മേലൂർ പഞ്ചായത്തിലെ കിഴക്കേ
അറ്റത്തുള്ള അടിച്ചിലിയിൽ നിന്നും പുഴയ്ക്കരികിലേയ്ക്കു വടക്കോട്ടു നടന്നാൽ എത്തിച്ചേരുന്ന
ഞെരു അഥവാ കുന്നിൻ പ്രദേശമാണ് ആലയ്ക്കാപ്പിള്ളി. വലിയ കയറ്റം കയറിയാണ് അവിടെ എത്തുന്നത്.
ഞെരു മുതൽ പിന്നെ പുഴ വരെ കുത്തനെ ഇറക്കവുമാണ്. പുഴയോടു ചേർന്ന് നൂറു മീറ്ററോളം സമനിരപ്പും
വളക്കൂറുമുള്ള ഒരു പ്രദേശം. അവിടെ അതി പുരാതനമായ ഒരു ക്ഷേത്രം ഉണ്ടായിരുന്നു എന്നതാണ്
ഐതിഹ്യം. അവിടത്തെ പ്രതിഷ്ഠ പക്ഷേ എന്തെന്നു
ആർക്കും അറിയില്ല. ഏറ്റവും ഒടുവിൽ അതൊരു ശിവക്ഷേത്രമായിരിയ്ക്കാം എന്ന നിഗമനത്തിൽ ചില
ഹൈന്ദവവാദികൾ പ്രചാരം നൽകി വരുന്നുണ്ട്. ശരിയോ തെറ്റോ ആർക്കറിയാം.
ആലയ്ക്കാപ്പിള്ളി ഞെരുവിൽ നിന്നൊരു ദൃശ്യം (വീഡിയോയ്ക്ക് ക്ലിക്ക് ചെയ്യുക)
ക്ഷേത്രം നിന്നിരുന്നു
എന്നു പറയുന്ന സ്ഥലത്ത് പുരാതനമായ നെല്ലിപലകയിട്ടു കെട്ടി അതിന്മേൽ ചുട്ട ഇഷ്ടിക വച്ചു
കെട്ടി ശക്തമാക്കിയ നല്ല വ്യാസമുള്ള ഒരു കിണറ് ഇപ്പോളും കാണുന്നുണ്ട്. അത് അനേക ദശകങ്ങളായി,
ഒരു പക്ഷേ നൂറ്റാണ്ടുകളായി വൃത്തിയാക്കുകയോ വറ്റിയ്ക്കുകയോ ചെയ്തിട്ടില്ല എന്നു നാട്ടുകാർ
പറയുന്നു. നശിച്ച ആ ക്ഷേത്രത്തിനരികെ പോകുന്നത് ഭീതിജനകവും ശാപകാരണവുമായി ചിലരൊക്കെ
വിശ്വസിയ്ക്കുന്നു.
ഇത് ക്ഷേത്ര കിണറോ? (വീഡിയോയ്ക്ക് ക്ലിക്ക് ചെയ്യുക)
ക്ഷേത്രമിരുന്ന സ്ഥലത്തിനു
എതിരെ പുഴയ്ക്ക് അക്കരെ പണ്ടൊരു കോവിലകം ഉണ്ടായിരുന്നു. അന്നവിടെ ഒരു തൂക്കുപാലം ഉണ്ടായിരുന്നത്
നശിച്ചിട്ട് അധികം കാലമായിട്ടില്ല. തൂക്കുപാലം കടന്നാൽ അവിടെ നിന്നും ഒരു കിലോ മീറ്റർ
ദൂരത്തിനുള്ളിൽ പഴയ മുനിയറയും നന്നങ്ങാടികളും ലഭിച്ച മുനിപ്പാറയിലുമെത്താം.
ഇനി നമുക്കു നിഗമനങ്ങളിലേയ്ക്കു
കടക്കാം. ഒന്നാമതായി പരിഗണിയ്ക്കേണ്ടത് നിഗമനങ്ങളിൽ എത്താൻ മതിയായ വിവരങ്ങൾ ഇനിയും
നമുക്കു ലഭ്യമായിട്ടില്ലെന്ന സത്യത്തെ അംഗീകരിയ്ക്കുകയാണ്. എങ്കിലും എവിടെ എന്തു തേടണം
എന്നതു സംബന്ധിച്ച് ഒരു സിദ്ധാന്തം അന്വേഷകർക്ക് തീർച്ചയായും ഉണ്ടാകണം.
ആദ്യമായി ആലയ്ക്കാപ്പിള്ളി
എന്ന സ്ഥലത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെടണം. കൃത്യമായി വഴി അറിയുന്നവർക്കല്ലാതെ
എത്തിച്ചേരാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു സ്ഥലത്താണ് നശിച്ച ക്ഷേത്രത്തിന്റെ സ്ഥാനം.
അതു ക്ഷേത്രമല്ലെന്നു പറയുന്നവരും ധാരാളമുണ്ട്. ക്ഷേത്രമാണെന്നു പറയുന്നവർ പറയുന്നത്
അവിടെ ക്ഷേത്രത്തിലെ കുറച്ചു അവശിഷ്ടങ്ങൾ അവിടെ തന്നെയുള്ള കിണറ്റിൽ ഇട്ടു മൂടിയെന്നാണ്.
മിക്കവാറും ശിലാവശിഷ്ടങ്ങൾ അടുത്തുണ്ടായിരുന്ന
ഒരു കുളത്തിൽ ഇട്ടു മൂടിയത്രേ. കുളം ഇരുന്ന സ്ഥലവും വ്യക്തമല്ല. അവിടെ മണ്ണ് വലിയ തോതിൽ
എടുത്തു മാറ്റുകയും നിക്ഷേപിയ്ക്കുകയും ചെയ്തിട്ടുണ്ടെന്നതിനു ഇഷ്ടിക കെട്ടിയ കിണറിന്റെ
ഒരു വശം ഉയർന്നും മറുവശം താഴ്ന്നും ഇരിയ്കുന്നതിൽ നിന്നും തന്നെ ഊഹ്യമാണ്. പിന്നെയും
അവശേഷീച്ചവ ക്ഷേത്രമിരുന്നു എന്ന തെളിവു നശിപ്പിയ്ക്കാനായി തന്നെ പുഴയിലും തട്ടിയിട്ടുണ്ടത്രേ.
മതിയായ തെളിവുകൾ കിട്ടാത്തതിന്റേയും ഒരു ഖനനത്തിലൂടെ അവശിഷ്ടങ്ങൾ കിട്ടാനിടയുള്ളതിന്റേയും
സാധ്യതകൾ ഈ നാട്ടുകഥകൾ തുറന്നു വയ്ക്കുന്നുണ്ട്.
ഇവിടെ ക്ഷേത്ര അവശിഷ്ടങ്ങൾ ഉണ്ടായിരുന്നു (വീഡിയോയ്ക്ക് ക്ലിക്ക് ചെയ്യുക)
പ്രാഥമികമായി കിണറു ശുദ്ധീകരിയ്ക്കുന്നതിലൂടെ
തന്നെ ചില തെളിവുകൾ കിട്ടാനിടയുണ്ട്. ആ ക്ഷേത്രത്തോടു ചേർന്ന് വിൽക്കാശ് എണ്ണുന്ന ശക്തികളെ
കുറിച്ച് പരാമർശം ഉള്ളതിനാൽ ചുറ്റുപാടു നിന്നും ഒരു പക്ഷേ പുരാതന നാണയങ്ങൾ വല്ലതും
ലഭിയ്ക്കാനും മതി. അതു തേടി വല്ലവരും കിണർ രഹസ്യമായി പണ്ട് പരിശോധിച്ചിരിയ്ക്കാനും
മതി. പുഴയിലൂടെ ഒന്നോ രണ്ടോ കിലോമീറ്റർ താഴേയ്ക്ക് വിശദ പരിശോധന നടത്തിയാലും വല്ലതും
ലഭിച്ചേക്കാം.
കിണർ മറ്റൊരു ദൃശ്യം (വീഡിയോയ്ക്ക് ക്ലിക്ക് ചെയ്യുക)
അതൊരു ക്ഷേത്രമായിരുന്നെങ്കിൽ
തന്നെയും മേലൂർ പഞ്ചായത്തിലെ പൊതു ജനങ്ങളെ അധികം ലക്ഷ്യം വച്ചുള്ള ഒരു ക്ഷേത്രമായി
അതു തോന്നുന്നില്ല. എത്തിച്ചേരാനും തിരികെ പോരാനും വളരെ പ്രയാസമുള്ള വഴിയാണത്. കൂടാതെ
അവിടെ നിന്നും ഒരു കിലോമീറ്റർ മുകളിൽ ചാലക്കുടി പുഴയുടെ തെക്കു വശത്തായി നിബിഢ വനം
ആരംഭിയ്ക്കുന്നുണ്ട്. വനവാസികളെക്കൂടി ഉദ്ദേശിച്ചോ അല്ലെങ്കിൽ കഴിയുന്നത്ര പൊതുധാരയിൽ
നിന്നും വിട്ടു നിൽക്കേണ്ടി വന്ന ജനവിഭാഗങ്ങളുടേയോ ആകാം ആ ക്ഷേത്രം.
അവശിഷ്ടങ്ങൾ തേടി ഒരു അന്വേഷണം (വീഡിയോയ്ക്ക് ക്ലിക്ക് ചെയ്യുക)
പുഴയ്ക്കക്കരെ ശിലായുഗ
സ്മാരകമായ മുനിയറ മുനിപ്പാറയിൽ സ്ഥിതി ചെയ്യുന്നതിനാൽ അതി പുരാതന കാലം മുതൽ ഇവിടെ ജനവാസം
ഉണ്ടായിരുന്നു. പുഴയ്ക്ക് അക്കരെയും ഇക്കരേയുമായി കൃഷിയും കച്ചവടവുമായി കഴിയുന്ന ഒരു
ജനവിഭാഗത്തിനു യോജിച്ച താമസസ്ഥലമാണത്. പ്രത്യേകിച്ചും ജലഗതാഗതം മാത്രം സുഗമമായിരുന്ന
കാലത്ത്. ആ ഭാഗത്ത് അടിച്ചിലിയിൽ നിന്നും കോട്ടപ്പുറത്തേയ്ക്കും കൊച്ചിയ്ക്കും ചരക്കു
കൊണ്ടു പോകുന്നതിനും തൊട്ടടുത്ത കടവുകൾ ഉപയോഗിച്ചതായി കാണുന്നു. മലമുകളിലെ മരങ്ങളിൽ
നിന്നും കൃഷി ചെയ്യാതെ തന്നെ കുരുമുളകു പറിച്ചു വിറ്റിരുന്ന പഴയ കാലത്ത് അത്തരം വ്യാപാര
കേന്ദ്രമാകാനും വനം ആരംഭിയ്ക്കുന്നതിനോടടുത്തുള്ള ഈ സ്ഥലത്തിനു കഴിയുമായിരുന്നിരിയ്ക്കാം.
ക്ഷേത്ര സ്ഥാനത്തു നിന്നും പുഴയുടെ ഒരു ദൃശ്യം
ആലയ്ക്കാപ്പിള്ളി എന്ന
സ്ഥലനാമത്തിൽ കാണുന്ന പിള്ളി പള്ളിയുടെ രൂപാന്തരമാണ്. പള്ളി ജൈന ബൌദ്ധ ക്ഷേത്രങ്ങളെ
സൂചിപ്പിയ്ക്കുന്നു. മേലൂർ കാലടി ബൌദ്ധകേന്ദ്രമായിരുന്നിരിയ്ക്കണം എന്നു കാലടി എന്ന
പേരിൽ നിന്നു തന്നെ സിദ്ധിയ്ക്കുന്നു. അതിനാൽ ഇതൊരു ജൈന കേന്ദ്രമായിരിയ്ക്കാനുള്ള സാധ്യത
ഏറും. ആലയ്ക്കാപ്പിള്ളി എന്നത് ആലുക്കെ പള്ളി എന്നതിന്റെ രൂപമായിരിയ്ക്കാം. എന്നാൽ
ഇന്ന് അവിടെ ആലൊന്നും കാണാനില്ല.അല്പം അകലെയായി പുഴക്കരയിൽ ഒരു കാട്ടത്തി കാണുന്നുണ്ട്.
ആൽ കാലക്രമത്തിൽ നശിച്ചിരിയ്ക്കാം. ഏതോ കൊല്ലൻ ആല നടത്തിയിരുന്നതിനാലത്രേ ആലയ്ക്കാപ്പിള്ളി
എന്നു പേരു വന്നതെന്നു കരുതുന്നവരും ഉണ്ട്. കരുവാപ്പടി പോലെ ആലപ്പടി എന്നോക്കെ പോലെയുള്ള
സ്ഥലനാമത്തിനേ ഇക്കാര്യത്തിൽ സാധ്യതയുള്ളൂ. പള്ളി എന്ന പേരു കൊല്ലന്റെ ആലയ്ക്കു വരാനിടയില്ല.
പള്ളി ഒരു വിദ്യാകേന്ദ്രത്തേയും സൂചിപ്പിച്ചേക്കാം.
നശിച്ച ക്ഷേത്രത്തിന്റെ
പ്രതിഷ്ഠ എന്തെന്നു സംശയാതീതമായി പറയാൻ നാട്ടുകാർക്ക് കഴിയാത്തതിന്റെ കാരണം യഥാർത്ഥത്തിൽ
അതൊരു ജൈന ക്ഷേത്രം (പള്ളി) തന്നെ ആയതു കൊണ്ടാണെന്നും വരാവുന്നതാണ്.
ഇവിടെ കാണുന്ന ക്ഷേത്ര
കിണറിന്റെ മാതൃകയിൽ ഇത്ര സുരക്ഷിതത്ത്വത്തോടെ ഇത്രയും തുക ചെലവാക്കി ഈ പ്രദേശങ്ങളിലൊന്നും
യാതൊരു കിണറും ആരും കുഴിച്ചതായി അറിയുന്നില്ല. ക്ഷേത്രത്തിനക്കരെ കോവിലകം കൊട്ടാരവും
അവിടെ നിന്നും പുഴ മുറിച്ചു കടക്കാൻ ആട്ടു പാലവും ഉണ്ടായിരുന്നത് കേവലം യാദൃശ്ചികമാകണമെന്നില്ല.
രാജാധികാരത്തിൻ കീഴിൽ ചുരുങ്ങിയ പക്ഷം കുരുമുളകു ശേഖരിയ്ക്കാൻ വേണ്ടിയെങ്കിലും ഈ ക്ഷേത്രത്തിനും
പരിസരത്തിനും സംരക്ഷണം ലഭിച്ചിരിയ്ക്കണം. ഇരിങ്ങാലക്കുട കൂടൽ മാണിയ്ക്ക ക്ഷേത്രം ജൈന
ക്ഷേത്രമായിരുന്നല്ലോ. അതിന്റെ സ്വത്തുക്കൾ കിഴക്കേ പോട്ട (ഇപ്പോളത്തെ നോർത്ത് ചാലക്കുടി)
വരെ വ്യാപിച്ചിരുന്ന കാര്യം ക്ഷേത്ര രേഖകളിലുണ്ട്. കൂടാതെ ഏ.ഡി. ഒമ്പതാം നൂറ്റാണ്ടു
മുതൽ രണ്ടു നൂറ്റാണ്ടുകൾ വരെയെങ്കിലും ജൈന ക്ഷേത്രങ്ങൾക്ക് രാജാക്കന്മാരുടെ ദാനവസ്തുക്കൾ
ലഭിച്ചിട്ടുണ്ടെന്നു ശാസനങ്ങൾ പറയുന്നുണ്ട്. ഏ.ഡി. പതിനൊന്നാം നൂറ്റാണ്ടിൽ നില നിന്നിരുന്ന
ഒരു ജൈന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളാകാം ഇങ്ങനെ നശിച്ചു പോയത് എന്നും വരാവുന്നതാണ്.
എന്തായാലും നമ്മുടെ അന്വേഷണം
മുമ്പോട്ടു കൊണ്ടു പോകേണ്ടതുണ്ട്.
ഒരു പതിനഞ്ചു കൊല്ലം മുപ് ഞങ്ങള്‍ കുളിക്ക്യാനായി അവിടെ സ്ഥിരം പോവാറുണ്ട് ..... എന്തെ കൂടെ സുഹുതുക്കളും ഉണ്ടാവാറുണ്ട് ..ഒരു ദിവസം യാത്രിശ്സികമായി ഒരു പരന്ന കല്ല് കണ്ടു വൃത്തിയാക്കിയപ്പോള്‍ നല്ല വ്യാസമുള്ള ശിവലിന്ഗ പീടമായിരുന്നു അതെന്നു ഞങ്ങള്ള്‍ക്ക് മനസ്സിലായി ഞങ്ങള്‍ നാലു അങ്ങു പീരുണ്ടായിരുന്നെന്നു തോന്നുന്നു ..അതനക്കാന്‍ കഴിഞ്ഞില്ല ..............തൊടരുതെന്ന് അന്ന് ആരോ മുതിര്‍ന്നവര്‍ പറയുന്നത് കേട്ടിരിന്നു ..........ഇതുമായി തട്ടിച്ചു നോക്കുംഭോള്‍ അതൊരു ശിവശേത്രമായിരുന്നിരിക്കയാമെന്നു ഞാന്‍ വിശ്വസിക്ക്യുന്നു
ReplyDeleteശിവലിംഗ പീഠമല്ലാതെ ശിവലിംഗം താങ്കൾ കണ്ടില്ലല്ലോ. അതു മറ്റൊന്ന് ആയിക്കൂടേ? താങ്കൾ കണ്ട പരന്ന കല്ലിന്റെ ഒരു ചിത്രം വരച്ച് (പെയിന്റ് പ്രോഗ്രാമിൽ വരച്ചതോ, കടലാസിൽ വരച്ച് സ്കാൻ ചെയ്തതോ jeevabindu@mail.com എന്ന ഇമൈൽ വിലാസത്തിൽ അയച്ചു തരുമോ?
ReplyDeleteശിവലിന്ഗ പീഠം വളരേ മനോഹരമായി കൊത്തിയുണ്ടാക്കിയിരിക്ക്യുന്നു ഏകദേശം 3 .5 അടി വ്യാസം ഉണ്ടാവും ഞങ്ങളെല്ലാവരും കൂടി വൃത്തിയാക്കിയതാണ് അതാണ് ഞാന്‍ ഇത്ര ഉറപ്പു പറയുന്നേ അല്ലാതെ ഊഹാപോഹമോന്നുമല്ല അന്ന് എന്തെ കൂടെയുണ്ടായിരുന്ന സുഹുതുക്കളെ ഞാന്‍ അന്വേഷിച്ചുകൊണ്ടിരിക്ക്യുന്നു പീഠം കിടന്ന സ്ഥലം ഇപ്പോഴും എന്തെ മനസ്സിലുണ്ട് .അതിന്തെ നടുവിലായി ചതുരാകൃതിയില്‍ ഒരു കുഴിയുണ്ടായിരുന്നു .........അന്വേഷിച്ചാല്‍ അറിയാം ശിവലിംഗം പീടവുമായി ഉറപ്പിക്ക്യുന്ന ഭാഗം ചാതുരാഗ്രിതിയായിരികും ........അഭിഷേകം ചെയ്യുമ്പോള്‍ പുറതെക്കുപോകുന്ന ചാല് വരെ എത്ര ഭംഗിയായി കൊത്തിയുണ്ടാക്കിയിരിക്ക്യുന്നു മൊബൈലും കാമെരയുമില്ലാത്ത സമയം ......അതുകൊണ്ടൊന്നും ഞങ്ങളുടെ മനസ്സില്‍ പതിഞ്ഞ ചിത്രത്തെ മാക്യാന്‍ ഒരു കാലത്തിനും കഴിയില്ല ............പരന്ന കല്ല് എന്ന് ഞാന്‍ പറഞ്ഞത് ഞങ്ങള്‍ ആത്യം കണ്ടപ്പോള്‍ തോന്നിയതാണ് പിന്നീട് മണ്ണെല്ലാം മാറ്റിയപ്പോള്‍ ശേരിക്ക്ക്കും പീഠം തന്നെയായിരുന്നു
ReplyDelete