ഹൈ സ്പീഡ് റയിൽ പദ്ധതിയുടെ പ്രീ ഫീസിബിലിറ്റി പഠനത്തിന്റെ ഭാഗമായി ചരിത്ര സ്മാരകങ്ങളേയും ആരാധനാലയങ്ങളേയും ഒഴിവാക്കി മാത്രമേ നിർദ്ദിഷ്ട റയിലിന്റെ അലയ്മെന്റ് നിശ്ചയിയ്ക്കൂ എന്നു പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ കേരള ചരിത്രത്തിലെ തന്നെ ഗതിവിഗതികൾ നിശ്ചയിച്ച ടിപ്പു സുൽത്താന്റെ പടയോട്ടത്തിനെതിരെ നടത്തിയ ഏറ്റവും ശക്തവും ആസൂത്രിതമായ ചെറുത്തു നിൽപ്പിനു കാരണമായ നെടുങ്കോട്ടയിലെ തന്നെ ചങ്കായ ഭാഗങ്ങളാണു തിരുവിതാംകൂർ സൈന്യം തമ്പടിച്ചിരുന്ന വട്ടക്കോട്ടകൾ. നെടുങ്കോട്ടയുടെ പേരിൽ തന്നെ സ്ഥലനാമം വീണ കോട്ടമുറിയിലെ വട്ടക്കോട്ടയ്ക്കു മുകളിലൂടെയാണ് നിർദ്ദിഷ്ട ഹൈസ്പീഡ് റയിൽ പാതയുടെ അലയ്മെന്റ് നിശ്ചയിച്ചിരിയ്ക്കുന്നത്. അല്ലെങ്കിലും പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് ഇതുവരെ കോടിക്കണക്കിനു രൂപ ചെലവഴിച്ചെങ്കിലും കോട്ട അനു നിമിഷം നശിച്ചു കൊണ്ടിരിയ്ക്കുകയാണ്. ഈ നാഥനില്ലാക്കളിയിൽ ലക്ഷക്കണക്കിനു ലോഡ് മണ്ണ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി തല്പരകക്ഷികൾ വിറ്റു കാശാക്കുകയും ചെയ്തു. കിടങ്ങുകൾ മിക്കവാറും മൂടിക്കഴിഞ്ഞു. കോട്ടയുടെ പല ഭാഗങ്ങളും പുരാവസ്തു വകുപ്പിന്റെ ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യവേ തന്നെയാണു നശിച്ചു പോയത്. കോട്ടമുകളിലൂടെയാണ് ഈ പ്രദേശങ്ങളിൽ മിക്കവാറും റോഡുകൾ പോയിട്ടുള്ളതും.
വട്ടക്കോട്ടയെ കുറിച്ച് ഒരു നാട്ടുകാരി സംസാരിയ്ക്കുന്നു
വട്ടക്കോട്ടയുടെ ശരിയായ രൂപം ഒരമ്പതു വർഷം മുമ്പു വരെ ദൃശ്യമായിരുന്നു എന്നു ദൃക്‌സാക്ഷികൾ പറയുന്നു. അവിടെ നിന്നും പീരങ്കികളുടേയും തോക്കുകളുടേയും ഉണ്ടകൾ ധാരാളം ലഭിച്ചിരുന്നു. റോഡുണ്ടാക്കാൻ കോട്ടമണ്ണിടിച്ച് പലയിടത്തും കിടങ്ങുകൾ മൂടുകയുമുണ്ടായി.
വട്ടക്കോട്ടയ്ക്കരികിലെ കെ. അടയാളം
വട്ടക്കോട്ടയ്ക്കു നടുവിലൂടെ ഹൈസ്പീഡ് റയിലിന്റെ അലയ്മെന്റ് പോകുന്നതിന്റെ വീഡ്ഡിയോയ്ക്കു ക്ലിക്ക് ചെയ്യുക
അപ്രകാരമെല്ലാമുള്ള വട്ടക്കോട്ടയുടെ നടുവിലൂടെയാണ് ഇപ്പോൾ ഹൈസ്പീഡ് റയിലിന്റെ അലയ്മെന്റ് പോകുന്നത്. സർക്കാർ നയം സംരക്ഷിയ്ക്കാനെങ്കിലും ബന്ധപ്പെട്ടവർ ഇക്കാര്യം കണക്കിലെടുക്കേണ്ടതുണ്ട്.
കേരളത്തിന്റെ ഇന്നത്തെ സാഹചര്യത്തില്‍ ഇങ്ങനെ ഒരു പാത വന്നാല്‍ തന്നെ ഇതിന്റെ അന്തിമ ഉപഭോക്താക്കള്‍ (end users) മധ്യ വര്‍ഗത്തിലും ഉപരിയില്‍ വരുന്ന ആളുകള്‍ ആണ് . ഒരു വളരെ ചെറിയ വിഭാഗം ആളുകളുടെ നിക്ഷിപ്ത താല്പര്യത്തിനു വേണ്ടിയോ സുഖലോലുപതക്കോ വേണ്ടി ഒരു വലിയ ജനവിഭാഗത്തിന്റെ ജീവിതം മാറി മറിക്കാന്‍ ഒരിക്കലും അനുവദിച്ചു കൂടാ.
ReplyDeleteദയവായി തൃശൂര്‍ ജില്ലയില്‍ കൂടി ഈ പദ്ധതി കടന്നു പോകുന്ന പാത മുഴുവനും (ചിത്രം ) ഇടാമോ? നമ്മള്‍ ഒറ്റകെട്ടായി നീങ്ങിയാല്‍ നല്ലത് അല്ലെ ?
ReplyDeleteഈ നെടുങ്കോട്ടയെപ്പറ്റി ഞാനും ഒരുപാട് അന്വേഷിച്ചിട്ടുണ്ട് . കാടുകുറ്റി,അന്നനാട്, മുരിങ്ങൂർ ഭാഗത്തുള്ള കോട്ട ഭാഗങ്ങളെ പറ്റി ഞാൻ കുറച്ചു പ്രായമായ ആളുകളോട് ചോദിച്ചറിഞ്ഞു. പണ്ടുകാലത്ത് ഈ കോട്ടയുടെ വടക്ക് ഭാഗത്തുണ്ടായിരുന്ന കിടങ്ങിൽ മഴക്കാലത്ത് വെള്ളം നിറഞ്ഞിരുന്നു. അപ്പോൾ തദ്ദേശവാസികൾ ചൂണ്ടയിടാനും മറ്റുമായി സ്ഥിരം കോട്ടയിൽ പോകുമായിരുന്നു. കോട്ടമുറി ജങ്ങ്ഷനിൽ നിന്നും കിഴക്കോട്ടു ഏതാണ്ട് മുരിങ്ങൂർ വരെയുള്ള കോട്ട ഭാഗങ്ങളിൽ നിന്നും മണ്ണ് എടുത്താണ് ഇന്ന് അവിടെ കാണുന്ന ഒട്ടുമിക്ക പഴയ വീടുകളും പണിതിരിക്കുന്നത്. ഒരുപക്ഷെ അവിടുത്തെ ജനങ്ങൾക്ക് ഈ മഹത്തായ കോട്ടയുടെ ചരിത്രത്തെ കുറിച്ച് അറിവില്ലായിരുന്നിരിക്കാം. ഈ കോട്ടയ്ക്കു സമാന്തരമായിട്ടാണ് ഇന്ന് കാണുന്ന മുരിങ്ങൂർ - കാടുകുറ്റി ബസ് റൂട്ട് . പണ്ട് കാലത്ത് ആളുകൾക്ക് തെക്കോട്ടും വടക്കോട്ടും കടക്കുന്നതിനു ഈ മാനം മുട്ടുന്ന കോട്ട തടസമായി നിന്നിരുന്നു. അതുകൊണ്ട് കോട്ടയുടെ പലഭാഗങ്ങൾ സൗകര്യാർത്ഥം മുറിച്ചു നീക്കിയിരുന്നു. പാമ്പുതറ, വളവൻ അങ്ങാടി, വേലുപ്പിള്ളി ക്ഷേത്ര വഴി മുതലായ സ്ഥലങ്ങളിലാണ് പ്രധാനമായും കോട്ട മുറിച്ചു നീക്കിയിരുന്നത്.
ReplyDeleteചിലർ പറയുന്നു ഈ കോട്ടയ്ക്കു ചില ഭാഗങ്ങളിൽ ഒരു തെങ്ങിനോളം ഉയരം ഉണ്ടായിരുന്നു എന്ന്. 1960s ഇലാണ് കോട്ടയിൽ നിന്ന് രൂക്ഷമായി മണ്ണ് എടുത്തതെന്ന് അറിയുന്നു. ഈ കോട്ടയിലെ മണ്ണ് നല്ല മഞ്ഞ നിറത്തിൽ നല്ല പശിമയുള്ള മണ്ണായിരുന്നു എന്ന് തദ്ദേശ വാസിയായ ഒരു അപ്പൂപ്പൻ പറഞ്ഞു. അദ്ദേഹത്തിന്റെ അറിവിൽ അന്നുണ്ടായിരുന്നവർ കോട്ടയിൽ നിന്നും മണ്ണ് കടത്തുന്നതിന് വേണ്ടി പ്രത്യേകം മരവണ്ടികൾ ഉണ്ടാക്കിവച്ചിരുന്നു. പണ്ട് രാത്രികാലങ്ങളിൽ കോട്ട ചേർന്ന് നടക്കുവാൻ ജനങ്ങൾ ഭയപ്പെട്ടിരുന്നു എന്നും അറിയുന്നു. പിന്നെ കോട്ടയുടെ ഒരു വശം(കാടുകുറ്റി ഭാഗത്ത് ) മൃതദേഹം സംസ്കരിക്കുവാൻ ഒരുകാലത്ത് ഉപയോഗിച്ചിരുന്നു. ഇന്ന് ഈ റോഡിന്റെ വടക്കേ വശത്തുള്ള എല്ലാ വീടുകളും കെട്ടിടങ്ങളും കോട്ട തകർത്ത് കിടങ്ങ് നികത്തി അതിനു മുകളിലായിട്ടാണ് നിർമിച്ചിരിക്കുന്നത്. സ്വന്തമായി ഭൂമി ഇല്ലാതിരുന്ന കീഴ്ജാതിക്കാർക്ക് ഒരുകാലത്ത് സർകാർ തന്നെ കോട്ട കയ്യേറുവാൻ അധികാരം നല്കിയിരുന്നു എന്നും കേൾക്കുന്നു(ഇപ്പോഴും കോട്ടയുടെ വടക്ക് വശത്താണ് പട്ടിക ജാതി വിഭാഗം അധികം പേരും താമസിക്കുന്നത് ). ഏതായാലും 70 കളുടെ അവസാനത്തോടുകൂടി ആ പ്രദേശത്ത് നിന്നും കോട്ട പൂർണമായി അപ്രത്യക്ഷമായി. 50 കളിലും 60 കളിലും അവിടുത്തെ കുട്ടികളുടെ കളിസ്ഥലം ആയിരുന്നു കോട്ട. ചൂണ്ടയിടാനും, കോട്ടമുകളിലേക്ക് ഓടി കയറി കളിക്കുകയും മറ്റും ചെയ്തിരുന്നത്രെ. ഏതായാലും ഞാൻ ജനിക്കുമ്പോൾ ഈ കോട്ടയുടെ ഒരു തുണ്ട് പോലും ഈ ഭാഗങ്ങളിലവശേഷിച്ചിരുന്നില്ല. എല്ലാം മുതിർന്നവർ പറഞ്ഞുള്ള അറിവാണ്. അവിടെയുള്ള മുത്തശ്ശിമാർ പറഞ്ഞു കേട്ടുള്ള അറിവാണ്. അന്നൊക്കെ ആ പ്രദേശത്തു എവിടെ നിന്ന് നോക്കിയാലും ആകാശം മുട്ടുന്ന ഈ ഭീമൻ കോട്ട ദൃശ്യം ആയിരുന്നു . അന്നനാട് ഭാഗത്തുള്ള കോട്ട ഭാഗത്തിന്റെ മുകളിൽ നിന്നും നോക്കിയാൽ അങ്ങകലെയുള്ള കൊരട്ടി മദുര കോട്സ് വരെ കാണാമായിരുന്നത്രെ . ഇതിൽ നിന്നും ഒരുകാലത്ത് ഈ കൊട്ടക്കുണ്ടായിരുന്ന വലിപ്പം വ്യക്തമാകും. 1960 കളിൽ തന്നെ ഈ കോട്ട ഇങ്ങനെയിരുന്നെങ്കിൽ ഇത് സർവ പ്രതാപത്തോടും കൂടി നിലന്നിന്നിരുന്ന 1700 കളുടെ അവസാന പതിറ്റാണ്ടുകൾ എങ്ങനെ ഇരുന്നിരിക്കും? എത്ര മനോഹരം ആയിരുന്നിരിക്കും? ആരെങ്കിലും അത് ഭാവനയിൽ കണ്ടു ഒരു ചിത്രം വരച്ചിരുന്നുവെങ്കിൽ... അത് കടന്നു പോയിരുന്ന ഒരു ഏകദേശ മാപ് തയാർ ആക്കിയിരുന്നെങ്കിൽ .....
പടിഞ്ഞാറു കടലുമുതൽ കിഴക്ക് മലനിരകൾ വരെ നീണ്ടു കിടന്ന നമ്മുടെ സ്വന്തം വന്മതിലിന്റെ പ്രധാന ഭാഗങ്ങൾ ഒന്നും നിലവിൽ ഇല്ലല്ലോ എന്നോർക്കുമ്പോൾ ഉള്ളിൽ പറഞ്ഞറിയിക്കാൻ ആവാത്ത ഒരു ദുഃഖം അലതല്ലുന്നു.... രാജ്യരക്ഷക്ക് വേണ്ടി നമ്മുടെ പൂർവികർ നമുക്ക് വേണ്ടി നിർമിച്ച ഈ സുരക്ഷാ വലയത്തിന്റെ മുഖ്യഭാഗങ്ങൾ സംരക്ഷിക്കേണ്ടാതയിരുന്നു(ഭാഗികം ആയിട്ടെങ്കിലും) .. അവരുടെ കഠിനാധ്വാനം(എത്ര ആളുകൾ ഈ കോട്ടയുടെ നിർമാണ വേളയിൽ മരണപ്പെട്ടു പോയിരിക്കാം!!), എല്ലാം മറന്നു ഇടിച്ചു നിരത്തിയിരിക്കുന്നു ചരിത്രം ഉറങ്ങുന്ന ഈ നെടുങ്കോട്ട.
നെടുങ്കോട്ട ഡച്ച് സാങ്കേതികവിദ്യയിൽ രൂപകൽപന ചെയ്ത ക്യാപ്ടൻ ഡി ലന്നൊയ് അവർകളുക്കും, ധനസഹായവും സന്നാഹങ്ങളും നല്കിയ ധർമരാജ കാർത്തിക തിരുന്നാൾ രാമ വർമ്മക്കും, കോട്ട നിർമിച്ച അന്നത്തെ അസംഖ്യം തദ്ദേശവാസികൾക്കും, കോട്ട പരിപാലിച്ചു പോന്ന വൈക്കം പദ്മനാഭ പിള്ള, കുഞ്ചുക്കുട്ടി സർവാധികാര്യക്കാർ, തിരുവിതാംകൂർ ഭടന്മാർ തുടങ്ങിയവർക്കും , കോട്ട തകർത്ത് ചരിത്രം സൃഷ്‌ടിച്ച ടിപ്പുവിനും , മൈസൂര് പടയാളികൾക്കും, നെടുങ്കോട്ട യുദ്ധത്തിൽ ജീവൻ പൊലിഞ്ഞ അനേകം നാട്ടുകാർക്കും ആത്മശാന്തി നേർന്നുകൊണ്ട് ഞാൻ നിർത്തുന്നു ...............
TEEDEE , ചാലക്കുടി