മേലൂർ വിക്ടറി ക്ലബ് ചാമ്പ്യന്മാരായി
മേലൂർ സർവീസ് സഹകരണബാങ്കിന്റെ ജുബിലിയോടനുബന്ധിച്ചു നടന്ന ഫുട്ബോൾ മത്സരത്തിൽ വെട്ടുകടവിലെ വിക്ടറി ക്ലബ് ചാമ്പ്യന്മാരായി
വിക്ടറി ക്ലബിന്റെ വിജയശില്പികൾ
ക്രിസ്മസ് നാളിൽ പൊട്ടിയൊലിച്ച പള്ളിനടയിലെ പൈപ്പ്
നിറ്റാ ജലാറ്റിൻ കമ്പനി പ്രവർത്തനങ്ങൾ നിറുത്തി വയ്ക്കണം
അടച്ചിട്ടിരുന്ന നിറ്റാ ജലാറ്റിൻ കമ്പനി തുറന്നതോടെ സമീപപ്രദേശങ്ങളിൽ അതി ദുസ്സഹമായ ദുർഗന്ധം അനുഭവപ്പെടുന്നതായി ചെറുവാളൂർ കോൺഗ്രസ്സ് വാർഡ് കമ്മിറ്റി. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലെ തീരുമാനപ്രകാരമാണ് കമ്പനി മലിനീകരണ നിയന്ത്രണപ്രവർത്തനങ്ങൾ തുടങ്ങുന്നതിനു മുമ്പു തന്നെ ഉല്പാദനം തുടങ്ങിയത്. സർക്കാർ നിർദ്ദേശിച്ച വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനായി കമ്പനി അടച്ചിടണമെന്നാണ് വാർഡ് കമ്മിറ്റിയുടെ ആവശ്യം.
ഏ.കെ. ലോഹിതദാസ് മെമ്മോറിയൽ അഖില കേരള നാടക മത്സരം
കർത്തവ്യ ആർട്ട്സ് ആന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വെള്ളാഞ്ചിറ ആണികുളങ്ങര ശ്രീദുർഗ്ഗ ക്ഷേത്ര മൈതാനിയിൽ വച്ച് ഡിസംബർ 23 മുതൽ ഏ.കെ. ലോഹിതദാസ് മെമ്മോറിയൽ അഖില കേരള നാടക മത്സരം ആരംഭിച്ചു. ദിവസേന വൈകീട്ട് 6.30 നാണ് നാടകങ്ങൾ. ഡിസംബർ 30 നാണ് സമാപനം.
കുടിവെള്ളസമരം സ്ത്രീകൾ മുന്നണിയിലേക്ക്
ചേറ്റുവാ പടന്ന ഭാഗത്തെ കുടിവെള്ള വിതരണം മുടങ്ങി ജനം ദുരിതത്തിലായതോടെ സ്ത്രീകൾ വാടാനപ്പിള്ളി വാട്ടർ അതോറിറ്റി ആഫീസിലേയ്ക്കു മാർച്ചു ചെയ്തു. ജനങ്ങളുടെ ആവശ്യം കേട്ടു കൈമലർത്തിയ നാലു ജീവനക്കാരെ സ്ത്രീകൾ ആഫീസു മുറിയിൽ പൂട്ടിയിട്ട് അധികാരികൾക്കു സൽബുദ്ധി തോന്നാൻ നിലവിളക്കു കത്തിച്ചു ദീപാരാധനയും തുടങ്ങി. പോലീസെത്തി അറസ്റ്റു ഭീഷണി മുഴക്കിയപ്പോൾ ഓഫീസിനു പുറത്ത് കുരുക്കിട്ട് ചിലർ ആത്മഹത്യാഭീഷണി മുഴക്കി. പതിവു പോലെ വൈകി വൈകീട്ട് 6.10.നാണ് വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ചർച്ചക്കായി സ്ഥലത്തെത്തിയത്. സ്ത്രീകളെ പ്രതിനിധീകരിച്ചു ചർച്ച നടത്തിയത് പക്ഷേ ഒരു പുരുഷനായിരുന്നു. ഏതാനും ആഴ്ചകൾക്കു മുമ്പ് ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ സംഘടനകളും ജനപ്രതിനിധികളും ചേർന്ന് കുടിവെള്ള പ്രശ്നം ഉന്നയിച്ചിരുന്നു. എന്നിട്ടും സാധിക്കാത്തത് പടന്നയിലെ സ്ത്രീകൾ സ്വന്തം ഇച്ഛാശക്തികൊണ്ടു സാധിച്ചെടുത്തു. ഒന്നിടവിട്ട ദിവസങ്ങളിൽ പടന്നയിലേക്കു കുടിവെള്ളം എത്തിച്ചുകൊള്ളാം എന്നു വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എഴുതി ഒപ്പിട്ടു കൊടുത്തശേഷമാണു സമരം തീർന്നത്.
ഈ അനുഭവങ്ങളിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് എറണാകുളം ജില്ലയിലെ സ്ത്രീകളും വാട്ടർ അഥോറിറ്റി ഉപരോധിച്ച് വിജയം നേടിയ വാർത്തകളും പുറത്തു വന്നിട്ടുണ്ട്. തൃശ്ശൂർ ജില്ലാ മേയറും സഹപ്രവർത്തകരും നടത്തിയ ഉപരോധ സമരം പക്ഷേ ലക്ഷ്യം കണ്ടില്ല.
കാനയിൽ വീണു വഴിയാത്രക്കാരനു പരിക്ക്.
ചാവക്കാട് പാലയൂർ സെന്ററിൽ പി.ഡബ്ലിയു. ഡി. നിർമ്മിക്കുന്ന കാനയിൽ വീണു വഴി യാത്രക്കാരനു ഗുരുതരമായ പരിക്കേറ്റു. യാതൊരു മുന്നറിയിപ്പോ മുൻകരുതലോ കൂടാതെ കാന പണിതതത്രേ അപകട കാരണം.
ഭാരതീയ വിദ്യാനികേതൻ സംസ്ഥാന കലോത്സവം ചാലക്കുടിയിൽ
ഭാരതീയ വിദ്യാനികേതൻ സംസ്ഥാന കലോത്സവത്തിന്റെ സ്റ്റേജിതര കലാമത്സരങ്ങൾ ചാലക്കുടിയിൽ ആരംഭിച്ചു. സ്റ്റേജ് മത്സരങ്ങൾ 2012 ജനുവരി 13 മുതൽ 15 വരെ ചാലക്കുടി വ്യാസ വിദ്യാനികേതൻ സീനിയർ സെക്കന്ററി സ്കൂളിലും മറ്റുമായി പത്തു സ്റ്റേജുകളിലായി നടക്കും.
തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പായി ഭക്ഷ്യസുരക്ഷാ ബിൽ ലോക് സഭയിൽ അവതരിപ്പിച്ചു.
അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പായി പാവപ്പെട്ടവർക്ക് ജീവൻ നില നിറുത്താനാവശ്യമായ ധാന്യങ്ങളും പയറു വർഗ്ഗങ്ങളും മറ്റും മിതമായ നിരക്കിൽ നൽകുന്നതിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന ഭക്ഷ്യസുരക്ഷാ ബിൽ ലോക് സഭയിൽ അവതരിപ്പിച്ച ശേഷം പാർലമെന്റ് സ്റ്റാന്റിംഗ് സമിതിയുടെ പരിഗണനയ്ക്കു വിട്ടു. സബ്സിഡി മാത്രം ഒരു ലക്ഷം കോടിയോളം രൂപ ചെലവു വരുന്ന ഈ പദ്ധതി നടപ്പാക്കപ്പെട്ടാൽ ലോകത്തിലെ തന്നെ മികച്ച മാതൃകാ പദ്ധതിയായിരിക്കും അത്.
ഒന്നാം ക്ലാസ്സിൽ ചേരാൻ ഇനി ആറു വയസ്സ്
വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ്സിൽ ചേരാനുള്ള പ്രായം ആറു വയസ്സായി ഉയർത്തി. അടുത്ത അധ്യയന വർഷത്തിൽ മാത്രം അഞ്ചര വയസ്സു വരെയുള്ള കുട്ടികളെ ഒന്നാം ക്ലാസ്സിൽ ചേർക്കാൻ ഹെഡ് മാസ്റ്റർമാർക്ക് അനുമതി നൽകിയിട്ടുണ്ട്.
പാടത്തു തട്ടാൻ കൊണ്ടുവന്ന കക്കൂസ് മാലിന്യം പറമ്പിൽ കുഴിച്ചു മൂടാൻ നിർദ്ദേശം
ഇരിങ്ങാലക്കുട കോന്തിപുലം പാടത്ത് തട്ടാൻ മൂന്നു യുവാക്കൾ ടാങ്കർ ലോറിയിൽ കൊണ്ടുവന്ന കക്കൂസ് മാലിന്യം കൊണ്ടു വന്ന പറമ്പിൽ തന്നെ കുഴിച്ചു മൂടാൻ നിർദ്ദേശിച്ച് പോലീസ് തിരിച്ചയച്ചു. മാലിന്യം കൊണ്ടു വന്ന മൂന്നു പേരേയും അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കി. അവരെ കോടതി റിമാന്റ് ചെയ്തു. മാലിന്യം കൊടുത്തു വിട്ടയാളെ തിരിച്ചറിഞ്ഞിട്ടും അയാൾക്കെതിരെ കേസ്സെടുത്തതായി അറിയുന്നില്ല.
ആടും കൂടും പദ്ധതിക്കു ന്യൂമോണിയ ബാധിച്ചപ്പോൾ
പത്താടു വളർത്തിയിരുന്ന പഴഞ്ഞി ഐന്നൂർ വലിയവളപ്പിൽ ഷീജയ്ക്കു സർക്കാർ വക ആടും കൂടും പദ്ധതി പ്രകാരം രണ്ട് ആടിനെക്കൂടി ലഭിച്ചത് കഞ്ഞികുടി മുട്ടാൻ കാരണമായി. ന്യൂമോണിയ ബാധിച്ചു ഗുരുതരാവസ്ഥയിലായ ആടിനെയാണ് ഷീജയ്ക്ക് അധികാരികൾ നൽകിയത്. കൊണ്ടു വന്നതിൽ ഒരെണ്ണം കിട്ടിയതിനു പിറ്റേന്നു തന്നെ മരിച്ചു. ഷീജ അസുഖമുള്ള മറ്റേ ആടിനെ തിരിച്ചേല്പിച്ചു. പക്ഷേ മുമ്പു വളർത്തിയിരുന്ന ആരോഗ്യമുള്ള അഞ്ച് ആടുകൾ കൂടി കൂട്ടത്തിൽ ചത്തുപോയിരുന്നു. ബാക്കിയുള്ള അഞ്ചെണ്ണവും അതീവ ഗുരുതരാവസ്ഥയിലായി മണ്ണുത്തി വെറ്ററിനറി കോളേജിലെ ഡോക്ടർമാരുടെ ചികിത്സയിലാണ്.
കൃഷിക്കാർക്കു വളർത്താൻ ന്യൂമോണിയ ബാധിച്ച ആടിനെ കൊടുക്കാൻ ഇടയാക്കിയ അധികാരികളേയും ജനപ്രതിനിധികളേയും പാവം ഇരകൾക്ക് എന്തു ചെയ്യാനാകും?
പാചക വാതകം കുറേശ്ശെ നിറച്ചു കൊടുക്കുന്നയാളെ അറസ്റ്റ് ചെയ്തു
സബ്സിഡി കുറയ്ക്കാനായി സർക്കാർ പാചകവാതക സിലിണ്ടറുകളുടെ ലഭ്യത നിയന്ത്രിച്ചപ്പോൾ കഷ്ടത്തിലായ പൊതുജനം ഗതിയില്ലാതെ ഒന്നും രണ്ടും കിലോയെങ്കിലും പാചകവാതകം കൂടിയ നിരക്കിലായാലും വാങ്ങേണ്ട ഗതികേടിലായി. അങ്ങനെ ചില്ലറയായി പാചകവാതകം നിറച്ചു കൊടുക്കുന്നത് ചിലരെല്ലാം ഒരു തൊഴിലാക്കി. കുന്നംകുളത്തിനടുത്ത് രമേശ് എന്നൊരാളെ ഈ കുറ്റത്തിനു അറസ്റ്റ് ചെയ്തിരിക്കുന്നു എന്നറിയുന്നു. ജനം ഇനിയും വലയാനാണിട. സർക്കാർ ആവശ്യത്തിനു പാചകവാതക സിലിണ്ടറുകൾ ലഭ്യമാക്കാതെ ഈ പ്രശ്നത്തിനൊരു പരിഹാരം കാണുക സാധ്യമെന്നു കരുതുന്നില്ല.