കെ.ജി.ശശി
(മേലൂർ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രാദേശിക ചരിത്ര സെമിനാറിൽ അവതരിപ്പിച്ച പ്രബന്ധം)
പ്രാദേശിക ചരിത്ര രചനയ്ക്ക്
ലഭ്യമായ സ്ഥാവര ജംഗമ ചരിത്രവും നാട്ടുചരിത്രവും സാഹിത്യ ചരിത്രവും ശാസനങ്ങളും ദാനം
കരാർ തുടങ്ങിയ വിവരങ്ങളെ ഓരോ കാലത്തും നിലനിന്നിരുന്ന മത സാമൂഹ്യ സാംസ്കാരിക സാമ്പത്തിക
ഭാഷാ ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ യുക്തിപൂർവമായും സംഭാവ്യത ഏറുന്ന ഒരു രീതിശാസ്ത്രത്തിന്റെ
അടിസ്ഥാനത്തിലും വിശകലനവിധേയമാക്കേണ്ടതുണ്ട്. മേലൂരിന്റെ അതി പുരാതന ചരിത്രത്തിലേയ്ക്ക്
ഒരു എത്തിനോട്ടം നടത്തുന്നതിനു മുമ്പായി നമ്മുടെ മുമ്പിൽ തൊട്ടുകാണിയ്ക്കാവുന്ന എന്തെല്ലാം
യാഥാർത്ഥ്യങ്ങളാണുള്ളതെന്നു പരിശോധിയ്ക്കാം.
കെ.ജി.ശശി പ്രബന്ധം അവതരിപ്പിയ്ക്കുന്നു.
മേലൂരിന്റെ വടക്കും പടിഞ്ഞാറുമായി
ചാലക്കുടീ പുഴ ഒഴുകുന്നു. സമ്പൂർണ്ണ കർഷകഗ്രാമമായ മേലൂരിൽ നൂറുകണക്കിനു ഹെക്ടർ വയലുകൾ
ഇപ്പോളും നശിച്ചു കഴിഞ്ഞിട്ടില്ല. പുഴയിൽ നിന്നും അധിക ദൂരെയല്ലാതെ വൻ കുന്നുകളുടെ
ശൃംഖലയായി ഉയർന്നു നിൽക്കുന്നിടങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് തെക്കു വശത്ത് നെടുംകോട്ട
ഇപ്പോളും ഉണ്ട്. കിഴക്കു ഭാഗം രണ്ടു നൂറ്റാണ്ടു മുമ്പു വരെ വനം ആയിരുന്നു.
മഹാശിലായുഗ കാലം തൊട്ടേ
മേലൂരിൽ ജനവാസം ഉണ്ടായിരുന്നു എന്നതിനു ഇവിടെ നിന്നും കിട്ടിയ കുടക്കല്ലുകളും മുനിയറകളും
നന്നങ്ങാടികളും തെളിവാണ്. മേലൂരിൽ നിന്നും ലഭിച്ച ഒരു കുടക്കല്ലിന്റെ ചിത്രം തിരൂരിലെ
തുഞ്ചൻ പറമ്പിലെ മ്യൂസിയത്തിൽ പ്രദർശിപ്പിയ്ക്കുന്നതായി ഓർക്കുന്നു. പുഴക്കരെ കാഞ്ഞിരപ്പിള്ളിയിലെ
മുനിയറകൾ പ്രസിദ്ധമാണല്ലോ.
മേലൂരിൽ ഏറ്റവും പുരാതനമായത്
കാലടി ശിവക്ഷേത്രമാകുന്നു. ബുദ്ധന്റെ കാലടികൾ ഉണ്ടാക്കി ആരാധിച്ചു വരുന്ന ബൌദ്ധരീതിയുടെ
അവശിഷ്ടമാണ് കാലടി എന്ന നാമം. ക്രിസ്ത്വബ്ദം അഞ്ചാം നൂറ്റാണ്ടിനു ശേഷം ബൌദ്ധ സ്വാധീനം
കേരളത്തിൽ ക്ഷയിച്ചു വന്നു. അതിനാൽ അഞ്ചാം നൂറ്റാണ്ടിനു മുമ്പായി ഒരു ബൌദ്ധ സംസ്കാരം
മേലൂരിൽ നിലനിന്നു എന്ന് ഊഹിയ്ക്കാവുന്നതാണ്.
കാലടി ശിവക്ഷേത്രത്തിന്റെ ശ്രീകോവിൽ
മേലൂരിന്റെ ഗ്രാമദേവതയാണ്
എടത്രക്കാവു ക്ഷേത്രത്തിലെ ദേവീ പ്രതിഷ്ഠ. ചാലക്കുടി പുഴയ്ക്കരികിലെ ആറ്റുപുറം ശ്രീക്രിഷ്ണക്ഷേത്രം
അഞ്ഞൂറോ അറുന്നൂറോ വർഷം മാത്രം പഴക്കമുള്ള ചതുർബാഹു വിഷ്ണു ക്ഷേത്രമാണ്. ഭരദ്വാജ ഗോത്രക്കാരും
മൂഴിക്കുളം ഗ്രാമക്കാരും ഇപ്പോൾ ശിവപുരം ഗ്രാമവുമായി ബന്ധപ്പെടുന്നവരുമായ പടുതോൾ മനക്കാരുടെ
പരദേവതയാണ് ഈ വിഷ്ണു. അവരുടെ തന്നെ ദുർഗാദേവി പ്രതിഷ്ഠ കൈതോലപ്പാടത്തിനു തൊട്ടു പടിഞ്ഞാറായുണ്ട്.
,മൂഴിക്കുളത്തുനിന്നും അഞ്ഞൂറു അറുന്നൂറു വർഷങ്ങൾക്കു മുമ്പ് മേലൂരിൽ എത്തിച്ചേർന്നവരാണ്
ഈ കുടുംബക്കാർ. അവർ ഇവിടെ എത്തുന്ന കാലത്തിനു മുമ്പു തന്നെ ഉള്ളതാണു കാലടി ശിവക്ഷേത്രവും
അതിനു ചുറ്റും ഉണ്ടായിരുന്ന ഏതാനും സർപ്പക്കാവുകളും. അവ ഇപ്പോൾ ഇല്ല. സർപ്പങ്ങളെ ചിത്രകൂടങ്ങളിൽ
ആവാഹിച്ച് കാവുകൾ പിന്നീട് നശിപ്പിയ്ക്കുകയായിരുന്നു.
കാലടി ശിവക്ഷേത്രത്തിലെ
ഇപ്പോളത്തെ ക്ഷേത്രത്തിലെ ശ്രീകോവിലിലെ വെട്ടുകല്ലൊഴികെ മറ്റൊന്നും നാനൂറു വർഷത്തിലധികം
പഴക്കമുള്ളതായി തോന്നുന്നില്ല. എങ്കിലും ക്ഷേത്രത്തിനോടു ചേർന്നുള്ള താമര വളരുന്ന കൊക്കരണിയ്ക്കു
ആയിരത്തിലധികം വർഷം പഴക്കം തോന്നുന്നതാണ്. കൊക്കരണിയുടെ അടിത്തട്ടിൽ പിന്നീട് നെല്ലിപ്പലക
ഇട്ടിട്ടുള്ളതായും കേൾവിയുണ്ട്. ക്ഷേത്രത്തിൽ നിന്നും ഏകദേശം ഇരുന്നൂറ് മീറ്റർ അകലെ
പുഴയിൽ തേവർ കടവ് സ്ഥിതി ചെയ്യുന്നു. കാലടി ക്ഷേത്രത്തിലേയും കാലടിയിൽ നിന്നും ഗൃഹം
മാറിപ്പോയ ചില നമ്പൂതിരി ഗൃഹക്കാർ പിന്നീട് സ്ഥാപിച്ച ക്ഷേത്രങ്ങളുടേയും ആറാട്ട് ഇവിടെ
വച്ച് നടക്കുന്നു. ഇതിന്റെ തൊട്ടു മുകളിലായാണ് കൊച്ചി രാജപരമ്പരയിൽ പെട്ട കൊരട്ടി സ്വരൂപം
വക കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ഇതിനടിയിലൂടെ പുഴയിലേയ്ക്ക് ഒരു തുരങ്കം ഉണ്ടായിരുന്നതായും
കേട്ടുകേൾവി ഉണ്ട്. അവിടെ നിന്നും തെക്കോട്ടോ വടക്കോട്ടോ അല്പം നീങ്ങിയാൽ രണ്ടു വൻ
കയങ്ങൾ ആണുള്ളത്. കാലടി ശിവക്ഷേത്രത്തിൽ നിന്നും രണ്ടര കിലോമീറ്റർ കിഴക്കുമാറി പിണ്ടാണിയിൽ
ഒരു ശിവപാർവതി ക്ഷേത്രവും വിഷ്ണുക്ഷേത്രവും അതി പുരാതനമായി ഉണ്ടായിരുന്നത് ടിപ്പുവിന്റെ
ആക്രമണ കാലത്താണെന്നു തോന്നുന്നു, സമ്പൂർണ്ണമായി നശിപ്പിയ്ക്കപ്പെട്ടിട്ടുണ്ട്. അതിൽ
ശിവപാർവതി ക്ഷേത്രം ഇപ്പോൾ പുനരുദ്ധരിച്ചിട്ടുണ്ട്. വിഷ്ണുക്ഷേത്രം ഇരുന്ന സ്ഥലം ഇപ്പോൾ
സ്വകാര്യ വ്യക്തികളുടെ കൈവശമായി ഫ്ലാറ്റുപണി നടന്നുകൊണ്ടിരിയ്ക്കുകയാണ്. തേവർ കടവിനക്കരെ
അധികം അകലെയല്ലാതെ ചാലക്കുടിയിൽ കോടശ്ശേരി കൈമൾ എഴുന്നള്ളി കുളിച്ചു താമസിച്ചിരുന്ന
ഒരു കൊട്ടാരവും ഉണ്ടായിരുന്നു.
മേലൂർ കാലടി ക്ഷേത്രത്തിലെ അതി പുരാതനമായ കൊക്കരണി
മേലൂരിലെ സ്ഥലനാമ ചരിത്രങ്ങൾ
പരിശോധിച്ചാൽ പിണ്ടാണി, പാലപ്പിള്ളി, പൂലാനി തുടങ്ങിയ പേരുകൾ രാജഭരണ സ്ഥാപനങ്ങളുമായി
നേരിട്ടു ബന്ധപ്പെട്ടിരിയ്ക്കുന്നു. വെട്ടുകടവ് നിറഞ്ഞൊഴുകുന്ന പുഴയുടെ ഇരുവശങ്ങളും
വെട്ടിയൊതുക്കി മേലൂരിൽ നിന്നും ചാലക്കുടിയ്ക്കു പോകാൻ ഉണ്ടാക്കിയ കടവാകുന്നു.
1902ൽ ചാലക്കുടിയിൽ തീവണ്ടി ഗതാഗതം വന്നതോടെ മേലൂരിനും ചാലക്കുടിയ്ക്കും ഇടയിൽ ഒരു
പാലമുണ്ടായി. അതുവരെ മേലൂർ ചാലക്കുടി വ്യാപാര പ്രവർത്തനങ്ങൾക്ക് വെട്ടുകടവിനെയായിരുന്നു
ആശ്രയിച്ചിരുന്നത്.
കല്ലുകൊത്തിയുണ്ടാക്കിയ
ശിവക്ഷേത്രം സ്ഥിതി ചെയ്തിരുന്ന ഇടത്തെ കല്ലുകൊത്തിയെന്നും കല്ലുകുത്തിയെന്നും കല്ലുത്തിയെന്നും
വിളിച്ചു വന്നു. എടത്തറക്കാവ് എന്ന പേരിൽ തന്നെ തറ എന്ന വാക്കുണ്ട്. ഇത് അന്നത്തെ നാട്ടുകൂട്ടത്തെ
സൂചിപ്പിയ്ക്കുന്നു. ടിപ്പുവിന്റെ ആക്രമണകാലത്ത് നാടുവിട്ടോടിപ്പോയ നെടുമ്പ നമ്പൂതിരിമാരുടെ
വീടിരുന്നിടത്തെ ചിറയാണ് നെടുമ്പാച്ചിറ. പഴയ കരിങ്ങാമ്പിള്ളി മനക്കാരുടെ പറമ്പിരുന്ന
സ്ഥലമാണ് കരിങ്ങാമ്പിള്ളി.
മുകളിൽ കാടായിരുന്നതിനാൽ
മേലേയുള്ള ഊര് എന്ന അർത്ഥത്തിലാണ് മേലൂരിനു പേരു വീണത്. മുരിങ്ങൂർ മുടിഞ്ഞ ഊർ മുടിഞ്ഞൂർ
എന്നതിന്റെ പരിണാമമാണ്. പടുതോൾ മനക്കാർ വരുന്നതിനും ഏതാനും ഏതാനും നൂറ്റാണ്ടു മുമ്പ്
തന്നെ മുരിങ്ങൂർ ഇല്ലക്കാരായ നമ്പൂതിരിമാർ ഇവിടെ താമസിച്ചിരുന്നു. കൊച്ചി രാജവംശത്തിന്റെ
ഒരു താവഴിയുടെ പേരും മുരിങ്ങൂർ തന്നെ ആയിരുന്നു. അതിനാൽ മുരിങ്ങൂർ മുടിഞ്ഞ ഊരായിരുന്നത്
ഒരായിരം വർഷമെങ്കിലും മുമ്പിലായിരുന്നിരിയ്ക്കണം.
ശ്രീകോവിലിന്റെ പുറകുഭാഗം
ചാലക്കുടിയും മേലൂരുമെല്ലാം
ഉൾപ്പെടുന്ന പ്രദേശം ആറുനാട് എന്ന നാട്ടുരാജ്യത്തിന്റെ ഭാഗമായി പി.കെ. ബാലകൃഷ്ണന്റെ ജാതിവ്യവസ്ഥിതിയും കേരള
ചരിത്രവും എന്ന ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ച ഒരു മാപ്പിൽ നിന്നും മനസ്സിലാക്കാം. (പേജ്
24). ആറുകളുടെ ഒരു നാടായിരുന്നതു കൊണ്ടും ആറു നാടുവാഴികൾ ഭരിച്ചിരുന്നതു കൊണ്ടും ഈ
പ്രദേശത്തെ അപ്രകാരം വിളിച്ചു വന്നു. അവരിൽ ചാലക്കുടി കോടശ്ശേരി കർത്താവും മേലൂർ കൊരട്ടി
കൈമളും ഭരിച്ചിരുന്നു. ക്രിസ്തുവർഷം 500നോടടുപ്പിച്ച സംഘകാലങ്ങളിൽ ഈ പ്രദേശം അടവൂര്
എന്നാണ് അറിയപ്പെട്ടിരുന്നത്. നമ്പൂരി ബ്രാഹ്മണരുടെ 64 ഗ്രാമങ്ങളിൽ അടവൂരും ഒരു ഗ്രാമമാകുന്നു.
പിന്നീടതിനെ അടൂർ എന്നു വിളിച്ചു വന്നിരുന്നതായി വി.വി.കെ വാലത്ത് പറയുന്നു. ചാലക്കുടി പിന്നീട്
കോടശ്ശേരി നാടെന്നും ശാലൈക്കുടി എന്നും ശാലക്കുടിയെന്നും ശാലക്കൊടി എന്നും അറിയപ്പെട്ടു.
ശാലക്കൊടി സംസ്കൃതീകരിച്ച ശാലധ്വജം എന്ന പേരാണ് ചാലക്കുടിയ്ക്കു ജ്യോതിഷസംഹിതാ എന്ന
ഗ്രന്ഥത്തിലുള്ളത്. ചാലക്കുടി കോടശ്ശേരി നാടെന്നു അറിയപ്പെട്ടിരുന്നതുപോലെ മേലൂരും
മുരിങ്ങൂരും എടത്രക്കാവുമൊക്കെ കൊരട്ടി നാടെന്നും അറിയപ്പെട്ടിരുന്നു.
നാശം നേരിടുന്ന തേവർ കടവ്
സംഘകാലങ്ങളിൽ ചാലക്കുടി
പുഴയെ പുറൈയാർ എന്നും പെന്നൈ എന്നും വിളിച്ചിരുന്നു. ഷോളയാർ കടന്നു വരുന്ന പുഴയെ ചോലയാറെന്നും
വിളിച്ചിരുന്നു.മൂഴിക്കുളവും ഐരാണിക്കുളവുമൊക്കെ കടന്നു പോകുന്ന ഈ പുഴയെ പൂർണ്ണാ നദി
എന്നും വിളിച്ചു വരുന്നുണ്ട്. 1970കൾക്കു മുമ്പ് എല്ലാ വർഷവും നിറഞ്ഞൊഴുകി വെള്ളപ്പൊക്കം
ഉണ്ടാക്കുമായിരുന്നതിനാൽ ഈ പേര് അന്വർത്ഥവുമായിരുന്നു. ഈയിടെയായി മണൽ ഖനനത്തെ തുടർന്ന്
പുഴ 5 മീറ്ററോളം താഴ്ന്നതിനാലും ഡാമുകളിൽ നിന്നും ജലം വിടുന്നതിൽ കെ.എസ്.ഇ.ബി.യുടെ
കർശന നിയന്ത്രണം ഉള്ളതിനാലും ഇപ്പോൾ പുഴ നിറഞ്ഞുകവിയലും വെള്ളപ്പൊക്കവും കുറഞ്ഞിട്ടുണ്ട്.
ചൂർണ്ണി എന്നറിയപ്പെട്ടിരുന്ന
പെരിയാറും പൂർണ്ണാനദി തനെയാണെന്നു ചിലർ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ പറഞ്ഞു തുടങ്ങിയിരിയ്ക്കുന്നു.
ചൂർണ്ണം എന്നതു പൊടിയെ സൂചിപ്പിയ്ക്കുന്നു. പൊടി പോലെ ജലമുള്ള നദി ചൂർണ്ണിയും നിറഞ്ഞു
കവിഞ്ഞൊഴുകുന്ന നദി പൂർണ്ണയും ഒരേ നദിയുടെ പേരു തന്നെ ആകാൻ യുക്തി കാണുന്നില്ല. ഇക്കാര്യങ്ങൾ
ഒന്നു പരിശോധിച്ചു നോക്കാം.
ക്രിസ്തുവിനു മുമ്പ് ഏകദേശം
320നു ജീവിച്ചിരുന്ന ചാണക്യന്റെ അർത്ഥശാസ്ത്രത്തിൽ
ചൂർണ്ണീനദിയിൽ നിന്നെടുക്കുന്ന മുത്ത് എന്ന അർത്ഥത്തിൽ ചൌർണേയം എന്നു പ്രയോഗിച്ചതായി
കാണുന്നു. വാത്മീകീ രാമായണത്തിലും പെരിയപുരാണത്തിലും ചൂർണ്ണീ നദി ഉണ്ട്.
ഏ.ഡി. അഞ്ചാം നൂറ്റാണ്ടു
വരെ നീണ്ടു നിന്ന സംഘം കൃതികളിൽ പെരിയാറിനെ ചൂർണ്ണിയെന്നു തന്നെ പ്രതിപാദിയ്ക്കുന്നു.
ലഭ്യമായ സാഹിത്യ കൃതികളിലും ഈ പേര് ആവർത്തിച്ചു കാണുന്നു. ക്രിസ്തുവിനു പിമ്പ് ഒമ്പതാം
നൂറ്റാണ്ടിലേതെന്നു കരുതുന്ന വിടനിദ്രാഭാണത്തിൽ “അഹോ ചൂർണ്ണീസരിത് കല്ലോല ഹസ്താങ്ഗിത
മേഖലായാഃ“ എന്നും “വികച കുമുദരജോ ധൂസരചൂർണ്ണീനദീസരിദൂർമ്മി മഞ്ജരി ലാസ്യക്രിയാ” എന്നും
പൂർണ്ണിയെ പരാമർശിയ്ക്കുന്നുണ്ട്.
ഏ.ഡി. 978 മുതൽ 1036 വരെ
വാണിരുന്ന കുലശേഖര വർമ്മയുടെ സമകാലീനനായിരുന്ന ഒരു നമ്പൂതിരി കുലശേഖര വർമ്മയുടെ സുഭദ്രാധനഞ്ജയത്തിനു
രചിച്ച വ്യംഗ്യവ്യാഖ്യാ എന്ന ഗ്രന്ഥത്തിൽ, “കാലേഥേതി വർത്തമാനേ കസ്മിംസ്ചിദഗ്നി പ്രാതരുത്ഥായ
ചൂർണികാസരിദ്വാരീ അനുഷ്ഠിതപൂർവ സന്ധ്യേന” എന്നും “ചൂർണ്ണികാസരിദാവാഗ്യമാനയാ സത്വരം“
എന്നും ചൂർണ്ണീ നദിയെ ചൂർണ്ണിക എന്നു വിളിച്ചിരിയ്ക്കുന്നു. ഏ.ഡി. പതിനാലാം നൂറ്റാണ്ടിന്റെ
ആരംഭത്തിൽ ജീവിച്ചിരുന്ന ദാമോദര ചാക്യാരുടെ ഉണ്ണിയാടി ചരിതത്തിൽ ചൂർണ്ണിയെ ചുണ്ണി എന്നു
വിശേഷിപ്പിച്ചിരിയ്ക്കുന്നു. “അമലജല പൂരിതാ ഹസ്തിനപുരത്തടുത്തമരനദിയെന്റുപോൽച്ചുണ്ണി
മേവിന്റെടം” എന്നതാണു വരികൾ.
ഏ.ഡി. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനകാലത്തു പതിനെട്ടര
കവികളിൽ കേമനായ ഉദ്ദണ്ഡശാസ്ത്രികൾ രചിച്ച മല്ലികാമാരുതത്തിൽ “പാരേ ചൂർണ്ണ്യാഃ പരിസര
സമാസീന ഗോവിന്ദവക്ഷോലക്ഷ്മീവിക്ഷാവിവലന സുധാശീതളഃ കേരളേഷു എന്നും അദ്ദേഹത്തിന്റെ കോകില
സന്ദേശത്തിൽ ചൂർണ്ണി നദിക്കരയിലുള്ള ചേന്ദമംഗലത്തു മാരക്കര വീട്ടിലെ സ്വപ്രണയിനിയേയും
ചൂർണ്ണിയെ സ്മരിയ്ക്കുന്നുണ്ട്.
ലക്ഷ്മീദാസൻ ഏ.ഡി.
1491ൽ രചിച്ച ശുകസന്ദേശത്തിലെ “ചൂർണ്ണീ മഹോദയപുരവധൂരോജചൂർണ്ണീ
കൃതോർമ്മീ” എന്ന വരിയും സ്മർത്തവ്യമാണ്. ഏ.ഡി. 1599ൽ നീലകണ്ഠകവി രചിച്ച തെങ്കൈലനാഥോദയത്തിൽ
ചൂർണ്ണിയെ പരാമർശിയ്ക്കുന്നുണ്ട്. ഏ.ഡി. 1620ലെ വാസുദേവകവിയുടെ ഭൃംഗസന്ദേശത്തിൽ ചൂർണ്ണീനദിയും
പ്രസ്താവിയ്ക്കപ്പെടുന്നുണ്ട്. ഏ.ഡി. പതിനേഴാം നൂറ്റാണ്ടിന്റെ അവസാന കാലത്തു ജീവിച്ഛിരുന്നു
എന്നു കരുതപ്പെടുന്ന വേന്നനാട്ടു അക്കിത്തത്തു നാരായണൻ നമ്പൂതിരിയുടെ വാരരുച സംഗ്രഹത്തിൽ
“ചൂർണ്ണീനിളാമഹാനദൌ” എന്നു സ്മരിച്ചിട്ടുണ്ട്.
അക്കാലങ്ങളിൽ തന്നെ ജീവിച്ചിരുന്ന
പരമേശ്വരമംഗലത്തു ചന്ദ്രശേഖര വാര്യർ രചിച്ച ശ്രീകൃഷ്ണചരിത്രത്തിലെ പ്രസ്താവനയിൽ “രാജ്യേ
കുരുമഹീന്ദ്രസ്യ ചൂർണ്ണീ സരിദുദക്തടേ അന്തർഗ്രാമേ ജനപദേ പരമേശ്വരമംഗലേ” എന്നും പറഞ്ഞിട്ടുണ്ട്.
ഇപ്രകാരം ക്രിസ്തുവിനു
മുമ്പ് 320 മുതൽ പതിനെട്ടാം നൂറ്റാണ്ടിനടുത്തു വരെ അനുസ്യൂതമായി പെരിയാറിനെ ചൂർണ്ണി
എന്നു വിളിച്ചു വന്നതായി ചരിത്ര രേഖകളുണ്ട്. ആലുവയ്ക്കു തെക്ക് ചൂർണ്ണിക്കര എന്ന ഒരു
ഗ്രാമം പെരിയാറിന്റെ മാർത്താണ്ഡം ശാഖയ്ക്കരികിൽ ഉണ്ട്. ചൂർണ്ണിയുടെ കരയ്ക്കൽ ആകയാലാണ്
അതിനു ചൂർണ്ണിക്കര എന്നു പേരു വന്നിട്ടുള്ളത്.
അങ്ങനെയെല്ലാമിരിയ്ക്കേ
പൂർണ്ണാനദിക്കരയിലെ കാലടിയായി മഞ്ഞപ്ര കാലടിയേയും പൂർണ്ണാനദിയായി പെരിയാറിനേയും ഏതാണ്ടു
ഒരു നൂറ്റാണ്ടിലധികമായി ചിത്രീകരിയ്ക്കാനുള്ള ശ്രമം നടന്നു വരുന്നുണ്ട്.
ഇനി പൂർണ്ണാ നദിയെ കുറിച്ചുള്ള
പരാമർശങ്ങൾ ശ്രദ്ധിയ്ക്കാം. ശങ്കരാചാര്യരുടെ ചരിത്രം എഴുതിയ നവകാളിദാസനാണ് പൂർണ്ണാ
എന്ന പേരിനു കാര്യമായ പ്രചാരം നൽകിയിട്ടുള്ളത്.
“തതോ മഹേശഃ
കില കേരളേഷു
ശ്രീമദ്വൃഷാദ്രൌ കരുണാസമുദ്രഃ
പൂർണ്ണാനദീ പുണ്യതടേ സ്വയംഭൂർ-
ലിങ്ഗാത്മനാനങ്ഗധൃഗാവിരാസീൽ“
എന്ന
വരികൾ പ്രസിദ്ധമാണല്ലോ. അന്നത്തെ ശങ്കരാചാര്യ പീഠങ്ങളിലെ രേഖകൾ പരിഗണിച്ചായിരിയ്ക്കണം
നവകാളിദാസൻ അങ്ങനെ എഴുതിയിരിയ്ക്കുക. ചൂർണ്ണീ പൂർണ്ണാ എന്നീ പേരുകൾ പരസ്പരവിരുദ്ധങ്ങളാകയാൽ
അവ രണ്ടും ഒരേ സമയം ഒരേ നദിയുടെ രണ്ടു പേരുകൾ ആണെന്നു കരുതുന്നത് യുക്തമല്ല. എങ്കിൽ
പിന്നെ പെരിയാറ്റിൽ നിന്നും ഭിന്നമായ പൂർണ്ണാനദി ഏതാണ്?
ഇരുന്നൂറു
വർഷം മുമ്പു വരെയുള്ള കേരള ക്ലാസിക്കൽ സാഹിത്യ ചരിത്രത്തിൽ പൂർണ്ണാ എന്ന പേര് തമസ്കരിയ്ക്കപ്പെട്ടിരിയ്ക്കുന്നു.
അതെങ്ങും കാണാനില്ല. പഴയ ഐതിഹ്യങ്ങളേ ഇക്കാര്യത്തിൽ ആശ്രയമായി നമ്മുടെ മനസ്സിലുള്ളൂ..
പൂർണ്ണാനദിയ്ക്കരയിൽ
വച്ചാണ് മഹാവിഷ്ണു ഹരിതമഹർഷിയ്ക്കു ദർശനം നൽകി കലികാലദുരിതനിവാരണത്തിനുള്ള കർമ്മങ്ങൾ
വേദസാരരൂപത്തിൽ അരുളി ചെയ്തത്. തിരുമൊഴിയുണ്ടായ സ്ഥലം തിരുമൊഴിക്കളവും പിന്നീട് തിരുമൂഴിക്കുളവുമായി
തീർന്നത് എന്നാണ് ചാലക്കുടി പുഴയ്ക്ക് അരികിലുള്ള പുരാതന പ്രസിദ്ധമായ മൂഴിക്കുളം ക്ഷേത്രത്തിന്റെ
ഐതിഹ്യം.
മൂഴിക്കുളം ക്ഷേത്ര ഐതിഹ്യങ്ങളെക്കുറിച്ച് ഒരു ചർച്ച
തീവ്രാ
നദിക്കരയിൽ ശ്രീരാമക്ഷേത്രവും കുലീപിനി തീർത്ഥക്കരയിൽ ഭരതക്ഷേത്രവും പൂർണ്ണാനദിക്കരയിൽ
ലക്ഷ്മണക്ഷേത്രവും ഭരതക്ഷേത്രത്തിനു സമീപമായി ശത്രുഘ്നക്ഷേത്രവും നിർമ്മിച്ചു എന്ന
നാലമ്പല ഐതിഹ്യവും പൂർണ്ണാനദി ചാലക്കുടി പുഴയിലാണെന്നു തെളിയിയ്ക്കുന്നു. മാളയ്ക്കടുത്തുള്ള
ഐരാണിക്കുളം ക്ഷേത്രത്തോടനുബന്ധിച്ചും പൂർണ്ണ എന്നാൽ ചാലക്കുടി പുഴ ആണെന്നു ഐതീഹ്യമുണ്ട്.
എല്ലാ വർഷവും പൂർണ്ണമായി നിറഞ്ഞു കവിഞ്ഞൊഴുകിയിരുന്ന നദിയായിരുന്നതിനാൽ പൂർണ്ണാ എന്നു
ചാലക്കുടി പുഴയ്ക്കു ലഭിച്ച പേരും അന്വർത്ഥമാണ്.
നദി
പൂർണ്ണമാകണമെങ്കിൽ കടലിൽ ചെന്നു ചേരണമെന്നും പെരിയാറ്റിൽ ചെന്നു ചേരുന്ന ചാലക്കുടി
പുഴ പൂർണ്ണാ എന്ന പേരിന് അർഹമല്ലെന്നും ചിലർ വാദിയ്ക്കുന്നു. ഇക്കാര്യത്തിൽ ഒന്നാമതായി
പറയാനുള്ളത് പെരിയാറിന്റെ പല ശാഖകളിൽ ഒന്നു മാത്രമായ മംഗലപ്പുഴ എളന്തിക്കരയിൽ വച്ച്
ചാലക്കുടിപ്പുഴയിൽ വന്നു ചേരുക മാത്രമാണെന്നാണ്. പെരിയാറിന്റെ ശേഷിച്ച ഭാഗമത്രയും കായലിലാണ്
ചെന്നു ചേരുന്നത്.
എന്നാൽ
ചാലക്കുടി പുഴയോ പിന്നീട് പുത്തൻ വേലിക്കരയിൽ വച്ച് ശാഖകളായി പിരിയുന്നുണ്ടെങ്കിലും
പ്രധാന ശാഖ കരുവന്നൂർ പുഴയുമായി ചേർന്നു കൊടുങ്ങല്ലൂരിലെത്തി മുനമ്പത്തു വച്ച് അറബിക്കടലിൽ
പതിയ്ക്കുകയാണു ചെയ്യുന്നത്. ഇനി ചാലക്കുടി പുഴയാണു പെരിയാറിൽ പതിയ്ക്കുന്നതെന്നു വാദമുണ്ടെങ്കിൽ
കൂടിയും പുരാതന കാലത്തു ചാലക്കുടി പുഴ പെരിയാറിനോട് കൂടിച്ചേർന്നിരുന്നില്ലെന്നും കൊടുങ്ങല്ലൂരും
മറ്റും കൊല്ലം വച്ചു വരുന്നതിനു മുമ്പ് ചൂർണ്ണിയും പൂർണ്ണയും രണ്ടു വ്യത്യസ്ത നദികൽ
ആയിരുന്നെന്നും പി.കെ. ബാലകൃഷ്ണന്റെ ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും എന്ന ഗ്രന്ഥത്തിലെ
22,50,51 പേജുകളിൽ നൽകിയ മാപ്പുകളിൽ നിന്നും സിദ്ധിയ്ക്കുന്നതാണ്. ചാലക്കുടി പുഴ നിരന്തരം
വഴി മാറിയ ചരിത്രം നമുക്കു മുമ്പിൽ ഐതിഹ്യങ്ങളായും ചരിത്രമായും കിടക്കുന്നുണ്ട്. അപ്രകാരം
പൂർണ്ണാനദി ചാലക്കുടി പുഴ ആണെങ്കിൽ പൂർണ്ണാ നദിക്കരയിലെ കാലടി എവിടെ ആയിരിയ്ക്കണം?
ശങ്കരാചാര്യരുടെ ജന്മദേശമെന്നു പേരുകേട്ട കാലടി പക്ഷേ
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരേയ്ക്കും ഏതാണ്ടു അജ്ഞാതമായിരുന്നു എന്നു പറയണം. ആദ്യമായി
മഞ്ഞപ്ര കാലടിയെ ശങ്കരാചാര്യരുടെ ജന്മദേശമായ കാലടിയായി തിരിച്ചരിഞ്ഞു തുടങ്ങിയ കഥ പരിഗണിയ്ക്കാം.
മലയാളിയായ ഗോവിന്ദാനാഥന്റെ ശങ്കരാചാര്യചരിത്രത്തിൽ ശങ്കരാചാര്യർ മരിച്ചതു തൃശ്ശൂർ
വച്ചാണെന്നു പറയുന്നു. മലയാളിയായ ശങ്കരാചാര്യരുടെ ജീവചരിത്രത്തിലെ കേരളത്തിൽ സംഭവിച്ച
സംഗതികൾ ഒരു മലയാളി തന്നെ പറയുന്നതിനു സംഭാവ്യത കൂടുതലായിരിയ്ക്കുമല്ലോ. ശങ്കരാചാര്യരുടെ
വിയോഗം ഉണ്ടായ തൃശ്ശൂരിൽ അദ്ദേഹം സ്ഥാപിച്ച നാലു പീഠങ്ങളിലേയും ശിഷ്യന്മാർ നാലു മഠങ്ങൾ
സ്ഥാപിയ്ക്കുകയുണ്ടായി. അവയിൽ തെക്കേ മഠം പദ്മപാദന്റേയും ഇടയിൽ മഠം ഹസ്താമലകന്റേയും
നടുവിൽ മഠം സുരേശ്വരന്റേയും വടക്കേ മഠം തോടകന്റേയുമായിരുന്നു. ഇടയിൽ മഠം പിന്നീടു തെക്കേ
മഠത്തിൽ ലയിച്ചു. വടക്കേ മഠം ബ്രഹ്മസ്വം മഠവുമായി മാറി. തെക്കേ മഠവും നടുവിലെ മഠവും
ഇപ്പോളും സ്വാമിയാർ മഠങ്ങളായി അവശേഷിയ്ക്കുന്നുണ്ട്. ഡോക്ടർ പുതുശ്ശേരി രാമചന്ദ്രൻ
കേരളത്തിന്റെ അടിസ്ഥാന രേഖകൾ എന്ന പുസ്തകത്തിൽ 175മതായി കൊടുത്തിരിയ്ക്കുന്ന രണ്ടാമത്തെ
തൃശ്ശിവപേരൂർ വടക്കുന്നാഥ ക്ഷേത്രരേഖയിൽ യോഗിയാർ തിരുവടിയെക്കുറിച്ച് പരാമർശമുള്ളതിനാൽ
ഈ വസ്തുതയ്ക്കു സത്യാംശം ഏറും.
സന്ന്യാസിയായ
ശങ്കരാചാര്യരുടെ നാടും വീടും ഒന്നും ചോദിയ്ക്കാൻ പാടില്ലാത്തതിനാൽ സ്വാഭാവികമായും ഗുരുപരമ്പരയിലെ
ആദ്യ ആചാര്യന്മാർ അദ്ദേഹത്ത്തിന്റെ മരണസ്ഥാനം മാത്രമേ അറിഞ്ഞിരുന്നുള്ളൂ. ജനനസ്ഥാനം
അറിയുക അന്നു ആവശ്യവുമായിരുന്നില്ല. എന്നാൽ പിന്നീറ്റ് ശങ്കരാചാര്യന്റെ പേര് ഗണനീയമായി
വന്ന സാഹചര്യത്തിൽ തെക്കേ മഠൻ അതു കണ്ടെത്താൻ നൂറ്റാണ്ടുകൾക്കു ശേഷം ശ്രമമാരംഭിച്ചു.
പക്ഷേ അതിനിടെ ശങ്കരൻ ജനിച്ചതിനടുത്തുള്ള നാട് മുടിഞ്ഞൂരായി മാറിയതിനാൽ യഥാർത്ഥ സ്താനം
കണ്ടെത്താൻ അവർക്കായില്ല. അതിനാൽ മഞ്ഞപ്ര കാലടിയിലെ അപ്രധാനമായ ഒരു സ്ഥലം കണ്ടെത്തി
അവിടെ ബദര്യാശ്രമ മഠാധിപതിയും നരസിംഹരൂപത്തിലുള്ള വിഷ്ണുവിനെ ആരാധിച്ചിരുന്നയാളുമായ
പദ്മപാദന്റെ പിന്മുറക്കാർ നമ്പൂതിരിമാർ നടത്തി വന്നിരുന്ന ഒരു ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്ത്
അല്പം ഭൂമി പാട്ടത്തിനെടുക്കുകയായിരുന്നു. 1730ൽ മഠത്തിലെ ശങ്കര സങ്കേതത്തിനു രാജത്വാധികാരങ്ങൾ
കൈവന്നു. എങ്കിലും അതായിരുന്നു ശങ്കരാചാര്യരുടെ ജന്മസ്ഥാനമായ കാലടിയെന്നു അവരും അവകാശപ്പെട്ടിരുന്നില്ല.
ശൃഗേരി മഠത്തിലെ ഉപോത്തമാചാര്യനായിരുന്ന ശ്രീ സച്ചിദാനന്ദ ശിവാഭിനവ നരസിംഹഭാരതി സ്വാമികൾ
തെക്കേ മഠത്തിൽ നിന്നും മേല്പടി വഹകൾ വിലയില്ലാതെ വാങ്ങുകയായിരുന്നു. ശങ്കരജന്മസ്ഥാനം
എവിടെയെന്നു പരിശോധിയ്ക്കാൻ അദ്ദേഹം തിരുവിതാംകൂർ രാജാവുമായി ഒരു കൂടിക്കാഴ്ച നടത്തുകയും
മഞ്ഞപ്ര കാലടിയിൽ ശ്രീകൃഷ്ണക്ഷേത്രത്തിനടുത്ത് ഒരു സ്ഥലത്ത് ദിവസേന വിളക്കു വയ്ക്കുന്നത്
ശങ്കരാചാര്യരുടെ അമ്മ ആര്യാംബയുടെ സ്മരണയ്ക്കായാണെന്നും മുതലക്കടവ് ഇന്നതാണെന്നും പുഴവഴിമാറി
വന്നതാണെന്നും മറ്റും ഐതിഹ്യങ്ങൾക്കനുസൃതമായി ഒരു കഥ ചമച്ച് ശങ്കരജന്മസ്ഥാനം മഞ്ഞപ്ര
കാലടിയാണെന്നു നിശ്ചയിയ്ക്കുകയാണുണ്ടായത്. തുടർന്ന് 1905ൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി
ജഗദംബ ക്ഷേത്രവും ശങ്കരക്ഷേത്രവും ശ്രീ ആദിശങ്കര കീർത്തിസ്തംഭ മണ്ഡപവും ആര്യാദേവീ സമാധി
മണ്ഡപവും മുതലക്കടവുമൊക്കെ നിർമ്മിച്ചു. 1910 ഫെബ്രുവരി 21ന് മഹാകുംഭമേല നടത്തി ക്ഷേത്ര
പ്രതിഷ്ഠകളും നടത്തി. ശങ്കരജയന്തിയും നവരാത്രിയും സ്ഥിരമായി ആഘോഷിയ്ക്കാനുള്ള ഏർപ്പാടുകളും
ചെയ്തു. അങ്ങനെയാണ് ഇന്നറിയപ്പെടുന്ന കാലടി ശങ്കരജന്മസ്ഥാനമായത്. അധികാരവും മതവും സമ്പത്തും
കൂടി യാതൊരു ചരിത്രാന്വേഷണവും കൂടാതെ ശങ്കരജന്മസ്ഥാനമായി അവരോധീച്ച കാലടിയ്ക്കു അതിനുള്ള
അർഹത ഉണ്ടോ എന്നു നമുക്കിനി പരിശോധിയ്ക്കാം.
ശങ്കരജന്മസ്ഥാനമായ
കാലടിയ്ക്കു ചിലയോഗ്യതളെല്ലാമുണ്ട്. നവകാളിദാസന്റെ “തതോ മഹേശഃ” എന്നു തുടങ്ങുന്ന ശ്ലോകപ്രകാരം
വൃഷാദ്രിയായ തൃശ്ശൂരിനടുത്തായിരിയ്ക്കണം കാലടി. പൂർണ്ണാനദിയുടെ തീരത്തുമായിരിയ്ക്കണം.
സ്വയംഭൂവെന്നു കരുതപ്പെടുന്ന ഒരു ലിംഗവും അവിടെ ഉണ്ടായിരിയ്ക്കണം.
അളകൈവപുരീ യത്ര കാലടീതി
പ്രതിശ്രുതാ
നഗരീ ധനസംവീതാ രാജതേ ജഗതീതലേ
എന്ന
ചിദ്വിലാസന്റെ ശങ്കരവിജയവിലാസ ശ്ലോക പ്രകാരം ധാരാളം സമ്പത്തുള്ള നഗരിയായിരിയ്ക്കണം
കാലടി. രാജചൂഢാമണിയുടെ ശങ്കരാഭ്യുദയകാവ്യത്തിൽ
കേരളേഷു നഭോലംഘികേരഭൂരുഹശാലിഷു
അസ്തി കശ്ചിന്മഹാനഗ്രഹാരഃ
കാലടിനാമകഃ
എന്ന
വരികളിൽ നിന്നും തെങ്ങുകൾ നിറഞ്ഞതും അഗ്രഹാരവുമായിരിയ്ക്കണം കാലടി. ഗോവിന്ദനാഥന്റെ
ശങ്കരാചാര്യ ചരിതത്തിലെ
ദേശേ കാലടിനാമ്നി കേരളധരാശോഭങ്കരേ
സദ്ദ്വിജോ
ജാതശ് ശ്രീപതി മന്ദിരസ്യ
സവിധേ, സർവജ്ഞതാം പ്രാപ്തവാൻ
ഭൂത്വാ ഷോഡശവത്സരേ യതിവരോ
ഗത്വാ ബദര്യാശ്രമം
കർത്താ ഭാഷ്യ നിബന്ധനസ്യ
സുകവിശ് ശ്രീശങ്കരഃ പാതു വഃ
എന്ന
പ്രസ്താവനയിൽ നിന്നും വിഷ്ണു ക്ഷേത്രത്തിനു അടുത്തുമായിരിയ്ക്കണം ശങ്കരന്റെ ജനനം.
ഇപ്രകാരം
കാലടി തൃശ്ശൂരിനടുത്തായിരിയ്ക്കണം, പൂർണ്ണാനദിക്കരയിലാകണം, അവിടെ സ്വയംഭൂവായ ശിവലിംഗം
ഉണ്ടാകണം, ധാരാളം സമ്പത്തുണ്ടാകണം, തെങ്ങുകളും ബ്രാഹ്മണരും തിങ്ങിനിറഞ്ഞതായിരിയ്ക്കണം,
വിഷ്ണുക്ഷേത്രവും ഉണ്ടാകണം.
മഞ്ഞപ്ര
കാലടിയ്ക്കു ഈ യോഗ്യതകൾ ഉണ്ടോ എന്നു നമുക്കു പരിശോധിച്ചു നോക്കാം. മേലൂർ കാലടി മഞ്ഞപ്ര
കാലടിയേക്കാൾ തൃശ്ശൂരിനോടു വളരെ അടുത്താണെന്നു മാത്രമല്ല, തൃശ്ശൂരും പൂർണ്ണാനദിയും
തമ്മിലുള്ള ഏറ്റവും കുറഞ്ഞ ദൂരത്തിലുമാണത്. മഞ്ഞപ്രകാലടിയല്ല, മേലൂർ കാലടിയാണ് പൂർണ്ണാ
തീരത്തുള്ളതെന്നും മുമ്പു സിദ്ധിച്ചിട്ടുള്ളതാണ്. കൂടാതെ പൂർണ്ണാതീരത്ത് മേലൂർ കാലടിയല്ലാതെ
അറിയപ്പെടുന്ന മറ്റൊരു കാലടിയും ഉള്ളതായി അറിവില്ല.
സ്വയംഭൂവായ
ശിവലിംഗമെന്നു വിളിച്ചു വരുന്നത് പുരാതനപ്രസിദ്ധമായ 108 ശിവക്ഷേത്രങ്ങളെയാണ്. മഞ്ഞപ്ര
കാലടി പ്രദേശത്ത് അത്തരം യാതൊരു ശിവക്ഷേത്രവും ഇല്ല. കൊരട്ടി കൈമളുടെ കീഴിലുള്ള സ്ഥലമാണ്
മേലൂർ. 108 ശിവക്ഷേത്രങ്ങളിൽ കൊരട്ടിയുമുണ്ട്. അന്നത്തെ കൊരട്ടി പ്രദേശത്ത് ഇന്നും
നിലനിൽക്കുന്ന അതിപുരാതന ശിവക്ഷേത്രം മേലൂർ കാലടി ശിവക്ഷേത്രം തന്നെ. മേലൂർ കാലടി ശിവക്ഷേത്രത്തിന്റെ
കൊക്കരണിയ്ക്കു ആയിരം വർഷമെങ്കിലും പഴക്കം തോന്നും. സാമൂതിരിയുടെ വിലക്കുള്ളതിനാൽ സ്വന്തം
കൊട്ടാരം പോലും ആദ്യകാലങ്ങളിൽ ഓടുവച്ചു മേയാൻ കൊച്ചിരാജാവിനു പോലും അനുമതി ഉണ്ടായിരുന്നില്ല.
യൂറോപ്യന്മാരുടെ ആഗമനത്തിനു ശേഷമേ കൊച്ചി തമ്പുരാക്കന്മാർക്ക് ഓലമേയേണ്ടതില്ലാത്ത കൊട്ടാരം
ഉണ്ടായിട്ടുള്ളൂ. അഞ്ഞൂറു വർഷങ്ങൾക്കപ്പുറം കാലടി ക്ഷേത്രവും വെട്ടുകല്ലിൽ പണിത് ഓലമേഞ്ഞതായിരുന്നു.
വെട്ടുകല്ലിന്മേലുള്ള പണി യൂറോപ്യന്മാരുടെ ആഗമനത്തിനു ശേഷമേ ഇവിടെ നിലനിന്നിട്ടുള്ളൂ
എന്ന ചിലരുടെ വാദം നിലനിൽക്കുന്നതല്ല. ഉറുമിയും വാളും കുന്തവും അമ്പുമെല്ലാം ആയുധങ്ങളായിരുന്ന
മലയാളികൾക്ക് മൺകോട്ടകൾ ശത്രുക്കളെ തടുക്കാൻ മതിയായിരുന്നതിനാൽ യൂറോപ്യന്മാരുടെ ആഗമനത്തിനു മുമ്പായി ഇവിടെ വൻ ചെലവു
ചെയ്ത് വെട്ടുകല്ലു കൊണ്ടുള്ള കോട്ടകൾ കെട്ടിയിരുന്നില്ല എന്നതു വാസ്തവമാണ്. എന്നാൽ
മഹാശിലായുഗത്തെ കുടക്കല്ലുകൾ മുതൽ കുളപ്പടവുകളും ക്ഷേത്രങ്ങളും കൊട്ടാരങ്ങളുമെല്ലാം.
വെട്ടുകല്ലുകൊണ്ടു നിർമ്മിയ്ക്കാൻ നമുക്കാകുമായിരുന്നു.
108
ദുർഗ്ഗാലയങ്ങളുടെ കൂട്ടത്തിലും മഞ്ഞപ്ര കാലടിയ്ക്കടുത്തുള്ള ഇടങ്ങൾ ഒന്നുമില്ല, കൊരട്ടി
ഉണ്ടു താനും. കൊരട്ടികൈമൾമാരുടെ ഗ്രാമപരദേവതയായിരുന്ന എടത്രക്കാവിലമ്മയെ കുളിച്ചു തൊഴാൻ
അവിടെ കോവിലകവും ഉണ്ടായിരുന്നു.
അനേക
നൂറ്റാണ്ടുകൾ മുമ്പും മേലൂരിൽ കൃഷി നന്നായി നടന്നിരുന്നു എന്നതിനു ഇവിടത്തെ മുക്കിലും
മൂലയിലും കാണുന്ന പാടശേഖരങ്ങൾ തന്നെ തെളിവ്. മേലൂർ കാലടി ദേവസ്വം അനേക ഭൂസ്വത്തുക്കൾ
സ്വന്തമായിട്ടുണ്ടായിരുന്ന ദേവസ്വമാണ്. മഞ്ഞപ്ര കാലടിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിനും
സ്വത്തുക്കൾ ഉണ്ടായിരുന്നു. എന്നാൽ ഒരു ഗ്രാമം മുഴുവൻ വ്യാപിയ്ക്കുന്നത്ര സമ്പത്ത് അതിന് ഉണ്ടായിരുന്നോ എന്നു സംശയമാണ്. തെങ്ങു
കൃഷി വ്യാപകമല്ലാതിരുന്ന ഏ.ഡി. എട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തെങ്ങുണ്ടാകണമെങ്കിൽ
തെങ്ങുകൾ തനിയേ മുളയ്ക്കണം. അതിനു എല്ലാ വർഷവും നിറഞ്ഞു കവിഞ്ഞു വെള്ളപ്പൊക്കം ഉണ്ടാക്കുന്ന
പൂർണ്ണാ നദിക്കര തന്നെയാണ് വിത്തു വിതരണത്തിനു ഏറ്റവും യോജിച്ചത്. ബ്രാഹ്മണർ തിങ്ങി
നിറഞ്ഞിരിയ്ക്കുന്ന അഗ്രഹാരമാകണം കാലടി എന്ന വസ്തുത പരിഗണിയ്ക്കുമ്പോൾ ചാലക്കുടിയ്ക്കു
അടവൂർ എന്നായിരുന്നു പഴയ പേരെന്നും ആ അടവൂർ കരുമാൻ പുഴയ്ക്കു തെക്കും പുണ്യാറ്റിനു
വടക്കുമായി സ്ഥിതി ചെയ്യുന്ന നമ്പൂരി ഗ്രാമങ്ങളിൽ കേരളോൽപ്പത്തി പ്രകാരം അഞ്ചാമതാണ്.
എന്നാൽ മഞ്ഞപ്ര കാലടിയ്ക്കരികേ അറുപ്പത്തിനാലു ഗ്രാമങ്ങളിൽ യാതൊന്നുമില്ല. ആകപ്പാടെ
അവർ പറയുന്നത് ഇപ്പോൾ എവിടെയാണെന്നറിയാത്തതും ഭാഷാപരമായി അവഹേളനപരവുമായ ഇളിഭ്യം ഗ്രാമം
മഞ്ഞപ്ര കാലടിയ്ക്കരികിൽ എവിടെയോ ഉണ്ട് എന്നു മാത്രമാണ്. എന്നാം ചാലക്കുടി പുഴയും മംഗലം
പുഴയും മാർത്താണ്ഡം പുഴയും കണക്കിലെടുത്തിരുന്ന അന്നത്തെ പുണ്യാറ്റിന്റെ വടക്കും പടിഞ്ഞാറും
മാത്രമേ കരുമാൻ പുഴയ്ക്കു തെക്കും പുണ്യാറ്റിനു വടക്കുമായ ഇളിഭ്യമടക്കമുള്ള പന്ത്രണ്ടു
നമ്പൂരിഗ്രാമങ്ങൾ വരുന്നുള്ളൂ. എന്നാൽ പെരിയാറിനു തെക്കായി ഇളിഭ്യത്തിനു സ്ഥാനം നിശ്ചയിച്ച
ചിലരുമുണ്ട്. അതു കേരളോൽപ്പത്തി പ്രകാരം ശരിയാകാനുമിടയില്ല. മേലൂരിൽ
മുരിങ്ങൂർ മുതൽ എടത്രക്കാവു വരെ നീണ്ടു കിടക്കുന്ന പ്രദേശം മുഴുവനും ഒരു കാലത്തു ബ്രാഹ്മണരുടെ
ഇല്ല പറമ്പുകൾ മാത്രമായിരുന്നു എന്നും പടുതോൾ മനക്കാർ പറയുന്നുണ്ട്.
മഞ്ഞപ്ര
കാലടിയിൽ ഒരു ശ്രീകൃഷ്ണക്ഷേത്രമുള്ളതിന്റെ അരികിലായാണ് ശങ്കരന്റെ ഗൃഹമിരുന്നതായി സങ്കല്പിയ്ക്കപ്പെട്ടിരിയ്ക്കുന്നത്.
എന്നാൽ ശ്രീകൃഷ്ണൻ താന്ത്രികമായി ശ്രീപതി അഥവാ വിഷ്ണു ആകുന്നില്ല. മാത്രമല്ല അവിടത്തെ
കൃഷ്ണൻ ശങ്കരാചാര്യരുടെ കുലദൈവമായിരുന്നു എന്നാണു വിശ്വാസം. അതിനു അടിത്തറയില്ല. അദ്ദേഹം
ശൈവനായിരുന്നു എന്നു ചിന്തിയ്ക്കുന്നതാണ് യുക്തി. സന്ന്യാസത്തിനായി പുറപ്പെട്ട ശങ്കരൻ
ഗുരുനാഥനരികിലെത്തിയപ്പോൾ ഗുരു അങ്ങ് ആരാണ് എന്നു ചോദിച്ചതിന് ശങ്കരൻ
ന
ഭൂമിർന്ന തോയം ന തേജോ ന വായുർ
ന
ഖം നേന്ദ്രിയം വാ ന തേഷാം സമൂഹഃ
അനേകാന്തികത്വാത്
സുഷുപ്ത്യൈകസിദ്ധേ-
സ്തതേകോവശിഷ്ടഃ
ശിവഃ കേവലോഹം
എന്നു
തുടങ്ങുന്ന ദശശ്ലോകിയാണു ചൊല്ലുന്നത്. ഓരോ ശ്ലോകത്തിന്നവസാനവും ശിവഃ കേവലോഹം എന്നു
ആവർത്തിച്ചിരുന്നു. അതിനു ആചാര്യനു സ്വയം പരിചയപ്പെടുത്തുമ്പോൾ സ്വയം ശിവനെന്നു പറയുന്ന
ശങ്കരാചാര്യന്റെ കുലദൈവം ശ്രീകൃഷ്ണനാകാൻ വഴി കാണുന്നില്ല. പൂർവീക ബ്രാഹ്മണരായ ശിവദ്വിജന്മാരുടെ
കൂട്ടത്തിൽ പെട്ടയാളാണ് ശങ്കരനെന്ന വാദത്തിനാണു ശക്തി കൂടുതൽ.
മേലൂരിലെ
ആറ്റുപുറം ശിവക്ഷേത്രത്തിലെ പ്രതിഷ്ഠ ചതുർബാഹുവായ വിഷ്ണു തന്നെയാണെങ്കിലും ആ ക്ഷേത്രത്തിനു
500 വർഷത്തിനു മേൽ പഴക്കമില്ലെന്നറിയുന്നു. ഏ.ഡി. എട്ടാം നൂറ്റാണ്ടിൽ ജനിച്ച സങ്കരന്റെ
കാലത്തെ വിഷ്ണുക്ഷേത്രം അതാകുവാൻ വഴിയൊന്നുമില്ല. മേലൂർ പഞ്ചായത്തിൽ പിന്നെ പറയത്തക്ക
വിഷ്ണു ക്ഷേത്രങ്ങൾ ഒന്നുമില്ല. പൂലാനിയിലെ നരസിംഹക്ഷേത്രം എന്റെ അഭിപ്രായത്തിൽ നിർമ്മിച്ചു
മുഴുവനാകും മുമ്പു തന്നെ തകർന്നു വീണിരിയ്ക്കാനാണിട. അവശിഷ്ടങ്ങളിലെ പോളിഷ് ചെയ്ത ഗ്രാനൈറ്റ്
പാളികൾ ആ കഥയാണു പറയുന്നത്. എന്നാൽ പിണ്ടാണിയിൽ ടിപ്പു സുൽത്താന്റെ ആക്രമണത്തിൽ ഒരു
ശിവപാർവതീക്ഷേത്രവും ഒരു ചതുർബാഹു വിഷ്ണുക്ഷേത്രവും തകർന്നു പോയിരുന്നു. അതിൽ ശിവപാർവതീക്ഷേത്രം
എളിയ രീതിയിൽ ഈയിടെ പുനരുദ്ധരിച്ചു. ചതുർബാഹു വിഷ്ണുക്ഷേത്രത്തിന്റെ അവസാന ശിലയും കുഴിച്ചുമൂടി
ക്ഷേത്രമിരുന്ന സ്ഥലത്ത് ഒരു ഫ്ലാറ്റു പണിയുകയാണിപ്പോൾ. അതായിരിയ്ക്കാം സ്മൃതമായ ശ്രീപതീമന്ദിരം.
പൂലാനിയിലെ തകർന്ന വിഷ്ണുപുരം ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ
ശങ്കരനുമായി
ബന്ധപ്പെട്ട ഐതിഹ്യങ്ങളിലേയ്ക്കു ഇനി പ്രവേശിയ്ക്കാം. ശങ്കരനെ ഒരു മുതല പിടിച്ചു എന്നാണല്ലോ
കഥ. എന്നാൽ മുതലകൾ ആഴവും ഒഴുക്കും ഉള്ള ഇടങ്ങളിലാണു വസിയ്ക്കുക. ഇതു രണ്ടും സാധിയ്ക്കുന്നത്
കയങ്ങൾ കഴിഞ്ഞു തൊട്ടു തന്നെ വളവു വരുന്ന ഇടങ്ങളിലാണ്. മഞ്ഞപ്ര കാലടിയിൽ കണ്ടെത്തിയ
മുതലക്കടവ് മറ്റെന്താണെങ്കിലും മുതലകൾക്ക് താമസിയ്ക്കാൻ പറ്റിയ ഒരിടമാണെന്നു തോന്നുന്നില്ല.
എന്നാൽ മേലൂർ കാലടി ശിവക്ഷേത്രത്തിനു തൊട്ടു താഴെയുള്ള തേവരു കടവിന്റെ അപ്പുറവും ഇപ്പുറവും
രണ്ടു മൂന്നാൾക്ക് എപ്പോളും വെള്ളമുള്ള വൻ കയങ്ങളാണുള്ളത്. കയങ്ങൾക്ക് തെക്ക് വലിയൊരു
തൊണ്ണൂറു ഡിഗ്രി വളവുമുണ്ട്. അവിടെ പുഴയുടെ ഇരു കരകളിലും ഇപ്പോൾ ചതുപ്പും കാടുമാണുള്ളത്.
ഇത് മുതലകൾക്ക് ആവസിയ്ക്കാൻ പറ്റിയ ഒരു കടവായിരുന്നു. ഒരു അമ്പതു കൊല്ലം മുമ്പുവരെ
ഇവിടെ പുഴയിൽ മാത്രമല്ല സമീപ പ്രദേശങ്ങളിലെ കുളങ്ങളിലും ചീങ്കണ്ണികൾ ഉണ്ടായിരുന്നതായി
പടുതോൾ മനയിലെ വി.പി.എൻ. നമ്പൂതിരിപ്പാട് ഓർക്കുന്നു.
2010ൽ തന്നെ ചാലക്കുടി പുഴയിൽ
അന്നനാടു വച്ചു കാവലം പറമ്പിൽ ആന്റണിയെ ചീങ്കണ്ണി പിടിച്ചു ഒന്നര കിലോമീറ്റർ താഴേയ്ക്കു
വലിച്ചുകൊണ്ടുപോയി കൊലപ്പെടുത്തുകയുണ്ടായിട്ടുണ്ട്. അന്നനാടും കാലടിയിലെ ഇപ്പോൾ പറഞ്ഞ
മുതലക്കടവും തമ്മിൽ പുഴയിലൂടെ രണ്ടു കിലോമീറ്റർ പോലും ദൂരമില്ല.
മേലൂർ കാലടിയിൽ തേവരു കടവിനോടു ചേർന്ന് പഴയ മുതലകടവു ആകാനിടയുള്ള ഇടം
മുതലകടവിന്റെ ഭാഗത്ത് പുഴയിലേയ്ക്കു കയ്യേറി ഡിവൈൻ ഫാംകാർ കെട്ടിടം പണി നടത്തിയിരിയ്ക്കുന്നു
അടുത്ത
ഒരു ഐതിഹ്യം ശങ്കരാചാര്യരുടെ അമ്മയ്ക്കു വയസ്സായപ്പോൾ പൂർണ്ണാനദിയെ ശങ്കരാചാര്യർ വഴിമാറ്റി
ഒഴുക്കി എന്നതാണ്. ശങ്കരാചാര്യരെ കുറിച്ച് കാന്യാസുതൻ വിധവാപുതൻ എന്നെല്ലാം മാദ്ധ്വപക്ഷക്കാരും
നമ്പൂതിരി ബ്രാഹ്മണരും ആക്ഷേപിയ്ക്കാറുണ്ടായിരുന്നു. അതിനാലായിരിയ്ക്കണം ശങ്കരമാതാവു
മരിച്ചപ്പോൾ നമ്പൂതിരിമാർ സഹകരിയ്ക്കാതിരുന്നത്. ആര്യാംബയുടെ ശവം വെട്ടി കഷണങ്ങളാക്കി
കത്തിയ്ക്കുകയായിരുന്നുവത്രേ. അങ്ങനെ ഒരാളുടെ ഓർമ്മയ്ക്ക് അഭംഗുരം നിത്യവിളക്കു വച്ച്
ഒരു നമ്പൂതിരി കുടുംബക്കാർ അവിടെത്തന്നെ തുടർന്നു എന്ന നടുക്കാവേരി ശ്രീനിവാസശാസ്ത്രികളുടെ
കണ്ടു പിടുത്തം അസംഭാവ്യമായി തോന്നുന്നു. ഏതായാലും പുഴ വഴിമാറി ഒഴുകുന്ന അത്ഭുത പ്രവൃത്തികളെ
ഒരു ചരിത്രകാരൻ ഫോക് ലോറിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളിലൂടെ വേണം നോക്കിക്കാണാൻ.
പൂർണ്ണാനദി അന്നമനടയിൽ
ഋതുമതിയാകുന്നതിനു
മുമ്പ് വിവാഹം നടക്കുന്ന നമ്പൂതിരി സമുദായത്തിൽ കാന്യാസുതനാണു ശങ്കരനെങ്കിൽ ശങ്കരന്റെ
അമ്മയ്ക്കു ശങ്കരനേക്കാൾ ഇരുപതു വയസ്സു തന്നെ കൂടുതൽ വരാനിടയില്ല. അതിനാൽ മുപ്പത്തിരണ്ടാം
വയസ്സിൽ ശങ്കരൻ മരിയ്ക്കുമ്പോൾ എഴുന്നേറ്റു നടക്കാൻ പോലും വയ്യാത്ത വിധത്തിൽ അവർ അബലയായിട്ടുണ്ടാകുകയില്ല.
അപ്പോൾ പിന്നെ ശങ്കരജന്മസ്ഥാനത്തേയും പുഴ വഴിമാറലിനേയും കാലപ്രവാഹത്തിൽ ഒരു ഫോക് ലോറാക്കി
മാറ്റുകയായിരുന്നു എന്നു കരുതാവുന്നതാണ്. ആ നിലയ്ക്കുള്ള അന്വേഷണത്തിൽ ചാലക്കുടി പുഴ
നിരന്തരം വഴി മാറി ഒഴുകിയിരുന്നതായി മനസ്സിലാകുന്നുണ്ട്. പി.കെ.ബാലകൃഷ്ണന്റെ മാപ്പിൽ
ചാലൊഅക്കുടി പുഴയും പെരിയാറും മുമ്പ് ഒന്നു ചേർന്നിരുന്നില്ല എന്നു കാട്ടിയിട്ടുണ്ട്.
ഇരിങ്ങാലക്കുട സംഗമേശ ക്ഷേത്രം ചാലക്കുടി പുഴ കരുമാൻ പുഴ എന്നിവ കൂടി ചേർന്നിരുന്ന
തുരുത്തിൽ പ്രതിഷ്ഠിയ്ക്കയാലാണ് അതിനു സംഗമേശക്ഷേത്രമെന്നു പേരു വന്നതെന്നു ഐതിഹ്യമുണ്ട്.
ഇരിങ്ങാലക്കുട ക്ഷേത്ര രേഖകളിൽ കിഴക്കേ പോട്ടയെക്കുറിച്ച് പരാമർശമുണ്ട്. കൂടപ്പുഴ കടവിൽ
ആറാട്ടിനു വരുന്ന കൂടൽ മാണിയ്ക്കക്കാർ അവസാനമായി കടന്നു വരുന്ന പാടം കിഴക്കേ പോട്ടയിലാണുള്ളത്.
ഇപ്പോൾ അത് നോർത്ത് ചാലക്കുടി എന്ന് അറിയപ്പെടുന്നു. ആ പാടവും അട്ടാത്തോടും കടന്ന്
ആളൂർ തൊമ്മാന കൂടി ചാലക്കുടിപ്പുഴ പുറൈയാർ എന്നറിയപ്പെട്ടിരുന്ന കാലത്തു ഒഴുകിയിരുന്നു.
അതിന്റെ ഒരു ശാഖ തീവ്രാനദിയുമായി ബന്ധപ്പെട്ടിരിയ്ക്കണം. അതിനാലാണ് തൃപ്രയാറിനു (തിരു
+ പുറൈയാർ) എന്നു പേരു ലഭിച്ചിരിയ്ക്കുക. കൂടപ്പുഴയിലെ ആറാട്ടു കടവിൽ നിന്നാണ് പുറൈയാർ
അന്നു ഇരിങ്ങാലക്കുടയിലേയ്ക്കൊഴുകിയിരുന്നത് എന്നും കരുതാവുന്നതാണ്. മൂഴിക്കുളത്തും
ഐരാണിക്കുളത്തും പുഴ വഴിമാറി ഒഴുകിയ കഥകൾ ദേശചരിത്രത്തിന്റെ തന്നെ ഭാഗമാണ്. നയ്മേലി
തോട് മൂഴിക്കക്കടവിൽ വന്നു മുട്ടുന്നയിടം എല്ലാ വെള്ളപ്പൊക്കത്തിലും നിറഞ്ഞു കവിയുമായിരുന്നു.
കൈതോലപ്പാടത്തും പാലത്തുഴിയിലും അപ്രകാരം തന്നെ. അങ്ങനെ പുഴയുടെ വഴി മാറി ഒഴുകലും കവിഞ്ഞൊഴുകി
വീടുകൾക്കരികെ എത്തുന്നതും ഈ ഐതീഹ്യത്തെ സ്വാധീനിയ്ക്കുന്നുണ്ട്. പുറൈയാറിന്റെ എക്കൽ
അടിഞ്ഞുണ്ടായ ഊര് പുറൈവൂർ പിന്നീട് പുറവൂർ, പറവൂർ ആയ കഥകൾ കൂടി പരിഗണിയ്ക്കുമ്പോൾ ഈ
ഫോക് ലോറിന്റെ വ്യാപ്തി വ്യക്തമാകും.
പൂർണ്ണാനദി പൂവത്തുശ്ശേരിയിൽ
ശങ്കരൻ
ശപിച്ചതിനാൽ ഊരു മുടിഞ്ഞുപോയി എന്നതും ശങ്കരന്റെ അനർഹമായ ദുരിതവും മുടിഞ്ഞൂരിന്റെ നാശവും
തമ്മിൽ ബന്ധപ്പെടുത്തുന്ന ഒരു ഫോക് ലോറായി മാത്രമേ കരുതേണ്ടതുള്ളൂ. അവിടത്തെ നമ്പൂതിരിമാർ
വേദഭ്രഷ്ടരായ ഏതോ സാഹചര്യം സംജാതമായതിനെ ശങ്കരന്റെ ശാപവുമായി ബന്ധിപ്പിച്ചു എന്നേ കരുതേണ്ടതുള്ളൂ.
ഇപ്രകാരമുള്ള
ഐതിഹ്യങ്ങളും മറ്റു തെളിവുകളും അനേകം ശേഖരിയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. വായനക്കാരുടെ ഏതു
സംശയങ്ങൾക്കും സമാധാനം നൽകാൻ ശ്രമിയ്ക്കുന്നതാണ്. ഇതിന്റെ തുടർച്ചയായി പിന്നീട് എപ്പോളെങ്കിലും
മറ്റേതാനും പോസ്റ്റുകളും തയ്യാറാക്കി യഥാസമയം പ്രസിദ്ധീകരിയ്ക്കുന്നതാണ്.