പുതിയ സംസ്ഥാനമായ സീമാന്ധ്രയുടെ തലസ്ഥാനം ഇപ്പോളും ഹൈദരാബാദ് തന്നെയാണ്. വൈകാതെ തന്നെ അമരാവതിയിൽ പുതിയ തലസ്ഥാനം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ചന്ദബാബു നായിഡു നയിക്കുന്ന സീമാന്ധ്ര. അവിടത്തെ ചില പ്രകൃതി ദൃശ്യങ്ങൾ കാണാം.
സീമാന്ധ്രയിലെ പരമ്പരാഗത കൃഷി നെല്ലു തന്നെയാണ്. ഗ്രാമങ്ങളിൽ ധാരാളം തെങ്ങു കൃഷിയുണ്ട്. പനയും ധാരാളമുണ്ട്. ചോളവും മുളകും നന്നായി കൃഷി ചെയ്തു വരുന്നുണ്ട്. ആന്ധ്രക്കാർ പള്ളി എന്നു വിളിക്കുന്ന കപ്പലണ്ടി അവർക്കു നാം തേങ്ങ ഉപയോഗിക്കുമ്പോലെയാണ്. സകല കറികളിലും അവർ അത് ഉപയോഗിക്കാറുണ്ട്. പാചക എണ്ണയായി കപ്പലണ്ടി എണ്ണ പൊതുവേ ഉപയോഗിച്ചു വരുന്നു.
പൊതുവേ നിരപ്പായ സീമാന്ധ്രയിലെ വയലുകളുടെ അങ്ങേയറ്റത്തായി പൂർവ്വഘട്ടത്തിലെ ചില ചെറുമലകൾ കാണുക പതിവാണ്. ഈ മലകളുള്ളിടത്താണ് പൊതുവേ തെങ്ങുകൃഷി അധികമായി കണ്ടുവരുന്നത്. വയലുകൾക്കടുത്തുള്ള മരങ്ങൾക്ക് പൊതുവേ വളരെ ഉയരം കുറവായി കാണപ്പെടുന്നു. വേപ്പാണ് വയലിൽ നട്ടു വരുന്ന പ്രധാന മരം.
ഫലപുഷ്ടി കുറഞ്ഞ മണ്ണിൽ അവർ കൃഷി ഇറക്കാറില്ല. അവ പൊതുവേ തരിശായി കിടക്കുന്നു. അങ്ങനെയുള്ള വിലകുറഞ്ഞ ഭൂമികളിൽ ഫാക്ടറികളും സ്ഥാപിക്കപ്പെടുന്നു.
സീമാന്ധ്രയിൽ വ്യവസാലശാലകൾക്കും നല്ല വേരു പിടിച്ചിട്ടുണ്ട്. എങ്കിലും ഗ്രാമീണജനതയുടെ പ്രധാന ഉപജീവനമാർഗ്ഗം കൃഷി തന്നെയാണ്.
പനകൾ പ്രധാനമായും കള്ളു ചെത്താനായി ഉപയോഗിക്കുന്നു. അവിടെ പൊതുവേ തെങ്ങു ചെത്താറില്ലത്രേ.
തുറസ്സായ നീണ്ടു കിടക്കുന്ന വയലുകൾ ഉണ്ടെങ്കിലും അവയുടെ ഉടമസ്ഥാവകാശം പലർക്കായി ചിതറിക്കിടക്കുകയാണ്. അഞ്ചേക്കർ ഭൂമിയുള്ളയാൾ അത് പത്തിടങ്ങളിലായാണു വാങ്ങിയിരിക്കുക. അതിനാൽ വെള്ളം കിട്ടുന്ന ചെറു പ്ലോട്ടുകളിൽ പോലും കൃഷി വ്യാപകമായിരിക്കും. അതുപോലെ വൻ വയലുകൾക്കിടയിൽ പലയിടത്തും കൃഷി കാണപ്പെടുകയുമില്ല.
വയലുകളിൽ തന്നെ നമ്മുടെ എരുക്കും കാണപ്പെടുന്നുണ്ട്. എങ്കിലും ബ്രിട്ടീഷുകാർ ഒരു കാലത്ത് കോട്ടകൾക്കു ചുറ്റും സുരക്ഷയ്ക്കായി നട്ടു വളർത്തിയ കള്ളിമുൾച്ചെടികൾ തമിഴ്നാട്ടിലെന്നപോലെ സീമാന്ധ്രയിലും ധാരാളം തഴച്ചു വളരുന്നുണ്ട്.
കൃഷി യന്ത്രവത്കൃതമെങ്കിലും ഏകീകൃതമല്ല. വലിയ കീടബാധയും കാണപ്പെടുന്നില്ല. ഏറ്റവും ശ്രദ്ധാർഹമായി തോന്നിയത് വയലുകളിലെങ്ങും കേരളത്തിലേതു പോലെയുള്ള പക്ഷി സാന്നിദ്ധ്യമില്ലെന്നതാണ്. വയലുകളിൽ മത്സ്യസമ്പത്തില്ലാത്തതാകാം പറവക്കുറവിനു പ്രധാന കാരണം. പക്ഷേ കള്ളി മുൾക്കൂട്ടങ്ങളിൽ നിന്നു നാട്ടുകിളികളുടെ കൂജനം മുറയ്ക്കു കേൾക്കുകയും ചെയ്യാം.
ഗുണ്ടൂർ ജില്ലയിലേക്കടുക്കുന്തോറും നെൽക്കൃഷി പരുത്തിക്കു വഴിമാറുന്ന കാണാം. പരുത്തി നല്ല നാണ്യവിളയാണ്. അവിടങ്ങളിലെ കരിമണ്ണുകളിൽ നട്ടു മൂന്നാം മാസം മുതൽ പത്തുമാസത്തോളം തുടർച്ചയായി പരുത്തി ആദായം തരും. ആദ്യത്തെ മൂന്നുമാസം കഴിഞ്ഞാൽ ശുശ്രൂഷയും കുറവു മതി.
എങ്കിലും ജലസമൃദ്ധിയുള്ളിടങ്ങളിൽ നെൽക്കൃഷി തന്നെ തുടർന്നു പോകും. കാരണം അല്പം മാത്രം വളർന്ന പരുത്തി മഴയത്തും വെള്ളക്കെട്ടിലും നശിച്ചു പോകാനുള്ള സാധ്യത വളരെയേറെയാണ്.
തെലുങ്കാനയും സീമാന്ധ്രയും നെൽകൃഷി പാടേ കൈവിട്ടിട്ടില്ല. അതിനാൽ മലയാളികൾ ഇപ്പോളും ചോറു തിന്നു പോകുന്നു. കേരളത്തിലേക്കു വരുന്ന അരിയിൽ നല്ലൊരുപങ്കും ഈ സംസ്ഥാനങ്ങളിൽ നിന്നാണ്.
ഗുണ്ടൂർ പരുത്തി പ്രധാനമായും മതപരമായ ആവശ്യങ്ങൾക്കായാണ് ഉപയോഗിച്ചു വരുന്നത്. വസ്ത്ര വ്യവസായരംഗത്തേക്കും ഈ പരുത്തി ഉപയോഗപ്പെടുത്താറുണ്ട്. പരുത്തിയും നെല്ലും ഇടകലർത്തി കൃഷി ചെയ്യുന്നതും അത്ര അസാധാരണമല്ല.
എങ്കിലും അനേക ഹെക്ടറുകൾ നീണ്ടു കിടക്കുന്ന പരുത്തിവയലുകൾ നയനാനന്ദകരം മാത്രമല്ല പരുത്തിക്കൃഷിക്കാരുടെ സമ്പന്നതയ്ക്കുറവിടവുമാണ്.
മഞ്ഞപ്പൂവിട്ടു തുടങ്ങിയ പരുത്തിച്ചെടികൾ കർഷകനു മനസ്സിനു കുളിരാണ്, ഒന്നൊന്നര മാസങ്ങൾക്കുള്ളിൽ അയാൾക്കു ചെറു വരുമാനങ്ങൾ ലഭിച്ചു തുടങ്ങാറാകും.
പരുത്തിക്കും പച്ചമുളകിനുമിടയിൽ പുതു കൃഷി തുടങ്ങി കൃഷിയിൽ കാലാവസ്ഥക്കനുസൃതമായി വൈവിധ്യം കാക്കുന്നവരും കുറവല്ല. പക്ഷേ കുറച്ചുകാലം അവരുടെ കുറച്ചു ഭൂമി തരിശു കിടക്കുന്ന നഷ്ടം സഹിക്കേണ്ടി വരുമെന്നു മാത്രം.
യന്ത്രവത്കൃതകൃഷി പക്ഷേ മുളവരുന്ന പ്രായത്തിൽ കുറേ മുളകൾ നഷ്ടപ്പെടുത്തുന്നുണ്ട്. അതുമാത്രം പണിക്കാരെ കൊണ്ട് നേരെയാക്കിക്കുകയുമാകാം.
ഒരൊറ്റ മഴ നാടിനെയാകെ രണ്ടുമൂന്നു ദിവസം വെള്ളക്കെട്ടിലാഴ്ത്തിയേക്കാം. ഇക്കാര്യത്തിൽ വലിയ മുൻ കരുതലോ ആസൂത്രണമോ രണ്ടു ആന്ധ്ര സംസ്ഥാനങ്ങളിലുമില്ല. ജനം അതുമായി പൊരുത്തപ്പെട്ടു ജീവിക്കും. എങ്കിലും സീസൺ മുഴുവൻ മഴപെയ്യുന്ന മലയാള രീതി അവിടങ്ങളിലില്ല.
റെയിൽ പാളങ്ങൾക്കരികിൽ കള്ളിമുൾച്ചെടികൾ തഴച്ചു കിടക്കുന്നു. വറ്റിയ തോടുകൾ നിറഞ്ഞു തുടങ്ങുന്നു.
കൃഷി ചെയ്യാനാകാത്ത ശിലാഭൂമികളിൽ വെള്ളക്കെട്ടു കുറച്ചുകൂടി നീണ്ടു നിൽക്കും. ഇത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും.
ആരും അക്കാലങ്ങളിൽ അങ്ങോട്ടു തിരിഞ്ഞു നോക്കുകയില്ല. സകലവും കാലം സ്വയം ക്രമപ്പെടുത്തും.
എങ്കിലും ചിലയിടങ്ങളിൽ അത് നെല്ലും ചോളവും നടാനുള്ള കാലവുമാണ്.
തെക്കോട്ടു പോകുന്തോറും വയലുകളിൽ സ്ഥിരമായി പണിക്കാരെ കാണാനും വയലുകളോടു ചേർന്നുള്ള മേച്ചിൽപ്പുറങ്ങളിൽ കന്നുകാലികൾ മേയുന്നതു കാണാനും തുടങ്ങും.
വെള്ളമുള്ള അക്കാലത്ത് ചെടികൾ നടാൻ വിട്ടു പോയാൽ ദിവസങ്ങൾ കൊണ്ടു തന്നെ നിലം വലിയും, വെള്ളം കിട്ടാതെയുമാകും. അതിനാൽ എല്ലാത്തിനും നല്ല ചിട്ട വേണ്ടി വരും.
ഉഴുതിട്ട മണ്ണ് മഴ നിരത്തിയപ്പോൾ അധികം പണിയേണ്ടി വരുന്ന കർഷകനു ഇരു മനസ്സോടെയേ മഴയേയും സ്വീകരിക്കാനാകൂ.
എങ്കിലും എല്ലാം നന്നായാൽ മണ്ണിനുടയോന്റെ മനവും നിറയും.
ഓരോ രാവും ഒരു പ്രഭാതത്തെ ഗർഭം ധരിച്ചിരിക്കുമെന്നു കർഷകനറിയാം.
അവന്റെ സ്വപ്നങ്ങൾക്കു യാഥാർത്ഥ്യത്തിന്റേയും അദ്ധ്വാനത്തിന്റേയും നിറവും മണവുമുണ്ട്.
ഓരോ നാമ്പും ഒരു പ്രതീക്ഷയാണ്, ഊട്ടുന്നവന്റേയും ഉണ്ണുന്നവന്റേയും
കർഷകൻ ഒരു സംസ്കൃതിയാണ്, സഹസ്രാബ്ദങ്ങളുടെ ഒരു പാരമ്പര്യം!
വിയർപ്പും വേദനയും ആഹ്ലാദവും സങ്കടവും അവനെപ്പോലെ മറ്റാർക്കാണറിയുക.
അവനെപ്പോലെ നിരന്തരം നഷ്ടം സഹിക്കാൻ മറ്റാർക്കാണു സാധിക്കുക.
തെക്കോട്ടു പോകുന്തോറും മരങ്ങളുടെ ഉയരം കൂടിക്കൂടി വരും.
മേച്ചിലിടങ്ങളിൽ കന്നുകാലികൾ ഏറിയേറി വരും.
വയലേലകളിൽ യന്ത്രങ്ങൾക്കു പകരം മനുഷ്യാദ്ധ്വാനം ഏറെ ഉപയോഗപ്പെടും.
വയലുകളുടെ വിസ്തീർണ്ണം കുറഞ്ഞു കുറഞ്ഞു വരും.
കൃഷിയിനങ്ങളുടെ വൈവിധ്യം ഏറിയേറി വരും.
വൃക്ഷങ്ങളുടെ എണ്ണം ഏറിയേറി വരും.
മണ്ണിൽ കളിമണ്ണിന്റെ അംശം കൂടി വരുന്നതിനാൽ കൂടുതൽ വെള്ളം പിടിച്ചു നിറുത്താൻ വയലുകൾക്കാകും.