എനിക്കു ഭാര്യയും രണ്ട് മക്കളുമുണ്ട്. അല്പം രാഷ്ട്രീയവുമുണ്ട്. ജോലിയോ വരുമാനമോ ഇല്ല. ജീവിച്ചു പോകാൻ ഞാൻ എന്തു ചെയ്യണം? ഷാജു
പ്രിയ ഷാജു,
ജീവബിന്ദു എന്തു ചെയ്യണമെന്നു തന്നെ ജീവബിന്ദുവിനത്ര നിശ്ചയം പോരാ. അപ്പോൾ ഷാജു എന്തു ചെയ്യണമെന്നു പറയാൻ ജീവബിന്ദുവിനറിയുകയില്ല. അറിവില്ലായ്മ തുറന്നു സമ്മതിക്കാൻ ജീവബിന്ദുവിനു യാതൊരു മടിയുമില്ല. എങ്കിലും ഒന്നു മനസ്സിലായി. ഷാജുവിനു കഴിവും വരുമാനവും ഉണ്ട്. രണ്ടുമുള്ളവർക്കേ രാഷ്ട്രീയത്തിൽ പിടിച്ചു നിൽക്കാനാകുകയുള്ളൂ. ജോലിയോ വരുമാനമോ ഇല്ല എന്നത് കുടുംബം പോറ്റാൻ തക്ക ജോലിയോ വരുമാനമോ ഇല്ല എന്നു ജീവബിന്ദു മനസ്സിലാക്കുന്നു. കുടുംബം പുലർത്തേണ്ടത് പുരുഷന്റെ മാത്രം കർത്തവ്യമായിരുന്ന കാലം കഴിഞ്ഞു. തൊഴിൽ ചെയ്യാൻ സമ്മതമുള്ള ആർക്കും എന്തെങ്കിലും തൊഴിൽ ലഭിക്കാൻ ഇന്നു യാതൊരു തടസ്സവുമില്ല. ഇന്നു രാഷ്ട്രീയ രംഗത്തെ മഹാരഥന്മാരായി അറിയപ്പെടുന്ന പാവപ്പെട്ടവരിൽ പലരുടേയും ഭാര്യമാർ നല്ല വരുമാനമുള്ള തൊഴിലുള്ളവരായിരുന്നു എന്നത് ഒരു വസ്തുതയാണ്.
അതുപോലെ തന്നെ പ്രധാനമാണ് എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുക എന്നത്. അന്തസ്സിനു നിരക്കുന്ന ഒരു തൊഴിൽ കാത്ത് ഇരിക്കാനിടവരരുത്. സകല തൊഴിലും നീതിയുക്തമെങ്കിൽ അന്തസ്സുള്ളതാണ്. അതുകൊണ്ട് ചെറുതിൽ നിന്നു തുടങ്ങുക. അല്പത്തിൽ വിശ്വസ്തനായവൻ അധികത്തിലും വിശ്വസ്തനായിരിക്കും.
ജീവബിന്ദു
No comments:
Post a Comment