മേലൂർ പൂലാനിയിലെ മണ്ടത്തറ രവീന്ദ്രൻ സബ്സിഡി നിരക്കിൽ മേലൂർ കൃഷി ഭവൻ മുഖേന വാങ്ങിയ 400 ടിഷ്യുകൾച്ചർ റോബസ്റ്റ് വാഴത്തൈകളിൽ പകുതിയിലധികം മീലിബഗ് ബാധിച്ചവയായിരുന്നെന്നു പരാതി. വാഴത്തൈകൾ കൃഷി ഭവൻ ഉദ്യോഗസ്ഥന്മാരുടെ നിർദ്ദേശ പ്രകാരം തന്നെ ആവശ്യമായ വളം നൽകി ശാസ്ത്രീയമായ മുൻ കരുതലുകൾ എടുത്തു നട്ടിട്ടും തൈകൾ കൂട്ടത്തോടെ വാടിപ്പോകുകയായിരുന്നു. തൈകൾ വിതരണം ചെയ്തപ്പോൾ കൂടെ ഉണ്ടായിരുന്ന മണ്ണിൽ മീലീബഗുകൾ ബാധിച്ചിരുന്നതാണു തൈകൾ വാടി നശിച്ചുപോകാൻ കാരണമെന്നു രവീന്ദ്രൻ ആരോപിയ്ക്കുന്നു.
മീലീബഗ് ബാധിച്ച റോബസ്റ്റ് തൈകൾ
വാങ്ങിയ 400 വാഴകളും നട്ടുകഴിഞ്ഞ് കേടായിപ്പോയതോടെ രവീന്ദ്രനു വൻ നഷ്ടം സംഭവിച്ചിരിയ്ക്കുകയാണ്. സ്ഥലം പാട്ടത്തിനെടുത്തു കൃഷി തുടങ്ങിയ രവീന്ദ്രൻ എന്തു ചെയ്യണമെന്നറിയാതെ പകച്ചിരിയ്ക്കുകയാണ്. മണ്ണിൽ മീലീബഗ് ബാധിച്ച സ്ഥിതിയ്ക്കു ബാക്കിയുള്ള ഇരുന്നൂറു തൈകളിൽ അമ്പതെണ്ണം പോലും പ്രതീക്ഷിച്ച വിളവു തരുമെന്നു പ്രതീക്ഷിയ്ക്കാനാകില്ലെന്നു രവീന്ദ്രൻ പറയുന്നു. നല്ല തൈകൾ വല്ലതുമുണ്ടെങ്കിൽ മറ്റൊരിടത്തേയ്ക്കു കീടനാശിനി ചേർത്തു പറിച്ചു നടാനാണു രവീന്ദ്രന്റെ പ്ലാൻ. ഇപ്പോൾ തോടു കിളച്ചു ടിഷ്യൂകൾച്ചർ വാഴകൾ നട്ട ഇടങ്ങളിൽ നിന്നും അല്പാലം മാറി നാടൻ വാഴത്തൈകൾ നടും.
തൈകളുടെ ഇലകൾ വാടി ചെടി നശിയ്ക്കുന്നു
സർക്കാർ സംവിധാനത്തിൽ വന്ന പാളിച്ച മൂലം കൃഷിക്കാർക്കു വൻ നഷ്ടം ഉണ്ടാകുന്ന സമാന സാഹചര്യങ്ങൾ മുമ്പും വർത്തമാന പത്രങ്ങളിൽ ധാരാളമായി വന്നിട്ടുണ്ട്. എന്നിട്ടും തുടർച്ചയായി സർക്കാർ സംവിധാനം കർഷകർക്ക് തുടർച്ചയായി നഷ്ടം വരുത്തുന്നതിൽ ആരാണു കുറ്റക്കാർ? അവർക്കെതിരെ എന്തു നടപടി സ്വീകരിയ്ക്കും? കൃഷിക്കാർക്കുണ്ടാകുന്ന നഷ്ടം സർക്കാർ നികത്തുമോ? ഈ ചോദ്യങ്ങൾക്കുള്ള ഇതുവരെയുള്ള ഉത്തരങ്ങൾ കൃഷിക്കാർക്കെതിരെ തന്നെയായിരുന്നു എന്നു രവീന്ദ്രൻ വിലപിയ്ക്കുന്നു. ആരും ഒന്നും ചെയ്യാൻ പോകുന്നില്ല.
രവീന്ദ്രൻ കൃഷിഭവന്റെ അനാസ്ഥയെ കുറിച്ചു പറയുന്നു
ഇതുകൊണ്ടൊന്നും രവീന്ദ്രൻ 28 വർഷമായി തുടരുന്ന തന്റെ കാർഷികവൃത്തി ഉപേക്ഷിയ്ക്കാൻ പോകുന്നില്ല. തുടർച്ചയായ നഷ്ട സാധ്യതകളുള്ള തൊഴിലാണു കൃഷി എന്നു ഈ രംഗത്തുള്ളവർ മനസ്സിലാക്കി തന്നെയാണു മറ്റുള്ളവരുടെ തീന്മേശയിലേയ്ക്കു വിഭവങ്ങൾ ഒരുക്കുന്നതെന്നു രവീന്ദ്രൻ പറയുന്നു. ഒന്നിൽ ഉണ്ടാകുന്ന നഷ്ടം മറ്റൊന്നിൽ നികത്തണം. പക്ഷേ സർക്കാരിന്റെ കൃഷിക്കാരെ പിന്നെയും ദരിദ്രരാക്കുന്ന നടപടികളോടാണു രവീന്ദ്രനു വിയോജിപ്പ്. ഇന്നു വാഴപോയപോലെ മുമ്പു ഒരു പാടം മുഴുവൻ നെല്ലു വെള്ളക്കതിർ വന്നു പോയതും രവീന്ദ്രൻ ഓർമ്മിയ്ക്കുന്നു.
രവീന്ദ്രൻ ടിഷ്യൂ കൾച്ചർ വാഴകൾ നട്ട സ്ഥലത്തിന്റെ ഒരു ഭാഗം
ഈ തെറ്റുകൾ കൃഷി വകുപ്പ് ആവർത്തിയ്ക്കാതിരിയ്ക്കാൻ നമുക്ക് എന്തു ചെയ്യാനാകും? പ്രത്യേകിച്ച് ടിഷ്യൂ കൾച്ചർ വാഴകൾക്ക് താരതമ്യേന രോഗബാധ ഇല്ലെന്നു കാർഷിക സർവ്വകലാശാലയും കൃഷി വകുപ്പും നിരന്തരം ചിലച്ചു കൊണ്ടിരിയ്ക്കുമ്പോൾ. അതെങ്കിലും നിറുത്താനായാൽ അത്രയും ചതിക്കുഴികൾ ഒഴിയും.