Showing posts with label Meloor History. Show all posts
Showing posts with label Meloor History. Show all posts

Thursday, May 31, 2012

നൂറ്റാണ്ടു പഴക്കമുള്ള ക്രൈസ്തവ ഭവനങ്ങൾ

പാലമറ്റത്തു നെറ്റിക്കാടൻ കുടുംബക്കാർ മേലൂരിലെ ഇന്നത്തെ ശാന്തിപുരത്ത് നൂറ്റമ്പതോളം വർഷങ്ങൾക്ക് മുമ്പ് തെക്കും വടക്കുമായി രണ്ടു വീടുകൾ പണിതു. ഇതിൽ വടക്കേ വീട് അഗ്നിയ്ക്കിരയായി. തെക്കേ വീട് മൂന്നു നിലയിലുള്ള ഒരു എട്ടു കെട്ടായിരുന്നു. അതിന്റെ പലഭാഗങ്ങളും പിന്നീട് പൊളിച്ചുമാറ്റി. ഏതാനും ഭാഗം ഇപ്പോളും അവശേഷിയ്ക്കുന്നത് കാര്യമായ അറ്റകുറ്റപ്പണിയില്ലാതെ ഇപ്പോളും അവശേഷിയ്ക്കുന്നു. ഇപ്പോൾ ഈ വീട് ജർമ്മൻ ജോസ് എന്നു വിളിയ്ക്കപ്പെടുന്ന നെറ്റിക്കാടൻ ജോസിന്റെ കൈവശമാണ്.
പാലമറ്റത്ത് നെറ്റിക്കാടൻ ജോസിന്റെ വീട്. ജർമ്മന്റെ വീട് എന്നാണ് ഇത് അറിയപ്പെടുന്നത്
(വീഡിയോയ്ക്ക് ക്ലിക്ക് ചെയ്യുക)
ഒന്നാം ലോകമഹായുദ്ധകാലത്ത് യുദ്ധവിവരങ്ങൾ ചൂടോടെ തേടിപ്പിടിച്ച് നാട്ടുകാരെ അവ അറിയിയ്ക്കുന്നതിൽ ഇവിടത്തെ ഒരു കാരണവർ താല്പര്യമെടുത്തിരുന്നു. ഇന്ത്യ ഭരിയ്ക്കുന്ന ബ്രിട്ടീഷുകാരെ എതിർക്കാൻ ധൈര്യം കാട്ടിയ അദ്ദേഹം ജർമ്മനി ജയിയ്ക്കുമെന്നു പരസ്യമായി പറയുമായിരുന്നു. അതിനാൽ അദ്ദേഹത്തിനു ജർമ്മൻ എന്നു മാറാപ്പേരു വീഴുകയായിരുന്നു. അദ്ദേഹത്തിന്റെ പിന്മുറക്കാരും നാളിതുവരെ അങ്ങനെ തന്നെ അറിയപ്പെട്ടു. അവരാരും ജർമ്മനിയിൽ പോയതുകൊണ്ടല്ല അപ്രകാരം വിളിയ്ക്കപ്പെട്ടത്.

നെറ്റിക്കാടൻ കുടുംബത്തിന്റെ മറ്റൊരു വിഭാഗം കൈതോലപ്പാടത്തിനു വടക്കുള്ള പുഞ്ചയിൻ കരയിൽ 1892ൽ മറ്റൊരു വീടും പണിയുകയുണ്ടായി. അവരെ പിന്നീട് പുഞ്ചയിൽ എന്നു കൂട്ടിവിളിയ്ക്കാനും തുടങ്ങി. ആ വീട് ഇന്നു പുഞ്ചയിൽ നെറ്റിക്കാടൻ ചാക്കുര്യയുടെ കൈവശമാണ്. അതൊരു നാലുകെട്ടായിരുന്നു. അതിന്റേയും ഏതാനും ഭാഗം പൊളിച്ചു കളയേണ്ടി വന്നിട്ടുണ്ട്. 

ജർമ്മൻ ജോസിന്റേയും പുഞ്ചയിൽ ചാക്കുര്യയുടേയും വീടുകൾ മേലൂരിന്റെ ചരിത്രത്തിന്റെ ചില ഏടുകൾ ഉറങ്ങുന്നതാണ്. അവയിൽ കണ്ട ചില പ്രത്യേകതകൾ വായനക്കാരുടെ ശ്രദ്ധയിൽ കൊണ്ടു വരികയാണ്. ഇവിടെ പറയുന്ന കാര്യങ്ങൾ ഏതേതു വീട്ടിലേതിലെന്നു പ്രത്യേകം പറഞ്ഞെന്നു വരികയില്ല.

പുഞ്ചയിൽ വീടുവച്ച പുഞ്ചയിൽ ചാക്കുര്യയുടെ മാതാപിതാക്കളുടെ ചിത്രങ്ങൾ ഇപ്പോളും ലഭ്യമായിട്ടുണ്ട്. അന്നത്തെ വേഷവിധാനങ്ങൾ മനസ്സിലാക്കാർ അവ വായനക്കാരെ സഹായിച്ചേക്കും.
പുഞ്ചയിൽ ചാക്കുര്യയുടെ മാതാപിതാക്കളുടെ ചിത്രം 
ആ രണ്ടു വീടുകളിൽ കണ്ട പുരാവസ്തുക്കളിൽ ചിലത് അന്നത്തെ ജീവിതരീതിയും സംസ്കാരവും സാമൂഹ്യ സാമ്പത്തിക ബന്ധങ്ങളും മനസ്സിലാക്കുന്നതിനു സഹായകമായേക്കും. പുഞ്ചയിൽ വീട്ടിൽ നിന്നും കണ്ടെടുത്ത ഒരു പെട്ടി തന്നെ ആദ്യം നമുക്കു പരിശോധിയ്ക്കാം.

പുഞ്ചയിൽ വീട്ടിൽ നിന്നും കണ്ടെടുത്ത പെട്ടി
ഈ പെട്ടി നല്ല മരത്തിൽ പണിത് അരികുകളിൽ മെറ്റൽ സ്ട്രാപ്പ് അടിച്ച് ശക്തിപ്പെടുത്തിയിട്ടുള്ളതാണ്. തുറന്നു നോക്കിയാൽ കനം കുറഞ്ഞതെങ്കിലും ശക്തമായ മരപ്പാളികൾ കൊണ്ട് അനേകം അറകൾ അതിനകത്ത് തീർത്തിരിയ്ക്കുന്നതായി കാണാം. കടലാസ്സുകളോ മറ്റോ എടുത്തു വയ്ക്കാൻ മൂന്നു ബാറുകളും ഉണ്ട്. പണ്ട് വിലപ്പെട്ട സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഈ പെട്ടി മറ്റു സംവിധാനങ്ങൾ വന്നതോടെ ആണി ഇട്ടുവയ്ക്കാനാണു ഇപ്പോൾ ഉപയോഗിയ്ക്കുന്നതെന്നു മാത്രം.

പുഞ്ചയിലെ വീട് കെട്ടിയപ്പോൾ വീട്ടുകാർക്കു  പുരപ്പാർക്കലിനു 1892ലെ ഒരു ചിത്രം ഫ്രെയിം ചെയ്തത് സമ്മാനമായി കിട്ടിയത് ഇപ്പോളും സൂക്ഷിച്ചിട്ടുണ്ട്. അന്നത്തെ മാർപ്പാപ്പയുടെ പേരും മറ്റും അതിലുണ്ട്.

1892ലെ ഒരു ചിത്രം ഫ്രെയിം ചെയ്തത് 
 ഉപയോഗത്തിലുള്ള വസ്തുക്കളിൽ വളരെ പഴക്കമുള്ളതും കയർ വരിഞ്ഞതുമായ ഒരു നാടൻ കട്ടിലുണ്ട്. അതിന്റെ ശില്പരീതിയിലെ ലാളിത്യവും സ്വഭാവവിശേഷങ്ങളും ശ്രദ്ധാർഹമാണ്. എന്നാൽ ജർമ്മൻ വീട്ടിൽ സൂക്ഷിച്ചിരിയ്ക്കുന്ന ഒരു പഴയ കട്ടിൽ മഹാപ്രൌഢി വെളിവാകുന്നതാണ്.

പുഞ്ചയിലെ പഴയ കട്ടിൽ
രണ്ടടിയോളം വീതിയുള്ള മരപ്പലക ഉപയോഗിച്ചുണ്ടാക്കിയ ഇരിമ്പു വിജാഗരികൾ ഇല്ലാത്ത ആന പിടിച്ചാൽ ഇളകാത്ത മര വാതിലുകൾ ആണ് മറ്റൊരു പ്രത്യേകത. നല്ല മരത്തിന്റെ ലഭ്യത അന്നു ധാരാളം ഉണ്ടായിരുന്നു എന്നു സ്പഷ്ടമാക്കുന്നവയാണു നിർമ്മിതികൾ. വെട്ടുകല്ലിനിടയിലേയ്ക്ക് മരപ്പണിയുടെ ചില ഭാഗങ്ങൾ ഏതാനും അടികൾ തന്നെ തള്ളി നിൽക്കും. പലപ്പോളും സാധാരണക്കാർക്ക് ഒറ്റയ്ക്കു വാതിൽ അടയ്ക്കാനോ തുറക്കാനോ കഴിയാത്ത വിധം ഭാരമുള്ളവയായിരിയ്ക്കും ഈ വാതിലുകൾ.

ജർമ്മന്റെ വീട്ടിലെ ഒറ്റയ്ക്ക് അടയ്ക്കാൻ പ്രയാസമായ ഒരു വാതിൽ
ചില  വാതിലുകളിൽ വിജാഗിരിപ്പണി കുറേക്കൂടി വിശേഷപ്പെട്ടതാണ്. വാതിൽ മൊത്തത്തിൽ ഇളക്കി മാറ്റാനും പിടുത്തമില്ലാതെ സ്വതന്ത്രമായി കറങ്ങുവാനും ഉതകുന്ന വിധത്തിൽ കട്ടിമരം കൊണ്ടുണ്ടാക്കിയ പൊട്ടാത്ത മര വിജാഗിരികൾ കാണുന്നതു തന്നെ ഒരനുഭവമാണ്.
ആന പിടിച്ചാൽ ഇളകാത്ത ജനലുകൾ മറ്റൊരു സവിശേഷതയാണ്. ഇത്രയും ധൂർത്തമായി നല്ലമരം ഉപയോഗിയ്ക്കുന്നത് ഇന്നു നമ്മൾക്ക് സങ്കല്പിയ്ക്കാൻ പോലും കഴിയില്ല. ഓരോ ജനലഴിയ്ക്കും അര മുക്കാലടി കനം വരും. ഒന്നൊന്നര അടി കനത്തിലാണ് ജനലിന്റെ പണി. പണി ലളിതമാണ്. ജർമ്മൻ വീട്ടിലെ നൂറ്റമ്പതിലധികം വർഷം പഴക്കമുള്ള ഈ മരങ്ങളിലൊന്നും ഇതു വരെ ചിതൽ പിടിച്ചിട്ടില്ല എന്നും വ്യക്തമാണ്.

ജർമ്മൻ വീട്ടിലെ മര ജനൽ  
(വീഡിയോയ്ക്ക് ക്ലിക്ക് ചെയ്യുക)

വീടുകൾ പണിത കാലത്തു തന്നെ ഓടു മേയാൻ കഴിഞ്ഞിരുന്നോ എന്നു സംശയമാണ്. മേയാൻ എത്ര പഴക്കമുള്ള ഓടുകളാണ് ഉപയോഗിച്ചതെന്നും അറിയില്ല. കാരണം പല ഓടുകളിലും അതിന്റെ നിർമ്മിതി വർഷം കുറിച്ചിട്ടില്ല. ലഭ്യമായ വർഷം കുറിച്ച ഓടുകൾ 1896 ലെ മണലി ടൈൽ ആന്റ് ബ്രിക് വർക്കിന്റേതാണ്. മണലി എന്ന സ്ഥലം ആമ്പല്ലൂരിനും പാലിയേക്കരയ്ക്കും ഇടയിലാണ് ഇന്നുള്ളത്. 1906 വർഷത്തിലെ ചാലക്കുടി ചാക്കോളയുടെ ഓടും ചിലയിടത്ത് ഉപയോഗിച്ചിട്ടുണ്ട്. അത് മുരിങ്ങൂരിൽ ഇപ്പോൾ ബാർ ആക്കി മാറ്റാൻ ശ്രമിച്ചു കൊണ്ടിരിയ്ക്കുന്ന ഓട്ടുകമ്പനിയാകാനേ തരമുള്ളൂ. ജർമ്മൻ വീട്ടിലും പുഞ്ചവീട്ടിലും 1896 ലെ ഓടു തന്നെയാണ് പ്രധാനം. ഈയിടെ ജർമ്മൻ വീട്ടിൽ പലയിടത്തും പുതിയ ഓടുകൾ വച്ച് പഴയ 1896ലെ ഓടുകൾ തൊഴുത്തിലേയ്ക്ക് മാറ്റിയതായി കാണുന്നുണ്ട്.

1896 ലെ മണലി ടൈൽ ആന്റ് ബ്രിക് വർക്കിന്റെ ഒരു ഓട്
(മേഞ്ഞ ഓടിന്റെ വീഡിയോയ്ക്ക് ക്ലിക്ക് ചെയ്യുക)
വിളക്കുകളുടെ ഉപയോഗത്തിലും ഏറെ വൈവിധ്യമുണ്ട്. പഴയ ഓട്ടു വിളക്കു തന്നെ പ്രധാനം. ഓട്ടു വിളക്ക് അലുമിനിയം വിളക്കിനു വഴി മാറി. സാർവ്വത്രികമായി വൈദ്യുതി വന്നതോടെ, പ്രത്യേകിച്ച് മണ്ണെണ്ണ റേഷനിംഗിൽ നിയന്ത്രണം വന്നതോടെ അത്തരം വിളക്കുകൾ അപ്രത്യക്ഷമായി. കറന്റ് കട്ട് വന്നാൽ കാശു ഇത്തിരി കൂടിയാലും ആവശ്യത്തിനു ലഭ്യതയുള്ള മെഴുകു തിരിയോ വെളിച്ചെണ്ണയോ ആണ് ഇന്ന് ഉപയോഗിച്ച് വരുന്നത്.

സ്ഫടിക വിളക്കുകളിൽ നാട ഉപയോഗിച്ചതും,  ഇത്തരം വിളക്കുകൾ ഗ്ലാസ്സ് കൊണ്ടു മൂടി കാറ്റിനെതിരെ പ്രധിരോധിച്ചതും, അരിക്കിലാമ്പും, പെട്രോമാക്സും ഗ്യാസ് ലൈറ്റുമൊക്കെ നമ്മുടെ ജീവിതത്തിലൂടെ വന്നു പോയി. ഇലക്ട്രിക് ബൾബും, ട്യൂബ് ലൈറ്റും, ഫ്ലൂറസെന്റും, സി.എഫ്.എല്ലും, എൽ.ഇ.ഡിയും ഒക്കെയാണ് ഇന്നതെ രാജാക്കന്മാർ.

വിളക്കുകളുടെ പരിണാമ ചരിത്രത്തിലെ ചില ഇടക്കാലക്കാർ
ഇരിയ്ക്കുവാൻ മുട്ടിപ്പലകയും, സ്റ്റൂളും, മരക്കസേരയും, ചാരു കസേരയും, ബഞ്ചും, സെറ്റിയും സോഫയും ഒക്കെ വന്നും പോയും ഇരിയ്ക്കുമ്പോളും ചൂരൽ കസേരകൾ ഇനിയും രംഗം ഒഴിഞ്ഞിട്ടില്ല. വനനശീകരണം മൂലം ആവശ്യത്തിനു ചൂരൽ കിട്ടാത്തതു മാത്രമാണ് തടസ്സം.

ചൂരൽ കസേരകൾ
അടുക്കളയിൽ തേങ്ങ ചിരവാനും പച്ചക്കറിയും ഇറച്ചിയും നുറുക്കാനും പഴയ തരം ചിരവകൾ തന്നെ അഭികാമ്യം. എന്നാൽ കിച്ചൺ സ്ലാബുകൾ വന്നതോടെ ചിരവാൻ മാത്രമുള്ള മെറ്റാല്ലിക് ചിരവകൾ നിലവിൽ വന്നു. നുറുക്കാൻ ഫൈബർ ബോർഡുകൾ സാർവ്വത്രികമായിക്കഴിഞ്ഞു, പലകുട്ടികളും ചിരവ കണ്ടിട്ടു തന്നെ ഉണ്ടാകില്ല. പണ്ട് നമ്മുടെ സദ്യകൾ തയ്യാറാക്കുന്നതിനു ചിരവ ഒഴിവാക്കാൻ വയ്യായിരുന്നു. പല വിഭാഗങ്ങളും ആചാരപരമായി തന്നെ ചിരവയെ ആദരിച്ചിരുന്നു. നമുക്ക് ചിരവപ്പാട്ടു പോലും ഉണ്ട്.

നാടൻ ചിരവ
ചാലക്കുടി പുഴ എല്ലാ വർഷവും നിറഞ്ഞു കവിഞ്ഞ് ഒഴുകിയിരുന്നതിനാൽ പൂർണ്ണാനദി എന്നു അറിയപ്പെട്ടിരുന്നു എന്ന് അറിയാമല്ലോ. കൊല്ലവർഷം 1099ലെ വെള്ളപ്പൊക്കത്തിൽ ജർമ്മൻ വീടിന്റേയും പുഞ്ച വീടിന്റേയും രണ്ടു നിലകൾ മുഴുവനും വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയിരുന്നു. എന്നാൽ ചാലക്കുടി പുഴയുടെ തീരത്ത് നിരന്തരം താമസിച്ചു വരുന്നവരാകയാൽ അവർ അവരുടെ വീടുകൾ വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയാലും വീടുകൾക്ക് കേടു വരാത്ത വിധത്തിലായിരുന്നു. അതുകൊണ്ടു കൂടിയാണ് അവർ വാതിലുകളും ജനലുകളും അത്ര ശക്തമാക്കി പണിതതെന്നു വേണം അനുമാനിയ്ക്കാൻ. അതു കൂടാതെ രണ്ടാം നിലകളിലെ ജനലുകളിൽ അവർ എമർജൻസി എക്സിറ്റുകൾ ഉണ്ടാക്കിയിരുന്നു. അതിനായി പലതരം സങ്കേതങ്ങളും ഉപയോഗിച്ചിരുന്നു.

ജർമ്മൻ വീട്ടിലെ എമർജൻസി എക്സിറ്റ് ജനൽ പാളികൾക്കു പുറമേ മൊത്തം ജനലകൾ തന്നെ വിജാഗിരികൾ ഉപയോഗിച്ച് തുറക്കാവുന്ന വിധത്തിലാണ് ഡിസൈൻ ചെയ്തിരുന്നത്. ഇവ അനാവശ്യമായോ പുറത്തു നിന്നു കള്ളന്മാരുടേയോ മറ്റോ ഇടപെടൽ മൂലമോ തുറക്കാതിരിയ്ക്കാൻ ശക്തമായ ഒരു ഇരുമ്പു ദണ്ഡുകൊണ്ട് അടച്ചിരിയ്ക്കും. അതു വലിച്ചു തുറക്കാതിരിയ്ക്കാൻ ഒരു പൂട്ടും ഉണ്ടായിരുന്നു. അപ്രകാരം താക്കോൽ കൊണ്ട് പൂട്ടു തുറന്ന് ദണ്ഡ് വലിച്ചുമാറ്റി ജനലുകളും തുറന്ന് ജനൽ പാളികളും തുറന്ന് കഴിഞ്ഞാൽ ഓരോ ആളുകൾക്ക് കടന്നു പോകാവുന്ന രണ്ട് ദ്വാരങ്ങൾ ഉണ്ടാകും വെള്ളം ഒരു നില കവിഞ്ഞാലാണല്ലോ രണ്ടാം നിലയിലെ സുരക്ഷാജനൽ ഉപയോഗിയ്ക്കേണ്ടതുള്ളൂ. അപ്പോൾ രക്ഷപ്പെട്ടയാളെ കാത്ത് പുറത്ത് വഞ്ചി നില്പുണ്ടായിരിയ്ക്കണം.

 വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷ നേടാനുള്ള ജർമ്മൻ വീട്ടിലെ സുരക്ഷാജനൽ

സുരക്ഷാജനലിന്റെ പൂട്ട്

ജർമ്മൻ വീട്ടിൽ നിന്നും വ്യത്യസ്തമായ ഒരു രീതിയിലാണു പുഞ്ചവീട്ടിലെ സുരക്ഷാജനൽ പ്രവർത്തിയ്ക്കുന്നത്. അവിടെ ജർമ്മൻ വീട്ടിലെ ജനലിന്റെ അത്ര കനമുള്ളതല്ല മരജനലുകൾ. അതിനാൽ ജനൽ മൊത്തം അഴിച്ചുമാറ്റുന്നത് ബലക്ഷയമുണ്ടാക്കും. അതു തടയുന്നതിനു വേണ്ടി ജനലിന്റെ അടിഭാഗത്തുള്ള നാലിലൊരു ഭാഗം മാത്രമേ സുരക്ഷാജനൽ ആയി തുറക്കുകയുള്ളൂ. അതിനു വിജാഗരികൾ ഒന്നുമില്ല. പ്രത്യേകം തയ്യാറാക്കിയ മരപ്പൂളുകൾ ഊരി മാറ്റിയാൽ ഏതാനും ജനലഴികൾ ഊരി മാറ്റാവുന്ന രീതിയാണവിടെ. ഊരിമാറ്റിയാൽ അവ പുനസ്ഥാപിച്ച് മരപ്പൂളുകൾ ഉപയോഗിച്ച് വീണ്ടും ഉറപ്പിയ്ക്കണം. പുറത്തു നിന്നുള്ള ഒരാളുടെ കൈകൾ പൂർണ്ണമായി കടക്കാനാകാത്തവിധം ജനലഴികൾ അടുപ്പിച്ച് പണിതാണ് കള്ളന്മാരുടെ ആക്രമണത്തിനു തടയിടാൻ വഴി കണ്ടത്.


മറ്റു പഴയ ഉപകരണങ്ങളിൽ കിണ്ടിയും കോളാമ്പിയും പാക്കുവെട്ടിയും നൂറുപെട്ടിയുമൊക്കെ ഉൾപ്പെടുന്നുണ്ട്. അവ ഇപ്പോളും അസാധാരണമായിട്ടില്ലാത്തതു കൊണ്ട് കൂടുതൽ വിശദീകരിയ്ക്കുന്നില്ല. കിണ്ടി കൈകാൽ മുഖം കഴുകാനും മറ്റും വെള്ളമെടുക്കാനും കോളാമ്പി മുറുക്കിയാലോ രോഗം വരുമ്പോളോ തുപ്പാനും പാക്കു വെട്ടി അടയ്ക്ക മുറിയ്ക്കാനും നൂറുപെട്ടി ചുണ്ണാമ്പിട്ടു വയ്ക്കാനും സാമാന്യേന ഉപയോഗിച്ചു വരുന്നു.

കിണ്ടിയും കോളാമ്പിയും പാക്കുവെട്ടിയും നൂറുപെട്ടിയും
(വീഡിയോയ്ക്ക് ക്ലിക്ക് ചെയ്യുക)

പഴയ ക്രിസ്തീയ ഭവനങ്ങളിൽ സ്ത്രീകൾക്ക് സ്ത്രീധനം നൽകി വന്നിരുന്നെങ്കിലും അവരുടെ സ്വത്തവകാശം അംഗീകരിയ്ക്കപ്പെട്ടിരുന്നില്ല. അവർക്ക് കർശനമായ സാമൂഹ്യ നിയന്ത്രണങ്ങളും ഉണ്ടായിരുന്നു. പുഞ്ചയിലെ വീടു പണിതകാലത്ത് വീടിന്റെ മുൻ വശത്ത് വരുന്ന ആണുങ്ങളുടെ കണ്ണിൽ സ്ത്രീജനങ്ങൾ പെടാൻ പാടില്ലായിരുന്നു. എങ്കിലും വന്നവർക്ക് വല്ല സത്കാരവും ചെയ്യേണ്ടതുണ്ടോ എന്നറിയുന്നതിനും മറ്റും അവർക്ക് ആളറിയേണ്ടിയുമിരുന്നു. അതിനു അടുക്കളയുടെ അകത്തു നിൽക്കുന്നവർക്ക് പുറത്തുള്ളവരെ കാണാനും തിരിച്ച് കാണാതിരിയ്ക്കാനും വേണ്ടി ഉണ്ടാക്കിയ ഈ ദ്വാരമിട്ട ഭിത്തി അന്നത്തെ വനിതകളുടെ ജീവിതത്തിന്റെ ഒരു സൂചകമാണ്.

വനിതകൾക്കായി ദ്വാരമിട്ട ഭിത്തി
ആഹാര രംഗത്ത് നാടൻ വിഭവങ്ങളുടെ വൈവിധ്യമുണ്ടായിരുന്ന പഴയകാലത്ത് അത്ര തന്നെ ക്ഷാമകാലങ്ങളും ഉണ്ടായിരുന്നു. പലപ്പോളും ചമ്മന്തി ഒരു ഇഷ്ട വിഭവം ആയിരുന്നു. ചമ്മന്തികൾ തയ്യാറാക്കുന്നതിനു മിക്സിയില്ലാത്ത കാലത്ത് കോര്യേപ്പലക തന്നെയായിരുന്നു പ്രധാന ഉപകരണം. ഉള്ളിയും മുളകും ചതയ്ക്കുന്നതിനും ഉപ്പു പൊടിയ്ക്കാനും മറ്റും കോര്യേപ്പലക വീട്ടമ്മമാർക്കു ചെയ്തിരുന്ന സഹായം ചില്ലറയല്ല.

കോര്യേപ്പലക
കാർഷികവൃത്തി പ്രധാന തൊഴിലും ഉപജീവനമാർഗ്ഗവും ആയിരുന്ന കാലത്ത് മനുഷ്യരുടേയും മൃഗങ്ങളുടേയും അദ്ധ്വാനശേഷിയത്രേ ജലസേചനത്തിനും പ്രധാന ആശ്രയമായിരുന്നത്. അന്നത്തെ കാളത്തേക്ക് പ്രസിദ്ധമാണല്ലോ. കാളത്തേക്കിനു വെള്ളം നിറയ്ക്കുന്ന ലോഹക്കൊട്ടയും തുമ്പിയും കപ്പിയും കയറും നുകവും കാളയും കാളക്കാരനും അയാളുടെ കയ്യിലെ വടിയും ചുണ്ടിലെ തേക്കുപാട്ടുമൊന്നും മുതിർന്നവർക്ക് വിനഷ്ടമായിട്ടില്ലെങ്കിലും പുതു തലമുറയ്ക്ക് അതെല്ലാം എന്തെന്നറിയുക കൂടി ചെയ്യണമെന്നില്ല. കിണറ്റിൽ മുക്കാവുന്ന ലോഹക്കൊട്ടയിൽ പോത്തിൻ തുകൽ കൊണ്ടുള്ള തുമ്പി ഘടിപ്പിയ്ക്കുന്നു. അവയെ ഓരോരോ കയറുകൾ കൊണ്ട് ഘടിപ്പിച്ച് കപ്പിയിലേയ്ക്ക് കയറ്റിയിറക്കി നുകത്തിൽ ഘടിപ്പിയ്ക്കുന്നു. നുകത്തിൽ കെട്ടിയ കാള കാളക്കാരന്റെ വടിയുടെയും ഒച്ചയുടേയും നിയന്ത്രണത്തിൽ വെള്ളം നിറച്ച ലോഹക്കൊട്ടയും ചിലപ്പോളെല്ലാം കാളക്കാരനെക്കൂടി വലിച്ചു കൊണ്ടു പോകുന്നു. നല്ല മൂഡിലെങ്കിൽ കാളക്കാരൻ വല്ല തേക്കു പാട്ടു പാടിയാലായി. വെള്ളം മുകളിലെത്തിയാൽ തുമ്പി തനിയെ തുറക്കുന്ന വിധത്തിലോ കയർ വലിച്ച് തുമ്പി തുറക്കുന്ന വിധത്തിലോ ഒരു ക്രമീകരണം ഉണ്ടായിരിയ്ക്കും. തുമ്പി തുറന്നാൽ തുമ്പിയിലൂടെ ലോഹക്കൊട്ടയിലെ വെള്ളം തുറന്നു വരുന്നത് ഒരു കയ്യാണിയിലേയ്ക്കൊഴുക്കുന്നത് ഒഴുകി നനയ്ക്കേണ്ട പറമ്പിൽ എത്തും. ഒരാൾ തേകുമ്പോൾ മറ്റൊരാൾ നനയ്കുകയാണ് പതിവ്.
നെൽകൃഷി പ്രധാനമായിരുന്ന അക്കാലത്ത് പലപ്പോളും കൂലിയും നെല്ലുതന്നെയായിരുന്നു. അതിനാൽ നീണ്ട കാലത്തേയ്ക്ക് നെല്ല് സൂക്ഷിയ്ക്കേണ്ടിയിരുന്നു. പത്തായങ്ങളിലാണു നെല്ല് സൂക്ഷിച്ചു വന്നിരുന്നത്. പത്താഴം പല വിധത്തിലും ഉണ്ടാക്കാം. വീടിന്റെ ഒറ്റപ്പെട്ട ഒരു ഭാഗം മരപ്പലകകൾ ഉപയോഗിച്ച് മറച്ചാണു പത്താഴം സാധാരണയായി ഉണ്ടാക്കുക. നിരപ്പലകകൾ ഉപയോഗിച്ച് പത്താഴം തുറക്കാനുള്ള സംവിധാനവും ഉണ്ടായിരിയ്ക്കും. പലപ്പോഴും നല്ല പൂട്ടും താക്കോലും അവയ്ക്കു കാണുകയും ചെയ്യും. 
നെല്ലും അരിയും മറ്റും അളക്കുന്നതിനു പറ, ഇടങ്ങഴി, നാഴി തുടങ്ങിയ ഏകകങ്ങൾ ഉപയോഗിച്ചു വന്നു. ഇപ്പോൾ നിയമം മൂലം അവയെല്ലാം നിരോധിച്ചു കഴിഞ്ഞു. മതപരമായതോ സാമൂഹ്യമായതോ ആയ ചടങ്ങുകൾക്കാണ് ഇപ്പോൾ ഇവ പ്രധാനമായും ഉപയോഗിച്ചു വരുന്നത്.

പറയും ഇടങ്ങഴിയും
ബൈബിളിൽ ദാവീദ് ഞാഞ്ഞൂൾ വടി ഉപയോഗിച്ചതായി പറയുന്നുണ്ടത്രെ. അനേക കാലത്തേയ്ക്ക് ഒടിയാത്ത ഒരു വടിയാണു ഞാഞ്ഞൂൾ മരക്കൊമ്പുകൊണ്ട് ഉണ്ടാക്കുന്നത്. അത്തരം വിശേഷപ്പെട്ട മരങ്ങൾ കൊണ്ടുണ്ടാക്കുന്ന വാക്കിങ്ങ് സ്റ്റിക്കുകൾ അന്ന് ധാരാളമായി പ്രചാരത്തിലുണ്ടായിരുന്നു.  പാമ്പുകളുടെ ഉപദ്രവം താരതമ്യേന കൂടുതലായ അക്കാലത്ത് അവയെ നേരിടുന്നതിനും കാടു പിടിച്ച വഴികളിലൂടെ വഴി തെളിയിയ്ക്കുന്നതിനുമവ അന്ന് ആവശ്യമായിരുന്നിരിയ്ക്കണം.
പുഞ്ചയിലെ ചാക്കുര്യ ഞാഞ്ഞൂൾ വടിയുമായി
(വീഡിയോയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക)

ഒരു കാലത്ത് മരത്തിന്റെ കൊഴുവിനു പകരമായി ഇരുമ്പു കൊണ്ടുള്ള കൊഴു ഉപയോഗിയ്ക്കാൻ പലരും ശ്രമം നടത്തിവരികയുണ്ടായി. എന്നാൽ അമിതമായ ഭാരം ഉള്ളതായതിനാൽ അവ പരാജയമായി. അക്കാലങ്ങളിൽ ഉണ്ടായിരുന്ന ഒരു ഇരുമ്പു കൊഴുവിന്റെ ചിത്രം താഴെ ചേർക്കുന്നു.

ഇരുമ്പു കൊഴു
നാലുകെട്ടിലും മറ്റും മഴവെള്ളം പുരപ്പുറത്ത് വീഴുന്നത് പാത്തികളിൽ ശേഖരിച്ചു വേണം പുറത്തു കളയാൻ. അതിനായി ലോഹഷീറ്റുകൾ ഉപയോഗിയ്ക്കുന്നതിനു പകരം പാത്തി ഓടുകളാണ് അക്കാലങ്ങളിൽ ഉപയോഗിച്ചു വന്നത്.

പാത്തി ഓടുകൾ
ഞാഞ്ഞൂൽ വടികൾക്കു പുറമേ പല വലിപ്പത്തിലും പല ഡിസൈനിലും പല മരങ്ങൾ ഉപയോഗിച്ച് വാക്കിംഗ് സ്റ്റിക്കുകൾ ഉണ്ടാക്കിയതിൽ ചന്ദനത്തിന്റെ വടികൾ വരെ ഉണ്ട്.

മൂന്നിനം വാക്കിംഗ്  സ്റ്റിക്കുകൾ
കിലോഗ്രാമും ഗ്രാമുമെല്ലാം ഭാരതിന്റെ അടിസ്ഥാന ഏകകങ്ങളായി വരുന്നതിനു മുമ്പ് പൌണ്ടിനെ അടിസ്ഥാനമാക്കി ഭാരം നോക്കി വന്ന കാലത്തെ കട്ടി.

ഒരു പഴയ കട്ടി


മറ്റൊരു പഴയ കട്ടി
മദ്യപാനവും പുകവലിയും ചായകുടിയും പ്രചാരത്തിൽ വരുന്നതിനു മുമ്പ് തന്നെ ബ്രിട്ടീഷുകാർ നമ്മെ കറുപ്പു തീറ്റക്കാരാക്കിയിരുന്നു. അക്കാലത്ത് കറുപ്പു സൂക്ഷിച്ചിരുന്നത് പിച്ചള പാത്രങ്ങളിലായിരുന്നു. അത്തരം ഒരു കറുപ്പു പാത്രം നമുക്കിനി കാണാം.

കറുപ്പു പാത്രം

ക്രൈസ്തവ ഗൃഹങ്ങളിൽ പണ്ടുകാലത്ത് മതപരമായ പ്രാർത്ഥനകൾക്ക് കൊന്തകൾ ഉപയോഗിച്ചിരുന്നു. അവയിൽ ഓരോ യൂണിറ്റിലും ഏഴു മണികൾ വീതമുള്ള വ്യാകുലക്കൊന്ത ബഹു വിശേഷമായിരുന്നു. ചുവടെ ചിത്രം കൊടുത്ത വ്യാകുലക്കൊന്തയിൽ ഓരോ ഏഴു മണിയ്ക്ക് ശേഷവും യേശു സഹിച്ച ഓരോ പീഢാനുഭവങ്ങളുടെ ലോഹചിത്രണവും ഉണ്ട്.

വ്യാകുലക്കൊന്ത

മേലൂരിലെ നിലനിൽക്കുന്ന ഏറ്റവും പുരാതനമായ വീടുകൾ ഇവ തന്നെയെന്നു ഇവിടെ വാദമില്ല. അവ യഥാസമയം കണ്ടെത്തി ലഭ്യമാകുന്ന വിവരം വായനക്കാരെ ഇനിയും അറിയിയ്കുന്നതാണ്.
മറ്റു ചില വീഡിയോകൾ കൂടി കാണാം




Thursday, May 3, 2012

ശങ്കരജന്മദേശമായ കാലടി ഏത്?


കെ.ജി.ശശി
(മേലൂർ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രാദേശിക ചരിത്ര സെമിനാറിൽ അവതരിപ്പിച്ച പ്രബന്ധം) 
പ്രാദേശിക ചരിത്ര രചനയ്ക്ക് ലഭ്യമായ സ്ഥാവര ജംഗമ ചരിത്രവും നാട്ടുചരിത്രവും സാഹിത്യ ചരിത്രവും ശാസനങ്ങളും ദാനം കരാർ തുടങ്ങിയ വിവരങ്ങളെ ഓരോ കാലത്തും നിലനിന്നിരുന്ന മത സാമൂഹ്യ സാംസ്കാരിക സാമ്പത്തിക ഭാഷാ ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ യുക്തിപൂർവമായും സംഭാവ്യത ഏറുന്ന ഒരു രീതിശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലും വിശകലനവിധേയമാക്കേണ്ടതുണ്ട്. മേലൂരിന്റെ അതി പുരാതന ചരിത്രത്തിലേയ്ക്ക് ഒരു എത്തിനോട്ടം നടത്തുന്നതിനു മുമ്പായി നമ്മുടെ മുമ്പിൽ തൊട്ടുകാണിയ്ക്കാവുന്ന എന്തെല്ലാം യാഥാർത്ഥ്യങ്ങളാണുള്ളതെന്നു പരിശോധിയ്ക്കാം.

 കെ.ജി.ശശി പ്രബന്ധം അവതരിപ്പിയ്ക്കുന്നു. 

മേലൂരിന്റെ വടക്കും പടിഞ്ഞാറുമായി ചാലക്കുടീ പുഴ ഒഴുകുന്നു. സമ്പൂർണ്ണ കർഷകഗ്രാമമായ മേലൂരിൽ നൂറുകണക്കിനു ഹെക്ടർ വയലുകൾ ഇപ്പോളും നശിച്ചു കഴിഞ്ഞിട്ടില്ല. പുഴയിൽ നിന്നും അധിക ദൂരെയല്ലാതെ വൻ കുന്നുകളുടെ ശൃംഖലയായി ഉയർന്നു നിൽക്കുന്നിടങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് തെക്കു വശത്ത് നെടുംകോട്ട ഇപ്പോളും ഉണ്ട്. കിഴക്കു ഭാഗം രണ്ടു നൂറ്റാണ്ടു മുമ്പു വരെ വനം ആയിരുന്നു.
മഹാശിലായുഗ കാലം തൊട്ടേ മേലൂരിൽ ജനവാസം ഉണ്ടായിരുന്നു എന്നതിനു ഇവിടെ നിന്നും കിട്ടിയ കുടക്കല്ലുകളും മുനിയറകളും നന്നങ്ങാടികളും തെളിവാണ്. മേലൂരിൽ നിന്നും ലഭിച്ച ഒരു കുടക്കല്ലിന്റെ ചിത്രം തിരൂരിലെ തുഞ്ചൻ പറമ്പിലെ മ്യൂസിയത്തിൽ പ്രദർശിപ്പിയ്ക്കുന്നതായി ഓർക്കുന്നു. പുഴക്കരെ കാഞ്ഞിരപ്പിള്ളിയിലെ മുനിയറകൾ പ്രസിദ്ധമാണല്ലോ. 
മേലൂരിൽ ഏറ്റവും പുരാതനമായത് കാലടി ശിവക്ഷേത്രമാകുന്നു. ബുദ്ധന്റെ കാലടികൾ ഉണ്ടാക്കി ആരാധിച്ചു വരുന്ന ബൌദ്ധരീതിയുടെ അവശിഷ്ടമാണ് കാലടി എന്ന നാമം. ക്രിസ്ത്വബ്ദം അഞ്ചാം നൂറ്റാണ്ടിനു ശേഷം ബൌദ്ധ സ്വാധീനം കേരളത്തിൽ ക്ഷയിച്ചു വന്നു. അതിനാൽ അഞ്ചാം നൂറ്റാണ്ടിനു മുമ്പായി ഒരു ബൌദ്ധ സംസ്കാരം മേലൂരിൽ നിലനിന്നു എന്ന് ഊഹിയ്ക്കാവുന്നതാണ്. 
 കാലടി ശിവക്ഷേത്രത്തിന്റെ ശ്രീകോവിൽ  
മേലൂരിന്റെ ഗ്രാമദേവതയാണ് എടത്രക്കാവു ക്ഷേത്രത്തിലെ ദേവീ പ്രതിഷ്ഠ. ചാലക്കുടി പുഴയ്ക്കരികിലെ ആറ്റുപുറം ശ്രീക്രിഷ്ണക്ഷേത്രം അഞ്ഞൂറോ അറുന്നൂറോ വർഷം മാത്രം പഴക്കമുള്ള ചതുർബാഹു വിഷ്ണു ക്ഷേത്രമാണ്. ഭരദ്വാജ ഗോത്രക്കാരും മൂഴിക്കുളം ഗ്രാമക്കാരും ഇപ്പോൾ ശിവപുരം ഗ്രാമവുമായി ബന്ധപ്പെടുന്നവരുമായ പടുതോൾ മനക്കാരുടെ പരദേവതയാണ് ഈ വിഷ്ണു. അവരുടെ തന്നെ ദുർഗാദേവി പ്രതിഷ്ഠ കൈതോലപ്പാടത്തിനു തൊട്ടു പടിഞ്ഞാറായുണ്ട്. ,മൂഴിക്കുളത്തുനിന്നും അഞ്ഞൂറു അറുന്നൂറു വർഷങ്ങൾക്കു മുമ്പ് മേലൂരിൽ എത്തിച്ചേർന്നവരാണ് ഈ കുടുംബക്കാർ. അവർ ഇവിടെ എത്തുന്ന കാലത്തിനു മുമ്പു തന്നെ ഉള്ളതാണു കാലടി ശിവക്ഷേത്രവും അതിനു ചുറ്റും ഉണ്ടായിരുന്ന ഏതാനും സർപ്പക്കാവുകളും. അവ ഇപ്പോൾ ഇല്ല. സർപ്പങ്ങളെ ചിത്രകൂടങ്ങളിൽ ആവാഹിച്ച് കാവുകൾ പിന്നീട് നശിപ്പിയ്ക്കുകയായിരുന്നു. 

കാലടി ശിവക്ഷേത്രത്തിലെ ഇപ്പോളത്തെ ക്ഷേത്രത്തിലെ ശ്രീകോവിലിലെ വെട്ടുകല്ലൊഴികെ മറ്റൊന്നും നാനൂറു വർഷത്തിലധികം പഴക്കമുള്ളതായി തോന്നുന്നില്ല. എങ്കിലും ക്ഷേത്രത്തിനോടു ചേർന്നുള്ള താമര വളരുന്ന കൊക്കരണിയ്ക്കു ആയിരത്തിലധികം വർഷം പഴക്കം തോന്നുന്നതാണ്. കൊക്കരണിയുടെ അടിത്തട്ടിൽ പിന്നീട് നെല്ലിപ്പലക ഇട്ടിട്ടുള്ളതായും കേൾവിയുണ്ട്. ക്ഷേത്രത്തിൽ നിന്നും ഏകദേശം ഇരുന്നൂറ് മീറ്റർ അകലെ പുഴയിൽ തേവർ കടവ് സ്ഥിതി ചെയ്യുന്നു. കാലടി ക്ഷേത്രത്തിലേയും കാലടിയിൽ നിന്നും ഗൃഹം മാറിപ്പോയ ചില നമ്പൂതിരി ഗൃഹക്കാർ പിന്നീട് സ്ഥാപിച്ച ക്ഷേത്രങ്ങളുടേയും ആറാട്ട് ഇവിടെ വച്ച് നടക്കുന്നു. ഇതിന്റെ തൊട്ടു മുകളിലായാണ് കൊച്ചി രാജപരമ്പരയിൽ പെട്ട കൊരട്ടി സ്വരൂപം വക കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ഇതിനടിയിലൂടെ പുഴയിലേയ്ക്ക് ഒരു തുരങ്കം ഉണ്ടായിരുന്നതായും കേട്ടുകേൾവി ഉണ്ട്. അവിടെ നിന്നും തെക്കോട്ടോ വടക്കോട്ടോ അല്പം നീങ്ങിയാൽ രണ്ടു വൻ കയങ്ങൾ ആണുള്ളത്. കാലടി ശിവക്ഷേത്രത്തിൽ നിന്നും രണ്ടര കിലോമീറ്റർ കിഴക്കുമാറി പിണ്ടാണിയിൽ ഒരു ശിവപാർവതി ക്ഷേത്രവും വിഷ്ണുക്ഷേത്രവും അതി പുരാതനമായി ഉണ്ടായിരുന്നത് ടിപ്പുവിന്റെ ആക്രമണ കാലത്താണെന്നു തോന്നുന്നു, സമ്പൂർണ്ണമായി നശിപ്പിയ്ക്കപ്പെട്ടിട്ടുണ്ട്. അതിൽ ശിവപാർവതി ക്ഷേത്രം ഇപ്പോൾ പുനരുദ്ധരിച്ചിട്ടുണ്ട്. വിഷ്ണുക്ഷേത്രം ഇരുന്ന സ്ഥലം ഇപ്പോൾ സ്വകാര്യ വ്യക്തികളുടെ കൈവശമായി ഫ്ലാറ്റുപണി നടന്നുകൊണ്ടിരിയ്ക്കുകയാണ്. തേവർ കടവിനക്കരെ അധികം അകലെയല്ലാതെ ചാലക്കുടിയിൽ കോടശ്ശേരി കൈമൾ എഴുന്നള്ളി കുളിച്ചു താമസിച്ചിരുന്ന ഒരു കൊട്ടാരവും ഉണ്ടായിരുന്നു.  

 മേലൂർ കാലടി ക്ഷേത്രത്തിലെ അതി പുരാതനമായ കൊക്കരണി 
മേലൂരിലെ സ്ഥലനാമ ചരിത്രങ്ങൾ പരിശോധിച്ചാൽ പിണ്ടാണി, പാലപ്പിള്ളി, പൂലാനി തുടങ്ങിയ പേരുകൾ രാജഭരണ സ്ഥാപനങ്ങളുമായി നേരിട്ടു ബന്ധപ്പെട്ടിരിയ്ക്കുന്നു. വെട്ടുകടവ് നിറഞ്ഞൊഴുകുന്ന പുഴയുടെ ഇരുവശങ്ങളും വെട്ടിയൊതുക്കി മേലൂരിൽ നിന്നും ചാലക്കുടിയ്ക്കു പോകാൻ ഉണ്ടാക്കിയ കടവാകുന്നു. 1902ൽ ചാലക്കുടിയിൽ തീവണ്ടി ഗതാഗതം വന്നതോടെ മേലൂരിനും ചാലക്കുടിയ്ക്കും ഇടയിൽ ഒരു പാലമുണ്ടായി. അതുവരെ മേലൂർ ചാലക്കുടി വ്യാപാര പ്രവർത്തനങ്ങൾക്ക് വെട്ടുകടവിനെയായിരുന്നു ആശ്രയിച്ചിരുന്നത്. 
കല്ലുകൊത്തിയുണ്ടാക്കിയ ശിവക്ഷേത്രം സ്ഥിതി ചെയ്തിരുന്ന ഇടത്തെ കല്ലുകൊത്തിയെന്നും കല്ലുകുത്തിയെന്നും കല്ലുത്തിയെന്നും വിളിച്ചു വന്നു. എടത്തറക്കാവ് എന്ന പേരിൽ തന്നെ തറ എന്ന വാക്കുണ്ട്. ഇത് അന്നത്തെ നാട്ടുകൂട്ടത്തെ സൂചിപ്പിയ്ക്കുന്നു. ടിപ്പുവിന്റെ ആക്രമണകാലത്ത് നാടുവിട്ടോടിപ്പോയ നെടുമ്പ നമ്പൂതിരിമാരുടെ വീടിരുന്നിടത്തെ ചിറയാണ് നെടുമ്പാച്ചിറ. പഴയ കരിങ്ങാമ്പിള്ളി മനക്കാരുടെ പറമ്പിരുന്ന സ്ഥലമാണ്  കരിങ്ങാമ്പിള്ളി. 

മുകളിൽ കാടായിരുന്നതിനാൽ മേലേയുള്ള ഊര് എന്ന അർത്ഥത്തിലാണ് മേലൂരിനു പേരു വീണത്. മുരിങ്ങൂർ മുടിഞ്ഞ ഊർ മുടിഞ്ഞൂർ എന്നതിന്റെ പരിണാമമാണ്. പടുതോൾ മനക്കാർ വരുന്നതിനും ഏതാനും ഏതാനും നൂറ്റാണ്ടു മുമ്പ് തന്നെ മുരിങ്ങൂർ ഇല്ലക്കാരായ നമ്പൂതിരിമാർ ഇവിടെ താമസിച്ചിരുന്നു. കൊച്ചി രാജവംശത്തിന്റെ ഒരു താവഴിയുടെ പേരും മുരിങ്ങൂർ തന്നെ ആയിരുന്നു. അതിനാൽ മുരിങ്ങൂർ മുടിഞ്ഞ ഊരായിരുന്നത് ഒരായിരം വർഷമെങ്കിലും മുമ്പിലായിരുന്നിരിയ്ക്കണം. 
 ശ്രീകോവിലിന്റെ പുറകുഭാഗം
ചാലക്കുടിയും മേലൂരുമെല്ലാം ഉൾപ്പെടുന്ന പ്രദേശം ആറുനാട് എന്ന നാട്ടുരാജ്യത്തിന്റെ  ഭാഗമായി പി.കെ. ബാലകൃഷ്ണന്റെ ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും എന്ന ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ച ഒരു മാപ്പിൽ നിന്നും മനസ്സിലാക്കാം. (പേജ് 24). ആറുകളുടെ ഒരു നാടായിരുന്നതു കൊണ്ടും ആറു നാടുവാഴികൾ ഭരിച്ചിരുന്നതു കൊണ്ടും ഈ പ്രദേശത്തെ അപ്രകാരം വിളിച്ചു വന്നു. അവരിൽ ചാലക്കുടി കോടശ്ശേരി കർത്താവും മേലൂർ കൊരട്ടി കൈമളും ഭരിച്ചിരുന്നു. ക്രിസ്തുവർഷം 500നോടടുപ്പിച്ച സംഘകാലങ്ങളിൽ ഈ പ്രദേശം അടവൂര് എന്നാണ് അറിയപ്പെട്ടിരുന്നത്. നമ്പൂരി ബ്രാഹ്മണരുടെ 64 ഗ്രാമങ്ങളിൽ അടവൂരും ഒരു ഗ്രാമമാകുന്നു. പിന്നീടതിനെ അടൂർ എന്നു വിളിച്ചു വന്നിരുന്നതായി   വി.വി.കെ വാലത്ത് പറയുന്നു. ചാലക്കുടി പിന്നീട് കോടശ്ശേരി നാടെന്നും ശാലൈക്കുടി എന്നും ശാലക്കുടിയെന്നും ശാലക്കൊടി എന്നും അറിയപ്പെട്ടു. ശാലക്കൊടി സംസ്കൃതീകരിച്ച ശാലധ്വജം എന്ന പേരാണ് ചാലക്കുടിയ്ക്കു ജ്യോതിഷസംഹിതാ എന്ന ഗ്രന്ഥത്തിലുള്ളത്. ചാലക്കുടി കോടശ്ശേരി നാടെന്നു അറിയപ്പെട്ടിരുന്നതുപോലെ മേലൂരും മുരിങ്ങൂരും എടത്രക്കാവുമൊക്കെ കൊരട്ടി നാടെന്നും അറിയപ്പെട്ടിരുന്നു.
 നാശം നേരിടുന്ന തേവർ കടവ്
സംഘകാലങ്ങളിൽ ചാലക്കുടി പുഴയെ പുറൈയാർ എന്നും പെന്നൈ എന്നും വിളിച്ചിരുന്നു. ഷോളയാർ കടന്നു വരുന്ന പുഴയെ ചോലയാറെന്നും വിളിച്ചിരുന്നു.മൂഴിക്കുളവും ഐരാണിക്കുളവുമൊക്കെ കടന്നു പോകുന്ന ഈ പുഴയെ പൂർണ്ണാ നദി എന്നും വിളിച്ചു വരുന്നുണ്ട്. 1970കൾക്കു മുമ്പ് എല്ലാ വർഷവും നിറഞ്ഞൊഴുകി വെള്ളപ്പൊക്കം ഉണ്ടാക്കുമായിരുന്നതിനാൽ ഈ പേര് അന്വർത്ഥവുമായിരുന്നു. ഈയിടെയായി മണൽ ഖനനത്തെ തുടർന്ന് പുഴ 5 മീറ്ററോളം താഴ്ന്നതിനാലും ഡാമുകളിൽ നിന്നും ജലം വിടുന്നതിൽ കെ.എസ്.ഇ.ബി.യുടെ കർശന നിയന്ത്രണം ഉള്ളതിനാലും ഇപ്പോൾ പുഴ നിറഞ്ഞുകവിയലും വെള്ളപ്പൊക്കവും കുറഞ്ഞിട്ടുണ്ട്. 
ചൂർണ്ണി എന്നറിയപ്പെട്ടിരുന്ന പെരിയാറും പൂർണ്ണാനദി തനെയാണെന്നു ചിലർ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ പറഞ്ഞു തുടങ്ങിയിരിയ്ക്കുന്നു. ചൂർണ്ണം എന്നതു പൊടിയെ സൂചിപ്പിയ്ക്കുന്നു. പൊടി പോലെ ജലമുള്ള നദി ചൂർണ്ണിയും നിറഞ്ഞു കവിഞ്ഞൊഴുകുന്ന നദി പൂർണ്ണയും ഒരേ നദിയുടെ പേരു തന്നെ ആകാൻ യുക്തി കാണുന്നില്ല. ഇക്കാര്യങ്ങൾ ഒന്നു പരിശോധിച്ചു നോക്കാം.
ക്രിസ്തുവിനു മുമ്പ് ഏകദേശം 320നു ജീവിച്ചിരുന്ന ചാണക്യന്റെ  അർത്ഥശാസ്ത്രത്തിൽ ചൂർണ്ണീനദിയിൽ നിന്നെടുക്കുന്ന മുത്ത് എന്ന അർത്ഥത്തിൽ ചൌർണേയം എന്നു പ്രയോഗിച്ചതായി കാണുന്നു. വാത്മീകീ രാമായണത്തിലും പെരിയപുരാണത്തിലും ചൂർണ്ണീ നദി ഉണ്ട്. 
ഏ.ഡി. അഞ്ചാം നൂറ്റാണ്ടു വരെ നീണ്ടു നിന്ന സംഘം കൃതികളിൽ പെരിയാറിനെ ചൂർണ്ണിയെന്നു തന്നെ പ്രതിപാദിയ്ക്കുന്നു. ലഭ്യമായ സാഹിത്യ കൃതികളിലും ഈ പേര് ആവർത്തിച്ചു കാണുന്നു. ക്രിസ്തുവിനു പിമ്പ് ഒമ്പതാം നൂറ്റാണ്ടിലേതെന്നു കരുതുന്ന വിടനിദ്രാഭാണത്തിൽ “അഹോ ചൂർണ്ണീസരിത് കല്ലോല ഹസ്താങ്ഗിത മേഖലായാഃ“ എന്നും “വികച കുമുദരജോ ധൂസരചൂർണ്ണീനദീസരിദൂർമ്മി മഞ്ജരി ലാസ്യക്രിയാ” എന്നും പൂർണ്ണിയെ പരാമർശിയ്ക്കുന്നുണ്ട്. 
ഏ.ഡി. 978 മുതൽ 1036 വരെ വാണിരുന്ന കുലശേഖര വർമ്മയുടെ സമകാലീനനായിരുന്ന ഒരു നമ്പൂതിരി കുലശേഖര വർമ്മയുടെ സുഭദ്രാധനഞ്ജയത്തിനു രചിച്ച വ്യംഗ്യവ്യാഖ്യാ എന്ന ഗ്രന്ഥത്തിൽ, “കാലേഥേതി വർത്തമാനേ കസ്മിംസ്ചിദഗ്നി പ്രാതരുത്ഥായ ചൂർണികാസരിദ്വാരീ അനുഷ്ഠിതപൂർവ സന്ധ്യേന” എന്നും “ചൂർണ്ണികാസരിദാവാഗ്യമാനയാ സത്വരം“ എന്നും ചൂർണ്ണീ നദിയെ ചൂർണ്ണിക എന്നു വിളിച്ചിരിയ്ക്കുന്നു. ഏ.ഡി. പതിനാലാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ജീവിച്ചിരുന്ന ദാമോദര ചാക്യാരുടെ ഉണ്ണിയാടി ചരിതത്തിൽ ചൂർണ്ണിയെ ചുണ്ണി എന്നു വിശേഷിപ്പിച്ചിരിയ്ക്കുന്നു. “അമലജല പൂരിതാ ഹസ്തിനപുരത്തടുത്തമരനദിയെന്റുപോൽച്ചുണ്ണി മേവിന്റെടം” എന്നതാണു വരികൾ.
ഏ.ഡി.  പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനകാലത്തു പതിനെട്ടര കവികളിൽ കേമനായ ഉദ്ദണ്ഡശാസ്ത്രികൾ രചിച്ച മല്ലികാമാരുതത്തിൽ “പാരേ ചൂർണ്ണ്യാഃ പരിസര സമാസീന ഗോവിന്ദവക്ഷോലക്ഷ്മീവിക്ഷാവിവലന സുധാശീതളഃ കേരളേഷു എന്നും അദ്ദേഹത്തിന്റെ കോകില സന്ദേശത്തിൽ ചൂർണ്ണി നദിക്കരയിലുള്ള ചേന്ദമംഗലത്തു മാരക്കര വീട്ടിലെ സ്വപ്രണയിനിയേയും ചൂർണ്ണിയെ സ്മരിയ്ക്കുന്നുണ്ട്. 
ലക്ഷ്മീദാസൻ ഏ.ഡി. 1491ൽ രചിച്ച  ശുകസന്ദേശത്തിലെ “ചൂർണ്ണീ മഹോദയപുരവധൂരോജചൂർണ്ണീ കൃതോർമ്മീ” എന്ന വരിയും സ്മർത്തവ്യമാണ്. ഏ.ഡി. 1599ൽ നീലകണ്ഠകവി രചിച്ച തെങ്കൈലനാഥോദയത്തിൽ ചൂർണ്ണിയെ പരാമർശിയ്ക്കുന്നുണ്ട്. ഏ.ഡി. 1620ലെ വാസുദേവകവിയുടെ ഭൃംഗസന്ദേശത്തിൽ ചൂർണ്ണീനദിയും പ്രസ്താവിയ്ക്കപ്പെടുന്നുണ്ട്. ഏ.ഡി. പതിനേഴാം നൂറ്റാണ്ടിന്റെ അവസാന കാലത്തു ജീവിച്ഛിരുന്നു എന്നു കരുതപ്പെടുന്ന വേന്നനാട്ടു അക്കിത്തത്തു നാരായണൻ നമ്പൂതിരിയുടെ വാരരുച സംഗ്രഹത്തിൽ “ചൂർണ്ണീനിളാമഹാനദൌ” എന്നു സ്മരിച്ചിട്ടുണ്ട്.
അക്കാലങ്ങളിൽ തന്നെ ജീവിച്ചിരുന്ന പരമേശ്വരമംഗലത്തു ചന്ദ്രശേഖര വാര്യർ രചിച്ച ശ്രീകൃഷ്ണചരിത്രത്തിലെ പ്രസ്താവനയിൽ “രാജ്യേ കുരുമഹീന്ദ്രസ്യ ചൂർണ്ണീ സരിദുദക്തടേ അന്തർഗ്രാമേ ജനപദേ പരമേശ്വരമംഗലേ” എന്നും പറഞ്ഞിട്ടുണ്ട്. 
ഇപ്രകാരം ക്രിസ്തുവിനു മുമ്പ് 320 മുതൽ പതിനെട്ടാം നൂറ്റാണ്ടിനടുത്തു വരെ അനുസ്യൂതമായി പെരിയാറിനെ ചൂർണ്ണി എന്നു വിളിച്ചു വന്നതായി ചരിത്ര രേഖകളുണ്ട്. ആലുവയ്ക്കു തെക്ക് ചൂർണ്ണിക്കര എന്ന ഒരു ഗ്രാമം പെരിയാറിന്റെ മാർത്താണ്ഡം ശാഖയ്ക്കരികിൽ ഉണ്ട്. ചൂർണ്ണിയുടെ കരയ്ക്കൽ ആകയാലാണ് അതിനു ചൂർണ്ണിക്കര എന്നു പേരു വന്നിട്ടുള്ളത്.
അങ്ങനെയെല്ലാമിരിയ്ക്കേ പൂർണ്ണാനദിക്കരയിലെ കാലടിയായി മഞ്ഞപ്ര കാലടിയേയും പൂർണ്ണാനദിയായി പെരിയാറിനേയും ഏതാണ്ടു ഒരു നൂറ്റാണ്ടിലധികമായി ചിത്രീകരിയ്ക്കാനുള്ള ശ്രമം നടന്നു വരുന്നുണ്ട്. 
ഇനി പൂർണ്ണാ നദിയെ കുറിച്ചുള്ള പരാമർശങ്ങൾ ശ്രദ്ധിയ്ക്കാം. ശങ്കരാചാര്യരുടെ ചരിത്രം എഴുതിയ നവകാളിദാസനാണ് പൂർണ്ണാ എന്ന പേരിനു കാര്യമായ പ്രചാരം നൽകിയിട്ടുള്ളത്.
“തതോ മഹേശഃ കില  കേരളേഷു
ശ്രീമദ്വൃഷാദ്രൌ കരുണാസമുദ്രഃ
പൂർണ്ണാനദീ പുണ്യതടേ സ്വയംഭൂർ-
ലിങ്ഗാത്മനാനങ്ഗധൃഗാവിരാസീൽ“
എന്ന വരികൾ പ്രസിദ്ധമാണല്ലോ. അന്നത്തെ ശങ്കരാചാര്യ പീഠങ്ങളിലെ രേഖകൾ പരിഗണിച്ചായിരിയ്ക്കണം നവകാളിദാസൻ അങ്ങനെ എഴുതിയിരിയ്ക്കുക. ചൂർണ്ണീ പൂർണ്ണാ എന്നീ പേരുകൾ പരസ്പരവിരുദ്ധങ്ങളാകയാൽ അവ രണ്ടും ഒരേ സമയം ഒരേ നദിയുടെ രണ്ടു പേരുകൾ ആണെന്നു കരുതുന്നത് യുക്തമല്ല. എങ്കിൽ പിന്നെ പെരിയാറ്റിൽ നിന്നും ഭിന്നമായ പൂർണ്ണാനദി ഏതാണ്?
ഇരുന്നൂറു വർഷം മുമ്പു വരെയുള്ള കേരള ക്ലാസിക്കൽ സാഹിത്യ ചരിത്രത്തിൽ പൂർണ്ണാ എന്ന പേര് തമസ്കരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അതെങ്ങും കാണാനില്ല. പഴയ ഐതിഹ്യങ്ങളേ ഇക്കാര്യത്തിൽ ആശ്രയമായി നമ്മുടെ മനസ്സിലുള്ളൂ.. 
പൂർണ്ണാനദിയ്ക്കരയിൽ വച്ചാണ് മഹാവിഷ്ണു ഹരിതമഹർഷിയ്ക്കു ദർശനം നൽകി കലികാലദുരിതനിവാരണത്തിനുള്ള കർമ്മങ്ങൾ വേദസാരരൂപത്തിൽ അരുളി ചെയ്തത്. തിരുമൊഴിയുണ്ടായ സ്ഥലം തിരുമൊഴിക്കളവും പിന്നീട് തിരുമൂഴിക്കുളവുമായി തീർന്നത് എന്നാണ് ചാലക്കുടി പുഴയ്ക്ക് അരികിലുള്ള പുരാതന പ്രസിദ്ധമായ മൂഴിക്കുളം ക്ഷേത്രത്തിന്റെ ഐതിഹ്യം.
 മൂഴിക്കുളം ക്ഷേത്ര ഐതിഹ്യങ്ങളെക്കുറിച്ച് ഒരു ചർച്ച 
തീവ്രാ നദിക്കരയിൽ ശ്രീരാമക്ഷേത്രവും കുലീപിനി തീർത്ഥക്കരയിൽ ഭരതക്ഷേത്രവും പൂർണ്ണാനദിക്കരയിൽ ലക്ഷ്മണക്ഷേത്രവും ഭരതക്ഷേത്രത്തിനു സമീപമായി ശത്രുഘ്നക്ഷേത്രവും നിർമ്മിച്ചു എന്ന നാലമ്പല ഐതിഹ്യവും പൂർണ്ണാനദി ചാലക്കുടി പുഴയിലാണെന്നു തെളിയിയ്ക്കുന്നു. മാളയ്ക്കടുത്തുള്ള ഐരാണിക്കുളം ക്ഷേത്രത്തോടനുബന്ധിച്ചും പൂർണ്ണ എന്നാൽ ചാലക്കുടി പുഴ ആണെന്നു ഐതീഹ്യമുണ്ട്. എല്ലാ വർഷവും പൂർണ്ണമായി നിറഞ്ഞു കവിഞ്ഞൊഴുകിയിരുന്ന നദിയായിരുന്നതിനാൽ പൂർണ്ണാ എന്നു ചാലക്കുടി പുഴയ്ക്കു ലഭിച്ച പേരും അന്വർത്ഥമാണ്. 
നദി പൂർണ്ണമാകണമെങ്കിൽ കടലിൽ ചെന്നു ചേരണമെന്നും പെരിയാറ്റിൽ ചെന്നു ചേരുന്ന ചാലക്കുടി പുഴ പൂർണ്ണാ എന്ന പേരിന് അർഹമല്ലെന്നും ചിലർ വാദിയ്ക്കുന്നു. ഇക്കാര്യത്തിൽ ഒന്നാമതായി പറയാനുള്ളത് പെരിയാറിന്റെ പല ശാഖകളിൽ ഒന്നു മാത്രമായ മംഗലപ്പുഴ എളന്തിക്കരയിൽ വച്ച് ചാലക്കുടിപ്പുഴയിൽ വന്നു ചേരുക മാത്രമാണെന്നാണ്. പെരിയാറിന്റെ ശേഷിച്ച ഭാഗമത്രയും കായലിലാണ് ചെന്നു ചേരുന്നത്.  
എന്നാൽ ചാലക്കുടി പുഴയോ പിന്നീട് പുത്തൻ വേലിക്കരയിൽ വച്ച് ശാഖകളായി പിരിയുന്നുണ്ടെങ്കിലും പ്രധാന ശാഖ കരുവന്നൂർ പുഴയുമായി ചേർന്നു കൊടുങ്ങല്ലൂരിലെത്തി മുനമ്പത്തു വച്ച് അറബിക്കടലിൽ പതിയ്ക്കുകയാണു ചെയ്യുന്നത്. ഇനി ചാലക്കുടി പുഴയാണു പെരിയാറിൽ പതിയ്ക്കുന്നതെന്നു വാദമുണ്ടെങ്കിൽ കൂടിയും പുരാതന കാലത്തു ചാലക്കുടി പുഴ പെരിയാറിനോട് കൂടിച്ചേർന്നിരുന്നില്ലെന്നും കൊടുങ്ങല്ലൂരും മറ്റും കൊല്ലം വച്ചു വരുന്നതിനു മുമ്പ് ചൂർണ്ണിയും പൂർണ്ണയും രണ്ടു വ്യത്യസ്ത നദികൽ ആയിരുന്നെന്നും പി.കെ. ബാലകൃഷ്ണന്റെ ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും എന്ന ഗ്രന്ഥത്തിലെ 22,50,51 പേജുകളിൽ നൽകിയ മാപ്പുകളിൽ നിന്നും സിദ്ധിയ്ക്കുന്നതാണ്. ചാലക്കുടി പുഴ നിരന്തരം വഴി മാറിയ ചരിത്രം നമുക്കു മുമ്പിൽ ഐതിഹ്യങ്ങളായും ചരിത്രമായും കിടക്കുന്നുണ്ട്. അപ്രകാരം പൂർണ്ണാനദി ചാലക്കുടി പുഴ ആണെങ്കിൽ പൂർണ്ണാ നദിക്കരയിലെ കാലടി എവിടെ ആയിരിയ്ക്കണം?
 ശങ്കരാചാര്യരുടെ ജന്മദേശമെന്നു പേരുകേട്ട കാലടി പക്ഷേ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരേയ്ക്കും ഏതാണ്ടു അജ്ഞാതമായിരുന്നു എന്നു പറയണം. ആദ്യമായി മഞ്ഞപ്ര കാലടിയെ ശങ്കരാചാര്യരുടെ ജന്മദേശമായ കാലടിയായി തിരിച്ചരിഞ്ഞു തുടങ്ങിയ കഥ പരിഗണിയ്ക്കാം. മലയാളിയായ ഗോവിന്ദാ‍നാഥന്റെ ശങ്കരാചാര്യചരിത്രത്തിൽ ശങ്കരാചാര്യർ മരിച്ചതു തൃശ്ശൂർ വച്ചാണെന്നു പറയുന്നു. മലയാളിയായ ശങ്കരാചാര്യരുടെ ജീവചരിത്രത്തിലെ കേരളത്തിൽ സംഭവിച്ച സംഗതികൾ ഒരു മലയാളി തന്നെ പറയുന്നതിനു സംഭാവ്യത കൂടുതലായിരിയ്ക്കുമല്ലോ. ശങ്കരാചാര്യരുടെ വിയോഗം ഉണ്ടായ തൃശ്ശൂരിൽ അദ്ദേഹം സ്ഥാപിച്ച നാലു പീഠങ്ങളിലേയും ശിഷ്യന്മാർ നാലു മഠങ്ങൾ സ്ഥാപിയ്ക്കുകയുണ്ടായി. അവയിൽ തെക്കേ മഠം പദ്മപാദന്റേയും ഇടയിൽ മഠം ഹസ്താമലകന്റേയും നടുവിൽ മഠം സുരേശ്വരന്റേയും വടക്കേ മഠം തോടകന്റേയുമായിരുന്നു. ഇടയിൽ മഠം പിന്നീടു തെക്കേ മഠത്തിൽ ലയിച്ചു. വടക്കേ മഠം ബ്രഹ്മസ്വം മഠവുമായി മാറി. തെക്കേ മഠവും നടുവിലെ മഠവും ഇപ്പോളും സ്വാമിയാർ മഠങ്ങളായി അവശേഷിയ്ക്കുന്നുണ്ട്. ഡോക്ടർ പുതുശ്ശേരി രാമചന്ദ്രൻ കേരളത്തിന്റെ അടിസ്ഥാന രേഖകൾ എന്ന പുസ്തകത്തിൽ 175മതായി കൊടുത്തിരിയ്ക്കുന്ന രണ്ടാമത്തെ തൃശ്ശിവപേരൂർ വടക്കുന്നാഥ ക്ഷേത്രരേഖയിൽ യോഗിയാർ തിരുവടിയെക്കുറിച്ച് പരാമർശമുള്ളതിനാൽ ഈ വസ്തുതയ്ക്കു സത്യാംശം ഏറും.
സന്ന്യാസിയായ ശങ്കരാചാര്യരുടെ നാടും വീടും ഒന്നും ചോദിയ്ക്കാൻ പാടില്ലാത്തതിനാൽ സ്വാഭാവികമായും ഗുരുപരമ്പരയിലെ ആദ്യ ആചാര്യന്മാർ അദ്ദേഹത്ത്തിന്റെ മരണസ്ഥാനം മാത്രമേ അറിഞ്ഞിരുന്നുള്ളൂ. ജനനസ്ഥാനം അറിയുക അന്നു ആവശ്യവുമായിരുന്നില്ല. എന്നാൽ പിന്നീറ്റ് ശങ്കരാചാര്യന്റെ പേര് ഗണനീയമായി വന്ന സാഹചര്യത്തിൽ തെക്കേ മഠൻ അതു കണ്ടെത്താൻ നൂറ്റാണ്ടുകൾക്കു ശേഷം ശ്രമമാരംഭിച്ചു. പക്ഷേ അതിനിടെ ശങ്കരൻ ജനിച്ചതിനടുത്തുള്ള നാട് മുടിഞ്ഞൂരായി മാറിയതിനാൽ യഥാർത്ഥ സ്താനം കണ്ടെത്താൻ അവർക്കായില്ല. അതിനാൽ മഞ്ഞപ്ര കാലടിയിലെ അപ്രധാനമായ ഒരു സ്ഥലം കണ്ടെത്തി അവിടെ ബദര്യാശ്രമ മഠാധിപതിയും നരസിംഹരൂപത്തിലുള്ള വിഷ്ണുവിനെ ആരാധിച്ചിരുന്നയാളുമായ പദ്മപാദന്റെ പിന്മുറക്കാർ നമ്പൂതിരിമാർ നടത്തി വന്നിരുന്ന ഒരു ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്ത് അല്പം ഭൂമി പാട്ടത്തിനെടുക്കുകയായിരുന്നു. 1730ൽ മഠത്തിലെ ശങ്കര സങ്കേതത്തിനു രാജത്വാധികാരങ്ങൾ കൈവന്നു. എങ്കിലും അതായിരുന്നു ശങ്കരാചാര്യരുടെ ജന്മസ്ഥാനമായ കാലടിയെന്നു അവരും അവകാശപ്പെട്ടിരുന്നില്ല. ശൃഗേരി മഠത്തിലെ ഉപോത്തമാചാര്യനായിരുന്ന ശ്രീ സച്ചിദാനന്ദ ശിവാഭിനവ നരസിംഹഭാരതി സ്വാമികൾ തെക്കേ മഠത്തിൽ നിന്നും മേല്പടി വഹകൾ വിലയില്ലാതെ വാങ്ങുകയായിരുന്നു. ശങ്കരജന്മസ്ഥാനം എവിടെയെന്നു പരിശോധിയ്ക്കാൻ അദ്ദേഹം തിരുവിതാംകൂർ രാജാവുമായി ഒരു കൂടിക്കാഴ്ച നടത്തുകയും മഞ്ഞപ്ര കാലടിയിൽ ശ്രീകൃഷ്ണക്ഷേത്രത്തിനടുത്ത് ഒരു സ്ഥലത്ത് ദിവസേന വിളക്കു വയ്ക്കുന്നത് ശങ്കരാചാര്യരുടെ അമ്മ ആര്യാംബയുടെ സ്മരണയ്ക്കായാണെന്നും മുതലക്കടവ് ഇന്നതാണെന്നും പുഴവഴിമാറി വന്നതാണെന്നും മറ്റും ഐതിഹ്യങ്ങൾക്കനുസൃതമായി ഒരു കഥ ചമച്ച് ശങ്കരജന്മസ്ഥാനം മഞ്ഞപ്ര കാലടിയാണെന്നു നിശ്ചയിയ്ക്കുകയാണുണ്ടായത്. തുടർന്ന് 1905ൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി ജഗദംബ ക്ഷേത്രവും ശങ്കരക്ഷേത്രവും ശ്രീ ആദിശങ്കര കീർത്തിസ്തംഭ മണ്ഡപവും ആര്യാദേവീ സമാധി മണ്ഡപവും മുതലക്കടവുമൊക്കെ നിർമ്മിച്ചു. 1910 ഫെബ്രുവരി 21ന് മഹാകുംഭമേല നടത്തി ക്ഷേത്ര പ്രതിഷ്ഠകളും നടത്തി. ശങ്കരജയന്തിയും നവരാത്രിയും സ്ഥിരമായി ആഘോഷിയ്ക്കാനുള്ള ഏർപ്പാടുകളും ചെയ്തു. അങ്ങനെയാണ് ഇന്നറിയപ്പെടുന്ന കാലടി ശങ്കരജന്മസ്ഥാനമായത്. അധികാരവും മതവും സമ്പത്തും കൂടി യാതൊരു ചരിത്രാന്വേഷണവും കൂടാതെ ശങ്കരജന്മസ്ഥാനമായി അവരോധീച്ച കാലടിയ്ക്കു അതിനുള്ള അർഹത ഉണ്ടോ എന്നു നമുക്കിനി പരിശോധിയ്ക്കാം.
ശങ്കരജന്മസ്ഥാനമായ കാലടിയ്ക്കു ചിലയോഗ്യതളെല്ലാമുണ്ട്. നവകാളിദാസന്റെ “തതോ മഹേശഃ” എന്നു തുടങ്ങുന്ന ശ്ലോകപ്രകാരം വൃഷാദ്രിയായ തൃശ്ശൂരിനടുത്തായിരിയ്ക്കണം കാലടി. പൂർണ്ണാനദിയുടെ തീരത്തുമായിരിയ്ക്കണം. സ്വയംഭൂവെന്നു കരുതപ്പെടുന്ന ഒരു ലിംഗവും അവിടെ ഉണ്ടായിരിയ്ക്കണം.
അളകൈവപുരീ യത്ര കാലടീതി പ്രതിശ്രുതാ
നഗരീ ധനസംവീതാ രാജതേ ജഗതീതലേ
എന്ന ചിദ്വിലാസന്റെ ശങ്കരവിജയവിലാസ ശ്ലോക പ്രകാരം ധാരാളം സമ്പത്തുള്ള നഗരിയായിരിയ്ക്കണം കാലടി. രാജചൂഢാമണിയുടെ ശങ്കരാഭ്യുദയകാവ്യത്തിൽ
കേരളേഷു നഭോലംഘികേരഭൂരുഹശാലിഷു
അസ്തി കശ്ചിന്മഹാനഗ്രഹാരഃ കാലടിനാമകഃ
എന്ന വരികളിൽ നിന്നും തെങ്ങുകൾ നിറഞ്ഞതും അഗ്രഹാരവുമായിരിയ്ക്കണം കാലടി. ഗോവിന്ദനാഥന്റെ ശങ്കരാചാര്യ ചരിതത്തിലെ
ദേശേ കാലടിനാമ്നി കേരളധരാശോഭങ്കരേ സദ്ദ്വിജോ
ജാതശ് ശ്രീപതി മന്ദിരസ്യ സവിധേ, സർവജ്ഞതാം പ്രാപ്തവാൻ
ഭൂത്വാ ഷോഡശവത്സരേ യതിവരോ ഗത്വാ ബദര്യാശ്രമം
കർത്താ ഭാഷ്യ നിബന്ധനസ്യ സുകവിശ് ശ്രീശങ്കരഃ പാതു വഃ
എന്ന പ്രസ്താവനയിൽ നിന്നും വിഷ്ണു ക്ഷേത്രത്തിനു അടുത്തുമായിരിയ്ക്കണം ശങ്കരന്റെ ജനനം. 
ഇപ്രകാരം കാലടി തൃശ്ശൂരിനടുത്തായിരിയ്ക്കണം, പൂർണ്ണാനദിക്കരയിലാകണം, അവിടെ സ്വയംഭൂവായ ശിവലിംഗം ഉണ്ടാകണം, ധാരാളം സമ്പത്തുണ്ടാകണം, തെങ്ങുകളും ബ്രാഹ്മണരും തിങ്ങിനിറഞ്ഞതായിരിയ്ക്കണം, വിഷ്ണുക്ഷേത്രവും ഉണ്ടാകണം. 
മഞ്ഞപ്ര കാലടിയ്ക്കു ഈ യോഗ്യതകൾ ഉണ്ടോ എന്നു നമുക്കു പരിശോധിച്ചു നോക്കാം. മേലൂർ കാലടി മഞ്ഞപ്ര കാലടിയേക്കാൾ തൃശ്ശൂരിനോടു വളരെ അടുത്താണെന്നു മാത്രമല്ല, തൃശ്ശൂരും പൂർണ്ണാനദിയും തമ്മിലുള്ള ഏറ്റവും കുറഞ്ഞ ദൂരത്തിലുമാണത്. മഞ്ഞപ്രകാലടിയല്ല, മേലൂർ കാലടിയാണ് പൂർണ്ണാ തീരത്തുള്ളതെന്നും മുമ്പു സിദ്ധിച്ചിട്ടുള്ളതാണ്. കൂടാതെ പൂർണ്ണാതീരത്ത് മേലൂർ കാലടിയല്ലാതെ അറിയപ്പെടുന്ന മറ്റൊരു കാലടിയും ഉള്ളതായി അറിവില്ല. 
സ്വയംഭൂവായ ശിവലിംഗമെന്നു വിളിച്ചു വരുന്നത് പുരാതനപ്രസിദ്ധമായ 108 ശിവക്ഷേത്രങ്ങളെയാണ്. മഞ്ഞപ്ര കാലടി പ്രദേശത്ത് അത്തരം യാതൊരു ശിവക്ഷേത്രവും ഇല്ല. കൊരട്ടി കൈമളുടെ കീഴിലുള്ള സ്ഥലമാ‍ണ് മേലൂർ. 108 ശിവക്ഷേത്രങ്ങളിൽ കൊരട്ടിയുമുണ്ട്. അന്നത്തെ കൊരട്ടി പ്രദേശത്ത് ഇന്നും നിലനിൽക്കുന്ന അതിപുരാതന ശിവക്ഷേത്രം മേലൂർ കാലടി ശിവക്ഷേത്രം തന്നെ. മേലൂർ കാലടി ശിവക്ഷേത്രത്തിന്റെ കൊക്കരണിയ്ക്കു ആയിരം വർഷമെങ്കിലും പഴക്കം തോന്നും. സാമൂതിരിയുടെ വിലക്കുള്ളതിനാൽ സ്വന്തം കൊട്ടാരം പോലും ആദ്യകാലങ്ങളിൽ ഓടുവച്ചു മേയാൻ കൊച്ചിരാജാവിനു പോലും അനുമതി ഉണ്ടായിരുന്നില്ല. യൂറോപ്യന്മാരുടെ ആഗമനത്തിനു ശേഷമേ കൊച്ചി തമ്പുരാക്കന്മാർക്ക് ഓലമേയേണ്ടതില്ലാത്ത കൊട്ടാരം ഉണ്ടായിട്ടുള്ളൂ. അഞ്ഞൂറു വർഷങ്ങൾക്കപ്പുറം കാലടി ക്ഷേത്രവും വെട്ടുകല്ലിൽ പണിത് ഓലമേഞ്ഞതായിരുന്നു. വെട്ടുകല്ലിന്മേലുള്ള പണി യൂറോപ്യന്മാരുടെ ആഗമനത്തിനു ശേഷമേ ഇവിടെ നിലനിന്നിട്ടുള്ളൂ എന്ന ചിലരുടെ വാദം നിലനിൽക്കുന്നതല്ല. ഉറുമിയും വാളും കുന്തവും അമ്പുമെല്ലാം ആയുധങ്ങളായിരുന്ന മലയാളികൾക്ക് മൺകോട്ടകൾ ശത്രുക്കളെ തടുക്കാൻ മതിയായിരുന്നതിനാൽ  യൂറോപ്യന്മാരുടെ ആഗമനത്തിനു മുമ്പായി ഇവിടെ വൻ ചെലവു ചെയ്ത് വെട്ടുകല്ലു കൊണ്ടുള്ള കോട്ടകൾ കെട്ടിയിരുന്നില്ല എന്നതു വാസ്തവമാണ്. എന്നാൽ മഹാശിലായുഗത്തെ കുടക്കല്ലുകൾ മുതൽ കുളപ്പടവുകളും ക്ഷേത്രങ്ങളും കൊട്ടാരങ്ങളുമെല്ലാം. വെട്ടുകല്ലുകൊണ്ടു നിർമ്മിയ്ക്കാൻ നമുക്കാകുമായിരുന്നു. 
108 ദുർഗ്ഗാലയങ്ങളുടെ കൂട്ടത്തിലും മഞ്ഞപ്ര കാലടിയ്ക്കടുത്തുള്ള ഇടങ്ങൾ ഒന്നുമില്ല, കൊരട്ടി ഉണ്ടു താനും. കൊരട്ടികൈമൾമാരുടെ ഗ്രാമപരദേവതയായിരുന്ന എടത്രക്കാവിലമ്മയെ കുളിച്ചു തൊഴാൻ അവിടെ കോവിലകവും ഉണ്ടായിരുന്നു.  
അനേക നൂറ്റാണ്ടുകൾ മുമ്പും മേലൂരിൽ കൃഷി നന്നായി നടന്നിരുന്നു എന്നതിനു ഇവിടത്തെ മുക്കിലും മൂലയിലും കാണുന്ന പാടശേഖരങ്ങൾ തന്നെ തെളിവ്. മേലൂർ കാലടി ദേവസ്വം അനേക ഭൂസ്വത്തുക്കൾ സ്വന്തമായിട്ടുണ്ടായിരുന്ന ദേവസ്വമാണ്. മഞ്ഞപ്ര കാലടിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിനും സ്വത്തുക്കൾ ഉണ്ടായിരുന്നു. എന്നാൽ ഒരു ഗ്രാമം മുഴുവൻ വ്യാപിയ്ക്കുന്നത്ര  സമ്പത്ത് അതിന് ഉണ്ടായിരുന്നോ എന്നു സംശയമാണ്. തെങ്ങു കൃഷി വ്യാപകമല്ലാതിരുന്ന ഏ.ഡി. എട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തെങ്ങുണ്ടാകണമെങ്കിൽ തെങ്ങുകൾ തനിയേ മുളയ്ക്കണം. അതിനു എല്ലാ വർഷവും നിറഞ്ഞു കവിഞ്ഞു വെള്ളപ്പൊക്കം ഉണ്ടാക്കുന്ന പൂർണ്ണാ നദിക്കര തന്നെയാണ് വിത്തു വിതരണത്തിനു ഏറ്റവും യോജിച്ചത്. ബ്രാഹ്മണർ തിങ്ങി നിറഞ്ഞിരിയ്ക്കുന്ന അഗ്രഹാരമാകണം കാലടി എന്ന വസ്തുത പരിഗണിയ്ക്കുമ്പോൾ ചാലക്കുടിയ്ക്കു അടവൂർ എന്നായിരുന്നു പഴയ പേരെന്നും ആ അടവൂർ കരുമാൻ പുഴയ്ക്കു തെക്കും പുണ്യാറ്റിനു വടക്കുമായി സ്ഥിതി ചെയ്യുന്ന നമ്പൂരി ഗ്രാമങ്ങളിൽ കേരളോൽപ്പത്തി പ്രകാരം അഞ്ചാമതാണ്. എന്നാൽ മഞ്ഞപ്ര കാലടിയ്ക്കരികേ അറുപ്പത്തിനാലു ഗ്രാമങ്ങളിൽ യാതൊന്നുമില്ല. ആകപ്പാടെ അവർ പറയുന്നത് ഇപ്പോൾ എവിടെയാണെന്നറിയാത്തതും ഭാഷാപരമായി അവഹേളനപരവുമായ ഇളിഭ്യം ഗ്രാമം മഞ്ഞപ്ര കാലടിയ്ക്കരികിൽ എവിടെയോ ഉണ്ട് എന്നു മാത്രമാണ്. എന്നാം ചാലക്കുടി പുഴയും മംഗലം പുഴയും മാർത്താണ്ഡം പുഴയും കണക്കിലെടുത്തിരുന്ന അന്നത്തെ പുണ്യാറ്റിന്റെ വടക്കും പടിഞ്ഞാറും മാത്രമേ കരുമാൻ പുഴയ്ക്കു തെക്കും പുണ്യാറ്റിനു വടക്കുമായ ഇളിഭ്യമടക്കമുള്ള പന്ത്രണ്ടു നമ്പൂരിഗ്രാമങ്ങൾ വരുന്നുള്ളൂ. എന്നാൽ പെരിയാറിനു തെക്കായി ഇളിഭ്യത്തിനു സ്ഥാനം നിശ്ചയിച്ച ചിലരുമുണ്ട്. അതു കേരളോൽപ്പത്തി പ്രകാരം ശരിയാകാനുമിടയില്ല. മേലൂരിൽ മുരിങ്ങൂർ മുതൽ എടത്രക്കാവു വരെ നീണ്ടു കിടക്കുന്ന പ്രദേശം മുഴുവനും ഒരു കാലത്തു ബ്രാഹ്മണരുടെ ഇല്ല പറമ്പുകൾ മാത്രമായിരുന്നു എന്നും പടുതോൾ മനക്കാർ പറയുന്നുണ്ട്. 
മഞ്ഞപ്ര കാലടിയിൽ ഒരു ശ്രീകൃഷ്ണക്ഷേത്രമുള്ളതിന്റെ അരികിലായാണ് ശങ്കരന്റെ ഗൃഹമിരുന്നതായി സങ്കല്പിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. എന്നാൽ ശ്രീകൃഷ്ണൻ താന്ത്രികമായി ശ്രീപതി അഥവാ വിഷ്ണു ആകുന്നില്ല. മാത്രമല്ല അവിടത്തെ കൃഷ്ണൻ ശങ്കരാചാര്യരുടെ കുലദൈവമായിരുന്നു എന്നാണു വിശ്വാസം. അതിനു അടിത്തറയില്ല. അദ്ദേഹം ശൈവനായിരുന്നു എന്നു ചിന്തിയ്ക്കുന്നതാണ് യുക്തി. സന്ന്യാസത്തിനായി പുറപ്പെട്ട ശങ്കരൻ ഗുരുനാഥനരികിലെത്തിയപ്പോൾ ഗുരു അങ്ങ് ആരാണ് എന്നു ചോദിച്ചതിന്  ശങ്കരൻ
ന ഭൂമിർന്ന തോയം ന തേജോ ന വായുർ
ന ഖം നേന്ദ്രിയം വാ ന തേഷാം സമൂഹഃ
അനേകാന്തികത്വാത് സുഷുപ്ത്യൈകസിദ്ധേ-
സ്തതേകോവശിഷ്ടഃ ശിവഃ കേവലോഹം
എന്നു തുടങ്ങുന്ന ദശശ്ലോകിയാണു ചൊല്ലുന്നത്. ഓരോ ശ്ലോകത്തിന്നവസാനവും ശിവഃ കേവലോഹം എന്നു ആവർത്തിച്ചിരുന്നു. അതിനു ആചാര്യനു സ്വയം പരിചയപ്പെടുത്തുമ്പോൾ സ്വയം ശിവനെന്നു പറയുന്ന ശങ്കരാചാര്യന്റെ കുലദൈവം ശ്രീകൃഷ്ണനാകാൻ വഴി കാണുന്നില്ല. പൂർവീക ബ്രാഹ്മണരായ ശിവദ്വിജന്മാരുടെ കൂട്ടത്തിൽ പെട്ടയാളാണ് ശങ്കരനെന്ന വാദത്തിനാണു ശക്തി കൂടുതൽ. 
മേലൂരിലെ ആറ്റുപുറം ശിവക്ഷേത്രത്തിലെ പ്രതിഷ്ഠ ചതുർബാഹുവായ വിഷ്ണു തന്നെയാണെങ്കിലും ആ ക്ഷേത്രത്തിനു 500 വർഷത്തിനു മേൽ പഴക്കമില്ലെന്നറിയുന്നു. ഏ.ഡി. എട്ടാം നൂറ്റാണ്ടിൽ ജനിച്ച സങ്കരന്റെ കാലത്തെ വിഷ്ണുക്ഷേത്രം അതാകുവാൻ വഴിയൊന്നുമില്ല. മേലൂർ പഞ്ചായത്തിൽ പിന്നെ പറയത്തക്ക വിഷ്ണു ക്ഷേത്രങ്ങൾ ഒന്നുമില്ല. പൂലാനിയിലെ നരസിംഹക്ഷേത്രം എന്റെ അഭിപ്രായത്തിൽ നിർമ്മിച്ചു മുഴുവനാകും മുമ്പു തന്നെ തകർന്നു വീണിരിയ്ക്കാനാണിട. അവശിഷ്ടങ്ങളിലെ പോളിഷ് ചെയ്ത ഗ്രാനൈറ്റ് പാളികൾ ആ കഥയാണു പറയുന്നത്. എന്നാൽ പിണ്ടാണിയിൽ ടിപ്പു സുൽത്താന്റെ ആക്രമണത്തിൽ ഒരു ശിവപാർവതീക്ഷേത്രവും ഒരു ചതുർബാഹു വിഷ്ണുക്ഷേത്രവും തകർന്നു പോയിരുന്നു. അതിൽ ശിവപാർവതീക്ഷേത്രം എളിയ രീതിയിൽ ഈയിടെ പുനരുദ്ധരിച്ചു. ചതുർബാഹു വിഷ്ണുക്ഷേത്രത്തിന്റെ അവസാന ശിലയും കുഴിച്ചുമൂടി ക്ഷേത്രമിരുന്ന സ്ഥലത്ത് ഒരു ഫ്ലാറ്റു പണിയുകയാണിപ്പോൾ. അതായിരിയ്ക്കാം സ്മൃതമായ ശ്രീപതീമന്ദിരം. 
 പൂലാനിയിലെ തകർന്ന വിഷ്ണുപുരം ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ
ശങ്കരനുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളിലേയ്ക്കു ഇനി പ്രവേശിയ്ക്കാം. ശങ്കരനെ ഒരു മുതല പിടിച്ചു എന്നാണല്ലോ കഥ. എന്നാൽ മുതലകൾ ആഴവും ഒഴുക്കും ഉള്ള ഇടങ്ങളിലാണു വസിയ്ക്കുക. ഇതു രണ്ടും സാധിയ്ക്കുന്നത് കയങ്ങൾ കഴിഞ്ഞു തൊട്ടു തന്നെ വളവു വരുന്ന ഇടങ്ങളിലാണ്. മഞ്ഞപ്ര കാലടിയിൽ കണ്ടെത്തിയ മുതലക്കടവ് മറ്റെന്താണെങ്കിലും മുതലകൾക്ക് താമസിയ്ക്കാൻ പറ്റിയ ഒരിടമാണെന്നു തോന്നുന്നില്ല. എന്നാൽ മേലൂർ കാലടി ശിവക്ഷേത്രത്തിനു തൊട്ടു താഴെയുള്ള തേവരു കടവിന്റെ അപ്പുറവും ഇപ്പുറവും രണ്ടു മൂന്നാൾക്ക് എപ്പോളും വെള്ളമുള്ള വൻ കയങ്ങളാണുള്ളത്. കയങ്ങൾക്ക് തെക്ക് വലിയൊരു തൊണ്ണൂറു ഡിഗ്രി വളവുമുണ്ട്. അവിടെ പുഴയുടെ ഇരു കരകളിലും ഇപ്പോൾ ചതുപ്പും കാടുമാണുള്ളത്. ഇത് മുതലകൾക്ക് ആവസിയ്ക്കാൻ പറ്റിയ ഒരു കടവായിരുന്നു. ഒരു അമ്പതു കൊല്ലം മുമ്പുവരെ ഇവിടെ പുഴയിൽ മാത്രമല്ല സമീപ പ്രദേശങ്ങളിലെ കുളങ്ങളിലും ചീങ്കണ്ണികൾ ഉണ്ടായിരുന്നതായി പടുതോൾ മനയിലെ വി.പി.എൻ. നമ്പൂതിരിപ്പാട് ഓർക്കുന്നു. 
 
2010ൽ തന്നെ ചാലക്കുടി പുഴയിൽ അന്നനാടു വച്ചു കാവലം പറമ്പിൽ ആന്റണിയെ ചീങ്കണ്ണി പിടിച്ചു ഒന്നര കിലോമീറ്റർ താഴേയ്ക്കു വലിച്ചുകൊണ്ടുപോയി കൊലപ്പെടുത്തുകയുണ്ടായിട്ടുണ്ട്. അന്നനാടും കാലടിയിലെ ഇപ്പോൾ പറഞ്ഞ മുതലക്കടവും തമ്മിൽ പുഴയിലൂടെ രണ്ടു കിലോമീറ്റർ പോലും ദൂരമില്ല. 

 മേലൂർ കാലടിയിൽ തേവരു കടവിനോടു ചേർന്ന് പഴയ മുതലകടവു ആകാനിടയുള്ള ഇടം
 
 മുതലകടവിന്റെ ഭാഗത്ത് പുഴയിലേയ്ക്കു കയ്യേറി ഡിവൈൻ ഫാംകാർ കെട്ടിടം പണി നടത്തിയിരിയ്ക്കുന്നു
അടുത്ത ഒരു ഐതിഹ്യം ശങ്കരാചാര്യരുടെ അമ്മയ്ക്കു വയസ്സായപ്പോൾ പൂർണ്ണാനദിയെ ശങ്കരാചാര്യർ വഴിമാറ്റി ഒഴുക്കി എന്നതാണ്. ശങ്കരാചാര്യരെ കുറിച്ച് കാന്യാസുതൻ വിധവാപുതൻ എന്നെല്ലാം മാദ്ധ്വപക്ഷക്കാരും നമ്പൂതിരി ബ്രാഹ്മണരും ആക്ഷേപിയ്ക്കാറുണ്ടായിരുന്നു. അതിനാലായിരിയ്ക്കണം ശങ്കരമാതാവു മരിച്ചപ്പോൾ നമ്പൂതിരിമാർ സഹകരിയ്ക്കാതിരുന്നത്. ആര്യാംബയുടെ ശവം വെട്ടി കഷണങ്ങളാക്കി കത്തിയ്ക്കുകയായിരുന്നുവത്രേ. അങ്ങനെ ഒരാളുടെ ഓർമ്മയ്ക്ക് അഭംഗുരം നിത്യവിളക്കു വച്ച് ഒരു നമ്പൂതിരി കുടുംബക്കാർ അവിടെത്തന്നെ തുടർന്നു എന്ന നടുക്കാവേരി ശ്രീനിവാസശാസ്ത്രികളുടെ കണ്ടു പിടുത്തം അസംഭാവ്യമായി തോന്നുന്നു. ഏതായാലും പുഴ വഴിമാറി ഒഴുകുന്ന അത്ഭുത പ്രവൃത്തികളെ ഒരു ചരിത്രകാരൻ ഫോക് ലോറിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളിലൂടെ വേണം നോക്കിക്കാണാൻ. 
പൂർണ്ണാനദി അന്നമനടയിൽ
 ഋതുമതിയാകുന്നതിനു മുമ്പ് വിവാഹം നടക്കുന്ന നമ്പൂതിരി സമുദായത്തിൽ കാന്യാസുതനാണു ശങ്കരനെങ്കിൽ ശങ്കരന്റെ അമ്മയ്ക്കു ശങ്കരനേക്കാൾ ഇരുപതു വയസ്സു തന്നെ കൂടുതൽ വരാനിടയില്ല. അതിനാൽ മുപ്പത്തിരണ്ടാം വയസ്സിൽ ശങ്കരൻ മരിയ്ക്കുമ്പോൾ എഴുന്നേറ്റു നടക്കാൻ പോലും വയ്യാത്ത വിധത്തിൽ അവർ അബലയായിട്ടുണ്ടാകുകയില്ല. അപ്പോൾ പിന്നെ ശങ്കരജന്മസ്ഥാനത്തേയും പുഴ വഴിമാറലിനേയും കാലപ്രവാഹത്തിൽ ഒരു ഫോക് ലോറാക്കി മാറ്റുകയായിരുന്നു എന്നു കരുതാവുന്നതാണ്. ആ നിലയ്ക്കുള്ള അന്വേഷണത്തിൽ ചാലക്കുടി പുഴ നിരന്തരം വഴി മാറി ഒഴുകിയിരുന്നതായി മനസ്സിലാകുന്നുണ്ട്. പി.കെ.ബാലകൃഷ്ണന്റെ മാപ്പിൽ ചാലൊഅക്കുടി പുഴയും പെരിയാറും മുമ്പ് ഒന്നു ചേർന്നിരുന്നില്ല എന്നു കാട്ടിയിട്ടുണ്ട്. ഇരിങ്ങാലക്കുട സംഗമേശ ക്ഷേത്രം ചാലക്കുടി പുഴ കരുമാൻ പുഴ എന്നിവ കൂടി ചേർന്നിരുന്ന തുരുത്തിൽ പ്രതിഷ്ഠിയ്ക്കയാലാണ് അതിനു സംഗമേശക്ഷേത്രമെന്നു പേരു വന്നതെന്നു ഐതിഹ്യമുണ്ട്. ഇരിങ്ങാലക്കുട ക്ഷേത്ര രേഖകളിൽ കിഴക്കേ പോട്ടയെക്കുറിച്ച് പരാമർശമുണ്ട്. കൂടപ്പുഴ കടവിൽ ആറാട്ടിനു വരുന്ന കൂടൽ മാണിയ്ക്കക്കാർ അവസാനമായി കടന്നു വരുന്ന പാടം കിഴക്കേ പോട്ടയിലാണുള്ളത്. ഇപ്പോൾ അത് നോർത്ത് ചാലക്കുടി എന്ന് അറിയപ്പെടുന്നു. ആ പാടവും അട്ടാത്തോടും കടന്ന് ആളൂർ തൊമ്മാന കൂടി ചാലക്കുടിപ്പുഴ പുറൈയാർ എന്നറിയപ്പെട്ടിരുന്ന കാലത്തു ഒഴുകിയിരുന്നു. അതിന്റെ ഒരു ശാഖ തീവ്രാനദിയുമായി ബന്ധപ്പെട്ടിരിയ്ക്കണം. അതിനാലാണ് തൃപ്രയാറിനു (തിരു + പുറൈയാർ) എന്നു പേരു ലഭിച്ചിരിയ്ക്കുക. കൂടപ്പുഴയിലെ ആറാട്ടു കടവിൽ നിന്നാണ് പുറൈയാർ അന്നു ഇരിങ്ങാലക്കുടയിലേയ്ക്കൊഴുകിയിരുന്നത് എന്നും കരുതാവുന്നതാണ്. മൂഴിക്കുളത്തും ഐരാണിക്കുളത്തും പുഴ വഴിമാറി ഒഴുകിയ കഥകൾ ദേശചരിത്രത്തിന്റെ തന്നെ ഭാഗമാണ്. നയ്മേലി തോട് മൂഴിക്കക്കടവിൽ വന്നു മുട്ടുന്നയിടം എല്ലാ വെള്ളപ്പൊക്കത്തിലും നിറഞ്ഞു കവിയുമായിരുന്നു. കൈതോലപ്പാടത്തും പാലത്തുഴിയിലും അപ്രകാരം തന്നെ. അങ്ങനെ പുഴയുടെ വഴി മാറി ഒഴുകലും കവിഞ്ഞൊഴുകി വീടുകൾക്കരികെ എത്തുന്നതും ഈ ഐതീഹ്യത്തെ സ്വാധീനിയ്ക്കുന്നുണ്ട്. പുറൈയാറിന്റെ എക്കൽ അടിഞ്ഞുണ്ടായ ഊര് പുറൈവൂർ പിന്നീട് പുറവൂർ, പറവൂർ ആയ കഥകൾ കൂടി പരിഗണിയ്ക്കുമ്പോൾ ഈ ഫോക് ലോറിന്റെ വ്യാപ്തി വ്യക്തമാകും.
 പൂർണ്ണാനദി പൂവത്തുശ്ശേരിയിൽ 
ശങ്കരൻ ശപിച്ചതിനാൽ ഊരു മുടിഞ്ഞുപോയി എന്നതും ശങ്കരന്റെ അനർഹമായ ദുരിതവും മുടിഞ്ഞൂരിന്റെ നാശവും തമ്മിൽ ബന്ധപ്പെടുത്തുന്ന ഒരു ഫോക് ലോറായി മാത്രമേ കരുതേണ്ടതുള്ളൂ. അവിടത്തെ നമ്പൂതിരിമാർ വേദഭ്രഷ്ടരായ ഏതോ സാഹചര്യം സംജാതമായതിനെ ശങ്കരന്റെ ശാപവുമായി ബന്ധിപ്പിച്ചു എന്നേ കരുതേണ്ടതുള്ളൂ. 
ഇപ്രകാരമുള്ള ഐതിഹ്യങ്ങളും മറ്റു തെളിവുകളും അനേകം ശേഖരിയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. വായനക്കാരുടെ ഏതു സംശയങ്ങൾക്കും സമാധാനം നൽകാൻ ശ്രമിയ്ക്കുന്നതാണ്. ഇതിന്റെ തുടർച്ചയായി പിന്നീട് എപ്പോളെങ്കിലും മറ്റേതാനും പോസ്റ്റുകളും തയ്യാറാക്കി യഥാസമയം പ്രസിദ്ധീകരിയ്ക്കുന്നതാണ്.
allnews thehindu hindustantimes timesofindia veekshanam keralakaumudi janayugom janmabhumi googlenews madhyamam BookFinder BookChums Libgen gutenberg bookyards archive feedbooks Openlibrary manybooks librivox digitallibrary bibliomania infomotions.com authorama readeasily googlebooks booksshouldbefree classicly digilibraries free-book.co.uk epubbooks pdfbooks netcarshow malayalam-blogsheet thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka Cooperative Service Examination Board KPSC KSCB civil services UPSC Kerala Govt. Kerala High Court Supreme Court Kerala University Calicut University Cochin University Kannur University M.G. University SSUS Agri. University University of Health Sciences India Govt. it@school Kerala Results hscap dhse ncert chalakudyonline angamalynews panancherynews meloorpanchayat chalakudyblock meloorwiki Kerala Entrance Exams marunadanmalayalee keralaexpress nammudemalayalam rosemalayalam harithakam malayalanatu euromalayalam ipathram indiavisiontv manoramanews ibnlive moneycontrol epapers-hub daily-malayalam metro-vaartha rashtradeepika-epaper thejasnews anweshanam britishkairali aswamedham malayalam-newspapers epaper.metrovaartha MSN Malayalam writeka generaldaily malayalam.oneindia nana puzha.com kalakaumudi samakalika malayalam sathyadeepam balarama thathamma peopletv asianetglobal dooradarshantvm amritatv sunnetwork newsat2pm epathram malayalam.samachar malayalam.yahoo snehitha malayalampathram epapers-hub epapercatalog metromatinee doolnews keralaonlive aumalayalam morningbellnews webmalayalee pravasionline prokerala kasargodvartha newkerala mangalamvarika utharakalam sradha kerala sahitya akademi solidarity entegramam cyberkerala malayalam.samachar cinemaofmalayalam cinemaofmalayalam nellu finance dept. kerala egazette sciencedaily priceindia historyofpaintings National Lalitkala Academy nrimalayalee malayalam.oneindia railradar wikimapia bhuvan google keralapolice Indiaegazette Keralaegazette