പ്രിയ സുഹൃത്തേ,
താങ്കൾ ഭക്ഷിക്കുന്ന ബ്രോയ്ലർ കോഴികൾക്കും ചില അവകാശങ്ങൾ ഉണ്ടെന്ന കാര്യം മറന്നു പോകരുത്. മുട്ട വിരിയുന്ന ദിനം മുതൽ കൊല്ലപ്പെടുന്ന ദിനം വരെ അസ്വാതന്ത്ര്യത്തിന്റെയും അനാരോഗ്യത്തിന്റേയും ഇരകളായിത്തീരുന്ന ബ്രോയ്ലർ കോഴികൾക്ക് താങ്കൾ തൽക്കാലം അവകാശങ്ങൾ ഒന്നും കല്പിച്ചു കൊടുത്തില്ലെങ്കിലും അവ കൊല്ലപ്പെടുമെന്നു ഭയപ്പെടുമ്പോളുള്ള ഒരു ഉള്ളുരുകിയുള്ള കരച്ചിലല്ലാതെ മറ്റു പ്രതിക്ഷേധങ്ങളൊന്നും പ്രകടിപ്പിച്ചേക്കുകയില്ല.
വളരുമ്പോൾ ചിറകു വിരിക്കാനും ഒന്നു കൂകിത്തെളിയാനുമുള്ള ഇടം. വളർച്ച മുഴുവനാകും വരെയെങ്കിലും വളരാനും ഒന്നിണചേരാനുമുള്ള അവസരം. കൂട്ടമായി കൊണ്ടുപോകുമ്പോൾ സുഗമമായി ശ്വസിക്കാനും വിസർജ്ജിക്കാനുമുള്ള അവസരം. ദാഹിക്കുമ്പോൾ അല്പം വെള്ളവും ഭക്ഷിക്കാനിത്തിരി വറ്റും കിട്ടാനും കൊല്ലപ്പെടുമ്പോൾ ക്രൂരമായല്ലാതെ ദയാപൂർവം മരിക്കാനുമുള്ള ഒരവസരം.
ഇതുകൊണ്ട് ബ്രോയ്ലർ കോഴിക്ക് യാതൊരു ഗുണവും ആത്യന്തികമായി ഇല്ലെന്നറിയാം. എങ്കിലും നാമെല്ലാം അഭിമാനിക്കുന്ന മനുഷ്യത്വത്തിന്റെ അന്തസ്സു കാക്കാനെങ്കിലും?
No comments:
Post a Comment