തെലുങ്കാനയിലെ ഏതാനും ചിത്രങ്ങൾ വായനക്കാരുമായി പങ്കുവയ്ക്കുന്നു.
തെലുങ്കാനയുടേയും സീമാന്ധ്രയുടേയും ഇപ്പോളത്തെ തലസ്ഥാനമായ ഹൈദരാബാദിലെ ഏറ്റവും സമ്പന്നമായ പ്രദേശങ്ങളിലൊന്നായ ബഞ്ചാര ഹിൽസിലെ ഒരു സാധാരണ റോഡിലെ ദൃശ്യമാകാം ആദ്യം. ഹൈദരാബാദിനെ ശിലാനഗരം അഥവാ സിറ്റി ഓഫ് റോക്ക്സ് എന്നും വിളിക്കാറുണ്ട്.
നാലുവരി പാതയിലെ രണ്ടു വരി മാത്രമാണിത്. രണ്ടുവരി ഇടതു വശത്തെ മരങ്ങൾക്കപ്പുറം.
ഇനി കുറച്ചു വയലുകളും പ്രകൃതി ദൃശ്യങ്ങളും കാണാം.തെലുങ്കാനയിലെ നെൽകൃഷി. ഇവിടത്തെ കർഷകരുടെ അദ്ധ്വാനമാണു മലയാളികൾക്ക് അന്നം തരുന്നത്. ചോറിനെ തെലുങ്കിൽ അന്നം എന്നു തന്നെയാണു വിളിക്കുക.
വയലിൽ എല്ലായിടത്തും ഒരേസമയം കൃഷിയിറക്കുക എന്ന മലയാളി ശീലം ഇവിടെ കാണുന്നില്ല.
പനകൾ ഇവിടെ കള്ളുണ്ടാക്കാനായി ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാൽ തെരുവുകളിലൊന്നും മദ്യം തലക്കു പിടിച്ച മനുഷ്യരെ കാണ്ടില്ല. അതെല്ലാം കേരളത്തിലേ ഉള്ളെന്നു തോന്നുന്നു.
ഭൂമി ആവശ്യത്തിലധികം ഉള്ളതിനാൽ പലയിടത്തും മണ്ണ് തരിശിടുകയേ വഴിയുള്ളൂ. ഗ്രാമങ്ങളിൽ എല്ല്ലാവർക്കും ആവശ്യത്തിലധികം ഭൂമിയുണ്ട്. ഒരാൾക്ക് പലയിടങ്ങളിൽ നിലങ്ങളുണ്ടാകുക പതിവാണത്രേ. സെന്റിനു 15000 രൂപയാണു ഗ്രാമങ്ങളിലെ ശരാശരി വില.
മഴ അധികമില്ലെങ്കിലും പുഴയിലെല്ലാം ആവശ്യത്തിനു വെള്ളമുണ്ട്. നിലമെല്ലാം നിരപ്പായതിനാൽ ഒരൊറ്റ മഴ പെയ്താൽ തന്നെ എങ്ങും വെള്ളക്കെട്ടാണു കാണുക. നഗരങ്ങളിൽ ഡ്രെയിനേജ് സംവിധാനം ഇല്ലെന്നു തന്നെ പറയാം. മഴദിവസങ്ങളിൽ ഓട്ടോയ്ക്കും കാറിനും വാടക അതിനാൽ ഇരട്ടിയാകും.
സാധാരണ വീടുകൾ സമചതുരാകൃതിയിൽ 500 ചതുരശ്ര അടിയിൽ താഴെ മാത്രം വലുപ്പമുള്ളവയാണധികവും. എങ്കിലും വളരെ പാവപ്പെട്ടവർ ശരിക്കും ചെറ്റക്കുടിലുകളിൽ തന്നെ താമസിക്കുന്നു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പണമുള്ളത് തെലുങ്കന്മാരുടെ കയ്യിലാണെന്നൊരു ചൊല്ലുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തുമ്പോൾ പണക്കാർക്കു പഠിക്കാൻ നല്ല സംവിധാനങ്ങളുമുണ്ട്. സാധാരണക്കാർക്കുള്ള സ്കൂളുകൾ അത്ര ശ്രദ്ധാർഹമല്ല.
വയലുകൾക്കനുയോജ്യമല്ലാത്ത പാറഭൂമികൾ പലയിടത്തുമുണ്ട്. അവിടങ്ങളിൽ ഫാക്ടറികൾ സ്ഥാപിക്കപ്പെട്ടു വരുന്നുണ്ട്. വീടുകളും കാണുന്നു.
No comments:
Post a Comment