കഴിഞ്ഞ ആഴ്ച മേലൂർ മുള്ളൻ പാറയിൽ കേശവൻ എന്ന യുവാവ് 110 കെ.വി. ലൈനിൽ നിന്നും ഷോക്കേറ്റ് അതി ദാരുണമായി കൊല്ലപ്പെട്ടു. ആരും നട്ടു വളർത്താതെ തനിയെ വളർന്ന ഒരു പഞ്ഞിമരം 110 കെ.വി. ലൈനിലേയ്ക്ക് അടുക്കുന്നത് അപകടകരമാണെന്നു കണ്ട് അതു വെട്ടി മാറ്റുകയായിരുന്നു കേശവൻ. അവിടെ 100 കെ.വി. ലൈൻ. താണു തൂങ്ങി വളരെ കുറഞ്ഞ ഉയരത്തിലാണു നിൽക്കുന്നത്. കറിവേപ്പു പോലും അല്പം വളർന്നാൽ 110 കെ.വി. ലൈനിൽ മുട്ടുന്ന സ്ഥിതിയാണു അവിടെയുള്ളത്. എല്ലാ വർഷവും ലൈനിനു കീഴിലുള്ള മരങ്ങൾ കെ.എസ്.ഇ.ബി.ക്കാർ വന്നു വെട്ടിമാറ്റണമെന്നു നിയമമുണ്ടെങ്കിലും ആരും പാവപ്പെട്ടവർ താമസിയ്ക്കുന്ന ഇടങ്ങളിൽ തിരിഞ്ഞു നോക്കാറില്ല. അവിടെ മുളയ്ക്കുന്ന മരങ്ങൾ അവരവർ തന്നെ വെട്ടിമാറ്റണം എന്നതാണ് അലിഖിത നിയമം.
കേശവൻ വെട്ടിയിട്ട ചെറു പഞ്ഞി
മേലൂർ പള്ളിനടയിൽ കൂടെ പോകുന്ന ഹൈടെൻഷൻ ലൈനിനു താഴെ രണ്ടു നില കെട്ടിടം പണിയാനാണ് കെ.എസ്.ഇ.ബി. അനുവദിച്ചത്. അവിടെ തറയും ലൈനും തമ്മിലുള്ള ഉയരം രണ്ടു നില കെട്ടിടത്തിന്റെ ഉയരവും കഴിച്ച് 5.5 മീറ്ററെങ്കിലും ഉയരം ഉണ്ടായിരുന്നിരിയ്ക്കണമല്ലോ. എന്നാൽ അതേ ലൈൻ മുള്ളൻ പാറയിലൂടെ കടന്നു പോകുമ്പോൾ ലൈൻ 5 മീറ്റർ പോലും ചിലയിടങ്ങളിൽ ഉയരം കിട്ടാത്ത വിധം കമ്പികൾ അയഞ്ഞു തൂങ്ങി കിടക്കുകയാണ്. കേശവൻ വെട്ടിയിട്ട പഞ്ഞിമരം വളരെ ചെറുത്തായതു കൊണ്ട് അതിനു നാലു മീറ്ററോളം മാത്രമേ ഉയരമുണ്ടായിരുന്നതായി തോന്നുന്നുള്ളൂ. വീണമരം കമ്പിയിൽ സ്പർശിയ്ക്കാതെ തന്നെ അതിനരുകിലൂടെ ചരിഞ്ഞു പോയപ്പോൾ ഉണ്ടായ ഇലക്ട്രിക്ക് ഇൻഡക്ഷനിൽ മരത്തിന്റെ കൂമ്പിലെ അര മീറ്ററോളം മാത്രം നിറം മാറി നീലച്ചു കിടക്കുന്നതായേ കാണാൻ കഴിഞ്ഞുള്ളൂ. പക്ഷേ അതു മതിയായിരുന്നു താഴെ മരം വെട്ടിക്കൊണ്ടിരുന്ന കേശവനെ കൊല്ലാൻ. സംഭവമുണ്ടായി പത്തു നിമിഷത്തിനകം കേശവനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിയ്ക്കാനല്ലാതെ മറ്റൊന്നിനുമായില്ല.
വർഷം വരുമെന്നറിഞ്ഞിട്ടും ടച്ചിങ്സ് വെട്ടാതെ കാശുലാഭിയ്ക്കുന്ന കെ.എസ്.ഇ.ബി. അവർ പൊലിയാനിടയാക്കുന്ന ജീവന്റെ കണക്കു പറഞ്ഞേ തീരൂ. ഇത്തരം നിഷ്ക്രിയതകൾ ഇനിയും വച്ചു പൊറുപ്പിയ്ക്കാൻ മന്ധപ്പെട്ടവർ അനുവദിയ്ക്കരുത്. ഇക്കാര്യത്തിൽ നിശബ്ദത പാലിയ്ക്കുന്ന ജനപ്രതിനിധികൾക്കും ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ ആകുകയില്ല.
ഹൈ ടെൻഷൻ ലൈനുകളെപ്പോളെ അത്ര അപകടകരമല്ലെങ്കിലും സാധാരണ കൺസ്യൂമർ ലൈനുകളും മരണകാരണമാകുന്നുണ്ട്. പലപ്പോഴുംകെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ തന്നെയാണു ഇതിനു ഇരകൾ ആകുന്നതും. എന്നിട്ടും കെ.എസ്.ഇ.ബി. പഠിയ്ക്കുന്നില്ല. ചിലയിടങ്ങളിൽ ഇലക്ട്രിക്ക് ലൈനിന്റെ ന്യൂട്ടറിനും ഫേസിനുമിടയിൽ പോലും മരം വളർന്നു നിൽക്കുന്ന കണ്ടിട്ടും നമ്മുടെ കെ.എസ്.ഇ.ബി.ക്കാർക്ക് യാതൊരു കുലുക്കവും ഇല്ല. കൊക്കെത്ര കുളം കണ്ടിരിയ്ക്കുന്നു. പക്ഷേ ഈ കൊക്കിനെ ഇനി ജനം നോട്ടം വച്ചുകൊള്ളുക തന്നെ ചെയ്യും.
എഡിറ്റർ
No comments:
Post a Comment