന്നത്.
ചോദ്യം : ക്ലാസ്സിൽ നടത്തുന്ന ഓപ്പൺ ഡിബേറ്റിനെ
കുറിച്ചുള്ള അസ്സസ്സ്മെന്റ് എന്താണ്?
ഉത്തരം : ഓപ്പൺ ഡിബേറ്റിൽ തന്നെ ഈബേ, ആമസോൺ സൈറ്റുകളെ
കുറിച്ചുള്ള ഡിസ്കഷൻ വന്നപ്പോൾ അവയുടെ അഡ്വാന്റേജ് ഡിസഡ്വാന്റേജ് എന്നിവ
സംബന്ധിച്ച് എനിയ്ക്ക് അറിയാത്ത കുറേ അറിവുകൾ കുട്ടികളിൽ നിന്നും ലഭിച്ചിട്ടുണ്ട്.
അത് എന്നെ ഒരുപാട് ഹെൽപ്പ് ചെയ്തിട്ടുമുണ്ട്.
ദിയയുടെ വായനാഭിരുചികൾ
ചോദ്യം : എസ്.എസ്.എൽ.സി. മുതലുള്ള പരീക്ഷകളിലെ
പെർഫോർമൻസ് പറയാമോ?
ഉത്തരം : എസ്.എസ്.എൽ.സി.യ്ക്കും, പ്ലസ് ടുവിനും,
ബി.ടെക്കിനും കൺസിസ്റ്റന്റ് പെർഫോർമൻസാണ് 75%. എം.ടെക്കിനു മാത്രം 86%. എം.ടെക്കിലെത്തിയപ്പോൾ
പെർഫോർമൻസ് കൂടിയതിനു പല കാരണങ്ങളും ഉണ്ട്. ബി.ടെക്കിനു 75% ആയിരുന്നെങ്കിലും ആ
കോളേജിലെ നല്ലൊരു പെർഫോർമൻസ് തന്നെ ആയിരുന്നു. പിന്നീട് പല ഇന്റർവ്യൂകളിലും,
ആദിശങ്കരയിൽ പോലും പങ്കെടുക്കാൻ ശ്രമിച്ചപ്പോൾ മാതയിലാണല്ലേ പഠിച്ചത്. അതാണ്
പ്രോബ്ലം എന്നെല്ലാം പറഞ്ഞതായറിഞ്ഞു. 75% കിട്ടിയിട്ടും അങ്ങനെ പറഞ്ഞതു കേട്ടപ്പോൾ
എനിയ്ക്കു ഭയങ്കര സങ്കടമായി. മാർക്ക് കിട്ടിയിട്ടും കോളേജിന്റെ അടിസ്ഥാനത്തിൽ
നമ്മളെ വിലയിരുത്തുകയല്ലേ. അപ്പോൾ എനിയ്ക്കു തോന്നി എനിയ്ക്കു എം.ടെക്. എടുക്കണം,
അതിനു നല്ലൊരു ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരണം. അതും നല്ല മാർക്കോടെ പാസ്സാകണം. ഇനിയും
വല്ല ഇന്റർവ്യൂവും വരുമ്പോൾ എന്തെങ്കിലും പറഞ്ഞ് നമ്മളെ ഒഴിവാക്കാതെ നമ്മളെ വെൽകം
ചെയ്യുന്ന ഒരു അവസ്ഥ സൃഷ്ടിയ്ക്കണമെന്ന് ആഗ്രഹിച്ചു. എം.ടെക്കിൽ സ്വന്തം വ്യക്തി
മുദ്ര പതിപ്പിക്കണമെന്ന് ആഗ്രഹിച്ചു.
ചോദ്യം : ബി. ടെക് എൻട്രൻസിനു എത്രാം
റാങ്കുണ്ടായിരുന്നു?
ഉത്തരം : 12000. സ്കൂളിൽ തന്നെ പ്ലസ് ടുവിനൊപ്പം ഉണ്ടായിരുന്ന
ഒരു കോച്ചിങ്ങല്ലാതെ പുറത്ത് കോച്ചിംഗ് ക്ലാസ്സിനൊന്നും പോയിരുന്നില്ല.
ചോദ്യം : പുറത്തുള്ള ചില പ്രത്യേക എഞ്ചിനീയറിംഗ്
കോച്ചിംഗ് സെന്ററുകളിലെ കുട്ടികളാണ് ഏറ്റവും മികച്ച റാങ്കുകൾ നേടുന്നത് എന്ന
പ്രചാരണത്തെ കുറിച്ച് എന്തു തോന്നുന്നു?
ഉത്തരം : അവർ ഒരു പരിധി വരെ ഡയറക്ട് ചെയ്യുകയോ ഗൈഡ്
ചെയ്യുകയോ ചെയ്യുന്നുണ്ടായിരിയ്ക്കാം. ബാക്കിയുള്ളതെല്ലാം പിള്ളേര് ഒരുപാട് ഹാർഡ്
വർക്ക് ചെയ്തു നേടുന്നതാണ്.
ചോദ്യം : എം.ടെക്കിനു അഡ്മിഷനു വല്ല ബുദ്ധിമുട്ടും
ഉണ്ടായോ?
ഉത്തരം : അന്തോണീസ് പുണ്യവാളന്റെ അനുഗ്രഹം കൊണ്ട്
അതൊന്നും ഉണ്ടായില്ല. ബി.ടെക് കഴിഞ്ഞ് കുറച്ചു നാൾ ഞാൻ നിർമ്മലയിൽ വർക്ക്
ചെയ്തിരുന്നു. അപ്പോൾ അവിടെ പഠിപ്പിച്ച കാര്യങ്ങളാണ് അധികവും എൻട്രൻസിനു ചോദിച്ചത്.
ബി.ടെക്കിനു ഞാൻ നന്നായി പരിശ്രമിച്ചിരുന്നു. പക്ഷേ പഠിച്ചതിന്റെ ബനഫിറ്റ്
എനിയ്ക്കു കിട്ടാതെ പോയി.
ചോദ്യം : അന്തോണീസു പുണ്യവാളനോട് ഉപകാരസ്മരണ വല്ലതും
പറയാനുണ്ടോ?
ഉത്തരം : പിന്നേ. ഞാനീ പൊസിഷനിൽ എത്തിയതിൽ എന്റെ കഴിവ്
പകുതിയേ ഉള്ളൂ. ബാക്കിയൊക്കെ അന്തോണീസ് പുണ്യവാളന്റെ കഴിവാണ്.
ചോദ്യം : ഇവിടെ സെന്റ് ജോസഫ്സ് ചർച്ച് ആണ് ഉള്ളത്.
അന്തോണീസ് പുണ്യവാളനുമായി ഒരു അടുപ്പം എങ്ങനെ ഉണ്ടായി?
ഉത്തരം : മമ്മി എല്ലാ ശനിയാഴ്ചയും അന്തോണീസ്
പുണ്യവാളന്റെ ദേവാലയത്തിൽ പോകുമായിരുന്നു. ബി.ടെക്. കഴിഞ്ഞതോടെ എനിയ്ക്ക് നല്ലൊരു
ജോലി കിട്ടണേ എന്നു ഞാൻ കരഞ്ഞു പ്രാർത്ഥിച്ചു. അങ്ങനെ ഒമ്പതാഴ്ച കഴിഞ്ഞപ്പോൾ
എനിയ്ക്കു അഡ്മിഷൻ കിട്ടി.
ചോദ്യം : ഫ്യൂച്ചർ പ്ലാൻസ് എന്തെല്ലാമാണ്?
ഉത്തരം : പി.എച്ച്.ഡി. എടുക്കണം. നല്ലൊരു അദ്ധ്യാപികയാകണം.
ചോദ്യം : റിസർച്ച് ഫസിലിറ്റിയ്ക്ക് എവിറ്റെ പോകും.
ഉത്തരം : ഞാൻ പഠിച്ച രാജഗിരി തന്നെ. രാജഗിരിയിൽ നല്ലൊരു
റിസർച്ച് എൻവിറോണ്മെന്റ് ഉണ്ട്. അവിടെ ഒരുപാട് ടീച്ചേഴ്സിനു പി.എച്ച്.ഡി.ഉണ്ട്.
അവരുടെ കീഴിൽ നിൽക്കുകയാണെങ്കിൽ ആ ഒരു പോസിറ്റിവ് എനർജി എന്നിലേയ്ക്കും ട്രാൻസ്ഫർ
ആകും എന്ന ഒരു വിശ്വാസം ഉണ്ട്. ലൈബ്രറി തുടങ്ങിയ ഇൻഫ്രസ്ട്രക്ചറുകളും ഉള്ള എല്ലാം
കൊണ്ടും നല്ലൊരു കോളേജാണത്. ഇപ്പോൾ വർക്ക് ചെയ്യുന്ന ആദിശങ്കരയും നല്ല കോളേജാണ്.
ചോദ്യം : ഈ ഇന്റർവ്യൂ കാണുന്ന മേലൂർ ന്യൂസിലെ
വായനക്കാരോട് എന്താണു പറയാനുള്ളത്?
ഉത്തരം : ഹാർഡ് വർക്ക് നെവർ ഗോസ് അൺറിവാർഡഡ്. ഇതാണ്
എന്റെ ഏറ്റവും വലിയ എൻകറേജ്മെന്റ്. എസ്.എസ്.എൽ.സി.യ്ക്കും പ്ലസ് ടു വിനും
ബി.ടെക്കിനുമെല്ലാം ഞാൻ നന്നായി വർക്ക് ചെയ്തിരുന്നു. പക്ഷേ അപ്പോളൊന്നും
എനിയ്ക്ക് വലിയ നേട്ടങ്ങൾ ലഭിച്ചില്ല. അപ്പോളും എന്റെ മനസ്സിൽ ഈ വാചകം
ഉണ്ടായിരുന്നു, ഹാർഡ് വർക്ക് നെവർ ഗോസ് അൺറിവാർഡഡ്. ഇപ്പോൾ എനിയ്ക്ക് എന്റെ ഹാർഡ്
വർക്കിന്റെ റിവാർഡ് ലഭിച്ചു. ബികോസ് ഓഫ് മൈ ഹാർഡ് വർക്ക്.
ദിയയ്ക്ക് ഇനിയും അനേക നേട്ടങ്ങൾ കൈവരാൻ ഇടയാകട്ടെ
ചോദ്യം : ഇപ്പോൾ എത്ര വയസ്സായി?
ഉത്തരം : ഇരുപത്തി നാല്.
ചോദ്യം : വിവാഹത്തിന്റെ സമയമായല്ലോ?
ഉത്തരം : വിവാഹം ഫിക്സ് ചെയ്തു വച്ചിട്ടുണ്ട്. 2012
ആഗസ്റ്റിലാണ്. എം.ടെക്കിനു പഠിയ്ക്കുമ്പോൾ തന്നെ ഫിക്സ് ചെയ്തു വച്ചതാണ്. അവരുടെ
അമ്മയും ആളും വലിയ പിന്തുണ നൽകിയിരുന്നു. അതും പറയണമല്ലോ. പപ്പയുടേയും
മമ്മിയുടേയും കൂടെ അവരും ഉണ്ട് എനിയ്ക്ക് പിന്തുണയായി.
ചോദ്യം : വുഡ് ബിയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ?
ഉത്തരം : ആള് പഠിയ്ക്കണമെന്നൊക്കെ പറഞ്ഞ് നന്നായിട്ട്
മോട്ടിവേറ്റ് ചെയ്തിരുന്നു എന്നെ.
ചോദ്യം : ബെസ്റ്റ് ഓഫ് ലക്ക്
ഉത്തരം : താങ്ക് യൂ.
Congrats and keep it up!!!Excellent answers for the questions asked.
ReplyDeleteRajagiri first batch rank holder Diya thomas got 76.43% (2446/3200). In this interview,
ReplyDeleteit is mentioned as 86%. Before publishing this kinds of news, make sure that, details given are correct. Congrats to the rank holder.
She is a very hardworking and passionate student.As a teacher iam very much proud of her.keep it up diya for ur execellent performance in MTech exam
Delete