മേലൂരിനെ സമ്പൂർണ്ണ കോഴി ഗ്രാമമായി മാറ്റാനുള്ള നടപടികൾ മുന്നേറുന്നു. ഇപ്പോൾ തന്നെ മേലൂരിന്റെ മുക്കിലും മൂലയിലും ബ്രോയിലർ കോഴി വളർത്തൽ കേന്ദ്രങ്ങൾ അനേകമുണ്ട്. അവ വലിയ സമ്പത്തും അതിന്റെ നടത്തിപ്പുകാർക്ക് നൽകുന്നുമുണ്ട്. പലരും പച്ചക്കറി വാങ്ങിച്ചു പോകുന്നത് അതുകൊണ്ട് മാത്രമാണ് താനും.
മേലൂർ പള്ളി നടയിലെ ഫ്ലക്സ് ബോർഡ്
മേലൂർ പള്ളി നടയിൽ ഇങ്ങനെ ഒരു ഫ്ലക്സ് ബോർഡ് വന്നിരുന്നില്ലെങ്കിൽ പലരും നാം കോഴിഗ്രാമത്തിലെ അംഗങ്ങളാണെന്ന് അറിയുകയില്ലായിരുന്നു. എല്ലാ വീട്ടിലും നാലഞ്ചു കോഴിക്കുഞ്ഞുങ്ങളെ കൊടുക്കുന്നതാണോ അതോ കോഴി വളർത്തൽ തൊഴിലാക്കി ഗ്രാമീണർക്ക് വരുമാനവും കർഷകർക്ക് വളവും ഉല്പാദിപ്പിയ്ക്കുകയാണോ ലക്ഷ്യം എന്നും അറിയുന്നില്ല. എന്തായാലും നിലവിലുള്ള കോഴിവളർത്തൽ രീതിയെ കുറിച്ച് ചിലത് പറയാതെ വയ്യ.
നിലവിലുള്ള നിയമ പ്രകാരം ഒരു കോഴി വളർത്തൽ കേന്ദ്രത്തിനു കറന്റ് കണക്ഷൻ കിട്ടാൻ പോലും ഒരു വെറ്ററിനറി സർജന്റെ സർട്ടിഫിക്കറ്റ് വേണം. പക്ഷേ അതിനു ശേഷം മേലൂർ പഞ്ചായത്തിലെങ്കിലും ആർക്കും എന്തും ആകാം. കോഴികൾക്ക് പകർച്ച വ്യാധി വന്നാൽ പോലും ആരും കുന്നപ്പിള്ളിയിലെ മൃഗാശുപത്രിയിലേയ്ക്ക് എത്തി നോക്കാറില്ല. സത്യം പറയണമല്ലോ മൃഗാശുപത്രിയിൽ നിന്നും ആരും വന്ന് കോഴി വളർത്തു കേന്ദ്രങ്ങൾ സന്ദർശിയ്ക്കുകയോ വേണ്ട നിർദ്ദേശങ്ങൾ നൽകുകയോ ചെയ്യുന്നുമില്ല്ല്ല. പലയിടങ്ങളിലേയും കോഴി വളർത്തു കേന്ദ്രങ്ങളിൽ കോഴികൾ കൂട്ടമായി ചത്താൽ പോലും ഇത്തിരി ചൂടു കൂടിപ്പോയി എന്നു പറഞ്ഞ് അമ്പതും നൂറും കുഴിയുണ്ടാക്കി കുഴിച്ചു മൂടുകയാണ് ചെയ്തു വരുന്നത്. പക്ഷിപ്പനി തുടങ്ങിയ മാരക രോഗങ്ങൾ ആഗോള തലത്തിൽ തന്നെ വെല്ലുവിളിയാകുന്ന ഇക്കാലത്ത് പ്രതിരോധശേഷി തീരെ ഇല്ലാത്ത ബ്രോയ്ലർ കോഴികളെ മേൽനോട്ടവും നിയന്ത്രണവുമില്ലാതെ വളർത്തുന്നത് കോഴി വളർത്തുകാരനു മാത്രമല്ല, നാടിനു മൊത്തം വെല്ലുവിളിയാണ്.
അതു പോലെ തന്നെ പ്രധാനമാണ് കോഴി വളർത്തു കേന്ദ്രങ്ങൾ ഉണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണവും ഭൂമി മലിനീകരണവും ജലമലിനീകരണവും. വൻ തോതിൽ ഹോർമോണും മറ്റു രാസപദാർത്ഥങ്ങളും കുത്തി വച്ചുണ്ടാക്കുന്ന കോഴികളുടെ ഇറച്ചി അതു തിന്നുന്നവരുടെ ശരീരത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും പരിഗണനാർഹമാണ്.
കോഴികളുടെ അവശിഷ്ടങ്ങൾ രാസ പദാർഥങ്ങൾ ചേർത്ത് മണ്ണിൽ കുഴിച്ചു മൂടുകയാണ് പതിവ്. ഇതിനു മേൽനോട്ടം വഹിയ്ക്കാൻ ആരുമില്ല താനും. ഇത് മണ്ണിനേയും ജലത്തേയും ദുഷിപ്പിയ്ക്കുന്നു. പലയിടത്തും ലഭ്യമായ അല്പ ജലത്തിൽ കടുത്ത അരുചി അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഇത്തരം മലിനീകരണങ്ങളുടെ പ്രത്യാഘാതങ്ങൾ പുറത്തു വരാൻ തുടർച്ചയായ കോഴി കൃഷി തുടങ്ങി രണ്ടോ മൂന്നോ വർഷങ്ങളെങ്കിലും എടുക്കും എന്നതും പ്രത്യാഘാതങ്ങൾ ആരംഭിച്ചു കഴിഞ്ഞാൽ അനേക വർഷങ്ങൾ അവ നീണ്ടു നിൽക്കും എന്നതും പ്രശ്നങ്ങൾ ഗുരുതരമാക്കുന്നു. പഞ്ചായത്തും വെറ്ററിനറി സർജനും സ്വന്തം നിലയ്ക്കു ഇത്തരം കോഴി വളർത്തു കേന്ദ്രങ്ങളെ നിയന്ത്രിയ്ക്കാൻ നടപടി സ്വീകരിയ്ക്കേണ്ടത് നാടിന്റെ ആവശ്യമാണ്.
പല കോഴിവളർത്തു കേന്ദ്രങ്ങളുടേയും പരിസരത്തു കൂടി നടക്കാൻ പോലും കഴിയാത്ത അത്ര നാറ്റമുണ്ട്. നാട്ടുകാരുടെ പരിസരം നാറ്റിയ്ക്കാൻ കോഴിവളർത്തുകാരെ പ്രോത്സാഹിപ്പിയ്ക്കുന്ന അധികാരികളുടെ അനാസ്ഥയ്ക്കാണ് യഥാർത്ഥ കോഴിക്കാഷ്ഠത്തിന്റെ നാറ്റമുള്ളത്. ആ നാറ്റത്തിൽ നിന്നും അവർ പുറത്തു വരുന്നത് തന്നെയാണ് അവർക്കു നല്ലത്.
ഗ്രാമങ്ങളേക്കാൾ മാലിന്യം കൊണ്ട് ചീഞ്ഞു നാറുന്നത് നഗരങ്ങൾ തന്നെയാണ്, പരിസരം ശുചീകരിയ്ക്കുന്നതിൽ കാക്കകളേപ്പോലെ നല്ലൊരു പങ്ക് കോഴികൾക്കും ഉണ്ട്. പക്ഷേ അതിനു അവയെ തുറന്നു വിടണം. പരിസരം ശുചീകരിയ്ക്കുന്ന കോഴികളെ നിഷ്ഠൂരമായി കൂട്ടിലിട്ടു വളർത്തുന്ന രീതി പുതിയ മാലിന്യ മലയേ സൃഷ്ടിയ്ക്കൂ.
സർക്കാർ ഈ ഗ്രാമങ്ങളിൽ കൊണ്ടു വന്നു തള്ളാനുദ്ദേശിയ്ക്കുന്ന കോഴികളെ സ്വതന്ത്രമായി നമ്മുടെ കോർപ്പറേഷനുകളിൽ ഇറങ്ങി നടക്കാൻ അനുവദിയ്ക്കട്ടെ. മാലിന്യമലകൾ പതുക്കെ ചെറുതാകുന്നതായി കാണാം. പക്ഷേ നമ്മുടെ നാട്ടുകാരല്ലേ, എപ്പോ കട്ടു കറി വച്ചു എന്നു പറഞ്ഞാൽ മതിയാകും അല്ലേ?
എഡിറ്റർ
No comments:
Post a Comment