മേലൂർ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വാർഷിക പൊതുയോഗം
മേലൂർ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പതിനെട്ടാമത് വാർഷിക പൊതുയോഗം 28.12.2011 ബുധനാഴ്ച മേലൂർ വ്യാപാരഭവനിൽ വച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ശ്രീ ജോയ് മൂത്തേടൻ ഉത്ഘാടനം ചെയ്തു. അന്നേ ദിവസം ഉച്ച വരെ കടകൾ മുടക്കമായിരുന്നു. പ്രസ്തുത യോഗത്തിൽ വച്ച് 2012-2013 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി ശ്രീ ബിനോയ് ജോസ് (പ്രസിഡണ്ട്), ശ്രീ കെ.എം. ജോർജ് (സെക്രട്ടറി), ശ്രീ എം.കെ. ജോസ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
സംസ്ഥാന സ്കൂൾ യുവജനോത്സവം തൃശ്ശൂരിൽ
കേരള സംസ്ഥാന സ്കൂൾ യുവജനോത്സവം 2012 ജനുവരി 16 മുതൽ 23 വരെ തൃശ്ശൂരിൽ കോർപ്പറേഷൻ സ്റ്റേഡിയത്തിലും മറ്റു 16 വേദികളിലുമായി നടക്കും. 14 ജില്ലകളിൽ നിന്നു വരുന്ന മത്സരാർത്ഥികളെ അത്ര തന്നെ സ്കൂളുകളിൽ പാർപ്പിക്കും. 271 ഇനങ്ങളിലായി പതിനായിരത്തോളം മത്സരാർത്ഥികൾ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നു. മത്സരഫലം തത്സമയം വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. വിദ്യാഭ്യാസ വകുപ്പിന്റെ വിക്ടേഴ്സ് ചാനലിലൂടെ മത്സരങ്ങൾ തത്സമയ സമ്പ്രേഷണം നടത്തും.
ദേവരാജഗിരി ക്ഷേത്രോത്സവത്തിൽ സംഘർഷം
മേലൂർ കുന്നപ്പിള്ളി ദേവരാജഗിരി ക്ഷേത്രോത്സവത്തിൽ നാലു പേരെ ആക്രമിച്ചു പരിക്കേൽപ്പിച്ചതായി പറയുന്നു. രാഷ്ട്രീയ സംഘട്ടനമായി ഇതു ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.
ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ വാർഷികം
മേലൂർ ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ വാർഷികം ജില്ലാ പ്രസിഡണ്ട് സുന്ദരൻ കുന്നത്തുള്ളി ഉത്ഘാടനം ചെയ്തു.
പതിനേഴു പെൺകുട്ടികൾ തെങ്ങിൽ കയറി തേങ്ങയിട്ടു
വെസ്റ്റ് കൊരട്ടി കൂട്ടുകൃഷി സഹകരണ സംഘത്തിന്റേയും എൻ.എസ്.എസ്സിന്റേയും ആഭിമുഖ്യത്തിൽ നടത്തിയ പരിശീലനത്തെ തുടർന്ന് പൊതുജനം കണ്ടു നിൽക്കേ പതിനേഴു പെൺകുട്ടികൾ തെങ്ങിൽ കയറി തേങ്ങയും ഇളനീരുമിട്ടു. ടില്ലർ, ചവിട്ടു പമ്പ്, മെതിയന്ത്രം, പുല്ലുവെട്ടി യന്ത്രം, തെങ്ങു കയറ്റ യന്ത്രം എന്നിവയിലായി അമ്പതോളം പെൺകുട്ടികൾക്ക് പരിശീലനം നൽകിയിരുന്നു.
രാജവെമ്പാലയെ പിടിച്ചു, നായ്ക്കു പേ പിടിച്ചു
കോർമലയിലെ മലമ്പുഴക്കാരൻ ജോസിന്റെ വീട്ടിൽ നിന്നു 30.12.11 നു രാത്രി പിടികൂടിയ പത്തടി നീളമുള്ള രാജവെമ്പാലയെ വാഴച്ചാലിലെ കുണ്ടൂർമേടിൽ വിട്ടയച്ചു. പിടിച്ച പാമ്പിനെ കാണാൻ ഓടിക്കൂടിയ ആളുകളിൽ രണ്ടുപേരെയും ആറോളം നായ്ക്കളേയും ഏതാനും കന്നുകാലികളേയും ഇതിനിടെ ഒരു നായ കടിച്ചു. കടിച്ച നായ വൈകാതെ മരിച്ചു പോയത് പേ ബാധ കൊണ്ടാണെന്നു കരുതുന്നു. ജനം ഭീതിയിലാണ്.
ദേശീയ പാത അഥോറിറ്റി പ്രോജക്റ്റ് ഡയറക്ടർ ചാലക്കുടിയിൽ
ദേശീയ പാത അഥോറിറ്റി പ്രോജക്റ്റ് ഡയറക്ടർ ഡി. രാമനാഥനും സംഘവും ചാലക്കുടിയിലെത്തി ചാലക്കുടി കോടതി ജംഗ്ഷനിലെ അടിപ്പാത പ്രശ്നം, ബസ് ബേ, സർവീസ് റോഡ്, ട്രാഫിക് ജംഗ്ഷൻ, കറുകുറ്റി കൊരട്ടി മേലൂർ ചാലക്കുടി എന്നിവിടങ്ങളിലെ ഗതാഗത പ്രശ്നങ്ങൾ എന്നിവ പരിശോധിച്ചു.
രണ്ടു രൂപയ്ക്കു ചപ്പാത്തി, എട്ട് രൂപയ്ക്കു പച്ചക്കറി
വിയ്യുർ ജെയിലിൽ നിർമ്മിക്കുന്ന ചപ്പാത്തി ഒന്നിനു രണ്ടു രൂപയ്ക്കും പച്ചക്കറി ഒരു കിലോ എട്ട് രൂപയ്ക്കും ലഭിക്കും. വില്പനയ്ക്കായി ജയിൽ പടിക്കൽ തുടങ്ങിയ പ്രത്യേക കൌണ്ടറുകളിൽ നിന്ന് രാവിലെ 11.30 മുതൽ 12.30 വരേയും ഉച്ചതിരിഞ്ഞ് 2.30 മുതൽ 6.00 വരേയും ഉല്പന്നങ്ങൾ ലഭിയ്ക്കും. ആവശ്യക്കാർക്ക് ചപ്പാത്തി എത്തിച്ചും കൊടുക്കും. 9447992072, 9495552542, 9447524127 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്. ജയിൽ ജീവനക്കാർക്ക് ഇതിലും കുറഞ്ഞ നിരക്കിലും ഉല്പന്നങ്ങൾ ലഭിയ്ക്കുമത്രേ.
ഏഴു വയസ്സുകാരിയെ സ്കൂൾ വാനിൽ വച്ചു പീഢിപ്പിച്ചു
വലപ്പാടിനടുത്തുള്ള ഏഴു വയസ്സുകാരിയായ വിദ്യാർത്ഥിനിയെ സ്കൂൾ വാനിൽ വച്ചു ഡ്രൈവർ പീഢിപ്പിച്ചു. വിദ്യാർഥിനിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇത്തരം സംഭവങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മാതാപിതാക്കളും സ്കൂൾ അധികൃതരും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
റോഡ് സുരക്ഷാ വാരം ആചരിക്കുന്നു
കേരള മോട്ടോർ വാഹന വകുപ്പ് തൃശ്ശൂർ ജില്ലയിൽ ജനുവരി 1 മുതൽ 7 വരെ റോഡ് സുരക്ഷാ വാരമായി ആചരിക്കുന്നു. ഇക്കാര്യത്തിലെ ബോധവത്കരണ പരിപാടികൾ 2 ന് തൃശ്ശൂർ കേരളവർമ ഓഡിറ്റോറിയത്തിൽ വച്ച് ഉത്ഘാടനം ചെയ്യും.
സബ് രജിസ്ട്രാർക്കെതിരേ ഉപഭോക്തൃ കോടതി വിധി
ചാലക്കുടി സബ് രജിസ്ട്രാർക്കെതിരേ കുന്നപ്പിള്ളി പുത്തൻപുരയ്ക്കൽ ആഷാ മോഹനൻ നൽകിയ പരാതിയിൽ തൃശ്ശൂർ ഉപഭോക്തൃ കോടതി വിധി പുറപ്പെടുവിച്ചു. ഹർജിക്കാരിക്ക് ആധാരത്തിന്റെ പകർപ്പ് ഒരു മാസത്തിനുള്ളിൽ നൽകാനും വീഴ്ച വരുത്തുന്ന പക്ഷം നഷ്ടപരിഹാരമായി 2500 രൂപ നൽകാനും വിധിയായി.
പൊതു ടാപ്പുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ 10000 രൂപ വരെ പിഴ
ഹോസിട്ടും മറ്റും വെള്ളം കൊണ്ടു പോയി പൊതു ടാപ്പുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ 10000 രൂപ വരെ പിഴ ഈടാക്കുന്നതാണെന്നു കേരള വാട്ടർ അഥോറിട്ടി ചാലക്കുടി സബ് ഡിവിഷന്റെ കീഴിൽ വരുന്ന ഡബ്ല്യൂ. പി. സി. സെക്ഷൻ നമ്പർ 2ന്റെ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ജലചൂഷണം നടത്തുന്നവർക്കെതിരേ റവന്യൂ റിക്കവറിയും പോലീസ് നടപടികളും ഉണ്ടാകുകയും ചെയ്യും.
ഭാരതപ്പുഴ മണൽ വിതരണത്തിനു തൃശ്ശൂർ ജില്ലയ്ക്ക് അവാർഡ്
വെബ് സൈറ്റിലൂടെ കുറ്റമറ്റ രീതിയിൽ ഭാരതപ്പുഴ മണൽ വിതരണം നടത്തിയതിനു തൃശ്ശൂർ ജില്ലയ്ക്ക് കമ്പ്യൂട്ടർ സൊസൈറ്റി ഓഫ് ഇന്ത്യ നൽകുന്ന ഇ-ഗവേർണൻസ് അവാർഡ്-2011 ലഭിച്ചു. മണൽ വിതരണത്തിനുള്ള ഓൺലൈൻ അപേക്ഷകൾ ജനുവരി 15 മുതൽ സ്വീകരിച്ചു തുടങ്ങുന്നതാണെന്നും അറിയുന്നു.
നിഴൽക്കൂത്ത് മികച്ച നാടകം
ഏ.കെ. ലോഹിതദാസ് സ്മാരക നാടകോത്സവത്തിൽ തിരുവനന്തപുരം സൌപർണ്ണികയുടെ നിഴൽക്കൂത്ത് മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനായി പൊന്നച്ചനേയും മികച്ച നടിയായി ബിന്ദു സുരേഷിനേയും മികച്ച നാടക രചയിതാവായി കെ.സി.ജോർജിനേയും തെരഞ്ഞെടുത്തത് സൌപർണ്ണികയുടെ മികവു ഒന്നു കൂടി തെളിയിച്ചു.
മദ്യം വാങ്ങാൻ വന്നവർക്ക് മോരുംവെള്ളം നൽകി
ചാലക്കുടി ബിവറേജസ് ഔട്ട്ലെറ്റിൽ മദ്യം വാങ്ങാൻ വന്നവർക്ക് മദ്യവിരുദ്ധ സഘടനയായ വഴികാട്ടി സൌജന്യമായി മോരുംവെള്ളം നൽകി. മദ്യത്തിനായി ക്യൂ നിന്നവർ മോരുംവെള്ളത്തോടും നന്നായി സഹകരിച്ചെന്നാണറിയുന്നത്.
ചാലക്കുടി സർക്കാർ താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരില്ല
ചാലക്കുടി സർക്കാർ താലൂക്ക് ആശുപത്രിയിൽ സ്വതവേ ഡോക്ടർമാരില്ല. ഉള്ളതിൽ പലരേയും ശബരിമല ഡ്യൂട്ടിയ്ക്കു വിട്ടു. ബാക്കിയുള്ളവരിൽ മിക്കവാറും പേർ അവധിയുമെടുത്തു. ഗുരുതരാവസ്ഥയിൽ വരുന്നവർക്ക് ചാലക്കുടി സർക്കാർ താലൂക്ക് ആശുപത്രിയിൽ നിന്നും ചികിത്സ ലഭിക്കുന്നില്ലത്രേ.