യേശു വിപ്ലവകാരിയും രക്തസാക്ഷിയുമാണെന്നു ലോകത്തിലെ മിക്കവാറും കമ്മ്യൂണിസ്റ്റുകളും ക്രിസ്ത്യാനികളും വിശ്വസിക്കുന്നു. എന്നാൽ ചില ക്രിസ്ത്യാനികളും മുസ്ലീങ്ങളും യേശു കുരിശിൽ മരിച്ചു എന്നുപോലും വിശ്വസിക്കുന്നില്ല. അതിനാൽ ആരുടെയെങ്കിലും വികാരം വ്രണപ്പെടുത്തുന്നതൊന്നും പറയരുത് എന്ന വാദത്തിൽ അടിയുറച്ചു വിശ്വസിക്കുന്നവർ യേശുവിനെ കുറിച്ച് ഒന്നും മിണ്ടാതിരിക്കുന്നതാണ് ബുദ്ധി. കാരണം, ക്രിസ്തുവിനെ സംബന്ധിച്ച വിശ്വാസങ്ങളിൽ ഒന്നിനെയെങ്കിലും പറയുന്നയാൾ വ്രണപ്പെടുത്തിയിരിക്കും. അതുകൊണ്ട് ആ വാദം നിലനിൽക്കുകയില്ല. നീഷേ തുടങ്ങിയ ചില ദാർശനികരെ സംബന്ധിച്ചിടത്തോളം മോശമായ അടിമ ദർശനത്തിന്റെ വക്താവു പോലുമാണ് യേശു.
എന്നാൽ പ്രസക്തമായ മറ്റൊരു വസ്തുതയുണ്ട്. യേശു നിങ്ങൾക്ക് ആരാണ്? ഒരു മാർക്സിസ്റ്റിനെ സംബന്ധിച്ച് ഈശ്വര വിശ്വാസം തന്നെ ശാസ്ത്രീയമല്ല എന്ന പാഠം പഠിച്ചു വളർന്നവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരിലെ മുൻ തലമുറ. അവരിൽ പലർക്കും തെമ്മാടിക്കുഴികളിലായിരുന്നു അന്ത്യവിശ്രമം. മതം മനുഷ്യനെ മയക്കുന്ന കറുപ്പായതിനാൽ അതു വർജ്യമത്രേ. അങ്ങനെയെങ്കിൽ ക്രിസ്തുമതമെന്നല്ല, യാതൊരു മതവും ഒരു മാർക്സിസ്റ്റിനു സ്വീകാര്യമാകുക അത്ര എളുപ്പമല്ല. പക്ഷേ ക്രിസ്തുമതത്തെ നിരസിക്കുന്നത് യേശുവിനെ നിരസിക്കുന്നതിലേക്ക് ഒരിക്കലും നയിക്കുകയില്ല തന്നെ. യേശു ഒരു വിമോചന പോരാളിയും വിപ്ലവകാരിയും രക്തസാക്ഷിയും ആണ് എന്നു പറയുന്നതിനു ഒരു മാർക്സിസ്റ്റ് വിശ്വാസവും തടസ്സമാകാനിടയില്ല. അങ്ങനെ ഒരു വിശ്വാസം ആധുനിക മലയാളി മാർക്സിസ്റ്റുകൾക്ക് ഉണ്ടെന്നു തോന്നുന്നു. അതാണു ജയരാജൻ മുതൽ ശ്രീരാമകൃഷ്ണൻ വരെ പറയുന്നത്. അതുകൊണ്ട് തന്നെയാണ് നമുക്കത് പരിശോധനാ വിഷയം ആക്കേണ്ടി വരുന്നത്.
മാർക്സിസ്റ്റ് പാർട്ടി വക സമ്മേളനങ്ങളിൽ മാർക്സ്, എംഗത്സ്, ലെനിൻ, സ്റ്റാലിൻ എന്നിവർക്കു മാത്രമാണു ആദ്യകാലത്തു ചിത്രമായി അവതരിക്കാൻ ഭാഗ്യം സിദ്ധിച്ചിരുന്നുള്ളൂ. പിന്നീട് മാവോ, കാസ്ട്രോ, ചെ ഗുവേര തുടങ്ങിയവരൊക്കെ എത്തി. പിന്നെ പിന്നെ പാർട്ടി ജനറൽ സെക്രട്ടറിയുടെയും പ്രതിപക്ഷ നേതാവിന്റേയും, മുഖ്യമന്ത്രിയുടേയുമൊക്കെ ചിത്രങ്ങളും വരാൻ തുടങ്ങി. ഭഗത് സിംഗും കൂട്ടുകാരും നവോദ്ധാന നായകരും ചിത്രമായി വന്നു. പക്ഷേ ഒരിക്കലും ഗാന്ധി വന്നില്ല. ശ്രീനാരായണഗുരുവും, അംബേദ്കറും മദർ തെരേസയും ഒക്കെ കഴിഞ്ഞ് ഇപ്പോൾ യേശുവിലെത്തി നിൽക്കുന്നു ചിത്രപുരാണം. ആരാധന നിഷിദ്ധമായ ഒരു അവസ്ഥയിൽ നിന്നും വ്യക്ത്യാരാധനയുടെ തലങ്ങളിലേക്ക് പാർട്ടി ദാർശനികമായി അധപതിക്കുന്നതിന്റെ ലക്ഷണമായി ചില വിമർശകർ ഇതിനെ കാണുന്നു.
എന്തായാലും മാർക്സിസ്റ്റ് പാർട്ടി നയത്തിനെ ഭാഗമായി തന്നെ സംസ്ഥാന സമ്മേളന പോസ്റ്ററുകളിൽ യേശുവിന്റെ ചിത്രം വന്നു. ഒരു പക്ഷേ വല്ല വോട്ടും ചോർന്നാലോ എന്നു ഭയപ്പെട്ട് യു.ഡി.എഫ്. കൺവീനർ പ്രസ്താവനയിറക്കി. ക്രിസ്തീയ വോട്ടുകൾ വാങ്ങാൻ പറ്റുമോ എന്നു പരീക്ഷിക്കാനാണീ പോസ്റ്ററുകൾ എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. (ക്ലിക്ക് ചെയ്യുക) വിമോചന പോരാളിയായ യേശുവിന്റെ ജീവിതം തങ്ങൾക്ക് വഴികാട്ടിയാണെന്നു തർക്കത്തിലിടപെട്ടുകൊണ്ട് അച്ചുതാനന്ദൻ തന്റെ നയം വ്യക്തമാക്കി. (ക്ലിക്ക് ചെയ്യുക) നേതൃപാപ്പരത്തവും ആശയതകർച്ചയും സംഭവിച്ചതിനാലാണു യേശുവിനെ വിമോചന പോരാളിയായി ചിത്രീകരിക്കേണ്ടി വന്നതെന്ന് എം.എം. ഹസ്സൻ തിരിച്ചടിച്ചു. (ക്ലിക്ക് ചെയ്യുക) അതൊക്കെ തങ്ങൾ ചെയ്തുകൊള്ളാമെന്നു വ്യംഗ്യം. യേശുക്രിസ്തുവിനെ കമ്മ്യൂണിസ്റ്റുകൾ ആദരിക്കുന്നതിൽ ആർക്കും വിഷമം തോന്നേണ്ടെന്ന് പിണറായിയും വ്യക്തമാക്കി. (ക്ലിക്ക് ചെയ്യുക) ഇവിടെ ഒരു മാർക്സിസ്റ്റിനു ചേരാത്ത യേശുക്രിസ്തു എന്ന പദപ്രയോഗം അത്ഭുതാവഹമായിരിക്കുന്നു എന്നു പറയാതെയും വയ്യ.
തുടർന്ന് ക്രിസ്തുവിന്റെ പടമുപയോഗിച്ചുള്ള പ്രചരണം കാപട്യമാണെന്നു കെ.സി.ബി.സി. വ്യക്തമാക്കി. മതമേലദ്ധ്യക്ഷന്മാരെ ആക്ഷേപിച്ചതാണു പ്രധാന കുറവ്. (ക്ലിക്ക് ചെയ്യുക) ഇപ്പണി യേശുവും ചെയ്ത കാര്യം നമുക്കു മറക്കാം. ക്രിസ്തുദേവൻ ആരുടേയും സ്വകാര്യ സ്വത്തല്ലെന്നു ശ്രീരാമകൃഷ്ണൻ തിരിച്ചടിച്ചു. (ക്ലിക്ക് ചെയ്യുക) യേശുവിനെ രാഷ്ട്രീയവത്കരിക്കുന്ന സി.പി.എമ്മിന്റെ അടവു നയം അപലപനീയമാണെന്നു കെ.എം.മാണി വാർത്താക്കുറിപ്പിറക്കി. (ക്ലിക്ക്ചെയ്യുക) ഇതിനൊക്കെ ബെർളിത്തരത്തിൽ കണക്കിനു ശകാരവും കിട്ടി. (ക്ലിക്ക് ചെയ്യുക)
ചിലരെല്ലാം വേണ്ടത്ര കാർട്ടൂണുകളും വരച്ചു. (ക്ലിക്ക് ചെയ്യുക)
ഇങ്ങനെ സകല മഹത്വത്തിലും യേശു ക്രിസ്തുവായി വിലസുമ്പോൾ അതാവരുന്നു അഷ്ടമത്തിൽ ശനി. ഊരും പേരുമില്ലാത്ത ഒരു കലാകാരൻ ഡാവിഞ്ചിയുടെ അവസാനത്തെ അത്താഴം മോർഫ് ചെയ്തു യേശുവിനെ ഒബാമ ചെകുത്താനും ഡാൻ ബ്രൌണിന്റെ ഭാഷയിൽ പറഞ്ഞാൽ വി ഷേപ്പിൽ നിൽക്കുന്ന പാനപാത്രമായ മഗ്ദലന മറിയത്തെ സോണിയയായും പിന്നെ പന്ത്രണ്ടു തികയ്ക്കാൻ കണ്ട മുഖങ്ങളെല്ലാം വെട്ടി ഒട്ടിച്ചും ഇതു മുതലാളിത്തത്തിന്റെ അവസാന അത്താഴം, പ്രത്യാശ മാർക്സിസത്തിൽ മാത്രം എന്ന ലെറ്ററിങ്ങോടെ ഒരു ഫ്ലക്സ് അങ്ങു കാച്ചി. അതു സമ്മേളന പരസ്യമായി നിറഞ്ഞു നിന്നു. അപ്പോൾ യേശു ആരായി? മുതലാളിത്തത്തിന്റെ അവസാന വാക്കായ അമേരിക്കൻ പ്രസിഡണ്ട് ഒബാമ. തിന്മയുടെ മൂർത്തിയായ ചെവി നീണ്ട ലൂസിഫർ എന്ന സാത്താൻ. യേശുവിന്റെ കൂട്ടുകാരി ആരാണ്? സോണിയ. യു.ഡി.എഫുകാർക്കും പള്ളിക്കാർക്കും മിണ്ടാതിരുന്നാൽ മതി. അവർ മുമ്പ് പ്രസ്താവിച്ച പോലെ, അഥവാ മുമ്പ് ആഗ്രഹിച്ച പോലെ മാർക്സിസ്റ്റ് പാർട്ടി യേശുവിനെ തള്ളിക്കളഞ്ഞു കഴിഞ്ഞിരുന്നു. പക്ഷേ സീറോ മലബാർ സഭ പാർട്ടി മതവികാരത്തെ വ്രണപ്പെടുത്തി എന്നു പറഞ്ഞ് മുമ്പോട്ട് വന്നു. (ക്ലിക്ക് ചെയ്യുക) അത്താഴത്തെ വികലമായി ചിത്രീകരിച്ചത് ദൈവനിന്ദയാണെന്ന് ഉമ്മൻ ചാണ്ടി ഉടൻ പ്രതികരിച്ചു. (ക്ലിക്ക് ചെയ്യുക) അതോടെ ബോർഡ് വച്ചതുമായി പാർട്ടിയ്ക്കു ബന്ധമില്ലെന്നു പറഞ്ഞു കൈകഴുകാൻ പിണറായിക്കായി. (ക്ലിക്ക് ചെയ്യുക) ആകപ്പാടെ സകല പാർട്ടിക്കാരും പള്ളിക്കാരും യേശുവും നാറിയെന്നു പറഞ്ഞാൽ മതിയല്ലോ. വിദേശങ്ങളിൽ വരെ ഇതു വലിയ വാർത്തയായി. (ക്ലിക്ക് ചെയ്യുക)
പക്ഷേ ഇനി ഒരു സാമാന്യ മര്യാദ ബാക്കി കിടക്കുന്നു. ഒരു പത്തു കൊല്ലത്തേക്കെങ്കിലും നില നിൽക്കുന്ന വിധം ആരാണു തങ്ങൾക്ക് യേശു എന്ന പാർട്ടി നയം വ്യക്തമാക്കുന്നത് മാർക്സിസ്റ്റ് നേതൃത്വത്തിന്റെ സാമാന്യ മര്യാദ മാത്രമാണ്. അവർ മര്യാദക്കാരാണോ?
No comments:
Post a Comment