ശരത് കെ.ശശി
നിങ്ങൾ ബസിനു പുറകേ ഓടിക്കൊണ്ടിരിക്കുന്നു. ആ സമയത്ത് പിന്നിൽ നിന്നൊരു ഹോണടി. സ്ലോമോഷനിൽ തിരിഞ്ഞു നോക്കുമ്പോൾ സി.ബി.ആർ.. ഇപ്പോൾ നിങ്ങൾ എന്തിനു പുറകേ ഓടും? ബസിനോ സി.ബി.ആറിനോ? സംശയിക്കേണ്ടാ, സി.ബി.ആറിനു പുറകേ തന്നെ. അല്ലെങ്കിലും എല്ലാവരുടെ മനസ്സിലും ഒരാഗ്രഹമുണ്ടാവുകയില്ലേ, ലോകം കൊതിക്കുന്ന സൂപ്പർ ബൈക്കായ സി.ബി.ആറിനെ ഒന്നു തൊടാൻ, കൂടെ നിന്നൊരു ഫോട്ടോ എടുക്കാൻ! എങ്കിൽ ഇനി വൈകിക്കേണ്ടാ. സി.ബി.ആറിനെ പരിചയപ്പെട്ടോളൂ.
എൻജിൻ
സി.ബി.ആർ 250 ആർ! പേരു കേൾക്കുമ്പോൾ തന്നെ പേടി ആകുന്നുവല്ലേ? പേരു പോലെ തന്നെയാണു പുള്ളിയും. 8500 ആർ.പി.എം ൽ 25 ബി.എച്ച്. പി ആണ് ആശാന്റെ കരുത്ത്. ടോർക് 7000 ആർ.പി.എം. ൽ 22.9 എൻ.എം. എന്നു പറഞ്ഞാൽ വണ്ടി ഓണാക്കി ഓഫാക്കുന്നതു വരെ നിലം തൊടില്ല എന്നർത്ഥം. ഡിസ്പ്ലേസ്മെന്റ് 249.6 സി.സി.യുള്ള ലിക്വിഡ് കൂൾഡ് ഫോർ സ്ട്രോക്ക് എൻജിനാണ് ഹോണ്ടാ സി.ബി.ആറിനു നൽകിയിരിക്കുന്നത്. ബോർ * സ്ട്രോക് 76 എം.എം. * 55 എം.എം ആണ്. ഇതിന്റെ കമ്പ്രഷൻ റേഷ്യോ 10.7 : 1 ആണ്. ഡി.ഓ.എച്ച്. സി ഫോർ വാൽവ് സിസ്റ്റം ആണ് ആശാൻ സ്വീകരിച്ചിരിക്കുന്നത്. എൻജിന്റെ സുഖമായ പ്രവർത്തനത്തിനുവേണ്ടി വെറ്റ് ലൂബ്രിക്കേഷനാണ് സി.ബി.ആറിനുള്ളത്. വിസ്കസ് എയർ ഫിൽറ്റർ സി.ബി.ആറിന്റെ മറ്റൊരു പ്രത്യേകതയാണ്. ഇലക്ട്രിക് സ്റ്റാർട് സിസ്റ്റം ആണ് ഹോണ്ട ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
ഡ്രൈവ് ട്രെയിൻ
സിക്സ് സ്പീഡ് ഗിയറുകളുള്ള സി.ബി.ആറിനു വൺ അപ് ഫൈവ് ഡൌൺ എന്നിങ്ങനെയാണ് ട്രാൻസ്മിഷൻ. ഫൈനൽ ട്രാൻസ്മിഷൻ സീൽഡ് ചെയിൻ ആണ്. ഇതിന്റെ ക്ലച്ച് ടൈപ്പ് വെറ്റ്, മൾട്ടിഡിസ്ക് എന്നിങ്ങനെയാണ്. മൊത്തത്തിൽ പറഞ്ഞാൽ സച്ചിനും സി.ബി.ആറും ഒരേ തോണിയിലെ രണ്ടു യാത്രക്കാരാണെന്നു കരുതാം. സച്ചിൻ ഗ്രൌണ്ടിൽ പന്തു പറപ്പിക്കുമ്പോൾ സി.ബി.ആർ റോട്ടിൽ ഡ്രൈവറെ പറപ്പിക്കുന്നു എന്നൊരു വ്യത്യാസം മാത്രം.
ഡൈമൻഷൻസ്
ഇത്രയുമൊക്കെ കാട്ടിക്കൂട്ടണമെങ്കിൽ ആളു നിസ്സാരക്കാരനായിരിക്കരുതല്ലോ! പുള്ളിയുടെ കെർബ് വെയിറ്റ് 167 കിലോഗ്രാമും നീളം 2032 മില്ലീമീറ്ററും വീതി 720 മില്ലീമീറ്ററും ഉയരം 1127 മില്ലീമീറ്ററും ആണ്. വീൽ ബേയ്സ് 1367 മില്ലീമീറ്റർ ഉള്ള സി.ബി.ആറിന് ട്യൂബ് ലെസ്സ് ടയറുകൾ ആണുള്ളത്. ഫ്രണ്ട് 110 / 70 17ഉം റിയർ 140/70 17ഉം ആണ്. 145 മില്ലീമീറ്റർ ഗ്രൌണ്ട് ക്ലിയറൻസ് എന്നത് സി.ബി.ആറിന്റെ മാറ്റു കൂട്ടുന്നു. 13 ലിറ്റർ കപ്പാസിറ്റിയുള്ള പെട്രോൾ ടാങ്കിൽ റിസർവിനു പകരം പി.ജി.എം – എഫ്. ഐ. (ഫ്യൂവൽ ഇഞ്ചക്ഷൻ) ടെക്നോളജിയാണ് ഹോണ്ട ഉപയോഗിച്ചിരിക്കുന്നത്. ഇതു മൂലം മൂന്നര ലിറ്ററിൽ വണ്ടി എപ്പോൾ എത്തുന്നോ അപ്പോൾ മുതൽ മീറ്റർ കൺസോളിൽ സൂചനകൾ ലഭിക്കുന്നതാണ്. ഈ ടെക്നോളജി മൂലം നല്ല തണുപ്പുള്ള കാലാവസ്ഥയിലും എളുപ്പത്തിൽ വണ്ടി സ്റ്റാർട്ട് ചെയ്യാനാകുന്നു. പുകയുടെ അളവു കുറച്ച് പെർഫോർമൻസും മൈലേജും വർദ്ധിപ്പിക്കുന്നു. ആശാൻ ഒരു സകലകലാ വല്ലഭൻ അല്ലേ?
ചേസിസ്
വളരെ ആകർഷണീയമായ ട്വിൻ സ്പാർ ടൈപ്പ് ഫ്രൈം ആണ് സി.ബി.ആറിന് ഉള്ളത്. ഫ്രണ്ട് ടെലസ്കോപിക്ക് ഫോർക്കും റിയർ പ്രോലിങ്കും ആണു സസ്പെൻഷൻ. ഫ്രണ്ട് 296 മില്ലീമീറ്ററും റിയർ 220 മില്ലീമീറ്ററും ഉള്ള രണ്ടു ഡിസ്ക് ബ്രേക്കുകളാണ് സി.ബി.ആറിന് ഉള്ളത്. നിൽക്കട്ടെ! ഒരു കാര്യം പറയാൻ വിട്ടു. ഇന്നു വിമാനങ്ങളിലും മറ്റും ഉപയോഗിച്ചുവരുന്ന ഏ.ബി.എസ്. (ആന്റി ലോക്ക് ബ്രേക്കിങ്ങ് സിസ്റ്റം) സി.ബി.ആറിന്റെ മറ്റൊരു പ്രത്യേകതയാണ്. (ഏ.ബി.എസ്. ഉള്ളതും ഇല്ലാത്തതുമായ മോഡലുകൾ ലഭ്യമാണ്)
ഇലക്ട്രിക്കലും മറ്റുള്ളവയും
ഡിജിറ്റൽ ഇ.സി.യു. ബേയ്സഡ് ഇഗ്നീഷൻ ആണ് സി.ബി.ആറിന് ഉള്ളത്. ബാറ്ററി 12 വോൾട്ട് – 6 ഏ.എച്ച്. എം.എഫ്. (മെയിന്റനൻസ് ഫ്രീ) ആണ്. പ്രത്യേകമായി ഡിസൈൻ ചെയ്ത 12 വോൾട്ട് 60 / 55 വാട്ട് എച്ച് 4 ഹെഡ് ലാമ്പ് സി.ബി.ആറിന് ഒരു സ്പോർട്ടീ ലുക്ക് നൽകുന്നു. ഇത്രയും പറഞ്ഞിട്ടും മൈലേജിക്കുറിച്ച് പറയാത്തതെന്തുകൊണ്ടാണെന്നായിരിക്കും ഇപ്പോളത്തെ ചിന്ത അല്ലേ? എന്നാൽ കേട്ടോളൂ. ഓൺറോഡിൽ ലിറ്ററിനു 40 കിലോമീറ്ററും ഓഫ് റോഡിൽ 38 കിലോമീറ്ററും ആണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. ഇനി സീറ്റിങ്ങ് കംഫർട്ടബിലിറ്റിയെ കുറിച്ച്. രണ്ട് പ്രതലങ്ങളിലായാണു സി.ബി.ആറിന്റെ സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇതു സ്പോർട്ടി ലുക്ക് വർദ്ധിപ്പിക്കാൻ സി.ബി.ആറിനെ സഹായിക്കുന്നു. ഇതിന്റെ കംഫർട്ടബിൾ റൈഡിങ്ങ് പൊസിഷൻ മൂലം ഈസി ഹാൻഡ്ലിംഗ് സാദ്ധ്യമാകുന്നു. സി.ബി.ആറിന്റെ എയറോഡൈനാമിസം വെളിപ്പെടുത്തുന്ന സ്പോർട്ടി കൌൾ ഇതിന്റെ കരുത്തിനെ സൂചിപ്പിക്കുന്നു. ഇതിന്റെ ഇരു വശത്തും ഘടിപ്പിച്ചിരിക്കുന്ന ടേൺ ഇൻഡിക്കേറ്ററുകൾ വളരെ നന്നായി തന്നെ ഡിസൈൻ ചെയ്തിരിക്കുന്നു. കാൻഡി റൂബി റെഡ് എക്സ് ആക്യുരേറ്റ് സിൽവർ മെറ്റാലിക്, ആസ്റ്റിറൊയ്ഡ് ബ്ലാക് മെറ്റാലിക് എക്സ് ആക്യുരേറ്റ് സിൽവർ മെറ്റാലിക്, സ്വോർഡ് സിൽവർ മെറ്റാലിക് എക്സ് ആക്യുരേറ്റ് സിൽവർ മെറ്റാലിക് എന്നിങ്ങനെ മൂന്നു വ്യത്യസ്ത നിറങ്ങളിൽ സി.ബി.ആർ ലഭ്യമാണ്. ഹണികോമ്പ് പോലെയുള്ള സി.ബി.ആറിന്റെ ടെയിൽ ലൈറ്റ് ലെൻസ് ഡിസൈൻ സൌന്ദര്യവും ലൈറ്റ് ഡിസ്ട്രിബ്യൂഷനും പെർഫോർമൻസും വർദ്ധിപ്പിക്കുന്നു. ടഫും ഫ്ലക്സിബിളുമായ ഡയമണ്ട് ഫ്രെയിം വിത്ത് ട്രസ്സ് സ്ട്രക്ചർ എല്ലാതരം യാത്രാസാഹചര്യങ്ങളിലും സ്റ്റബിലിറ്റിയും ഈടും നൽകുന്നു. എന്റമ്മോ! തൃശ്ശൂർ പൂരം കഴിഞ്ഞതുപോലെയുണ്ടല്ലേ? നിൽക്ക്. അവസാനത്തെ അമിട്ടിനു തീ കൊടുക്കട്ടെ. ആശാന്റെ എക്സ്ഷോറൂം വില എത്രയെന്നോ? 145721 രൂപ. ഇതു സ്റ്റാൻഡേർഡ് മോഡലിന്. 170749 രൂപ വരും ഏ.ബി.എസ്. മോഡലിന്. ആക്സസറീസിനു കാശു വേറെ വേണം. ഇപ്പോൾ എങ്ങനെയുണ്ട്? ഞാൻ പറഞ്ഞപോലെ നാളെ മുതൽ സി.ബി.ആറിന് പുറകേ ഓടുകയല്ലേ?
കടപ്പാട് : ദാസ്, സെയിൽസ് എക്സിക്യുട്ടീവ്, ആര്യഭംഗി മോട്ടോഴ്സ്, അങ്കമാലി
ഫോട്ടോ : സുജിത് ശേഖരൻ
No comments:
Post a Comment