തൃശ്ശൂരും ചാലക്കുടിയിലുമെല്ലാം വൻ മാലിന്യ പ്രശ്നങ്ങൾ ഉയർന്നു വരുമ്പോൾ മേലൂർ താരതമ്യേന ശുദ്ധമായിരുന്നു. പക്ഷേ ഈയിടെ ഇക്കാര്യത്തിൽ മേലുർ പഞ്ചായത്തിനു വന്ന ചില ഗുരുതരമായ വീഴ്ചകൾ ഈ ബ്ലോഗിൽ തന്നെ മുമ്പു ചൂണ്ടിക്കാട്ടിയിരുന്നു.
അതു പോലെ തന്നെ ലൈസൻസില്ലാതെ മേലൂർ ഗ്രാമപഞ്ചായത്തിലാകെ അനധികൃത ഇറച്ചി വെട്ടും വില്പനയും നടത്തി വരുന്നതിനെ കുറിച്ചും ഒരു പോസ്റ്റിട്ടിരുന്നു.
അന്നു ഇറച്ചി വെട്ടിക്കഴിഞ്ഞ് അതിന്റെ അവശിഷ്ടങ്ങൽ എങ്ങനെ സംസ്കരിയ്ക്കും എന്ന ചോദ്യം ഉയർന്നു വന്നെങ്കിലും അതിനു ശരിയായ ഉത്തരം കിട്ടിയിരുന്നില്ല. സകല ഇറച്ചി വെട്ടുകാരും വില്പനക്കാരും സ്വന്തം നിലയിൽ അവശിഷ്ടങ്ങൽ സംസ്കരിയ്ക്കും എന്നാണു കരുതിയിരുന്നത്. എങ്കിലും അരുവികളും പുഴകളും പൊതു സ്ഥലങ്ങളിലും മാലിന്യ നിക്ഷേപം നടക്കുന്നുണ്ടോ എന്നറിയാൻ കണ്ണു തുറന്നു തന്നെ വച്ചിരുന്നു. അങ്ങനെ പൂത്തുരുത്തി പാലത്തിലൂടെ നടന്നു പോകുമ്പോൾ താഴേയ്ക്കു നോക്കിയപ്പോൾ ഞെട്ടിപ്പോയി. മൂന്നു അമ്പതു കിലോ ചാക്കു നിറയേ കെട്ടിയിട്ട മാലിന്യത്തിനു മുകളിൽ പുഴു നുരയ്ക്കുന്നു. അവശിഷ്ടങ്ങൾ ഒഴുകിയിറങ്ങിയത് നയ്മേലി തോട്ടിലെ വെള്ളത്തിന്റെ നിറം മാറ്റുന്നു.
മാംസ അവശിഷ്ടങ്ങളിൽ പുഴു നുരയ്ക്കുന്നു. വെള്ളത്തിന്റെ നിറം മാറ്റുന്ന മാംസ മാലിന്യം
പാലത്തിനു മുകളിൽ നിന്നാൽ കാഴ്ച വ്യക്തമാകാത്തതു കൊണ്ട് താഴെ ഇറങ്ങി നോക്കിയപ്പോൽ പല പ്ലാസ്റ്റിക് ചാക്കുകളും കവറുകളും കണ്ടു. അതു കൊണ്ട് ഇതൊരു സ്ഥിരം അവശിഷ്ട നിക്ഷേപ കേന്ദ്രമായി മാറിയെന്നും മനസ്സിലായി.
പ്ലാസ്റ്റിക് ചാക്കിനു മേൽ പുഴു അരിയ്ക്കുന്നു
പൂത്തുരുത്തി പാലത്തിനു താഴെ നിന്നും ഒരു ഇരുന്നൂറ് മീറ്റർ താഴെയായി നയ്മേലി ചാലക്കുടി പുഴയോട് ചേരുകയാണ്. കൂടപ്പുഴ ചെക്ക് ഡാം വന്നതോടെ വെള്ളത്തിന്റെ ഒഴുക്കും കുറഞ്ഞിട്ടുണ്ട്. ഇവിടെ കുളിയ്ക്കാനെത്തുന്നവരുടെ എണ്ണം ചില്ലറയല്ല. ചെക്കു ഡാമിനരികെയുള്ള കുളി ടൂറിസ്റ്റ് കേന്ദ്രങ്ങളിലേതു പോലെ ആയിക്കഴിഞ്ഞിരിയ്ക്കുന്നു.
കൂടപ്പുഴ ചെക്ക് ഡാമിലെ കുളി
ചെക്ക് ഡാമിനും മൂഴിക്കക്കടവിനും ഇടയ്ക്ക് കുടിവെള്ളത്തിനും ജലസേചനത്തിനുമായി പമ്പിങ് സ്റ്റേഷനുകളും ഉണ്ടെന്നു കേൾക്കുക കൂടി ചെയ്യുമ്പോൾ മേലൂർക്കാർക്ക് മഞ്ഞപ്പിത്തവും പകർച്ചവ്യാധികളും എപ്പോൾ പിടിച്ചു എന്നു ചോദിച്ചാൽ മതി. അല്ലെങ്കിൽ തന്നെ ഫാക്റ്ററികളിലേയും വാട്ടർ തീം പാർകുകളിലേയും മറ്റും മാലിന്യം കൊണ്ട് വലയുകയാണ് ചാലക്കുടി പുഴയ്ക്ക് ഇരു കരയിലുമുള്ളവർ.
പഞ്ചായത്ത് പതിവു പോലെ ഇക്കാര്യത്തിലും നരസിംഹറാവുവിന്റെ ആ പ്രസിദ്ധമായ നിലപാടു സ്വീകരിയ്ക്കുമോ?
നിശബ്ദത തന്നെ ഒരു നിലപാടാണ്. അത് ജനങ്ങൾക്ക് എതിരെയാണെന്നു മാത്രം.
എഡിറ്റർ