ആഗോളവല്ക്കരണത്തിനു മുന്‍പ് തന്നെ ഗള്‍ഫ്പണം കേരളത്തിൽ സ്വാധീനം ചെലുത്താൻ തുട ങ്ങിയിരുന്നു. ആഗോളവല്‍ക്കരണത്തിന്റെ സവിശേഷമായ ഒരു മുഖമായും പെട്രോഡോളറിന്റെ പ്രാഭവത്തെ വിലയിരുത്താം. കേരളത്തിനു അതിപ്രാധാനമായ ഗുണാത്മക മാറ്റം അത് കൊണ്ട് വന്നു. ഞങ്ങളുടെയൊക്കെ ബാല്യത്തിൽ ജീവസന്ധാരണം വലിയ സമസ്യയായ ഒരുപാട് കുടുംബങ്ങൾ മേലൂർ പോലുള്ള ഫലഭൂയിഷ്ഠമായ ഈ പ്രദേശത്തു പോലും ഉണ്ടായിരുന്നു. ഇല്ലായ്മകൾ പല രൂപത്തിലും ഇന്നും നില നില്‍ക്കുന്നുണ്ടാകാം .പക്ഷെ, കടുത്ത പട്ടിണി എന്ന നിലയിൽ അത് കേരളത്തിൽ ഇന്ന് നില നില്ക്കുന്നില്ല. ജനതയുടെ, പ്രത്യേകിച്ച്, അടിസ്ഥാനവര്‍ഗത്തിന്റെ ആശയാഭിലാഷങ്ങളിൽ വലിയ മാറ്റം വരികയും പലപ്പോഴും അവ സാക്ഷാത്ക്കരിക്കപ്പെടുകയും ചെയ്യുന്നു എന്നത് ആഹ്ലാദകരമായ കാര്യമാണ് .
പെട്രോഡോളർ കൊണ്ടുവന്ന ചീത്ത മാറ്റങ്ങളിൽ പ്രധാനം ഇവയാണ്:
1. ഉപഭോഗാസക്തി മനുഷ്യ ബന്ധങ്ങളിലും കുടുംബബന്ധങ്ങളിലും അയല്പക്കബന്ധങ്ങളിലും വരുത്തിയ മാറ്റം.
2. പെട്രോഡോളർ വഹാബിസത്തിന്റെയും മറ്റു മതമൌലിക വാദങ്ങളുടെയും പ്രചാരത്തിനായി ആസൂത്രിതമായി ഉപയോഗിക്കുന്ന അവസ്ഥ മതസൌഹൃദത്തിന്റെ ഒരു പച്ചതുരുത്തായിരുന്ന കേരളത്തിന് ഹാനികരമായേക്കാം. കരണ-പ്രതികരണങ്ങളിലൂടെ ഹിന്ദു-കൃസ്ത്യന്‍ മൌലികവാദങ്ങളും ഇതോടൊപ്പം വളരാൻ ഇടവരുന്നു.
3. ഗള്‍ഫ് സമ്പത്തിനോടും വോട്ട് ബാങ്കിനോടും ഉള്ള ആര്‍ത്തി രാഷ്ട്രീയ പാര്‍ടികളിൽ നിന്ന് പ്രത്യയശാസ്ത്രദാർഢ്യത്തെ ചോര്‍ത്തിക്കളഞ്ഞു. അനാചാരം ശാശ്വതവല്ക്കരിക്കുന്നവരോടും മതതീവ്രവാദികളോടും പണവും വോട്ടും വാങ്ങി ഇടതുപക്ഷം മുതൽ സംഘപരിവാർ വരെയുള്ളവർ സാമാന്യമനുഷ്യാവകാശങ്ങളെ കുരുതി കൊടുക്കുന്നതിൽ സഹകരിക്കുന്നു. ചേകന്നൂർ വധം, മാറാട്, ഐസ്ക്രീം എന്നിവ ഓര്‍ക്കുക. നീതിന്യായവ്യവസ്ഥ അങ്ങിനെ നമ്മുടെ കണ്മുന്നിൽ പ്രഹസനമാക്കപ്പെടുന്നു.
4. ഏതു മോശം അവസ്ഥയിലും, സംരക്ഷിത ജീനുകൾ പോലെ, അവിനാശിയാകേണ്ടാതണ് ഒരു നാട്ടിലെ സാംസ്കാരിക നേതൃത്വത്തിന്റെ മൂല്യബോധം. ഇന്ന് കേരളത്തിലെ സാംസ്കാരിക നേതൃത്വം രാഷ്ട്രീയ ഇലനക്കിപ്പട്ടികളുടെ ചിറിനക്കിപ്പട്ടികളായിരിക്കുന്നു. ഉപരോധത്തിലുള്ള സാമുദായികതയെയും പ്രതിരോധത്തിലുള്ള സാമുദായികതയെയും വിവേചിച്ചറിയാന്‍ കെല്പുള്ളതായിരുന്നു നൂറിലേറെ വർഷം പഴക്കമുള്ള നമ്മുടെ നവോത്ഥാന പാരമ്പര്യം. ഈ രണ്ടു സാമുദായികതകളെയും കുഴമറിച്ചു രാഷ്ട്രീയ യജമാനന്മാരെയും അവരുടെ യജമാനന്മാരായ സമുദായ മേധാവികളെയും സഹായിക്കുക എന്ന വിടുവേലയാണ് ഇന്നത്തെ സാംസ്കാരിക നേതൃത്വം ചെയ്യുന്നത്. വലിയ വലിയ പാര്‍ടി എടുപ്പുകൾ പോലെ തന്നെ, ഇന്നലെ സാഹിത്യനായകനു കിട്ടിയ അവാര്‍ഡും സെമിനാറിനുശേഷം അയാൾ തിന്ന വിശേഷപ്പെട്ട കരിമീനും പെട്രോ ഡോളറിന്റെ സംഭാവനയാണ്.
No comments:
Post a Comment