കാലവർഷം എത്തുന്നതോടെ പ്രജനനകാലമാകുന്ന മത്സ്യങ്ങളുടെ കൂട്ടത്തിൽ മലിഞ്ഞീനുകളും ആരലുകളും ചാലക്കുടി പുഴയിലൂടെ ചുറ്റുമുള്ള ജലസ്രോതസ്സുകളിലേയ്ക്ക് കടക്കുന്ന കൂട്ടത്തിൽ നയ്മേലി തോട്ടിലും ധാരാളമായി എത്താറുണ്ടായിരുന്നു. എന്നാൽ കുറേ വർഷങ്ങളായി അവയുടെ എണ്ണം പരിതാപകരമായി കുറഞ്ഞിരുന്നു. അതിൽ തന്നെ ആരലുകൾ തീരെ കുറച്ചേ ഇപ്പോളും വരുന്നുള്ളുവെന്നു തന്നെ പറയാം. കറുത്ത മലിഞ്ഞീനുകളെ അപേക്ഷിച്ച് വെള്ള മലിഞ്ഞീനുകളും കുറവായിരുന്നു.
നയ്മേലി തോട്ടിൽ നിന്നു കിട്ടിയ വെള്ള മലിഞ്ഞീനിന്റെ ചിത്രം
പതിവിനു വിപരീതമായി ഈ വർഷം വെള്ള മലിഞ്ഞീനുകൾ ധാരാലമായി നയ്മേലി തോട്ടിൽ ഇറങ്ങിയിട്ടുണ്ട്. ചിലരെല്ലാം ഇത്തരം മലിഞ്ഞീനുകളേയും മറ്റു മത്സ്യങ്ങളുടെ കൂട്ടത്തിൽ പിടി കൂടിയിട്ടുണ്ട്. അനേക വർഷങ്ങളായി ഇവിടെ കാണാനില്ലാതിരുന്ന മുഴിയും ചിലർക്കെല്ലാം കിട്ടി തുടങ്ങിയിട്ടുണ്ട്. ഇതു വളരെ നല്ല ലക്ഷണമാണ്.
നയ്മേലി തോട്ടിൽ നിന്നു കിട്ടിയ വെള്ള മലിഞ്ഞീനിന്റെ വായ്
നമ്മുടെ കടലുകളിലെ മത്സ്യ സമ്പത്തും വല്ലാതെ കുറഞ്ഞു വരുന്നതായി കടലിലും കായലിലും മത്സ്യബന്ധനം നടത്തുന്ന ചെറുവള്ളക്കാർ ഈയിടെയായി പരാതിപ്പെടുന്നുണ്ട്. ധാരാളം വില കിട്ടിയിരുന്ന കൂന്തലും മറ്റും കരയ്ക്കരികിലൊന്നും കണികാണാൻ കൂടി കിട്ടുന്നില്ലത്രെ. അങ്ങനെ മത്സ്യ സമ്പത്ത് വെല്ലുവിളി നേരിടുന്ന കാലമാണിത്.
ഇന്ത്യയിൽ തന്നെ വംശനാശം നേരിടുന്ന ഏറ്റവും കൂറ്റുതൽ ഇനം മത്സ്യങ്ങൾ ഉള്ള നദിയാണ് ചാലക്കുടിപ്പുഴ. എന്നാൽ തുച്ചക്കാശിനു വേണ്ടി പുഴയ്ക്കു ചുറ്റുമുള്ള പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും പുഴമീൻ പിടിയ്ക്കാൻ വട്ടവള്ളക്കാർക്കും മറ്റും ലൈസൻസ് കൊടുക്കുകയാണ്. തോട്ടയും നഞ്ചും ഇടുന്നതിനു യാതൊരു വിലക്കോ നടപടികളോ ഉള്ളതായി ആർക്കും തോന്നുന്നില്ല. പുഴയിൽ മാത്രമല്ല കഴിഞ്ഞാഴ്ച നയ്മേലി തോട്ടിലും നഞ്ചു കലക്കിയിരുന്നു.വ്യാവസായിക മലിനജലവും ഇറച്ചി വെട്ടിയശേഷമുള്ള മാംസാവശിഷ്ടങ്ങളും പുഴയിലും തോടുകളിലും കൊണ്ടു തട്ടുന്ന പരിപാടി മുമ്പും ഇവിടെ റിപ്പോർട്ട് ചെയ്തിരുന്നു. (വിശദാംശങ്ങൾക്ക് ക്ലിക്ക് ചെയ്യുക). പക്ഷേ പുഷ്പഗിരി ഭാഗത്തു നിന്നും കൊള്ളിത്തണ്ടും മാംസാവശിഷ്ടങ്ങളും നയ്മേലിൽ തോട്ടിൽ തട്ടുന്ന ശീലം ഇപ്പോൾ അസഹനീയമായിരിയ്ക്കുന്നു.
പുഴയിലും തോട്ടിലും മറ്റും മീൻ പിടിയ്ക്കാൻ വരുന്നവർ ദയവായി മഞ്ഞക്കൂരി, മലിഞ്ഞീൻ, ആരൽ, മുഴി, കാരി, ബ്രാൽ തുടങ്ങിയ അപൂർവ ഇനം മത്സ്യങ്ങളെ ദയവായി പിടിച്ചു കൊല്ലരുത്. അങ്ങനെ ചെയ്യുന്നത് അവയുടെ വംശനാശത്തിനും നമ്മുടെ മത്സ്യ സമ്പത്തിന്റെ ലഭ്യതക്കുറവിനും കാരണമായേക്കും.
No comments:
Post a Comment