കെ.ജി.ശശി
(സഹായികൾ : ഡോ : ബാബു എം.എൻ., അനീഷ് പി.ബി.)
സമീപകാല പ്രാദേശിക ചരിത്ര രചനയ്ക്കു ഓടുകളുടെ ചരിത്രവും ഒരു മുതൽക്കൂട്ടാണ്. ഒരു കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളുടെ ഏകദേശ കാലം തിട്ടപ്പെടുത്താനും അത്തരം സ്ഥാപനങ്ങളുടെ ആപേക്ഷികമായ സാമ്പത്തിക സ്ഥിതി തിട്ടപ്പെടുത്താനും ജില്ലകൾ തമ്മിലും സംസ്ഥാനങ്ങൾ തമ്മിലുമുള്ള വ്യാപാര ബന്ധങ്ങൾ തിട്ടപ്പെടുത്താനും ഓരോരോ കാലത്തെ വ്യാപാരത്തിന്റേയും സാങ്കേതിക വിദ്യയുടേയും നിലവാരം വിലയിരുത്താനും മറ്റും പലവിധത്തിൽ ഓടുകളുടെ ചരിത്രം പ്രയോജനപ്പെട്ടേക്കാം.
മറ്റൂർ വെള്ളമാൻ തുള്ളി ശിവക്ഷേത്രം
കാലടിയ്ക്കടുത്ത മറ്റൂരിലെ ഐതിഹ്യ പ്രധാനമായ വെള്ളമാൻ തുള്ളി ശിവ ക്ഷേത്രത്തിലെ ഓടുകൾ വളരെ പഴയതാണ്. 1868ലെ ആൽബുക്വർക്ക് ആന്റ് സൺസ് ഓടുകൾ ഇപ്പോളും ഈ ക്ഷേത്രത്തിൽ ധാരാളമുണ്ട്. ആയിനം ഓടുകളിൽ ചിലതിൽ 1868 നു മുമ്പത്തെ വർഷങ്ങളും കാണപ്പെടുന്നുണ്ട്. അത് കാലക്രമത്തിൽ അക്ഷരം മാഞ്ഞു പോയതു കൊണ്ടായിരിയ്ക്കാനേ ഇടയുള്ളൂ. എന്തെന്നാൽ ആൽബുക്വർക്ക് ആന്റ് സൺസ് എന്ന സ്ഥാപനം ഓട്ടു കമ്പനി തുടങ്ങിയത് 1868ൽ മാത്രമാണ്. എന്നാൽ വൻ തോതിൽ ഓട് നിർമ്മാണം തുടങ്ങുന്നതിനു മുന്നോടിയായി ഏതാനും വർഷങ്ങളിൽ അവർ ചെറിയ തോതിൽ ഓടുകൾ ഉണ്ടാക്കി പരിശീലിച്ചിരിയ്ക്കാനും ഇടയുണ്ട്. അത്തരം ഓടുകളിൽ ചിലത് വെള്ളമാൻ തുള്ളിയിൽ എത്തിയിരിയ്ക്കാനും മതി.
മറ്റൂർ തൃക്കയിൽ ശിവക്ഷേത്രം
മറ്റൂരിലെ തന്നെ തൃക്കയിൽ ശിവക്ഷേത്രത്തിലും 1868 ലെ ആൽബുക്വർക്ക് ആന്റ് സൺസ് ഓടുകളും അതിനു ശേഷമുള്ള ഏതാനും മാംഗളൂർ ഓടുകളും കാണാനുണ്ട്. പക്ഷേ വെള്ളമാൻ തുള്ളിയിലാകട്ടെ തൃക്കയിലാകട്ടെ ബേസൽ മിഷൻ ഓടുകൾ ഒന്നും കാണാനുമില്ല. അവയിൽ പിന്നീട് പ്രധാനാമായും 1896 ലെ മണലി ഓടുകളാണ് പ്രധാനമായും കാണുന്നത്.
ചേരൻ മഹാദേവി റെയിൽവേ സ്റ്റേഷൻ
തിരുനൽവേലി ആൾവാർ കുറിച്ചി റൂട്ടിലുള്ള ചേരൻ മഹാദേവി റെയിൽ വേ സ്റ്റേഷനിൽ 1865 ലെ ബേസൽ മിഷൻ കോമൺവെൽത്ത് ഓടുകൾ ഇപ്പോളും നിലവിലുണ്ട്. ഒരു പൊതു സ്ഥാപനത്തിൽ നിലനിൽക്കുന്ന ആധുനിക രീതിയിലുള്ള ഏറ്റവും പഴക്കമുള്ള ഓട് ഇവിടത്തേതാണെന്നും ചിലർ അവകാശപ്പെടുന്നു. വെള്ളമാൻ തുള്ളിയിലും തൃക്കയിലും ഇപ്പോൾ ഉള്ളത് 1868ലെയാണ്. 1865 ലെ ഓടുകൾ കാണുന്നത് നിർമ്മാതാവിന്റെ കമ്പനി സ്ഥാപിച്ച വർഷത്തിലും മുമ്പാകയാൽ സംശയാസ്പദമാണ്.
സാമ്പാളൂർ പള്ളിയോടു ചേർന്നുള്ള ചരിത്ര മ്യൂസിയം
തൃശ്ശൂർ ജില്ലയിലെ കാടുകുറ്റിയ്ക്കടുത്ത സാൻ പോളൂർ എന്ന സാമ്പാളൂരിലെ പള്ളിയോടു ചേർന്ന മ്യൂസിയത്തിൽ അവിടത്തെ പൊളിഞ്ഞു പോയ രണ്ടു പള്ളികളുടെ അവശിഷ്ടങ്ങൾ സുക്ഷിച്ചിട്ടുള്ളവയിൽ പുരാതന കേരള രീതിയിലുള്ള പുതയോടുകളും ആധുനിക രീതിയിലുള്ള ബേസൽ മിഷൻ ഓടുകളും ബേസൽ മിഷൻ മലബാർ കോസ്റ്റിന്റെ പ്രകാശം കടത്തി വിടുന്ന ഓടുകളും ഉൾപ്പെടുന്നു. ഇത്തരം ട്രാൻസ്പരന്റ് ഓടുകളിൽ സംരക്ഷിയ്ക്കപ്പെട്ട ഇത്രയും പഴയ ഓടുകൾ മറ്റെവിടെയെങ്കിലും ഉണ്ടോ എന്നറിയുന്നില്ല.
മേലൂരിലെ നെറ്റിക്കാടൻ ചാക്കുര്യയുടെ വീട്
1892ൽ പണിത മേലൂർ നെറ്റിക്കാടൻ പുഞ്ചയിൽ ചാക്കുര്യയുടെ വീട്ടിൽ 1896 ലെ മണലി ഓടുകൾ ധാരാളം കണ്ടെത്തി. അതിലും പഴക്കമുള്ള നെറ്റിക്കാടൻ ജർമ്മൻ ജോസിന്റെ വീട്ടിലും ഇത്തരം ഓടുകൾ ധാരാളമുണ്ട്.
മംഗളൂരുവിലെ ബേസൽ മിഷൻ ടൈൽ ഫാക്ടറി
1860ൽ ബേസൽ മിഷൻ മംഗള്ളൂരുവിൽ ഇന്ത്യയിലെ ആദ്യ ടൈൽ ഫാറ്റ്കറി സ്ഥാപിച്ചു എന്നും അതല്ല 1865ൽ മാത്രമേ ഫാക്ടറിയിൽ ഉല്പാദനം തുടങ്ങിയുള്ളൂ എന്നും പക്ഷാന്തരങ്ങൾ ഉണ്ട്. 1865നു മുമ്പുള്ള ബേസൽ മിഷൻ ഓടുകൾ ഇനിയും കണ്ടു കിട്ടിയിട്ടില്ലാത്ത സാഹചര്യത്തിൽ രണ്ടും ശരിയായിരിയ്ക്കാനേ ഇടയുള്ളൂ.
മലപ്പുറം ജില്ലയിലെ കൊടക്കലിലെ ബേസൽ മിഷൻ ടൈൽ ഫാക്ടറി
ബേസൽ മിഷൻകാർ 1887ൽ മലപ്പുറം ജില്ലയിലെ കൊടക്കലിൽ സ്ഥാപിച്ച ബേസൽ മിഷൻ ടൈൽ ഫാക്ടറി കേരളത്തിലെ ആദ്യത്തെ ടൈൽ ഫാക്ടറി ആണെന്നും അത് ഇന്ത്യയിലെ തന്നെ രണ്ടാമത്തെ ടൈൽ ഫാക്ടറിയാണെന്നും ചിലർ വാദങ്ങൾ ഉന്നയിച്ചു കാണുന്നുണ്ട്. ഇവയിൽ ഒന്നാമത്തെ വാദം ശരിയായിരിയ്ക്കാമെങ്കിലും ഇന്ത്യയിലെ രണ്ടാമത്തെ ഓട്ടുകമ്പനി അതല്ല. പെജാവാറിലെ അലെക്സ് പൈ എന്ന ആൽബുക്വർക്ക് കർണ്ണാടകയിലെ മാംഗളൂരിലെ നന്ദവാറിൽ ഒരു ഓട്ടുകമ്പനി ആരംഭിച്ചിരുന്നു. മാംഗളൂരിൽ തന്നെ 1878ൽ അൽ വാരെസ് ടൈൽ ഫാക്ടറിയും ആരംഭിച്ചിരുന്നു. കൊല്ലം കുണ്ടറയിലും ഒരു ആദ്യകാല കളിമൺ വ്യവസായം തുടങ്ങിയിരുന്നുവത്രേ. ബേസൽ മിഷൻ 1905ൽ ഫെറോക്കിലും ഒരു ഓട്ടു കമ്പനി സ്ഥാപിച്ചു. (വിശദാംശങ്ങൾക്ക് ക്ലിക്ക് ചെയ്യുക)
പുരാതന രീതിയിലെ ഓടു മേച്ചിൽ
ഒന്നിനു മീതെ മറ്റൊന്നായി എണ്ണമറ്റ വളഞ്ഞ കളിമൺ പാളികൾ അടുക്കി വച്ച നിലയിൽ ആയിരുന്നു പഴയ കാലത്തെ ഭാരതീയ മേച്ചിലോടുകൾ. അവയുടെ നിർമ്മാണത്തിനു യന്ത്ര സഹായം ആവശ്യമായിരുന്നില്ല. എന്നാൽ ധാരാളം സമയവും അസംസ്കൃത വസ്തുക്കളും ഉപയോഗിയ്ക്കേണ്ടി വരുമായിരുന്നു. മേൽപ്പുരയ്ക്കു അതിയായ ഭാരവും താങ്ങേണ്ടി വരുമായിരുന്നു.
പുതയോടു മേച്ചിൽ
പിന്നീട് നിശ്ചിതമായ ആകൃതിയും വലിപ്പവുമുള്ള പുതയോടുകൾ നിലവിൽ വന്നു. അടിയിലെ നിര മലർത്തിയും മുകളിലെ നിര കമഴ്ത്തിയും ഓട് അടുക്കുന്ന ഈ രീതിയിൽ പ്രതലത്തിന്റെ രണ്ടിരട്ടി വിസ്തീർണ്ണത്തിലധികം ഓടു വേണ്ടി വരുമായിരുന്നു. അതു പോലെ തന്നെ ഓടുകൾ വഴുതി വീഴുന്നതിനും സാധ്യത കൂടുതൽ ഉണ്ടായിരുന്നു.
പുതയോടു മേച്ചിൽ ഇറഭാഗം
ഇറയിലേയ്ക്കെത്തുപ്പോൾ ഓരോ നിരയും പിടിച്ചു നിറുത്തുന്നതിനുള്ള സംവിധാനവും ഇവിടെ അത്യാവശ്യമായിരുന്നു. ഓടുകൾ വഴുതി പോകാതിരിയ്ക്കാനും അവയെ പരസ്പരം ബന്ധിപ്പിയ്ക്കാനും മറ്റുമായി പുതയൽ ഓടുകളോട് ചേർന്ന് വീതി കുറഞ്ഞതും ഒരറ്റം വളഞ്ഞതും മറ്റേ അറ്റം കൂർത്തതുമായ മാറോട് എന്ന ഒരിനം ചെറു ഓടുകളും ഉപയോഗിച്ചു വന്നിരുന്നു.
സാമ്പളൂർ പള്ളിയിലെ പതിനേഴാം നൂറ്റാണ്ടിലെ പുതയോടുകളുടേയും മാറോടുകളുടേയും അവശിഷ്ടങ്ങൾ പള്ളിയോടനുബന്ധിച്ച മ്യൂസിയത്തിൽ സൂക്ഷിച്ചത്
സാമ്പളൂരിലെ ഒന്നാമത്തെ പള്ളിയിൽ പൂർണ്ണമായും രണ്ടാമത്തെ പള്ളിയിൽ ഭാഗികമായും ഇത്തരം ഒരു സംവിധാനം ഉണ്ടായിരുന്നു. 1879-80 കാലത്തെ ടിപ്പുവിന്റെ ആക്രമണത്തെ പ്രതിരോധിച്ച നെടുങ്കോട്ടയിലെ വട്ടക്കോട്ടകളിൽ ചിലതിൽ നിന്നും ഇത്തരം ഓടുകളുടെ കഷണങ്ങൾ ഇപ്പോളും ലഭിച്ചു വരുന്നുമുണ്ട്.
സാമ്പളൂർ പള്ളിയിലെ പതിനേഴാം നൂറ്റാണ്ടിലെ പുതയോടുളോടു ചേർത്ത് ഉപയോഗിയ്ക്കുന്ന മാറോട്
പള്ളിയോടനുബന്ധിച്ച മ്യൂസിയത്തിൽ സൂക്ഷിച്ചത്
പുതയൽ ഓടുകൾക്കു ശേഷം ചെറു യന്ത്രങ്ങളുടെ സഹായത്തോടെ പാത്തി ഓടുകൾ നിർമ്മിയ്ക്കാൻ തുടങ്ങി. പാത്തിയോടുകളുടെ പ്രതലങ്ങൾ വക്രമല്ലാതെ ഒരേ നിരപ്പിൽ സ്ഥിതി ചെയ്തിരുന്നതിനാൽ സങ്കീർണ്ണമല്ലാത്ത ഒരച്ചിൽ ഒരേ വലുപ്പത്തിൽ അവ വാർത്തെടുക്കാൻ കഴിയും. കൂടാതെ മരപ്പണി ചെയ്ത മേൽക്കൂരകളിൽ പിടിച്ചു നിറുത്തുന്നതിനു അവയ്ക്ക് മുകളിലായി രണ്ടു പിടുത്തങ്ങളും ഉണ്ടായിരുന്നു. എങ്കിലും അവ സുരക്ഷിതമായിരുന്നില്ല. പക്ഷേ പുതയൽ ഓടുകളുടെ നിരകൾ യോജിയ്ക്കുന്നിടത്ത് പാത്തിയോടുകൾ അതീവ കൃത്യതയോടെ അവയെ പിടിച്ചു നിറുത്തി. അങ്ങനെ പിൽക്കാല മൂലയോടുകൾക്കും അവ മാതൃകയായി.
കേരളത്തിൽ ബേസൽ മിഷൻ ഓടുകൾ നിലവിൽ വരുന്നതിനു മുമ്പു തദ്ദേശീയമായി ഉപയോഗിച്ചിരുന്ന പാത്തിയോട്
വെള്ളം ഒഴുക്കി കളയുവാനുള്ള സംവിധാനത്തോടെ അച്ചുകളിൽ യന്ത്ര സഹായത്തോടെ നിർമ്മിയ്ക്കാവുന്ന ബേസൽ മിഷന്റെ ഓടുകൾ ഭാരം കുറഞ്ഞവയും ലളിതവും ആപേക്ഷികമായി വളരെ കുറച്ചു മാത്രം ഉപയോഗിച്ചാൽ മതിയാകുന്നതും ആകയാൽ അതിനു വളരെ വേഗം പ്രചാരം ലഭിച്ചു. ബേസൽ മിഷൻകാർ അതു വരെ കാളവണ്ടികളിലും മറ്റുമായി വിതരണം ചെയ്തിരുന്ന ഓടുകൾ ട്രക്കുകളിൽ വിതരണം ചെയ്തതോടെ വ്യവസായം വൻ കുതിച്ചു ചാട്ടം ഉണ്ടാക്കി. ഇന്നത്തെ മഹാരാഷ്ട മുതൽ കന്യാകുമാരി വരെയുള്ള പ്രദേശത്തു മാത്രമല്ല പൂർവേഷ്യൻ രാജ്യങ്ങളിലേയ്ക്കും ആഫ്രിക്ക യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലേയ്ക്കും മംഗലാപുരത്തു നിന്നും ഓടുകൾ കയറ്റി അയയ്ക്കാനും കഴിഞ്ഞു.
1865ലെ ബേസൽ മിഷൻ കോമൺവെൽത്ത് ട്രസ്റ്റ് ഓട്
തിരുനൽവേലിയ്ക്കടുത്തുള്ള ചേരൻ മഹാദേവി റെയിൽവേ സ്റ്റേഷനിൽ
ചേരൻ മഹാദേവി റെയിൽവേ സ്റ്റേഷനിലെ 1865ലെ ബേസൽ മിഷൻ കോമൺ വെൽത്ത് ട്രസ്റ്റിന്റെ ഓടുകൾ പേറ്റന്റോടെയാണു ഇറങ്ങിയത്. അതിനു ആധുനിക കാല ഓടുകളുമായി അന്യാദൃശമായ സാമ്യമുണ്ട്. ആദ്യകാലത്ത് ബേസൽ മിഷൻകാർ ഇറക്കിയ ഓടുകളിലെ ജർമൻ സ്വാധീനമുള്ള ഇംഗ്ലീഷ് സ്പെല്ലിംഗുകളിൽ നിന്നും തുലോം മെച്ചപ്പെട്ട അക്ഷരവും അച്ചുമാണ് ചേരൻ മഹാദേവൻ റെയിൽവേ സ്റ്റേഷനിലെ ഓടുകൾക്കുള്ളത്. 1865 എന്ന വർഷം നിർമ്മാണ കാലമല്ല, മറിച്ച് ബേസൽ മിഷനു പേറ്റന്റു കിട്ടിയ വർഷമായ 1865 നെ മാത്രമാണു സൂചിപ്പിയ്ക്കുന്നതെന്നു വരാം. 1853ൽ ബോംബൈയിൽ നിന്നും താനെ വരെ ആരംഭിച്ച ഇന്ത്യൻ റെയിൽവേ തമിഴ്നാട്ടിലെ തെക്കേ അറ്റത്തിനടുത്തുള്ള അപ്രധാനമായ ഒരു റെയിൽവേ സ്റ്റേഷൻ 1865 ൽ തന്നെ ഓടു മേഞ്ഞു എന്നത് തീർത്തും വിശ്വസനീയമല്ല.
1865ലെ ബേസൽ മിഷൻ ഓട്
പിന്നെ 1865 ലെ ഈ ഓടിന്റെ അർത്ഥം എന്തായിരിയ്ക്കണം? നമുക്ക് ബേസൽ മിഷന്റെ ആദ്യകാലത്തെ മറ്റു ഓടുകളിലേയ്ക്ക് തിരിയാം. സാമ്പാളൂർ പള്ളിയിൽ സൂക്ഷിച്ചിരിയ്ക്കുന്ന ആദ്യകാല ബേസൽ മിഷൻ ഓടുകളിൽ ഒന്നിൽ ബേസൽ മിഷൻ ഓട്ടുകമ്പനിയുടെ പേരു ഇങ്ങനെ കാണുന്നു, “BASLE-MISSION TILING WORKS" 1895 ലെ മറ്റൊരു ബേസൽ മിഷൻ ഓടിലെ എഴുത്ത് മറ്റൊരു വിധത്തിലാണ്, “BISEL-MISSION TILE WORKS MANGALORE 1895” എന്നാൽ ചേരൻ മഹാദേവി സ്റ്റേഷനിലെ ഓടിലെ എഴുത്ത് ഇങ്ങനെയാണ്, “BASEL MISSION THE COMMON WEALTH TRUST LTD PATENT 1865”
റെയിൽവെ ഛത്രപതി ശിവാജി ടെർമിനസ് പോലും 1868 ൽ സ്ഥാപിച്ച ആൽബുക്വർക്ക് ആന്റ് സൺസ് മാംഗലൂരിന്റെ ഓടുകളാണ് ഉപയോഗിച്ചിട്ടുള്ളത്. അപ്പോൾ അതിനും മുമ്പ്, ഒരു പക്ഷേ 1865ൽ സ്ഥാപിയ്ക്കപ്പെടുക കൂടി ചെയ്തിട്ടില്ലാത്ത ചേരൻ മഹാദേവി റെയിൽവേ സ്റ്റേഷനിലെ ഓടുകൾ 1865ലേതാകുവാൻ യാതൊരു സാധ്യതയും കാണുന്നില്ല. മാത്രമല്ല 1865ൽ ബേസൽ മിഷൻ ആകെ 3000 ഓടുകളേ നിർമ്മിച്ചിട്ടുള്ളൂ. അത് കർണ്ണാടകത്തിൽ നിന്നും നൂറു കണക്കിനു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ചേരൻ മഹാദേവിയിൽ പ്രതീക്ഷിയ്ക്കുകയും വയ്യ. റെയിൽ വേ ഒരു സർക്കാർ സ്ഥാപനമെന്ന നിലയിൽ ആദ്യമായി ഒരു സ്ഥാപനം ആരംഭിച്ച വർഷം തന്നെ പുതിയ ഒരിനം ഓടിനു ഓർഡർ കൊടുക്കാനും ഇടയില്ല. 1912ൽ മാത്രമേ ബേസൽ മിഷനെ മദ്രാസ് സർക്കാർ സർക്കാർ സപ്ലേ നടത്താൻ അർഹതപ്പെട്ട സ്ഥാപനമായി അംഗീകരിച്ചിട്ടുമുള്ളൂ. പിന്നെ നാം എന്തു മനസ്സിലാക്കണം? തെളിവു ഒന്നാം ലോക മഹാലോകയുദ്ധത്തിലാണു കിടക്കുന്നത്.
ബേസൽ മിഷൻ ജർമ്മൻ മിഷണറിമാരാൽ നിയന്ത്രിയ്ക്കപ്പെട്ടതായിരുന്നുവെന്നത് സുവിദിതമാണല്ലോ. 1914 ജൂലൈ 28നു ഒന്നാം ലോക മഹായുദ്ധം പൊട്ടി പുറപ്പെട്ടതിനെ തുടർന്ന് 1857 നു ശേഷം ഇന്ത്യയിൽ നേരിട്ടു ഭരണം ഉറപ്പിച്ചിരുന്ന ബ്രിട്ടീഷ് സർക്കാർ സകല ജർമൻ സ്ഥാപനങ്ങളും പിടിച്ചെടുക്കുന്ന കൂട്ടത്തിൽ ബേസൽ മിഷനും കണ്ടു കെട്ടി. പിന്നീടു 1918 നവംബർ 11 നു യുദ്ധം കഴിഞ്ഞപ്പോൾ ബ്രിട്ടീഷ് നിയന്ത്രിതമായ സ്ഥാപനങ്ങളായാണ് ജർമ്മൻകാർ നടത്തിയിരുന്ന ബേസൽ മിഷനും മറ്റു രൂപാന്തരം സംഭവിച്ചത്. യുദ്ധാനന്തരം ബേസൽ മിഷൻ സ്ഥപനങ്ങളുടെ നടത്തിപ്പിനായി രൂപീകരിയ്ക്കപ്പെട്ട ലണ്ടൻ ആസ്ഥാനമായ ബ്രിട്ടീഷ് നിയന്ത്രിത ട്രസ്റ്റാണ് കോമൺവെൽത്ത് ട്രസ്റ്റ് ലിമിറ്റഡ്. (വിശദാംശങ്ങൾക്ക് ക്ലിക്ക് ചെയ്യുക) അത് സ്വാഭാവികമായി 1919 ലേ രൂപീകരിയ്ക്ക പെട്ടിരിയ്ക്കുകയുള്ളൂ. ബേസൽ മിഷന്റെ കേരളത്തിലെ വസ്തുവകകൾ 1920ൽ കോമൺവെൽത്ത് ട്രസ്റ്റ് ലിമിറ്റഡ് ഏറ്റെടുത്തിരുന്നു എന്നു രേഖകൾ കാണുന്നുണ്ട്. ഇപ്പോൾ കോമൺവെൽത്ത് ട്രസ്റ്റിന്റെ കേരളത്തിലെ ആസ്തികൾ സർക്കാർ നേരിട്ട് ഏറ്റെടുക്കാനുള്ള നടപടികൾ നടന്നു വരികയാണ്. മേൽ കാരണങ്ങളാൽ ചേരൻ മഹാദേവി റെയിൽവേ സ്റ്റേഷനിലെ 1865 പേറ്റന്റ് ഓടുകൾ 1918 നു ശേഷം മാത്രം നിർമ്മിയ്ക്കപ്പെട്ടവയാണെന്നു തെളിയുന്നു.
1858 ലെ ആൽബുക്വർക്ക് ആന്റ് സൺസ്, മാംഗളൂർ ഓട്
ഇതിലെ 5 ഒരു പക്ഷേ അച്ചു പതിഞ്ഞതിലെ തെറ്റാകാം
കാലടി മറ്റൂരിലെ വെള്ളമാൻ തുള്ളി ശിവക്ഷേത്രത്തിലെ ഓടുകളിലൊന്നിൽ മാംഗളൂരിലെ ആൽബുക്വർക്ക് ആന്റ് സൺസിന്റെ 1858 ലെ ഒരു ഓടു കാണാം. ആൽബുക്വർക്ക് കമ്പനി 1868ൽ മാത്രം സ്ഥാപിയ്ക്കപ്പെട്ട ഒന്നാണെന്നു രേഖകളുണ്ട്. അതിനാൽ ഈ 1858 യഥാർത്ഥത്തിൽ 1868 ആകാം. അല്ലെങ്കിൽ ആൽബുക്വർക്ക് കമ്പനി വൻ തോതിൽ ഓടു നിർമ്മാണം തുടങ്ങിയതിനു മുമ്പ് ചെറിയ രീതിയിൽ നടത്തിയിരിയ്ക്കാവുന്ന പരീക്ഷണങ്ങളുടെ ഭാഗമായിരിയ്ക്കാം അത്.
1865 ലെ ആൽബുക്വർക്ക് ആന്റ് സൺസ്, മാംഗളൂർ ഓട്
ഇതിലെ 5 ഒരു പക്ഷേ അച്ചു പതിഞ്ഞതിലെ തെറ്റാകാം
വെള്ളമാൻ തുള്ളി ക്ഷേത്രത്തിലെ മറ്റൊരോടിൽ
മാംഗളൂരിലെ ആൽബുക്വർക്ക് ആന്റ് സൺസിന്റെ 1865 എന്ന വർഷം കാണാം. ഈ 1865 യഥാർത്ഥത്തിൽ 1885 ആകാം. അല്ലെങ്കിൽ മുമ്പു പറഞ്ഞ പോലെ ആൽബുക്വർക്ക് കമ്പനി വൻ തോതിൽ ഓടു നിർമ്മാണം തുടങ്ങിയതിനു മുമ്പ് നടത്തിയിരിയ്ക്കാവുന്ന പരീക്ഷണങ്ങളുടെ ഭാഗമായിരിയ്ക്കാം അതും.
1865 ലെ ആൽബുക്വർക്ക് ആന്റ് സൺസ്, മാംഗളൂർ ഓട്
എന്നാൽ വെള്ളമാൻ തുള്ളിയിലും മറ്റൂർ തൃക്കയിൽ ശിവക്ഷേത്രത്തിലും ധാരാളം 1868ലെ ആൽബുക്വർക്ക് ആന്റ് സൺസ് ഓടുകൾ ഉണ്ട്. അവയായിരിയ്ക്കാം കേരളത്തിൽ ഇപ്പോളും ഉപയോഗത്തിലിരിയ്ക്കുന്ന ഏറ്റവും പഴയ ഓടുകൾ. 1865ലെ ബേസൽ മിഷൻ ഓടുകൾ ഉപയോഗിച്ചു മേഞ്ഞിരുന്ന, 1866ൽ സ്ഥാപിച്ച ബാംഗളൂർ റിച്ച്മോണ്ട് റോഡിലെ കന്റോണ്മെന്റ് ഓർഫനേജ് എന്ന കത്തീഡ്രൽ ഹൈ സ്കൂളിലെ ഓടുകൾ ഇപ്പോളും നിലനിൽക്കുന്നില്ലെങ്കിൽ ഒരു പക്ഷേ ഭാരതത്തിലെ തന്നെ ഏറ്റവും പഴയ ഓടുകൾ വെള്ളമാൻ തുള്ളിയിലേയും തൃക്കയിലേയുമായിരിയ്ക്കാം. കത്തീഡ്രൽ ഹൈ സ്കൂൾ പുതുക്കി പണിയലിനു വിധേയമായ സ്ഥിതിയ്ക്ക് പ്രത്യേകിച്ചും.
കൂർഗ് ഹൊറൂർ എസ്റ്റേറ്റിലെ ഒരു തറയോട് ബേസൽ മീഷന്റെ 1865ലെ ഓടാണെന്ന ഒരു അവകാശ വാദം കണ്ടിട്ടുണ്ട്.(വിശദാംശങ്ങൾക്ക് ക്ലിക്ക് ചെയ്യുക) എന്നാൽ സൂക്ഷ്മമായി വീക്ഷിച്ചാൽ അത് 1865ലെ അല്ല, 1885 ലെ ആണെന്നു മനസ്സിലാകുന്നതാണ്. ചിത്രം കാണുക.
1868ലെ ആൽബുക്വർക്ക് ഓടുകൾക്കു ശേഷം ആൽബുക്വർക്ക് ആന്റ് സൺസിന്റെ പല കാലത്തുമുള്ള ഓടുകൾ കേരളത്തിൽ ലഭ്യമാണ്. പ്രത്യേകിച്ച് വെള്ളമാൻ തുള്ളിയിലും തൃക്കയിലും.
1885 ലെ ആൽബുക്വർക്ക് ആന്റ് സൺസ്, മാംഗളൂർ ഓട്
തൃക്കയിൽ ക്ഷേത്രത്തിലെ 1885ലെ ഒരു ആൽബുക്വർക്ക് ഓടാണു മുകളിൽ കണ്ടത്.
1889 ലെ ആൽബുക്വർക്ക് ആന്റ് സൺസ്, മാംഗളൂർ ഓട്
തൃക്കയിൽ ക്ഷേത്രത്തിലെ 1889ലെ ഒരു ആൽബുക്വർക്ക് ഓടാണു ഇപ്പോൾ കണ്ടത്.
1895 ലെ ബേസൽ മിഷൻ മാംഗളൂർ ഓട്
കൃത്യമായി വർഷം രേഖപ്പെടുത്തിയ ബേസൽ മിഷൻ മേച്ചിൽ ഓടുകൾ 1895 മുതലേ കാണപ്പെടുന്നുള്ളുവെന്നു തോന്നുന്നു. നിർമ്മാണ വർഷം രേഖപ്പെടുത്തിയ ഓടുകൾ ആദ്യമായി പുറത്തിറക്കിയത് ബേസൽ മിഷൻ അല്ല, ആൽബുക്വർക്ക് ആന്റ് സൺസ് ആയിരുന്നു എന്ന വസ്തുത ഈ ചിന്തയ്ക്കു ശക്തി പകരുന്നു.
1895 നും വളരെ മുമ്പിലത്തെ ബേസൽ മിഷൻ ഓട്
കൊത്തിയ വാക്കുകളുടെ സ്പെല്ലിംഗ് ഇതിൽ വളരെ വ്യത്യസ്തമാണ്.
കൊത്തിയ വാക്കുകളുടെ സ്പെല്ലിംഗ് ഇതിൽ വളരെ വ്യത്യസ്തമാണ്.
ബേസൽ മിഷനിലെ ജർമൻ മേധാവിത്വത്തിന്റെ ആരംഭകാലത്ത് അവർക്ക് ഉണ്ടായിരുന്ന ഇംഗ്ലീഷ് പരിജ്ഞാനത്തിന്റെ കുറവ് ചൂണ്ടിക്കാട്ടുന്നതാണ് മേൽ കാണിച്ച രണ്ടിനം ബേസൽ മിഷൻ ഓടുകളിലേയും സ്പെല്ലിംഗ് വൈവിധ്യങ്ങൾ. എങ്കിലും വർഷമില്ലാത്ത ബേസൽ മിഷൻ ടൈലിങ് വർക്സിന്റെ ഓടാണു പഴയത് എന്ന കാര്യത്തിൽ തർക്കമില്ല. അത് പഴയ സാമ്പാളൂർ പള്ളിയിൽ നിന്നാണു ലഭിച്ചത്. അതിനാൽ ലഭ്യമായ ബേസൽ മിഷൻ ഓടുകളിൽ ഏറ്റവും പഴയത് ഒരു പക്ഷേ ആ ഓടായിരിയ്ക്കാനും മതി. അതു പോലെ തന്നെ ഇന്ത്യയിലെ ഏറ്റവും പഴയ ട്രാൻസ്പരന്റ് ഓടും സാമ്പാളൂർ പഴയ പള്ളിയിലേതായിരിയ്ക്കണം. 1862ലെ വരാപുഴ ബിഷപ്പ് ആയിരുന്ന ബാർബദിനോസിന്റെ ഉത്തരവു പ്രകാരം പുതുക്കി പണിയാൻ തുടങ്ങിയ സാമ്പളൂർ സെന്റ് ഫ്രാൻസിസ് സേവ്യർ ചർച്ചിൽ ഉപയോഗിച്ച മേച്ചിലോടുകളാണ് വർഷം രേഖപ്പെടുത്താത്ത ബേസൽ മിഷൻ ടൈലിങ് വർക്സിന്റെ ഓട്. അതിനാൽ അത് 1865ലെ തന്നെ ബേസൽ മിഷൻ ഓടായിരിയ്ക്കാൻ വളരെ വലിയ സാധ്യതയാണുള്ളത്. ട്രാൻസ്പരന്റ് ഓടിൽ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായി മലബാർ കോസ്റ്റ് എന്നു രേഖപ്പെടുത്തിയിരിയ്ക്കുന്നത് കോടയ്ക്കൽ ഫാക്ടറിയെ തന്നെ സൂചിപ്പിയ്ക്കണമെന്നില്ല, കാരണം വിശാലാർത്ഥത്തിൽ മാംഗളൂരും മലബാർ കോസ്റ്റ് തന്നെ.
ബേസൽ മിഷൻ മലബാർ കോസ്റ്റിന്റെ പ്രകാശം കടത്തി വിടുന്ന ചില്ലോട്
1887ൽ സ്ഥാപിച്ച ബേസൽ മിഷന്റെ മലപ്പുറം ജില്ലയിലെ കൊടയ്ക്കൽ ഫാക്ടറിയാണു കേരളത്തിലെ ഓടു വ്യവസായത്തിനു വിത്തു പാകിയതെങ്കിലും തൃശ്ശൂർ ജില്ല ഇക്കാര്യത്തിൽ നൽകിയ സംഭാവന ചില്ലറയല്ല. 1896ൽ മണലി ടൈൽ ആന്റ് ബ്രിക്ക് വർക്സ് ട്രിച്ചൂർ എന്ന പേരിൽ ആമ്പല്ലൂരിനരികിലെ മണലിയിൽ സ്ഥാപിച്ച ഓട്ടു കമ്പനി ആയിരിയ്ക്കാം തൃശ്ശൂർ ജില്ലയിലെ ആദ്യ ഓട്ടു കമ്പനി. അവിടെ ആദ്യ വർഷം പുറത്തിറക്കിയ ഓടുകളിൽ ട്രിച്ചൂർ എന്നതിന്റെ സ്പെല്ലിംഗ് രണ്ടു വിധത്തിൽ ആയിരുന്നതിനാൽ ഒന്നിലധികം അച്ചുകൾ ഉപയോഗിച്ചായിരുന്നു ഉല്പാദനം എന്നും ഊഹിയ്ക്കാവുന്നതാണ്.
1896 ലെ മണലി ടൈൽ ആന്റ് ബ്രിക് വർക്കിന്റെ ഓട്
1896 ലെ മണലി ടൈൽ ആന്റ് ബ്രിക് വർക്കിന്റെ ഓട്
ഇതിലെ ട്രിച്ചൂർ എന്നതിന്റെ സ്പെല്ലിംഗ് ശ്രദ്ധിയ്ക്കുക
1896 ലെ മണലി ടൈൽ ആന്റ് ബ്രിക് വർക്കിന്റെ ഓട്
ഇതിലെ ട്രിച്ചൂർ എന്നതിന്റെ സ്പെല്ലിംഗ് ശ്രദ്ധിയ്ക്കുക
1902 ആയതോടെ മണലി സെന്റ് ജോസഫ്സ് ടൈലുകളും വിപണിയിൽ എത്തി. എന്നാൽ ഈ പേരു അത്ര പ്രസിദ്ധമാകാനിടയായില്ല. ഒരു പക്ഷേ പിന്നീട് ചാക്കോളാ ഡി.യുടെ മണലി സെന്റ് തോമാസ് ഓട്ടു കമ്പനി ആയി തീർന്നത് ഈ സ്ഥാപനമായിരിയ്ക്കാം.
1902 ലെ മണലി സെന്റ് ജോസഫ്സ് ഓട്
1865ലെയും മറ്റും ആദ്യകാല ബേസൽ മിഷൻ ഓടുകളുടെ ഘടനയിൽ നിന്നും തുലോം വ്യത്യസ്തമായിരുന്നു 1868ലെ ആൽബുക്വർക്ക് ആന്റ് സൺസിന്റെ ഓടുകൾ. തൃശ്ശൂർ ജില്ലയിലെ ഓട്ടു കമ്പനികൾ ആൽബുക്വർക്ക് മാതൃകയിലാണു ഓട് നിർമ്മിച്ചിരുന്നത്. എന്നാൽ ബേസൽ മിഷൻ അപ്പോളും സ്വന്തമായ ചില ഇനം ഓടുകൾ ഡിസൈൻ ചെയ്യുന്നത് തുടർന്നു വന്നു. യൂറോപ്യൻ മിഷണറി സ്വാധീനത്തിന്റെ മറവിൽ ബേസൽ മിഷനിൽ നിന്നും വിദേശങ്ങളിലേയ്ക്ക് ലക്ഷക്കണക്കിനു ഓടുകൾ കയറ്റി അയയ്ക്കുവാൻ തുടങ്ങി. 1905ൽ പോലും ബേസൽ മിഷൻ ആൽബുക്വർക്ക് മാതൃകയിലേയ്ക്ക് മാറിയിരുന്നില്ല. എങ്കിലും അവർ 1865 മുതൽ 1895 വരെ ഉപയോഗിച്ചിരുന്ന ആദ്യകാല ഓടുകളുടെ മാതൃക ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു. എന്നാൽ 1919ൽ കോമൺ വെൽത്ത് ട്രസ്റ്റ് ബേസൽ ഓടുകൾ പുറത്തിറക്കിയപ്പോൾ ആൽബുക്വർക്ക് മാതൃകയോടു വലുതായ സാദൃശ്യം ഉണ്ടായിരുന്നു.
1905 ലെ ബേസൽ മിഷൻ മാംഗളൂർ ഓട്
1906ലെ മണലിയിലെ അബ്രഹാംസ് ടൈൽ വർക്സ് വളരെ പേരെടുത്തിരുന്നു. മണലി ടൈൽ ആന്റ് ബ്രിക്സ് ഇതിനിടെ അപ്രസക്തമാകുകയോ പേരു മാറ്റുകയോ ചെയ്തിരിയ്ക്കണം.
1906ലെ മണലി അബ്രഹാംസ് ടൈൽ വർക്സ് ഓട്. ട്രിച്ചൂരിന്റെ സ്പെല്ലിംഗ് ശ്രദ്ധിയ്ക്കുക
ഇതിനിടെ കോഴിക്കോടും ഫെറോക്കിലും മറ്റും ഓടു വ്യവസായം തഴച്ചു വളർന്നിരുന്നു. ഫെറോക്ക് മോഡൽ ഓടുകൾ എന്ന പേരിൽ പിൽക്കാലത്ത് ദശകങ്ങളോളം പല കമ്പനികളിൽ നിന്നായി ഒരു പ്രത്യേക മോഡലും ഇറങ്ങിയിരുന്നു.
1906ലെ എബ്രഹാം ഓടും സയ്യദിന്റെ കാലിക്കറ്റ് ഓടും
1906 ലെ മണലി സെന്റ്. തോമാസ് ചാക്കോള ഡി. ഓട്
1906 ലെ മണലി സെന്റ് തോമാസ് ചാക്കോളാ ഡി.ഓട് പിന്നീട് ചാലക്കുടി പ്രദേശത്തിന്റെ വികസനത്തിനും വഴി വച്ചു. അതിലെ ചാക്കോള ഡി. ചാലക്കുടിയിലെ ആദ്യ ഓട്ടു കമ്പനിയായ ചാക്കോളാ ഡി. പൊറിഞ്ചുണ്ണീസ് ടൈൽ വർക്സ് സ്ഥാപിച്ചു.
1906 ലെ എബ്രഹാം ഓട്
കാലടി ശ്രീകൃഷ്ണക്ഷേത്രത്തിൽ 1906ലെ എബ്രഹാംസ് ഓടും 1909ലെ റപ്പായീസ് ഓടും ധാരാളമായി ഉപയോഗിച്ചു കാണുന്നുണ്ട്. എന്നാൽ അതിനു മുമ്പുള്ള ഓടുകൾ അവിടെ കാണാനും ഇല്ല. അതേ സമയം കാലടിയ്ക്കടുത്ത മറ്റൂരിലെ വെള്ളമാൻ തുള്ളിയും മറ്റൂരും ആദ്യകാല ഓടുകൾ തന്നെ മേഞ്ഞവയും ആയിരുന്നു. ശ്രീകൃഷ ക്ഷേത്രം അന്നു കാലത്ത് ഓടു മേഞ്ഞതായിരുന്നില്ലെന്നും 1910ൽ ശൃഗേരി ശങ്കരാചാര്യർ ശങ്കര ജന്മസ്ഥാനം കണ്ടെത്താനുള്ള ശ്രമത്തിൽ കാലടി ശ്രീകൃഷ്ണ ക്ഷേത്രം ശങ്കരന്റെ കുടുംബ ക്ഷേത്രമാണെന്നു പ്രഖ്യാപിച്ചു അറ്റകുറ്റപ്പണികൾ നടത്തിയ കൂട്ടത്തിൽ ഓടു മേഞ്ഞതാണ് കാലടി ശ്രീകൃഷ്ണ ക്ഷേത്രമെന്നും ഇതിൽ നിന്നു സിദ്ധിയ്ക്കുന്നുണ്ട്.
1909 ലെ ചെമ്പൂക്കാവ് റപ്പായീസ് ഓട്
ചാലക്കുടിയിലെ ചാക്കോള ഡി. പൊറിഞ്ചുണ്ണിയുടെ ഓട്ടു കമ്പനി ഇപ്പോൾ മുരിങ്ങൂരിൽ ബാർ ആക്കി മാറ്റിക്കൊണ്ടിരിയ്ക്കുന്ന ഓട്ടു കമ്പനി ആണെന്നു കരുതാവുന്നതാണ്. പിന്നീട് ചാക്കോളയുടെ കുടുംബത്തിലെ സി.പി. ലോനപ്പന്റെ പേരിലും ഓട്ടു കമ്പനി ഉണ്ടായി.
ചാലക്കുടിയിലെ പഴയ ചാക്കോള ഡി. പൊറിഞ്ചുണ്ണി ടൈൽ വർക്സ് ഓട്
1929ൽ ആമ്പല്ലൂരിൽ സ്ഥാപിച്ച ശ്രീകൃഷ്ണാ ഓട്ടു കമ്പനി ഇടക്കാലത്തു അടച്ചു പൂട്ടിയെങ്കിലും ഈയിടെ വീണ്ടും തുറന്നു പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്.
1929 ലെ ശ്രീ കൃഷ്ണാ ഓട്
തിരുവിതാംകൂർ ഭാഗത്തെ കൊല്ലം പി.ടി.എൻ. സെന്റ് തോമാസ് ടൈൽ ഫാക്ടറിയിൽ നിന്നുമുള്ള ഓടുകളിൽ ചിലതും എറണാകുളം ജില്ലയിൽ ചിലയിടത്തു കാണുന്നുണ്ട്.
തിരുവിതാംകൂറിലെ കൊല്ലം പി.ടി.എൻ. സെന്റ് തോമാസ് ഓട്
മേച്ചിലോടുകളിലെ ഒന്നാം തരം കഴിച്ചുള്ളവ പലപ്പോളും വളപ്പുകൾക്കു മതിൽ കെട്ടാനും കെട്ടിടങ്ങൾക്കു ചുമരാക്കാനും ഉപയോഗിയ്ക്കാറുണ്ട്.
ഓടുകൾ ചിലപ്പോളെല്ലാം ഇങ്ങനേയും ഉപയോഗിച്ചേക്കാം
പക്ഷേ ഓടു വ്യവസായം ഇപ്പോൾ പ്രതി സന്ധിയിലാണ്. കോൺക്രീറ്റു കൂരകൾ ഉയരുമ്പോൾ അമ്പലങ്ങളും പള്ളികളും വരെ അങ്ങോട്ടു തന്നെ ചുവടു വയ്ക്കുകയാണ്. കളിമൺ നിക്ഷേപങ്ങളും ഉപയോഗിച്ചു തീർന്നിരിയ്ക്കുന്നു. വയലുകളിലെ ഫലഭൂയിഷ്ഠമായ ചളി പോലും തീർന്നിരിയ്ക്കുന്നു. ഇനിയെന്ത്?