കെല്പോടെല്ലാ ജനങ്ങള്‍ക്കും കേടു തീരത്തക്കവണ്ണ-
മെപ്പോഴുമന്നദാനവുംചെയ്തു ചെഞ്ചെമ്മേ
മുപ്പാരുമടക്കി വാഴും വൈക്കത്തു പെരുംതൃക്കോവി-
ലപ്പാ! ഭഗവാനേ! പോറ്റീ! മറ്റില്ലാശ്രയം.
നിന്തിരുവടിയുടെ നിത്യാന്നദാനമില്ലെങ്കിലും,
ചെന്തിരുപ്പാദം പണിയും വഞ്ചിവാസവൻ
സന്തതവും ധര്‍മ്മംചെയ്യുന്നില്ലെങ്കിലുമാരും കലി-
സന്താപംകൊണ്ടിപ്പൊഴെരിപൊരി കരുതും.
മൂര്‍ത്തി മൂന്നും മുപ്പത്തുമുക്കോടിദേവന്മാരുമൊരു
മൂര്‍ത്തിയായി മുപ്പാരിന്നു വിളക്കുമായി
മാര്‍ത്താണ്ഡാഖ്യയായിരിക്കും പ്രത്യക്ഷദേവതയുടെ
മാഹാത്മ്യമോര്‍ത്തിട്ടു മനസ്സലിഞ്ഞീടുന്നു.
സര്‍വദേവതകളും പ്രസാദിച്ചിട്ടനുഗ്രഹിക്കും
സന്തതമെന്നുള്ളിലുള്ള വികാരമോര്‍പ്പൂ!
ഗുര്വിയായ ഭക്തിവേണ്ടുന്നേരത്തൊരേടത്തുറച്ചു
ഗുരുവിന്റെ കടാക്ഷംകൊണ്ടെന്നു തോന്നുന്നു.
വഞ്ചനമനുജനായിട്ടവതരിച്ചിരിക്കുന്ന
വഞ്ചിവലവൈരിയുടെ കൃപയ്ക്കിരപ്പാന്‍
വഞ്ചികയായ് വന്നാവൂ ഞാ,നെന്നിച്ഛിച്ചു വാഴും കാലം
വഞ്ചിപ്പാട്ടുണ്ടാക്കേണമെന്നരുളിച്ചെയ്തു.
വേദശാസ്ത്രപുരാണേതിഹാസകാവ്യനാടകാദി
വേദികളായിരിക്കുന്ന കവികളുടെ
മേദുരങ്ങളായ ഗദ്യപദ്യങ്ങളെ ശ്രവിക്കുന്ന
മേദിനീന്ദ്രനജ്ഞനോടാജ്ഞാപിച്ചതോര്‍പ്പൂ!
വാനവര്‍ക്കു നിറവോളമമൃതമര്‍പ്പിച്ച ഭഗ-
വാനു കുചേലകുചിപിടകമെന്നോണം
വാണീഗുണംകൊണ്ടാരെയും പ്രീണിപ്പിക്കും വഞ്ചിവജ്ര-
പാണിക്കെന്‍ പാട്ടിമ്പമാവാനടിതൊഴുന്നേന്‍.
ബന്ധംവന്ന കുചേലോദന്തത്തെത്തന്നെ പാട്ടായിട്ടു
ബന്ധിപ്പേനതിനിനിയും സംഗതി വരും,
ബന്ധുരതിരുവനന്തപുരത്തെയും ഭക്തജന-
ബന്ധുവായ പദ്മനാഭനെയും തൊഴുന്നേന്‍.
യാനം ദൂരത്തിങ്കലെളുതല്ലെന്നിരിക്കിലും മമ
സ്യാനന്ദൂരത്തിങ്കലോളം ചെന്നീടുവാനും
ആനന്തരൂപിയാമനന്തശായിയെ ദര്‍ശിപ്പാനു-
മാ നന്ദഗോപകുമാരന്‍ കൃപചെയ്യണം.
കഷ്ടമായ കലിയുഗകാലവും കലികളായ
ദുഷ്ടരും മുഴുക്കമൂലമനന്തപുരം
പ്ലുഷ്ടമായിപ്പോകകൊണ്ടും, പുണ്യശീലന്മാരായുള്ള
ശിഷ്ടന്മാര്ക്കു പുലര്‍ച്ചയില്ലാത്തതുകൊണ്ടും
നവമവതാരമൊന്നുകൂടി വേണ്ടിവന്നു നൂനം
നരകാരിക്കന്‍പതിറ്റാണ്ടിന്നപ്പുറത്ത്.
നവമായിട്ടോരോകൂട്ടമത്യാശ്ചര്യം നാളുതോറും
നരലോകേ കണ്ടും കേട്ടും വരുന്നീലയോ?
സ്വാമിദ്രോഹികടെ വംശവിച്ഛേദം വരുത്തിയതും
സ്വാമിത്രമന്നവന്മാരെ ദ്രവിപ്പിച്ചതും
ഭൂമിയിങ്കലാരും സാധിക്കാത്ത കാര്യം പല കൂട്ടം
ഭൂമാവുകൊണ്ടു സാധിച്ചു സമര്‍പ്പിച്ചതും
കോട്ടപ്പടി പലതുറപ്പിച്ചു നന്നായൊരേടത്തും
കോട്ടംകൂടാതെകണ്ടുത്സാഹിച്ചു ചെഞ്ചെമ്മേ
നാട്ടിനെ നന്നാക്കിയതുമോര്‍ത്താലെങ്ങും ജയസ്തംഭം
നാട്ടുമീ നവാവതാരമെന്നു തോന്നുന്നു.
കാര്ത്തവീര്യന് കഴിച്ചോണം ഭദ്രദീപപ്രതിഷ്ഠയും
കാശിരാമസ്വാമിപ്രതിഷ്ഠയും കഴിച്ചു.
മാര്‍ത്താണ്ഡമഹീപതീന്ദ്രന്‍ വെറുതെയോ ജയിക്കുന്നു!
മാലോകരേ മന്നരായാലീവണ്ണം വേണ്ടൂ
അന്നവസ്ത്രാഭരണാദിവര്‍ഷമര്‍ത്ഥികളിലിന്നും
മന്നവരിലാരാനേവം ചെയ്തീടുന്നുണ്ടോ?
അന്യായംചെയ്യുന്നവനേ ദണ്ഡമനുഭവിക്കേണ്ടൂ
മന്യേ മനോദോഷം മഹാരാട്ടിനില്ലൊട്ടും.
ചൊല്കൊണ്ട പണിപ്രകാരം ചൊല്ലുകെളുതല്ലാരാലു-
മിക്കണ്ട പാരിലീവണ്ണമില്ലിപ്പൊഴെങ്ങും
ഉല്‍ക്കണ്ഠമായുടനനന്തപുരശില്പവും കേട്ടാല്‍
ഉല്‍ക്കണ്ഠയും കാണാഞ്ഞുണ്ടാം കരളിലാര്‍ക്കും.
ഒറ്റക്കല്ലിങ്ങോടിവന്നു മുഖമണ്ഡപം ഭവിച്ചു
മറ്റൊന്നിതില്‍പ്പരം മന്നര്‍ക്കാജ്ഞകൊണ്ടാമോ?
കുറ്റമറ്റ തിരുക്കാപ്പു,മകത്തെ മുറ്റവും തിരു-
മുറ്റത്തുള്ള മണ്ഡപവു,മമ്പലം നാലും,
ചുറ്റിനകത്തും പുറത്തും ബലിശിലകളും വെണ്മ-
പെറ്റ വേദികയും പൊന്നിന്‍കൊടിമരവും
അറ്റത്തിങ്കലന്തരീക്ഷം പൊക്കിക്കളഞ്ഞാത്മപീഠം
പറ്റിയോരു പക്ഷിരാജപരിഷ്കാരവും
ഇന്ദ്രനീലശിലയാ നിര്‍മ്മിതമാം ശീവേലിപ്പന്തല്‍,
ഇന്ദ്രിയങ്ങള്‍ക്കാനന്ദമാമങ്കണങ്ങളും,
ചന്ദ്രശാലാശതങ്ങളും, ചാരുതരഹര്‍മ്മ്യങ്ങളും,
ചന്ദ്രികാചര്‍ച്ചിതങ്ങളാം പ്രാസാദങ്ങളും,
ഗോപുരം നാലും, വളര്‍ന്ന വാമനന്റെ വട്ടമേറും
നൂപുരംപോലെ വിളങ്ങും പൊന്‍പ്രാകാരവും
ദീപിക്കുന്നു ദിവ്യരത്നമയം, ചൊല്ലപ്പെട്ടതെല്ലാം
പാപദൃക്കുക്കള്‍ക്കേ കല്ലും മരവുമാവൂ
ഭുവി ഭവിച്ചിട്ടനന്തതല്പേ ശയിക്കുമാനന്ദ-
രൂപിയാം പദ്മനാഭന്റെ പുരി, സഹസ്രം
സ്തൂപികളെക്കൊണ്ടാകാശം തുളയ്ക്കുന്ന ഭാസാ വിശ്വം
വ്യാപിക്കുന്ന വിശാലത പുകഴിത്തിക്കൂടാ.
വാടകളുമെല്ലാനാളു വാസന്തശ്രീ വിളയാടും
വാടികളും വണ്ടേറും പൂങ്കാവുകളുടെ
വാടകളും വാപികൂപതടാകാദികളും ചുറ്റും
വീടുകളും മഠങ്ങളും വിളങ്ങീടുന്നു.
അത്രയല്ലരികത്തമരാവതിയെക്കാട്ടിലതി-
ചിത്രമായ വഞ്ചിരാജരാജധാനിയും
പത്രിവാഹനന്റെ പുരി പെറ്റിട്ടു പിറന്നുണ്ടായ
പുത്രിയെന്നപോലെ പരിലസിച്ചീടുന്നു.
ഭൂലോകവൈകുണ്ഠലോകഭൂതാനന്തപുരത്തിങ്ക-
ലാലോകിക്കപ്പെടുമഖിലാണ്ഡങ്ങളുടെ
മൂലകന്ദത്തിന്റെ ജന്മകര്‍മ്മങ്ങള്‍ക്കില്ലന്തം; കര്‍മ്മ-
ജാലങ്ങളിലിന്നുമൊരു കര്‍മ്മവും ചൊല്ലാം.
എങ്കിലെല്ലാവരും കേട്ടുകൊള്ളൂ തിരുമനസ്സിന്നും
എങ്കലുള്ള പരമാര്‍ത്ഥം പാട്ടുകൊണ്ടുണ്ടാം:
പങ്കജനാഭാവതാരം പത്തിലുമാധിക്യമേറും
പങ്കഹരനായ കൃഷ്ണനെന്നറിഞ്ഞാലും.
മത്സ്യകച്ഛപാദികളി,ലെഴും വ്യാജാല്‍ ബലിയോടു
മത്സരിച്ച വടു തുലോം വലുതുപോലും.
മത്സ്വാമി രാമപുരത്തു ഭഗവാനാം ഗോവിന്ദനും
ചിത്സ്വരൂപം പരബ്രഹ്മം മുഴുവന്‍തന്നെ.
മയാമോഹമേറും മൂന്നു രാമന്മാര്ക്കും, കൃഷ്ണസംജ്ഞ-
മായ മുഴുബ്രഹ്മത്തിനും മറുമൂര്‍ത്തിക്കും
ആയതൊട്ടുമല്ല; മൂലമൂര്‍ത്തിയിലും ശൌരിക്കേറും
ആയതു പിത്രധികനാം പുത്രനെന്നോണം.
ബ്രഹ്മാദികളര്‍ത്ഥിച്ചിട്ടു പരിപൂര്‍ണ്ണമായിരിക്കും
ബ്രഹ്മം മുഴുവന്‍ ദേവകിയുടെ ജഠരം
ജന്മഭൂമിയാക്കീട്ടാമ്പാടിയിലെട്ടൊന്‍പതു വര്‍ഷം
നന്മയോടെ നാളുതോറും വളര്‍ന്നീലയോ
ദേവകിയുടെ വയറ്റില്‍ പിറന്ന പിള്ള നന്ദന്റെ
ജീവനാഥയാകും യശോദയ്ക്കുമാത്മാനം
പാവാനാംഗം പത്തുമാസം ചുമന്നു ഞാന്‍ പെറ്റുണ്ടായ
ഗോപാലനെന്നുറപ്പിച്ച പുതുമയോര്‍പ്പൂ!
രണ്ടമ്മയും രണ്ടച്ഛനുമൊരുത്തനുണ്ടായിട്ടുണ്ടോ
പണ്ടെങ്ങാനു,മീശ്വരന്റെ കളിയാശ്ചര്യം!
ചെണ്ടകൊട്ടിക്കുമാരെയും, ചതിക്കയില്ലാദ്യനന്‍പു-
കൊണ്ടു ചിലേടത്തു വേണ്ടിവരും കൈതവം.
പിള്ളയായിട്ടു പിറന്നുവീണപ്പോഴേ തുടങ്ങിയ
കള്ളവിദ്യ ശബരന്റെ ശരമേല്പോളം
ഉള്ളുയര്‍ന്ന ഭക്തിയോടെ ചിന്തിപ്പോരെക്കാത്തുകൊള്ളും
ഉള്ളതുരചെയ്യുന്നേരം പുഞ്ചിരിതൂകും
വീരോദാരത്വവും നല്ല നേരും നടിച്ചെന്നേരവും
ശ്രീരാമന്റെ കൂട്ടിരുന്നാലൊരുകാര്യവും
തീരുന്ന കാലമല്ലിപ്പോളെന്നായിട്ടിരിക്കും കൃഷ്ണന്
തീരറ്റ കാപട്യംകൊണ്ടു കളിച്ചതെല്ലാം.
മണ്ണുതിന്നു മകനെന്നു കേട്ടിട്ടമ്മ കോപിച്ചപ്പോള്‍
ഉണ്ണിക്കൃഷ്ണന് വാ പിളര്‍ന്നിട്ടുലകീരേഴും
കണ്ണില്‍ കാട്ടി മായകൊണ്ടു മോഹിപ്പിച്ചന്നേരംതന്നെ
കണ്ണന് കെട്ടിക്കേറിക്കൊണ്ടു മുലകുടിച്ചു.
വെണ്ണ കട്ടുതിന്നും വേശ്യമാര്‍ക്കു കൂലിവേല ചെയ്തും
വിണ്ണോടൊക്കും വ്രജേ വീടുതോറും നടന്നു.
തര്‍ണ്ണകതസ്കരംകൊണ്ടു നാന്മുഖനെക്കരയിച്ചു
വര്‍ണ്ണിപ്പാനിന്നിതില്‍പ്പരമുണ്ടോ വൈഭവം?
കുന്നെടുത്തു കുടയാക്കീട്ടേഴഹോരാത്രം മുഴുവന്‍
നിന്നു കുഞ്ഞിക്കൃഷ്ണന് നിജ പശുപശുപാന്‍
ഒന്നൊഴിയാതെ പാലിച്ചു, കല്പാന്തമേഘങ്ങളിന്ദ്രന്‍
ചൊന്നവണ്ണം വര്‍ഷിച്ചവരൊതുങ്ങിവാങ്ങി
“എന്നേക്കുമെന്‍ ഗര്‍വംവെച്ചു വട്ടംവഴുക്കൊല്ല കൃഷ്ണ!
കൊന്നേക്കൊല്ല ഭഗവാനേ! ഭജേ ഭവന്തം!”
എന്നീവണ്ണമാവലാതി പറവൂതും ചെയ്തു വജ്രി
വന്നു വണങ്ങീട്ടു വീണു നമസ്കരിച്ചു.
കണ്ടാലെത്രയും നന്നായിട്ടെണ്ണമറ്റിട്ടമ്പാടിയി-
ലുണ്ടായിരുന്നൊരു ഗോപിമാരിലുണ്ണിയാം
തണ്ടാരമ്പമ്പിതാവിനെത്തെണ്ടിച്ചെന്നു പുണരാതെ
രണ്ടോ നാലോ നാരിമാരുണ്ടായിരിക്കിലാം.
പാട്ടിലിന്നിക്കഥയൊട്ടും പറയാതെകണ്ടൊഴിച്ചാല്‍
പാപവും ഗോപസ്ത്രീയുടെ ശാപവുമുണ്ടാം
പാട്ടിലുള്ള കുലവിദ്യകൊണ്ടു പരമാത്മാവിന്റെ
പാദംപ്രാപിച്ച കൂട്ടത്തെ മറന്നെന്നാമോ?
ത്രിവിക്രമന്‍ മഥുരയ്ക്കു ചെല്ലുന്നേരമഗതിയാം
ത്രിവക്രയെക്കണ്ടു കൂനും നിവര്‍ത്തു വേഗാല്‍
അവക്രയാക്കിയെന്നല്ല മാറത്തേ മങ്കയെക്കാളു-
മവള്‍ക്കഴകേറ്റിവെച്ചതെന്തിന്നിരിപ്പൂ!
കംസനെ മഞ്ചത്തീന്നുന്തിക്കാതംവഴി ദൂരത്തിട്ടു
ഹിംസിച്ചിട്ടും വൈരമൊടുങ്ങാഞ്ഞിട്ടൊടുക്കം
സംസത്തിങ്കലിട്ടിഴച്ചു, സര്‍വസാക്ഷിയായിരിക്കും
പുംസാം ഭക്തിചെയ്താലില്ല കൃപയ്ക്കു മാറ്റം.
മാതുലനെക്കൊന്നവന്റെ താതനെ നാടു വാഴിച്ചു
മാതാപിതാക്കന്മാരെയുമഴിച്ചുവിട്ടു
മാധവനുഗ്രസേനന്റെ ഭൃത്യനെന്ന ഭാവം, ഭക്ത-
ബാന്ധവനതമ്മാവനെ മറപ്പാന്‍ മൂലം
അന്തകനെജ്ജയിച്ചിട്ടു ചത്ത പുത്രനെക്കൊണ്ടന്നു
സന്തൊഷിപ്പിച്ചിട്ടു സാന്ദീപനിക്കു ചെമ്മേ
ചെന്താമരക്കണ്ണന്‍ ഗുരുദക്ഷിണചെയ്തതാര്‍ക്കാനും
ചിന്തിക്കാവുന്ന കാര്യമോ നിരൂപിച്ചാലും
പതിനെട്ടുവട്ടം ജരാസന്ധനോടു പടവെട്ടി
പടിഞ്ഞാറെജ്ജലധിയില്‍ പാളയം കെട്ടി
പതിനാറായിരത്തെട്ടു പതിവ്രതമാരെ വേട്ടു,
പരനിതൊക്കെയും പാരില്‍ പരക്കെക്കേട്ടു,
ബാണരണത്തിങ്കല്‍ കൃഷ്ണന് പ്രമഥന്മാരേയും പുഷ്പ-
ബാണപുരാന്തകനാകും ഭഗവാനേയും
ബാണങ്ങളെക്കൊണ്ടു ജയിച്ചതും ബാല്യേ കഴിഞ്ഞൊരു
വാണീജാനിജയത്തെക്കാളതികഠിനം.
ധര്‍മ്മപുത്രനുടെ കാര്യക്കാരനോ കാരണമര്‍ത്യന്‍
ധര്‍മ്മദൈവമോ ദൂതനോ ഞാനറിഞ്ഞില്ല.
സന്മതിയാമര്‍ജ്ജുനന്റെ സഖിയോ സൂതനോ പര-
ചിന്മയന് ഗുരുഭൂതനോ ഞാനറിഞ്ഞില്ല.
സുരാസുരനരന്മാരെജ്ജയിച്ച സവ്യസാചിയെ
ജരാനരജിതനായ നദീതനയന്‍
ശരപരവശനാക്കി പോരിലപ്പോഴപ്പോളൊരു
ചരാചരപ്രപഞ്ചനാം പതി കോപിച്ച്
കമ്മട്ടമല്ലീ വൃദ്ധന്റെ കളിയെന്നിട്ടു കയറും
ചമ്മട്ടിയും വച്ചിട്ടനായുധത്വം സത്യം
കൈവിട്ടുകളഞ്ഞു ചക്രമെടുപ്പൂതുംചെയ്തു രാജ-
ക്കണ്‍വെട്ടത്തിറങ്ങി ദേവവ്രതന്റെ നേരെ
വില്ലുംവെച്ചു തൃക്കൈവിളയാടി വേണമടിയനെ-
ക്കൊല്ലുവാനെന്നര്‍ത്ഥിച്ചിട്ടഞ്ജലിയും ചെയ്ത്
വല്ലഭനാം ഭീഷ്മരരികത്തുവന്നു, വാസുദേവന്‍
വല്ലാതായിട്ടു വാങ്ങീ പലവട്ടവും.
ദ്രോണരണേ ഭഗദത്തനയച്ച നാരായണാസ്ത്രം
ചാണൂരാരി തേരില്‍നിന്നു ചാടിച്ചെന്നേറ്റൂ:
കാണപ്പെട്ടു മാറിലതു മാലയായിട്ടെല്ലാരാലും,
പ്രാണഹാനി വരാതെ ജിഷ്ണുവും ജീവിച്ചു.
അഞ്ചാറുനാഴികപ്പകലുള്ളപ്പോഴാദിത്യബിംബം
അഞ്ചാതെ തൃച്ചക്രംകൊണ്ടു മറച്ചു കൃഷ്ണന്
വഞ്ചിച്ചു ജയദ്രഥനെ വധിപ്പിക്കകൊണ്ടര്‍ജ്ജുനന്‍
വഞ്ചെന്തീയില്‍ ചാടിച്ചാമ്പലാകാഞ്ഞുപോലും
ഗാണ്ഡീവശരകൂടം തീര്‍ത്തിന്ദ്രന്റെ വര്‍ഷം തടുത്തു
ഖാണ്ഡവത്തെക്കൊണ്ടഗ്നിക്കു വിശപ്പുതീര്‍ത്ത
പാണ്ഡവനവനെ വഹ്നി തിന്നുമെങ്കില്‍ ഭഗവാനാം
താണ്ഡവപ്രിയന്റെ തൃക്കണ്ണന്‍പുകോലുമോ?
പാര്‍ത്ഥനഗ്നിപ്രവേശം പ്രതിജ്ഞചെയ്തതും തം പാതും
തീര്‍ത്ഥപാദനര്‍ക്കതിരസ്കാരം ചെയ്തതും
ചീര്‍ത്ത പുത്രഭാഗിനേയവിനശാര്‍ത്തികൊണ്ടതീത-
വാര്‍ത്തയോര്‍ത്തിട്ടല്ലെന്നുണ്ടെനിക്കു തോന്നുന്നു.
കര്‍ണ്ണന്റെ നാഗാസ്ത്രമര്‍ജ്ജുനന്റെ മഹാകിരീടത്തെ
മണ്ണിലാക്കി, കഴുത്തറുത്തില്ല, സൂതനാം
കണ്ണനൂഴിതാഴ്ത്തുകൊണ്ടീവണ്ണമെന്തെല്ലാംകൂട്ടം
കര്‍മ്മം പാര്‍ത്ഥന്മാര്‍ക്കുവേണ്ടീട്ടച്യുതന്‍ ചെയ്തു.
എളിയപുറത്തെ നില്പ്പു കൃഷ്ണനെല്ലാവറ്റേക്കൊണ്ടും;
ഞെളിയുന്ന ജനങ്ങളെ ഞെരിപ്പാന്‍കൂടും.
കളിയല്ലേ കര്‍ണ്ണന്റെയും ദുര്യോധനന്റെയും വധം
എളുതാമോ പാണ്ഡവര്‍ക്കീ ബന്ധുവില്ലാഞ്ഞാല്‍?
ദീനദീനനാകകൊണ്ടും ഹീനനാകകൊണ്ടുമേറ്റം
ജ്ഞാനമില്ലാഴികകൊണ്ടുമെനിക്കീശ്വരന്‍
താനേകൂടത്തുണയ്ക്കകൊണ്ടീവണ്ണം ഗാനംചെയ്യുന്നു
ഞാനല്ലാതെ മതിയാകയില്ലെന്നു നൂനം.
എത്രയും ഭക്തവാത്സല്യമേറിയ ഭഗവാന് കൃഷ്ണ-
നത്ര പാരിലവതാരകാര്യം മിക്കതും
സത്രിക്കാതെ സാധിച്ചിട്ടു സര്‍വ്വമഹിഷിമാരോടും
പുത്രപൗത്രാദികളുടെ സാകല്യത്തോടും
പിത്രാദികളോടും പ്രീതനായ ബലഭദ്രനോടും
മിത്രമിഥുനങ്ങളോടും മന്ത്രികളോടും
തത്ര സമുദ്രമധ്യസ്ഥമഹാരാജധാനിയിങ്കല്‍
സുത്രമാവിനെക്കാട്ടിലും സുഖിച്ചിരുന്നു.
അക്കാലത്തൊന്നിച്ചു ഗുരുകുലവാസം ചെയ്കമൂലം
ചില്‍ക്കാതല്‍ക്കു സതീര്‍ത്ഥ്യനായിരുന്ന വിപ്രന്
ചൊല്ക്കൊണ്ട കുചേലന് ഭക്തികൊണ്ടു ദാരിദ്ര്യദുഃഖവു-
മുള്‍ക്കൊള്ളാതെകണ്ടില്ലത്തു ഭജിച്ചിരുന്നു.
ഭക്തിയേറും ഭഗവാങ്കലെങ്കിലുമവന്റെ ഭാര്യ
ഭര്‍ത്താവോളം വിരക്തയായില്ല; ഭക്ഷിച്ചേ
ശക്തിയുള്ളൂ ശുശ്രൂഷിപ്പാനെന്നായിട്ടേകദാ സതീ-
സക്തിയോടുകൂടെ പതിയോടു പറഞ്ഞു:
“ചില്ലീനമാനസ! പതേ! ചിരന്തനനായ പുമാന്
ചില്ലിചുളിച്ചൊന്നു കടാക്ഷിപ്പാനോര്‍ക്കണം.
ഇല്ല ദാരിദ്ര്യാര്‍ത്തിയോളം വലുതായിട്ടൊരാര്‍ത്തിയും
ഇല്ലം വീണു കുത്തുമാറായതു കണ്ടാലും.
വല്ലഭ! കേട്ടാലും പരമാത്മമഗ്നനായ ഭവാന്
വല്ലഭയുടെ വിശപ്പുമറിയുന്നില്ല.
സര്‍വ്വവേദശാസ്ത്രപുരാണജ്ഞന്‍ ഭവാന് ബ്രഹ്മശക്ര-
ശര്‍വ്വവന്ദ്യനായ ശൗരി തവ വയസ്യന്
നിര്‍വ്വാണദനായ ലക്ഷ്മീപതിയെച്ചെന്നു കണ്ടാലീ
ദുര്‍വ്വാരദാരിദ്ര്യദുഃഖമൊഴിയും നൂനം.
ഗുരുഗൃഹത്തിങ്കല്‍നിന്നു പിരിഞ്ഞതില്പ്പിന്നെ ജഗല്
ഗുരുവിനെയുണ്ടോ കണ്ടു വെറുതേ ഗുണം
വരികയില്ലാര്‍ക്കും, ഭഗവാനെക്കാണ്മാന്‍ കാലേതന്നെ
വിരയെ യാത്രയാകേണമെന്നു തോന്നുന്നു.”
പറഞ്ഞതങ്ങനെതന്നെ, പാതിരാവായല്ലോ പത്നീ!
കുറഞ്ഞൊന്നുറങ്ങട്ടെ ഞാനുലകീരേഴും
നിറഞ്ഞ കൃഷ്ണനെക്കാണ്മാന്‍ പുലര്‍കാലേ പുറപ്പെടാം
അറിഞ്ഞു വല്ലതും കൂടെത്തന്നയയ്ക്കേണം.
ത്രിഭുവനമടക്കിവാണിരുന്നരുളുന്ന മഹാ-
പ്രഭുവിനെക്കാണ്മാന്‍ കൈക്കലേതും കൂടാതെ
സ്വഭവനത്തിങ്കല്‍നിന്നു ഗമിക്കരുതാരും കൈക്ക-
ലിഭവുമാമിലയുമാം കുസുമവുമാം
അവലുമാം മലരുമാം ഫലവുമാം യഥാശക്തി
മലര്‍ക്കന്യാമണവാളനൊക്കെയുമാകും.
മലംകള മനസ്സിലിന്നെന്തുവേണ്ടെന്നറിയാഞ്ഞു
മലയ്ക്കേണ്ട, ചൊന്നതിലൊന്നുണ്ടാക്കിയാലും.”
ഇപ്രകാരം ഭര്‍ത്താവിന്റെ വാക്കുകേട്ടിട്ടനന്തരം
വിപ്രഭാമിനി യാചിച്ചുകൊണ്ടന്ന ധാന്യം
ക്ഷിപ്രമിരുട്ടത്തിടിക്കകൊണ്ടു കല്ലും നെല്ലുമേറു-
മപ്പൃഥുകം പൊതിഞ്ഞൊരു തുണിയില്‍ക്കെട്ടി
കാലത്തെഴുന്നേറ്റു കുളിച്ചൂത്തുവന്ന പതിയുടെ
കാലടി വന്ദിച്ചു പൊതി കൈയില്‍ക്കൊടുത്തു.
കൂലംകഷകുതൂഹലം കുടയുമെടുത്തിട്ടനു-
കൂലയായ പത്നിയോടു യാത്രയും ചൊല്ലി.
ബാലാദിത്യവെട്ടം തുടങ്ങിയ നേരം കൃഷ്ണനാമ-
ജാലങ്ങളെ ജപിപ്പൂതും ചെയ്തു കുചേലന്.
ചാലേ വലത്തോട്ടൊഴിഞ്ഞ ചകോരാദി പക്ഷികടെ
കോലാഹലം കേട്ടുകൊണ്ടു വിനര്‍ഗമിച്ചു.
നാഴികതോറും വളരും ഭക്തിനല്‍കുമാനന്ദമാ-
മാഴിയിങ്കലുടനുടല്‍ മുഴുകുകയും
താഴുകയുമൊഴുകയും ചെയ്തു കാലമല്പം പോലും
പാഴാക്കാതെ പോയി വിപ്രന് വിവിധങ്ങളാം
ഗ്രാമനഗരാദികളെക്കടന്നിട്ടു സജ്ജനനാം
ഗ്രാമണി ഗമിക്കുന്നേരമഗണ്യമായ
രാമാനുജന്റെ ഹൃദയമറിവാന്‍ മേലയെന്നിട്ടു
രോമാഞ്ചമണിഞ്ഞീവണ്ണം വിചിന്ത ചെയ്തു.
നാളെ നാളേയെന്നായിട്ടു ഭഗവാനെക്കാണ്മാനിത്ര
നാളും പുറപ്പെടാഞ്ഞ ഞാനിന്നു ചെല്ലുമ്പോള്‍
നാളീകനയനനെന്തു തോന്നുന്നോയിന്നു നമ്മോട്!
നാളികം കരിമ്പനമേലെയ്തപോലെയോ?
ദേശികദക്ഷിണ കഴിഞ്ഞതില്‍പ്പിന്നെക്കാണാഞ്ഞ ഞാന്‍
ദേവദേവനാലര്‍ത്ഥിക്കപ്പെടുമെങ്കിലും
ദാശാര്‍ഹനെന്‍ ദാരിദ്ര്യമൊഴിച്ചയപ്പാന്‍ ബന്ധം വേണ്ട,
ദാസ്യസഖ്യാദികളോ നിത്യന്മാര്‍ക്കുണ്ടാമോ?
താണു പണ്ടുണ്ടായ സാപ്തപദീനം തന്നേ പറഞ്ഞു
കാണുമ്പോളഖിലേശനോടിരപ്പനിവന്‍.
ദ്രോണര് ദ്രുപദാനാലെന്നപോലെ നിന്ദിക്കപ്പെടുക-
വേണമെന്നില്ലാദ്യനല്ലേ? പ്രഭുവല്ലല്ലോ.
മാനിയാമര്‍ജ്ജുനനോളം വലിപ്പമില്ലുണ്ടെങ്കിലും
കുനിയായ കുബ്ജയേക്കാളിളപ്പം കൊണ്ടും
മാനനീയത്വം വലിപ്പം കൊണ്ടുമെനിക്കേറും നൂനം
ദീനബാന്ധവന്‍ ബ്രാഹ്മണ്യദേവനല്ലയോ.
അന്തണരിലേകനെന്നാല്‍ കുനിഞ്ഞു കൃഷ്ണനെത്രയും
ജന്തുവായ ജളനെയും പ്രസാദിപ്പിക്കും.
എന്തായാലും ചെന്താമരക്കണ്ണനെന്നെക്കാണുന്നേരം
സന്തോഷിക്കും സല്‍ക്കരിച്ചയയ്ക്കയും ചെയ്യും.”
ഈവണ്ണമാക്ഷേപസമാധാനങ്ങളെച്ചെയ്തു ചിത്തം
കാര്‍വര്‍ണ്ണങ്കലുറപ്പിച്ചു ചെഞ്ചെമ്മേ ചെല്ലും
ഭൂവിണ്ണോരിലഗ്രഗണ്യനായ കുചേലനാലഗ്രേ
സൗവര്‍ണ്ണയാം ദ്വാരവതി ദര്‍ശിക്കപ്പെട്ടു.
ഇപ്പാരിലിന്നില്ലീവണ്ണമൊരു മഹാരാജധാനി
മുപ്പാരിലുമില്ല, മന്യേ മുകുന്ദപദം
അല്‍പ്പവുമില്ലാതങ്ങുര്‍വിയിങ്കല്‍ല്‍പ്പോയി വാസുദേവന്‍
ചില്‍പ്പുരുഷനോടുകൂടിപ്പരമപദം
പശ്ചിമപയോധിയുടെ നടുവിന്നാഭരണമാം
കശ്ചന പൊന്നുന്തുരത്തുമതിന്റെ മീതേ
ദുശ്ച്യവനനഗരിയെ നാണിപ്പിച്ച രത്നപുരി
നിശ്ചലയായിട്ടുനിന്ന നിലയുമോര്‍പ്പൂ.
ഭോഗവതിയായ പുരി പൊക്കംകൊണ്ടു നഭസ്സിന്റെ
ഭാഗത്തെയുമതിക്രമിച്ചനേകകാലം
ഭോഗവതീപുരിയുടെ തലയിലിരുന്നുപോലും,
ഭോഗശായിയോടുകൂടിപ്പോകയും ചെയ്തു.
ചുറ്റുമംബരം ചുംബിക്കും പൊന്നും പുറംകോട്ടയ്ക്കക-
ത്തൊറ്റരത്നക്കല്‍ത്തളം ചെയ്തിരിക്കമൂലം
മുറ്റമെല്ലാം മിനുങ്ങീട്ടു തെറ്റുതെളുതെളെ മിന്നും
മുറ്റമെവിടെയുമാര്‍ക്കുംകണ്ണാടികാണാം
മുകളിലാകാശംമുട്ടുമകമതിലുകടേയും
മുകപ്പുകടേയുമെണ്ണം ഗണിച്ചുകൂടാ.
മുകുന്ദന്റെ പദമെന്റെ മനോമയമായിരിക്കും
മുകുരത്തില്‍ കണ്ടപോലെ പറഞ്ഞുകൂടാ.
സാലംതോറും നന്നാലു ഗോപുരങ്ങളുണ്ടത്രയല്ല
സാലങ്കാരപുരദ്വാരങ്ങളുടെ നേരെ,
നാലുദിക്കിലോട്ടുമോരോ മഹാമാര്‍ഗ്ഗങ്ങളുണ്ടതില്‍
നാലിന്റെയും പാര്‍ശ്വങ്ങളിലാപണങ്ങളും
അങ്ങാടികളിലൊക്കെയുമാപണങ്ങളിലൊക്കെയും
മങ്ങീടാതെ മഹാലക്ഷ്മിയുടെ കടാക്ഷം
തങ്ങീടുകകൊണ്ടു ധനധാന്യാദികള്‍ക്കിടംപോരാ,
പൊങ്ങീടുന്ന നാനാ മണിഹേമാദികള്‍ക്കും
ഇന്ദിര രണ്ടെണ്ണായിരത്തെട്ടായിട്ടിരുന്നരുളും
മന്ദിരങ്ങളുമത്രയുമുണ്ടെന്നു വെപ്പൂ.
നന്ദഗോപപുത്രപൗത്രാദി ഗൃഹഗണനം
ദന്ദശൂകേശനുമെളുതല്ല നിര്‍ണ്ണയം
പ്രദ്യോതനകോടിപ്രകാശന്മാരായി വിളങ്ങീടും
പ്രദ്യുമ്നാനിരുദ്ധാദിസത്മങ്ങളും, സദാ
മദ്യമത്തനായ മാധവാഗ്രജന്റെ മന്ദിരവും
വിദ്യാവൃദ്ധനാമുദ്ധവരുടെ ഗൃഹവും
സാത്യകികൃതവര്‍മ്മാദി മഹാരഥന്മാരുടെയും
സാത്വതസംഘത്തിന്റെയും കുടികോടികള്‍
സാദ്ധ്യസംഖ്യാദികളെല്ലാം സഹസ്രാനുസഹസ്രവും
സാധ്വസത്തേ ഗമിച്ചിട്ടു മടങ്ങിവാങ്ങും
ചിന്മയന്റെ പുരിക്കുള്ളില്‍ ഗൃഹമില്ലാത്തിടമില്ല
പൊന്മയമല്ലാതെയില്ല ഗൃഹത്തിലെങ്ങും.
നിര്‍മ്മലമായ പൂങ്കാവും പൊയ്കയും വേണ്ടുന്നതെല്ലാം
നര്‍മ്മാലയം തോറും വെവ്വേറെയുണ്ടെല്ലാര്‍ക്കും.
ജ്യേഷ്ഠനെ മുമ്പിട്ടുചെല്ലും പ്രപഞ്ചപ്പെരുമാളുടെ
കോട്ടയ്ക്കകത്തകപ്പെട്ട പുരുഷന്മാര്ക്കും
കേട്ടാലും പുരസ്ത്രീകള്‍ക്കും കരിതുരഗാദികള്‍ക്കും
വാട്ടംവിനാ വസിപ്പാനിപ്പാരിടം പോരാ
പട്ടിണികൊണ്ടു മെലിഞ്ഞ പണ്ഡിതനു കുശസ്ഥലീ
പട്ടണം കണ്ടപ്പോഴേ വിശപ്പും ദാഹവും
പെട്ടെന്നകന്നുവെന്നല്ല ഭക്തികൊണ്ടെന്നിയേ പണി-
പ്പെട്ടാലുമൊഴിയാത്ത ഭവാര്‍ത്തിയും തീര്‍ന്നു.
രാമാനുജാഞ്ചിതരാജധാനി സത്കരിച്ചേകിയ
രോമാഞ്ചക്കുപ്പായമീറണനായി ചെഞ്ചെമ്മേ
സീമാതീതാനന്ദാശ്രുവില്‍ കുളിക്കകൊണ്ടു കുചേല-
ചോമാതിരിക്കതു ചുമടായിച്ചമഞ്ഞു
ഭക്തിയായ കാറ്റു കൈകണാക്കിലേറ്റു പെരുകിയ
ഭാഗ്യപാരാവാരഭംഗപരമ്പരയാ
ശക്തിയോടുകൂടി വന്നു മാറിമാറിയെടുത്തിട്ടു
ശാര്‍ങ്ഗിയുടെ പുരദ്വാരം പൂകിക്കപ്പെട്ടു.
കല്പാന്തകാലത്തൊന്നിക്കും കടലുകളുടെ ഘോഷ-
മല്പമാക്കും പുരുഷാരപൂരങ്ങളുടെ
ചെല്പൊങ്ങുമിരപ്പുകേട്ടും പൂരിശീള്‍പ്പാംകണ്ടുംചെല്ലും
ചിത്പുംസഖന്‍ മഹാമാര്‍ഗ്ഗമലങ്കരിച്ചു
ആഴിമകളുമൊരുമിച്ചൊരു കട്ടിലിന്മേലന്നേര-
മേഴാമ്മാളികമുകളിലിരുന്നരുളും
ഏഴുരണ്ടുലകുവാഴിയായ തമ്പുരാനെത്രയും
താഴെത്തന്റെ വയസ്യനെ ദൂരത്തു കണ്ടു.
കണ്ടാലെത്ര കഷ്ടമെത്രയും മുഷിഞ്ഞ ജീര്‍ണ്ണവസ്ത്രം-
കൊണ്ടു തറ്റുടുത്തിട്ടുത്തരീയവുമിട്ടു
മുണ്ടില്‍പ്പൊതിഞ്ഞ പൊതിയും മുഖ്യമായ പുസ്തകവും
രണ്ടുംകൂടെക്കക്ഷത്തിങ്കലിടുക്കിക്കൊണ്ടു
ഭദ്രമായ ഭസ്മവും ധരിച്ചു നമസ്കാരകിണ-
മുദ്രയും മുഖരമായ പൊളിക്കുടയും
രുദ്രാക്ഷമാലയുമേന്തി നാമകീര്‍ത്തനവും ചെയ്തു
ചിദ്രൂപത്തിങ്കലുറച്ചു ചെഞ്ചെമ്മേ ചെല്ലും
അന്തണനെക്കണ്ടിട്ടു സന്തോഷംകൊണ്ടോ തസ്യ ദൈന്യം
ചിന്തിച്ചിട്ടുള്ളിലുണ്ടായ സന്താപംകൊണ്ടോ
എന്തുകൊണ്ടോ ശൗരി കണ്ണുനീരണിഞ്ഞു, ധീരനായ
ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളൂ?
പള്ളിമഞ്ചത്തീന്നു വെക്കമുത്ഥാനംച്യ്തിരുപിക്ക-
മുള്ള പരിജനത്തോടുകൂടി മുകുന്ദന്
ഉള്ളഴിഞ്ഞു താഴത്തെഴുന്നള്ളി, പൗരവരന്മാരും
വെള്ളംപോലെ ചുറ്റുംവന്നു വന്ദിച്ചുനിന്നു.
പാരാവാരകല്പപരിവാരത്തോടുകൂടി ഭക്ത-
പരായണനായ നാരായണനാശ്ചര്യം
പാരാതെ ചെന്നെതിരേറ്റു കുചേലനെ, ദീനദയാ-
പാരവശ്യമേവം മറ്റൊരീശ്വരനുണ്ടോ?
മാറത്തെ വിയര്‍പ്പുവെള്ളംകൊണ്ടു നാറും സതീര്ത്ഥ്യനെ
...........................................................
കൂറുമൂലം തൃക്കൈകൊണ്ടു കൈപിടിച്ചുകൊണ്ടുപരി
കേറിക്കൊണ്ടു ലക്ഷ്മീതല്പത്തിന്മേലിരുത്തി.
പള്ളിപ്പാണികളെക്കൊണ്ടു പാദം കഴുകിച്ചു പരന്
ഭള്ളൊഴിഞ്ഞു ഭഗവതി വെള്ളമൊഴിച്ചു
തുള്ളിയും പാഴില്‍പ്പോകാതെ പാത്രങ്ങളിലേറ്റു തീര്‍ത്ഥ-
മുള്ളതുകൊണ്ടു തനിക്കുമാര്‍ക്കും തളിച്ചു.
നന്ദനും വസുദേവര്‍ക്കും യശോദയ്ക്കും ദേവകിക്കും
നന്ദനനായ മുകുന്ദന് ഭക്തനെത്തന്നെ
ചന്ദനവും പൂയിപ്പിച്ചു പൂജിച്ചുപോലിത്ഥം ഹരി-
ചന്ദനയവകുസുമദീപാദികൊണ്ടും.
ഭര്‍ത്തൃഭാവമറിഞ്ഞിട്ടു ലക്ഷ്മീഭഗവതിതാനും
ഭദ്രമായ താലവൃന്ദമെടുത്തു ചെമ്മേ
ഭക്തനാമതിഥിക്കധ്വശ്രമം തളരുവാന്‍ വാസു-
ഭദ്രനോടുകൂടി നിന്നു വീശിത്തുടങ്ങി.
ദക്ഷിണദിഗീശനെ ജയിച്ചുണ്ണിയെ വീണ്ടും ഗുരു-
ദക്ഷിണകഴിച്ച ദേവന് ഗുണനിധിയാം
അക്ഷോണീസുരനൊന്നിച്ചിരുന്നരുളീട്ടനന്തരം
അക്ഷീണതരമാം വണ്ണമരുളിച്ചെയ്തു:
“എത്ര നാളുണ്ട് ഞാന്‍ കാണാഞ്ഞിട്ടു ചിത്തേ കൊതിക്കുന്നു
അത്രതന്നേ പോന്നുവന്നതസ്മാകം ഭാഗ്യം
ചിത്രം ചിത്രമങ്ങോട്ടുചെന്നാടേണ്ടുന്ന മഹാതീര്‍ത്ഥ-
മിത്രത്തോളമാഗമിക്കകൊണ്ടുനന്നായി
പാരദാരികത്വം വീരഹത്യ, മഹാവഞ്ചനാദി
പാപങ്ങളൊക്കെയുമിന്നു നമുക്കൊഴിഞ്ഞു.
പാരീരേഴിനെയും പൂതമാക്കുന്ന സാധുക്കളുടെ
പാദതീര്‍ത്ഥമാകസ്മികമേല്‍പ്പാനെത്തുമോ?
സാന്ദീപനിഗൃഹേ പണ്ടു സാഹസാല്‍ക്കഴിഞ്ഞതും നാം
സാദരം വേദശാസ്ത്രങ്ങളഭ്യസിച്ചതും
സാന്ദ്രസൌഹൃദബന്ധം നമ്മിലുണ്ടായതും സഖേ!
സാരനായ ഭവാനൊന്നും മറന്നില്ലല്ലീ!
ഗുരുപത്നീനിയോഗേന കദാചന നാമെല്ലാരും
ഒരുമിച്ചു വിറകില്ലാഞ്ഞിട്ടു പോയതും
പെരുങ്കാട്ടില്‍ പുക്കിന്ധനമൊടിച്ചു കെട്ടിവെച്ചതും
അരുണനസ്തമിച്ചതും മറന്നില്ലല്ലീ?
കൂരിരുട്ടുമാകസ്മികമായൊരു മഹാമഴയും
കൂടിവന്നു കൊടുങ്കാറ്റും കൂടീട്ടസ്മാകം
മോഹമേറെ വളര്‍ത്തതുമുഷസ്സോളം തകര്‍ത്തതും
ഊഹിച്ചെടുത്തു നാമെല്ലാമൊരുമിച്ചതും
പാര്‍ത്തിരിയാതെ പറന്നുപോമിക്കാറ്റത്തെന്നുള്‍ക്കാമ്പി-
ലോര്‍ത്തൊരു തുരപ്പിനുള്ളിലൊളിച്ചന്യോന്യം
കോര്‍ത്തുകൈകള്‍ പിടിച്ചതും പിന്നെപ്പേടിതീരുംവണ്ണം
മാര്‍ത്താണ്ഡനുമുദിച്ചതും മറന്നില്ലല്ലീ
താപസനന്തിക്കു നമ്മെക്കാണാഞ്ഞിട്ടു പത്നിയോടു
കോപിച്ചതും പുലര്‍കാലേ തിരഞ്ഞു കാണ്മാന്
താപം പൂണ്ടു താനേ പുറപ്പെട്ട നേരം കുളുര്‍ന്നു നാം
പേടിച്ചു വിറകുംകൊണ്ടരികില്‍ ചെന്നതും,
ചെമ്മേ വീണു നമസ്കരിച്ചതും മഹാമുനിമോദാല്‍
നമ്മെയെല്ലാമനുഗ്രഹിച്ചതും തോന്നുന്നോ?
നന്മ നമുക്കതേയുള്ളൂ; ഗുരുകടാക്ഷംകൂടാതെ
ജന്മസാഫല്യം വരുമോ ജനിച്ചാലാര്‍ക്കും?
ദന്തിയുമാം പുഷ്പവുമാമിടയിലെന്തുമാം ഗുരു-
ദക്ഷിണ തനിക്കൊത്തോണം ചെയ്യേണമാരും
അന്തകനോടുണ്ണിയെ മേടിച്ചുകൊണ്ടന്നര്‍പ്പിച്ചു നാ-
മത്രമാത്രം ചെയ്തിട്ടിന്നും ഭക്തിചെയ്യുന്നു.
ആചാര്യനിഷ്ക്രയം ചെയ്തിട്ടാലയം ഗമിച്ചശേഷ-
മാശു സമാവര്‍ത്തനമതീതമായില്ലേ?
വാചാ കിം ബഹുനാ തവ വേളിയും കഴിഞ്ഞുവല്ലോ
വാരിജാക്ഷി ഭവാനനുരൂപയല്ലയോ?
വിശേഷങ്ങളിനിയും പറഞ്ഞുകൊള്ളാം ബന്ധംവിനാ
വിശക്കുന്നു നമുക്കതു സഹിച്ചുകൂടാ
വിശുദ്ധനായ ഭവാന്റെ ഭവപീഡ തീര്‍ന്നുപോമീ
വശക്കേടു ശമിക്കുമ്പോളതിനെന്തുള്ളൂ?
പൊതിയിങ്ങോട്ടുതന്നാലും ലജ്ജിക്കേണ്ട ഗോപിമാരും
കൊതിയനെന്നിജ്ജനത്തെപ്പറവൂ ഞായം.”
ഇതി യദുപദി മുദാ സതതമിരന്നു സദാം
ഗതിയതു കൈക്കലാക്കീട്ടഴിച്ചുകൊണ്ട്
കല്ലും നെല്ലുമെല്ലാമവലെന്നുവെച്ചിട്ടൊരുപിടി
നല്ലവണ്ണം വാരി വേഗം വയറ്റിലാക്കി.
മല്ലരിപു പിന്നെയും വാരുവാനാഞ്ഞ നേരം വീശും
വല്ലഭ വന്ദിച്ചു തന്റെ കരം പിടിച്ചു.
മതിമതി പതിയോടു പറവൂതും ചെയ്തു “കാന്താ,
മതിമതി കദശനമതീവമൂല്യം.
മതിപ്പാനും കൊടുപ്പാനുംതന്നെ ഞാനിന്നൊന്നുകൊണ്ടും
മതിയാകയില്ലെന്നായിവന്നിരിക്കുന്നു.
പിറന്നന്നുതുടങ്ങീട്ടു പിരിയാതെ പാര്‍ക്കുമെന്നെ
മറന്നെന്നു തോന്നീടുന്നിതധുനാ, ബന്ധം
മുറിച്ചയച്ചീ വിപ്രന്റെ പത്നിക്കു ദാസിയാക്കുവാ-
നുറച്ചിതോ തിരുമനസ്സിലിതെന്തയ്യോ?”
“പരിഭ്രമിക്കേണ്ട പത്നീ! പറഞ്ഞതു കൊള്ളാന്താനും
പരമഭക്തന്മാരെക്കണ്ടിരിക്കുന്നേരം
പരവശനായ് കൃപകൊണ്ടെന്നെയും മറന്നുപോം ഞാന്‍
പരിചയിച്ചിട്ടും നീയതറിഞ്ഞിട്ടില്ലേ?
നിറഞ്ഞുകഴിഞ്ഞു നമുക്കൊരു മുഷ്ട്യാ നിന്റെ ഭാവ-
മറിഞ്ഞുകൊള്‍വതിനായിപ്പുനരുദ്യോഗം
കുറഞ്ഞോരു ചിപിടകം ശേഷിച്ചതിതാ, ഭവതി!
പറഞ്ഞതും മറക്കാമോ ഭക്തയായ നീ?”
വിവിധചരാചരാണാം പിതാക്കന്മാരേവം കാര്യം
സവിധഗനാം ദ്വിജനെ ശ്രവിപ്പിക്കാതെ
ചെവിയിലന്യോന്യമോതീ,ട്ടമൃതമാകിയ ശേഷം
അവലമ്മകൊണ്ടുപോയി പിന്നെയും വീശി.
നിഖിലാണ്ഡകോടിനിഗമാദികളെക്കൊണ്ടും നിറ-
യാത്ത കൃഷ്ണകുക്ഷി ഭുക്തിപൂരിതമായി
സഖിദത്തപൃഥുകൈകമുഷ്ടീയാല്‍ നിറയ്ക്കപ്പെട്ടു
സഖി മുകുന്ദനാലേവം വദിക്കപ്പെട്ടു,
“പണ്ടൊരിക്കല്‍ പാണ്ഡവമഹിഷിയുടെ ശാകോദന-
മുണ്ടുനാമിന്നു ഭവാന്റെ പൃഥുകം തിന്നു;
രണ്ടുകൊണ്ടുമുണ്ടയോണം സുഖവും തൃപ്തിയും കീഴി-
ലുണ്ടായിട്ടില്ലൊരിക്കലുമെനിക്കു സഖേ.
കൈക്കലര്‍ത്ഥമൊന്നുമില്ലാഞ്ഞെന്റെ ഭക്തന്മാരര്‍പ്പിച്ചാല്‍
കയ്ക്കും കാഞ്ഞിരക്കുരുവുമെനിക്കമൃതം;
ഭക്തിഹീനന്മാരായ ഭക്തന്മാരമൃതംതന്നാലും
തിക്തകാരസ്കരഫലമായിട്ടു തീരും.
ഗര്‍വ്വഹീനന്മാരായ ഭവാദൃശന്മാരണുമാത്രം
ചര്‍വ്വണമിന്നു വല്ലതും കൊണ്ടെന്നുതന്നാല്‍
പര്‍വ്വതത്തിലുമധികമെനിക്കെന്നു പറയാതെ
സര്‍വ്വതത്ത്വവിത്തേ, ഭവാനറിയാമല്ലോ
കായഭേദമുണ്ടെങ്കിലും രണ്ടല്ലാവാമുഭൌ, ജീവന്
പോയാലുമിരിക്കുമ്പോഴുമെന്നറിഞ്ഞാലും.
ശ്രീയും തവ സ്ത്രീയുമൊന്നെന്നുള്ള പദംതന്നെ ചെന്ന-
ജ്ജായയോടു പറഞ്ഞേപ്പൂ മമ വചനം.”
ഇത്തരം സത്കാരവാക്യങ്ങളെക്കൊണ്ടു സമര്‍പ്പിച്ചോ-
രുത്തമപൂരുഷനോടുണര്‍ത്തിപ്പാനേതും
ഉത്തരമില്ലാഞ്ഞിട്ടു വിചാരിച്ചിരുന്നു കുചേലന്
ചിത്തരസം വരുമാറീവണ്ണം വചിച്ചു:
“ഭുക്തിമുക്തിദാതാവേ, ഭുവനനാഥ! ഭഗവാനേ!
ഭക്തികൊണ്ടു ഭക്തന്മാരും, നിന്നാലദ്ഭുതം
ശക്തികൊണ്ടു ശക്തന്മാരും ജയിക്കപ്പെടുന്നതിനാല്‍
യുക്തം രണ്ടജിതാഖ്യയ്ക്കുമന്തരം വേണ്ടാ.
കപ്പവുംകൊണ്ടല്ലോ ലോകപാലന്മാരും ദ്വാരംതോറു-
മെപ്പോളവസരമൊന്നു നോക്കിപ്പാര്‍ക്കുന്നു.
കുപ്പയില്‍ കിടന്നവനേപ്പൂജിക്കുന്നു; കീഴി-
ലിപ്പുതുമ കണ്ടിട്ടില്ലേ കേട്ടിട്ടുമില്ല.
ചെറുപ്പത്തില്‍ പരിചയംകൊണ്ടു തവ രൂപത്തെ ഞാന്‍
മനോദര്‍പ്പണത്തില്‍ കണ്ടിതവയെപ്പേരും.
അപ്പോഴപ്പോള്‍ കേട്ടു ഭവാനെ സ്മരിച്ചിരുന്നു ഞാനും:
ഇപ്പോഴിവിടേക്കു വന്നു കാണ്കയും ചെയ്തു.
കല്പന ലംഘിപ്പാന്‍മേലാഞ്ഞേഴാം മാളികമുകളില്‍
അല്പനിവന്‍ രാ മുഴുവനീശ്വരിയുടെ
തല്പത്റ്റിന്മേലിരുന്നിട്ടു വിഷ്ണുപദം വാണുവല്ലോ
മല്പരനാം ധന്യനില്ലീ മന്നിരേഴിലും.
ദിവ്യരത്നപ്രകാശംകൊണ്ടത്ര രാത്രിയില്ലെങ്കിലും
നവ്യമാമരുണോദയമടുത്തു നൂനം.
ഭവ്യയതാം ഭക്തി ഭവിക്കേണം മമ, പോകട്ടെ ഞാന്‍
അവ്യാജമനോജ്ഞമംഘ്രിചേരുവോളവും”
മാനസംകൊണ്ടെടുത്തിട്ടു കൂടെക്കൊണ്ടുപോയ്,..
....................................
യാത്രചൊല്ലി നടന്നുടനശ്രുപൂര്‍ണ്ണനേത്രമനു-
യാതനായ മുകുന്ദനെപ്പുണര്‍ന്നു നിര്‍ത്തി
മല്ലരിപുവിന്റെ മന്ദഹാസസൌന്ദര്യാതിശയ-
സല്ലാപാനുകമ്പ, മഹാമാനസത്കാരം
എല്ലാമുള്ളിലോര്‍ത്തു തന്നെ വിസ്മരിച്ചുതാനേ ചെന്നോ-
രില്ലമടുപ്പാറായപ്പോഴേവം ചിന്തിച്ചു:
“ആശ്ചര്യമാശ്ചര്യമിദമോര്‍ത്തുകാണുംതോറും; പാരി-
ലാരിലുമസാരനായ ഞാനെവിടത്തു!
ഈശ്വരേശ്വരനായുള്ള കൃഷ്ണനെവിടത്തു! മൈത്രി-
യീവണ്ണമാര്‍ക്കുമാരിലും കാണ്‍കയില്ലെങ്ങും
ത്രയത്രിംശത്കോടി ത്രിദേവേശന്മാര്‍ക്കുമല്ല മൂര്‍ത്തി-
ത്രയത്തിനുമത്രയല്ലിത്രിജഗത്തിന്നും
ത്രയിക്കും തമ്പുരാനായ പുമാനെന്നെക്കണ്ട നേരം
തെരിക്കെന്നു താഴത്തുവന്നെതിരേറ്റതും
വിയര്‍ത്തൊലിച്ചിട്ടു പൂതിഗന്ധമേറും വിരൂപനെ
വയസ്യനെന്നിട്ടു, രതിപതിപിതാവാം
ശ്രിയഃപതി മാറത്തുചേര്‍ത്തതിഗാഢം പുണര്‍ന്നതും
ഭയപ്പെട്ടിട്ടാരുമൊന്നും പറയാഞ്ഞതും
അല്‍പ്പനാമിവനെക്കേറ്റിക്കൊണ്ടുപോയിപ്പൊക്കമേറും
സപ്തമസൌധസ്യോപരി രത്നപര്യങ്കേ
തൃപ്തിവരുമാറിരുത്തിപ്പൂജിച്ചതും രാത്രൌ രമാ-
സുപ്തിസുഖമുപേക്ഷിച്ചു വീശിനിന്നതും,
ഹാസ്യബ്രാഹ്മണനഖിലബ്രഹ്മാണ്ഡനായകന്‍ ചെയ്ത
ദാസ്യത്തിനില്ലവസാനമതെല്ലാംകൊണ്ടും
ശാസ്യന്മാരാം ഭൃത്യന്മാരുമാശിക്കാത്ത കുപൃഥുക-
മാസ്യത്തിലിട്ടമൃതാക്കീട്ടിറക്കിയതും
ഓര്‍ത്താലെന്റെ ദാരിദ്ര്യം തീര്‍ത്തയച്ചേനേ അര്‍ത്ഥിച്ചെങ്കില്‍
ആര്‍ത്തപാരിജാത,മതൊന്നയര്‍ത്തുപോയി.
പേര്‍ത്തങ്ങോട്ടു ചെല്ലുകയും കഷ്ടം! വഴിക്കണ്ണുംതോര്‍ത്തു
കാത്തിരിക്കും പത്നിയോടെന്തുരചെയ്യേണ്ടു.
ജന്മം വ്യര്‍ത്ഥമാക്കിപ്പതിവ്രതയെപ്പട്ടിണിക്കിട്ട
കല്‍മഷവാനുണ്ടോ ഗതി മുക്തനായാലും?
ചിന്മയനാം കൃഷ്ണന് ചെയ്ത സത്കാരമിവന്നുവേണ്ടും
മന്മതിമന്ദതാദോഷം മായനും പറ്റി”
ഭാര്യയുടെ ദുഃഖമോര്‍ത്തിട്ടതിവിരൂപനായ താന്‍
കാര്യമാനുഷനോളം സുന്ദരനായതു,
സൂര്യപ്രകാശനായതുമറിയാതെ പോയിച്ചെല്ലു-
മാര്യനായ വിപ്രനാത്മദിക്കിനെക്കണ്ടു.
കണ്ടാലച്യുതന്റെ കണക്കായ കുചേലനാലില്ല-
മുണ്ടായിരുന്ന ദേശവുമടുത്ത ദിക്കും,
രണ്ടാംദ്വാരകാപട്ടണമായിട്ടഗ്രേ കാണപ്പെട്ടു
തണ്ടാര്‍മാനിനീശന്റെ കാരുണ്യമാശ്ചര്യം?
പൊക്കംകൊണ്ടും ലക്കുകൊണ്ടും പണികൊണ്ടും മണിഹേമ-
മുഷ്ക്കുകൊണ്ടും ധനധാന്യസമൃദ്ധികൊണ്ടും
മുഷ്ക്കൊഴിഞ്ഞ നരകരിരഥതുരഗാദികടെ
തിക്കുകൊണ്ടും തിമിര്‍ത്ത കോലാഹലംകൊണ്ടും
എല്ലാംകൊണ്ടും കുശസ്ഥലീപട്ടണത്തോടൊത്തിരിക്കു-
മില്ലംകണ്ടീശ്വര! വഴിപിഴച്ചു ഞാനും
മല്ലരിപുവിന്റെ മഹാരാജധാനിക്കു പിന്നെയും
ചെല്ലുകയോ എന്നവിടെ നിന്നു കുചേലന്.
അപ്പോളകത്തൂന്നു ലക്ഷ്മീകല്പയായ പത്നി വെക്ക-
മപ്സരസ്ത്രീകളോടൊത്തെ സഖിമാരോടും,
നല്‍പ്പുരവാസികളോടും നാനാവാദ്യഘോഷത്തോടും
കെല്‍പ്പോടഷ്ടമംഗല്യാദ്യസാകല്യത്തോടും
കൂടെവന്നെതിരേറ്റകംപൂകിച്ചു പതിയെ മിത്ര-
കോടിപ്രഭപൂണ്ട പുത്തന്‍ പുരി കാണിച്ചു:
നാടകക്കൊട്ടിലും കക്ഷ്യാപ്രകാരഗോപുരങ്ങളും
ഘോടകപംക്തിയുമാനക്കൊട്ടിലുകളും
പാടേ കാട്ടിപ്രസാദിപ്പിച്ചിട്ടു കേറ്റിക്കൊണ്ടുപോയി
പാടീരശ്രീതുംഗമഞ്ചത്തിന്മേലിരുത്തി.
വെണ്‍കൊറ്റാതപത്രം, തഴ, വെഞ്ചാമരം, താലവൃന്തം,
തങ്കക്കോളാമ്പി, താംബൂലചര്‍വ്വണക്കോപ്പും
മങ്കമാരെടുത്തുകൊണ്ടു വേണ്ടെങ്കിലും ചുറ്റുംകൂടീ,
പങ്കജാക്ഷകൃപകൊണ്ടു മുട്ട് കുചേലന്.
അന്‍പതിനായിരത്താണ്ടു കഴിഞ്ഞാലും ലയമില്ല
സമ്മതം മുകുന്ദനാജ്ഞാപിച്ച മന്ദിരേ
സംഭ്രമമകന്നു തല്പത്തിന്മേലിരുന്നു കുചേലന്
സമ്പ്രസാദം നിജപത്നിയോടു ചോദിച്ചു:
എന്തീവണ്ണമിപ്രദേശേ മന്ദിരങ്ങള്‍ വിളങ്ങുവാന്‍
ബന്ധമെന്തെന്നുരചെയ്ക മംഗലശീലേ!”
വിപ്രവാക്യമേവംകേട്ടു പത്നിതാനുമുരചെയ്താള്‍
സുപ്രസന്നനായ മഹീദേവനോടപ്പോള്‍:
ചിത്രതരമിന്നലേയങ്ങിത്രനേരമായിവിടെ
ചിത്രദീപ്തിപൂണ്ടൊരുത്തി മുറ്റത്തുവന്നു.
ഇന്ദിരയ്ക്കു നേരായുള്ള ചന്ദ്രബിംബമുഖിതന്റെ
സുന്ദരത്വം കണ്ടാല്‍ കണ്ണിമമൃതായുള്ളൂ.
പങ്കജകോരകമവള്‍ കരങ്ങളിലുണ്ടു രത്ന-
ക്കൊങ്കകളിലിളകുന്ന മുത്തുമാലയും
കുന്ദമന്ദസ്മിതം തൂകീട്ടെന്നെനോക്കിയുരചെയ്തു
സന്ദര്‍ശനസംഗതിക്കു മഞ്ജുളവാണി:
“ദ്വാരകയില്നിന്നഹമിങ്ങഗമിച്ചു നിന് കണവ-
നാരണന്‍ നല്കിയ പ്രാഭൃതമെന്തെന്നോര്‍പ്പു!
ശ്രീപതി അവല് ഭുജിച്ചകാരണം ഞാന്‍ വന്നിവിടെ
ശ്രീസമ്പദം നിങ്ങള്‍ക്കെന്നുമനുഭവിക്കാം.
നാളില്‍നാളില്‍ സുഖിച്ചതിമോദമോടു വസിച്ചാലും
നാളീകലോചനന്‍തന്റെ നാമമാഹാത്മ്യാല്‍“
ഇത്ഥമവള്‍ ഗിരം കേട്ടു സത്വരം ഞാന്‍ ചെല്ലുന്നേരം
സത്യം പത്മപത്രാക്ഷിയും ചെറ്റകത്തോട്ടു
ചെന്നുകേറുന്നതും കണ്ടു, പിന്നെയുള്ള വിസ്മയങ്ങള്‍
പന്നഗനാഥനും വാഴ്ത്തിക്കൂടാ ചെഞ്ചെമ്മേ”
ഇപ്രകാരം പത്നിതന്റെ മംഗലവാണികള്‍ കേട്ടു
വിപ്രനേറ്റം പ്രസാദിച്ചിട്ടിങ്ങനെ ചൊന്നാന്‍:
“കാമക്രോധലോഭമോഹമഹങ്കാരമദഡംഭം
താമിസ്രമത്സരം പൈശൂന്യത്തിലജ്ഞരാം
സാധുക്കളെപ്പരിപാലിച്ചാധികളഞ്ഞഖിലര്‍ക്കു-
മാധാരഭൂതനാം കൃഷ്ണനെന്നറിഞ്ഞാലും.
ബോധരൂപാത്മകന്‍തന്റെ പാദഭക്തികൊണ്ടു ദുഃഖ-
വാരിധിയെക്കടക്കുന്നു സമചിത്തന്മാര്‍
വാമദേവവിരിഞ്ചാദി വാനവര്‍ യോഗിവൃന്ദങ്ങള്‍
കാമദശ്രീകൃഷ്ണപദം ഭജിച്ചിരിപ്പൂ.
താമരപ്പൂമകളായ കോമളപ്പെണ്മണിയുടെ
പോര്‍മുലക്കോരകം പുല്കും പുരുഷോത്തമന്
ദേവദേവന് ജഗന്നാഥന് കേവലന്‍ ജ്യോതിസ്വരൂപന്‍
ദേവകീപുത്രന് ശ്രീവാസുദേവന്‍ മുകുന്ദന്
ശ്രീരമണന്‍ ശ്രീധരന് ശ്രീനീലകണ്ഠപ്രിയന്‍ ശൌരി
ക്ഷീരസലിലേ ഭുജങ്ഗതല്പേ ശയിച്ചോന്‍
കേശവന് ഗോവിന്ദന് മധുസൂദനന് കൈടഭാന്തകന്‍
ക്ലേശപാശവിനാശനന്‍ കേശീമഥനന്‍
അച്യുതനനന്തമൃതാനന്ദന് വിദ്യാവിനോദനന് (?)
സച്ചിദ്ബ്രഹ്മാഖ്യന്‍ സകലലോകൈകനാഥന്‍
നിശ്ചലന്‍ നിഷ്കളന്‍ നിത്യന് നിര്‍വ്വികല്പന്‍ ജനാര്ദ്ദനന്
സ്വാത്മവരപ്രദന്‍ നിഗമാന്തനിവേദ്യന്‍
അദ്വയനജനരൂപനാദിമദ്ധ്യാന്തവിഹീനന്‍
വിദ്വജ്ജനചിത്തഹംസന്‍ വിധിജനകന്‍
എത്രയും കനിഞ്ഞനുഗ്രഹിക്കനിമിത്തം ശ്രീദേവി
ചിത്തസന്തോഷമ്പൂണ്ടു ശ്രീസമ്പദം നല്കി
കാരണപൂരുഷന്‍ മുന്നം മീനകൂര്‍മ്മകോലമായി
ഭൂരമേശന്‍ നരസിംഹവാമനമൂര്‍ത്തി
ക്രൂരകര്‍മ്മം ചെയ്തിട്ടുള്ള ഘോരപാപന്മാരേക്കൊന്നു
ആരണരെപ്പാലിച്ച ശ്രീപരശുരാമന്
സൂര്യവംശതിലകനാം ഭൂപതി ദശരഥന്റെ
ആര്യപുത്രനയോദ്ധ്യയില്‍ ശ്രീരാമചന്ദ്രന്
താപസരെപ്പീഡിപ്പിച്ച രാവണനെക്കൊന്നു രാമന്
താപശാന്തി ജഗത്തിനു ഭൂപതി ചെയ്തു.
സീരപാണിയായിട്ടുരഗകുലേശന്‍ ജ്ഞാനരാശി
നാരദമുനിയഭിജ്ഞബൌദ്ധാവതാരം
മുഷ്കരന്മാരായ മ്ലേച്ഛനിവഹത്തെ നിഗ്രഹിപ്പാന്‍
കല്‍ക്കിവേഷം ധരിച്ചീടും ജഗന്നിവാസന്‍
ദശവിധരൂപങ്ങളുമൊന്നായവതരിച്ചെന്നു
ദശമത്തിലുപാഖ്യാതം കൃഷ്ണാവതാരം
നാരായണന്തന്റെ തിരുനാമം ജപിച്ചിഹലോകേ
പാരം ഭക്തിപൂണ്ടു നമ്മള് വസിക്കാം ദൈതെ”
ഇത്ഥം കുചേലോക്തി പതിവ്രതയാകും പത്നി കേട്ടു
സത്യസ്വരൂപപദം ഭജിച്ചു സുചിരം
ചിത്രമണിഗേഹം തന്നില്‍ പുത്രമിത്രഭൃത്യവൃന്ദം
ചിത്തരമ്യം കുചേലനും പത്നിയും വാണു.
അമ്പതിനായിരം ജനം ഞാന്‍ഞാനെന്നിട്ടുണ്ടാം വിപ്ര-
ദമ്പതിമാരെ ശുശ്രൂഷചെയ്വാനെപ്പോഴും
അന്നതിനുമാത്രം പുരസ്ത്രീപുമാന്മാരൊക്കെ വന്നു
സമ്പതിച്ചതാരുടെ കടാക്ഷമെന്നോര്‍പ്പൂ!
ഇരന്നവലുണ്ടാക്കിയ വിപ്രകുടുംബിനി ചിത്രം
വരുന്നവര്‍ക്കെല്ലാം വസ്ത്രാഭരണങ്ങളും
വിരുന്നൂട്ടും വേണ്ടുന്നതൊക്കെയും കഴിച്ചുതുടങ്ങി
പരന്നന്നു ദിനന്തോറുമതിരസവും.
നിര്‍മ്മലകുശസ്ഥലീപുരത്തിങ്കലും കൃഷ്ണകൃപാ-
നിര്‍മ്മിതമാം കുചേലപട്ടണത്തിങ്കലും
ധര്‍മ്മപുത്രരിരിക്കുന്ന ഹസ്തിനപുരത്തിങ്കലും
ധര്‍മ്മമൊരുപോലെയായി ദിവസംതോറും.
വിപ്രപുരിയിലെപ്പോഴുമുള്ള വാദ്യഘോഷങ്ങളും
അപ്രമേയസ്ത്രീപുരുഷസംരാവങ്ങളും,
ചൊല്‍പൊങ്ങിയ ഹയഹേഷാശബ്ദങ്ങളുമത്രയല്ല
കെല്‍പ്പേറിയ ഗജവരഗര്‍ജ്ജിതങ്ങളും,
രാമകൃഷ്ണ! ഗോവിന്ദ! ഗോപാല! ബലഭദ്രരാമ!
രാമാനുജ! രമാപതേ! പരശുരാമ!
വാമന! ശിവശങ്കര! ശംഭോ! മഹാദേവേത്യാദി
നാമകോലാഹലങ്ങളിലന്തര്‍ഭവിച്ചു.
കുചേലനും പ്രേയസിക്കും സമ്പത്തുണ്ടായാല്‍ തത്ര
കുശേശയലോചനിങ്കല്‍ പത്തിരട്ടിച്ചു
കുചേലീയയായ ഭക്തി, കൃഷ്ണനൈക്യം കൊടുത്താലും
കുശേതരതരമായിക്കടം ശേഷിച്ചു.
ദാനധര്‍മ്മങ്ങളും ചെയ്തു ദമ്പതിമാരിരുവരു-
മാനന്ദിച്ചിട്ടാലയത്തിലനേകം കാലം
മാനേതരഹരിരതിയോടുകൂടി വാണിട്ടവ-
സാനത്തിങ്കല്‍ കൈവല്യം ലഭിക്കയും ചെയ്തു.
ഇന്നിക്കഥ ചൊല്ലുന്നോര്‍ക്കും ഭക്തിയോടെ കേള്‍ക്കുന്നോര്‍ക്കും
മന്ദമെന്യേ ധനധാന്യസന്തതിയുണ്ടാം.
എന്നതുതന്നെയുമല്ല,യിജ്ജന്മത്തുതന്നെ വിഷ്ണു-
തന്നുടെ സായൂജ്യവും വന്നുകൂടുമേ.

No comments:
Post a Comment