പാർശ്വവത്കരിക്കപ്പെട്ടവരുടെ പുനരധിവാസ കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന
ആരോഗ്യ സാമൂഹ്യക്ഷേമ വകുപ്പുകളും പോലീസും ചൈൽഡ് ലൈനും ചേർന്ന് 32 ടീമുകളിലായി തൃശ്ശൂർ ജില്ലയിലെ മാനസികാരോഗ്യ ചികിത്സാ പുനരധിവാസ കേന്ദ്രങ്ങളിലും ഡീ അഡിക്ഷൻ കേന്ദ്രങ്ങളിലും അനാഥ മന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും സ്പെഷൽ സ്കൂളുകളിലും മറ്റും മിന്നൽ പരിശോധന നടത്തി. ധാരാളം ക്രമക്കേടുകൾ പരിശോധനയിലൂടെ കണ്ടെത്തി എന്നാണറിയുന്നത്.
പ്രേമലേഖനമെഴുതിയാൽ പതിനായിരം രൂപ സമ്മാനം
2012 ഫെബ്രുവരി 10നകം തൃശ്ശൂർ ശക്തൻ സ്റ്റാൻഡിനു സമീപമുള്ള ശക്തൻ എൻക്വയറിയുടെ മാട്രിമോണിയൽ വിഭാഗത്തിൽ എഴുതി കൊടുക്കപ്പെടുന്ന പ്രേമലേഖനങ്ങളിൽ ഏറ്റവും മികച്ചതിനു പതിനായിരം രൂപ സമ്മാനം. നല്ല 100 പ്രേമലേഖനങ്ങൾക്ക് പുസ്തകങ്ങളും സമ്മാനമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0487þ2420082ൽ വിളിക്കുക.
കൊടുങ്ങല്ലൂർ താലൂക്കിലെ സർക്കാർ ആഫീസുകൾക്ക് ജനുവരി 18ന് അവധി
കൊടുങ്ങല്ലൂർ ശ്രീകുരുമ്പ ക്ഷേത്രത്തിലെ താലപ്പൊലി ദിനമായ 18ന് കൊടുങ്ങല്ലൂർ താലൂക്കിലെ സകല സർക്കാർ ആഫീസുകൾക്കും അവധി പ്രഖ്യാപിച്ചു. പരീക്ഷകൾക്ക് ഇതു ബാധകമല്ല.
വോട്ടർ പട്ടിക തിരുത്തൽ
വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും ഓൺലൈനായി അപേക്ഷ സ്വീകരിച്ചു തുടങ്ങി.
അഖില കേരള റേഡിയോ നാടക മത്സരം
2012 ജനുവരി 15 മുതൽ 24 വരെ എല്ലാ ദിവസവും രാത്രി 9.30 മുതൽ അഖില കേരള റേഡിയോ നാടക മത്സരം നടക്കുന്നു. 15നു തിരനോട്ടം 16നു പെരുമ്പടവം ശ്രീധരന്റെ അശ്വാരൂഢന്റെ വരവ് 17നു സുധീർ പരമേശ്വരന്റെ സെപ്റ്റംബറിന്റെ മുറിവ് 18നു ശ്രീമൂലനഗരം പൊന്നന്റെ പ്രാണനിലകൾ പറയാതെ പറഞ്ഞ് 19നു കെ.വി. ശരത്ചന്ദ്രന്റെ ഹത്യ 20നു കെ.എം. രാഘവൻ നമ്പ്യാരുടെ കാദംബിനി 21നു സതീഷ് ചന്ദ്രന്റെ അന്നക്കുട്ടിക്കു ഇന്റർനെറ്റു വേണം 22നു രവിയുടെ കാഫ്ക സിറ്റി 23നു കെ.വി. മോഹൻകുമാറിന്റെ ഏഴാമിന്ദ്രിയം 24നു രാജീവ് കുമാറിന്റെ പതിമൂന്നാം പ്രതി എന്നിവയാണു മത്സരത്തിനു തെരഞ്ഞെടുക്കപ്പെട്ട നാടകങ്ങൾ.
വനദേവതോത്സവം
അതിരപ്പിള്ളി പഞ്ചായത്തിലെ പതിനാലു ആദിവാസി കോളനികളിലെ കാടരും മലയരും മുതുവാന്മാരും മന്നാന്മാരും ഉള്ളാടരും മുക്കം പുഴയിൽ ഒന്നു ചേർന്നു വനദേവതോത്സവം നടത്തി. പരടി അമ്പലത്തിൽ മലദൈവപൂജയും മുക്കമ്പുഴ ഭദ്രകാളി ധർമശാസ്താ ക്ഷേത്രങ്ങളിൽ തേൻപൂജയും നടന്നു.
അമ്പു തിരുന്നാൾ
മേലൂർ സെന്റ് ജോസഫ്സ് പള്ളിയിൽ 14,15 തീയതികളിൽ അമ്പു തിരുന്നാൾ ആഘോഷിച്ചു. നല്ല ജനകീയ പങ്കാളിത്തം ഉണ്ടായിരുന്നു.
വീട്ടുകലഹമുണ്ടായാൽ വീടിനു തീവയ്ക്കുമോ?
ആളൂർ റെയിൽവേ ഗേറ്റിനു സമീപം കനാൽ പുറമ്പോക്കിൽ കാച്ചപ്പിള്ളി ജോൺസൻ സ്വന്തം വീടിനു തീവച്ചതിന്റെ പേരിൽ കൊടകര പോലീസിനാൽ അറസ്റ്റു ചെയ്യപ്പെട്ടു. കുടുംബ ബന്ധങ്ങൾ ഇങ്ങനെ ദുർബലമാകുന്നതിനു മദ്യത്തിനു വലിയ പങ്കുണ്ടത്രേ.
മാളയിലെ യഹൂദ ശ്മശാനം
മട്ടാഞ്ചേരി ദേവാലയത്തേക്കാൾ പഴക്കമുള്ള മാളയിലെ യഹൂദ ശ്മശാനവും സിനഗോഗും സർക്കാർ പൈതൃക സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കണമെന്നു ഡോക്ടർ എം.ജി.എസ്. നാരായണൻ ആവശ്യപ്പെട്ടു.
പോസ്റ്റ്മോർട്ടം നടത്തി
പീലാർമുഴിയിൽ കാട്ടുപട്ടികൾ കടിച്ചുകൊന്ന മാനിന്റെ ശവം പോസ്റ്റ്മോർട്ടം നടത്തി അധികാരികൾ മറവു ചെയ്തു.
ഐ.എഫ്.എഫ്.റ്റി. ഫിലിം ഫെസ്റ്റിവൽ
ഏഴാമത് ഫിലിം ഫെസ്റ്റിവൽ ഓഫ് തൃശ്ശൂർ 2012 ജനുവരി 26 മുതൽ ഫെബ്രുവരി 1 വരെ നടക്കുന്നു. ഫെസ്റ്റിവലിനിടയ്ക്കു ദാമോദരൻ നമ്പിടി ക്യൂറേറ്ററായ ചിത്രപ്രദർശനവും നടക്കും. 14 മുതൽ 24 വരെ വിവിധ വായനശാലകളിൽ വച്ച് പ്രശസ്ത ചിത്രങ്ങളും പ്രദർശിപ്പിക്കുന്നുണ്ട്.
ട്രെയിനിൽ സ്ത്രീകൾ തമിഴനെ പിടികൂടി പോലീസിലേൽപ്പിച്ചു
മദ്യലഹരിയിൽ സ്ത്രീകളേയും വിദ്യാർത്ഥിനികളേയും അസഭ്യം പറഞ്ഞു ശല്യപ്പെടുത്തിയ ഈറോഡ് കാരനായ തമിഴൻ ശെന്തിലിനെ (29) ധൻബാദ് എക്സ്പ്രസ്സിലെ യാത്രക്കാരായ സ്ത്രീകൾ പിടികൂടി തൃശ്ശൂർ സ്റ്റേഷനിലിറക്കി പോലീസിനു കൈമാറി. പിന്നീട് ശെന്തിൽ റിമാന്റു ചെയ്യപ്പെട്ടു.
പുരാവസ്തു പ്രദർശനം
തൃശ്ശൂർ സെന്റ് തോമാസ് കോളേജിലെ മെഡ്ലിക്കോട്ട് ഹാളിൽ ജനുവരി 16 മുതൽ 25 വരെ പുരാവസ്തു പ്രദർശനം നടക്കുന്നതാണ്.
കഞ്ചാവു വളർത്തുന്ന പോലീസ്
തൊണ്ടിയായി പിടിച്ച കഞ്ചാവു ചെടി ഗുരുവായൂർ പോലീസ് സ്റ്റേഷനിൽ വളർത്തി വലുതാക്കുന്നു. ചെടിക്ക് ഇപ്പോൾ 5 അടിയോളം ഉയരമുണ്ട്.
ഭാരതീയ വിദ്യാനികേതൻ കലോത്സവം
ചാലക്കുടിയിൽ നടക്കുന്ന ഭാരതീയ വിദ്യാനികേതൻ കലോത്സവം സിനിമാ താരങ്ങളായ സുകുമാരിയും കലാഭവൻ മണിയും ഉത്ഘാടനം ചെയ്തു.
ജില്ലാ കലോത്സവ സർട്ടിഫിക്കറ്റുകൾ ഡി.ഡി.ഇ. ആഫീസ് വരാന്തയിൽ
മലപ്പുറം ജില്ലാ കലോത്സവ സർട്ടിഫിക്കറ്റുകൾ മലപ്പുറം ജില്ലാ ഡി.ഡി.ഇ. ആഫീസ് വരാന്തയിൽ അലക്ഷ്യമായി വിതറിയിട്ട നിലയിൽ കാണപ്പെട്ടു. വിജയികളോട് മതിയായ ആദരവു കാട്ടാതെ അശ്രദ്ധമായി സർട്ടിഫിക്കറ്റുകൾ തെരഞ്ഞെടുക്കാൻ മത്സരാർഥികളെ അനുവദിച്ചതിന്റെ പരിണിത ഫലമായിരുന്നു കണ്ടത്.
16നു തൃശ്ശൂർ ജില്ലയിലെ സകല വിദ്യാലയങ്ങൾക്കും അവധി
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉത്ഘാടന സമ്മേളനത്തിൽ പങ്കെടുക്കുന്നതിനു ജനുവരി 16ന് ജില്ലയിലെ വിദ്യാലയങ്ങൾക്ക് വിദ്യാഭ്യാസ ഉപഡയറക്ടർ അവധി പ്രഖ്യാപിച്ചു. വേദികളും താമസസൌകര്യങ്ങളും വാഹനങ്ങളും ഏർപ്പെടുത്തിയ സ്കൂളുകൾക്ക് 16 മുതൽ 20 വരെ അവധി ആയിരിക്കും. സ്കൂൾ കലോത്സവത്തിലെ മീഡിയാ സെന്റർ മോഡൽ ഗേൾസ് സ്കൂളിലാണ്.
കലിക്കൽ താലപ്പൊലി
കലിക്കൽ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ജനുവരി 15 മുതൽ 19 വരെ ആഘോഷിക്കുന്നു.
ഫിലാറ്റലിക് സ്റ്റാമ്പ് പ്രദർശനം
തൃശ്ശൂർ ഇരിങ്ങാലക്കുട പോസ്റ്റൽ ഡിവിഷനുകളുടെ സംയുക്താഭിമുഖ്യത്തിൽ തൃശ്ശൂർ പഴയ നടക്കാവ് പാണ്ഡി സമൂഹമഠം ഹാളിൽ ജനുവരി 16, 17 തീയതികളിൽ ജില്ലാതല ഫിലാറ്റലിക് സ്റ്റാമ്പ് പ്രദർശനം നടക്കുന്നു.
15 ദിനം കൊണ്ട് 30 നില കെട്ടിടം
ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ഡോങ്ടിങ് തടാകത്തിനടുത്ത് ബ്രോഡ് ഗ്രൂപ്പ് എന്ന നിർമ്മാണ കമ്പനി 30 നിലയും 183000 ചതുരശ്ര അടി വിസ്തീർണ്ണവും റിക്ടർ സ്കൈലിൽ 9 വരെയുള്ള ഭൂകമ്പത്തെ ചെറുക്കാൻ ശേഷിയുള്ളതുമായ ദ ആർക് എന്ന ഹോട്ടൽ ഓവർടൈം ഇല്ലാതെ 15 ദിവസം കൊണ്ട് നിർമ്മിച്ചു തീർത്ത് ലോകറിക്കാർഡിട്ടു.
No comments:
Post a Comment