അട്ടകൾ മേലൂരിലെ മിക്കവാറും പാടങ്ങളിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു. അട്ടകൾ മാത്രമല്ല ബ്രാലും കുറുവയും പള്ളാത്തിയും പുഷ്ക്കൂരിയും കാരിയും മുഷിയും തവളകളും പക്ഷിക്കൂട്ടവും നിറഞ്ഞ ഒരു സുവർണ്ണ ജൈവമേഖലയായിരുന്നു നമ്മുടെ പാടങ്ങൾ അന്നത്തെ ചളിയ്ക്കു പോലും ആ ജൈവീകത ഉണ്ടായിരുന്നു.
എന്നാൽ ഹരിത വിപ്ലവത്തിന്റെ വഴിത്താരകളിലൂടെ സഞ്ചരിച്ച നാം രാസവളങ്ങളും കീടനാശിനികളും പാടശേഖരങ്ങളിൽ കോരിച്ചൊരിയാൻ തുടങ്ങിയതോടെ മണ്ണു മരിയ്ക്കാൻ തുടങ്ങി. അന്നു ആദ്യഘട്ടത്തിൽ തന്നെ വൻ തോതിൽ നശീകരണത്തിനിരയായ ജീവി വർഗ്ഗമാണ് അട്ടകൾ. ബ്രാലും മുഷിയും കാരിയുമൊക്കെ ട്രാക്ടർ ടില്ലർ ഉഴവ് ആരംഭിച്ചതോടെ അപ്രത്യക്ഷമായി. അമേരിക്കൻ കയറ്റുമതിയ്ക്കായി തവളക്കാലിനു വേണ്ടി തവളകളേയും നാം കൂട്ടക്കുരുതി നടത്തി. കൊക്കുകളൊഴികെ പക്ഷികളും പാടങ്ങളിൽ എത്താതായി. അവ തന്നെയും മേയാൻ വരുന്ന കന്നുകാലികളിലെ ചെള്ളുകളെ തിന്നു വിശപ്പടക്കി ഒരു അതിജീവനം നടത്തിയതാണെന്നും കരുതാം.
എന്നാൽ ക്രമത്തിൽ അത്യുല്പാദനശേഷിയുള്ള വിത്തിനങ്ങൾ എന്ന പ്രയോഗം തന്നെ തെറ്റാണന്നു വൈയാകരണന്മാർ പോലും പറയുന്ന അവസ്ഥയിലേയ്ക്കു നമ്മുടെ ഹരിത വിപ്ലവം പുനർവായിയ്ക്കപ്പെട്ടു. കൃഷി സാമ്പത്തികമായി നഷ്ടക്കച്ചവടമായി. കൂലിക്കാർ പോലും കൃഷിപ്പണിയ്ക്ക് ഇറങ്ങാൻ മടിച്ചു. പല പാടങ്ങളും നികത്തി വിറ്റാൽ അനേക മടങ്ങു ലാഭം കിട്ടുന്ന വിധം റിയൽ എസ്റ്റേറ്റ് ബിസിനസ് പുരോഗമിച്ചു. അതിനും കഴിയാതെ വന്നപ്പോൾ പാടങ്ങൾ തരിശിടാൻ തുടങ്ങി
മേലൂരിലെ തരിശിട്ട ഒരു പാടം
പാടങ്ങൾ തരിശിട്ടതോടെ മണ്ണിൽ രാസവളങ്ങളും കീടനാശിനികളും ചേർക്കപ്പെടാതായി. നിലവിൽ മണ്ണിൽ ഉണ്ടായിരുന്ന വിഷാംശം പതുക്കെ പതുക്കെ മഴക്കാലങ്ങളിൽ നീക്കം ചെയ്യപ്പെടാൻ തുടങ്ങി. അതോടെ പഴയ മണ്ണിനു വീണ്ടും പുതുജീവൻ കിട്ടി. മണ്ണിലേയ്ക്ക് ജീവജാലങ്ങൾ തിരിച്ചു വരാൻ തുടങ്ങി. പൂച്ചുട്ടിയും പരലുകളും തിരിച്ചെത്തി. മൈനകളും പ്രാവും പാടത്തിറങ്ങാൻ തുടങ്ങി. ദേശാടനക്കിളികൾ നമ്മുടെ പാടങ്ങളും സന്ദർശിയ്ക്കാനെത്തി. വെള്ളം ഒന്നുകൂടി തെളിഞ്ഞു. നമ്മുടെ കുസൃതിക്കുരുന്നുകൾ വെള്ളത്തിൽ കളിയ്ക്കാനെത്തി.
ബെസ്റ്റ് ഒരു മിടുക്കൻ കുട്ടിയാണ്. അവൻ ഊർജ്ജസ്വലനാണ്. തോട്ടിൽ കുളിയ്ക്കാനിറങ്ങിയാൽ അവൻ അതാകെ ഇളക്കി മറിയ്ക്കും. ഞാനിതൊന്നും വെറുതെ പറയുന്നതല്ല. അവനേയും അവന്റെ പെർഫോർമൻസിനേയും നിങ്ങൾ തന്നെ വിലയിരുത്തൂ.
ബെസ്റ്റ് തോട്ടിൽ
അങ്ങനെ ബെസ്റ്റ് അർമ്മാദിച്ച് കുളിച്ചു കയറിയപ്പോൾ കാലിലാകെ ചോര. എന്തായിരിയ്ക്കും കാരണം? അനേക വർഷങ്ങളായി ഇവിടെങ്ങും ഇല്ലാതിരുന്ന ഒരു വിരുതൻ തിരിച്ചു വന്നിരിയ്ക്കുന്നു. നമ്മുടെ അട്ട തന്നെ. അട്ട ചോര കുടിച്ചു പോയതിന്റെ ബാക്കിപത്രം!
ബെസ്റ്റിന്റെ കാലിൽ അട്ട കടിച്ച മുറിവ്
അട്ട തിരിച്ചു വരുന്നത് നഷ്ടപ്പെട്ട ജൈവമണ്ഡലം തിരിച്ചു പിടിയ്ക്കാനായതിന്റെ ഒരു ലക്ഷണമാണ്. നമ്മുടെ മണ്ണ് വീണ്ടും ശുദ്ധഭൂമിയാകുന്നു. അട്ടകൾ മാത്രമല്ല ബ്രാലും കുറുവയും പള്ളാത്തിയും പുഷ്ക്കൂരിയും കാരിയും മുഷിയും തവളകളും പക്ഷിക്കൂട്ടവും പൂർവ്വാധികം ഓജസ്സോടെ തിരിച്ചു വരട്ടെ. മണ്ണു പൊന്നാകട്ടെ.
അട്ട
അതുകൊണ്ട് നിങ്ങളെ അട്ട കടിച്ചാൽ ദയവായി അതിനെ കൊല്ലാതിരിയ്ക്കുക. അവ ഇപ്പോൾ നമുക്ക് മംഗള വാർത്ത കൊണ്ടു വരികയാണ്.
No comments:
Post a Comment