ഹൈ സ്പീഡ് റയിൽ പദ്ധതിയുടെ പ്രീ ഫീസിബിലിറ്റി പഠനത്തിന്റെ ഭാഗമായി ചരിത്ര സ്മാരകങ്ങളേയും ആരാധനാലയങ്ങളേയും ഒഴിവാക്കി മാത്രമേ നിർദ്ദിഷ്ട റയിലിന്റെ അലയ്മെന്റ് നിശ്ചയിയ്ക്കൂ എന്നു പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ കേരള ചരിത്രത്തിലെ തന്നെ ഗതിവിഗതികൾ നിശ്ചയിച്ച ടിപ്പു സുൽത്താന്റെ പടയോട്ടത്തിനെതിരെ നടത്തിയ ഏറ്റവും ശക്തവും ആസൂത്രിതമായ ചെറുത്തു നിൽപ്പിനു കാരണമായ നെടുങ്കോട്ടയിലെ തന്നെ ചങ്കായ ഭാഗങ്ങളാണു തിരുവിതാംകൂർ സൈന്യം തമ്പടിച്ചിരുന്ന വട്ടക്കോട്ടകൾ. നെടുങ്കോട്ടയുടെ പേരിൽ തന്നെ സ്ഥലനാമം വീണ കോട്ടമുറിയിലെ വട്ടക്കോട്ടയ്ക്കു മുകളിലൂടെയാണ് നിർദ്ദിഷ്ട ഹൈസ്പീഡ് റയിൽ പാതയുടെ അലയ്മെന്റ് നിശ്ചയിച്ചിരിയ്ക്കുന്നത്. അല്ലെങ്കിലും പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് ഇതുവരെ കോടിക്കണക്കിനു രൂപ ചെലവഴിച്ചെങ്കിലും കോട്ട അനു നിമിഷം നശിച്ചു കൊണ്ടിരിയ്ക്കുകയാണ്. ഈ നാഥനില്ലാക്കളിയിൽ ലക്ഷക്കണക്കിനു ലോഡ് മണ്ണ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി തല്പരകക്ഷികൾ വിറ്റു കാശാക്കുകയും ചെയ്തു. കിടങ്ങുകൾ മിക്കവാറും മൂടിക്കഴിഞ്ഞു. കോട്ടയുടെ പല ഭാഗങ്ങളും പുരാവസ്തു വകുപ്പിന്റെ ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യവേ തന്നെയാണു നശിച്ചു പോയത്. കോട്ടമുകളിലൂടെയാണ് ഈ പ്രദേശങ്ങളിൽ മിക്കവാറും റോഡുകൾ പോയിട്ടുള്ളതും.
വട്ടക്കോട്ടയെ കുറിച്ച് ഒരു നാട്ടുകാരി സംസാരിയ്ക്കുന്നു
വട്ടക്കോട്ടയുടെ ശരിയായ രൂപം ഒരമ്പതു വർഷം മുമ്പു വരെ ദൃശ്യമായിരുന്നു എന്നു ദൃക്‌സാക്ഷികൾ പറയുന്നു. അവിടെ നിന്നും പീരങ്കികളുടേയും തോക്കുകളുടേയും ഉണ്ടകൾ ധാരാളം ലഭിച്ചിരുന്നു. റോഡുണ്ടാക്കാൻ കോട്ടമണ്ണിടിച്ച് പലയിടത്തും കിടങ്ങുകൾ മൂടുകയുമുണ്ടായി.
വട്ടക്കോട്ടയ്ക്കരികിലെ കെ. അടയാളം
വട്ടക്കോട്ടയ്ക്കു നടുവിലൂടെ ഹൈസ്പീഡ് റയിലിന്റെ അലയ്മെന്റ് പോകുന്നതിന്റെ വീഡ്ഡിയോയ്ക്കു ക്ലിക്ക് ചെയ്യുക
അപ്രകാരമെല്ലാമുള്ള വട്ടക്കോട്ടയുടെ നടുവിലൂടെയാണ് ഇപ്പോൾ ഹൈസ്പീഡ് റയിലിന്റെ അലയ്മെന്റ് പോകുന്നത്. സർക്കാർ നയം സംരക്ഷിയ്ക്കാനെങ്കിലും ബന്ധപ്പെട്ടവർ ഇക്കാര്യം കണക്കിലെടുക്കേണ്ടതുണ്ട്.