ആപിശലി
കഴിഞ്ഞ ആഴ്ചത്തെ അർഥാനാമാർജനേ ദുഃഖം എന്ന പോസ്റ്റ് ജീവബിന്ദുവിനു കൊടുത്ത് തിരിച്ചു വരുമ്പോൾ ആപിശലി ഒരു സഹപ്രവർത്തകനെ കണ്ടു. അർഥാനാമാർജനേ ദുഃഖം അദ്ദേഹത്തിനു തീരെ പിടിച്ചിട്ടില്ല എന്നദ്ദേഹം തുറന്നു പറഞ്ഞു. എന്നിട്ട് ഇപ്രകാരം പറഞ്ഞു. രണ്ടു നെഗറ്റീവുകൾ ചേർന്നാൽ പോസിറ്റീവാണ്. എല്ലാം പോസിറ്റീവായി ചിന്തിക്കാൻ പഠിക്കണം. ദുഖത്തെ കുറിച്ച് എഴുതാതെ സുഖത്തെക്കുറിച്ചെഴുതാൻ നോക്കൂ.
കേട്ടത് ശരിയാണെന്നു ആപിശലിക്കും തോന്നി. തെറ്റ് എന്നു ചെയ്തതായാലും തിരുത്തണമല്ലോ. അതുകൊണ്ട് ആപിശലി വ്യാഖ്യാനിച്ച തെറ്റ് ഒന്നു കൂടി ആവർത്തിക്കട്ടെ.
അർഥാനാമാർജനേ ദുഃഖം
ആർജിതാനാം തു രക്ഷണേ
ആയേ ദുഃഖം വ്യയേ ദുഃഖം
അർഥഃ കിം ദുഃഖഭാജനം?
രണ്ട് നെഗറ്റീവുകൾ ഒരു പോസിറ്റീവിനെ സൃഷ്ടിക്കുമെന്നാണല്ലോ ചങ്ങാതി പറഞ്ഞത്. അങ്ങനെ നോക്കുമ്പോൾ അർഥത്തിന്റെ നെഗറ്റീവ് അനർഥം. ദുഖത്തിന്റെ നെഗറ്റീവ് സുഖം. സുഖത്തെ കുറിച്ച് പറയണമെങ്കിൽ ശ്ലോകത്തിൽ ഒരു ചെറിയ എഡിറ്റിംഗ് വരുത്തിയാൽ മതിയല്ലോ.
അനർഥാനാമാർജനേ സുഖം
ആർജിതാനാം തു രക്ഷണേ
ആയേ സുഖം വ്യയേ സുഖം
അനർഥഃ കിം സുഖഭാജനം?
എങ്ങനെയുണ്ട്. ഇനി വ്യാഖ്യാനിക്കാമല്ലോ.
അനർഥാനാമാർജനേ സുഖം എന്നാൽ പരമസുഖമായി അനർഥങ്ങൾ ഉണ്ടാക്കാൻ കഴിയും എന്നു തന്നെ. ആർജിതാനാം തു രക്ഷണേ എന്നതു അനർഥങ്ങളെ ഉണ്ടാക്കിയത് അതേ രീതിയിൽ നിലനിറുത്താനും ഒട്ടും പ്രയാസമില്ലെന്നു ദ്യോതിപ്പിക്കുന്നു. ആയേ സുഖം വ്യയേ സുഖം - അനർഥങ്ങൾ വന്നാലും വന്നതു പോയാലും സുഖം തന്നെ എന്നുറപ്പിക്കുന്നു. അനർഥഃ കിം സുഖഭാജനം? എന്നാൽ തമസ്സല്ലോ സുഖപ്രദം എന്നു പ്രയാസപ്പെട്ടു സംസ്കൃതത്തിൽ പറയുന്നതുമാണ്.
ഇനി പോസിറ്റീവായി സകലർക്കും അനർഥങ്ങൾ തേടി പോകാവുന്നതാണ്. ഇതിന്റെ കോപ്പി റൈറ്റ് ആപിശലിക്കും ആപിശലിയെ വിമർശിച്ചയാൾക്കും തുല്യമായി ഇരിക്കട്ടെ. അദ്ദേഹം ക്രെഡിറ്റ് മുഴുവനായെടുത്താലും ആപിശലി അതും ഒരു സുഖകരമായ അനർഥമായിട്ടെടുത്തുകൊള്ളാം.
No comments:
Post a Comment