പൂന്താനം നമ്പൂതിരി
ക്രിസ്ത്വബ്ദം 1547 മുതൽ 1640 വരെ കാലത്ത് ജീവിച്ചെന്നു കരുതുന്ന പൂന്താനം അധികം വിദ്യാഭ്യാസമില്ലാത്ത ഒരു ബ്രാഹ്മണനായിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിന്റെ പ്രസിദ്ധിയുടെ ആരംഭകാലത്ത് അദ്ദേഹം ഗുരുവായൂർ ക്ഷേത്രത്തിൽ വളരെ സ്വീകാര്യനായിരുന്നു. എന്നാൽ ക്ഷേത്രത്തിനു പ്രസിദ്ധി ലബ്ധമായശേഷം പൂന്താനത്തെ ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും നിഷ്കരുണം അപമാനിച്ച് ആട്ടി പുറത്താക്കി. ഏതു ഗൃഹം ഉപേക്ഷിച്ചാണോ ഗുരുവായൂരെത്തിയത് അതേ ഗൃഹത്തിൽ തന്നെ കഴിച്ചു കൂട്ടി കാലമവസാനിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ യോഗം. പൂന്താനത്തിന്റെ ലളിതവും ചിന്താമധുരവുമായ ഗീതങ്ങൾക്ക് ലോകപ്രസിദ്ധി ലഭിച്ചപ്പോൾ ഗുരുവായൂർ ക്ഷേത്രാധികാരികൾക്ക് അദ്ദേഹം വീണ്ടും അതീവ പ്രിയങ്കരനായി തീർന്നു. ജീവിതത്തിലെ അത്തരം യുക്തിഹീനതകളെ നോക്കി പുഞ്ചിരിക്കുന്ന കൃതിയാണ് ജ്ഞാനപ്പാന.
കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാർദ്ദന!
കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ!
അച്യുതാനന്ദ! ഗോവിന്ദ! മാധവാ!
സച്ചിദാനന്ദ! നാരായണാ! ഹരേ!
ഗുരുനാഥൻ തുണചെയ്ക സന്തതം
തിരുനാമങ്ങൾ നാവിന്മേലെപ്പോഴും
പിരിയാതെയിരിക്കണം നമ്മുടെ
നരജന്മം സഫലമാക്കീടുവാൻ!
ഇന്നലെയോളമെന്തെന്നറിഞ്ഞീലാ
ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ
ഇന്നിക്കണ്ട തടിക്കു വിനാശവു-
മിന്ന നേരമെന്നേതുമറിഞ്ഞീലാ.
കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ-
ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ.
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ,
മാളികമുകളേറിയ മന്നന്റെ
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ.
കണ്ടാലൊട്ടറിയുന്നു ചിലരിതു
കണ്ടാലും തിരിയാ ചിലർക്കേതുമേ.
കണ്ടതൊന്നുമേ സത്യമല്ലെന്നതു
മുമ്പേ കണ്ടിട്ടറിയുന്നിതു ചിലർ.
മനുജാതിയിൽത്തന്നെ പലവിധം
മനസ്സിന്നു വിശേഷമുണ്ടോർക്കണം.
പലർക്കുമറിയേണമെന്നിട്ടല്ലോ
പലജാതി പറയുന്നു ശാസ്ത്രങ്ങൾ.
കർമ്മത്തിലധികാരി ജനങ്ങൾക്കു
കർമ്മശാസ്ത്രങ്ങളുണ്ടു പലവിധം.
ജ്ഞാനത്തിനധികാരി ജനങ്ങൾക്കു
ജ്ഞാനശാസ്ത്രങ്ങളും പലതുണ്ടല്ലോ.
സാംഖ്യശാസ്ത്രങ്ങൾ യോഗങ്ങളെന്നിവ
സംഖ്യയില്ലതു നില്‌ക്കട്ടെ സർവ്വവും;
ചുഴന്നീടുന്ന സംസാരചക്രത്തി-
ലുഴന്നീടും നമുക്കറിഞ്ഞീടുവാൻ
അറിവുള്ള മഹത്തുക്കളുണ്ടൊരു
പരമാർത്ഥമരുൾചെയ്തിരിക്കുന്നു.
എളുതായിട്ടു മുക്തി ലഭിപ്പാനായ്
ചെവി തന്നിതു കേൾപ്പിനെല്ലാവരും
നമ്മെയൊക്കെയും ബന്ധിച്ച സാധനം
കർമ്മമെന്നറിയേണ്ടതു മുമ്പിനാൽ
മുന്നമിക്കണ്ട വിശ്വമശേഷവും
ഒന്നായുള്ളൊരു ജ്യോതിസ്വരൂപമായ്
ഒന്നും ചെന്നങ്ങു തന്നോടു പറ്റാതെ
ഒന്നിനും ചെന്നു താനും വലയാതെ
ഒന്നൊന്നായി നിനയ്ക്കും ജനങ്ങൾക്ക്
ഒന്നുകൊണ്ടറിവാകുന്ന വസ്തുവായ്
ഒന്നിലുമറിയാത്ത ജനങ്ങൾക്ക്
ഒന്നുകൊണ്ടും തിരിയാത്ത വസ്തുവായ്
ഒന്നുപോലെയൊന്നില്ലാതെയുള്ളതി-
ന്നൊന്നായുള്ളൊരു ജീവസ്വരൂപമായ്
ഒന്നിലുമൊരു ബന്ധമില്ലാതെയായ്
നിന്നവൻ തന്നെ വിശ്വം ചമച്ചുപോൽ.
മൂന്നുമൊന്നിലടങ്ങുന്നു പിന്നെയും
ഒന്നുമില്ലപോൽ വിശ്വമന്നേരത്ത്.
ഒന്നുകൊണ്ടു ചമച്ചൊരു വിശ്വത്തിൽ
മൂന്നായിട്ടുള്ള കർമ്മങ്ങളൊക്കെയും
പുണ്യകർമ്മങ്ങൾ പാപകർമ്മങ്ങളും
പുണ്യപാപങ്ങൾ മിശ്രമാം കർമ്മവും
മൂന്നു ജാതി നിരൂപിച്ചു കാണുമ്പോൾ
മൂന്നുകൊണ്ടും തളയ്‌ക്കുന്നു ജീവനെ.
പൊന്നിൻ ചങ്ങലയൊന്നിപ്പറഞ്ഞതി-
ലൊന്നിരുമ്പുകൊണ്ടെന്നത്രേ ഭേദങ്ങൾ.
രണ്ടിനാലുമെടുത്തു പണിചെയ്ത
ചങ്ങലയല്ലോ മിശ്രമാം കർമ്മവും.
ബ്രഹ് മവാദിയായീച്ചയെറുമ്പോളം
കർമ്മബദ്ധന്മാരെന്നതറിഞ്ഞാലും.
ഭുവനങ്ങളെ സൃഷ്ടിക്കയെന്നതു
ഭുവനാന്ത്യപ്രളയം കഴിവോളം
കർമ്മപാശത്തെ ലംഘിക്കയന്നതു
ബ്രഹ്‌മാവിന്നുമെളുതല്ല നിർണ്ണയം.
ദിക്‌പാലന്മാരുമവ്വണ്ണമോരോരോ
ദിക്കുതോറും തളച്ചു കിടക്കുന്നു.
അല്‌പകർമ്മികളാകിയ നാമെല്ലാ-
മല്‌പകാലം കൊണ്ടോരോരോ ജന്തുക്കൾ
ഗർഭപാത്രത്തിൽ പുക്കും പുറപ്പെട്ടും
കർമ്മംകൊണ്ടു കളിക്കുന്നതിങ്ങനെ.
നരകത്തിൽക്കിടക്കുന്ന ജീവൻപോയ്
ദുരിതങ്ങളൊടുങ്ങി മനസ്സിന്റെ
പരിപാകവും വന്നു ക്രമത്താലേ
നരജാതിയിൽ വന്നു പിറന്നിട്ടു
സുകൃതം ചെയ്തു മേല്‌പോട്ടു പോയവർ
സ്വർഗ്ഗത്തിങ്കലിരിന്നു സുഖിക്കുന്നു.
സുകൃതങ്ങളുമൊക്കെയൊടുങ്ങുമ്പോൾ
പരിപാകവുമെള്ളോളമില്ലവർ
പരിചോടങ്ങിരുന്നിട്ടു ഭൂമിയിൽ
ജാതരായ്; ദുരിതം ചെയ്തു ചത്തവർ.
വന്നൊരദ്‌ദുരിതത്തിൻഫലമായി
പിന്നെപ്പോയ് നരകങ്ങളിൽ വീഴുന്നു.
സുരലോകത്തിൽനിന്നൊരു ജീവൻപോയ്
നരലോകേ മഹീസുരനാകുന്നു;
ചണ്ഡകർമ്മങ്ങൾ ചെയ്തവർ ചാകുമ്പോൾ
ചണ്ഡാലകുലത്തിങ്കൽപ്പിറക്കുന്നു.
അസുരന്മാർ സുരന്മാരായീടുന്നു;
അമരന്മാർ മരങ്ങളായീടുന്നു;
അജം ചത്തു ഗജമായ് പിറക്കുന്നു
ഗജം ചത്തങ്ങജവുമായീടുന്നു;
നരി ചത്തു നരനായ് പിറക്കുന്നു
നാരി ചത്തുടനോരിയായ്‌പോകുന്നു;
കൃപകൂടാതെ പീഡിപ്പിച്ചീടുന്ന
നൃപൻ ചത്തു കൃമിയായ്‌പിറകുന്നു;
ഈച്ച ചത്തൊരു പൂച്ചയായീടുന്നു
ഈശ്വരന്റെ വിലാസങ്ങളിങ്ങനെ.
കീഴ്‌മേലിങ്ങനെ മണ്ടുന്ന ജീവന്മാർ
ഭൂമിയീന്നത്രേ നേടുന്നു കർമ്മങ്ങൾ;
സീമയില്ലാതോളം പല കർമ്മങ്ങൾ
ഭൂമിയീന്നത്രേ നേടുന്നു ജീവന്മാർ.
അങ്ങനെ ചെയ്തു നേടി മരിച്ചുട-
നന്യലോകങ്ങളോരോന്നിലോരോന്നിൽ
ചെന്നിരുന്നു ഭുജിക്കുന്നു ജീവന്മാർ
തങ്ങൾ ചെയ്തോരു കർമ്മങ്ങൾതൻ ഫലം.
ഒടുങ്ങീടുമതൊട്ടുനാൾ ചെല്ലുമ്പോൾ.
ഉടനെ വന്നു നേടുന്നു പിന്നെയും;
തന്റെ തന്റെ ഗൃഹത്തിങ്കൽനിന്നുടൻ
കൊണ്ടുപോന്ന ധനംകൊണ്ടു നാമെല്ലാം
മറ്റെങ്ങാനുമൊരേടത്തിരുന്നിട്ടു
വിറ്റൂണെന്നു പറയും കണക്കിനേ.
കർമ്മങ്ങൾക്കു വിളനിലമാകിയ
ജന്മദേശമിബ്ഭൂമിയറിഞ്ഞാലും.
കർമ്മനാശം വരുത്തേണമെങ്കിലും
ചെമ്മേ മറ്റെങ്ങുംസാധിയാ നിർണ്ണയം.
ഭക്തന്മാർക്കും മുമുക്ഷു ജനങ്ങൾക്കും
സക്തരായ വിഷയീജനങ്ങൾക്കും
ഇച്ഛീച്ചീടുന്നതൊക്കെകൊടുത്തീടും
വിശ്വമാതാവു ഭൂമിയറിഞ്ഞാലും.
വിശ്വനാഥന്റെ മൂലപ്രകൃതിതാൻ
പ്രത്യക്ഷേണ വിളങ്ങുന്നു ഭൂമിയായ്.
അവനീതലപാലനത്തിന്നല്ലൊ
അവതാരങ്ങളും പലതോർക്കുമ്പോൾ.
അതുകൊണ്ടു വിശേഷിച്ചും ഭൂലോകം
പതിന്നാലിലുമുത്തമമെന്നല്ലോ
വേദവാദികളായ മുനികളും
വേദവും ബഹുമാനിച്ചു ചൊല്ലുന്നു.
ലവണാംബുധിമദ്ധ്യേ വിളങ്ങുന്ന
ജംബുദ്വീപൊരു യോജനലക്ഷവും
സപ്തദ്വീപുകളുണ്ടതിലെത്രയും
ഉത്തമമെന്നു വാഴ്‌ത്തുന്നു പിന്നെയും.
ഭൂപത്‌മത്തിനു കർണ്ണികയായിട്ടു
ഭൂധരേന്ദ്രനതിലല്ലോ നില്‌ക്കുന്നു.
ഇതിലൊമ്പതു ഖണ്ഡങ്ങളുണ്ടല്ലോ
അതിലുത്തമം ഭാരതഭൂതലം
സമ്മതരായ മാമുനിശ്രേഷ്ഠന്മാർ
കർമ്മക്ഷേത്രമെന്നല്ലോ പറയുന്നു;
കർമ്മബീജമതീന്നു മുളയ്ക്കേണ്ടു
ബ്രഹ്‌മലോകത്തിരിക്കുന്നവർകൾക്കും,
കർമ്മബീജം വരട്ടിക്കളഞ്ഞുടൻ
ജന്മനാശം വരുത്തേണമെങ്കിലും
ഭാരതമായ ഖണ്ഡമൊഴിഞ്ഞുള്ള
പാരിലെങ്ങുമെളുതല്ല നിർണ്ണയം.
അത്ര മുഖ്യമായുള്ളൊരു ഭാരത-
മിപ്രദേശമെന്നെല്ലാരുമോർക്കണം.
യുഗം നാലിലും നല്ലൂ കലിയുഗം
സുഖമേതന്നെ മുക്തിവരുത്തുവാൻ.
കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാർദ്ദന!
കൃഷ്ണ! ഗോവിന്ദ! രാമ! എന്നിങ്ങനെ
തിരുനാമസങ്കീർത്തനമെന്നീയേ
മറ്റേതുമില്ല യത്‌നമറിഞ്ഞാലും
അതു ചിന്തിച്ചു മറ്റുള്ള ലോകങ്ങൾ
പതിമ്മൂന്നിലുമുള്ള ജനങ്ങളൂം
മറ്റു ദ്വീപുകളാറിലുമുള്ളോരും
മറ്റു ഖണ്ഡങ്ങളെട്ടിലുമുള്ളോരും
മറ്റു മൂന്നു യുഗങ്ങളിലുള്ളോരും
മുക്തി തങ്ങൾക്കു സാദ്ധ്യമല്ലായ്‌കയാൽ
കലികാലത്തെ ഭാരതഖണ്ഡത്തെ,
കലിതാദരം കൈവണങ്ങീടുന്നു.
അതിൽ വന്നൊരു പുല്ലായിട്ടെങ്കിലും
ഇതുകാലം ജനിച്ചുകൊണ്ടീടുവാൻ
യോഗ്യത വരുത്തീടുവാൻ തക്കൊരു
ഭാഗ്യം പോരാതെ പോയല്ലോ ദൈവമേ!
ഭാരതഖണ്ഡത്തിങ്കൽ പിറന്നൊരു
മാനുഷർക്കും കലിക്കും നമസ്കാരം!
എന്നെല്ലാം പുകഴ്‌ത്തീടുന്നു മറ്റുള്ളോർ
എന്നതെന്തിനു നാം പറഞ്ഞീടുന്നു?
കാലമിന്നു കലിയുഗമല്ലയോ?
ഭാരതമിപ്രദേശവുമല്ലയോ?
നമ്മളെല്ലാം നരന്മാരുമല്ലയോ?
ചെമ്മെ നന്നായ് നിരൂപിപ്പിനെല്ലാരും.
ഹരിനാമങ്ങളില്ലാതെ പോകയോ?
നരകങ്ങളിൽ പേടി കുറകയോ?
നാവുകൂടാതെ ജന്മമതാകയോ?
നമുക്കിന്നി വിനാശമില്ലായ്‌കയോ?
കഷ്ടം!കഷ്ടം! നിരൂപണം കൂടാതെ
ചുട്ടു തിന്നുന്നു ജന്മം പഴുതെ നാം!
എത്ര ജന്മം പ്രയാസപ്പെട്ടിക്കാലം
അത്ര വന്നു പിറന്നു സുകൃതത്താൽ!
എത്ര ജന്മം മലത്തിൽ കഴിഞ്ഞതും
എത്ര ജന്മം ജലത്തിൽ കഴിഞ്ഞതും
എത്ര ജന്മങ്ങൾ മണ്ണിൽ കഴിഞ്ഞതും
എത്ര ജന്മം മരങ്ങളായ് നിന്നതും
എത്ര ജന്മം അരിച്ചു നടന്നതും
എത്ര ജന്മം മൃഗങ്ങൾ പശുക്കളായ്
അതു വന്നിട്ടിവണ്ണം ലഭിച്ചൊരു
മർത്ത്യജന്മത്തിൻ മുമ്പേ കഴിച്ചു നാം!
എത്രയും പണിപ്പെട്ടിങ്ങു മാതാവിൻ
ഗർഭപാത്രത്തിൽ വീണതറിഞ്ഞാലും.
പത്തുമാസം വയറ്റിൽ കഴിഞ്ഞുപോയ്
പത്തുപന്തീരാണ്ടുണ്ണിയായിട്ടും പോയ്.
തന്നെത്താനഭിമാനിച്ചു പിന്നേടം
തന്നെത്താനറിയാതെ കഴിയുന്നു.
എത്രകാലമിരിക്കുമിനിയെന്നും
സത്യമോ നമുക്കേതുമൊന്നില്ലല്ലോ;
നീർപ്പോളപോലെയുള്ളൊരു ദേഹത്തിൽ
വീർപ്പുമാത്രമുണ്ടിങ്ങനെ കാണുന്നു.
ഓർത്തറിയാതെ പാടുപെടുന്നേരം
നേർത്തുപോകുമതെന്നേ പറയാവൂ.
അത്രമാത്രമിരിക്കുന്ന നേരത്തു
കീർത്തിച്ചീടുന്നതില്ല തിരുനാമം!
സ്‌ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു
നാണംകെട്ടു നടക്കുന്നിതു ചിലർ
മദമത്സരം ചിന്തിച്ചു ചിന്തിച്ചു
മതി കെട്ടു നടക്കുന്നിതു ചിലർ;
ചഞ്ചലാക്ഷിമാർ വീടുകളിൽ പുക്കു
കുഞ്ചിരാമനായാടുന്നിതു ചിലർ;
കോലകങ്ങളിൽ സേവകരായിട്ടു
കോലംകെട്ടി ഞെളിയുന്നിതു ചിലർ
ശാന്തിചെയ്തു പുലർത്തുവാനായിട്ടു
സന്ധ്യയോളം നടക്കുന്നിതു ചിലർ;
അമ്മയ്ക്കും പുനരച്ഛനും ഭാര്യയ്ക്കും
ഉണ്‌മാൻപോലും കൊടുക്കുന്നില്ല ചിലർ;
അഗ്നിസാക്ഷിണിയായൊരു പത്നിയെ
സ്വപ്നത്തിൽപ്പോലും കാണുന്നില്ല ചിലർ;
സത്തുകൾ കണ്ടു ശിക്ഷിച്ചു ചൊല്ലുമ്പോൾ
ശത്രുവെപ്പോലെ ക്രുദ്ധിക്കുന്നു ചിലർ;
വന്ദിതന്മാരെക്കാണുന്ന നേരത്തു
നിന്ദിച്ചത്രെ പറയുന്നിതു ചിലർ;
കാൺക നമ്മുടെ സംസാരംകൊണ്ടത്രേ
വിശ്വമീവണ്ണം നിൽപ്പൂവെന്നും ചിലർ;
ബ്രാഹ്‌മണ്യംകൊണ്ടു കുന്തിച്ചു കുന്തിച്ചു
ബ്രഹ്‌മാവുമെനിക്കൊക്കായെന്നും ചിലർ;
അർത്ഥാശയ്‌ക്കു വിരുതു വിളിപ്പിപ്പാൻ
അഗ്നിഹോത്രാദി ചെയ്യുന്നിതു ചിലർ;
സ്വർണ്ണങ്ങൾ നവരത്നങ്ങളെക്കൊണ്ടും
എണ്ണം കൂടാതെ വില്‌ക്കുന്നിതു ചിലർ;
മത്തേഭം കൊണ്ടു കച്ചവടം ചെയ്തും
ഉത്തമതുരഗങ്ങളതുകൊണ്ടും
അത്രയുമല്ല കപ്പൽ വെപ്പിച്ചിട്ടു-
മെത്ര നേടുന്നിതർത്ഥം ശിവ! ശിവ!
വൃത്തിയും കെട്ടു ധൂർത്തരായെപ്പോഴും
അർത്ഥത്തെക്കൊതിച്ചെത്ര നശിക്കുന്നു!
അർത്ഥമെത്ര വളരെയുണ്ടായാലും
തൃപ്തിയാകാ മനസ്സിന്നൊരു കാലം.
പത്തു കിട്ടുകിൽ നൂറു മതിയെന്നും
ശതമാകിൽ സഹസ്രം മതിയെന്നും
ആയിരം പണം കയ്യിലുണ്ടാകുമ്പോൾ
അയുതമാകിലാശ്‌ചര്യമെന്നതും
ആശയായുള്ള പാശമതിങ്കേന്നു
വേറിടാതെ കരേറുന്നു മേല്‌ക്കുമേൽ.
സത്തുക്കൾ ചെന്നിരന്നാലായർത്ഥത്തിൽ
സ്വല്‌പമാത്രം കൊടാ ചില ദുഷ്‌ടന്മാർ
ചത്തുപോം നേരം വസ്ത്രമതുപോലു-
മൊത്തിടാ കൊണ്ടുപോവാനൊരുത്തർക്കും
പശ്‌ചാത്താപമൊരെള്ളോളമില്ലാതെ
വിശ്വാസപാതകത്തെക്കരുതുന്നു.
വിത്തത്തിലാശപറ്റുക ഹേതുവായ്
സത്യത്തെ ത്യജിക്കുന്നു ചിലരഹോ!
സത്യമെന്നതു ബ്രഹ് മമതുതന്നെ
സത്യമെന്നു കരുതുന്നു സത്തുക്കൾ.
വിദ്യകൊണ്ടറിയേണ്ടതറിയാതെ
വിദ്വാനെന്നു നടിക്കുന്നിതു ചിലർ;
കുങ്കുമത്തിന്റെ ഗന്ധമറിയാതെ
കുങ്കുമം ചുമക്കുമ്പോലെ ഗർദ്ദഭം.
കൃഷ്‌ണ കൃഷ്‌ണ! നിരൂപിച്ചു കാണുമ്പോൾ
തൃഷ്‌ണകൊണ്ടേ ഭ്രമിക്കുന്നിതൊക്കെയും.
എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
മണ്ടിമണ്ടിക്കരേറുന്നു മോഹവും;
വന്നുവോണം കഴിഞ്ഞു വിഷുവെന്നും,
വന്നില്ലല്ലോ തിരുവാതിരയെന്നും,
കുംഭമാസത്തിലാകുന്നു നമ്മുടെ
ജന്മനക്ഷത്രമശ്വതിനാളെന്നും,
ശ്രാദ്ധമുണ്ടഹോ വൃശ്‌ചികമാസത്തിൽ
സദ്യയൊന്നുമെളുതല്ലിനിയെന്നും,
ഉണ്ണിയുണ്ടായി വേൾപ്പിച്ചതിലൊരു
ഉണ്ണിയുണ്ടായിക്കണ്ടാവു ഞാനെന്നും,
കോണിക്കൽത്തന്നെ വന്ന നിലമിനി-
ക്കാണമന്നന്നെടുപ്പിക്കരുതെന്നും,
ഇത്‌ഥമോരോന്നു ചിന്തിച്ചിരിക്കവേ
ചത്തുപോകുന്നു പാവം ശിവ! ശിവ!
എന്തിനിത്ര പറഞ്ഞു വിശേഷിച്ചും
ചിന്തിച്ചീടുവിനാവോളമെല്ലാരും.
കർമ്മത്തിന്റെ വലിപ്പവുമോരോരോ
ജന്മങ്ങൾ പലതും കഴിഞ്ഞെന്നതും
കാലമിന്നു കലിയുഗമായതും
ഭാരതഖണ്ഡത്തിന്റെ വലിപ്പവും
അതിൽ വന്നു പിറന്നതുമിത്രനാൾ
പഴുതേതന്നെ പോയ പ്രകാരവും
ആയുസ്സിന്റെ പ്രമാണമില്ലാത്തതും
ആരോഗ്യത്തോടിരിക്കുന്നവസ്ഥയും.
ഇന്നു നാമസങ്കീർത്തനംകൊണ്ടുടൻ
വന്നുകൂടും പുരുഷാർത്ഥമെന്നതും
ഇനിയുള്ള നരകഭയങ്ങളും
ഇന്നു വേണ്ടും നിരൂപണമൊക്കെയും.
എന്തിനു വൃഥാ കാലം കളയുന്നു?
വൈകുണ്‌ഠത്തിന്നു പൊയ്‌ക്കൊവിനെല്ലാരും
കൂടിയല്ലാ പിറക്കുന്ന നേരത്തും
കൂടിയല്ലാ മരിക്കുന്ന നേരത്തും
മദ്ധ്യേയിങ്ങനെ കാണുന്ന നേരത്തു
മത്സരിക്കുന്നതെന്തിനു നാം വൃഥാ?
അർത്‌ഥമോ പുരുഷാർത്ഥമിരിക്കവേ
അർത്‌ഥത്തിന്നു കൊതിക്കുന്നതെന്തു നാം?
മദ്ധ്യാഹ്‌നാർക്കപ്രകാശമിരിക്കവേ
ഖദ്യോതത്തെയോ മാനിച്ചുകൊള്ളേണ്ടു!
ഉണ്ണിക്കൃഷ്‌ണൻ മനസ്സിൽക്കളിക്കുമ്പോൾ
ഉണ്ണികൾ മറ്റു വേണമോ മക്കളായ്?
മിത്രങ്ങൾ നമുക്കെത്ര ശിവ! ശിവ!
വിഷ്‌ണുഭക്തന്മാരില്ലേ ഭുവനത്തിൽ?
മായ കാട്ടും വിലാസങ്ങൾ കാണുമ്പോൾ
ജായ കാട്ടും വിലാസങ്ങൾ ഗോഷ്ടികൾ.
ഭുവനത്തിലെ ഭൂതികളൊക്കെയും
ഭവനം നമുക്കായതിതുതന്നെ.
വിശ്വനാഥൻ പിതാവു നമുക്കെല്ലാം
വിശ്വധാത്രി ചരാചരമാതാവും.
അച്ഛനും പുനരമ്മയുമുണ്ടല്ലോ
രക്ഷിച്ചീവാനുള്ളനാളൊക്കെയും.
ഭിക്ഷാന്നം നല്ലൊരണ്ണവുമുണ്ടല്ലോ
ഭക്ഷിച്ചീടുകതന്നെ പണിയുള്ളു.
സക്തികൂടാതെ നാമങ്ങളെപ്പൊഴും
ഭക്തിപൂണ്ടു ജപിക്കണം നമ്മുടെ
സിദ്ധികാലം കഴിവോളമീവണ്ണം
ശ്രദ്ധയോടെ വസിക്കേണമേവരും.
കാണാകുന്ന ചരാചരജാതിയെ
നാണം കൈവിട്ടു കൂപ്പിസ്തുതിക്കണം.
ഹരിഷാശ്രുപരിപ്ലുതനായിട്ടു
പരുഷാദികളൊക്കെസ്സഹിച്ചുടൻ
സജ്‌ജനങ്ങളെക്കാണുന്ന നേരത്തു
ലജ്‌ജ കൂടാതെ വീണു നമിക്കണം.
ഭക്തിതന്നിൽ മുഴുകിച്ചമഞ്ഞുടൻ
മത്തനെപ്പോലെ നൃത്തം കുതിക്കണം.
മോഹംതീർന്നു മനസ്സു ലയിക്കുമ്പോൾ
സോഹമെന്നിട കൂടുന്നു ജീവനും
പാരിലിങ്ങനെ സഞ്ചരിച്ചീടുമ്പോൾ
പ്രാരബ്‌ധങ്ങളശേഷമൊഴിഞ്ഞിടും
വിധിച്ചീടുന്ന കർമ്മമൊടുങ്ങുമ്പോൾ
പതിച്ചീടുന്നു ദേഹമൊരേടത്ത്;
കൊതിച്ചീടുന്ന ബ്രഹ്‌മത്തെക്കണ്ടിട്ടു
കുതിച്ചീടുന്നു ജീവനുമപ്പൊഴേ.
സക്തിവേറിട്ടു സഞ്ചരിച്ചീടുവാൻ
പാത്രമായില്ലയെന്നതുകൊണ്ടേതും
പരിതാപം മനസ്സിൽ മുഴുക്കേണ്ട
തിരുനാമത്തിൻ മാഹാത്‌മ്യം കേട്ടാലും!:-
ജാതി പാർക്കിലൊരന്ത്യജനാകിലും
വേദവാദി മഹീസുരനാകിലും
നാവുകൂടാതെ ജാതന്മാരാകിയ
മൂകരെയങ്ങൊഴിച്ചുള്ള മാനുഷർ
എണ്ണമറ്റ തിരുനാമമുള്ളതിൽ
ഒന്നുമാത്രമൊരിക്കലൊരുദിനം
സ്വസ്‌ഥനായിട്ടിരിക്കുമ്പോഴെങ്കിലും
സ്വപ്നത്തിൽത്താനറിയാതെയെങ്കിലും
മറ്റൊന്നായിപ്പരിഹസിച്ചെങ്കിലും
മറ്റൊരുത്തർക്കുവേണ്ടിയെന്നാകിലും
ഏതു ദിക്കിലിരിക്കിലും തന്നുടെ
നാവുകൊണ്ടിതു ചൊല്ലിയെന്നാകിലും
അതുമല്ലൊരുനേരമൊരുദിനം
ചെവികൊണ്ടിതു കേട്ടുവെന്നാകിലും
ജന്മസാഫല്യമപ്പോഴേ വന്നുപോയ്
ബ്രഹ്‌മസായൂജ്യം കിട്ടീടുമെന്നല്ലോ
ശ്രീധരാചാര്യൻ താനും പറഞ്ഞിതു
ബാദരായണൻ താനുമരുൾചെയ്തു;
ഗീതയും പറഞ്ഞീടുന്നതിങ്ങനെ
വേദവും ബഹുമാനിച്ചു ചൊല്ലുന്നു.
ആമോദം പൂണ്ടു ചൊല്ലുവിൻ നാമങ്ങൾ
ആനന്ദം പൂണ്ടു ബ്രഹ്‌മത്തിൽച്ചേരുവാൻ.
മതിയുണ്ടെങ്കിലൊക്കെ മതിയിതു
തിരുനാമത്തിൽ മാഹാത്‌മ്യമാമിതു
പിഴയാകിലും പിഴകേടെന്നാകിലും
തിരുവുള്ളമരുൾക ഭഗവാനെ.
No comments:
Post a Comment