ഡോ: ബാബു എം.എൻ.
പരിണാമവാദിയായ അനക്സിമാൻഡർ ഗ്രീക്ക് ദാർശനികനും ജ്യോതിശ്ശാസ്ത്രജ്ഞനുമായിരുന്നു. നിഴലിന്റെ നീളമളന്ന് സമയം നിശ്ചയിക്കുന്ന സൂര്യ ഘടികാരം ഗ്രീസിൽ ആദ്യമായി ഉപയോഗത്തിൽ കൊണ്ടു വന്ന അദ്ദേഹം തന്നെയാണ് കരയും കടലും ഉൾക്കൊള്ളുന്ന ഒരു ഭൂപടം ആദ്യമായി നിർമ്മിച്ചതെന്നും കരുതപ്പെടുന്നു. സൌരായന രേഖയ്ക്കു ചരിവുണ്ടെന്നും ചന്ദ്രൻ സൂര്യന്റെ പ്രകാശം പ്രതിബിംബിപ്പിക്കുകയാണെന്നും അദ്ദേഹം കണ്ടെത്തി. ഭൂമി സിലിണ്ടർ ആകൃതിയിലാണെന്നു വിശ്വസിച്ച അദ്ദേഹം അതിന്റെ ആഴം വീതിയുടെ മൂന്നിലൊന്നാണെന്നും സിദ്ധാന്തിച്ചു. ഭൂപട നിർമ്മാണ ശാസ്ത്രത്തിനു അടിത്തറയിട്ട അനക്സിമാൻഡർ മിലെറ്റസ് എന്ന പുരാതന നാമമുള്ള തുർക്കിയിലാണ് ജനിച്ചതെന്നു കരുതപ്പെടുന്നു.
സകലവും ജലത്തിൽ നിന്നുത്ഭവിച്ചു എന്ന ഥെയിത്സിന്റെ സിദ്ധാന്തത്തെ ജലം എപ്പോളും നനവുള്ളതാണ്, നനവില്ലാത്തവ ഉണ്ടായത് അതിനാൽ ജലത്തിൽ നിന്നു മാത്രമല്ല എന്ന നിഗമനത്താൽ അദ്ദേഹം നിഷേധിച്ചു.
ഥെയിത്സ് സിദ്ധാന്തിച്ച പൃഥ്വ്യപ്തേജോവായൂക്കളായ ചതുർഭൂതങ്ങൾക്ക് അടിസ്ഥാനമായി അനിർവചനീയമായ ഒരേ ഒരു പദാർത്ഥം മാത്രമേ ഉള്ളൂ എന്നു അദ്ദേഹം പഠിപ്പിച്ചു. പ്രകൃതി പ്രതിഭാസങ്ങളുടെ ഉത്ഭവങ്ങൾക്ക് ഐതിഹാസികമായ കഥകളല്ല പ്രാതിഭാസികം തന്നെയായ വിശദീകരണങ്ങൾ വേണ്ടതുണ്ട് എന്നു അദ്ദേഹം ശഠിച്ചു. ആർദ്രമായ ഒരു അവസ്ഥയിൽ നിന്നാണു ജീവൻ രൂപം കൊണ്ടതെന്നും മനുഷ്യൻ മത്സ്യത്തിൽ നിന്നും പരിണമിച്ചുണ്ടായതാണെന്നും തന്റെ കാവ്യാത്മകമായ പ്രകൃതിയെക്കുറിച്ച് എന്ന കൃതിയിലൂടെ അദ്ദേഹമാണു ആദ്യമായി പ്രസ്താവിച്ചത്.
മത്സ്യ സദൃശ്യമായ ജീവജാലങ്ങൾ ഭൂഗോളഠിലെ ഊഷ്മാവു വർദ്ധിച്ചപ്പോൾ മനുഷ്യന്റെ ഭ്രൂണങ്ങൾ അകത്തൊളിപ്പിച്ച് കരയ്ക്കു കയറിയത്രേ. മനുഷ്യനിണങ്ങും വണ്ണം കാലാവസ്ഥ മാറി വന്നപ്പോൾ ചിതമ്പലുകൾ പൊഴിച്ച് മത്സ്യം മനുഷ്യനായി.
ഡാർവിന്റെ പരിണാമസിദ്ധാന്തം അതിനാൽ ആദ്യത്തേതെന്നു പറഞ്ഞുകൂടാ. അദ്ദേഹത്തിന്റെ അർഹതയുള്ളതു അതിജീവിക്കും എന്ന സിദ്ധാന്തത്തിനു സമാനമായിരുന്നു ഗ്രീക്കു ദാർശനികനായ ഹെറാക്ലീറ്റസിന്റെ സകല ജീവജാലങ്ങളും പരസ്പരം മത്സരിക്കുന്നു എന്ന സിദ്ധാന്തവും.
No comments:
Post a Comment