കേരളം വാഴപ്പഴത്തിന്റെ നാടാണ്. അതിൽ തൃശ്ശൂർ ജില്ലയിലെ വാഴപ്പഴങ്ങൾക്കു പ്രിയം കൂടും. തത്ര മേലൂരതിപ്രിയം. അങ്ങനെ നൂറ്റാണ്ടുകളായി വാഴക്കൃഷിയ്ക്കു പ്രസിദ്ധമായ മേലൂരിൽ ഇതു വരെ കേട്ടുകേൾവിയില്ലാത്ത ഒരു വാഴരോഗം കണ്ടെത്തിയിരിയ്ക്കുന്നു. മേലൂർ പൂലാനിയിൽ സ്ഥലം പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്ന മണ്ടത്തറ രവീന്ദ്രന്റെ ആയിരത്തഞ്ഞൂറു വാഴകളിൽ എട്ടെണ്ണത്തിലാണ് ഈ രോഗം കണ്ടെത്തിയത്. തന്റെ 28 വർഷത്തെ വാഴകൃഷിയിലുള്ള അനുഭവങ്ങളിലൊന്നും ഇത്തരം ഒന്നു കണ്ടതായി ഓർക്കുന്നില്ലെന്നും രവീന്ദ്രൻ പറയുന്നു.
രോഗം ബാധിച്ച ഒരു വാഴ
രോഗത്തിന്റെ ആരംഭം തന്നെ ഏറെ ആനന്ദിപ്പിച്ചെന്നു ഒരു തമാശയായി രവീന്ദ്രൻ പറയുന്നു. അസാധാരണ വലുപ്പമുള്ള ഒരു കുലയാണു ആദ്യം ശ്രദ്ധയിൽ പെടുക. വാഴ സാധാരണ പോലെ നല്ല വളർച്ചയുള്ളതായിരുന്നു. വാഴക്കുലയുടെ തണ്ടും സാധാരണ വലിപ്പം തന്നെ കാട്ടുന്നു. എന്നാൽ ആദ്യ പടല വിടരുമ്പോൾ തന്നെ കായകൾ മാണിക്കായുടെ വലിപ്പം മാത്രം കാട്ടുന്നു. തുടർന്നു വളരുന്നുമില്ല. വാഴക്കുടപ്പൻ പിന്നീടു പിന്നീടു വിടരാനും മടികാട്ടിത്തുടങ്ങും. വിരിഞ്ഞ മറ്റു കുടപ്പനുകളെ അപേക്ഷിച്ച് രോഗം ബാധിച്ച വാഴയുടെ കുടപ്പനുകൾ ഇരട്ടിയോളം വലുപ്പമുണ്ടായിരിയ്ക്കും. ഇവയാണു ഈ പുതിയ രോഗത്തിന്റെ ലക്ഷണങ്ങൾ.
രവീന്ദ്രൻ പുതിയ രോഗത്തെ കുറിച്ചു സംസാരിയ്ക്കുന്നു
പടലയുടെ എണ്ണത്തിൽ പക്ഷേ കാര്യമായ കുറവ് ഉണ്ടാകണമെന്നില്ല. മുമ്പു പലകാരണങ്ങൾ കൊണ്ടും ഒന്നോ രണ്ടൊ പടലമാത്രം കുറച്ച വാഴകൾ ഉണ്ടായിരുന്നതായി കണ്ടിട്ടുണ്ട്. എന്നാൽ അവയ്ക്കെല്ലാം വളത്തിന്റെ കുറവോ കൂമ്പടപ്പു പോലെയുള്ള രോഗങ്ങളോ ഒക്കെ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോളാകട്ടെ മറ്റു വിധത്തിൽ പൂർണ്ണ ആരോഗ്യമുള്ള വാഴകളാണു ഈ രോഗത്തിനു അടിമയായിരിയ്ക്കുന്നത്.
രോഗം ബാധിച്ച മറ്റൊരു വാഴ
ഈ രോഗത്തിനു കാരണം പാരമ്പര്യമോ ജനിതകമോ ആണോ എന്നറിയാനായി രോഗം ബാധിച്ച വാഴയുടെ ഏതാനും കണ്ണുകൾ പ്രത്യേകം വേറിട്ടു നടാൻ ആലോചിയ്ക്കുകയാണ് രവീന്ദ്രൻ. പരാഗണത്തിലെ കുറവാണോ എന്നതും പരിശോധിയ്ക്കേണ്ടിയിരിയ്ക്കുന്നു. ഇത്തരം ഒരു രോഗബാധ മുമ്പു മറ്റെവിടെയെങ്കിലും കണ്ടിട്ടുള്ളവർ അതിന്റെ വിശദാംശങ്ങൾ കാട്ടി കമന്റിടുമല്ലോ.
No comments:
Post a Comment