മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനു അർഹനായ മേലൂർക്കാരനായ സിവിൽ പോലീസ് ഓഫീസർ ജോഫി ജോസുമായി കെ.ജി.ശശി നടത്തുന്ന അഭിമുഖം. ജോഫി ആഗസ്റ്റ് പതിനഞ്ചിനു മെഡൽ ഏറ്റുവാങ്ങും.
ജോഫി ജോസ് യൂണിഫോമിൽ
ശശി : ജോഫി മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനു അർഹനായിരിക്കുകയാണല്ലോ. ഈ മെഡലിനു ഒരു പോലീസ് ഓഫീസറെ തെരഞ്ഞെടുക്കുന്ന നടപടി ക്രമം എന്താണ്?
ജോഫി : നമ്മൾ ആദ്യം ഒരു അപേക്ഷ നൽകണം. നമ്മൾ ചെയ്ത വർക്കുകളുടെ ഡീറ്റയിത്സ്, നമുക്കു കിട്ടിയ റിവാർഡുകൾ, ഗുഡ് സർവീസ് എൻട്രി, അവാർഡുകൾ അതെല്ലാം കൂടി ഡി.വൈ.എസ്.പി അദ്ദേഹത്തിനു അയച്ചു കൊടുക്കും. അദ്ദേഹം അതു എസ്.പി. അദ്ദേഹത്തിനു അയച്ചു കൊടുക്കും. ഇതിനൊക്കെ ഒരു പാനൽ ഉണ്ട്. ആ പാനലിൽ എസ്.പി. മൂന്നു ഡി.വൈ.എസ്.പി എന്നിവർ ഉണ്ടാകും. പാനൽ അംഗീകരിച്ചാൽ അതു മുകളിലേക്ക് അയച്ചു കൊടുക്കും. ബഹുമാനപ്പെട്ട ഐ.ജി. അദ്ദേഹം അതു സർക്കാരിലേയ്ക്ക് അയയ്ക്കും. സർക്കാരിൽ നിന്നു ഉത്തരവു ഇറങ്ങിയാൽ പി.എച്ച്.ക്യൂ. വിലേയ്ക്കയക്കും അവിടെ നിന്നുമാണ് ഓർഡർ ഇറങ്ങുന്നത്.
ശശി : ജോഫിയുടെ അപേക്ഷയിൽ കാട്ടിയിരുന്ന അച്ചീവ്മെന്റ്സ് എന്തെല്ലാമാണ്?
ജോഫി : ഞാൻ പുതുക്കാട് പോലീസ് സ്റ്റേഷനിൽ വർക്ക് ചെയ്യുന്ന സമയത്ത് കണ്ണൂരിലെ ഒരു ലോറി ഡ്രൈവറേയും ക്ലീനറേയും കൊലപ്പെടുത്തിയ ഒരു കേസ് ഉണ്ടായിരുന്നു. ആ കേസ്സിൽ ഞാൻ ഉണ്ടായിരുന്നു. പ്രതികളെ പിടിയ്ക്കാൻ കഴിഞ്ഞു. അതായിരുന്നു ആദ്യത്തെ സംഭവം. പിന്നീട് മേലൂർ ജോമോന്റെ മരണവുമായി ബന്ധപ്പെട്ട കേസിലും ഞാൻ ഉണ്ടായിരുന്നു. ചാലക്കുടി സി.ഐ. സാറായിരുന്നു അതിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ. അതിലെ പ്രതികളേയും കിട്ടി. പിന്നെ അടുത്തയിടെ ചാത്തന്നൂർ മഹാദേവ ക്ഷേത്രത്തിലെ താഴികക്കുടം മോഷണം പോയ ഒരു കേസ്. ആ കേസിലെ പ്രതി മാളയിൽ ആയിരുന്നു. അതിൽ രണ്ടു പ്രതികളെ മാളയിൽ നിന്നും ഒരാളെ കൊടുങ്ങല്ലൂരിൽ നിന്നും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞു. പിന്നെ എടുത്തു പറയാൻ പറ്റിയത് പാത്രക്കട ബാബു എന്ന ഒരുപാടു മോഷണക്കേസുകളിലെ പ്രതി പോലീസിൽ നിന്നും രക്ഷപ്പെട്ട് എട്ട് വർഷത്തോളം തമിഴ്നാടിലെ ഉടുപ്പി എന്ന സ്ഥലത്ത് ഒളിവിൽ കഴിയുകയായിരുന്നു. ബാബുവിനെ അറസ്റ്റു ചെയ്യുന്ന സംഘത്തിലും പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. കോടതി പിടികിട്ടാ പുള്ളികളായി പ്രഖ്യാപിച്ച ഇരുപത്തഞ്ചോളം പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതൊക്കെ കാട്ടിയാണു മെഡലിനു വേണ്ടി അപേക്ഷിച്ചത്.
ശശി : സർവീസിലിരിക്കുമ്പോൾ റിവാർഡുകൾ എന്തെല്ലാം കിട്ടിയിട്ടുണ്ട്?
ജോഫി : ഇരുപത്തഞ്ചോളം റിവാർഡ്സ് കിട്ടിയിട്ടുണ്ട്. അതിൽ ചാലക്കുടി കല്ലേലി പാർക്കിലെ ഒരു ചീട്ടുകളിയുമായി ബന്ധപ്പെട്ട് രണ്ടര ലക്ഷം രൂപ ചീട്ടുകളിക്കാരിൽ നിന്നു തന്നെ പിടിച്ചെടുത്തു. അതിൽ സർക്കാർ എനിക്കു മൂവായിരത്തി അഞ്ഞൂറു രൂപ റിവാർഡു തന്നിട്ടുണ്ട്. പിന്നെ പിടികിട്ടാ പുള്ളികളെ പിടിച്ചതിനു ഇരുപത്തഞ്ചോളം റിവാർഡുകൾ സർക്കാർ തന്നിട്ടുണ്ട്.
ശശി : ഇതാദ്യമായിട്ടാണോ മെഡൽ ലഭിയ്ക്കുന്നത്?
ജോഫി : അതെ.
ശശി : ഗുഡ് സർവീസ് എൻട്രിയോ?
ജോഫി : ഈ ചീട്ടുകളി പിടിച്ചതിൽ ഒരു ഗുഡ് സർവീസ് എൻട്രി കിട്ടിയിരുന്നു.
ശശി : റിപ്പബ്ലിക് ദിനത്തിനു പ്രഖ്യാപനം വരുന്നതിനു മുമ്പു തന്നേ മുഖ്യമന്ത്രിയുടെ മെഡൽ ലഭിയ്ക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നോ?
ജോഫി : ചെറിയൊരു പ്രതീക്ഷ ഉണ്ടായിരുന്നു. ഞാൻ കഴിഞ്ഞ പ്രാവശ്യവും അപേക്ഷ അയച്ചിരുന്നു. അന്ന് എന്നേക്കാളും കൂടുതൽ മികവുള്ള ഒരുപാട് പേർ ഉണ്ടായിരുന്നു. അതു കാരണം അവർക്കു കിട്ടി. അതു പ്രകാരം ഞാൻ പിന്നെയും വർക്കുകൾ കൂടുതൽ ചെയ്തിരുന്നു, റിവാർഡുകളും കൂടുതൽ കിട്ടി. അതുകൊണ്ട് ഇപ്രാവശ്യം ചെറിയൊരു പ്രതീക്ഷ ഉണ്ടായിരുന്നു.
ശശി : ഈ മെഡൽ ലഭിച്ചത് ആർക്ക് സമർപ്പിക്കുന്നു?
ജോഫി : എന്റെ അപ്പച്ചനും അമ്മച്ചിയ്ക്കും. ചെറുപ്പത്തിലേ അവർ നമുക്കു വഴികാട്ടിയായിരുന്നു. അത്യാവശ്യം നൈറ്റ് ഡ്യൂട്ടിക്കൊക്കെ പോയി വരുമ്പോൾ നീ എവിടെയാ പോയത് എന്തെല്ലാമാണു ചെയ്തത് എന്നെല്ലാം ചോദിക്കാറുണ്ട്.
ശശി : ജോഫി പോലീസിൽ ചേരുന്നതിൽ അപ്പച്ചനു അനിഷ്ടം ഉണ്ടായിരുന്നോ?
ജോഫി : ഇല്ലില്ല, അമ്മച്ചിക്കു ചെറിയൊരു വിഷമം ഉണ്ടായിരുന്നു. പിന്നെ അതെല്ലാം മാറി.
ശശി : പോലീസിൽ സഹപ്രവർത്തകരുടേയും ഓഫീസർമാരുടേയും സഹകരണം എങ്ങനെ?
ജോഫി : ചാലക്കുടിയിൽ വർക്ക് ചെയ്യുന്ന സമയത്ത് എസ്.ഐ. സജീവൻ സാർ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. പിന്നെ പഴയ സി.ഐ. ജോസ് സാർ. ചാലക്കുടി സ്റ്റേഷനിൽ ഇരിക്കുമ്പോളാണ് എനിക്കു കൂടുതൽ വർക്കുകൾ ചെയ്യാൻ പറ്റിയത്. ഓരോ കേസ്സുകളിലും മാർഗനിർദ്ദേശം തന്നത് സജീവൻ സാറും ജോസ് സാറുമാണ്.
ശശി : ലോ ആന്റ് ഓർഡറിൽ നിന്നു വിട്ട് ക്രൈം സൈഡിൽ ശ്രദ്ധിക്കുന്നതിനു വ്യക്തിപരമായി ജോഫിയുടെ ഭാഗത്തു നിന്നും വല്ല ശ്രമവും ഉണ്ടായിരുന്നോ?
ജോഫി : അതു ഡ്യൂട്ടിയുടെ ഭാഗമായി വന്നു ചേർന്നതാണ്.
ശശി : ക്രിമിനോളജി, കുറ്റവാളികളുടെ മനശ്ശാസ്ത്രം, അവരുടെ പെരുമാറ്റരീതി ഇതെല്ലാം പഠിയ്ക്കാനുള്ള അവസരം ഉണ്ടായിട്ടുണ്ടോ?
ജോഫി : പഠിയ്ക്കാൻ ഇടയായിട്ടില്ല. എങ്കിലും നമ്മുടെ ജോലിയുടെ ഭാഗമായിട്ട് നമുക്ക് അവരിൽ നിന്നും ഒരുപാട് പഠിയ്ക്കാൻ ഇടയായിട്ടുണ്ട്. ഉദാഹരണത്തിനു മാളയിലെ ജനാനന്ദൻ. അവനെ എസ്കോർട്ട് ചെയ്യുന്ന സമയത്ത് ഒരിക്കൽ അവൻ പറഞ്ഞു, “ സാറേ, നായ്ക്കൾ ഉള്ള വീട്ടിൽ ഞാൻ ഇതുവരെ മോഷണം നടത്തിയിട്ടില്ല. നമ്മുടെ വീടുകളിലെല്ലാം ഫ്രണ്ടിൽ ലൈറ്റ് ഇടുന്നത് ശരിയല്ല, ബാക്കിലാണ് ലൈറ്റ് ഇടേണ്ടത്. ആ പ്രകാശം ബാക്കിലേയ്ക്കും കിട്ടും, ഫ്രണ്ടിലേയ്ക്കും കിട്ടും. ബാക്കിൽ ഒരാൾ മാറുന്നത് കാണാൻ ബാക്കിൽ ലൈറ്റ് ഇടണം.” ഇതൊക്കെ എനിക്കു അവനിൽ നിന്നു പഠിക്കാൻ കഴിഞ്ഞു.
ശശി : വേറെ പാഠങ്ങൾ?
ജോഫി : ആലുകൾ വീടു നന്നായി പണിയും. പക്ഷേ അടുക്കള ഭാഗത്തെ ഡോറ് ദുർബലവും ഒരു കൊളുത്തിൽ മാത്രം നിറുത്തിയതും ആയിരിക്കും. അതൊരു ഇടി ഇടിച്ചാൽ തുറക്കും. എത്രയും പെട്ടെന്ന് കള്ളന്മാർക്ക് അകത്തേയ്ക്കു കടക്കാനുള്ള സാഹചര്യമാണത്. നല്ലൊരു വാർക്കവീടിന്റെ അകത്തേയ്ക്ക് കള്ളന്മാർക്ക് കടക്കാൻ എളുപ്പമല്ല.
ശശി : പോലീസിനു ഈ വിധത്തിൽ ലഭിയ്ക്കുന്ന വിവരങ്ങൾ പൊതു ജനങ്ങളെ അറിയിക്കുകയാണെങ്കിൽ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കാൻ സാധിയ്ക്കുമോ?
ജോഫി : തീർച്ചയായും. ഉദാഹരണത്തിനു കള്ളന്മാർ മോഷ്ടിക്കാൻ വരുമ്പോൾ ഒരിയ്ക്കലും ആയുധങ്ങൾ കൊണ്ടു വരാറില്ല, അതെല്ലാം അതതു വീട്ടിൽ നിന്നുമാണ് ലഭിയ്ക്കുന്നത്. നമ്മുടെ വീട്ടിൽ കമ്പിപ്പാര, പിക്കാസ് ഇതൊക്കെ നമ്മൾ അശ്രദ്ധമായി ഇടും. ഇതെല്ലാം നാം സേഫ്റ്റിയായി വച്ചാൽ വീടു പൊളിക്കാനായി വരുന്നവർ ആയുധം കിട്ടാതെ അടുത്ത വീട് തേടി പോകും.
ശശി : മേലൂരിലുണ്ടായ കേസിൽ കുടുംബ ബന്ധങ്ങളുടെ തകർച്ചയാണ് കൊലപാതകത്തിലേയ്ക്കു നീങ്ങിയതെന്നാണ് നിഗമനം?
ജോഫി : അതെ.
ശശി : കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന ഇത്തരം തകർച്ച ഒരു പോലീസ് ഓഫീസർ എന്ന നിലയിൽ എങ്ങനെ നോക്കിക്കാണുന്നു?
ജോഫി : നമ്മുടെ കുട്ടികൾ എവിടെ പോകുന്നു, എപ്പോൾ വീട്ടിൽ വരുന്നു, അവരുടെ കൂട്ടുകാർ ആരെല്ലാം അതെല്ലാം മുതിർന്നവർ അന്വേഷിയ്ക്കണം. അവരെ നമ്മൾ ശ്രദ്ധിക്കുന്നു എന്നു തോന്നിയാൽ അവർ തന്നെ പരമാവധി തെറ്റിൽ നിന്നു മാറി നിൽക്കും. മദ്യപാനവും ഒരു കാരണമാണ്.
ശശി : മുമ്പത്തെ അപേക്ഷിച്ച് ഇപ്പോൾ കുടുംബ ബന്ധങ്ങളുടെ തകർച്ച കൂടുകയാണോ?
ജോഫി : വളരെ കൂടുതലുണ്ട്.
ശശി : കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ അതേ കുടുംബത്തിൽ തന്നെ പോലീസ് കുറ്റവാളികളെ തേടുന്നു എന്ന നിരീക്ഷണം ഒരു വസ്തുതയാണോ?
ജോഫി : അനുഭവങ്ങൾ പലപ്പോളും ഉണ്ടായിട്ടുണ്ട്. മാളയിൽ ഒരു ആഭരണങ്ങൾ നഷ്ടപ്പെട്ട കേസ്സിൽ അന്വേഷണത്തിൽ പുറത്തു നിന്നും ആരും വന്നതായി തോന്നിയില്ല. പോലീസ് ഇനി വീട്ടുകാരെ ചോദ്യം ചെയ്യേണ്ടി വരും, ഉച്ച കഴിഞ്ഞോ നാളെയോ വരാൻ പറഞ്ഞ് അയച്ച ഗൃഹനാഥൻ പിന്നീട് ഫോൺ ചെയ്ത് സാധനം കിട്ടി എന്ന് അറിയിക്കുകയായിരുന്നു. ആരോ സാധനം തിരിച്ചു കൊണ്ടു വന്നു വയ്ക്കുകയായിരുന്നു.
ശശി : അതുകൊണ്ട് കുറ്റവാലികളെ പുറത്തെന്നപോലെ വീട്ടിലും അന്വേഷിക്കേണ്ടതുണ്ട്?
ജോഫി : തീർച്ചയായും. ജോമോന്റെ കേസ്സിലും അതു തന്നെയാണു സംഭവിച്ചത്. പുറത്തു അന്വേഷിക്കുമ്പോളും അവന്റെ വീട്ടിലും അന്വേഷിച്ചിരുന്നു.
ശശി : പോലീസിൽ ഈയടുത്ത കാലങ്ങളിൽ വിദ്യാഭ്യാസ നിലവാരം അധികമുള്ളവർ റിക്രൂട്ട് ചെയ്യപ്പെടാനിടവന്നത് പോലീസിന്റെ പെരുമാറ്റത്തിൽ വലിയ മാറ്റം കൊണ്ടു വന്നിട്ടില്ലേ?
ജോഫി : തീർച്ചയായും ഉണ്ട്.
ശശി : പോലീസും ജനങ്ങളും തമ്മിൽ ഒരു നല്ല ബന്ധം കൊണ്ടു വരാൻ ഇതിനു കഴിഞ്ഞിട്ടുണ്ടോ?
ജോഫി : ഉണ്ടുണ്ട്. ഇപ്പോൾ ഏതൊരാൾക്കും ഒരു സ്റ്റേഷനിലേയ്ക്കു തനിയേ ഒരു പരാതിയുമായി വരാം. ഇപ്പോൾ പോലീസുമായി ബന്ധപ്പെടാനും സംസാരിക്കാനും ഒരുപാടു പേർ താല്പര്യം കാണിയ്ക്കുന്നുണ്ട്.
ശശി : പോലീസിലെ ചിരിക്കുന്ന ഒരു മുഖമാണ് താങ്കളുടേതെന്നു പറഞ്ഞാൽ നിഷേധിയ്ക്കാനാകുമോ?
ജോഫി : നിഷേധിക്കാനാകില്ല.
ശശി : ജോഫി വിവാഹിതനാണോ?
ജോഫി : അതെ. രണ്ടു കുട്ടികളുണ്ട്. മൂത്താൾ ട്വിസ്റ്റോ. പിന്നത്തെയാൾ ആഗ്നസ് ഒന്നിൽ പഠിയ്ക്കുന്നു, ചാലക്കുടി കാർമൽ ഹൈ സ്കൂളിൽ. ഭാര്യ മിനി സെന്റ് ജയിംസ് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സ് ആണ്. ഞാൻ ഇപ്പോൾ മാള പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നു.
ശശി : മാളയിൽ പോയി വരാൻ ബുദ്ധിമുട്ടുണ്ടോ?
ജോഫി : ഇല്ല. അടുത്ത സ്റ്റേഷനല്ലേ.
ശശി : കുറ്റാന്വേഷണത്തിൽ ജനങ്ങളുടെ സഹകരണം അത്യാവശ്യമാണല്ലോ? ഇക്കാര്യത്തിൽ ജനങ്ങളുടെ പ്രതികരണം എങ്ങനെയാണ് അനുഭവപ്പെടുന്നത്?
ജോഫി : ജനങ്ങളിൽ നിന്നു എനിയ്ക്ക് ഇതു വരെ നല്ല സഹകരണം ആണു ലഭിയ്ക്കുന്നത്.
ശശി : സർക്കാരിന്റെ പുതിയ നയം അനുസരിച്ച് സീനിയർ സിറ്റിസൺ ആയിട്ടുള്ളവർ തനിയെ താമസിക്കുന്നിടത്ത് പോലീസ് ഇടയ്ക്കിടെ ചെന്നു അന്വേഷിയ്ക്കണമെന്നുണ്ടല്ലോ. അത്തരം ജോലികൾ വല്ലതും ചെയ്തിട്ടുണ്ടോ?
ജോഫി : ഉവ്വ്. ജനമൈത്രി പോലീസിന്റെ ഭാഗമായി ഞാൻ വർക്ക് ചെയ്യുന്നുണ്ട്. അതിന്റെ ഭാഗമായി സീനിയർ സിറ്റിസൺ ആയിട്ടുള്ളവർ തനിയെ താമസിക്കുന്നിടത്ത് പോലീസ് മാസത്തിൽ രണ്ടു തവണ പോയി അന്വേഷിക്കണമെന്നുണ്ട്. അങ്ങനെ ചെല്ലുമ്പോൾ അവർക്ക് നമ്മെക്കുറിച്ച് ഒരു മതിപ്പും അവർ സെയ്ഫാണെന്ന ഒരു തോന്നലും ഉണ്ടാകും.
ശശി : ജനമൈത്രി പോലീസിന്റെ ഇപ്പോളത്തെ പ്രവർത്തന രീതി ഒന്നു വ്യക്തമാക്കാമോ?
ജോഫി : തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലാണ് അതു വർക്ക് ചെയ്യുന്നത്. സ്റ്റേഷനിലെ എല്ലാ പോലീസുകാരും പഞ്ചായത്ത് പ്രസിഡണ്ടും എല്ലാ മെമ്പർമാരും ആദരണീയരും റിട്ടയേർഡ് ഹെഡ്മാസ്റ്റർമാർ പോലെയുള്ള ഓരോരുത്തരും അംഗമാകും.
ശശി : ജനങ്ങളോട് എന്തു സന്ദേശമാണു ജോഫിയ്ക്കു നൽകുവാനുള്ളത്?
ജോഫി : പോലീസിനു ഇൻഫർമേഷനുകൾ കൈമാറണം. പിന്നെ നമ്മുടെ കുട്ടികളെ ശ്രദ്ധിക്കണം. അവർ സ്കൂളിൽ പോകുന്നുണ്ടോ, അവരുടെ സ്നേഹിതർ ആരെല്ലാമാണ്, അതെല്ലാം ശ്രദ്ധിയ്ക്കണം. പിന്നെ നേരത്തേ പറഞ്ഞ പോലെ വീടുകളുടെ സുരക്ഷിതത്വത്തിനു വേണ്ട കാര്യങ്ങൾ ചെയ്യണം.
ശശി : മെഡലിനെ കുറിച്ച്?
ജോഫി : ജനങ്ങളുടെ സഹകരണം കൊണ്ടും ദൈവാനുഗ്രഹം കൊണ്ടും ഈ മെഡൽ കിട്ടി. അതിൽ വലുതായ സന്തോഷമുണ്ട്. അതിന്റെ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ ഞാൻ ശ്രമിയ്ക്കാം.
No comments:
Post a Comment