പോട്ട പനമ്പിള്ളി ജംഗ്ഷനിൽ അപകട മരണങ്ങൾ സർവസാധാരണമായിരിക്കുന്നു. നാഷണൽ ഹൈവേ അധികാരികൾ ആവശ്യത്തിനു സൂചന ബോർഡുകളോ സിഗ്നലുകളോ ഇതുവരെ മതിയായ രീതിയിൽ സ്ഥാപിച്ചിട്ടുമില്ല. ജനങ്ങളെ ബോധവത്കരിക്കുന്ന പോലീസ് ഇതുവരെ ഹൈവേ നിർമ്മാണ കമ്പനിക്കാരേയോ സർക്കാർ ഏജൻസികളേയോ ബോധവത്കരിക്കാൻ ഒന്നും ചെയ്തിട്ടുമില്ല. ഈ മരണദൂതന്മാരുടെ മനപ്പൂർവ്വമായ ഉപേക്ഷ കാരണം നാഷണൽ ഹൈവേ നിർമ്മാണ പ്ലാനിൽ കടന്നു കൂടിയ അപാകതകൾക്ക് നരഹത്യക്കു കേസ്സെടുക്കേണ്ടതായിരുന്നുവെങ്കിലും അതൊന്നും പോലീസു ബുദ്ധിയിൽ ഉദിക്കുകയില്ല, എന്നു മാത്രമല്ല ഇത്തരം വല്ല കാര്യങ്ങളും ചെയ്യണമെന്നു വല്ല പത്രക്കാരോ മറ്റോ പറഞ്ഞു പോയാൽ അവരെ ഉപദ്രവിക്കുവാൻ അശേഷം മടിക്കുകയുമില്ല എന്നു വന്നുമിരിക്കുന്നു.
അപ്പോളോ ടയേഴ്സിലെ ജീവനക്കാരൻ പേരാമ്പ്ര തകിടിയേൽ ജോസഫ് (57) നാഷണൽ ഹൈവേയിലെ റോഡരികിൽ ബൈക്കു നിറുത്തി മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടു നിൽക്കുമ്പോൾ വടക്കു നിന്നും ലോഡുമായി വന്ന ലോറി ഡിവൈഡറിൽ വന്നിടിച്ച് ബൈക്കു തകർത്ത് ജോസഫിന്റെ തലയിലൂടെ കയറി പോയി നിൽക്കുകയായിരുന്നു. ക്രയിൻ ഉപയോഗിച്ച് ലോറി മാറ്റി മൃതദേഹം പുറത്തെടുക്കുന്നതിന്റെ ചിത്രമെടുക്കാൻ ശ്രമിച്ച ദീപിക പത്രപ്രവർത്തകൻ സി.കെ. പോളിന്റെ ക്യാമറ പിടിച്ചു വാങ്ങുകയായിരുന്നു പോലീസ് സർക്കിൾ ഇൻസ്പെക്ടർ സാജൻ കോയിക്കൽ ചെയ്തതത്രേ.
ക്ഷേത്രോത്സവത്തിനു ശേഷം ആന വിരണ്ടോടുന്നതിന്റെ ചിത്രം എടുക്കുകയായിരുന്ന ജനയുഗത്തിന്റെ ബിജു സ്നേഹപുരത്തേയും മാധ്യമത്തിന്റെ മധു ഒമ്പതുങ്ങലിനേയും വരന്തരപ്പിള്ളി പോലീസ് സബ് ഇൻസ്പെക്ടർ മർദ്ദിച്ചെന്നാണ് മറ്റൊരു സമാന ആരോപണം.
സമാനമായ പത്രമാരണ നടപടികൾ മെഡിക്കൽ കോളേജ് ആശുപത്രികളിലും അരങ്ങേറുന്നുണ്ട്. രോഗികളോടുള്ള ക്രൂരമായ അവഗണനയ്ക്കും വേദനാജന്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതിൽ കുപ്രസിദ്ധി തന്നെ ആർജ്ജിച്ചിട്ടുള്ള തൃശ്ശൂർ മെഡിക്കൽ കോളേജിൽ നടന്ന മനുഷ്യാവകാശ ധ്വംസനങ്ങളെ പത്രവാർത്തകളിലൂടെ ജനമധ്യത്തിലെത്തിക്കാൻ പലവട്ടം കഴിഞ്ഞിട്ടുണ്ട്. അതിനു തടയിടാൻ എന്തായാലും മെഡിക്കൽ കോളേജിൽ ഫോട്ടോ വീഡിയോ ചിത്രീകരണം തടഞ്ഞു കൊണ്ടുള്ള അധികാരികളുടെ തീരുമാനത്തിനു കഴിഞ്ഞേക്കും. ദുരിതമനുഭവിക്കുന്നവരുടെ ദു:ഖം ഒരു വക സാഡിസ്റ്റ് മനോഭാവത്തോടെ നിസ്സംഗമായി നോക്കിക്കാണുന്ന തല്പര കക്ഷികളായ ചിലർ ആണു ഈ ഫോട്ടോ വീഡിയോ ചിത്രീകരണ നിരോധനത്തിനു പുറകിലെന്നു വേണം കരുതാൻ. പ്രത്യേകിച്ചും മരുന്നുകളും മാലിന്യവും വരാന്തകളിൽ കുന്നുകൂടാൻ അനുവദിക്കുന്നവർ.