അമീബ
പഞ്ചഭൂതങ്ങളിൽ അഗ്നി ദർശനകാരണമാകുന്നു. ജ്യോതിസ്സെന്നു വിളിക്കപ്പെടുന്ന ഇവ വ്യാപനശേഷി ഉള്ളവയത്രേ. ആധുനികർ പറയുന്ന ഇലക്ട്രോമാഗ്നെറ്റിക് സ്പെക്ട്രമാണീ ജ്യോതിസ്. അഗ്നി മനുഷ്യർ ഭൂമിയിൽ നിയന്ത്രണവിധേയമാക്കിയത് മാനവ സംസ്കൃതിക്കൊരു കുതിച്ചുചാട്ടം നൽകി. പിന്നെ മനുഷ്യവർഗം തീ ഉപയോഗിച്ചതിനൊരു കണക്കില്ല. പുരാതനകാലങ്ങളിൽ അഗ്നി സൃഷ്ടിക്കാൻ ജൈവവസ്തുക്കൾ വൻ തോതിൽ ഭസ്മമാക്കി. ഒടുവിൽ അവയുടെ ലഭ്യത ക്രമത്തിൽ കുറഞ്ഞുവന്നു. ഭൌമാന്തർഭാഗത്ത് അകപ്പെട്ടുപോയ ജൈവവസ്തുക്കൾ കുഴിച്ചെടുത്ത് ഉപയോഗിക്കലാണിപ്പോൾ. പെട്രോളിയവും ഗ്യാസും കൽക്കരിയും എടുത്തു തീരാറായെന്നു രാഷ്ട്രങ്ങൾ പരാതി പറഞ്ഞു തുടങ്ങിയിരിക്കുന്നു. യൂറേനിയവും പ്ലൂട്ടോണിയവുമാണിനി പ്രധാനമത്രേ. അവയാണെങ്കിൽ ഏതാനും ചില രാജ്യങ്ങളിലേ ലാഭകരമായി ഖനനം ചെയ്യാൻ തക്ക അളവിലുള്ളൂ താനും. സൌരോർജ്ജവും ഗതികോർജ്ജവും സ്ഥാനികോർജ്ജവുമൊക്കെ ഉപയോഗിച്ചാലും തീരില്ല പോലും. പക്ഷേ അവ വേണ്ടത്ര ലഭ്യമാകുന്ന സ്ഥലകാലങ്ങളിൽ മാത്രമേ പ്രയോജനപ്പെടുത്താനാകൂ. കുറേയൊക്കെ വൈദ്യുതിയാക്കി വിതരണം ചെയ്യാനുമാകും.
എൻട്രോപ്പി എന്നൊരു പ്രതിഭാസമുണ്ട്. പ്രകൃതിയിലെ രണ്ട് ഊർജ്ജ നിലകളിലുള്ള രണ്ടു പദാർത്ഥങ്ങൾ സ്പർശിക്കുമ്പോൾ അവയുടെ ഊർജ്ജം സമീകരിക്കപ്പെടുവാനുള്ള ഒരു പ്രവണതയാണത്. ഈ എൻട്രോപ്പി പ്രവർത്തിക്കുന്നതിനാലാണ് കപ്പലുകൾക്ക് കടലിലെ വെള്ളം ഐസാക്കിമാറ്റി ആ ഊർജ്ജം കൊണ്ട് പ്രവർത്തിക്കാനാകാത്തത്. എൻട്രോപ്പിക്കുള്ള ഏക അപവാദം ജീവനാർന്ന പദാർത്ഥങ്ങളാണ്. അതിനാലത്രേ ഏറെയൊന്നും നഷ്ടപ്പെടാതെ ജീവജാലങ്ങൾക്ക് സൌരോർജ്ജവും മറ്റും സംഭരിച്ചു വയ്ക്കാനാകുന്നത്. അപ്രകാരം സഹസ്രാബ്ദങ്ങൾകൊണ്ട് സംഭരിച്ചുവച്ചതാണ് പതിറ്റാണ്ടുകൾ കൊണ്ട് അഗ്നിയാക്കിമാറ്റുന്നത്.
ജീവജാലങ്ങളുടെ വൈവിധ്യവും എണ്ണവും കാര്യമായി കുറഞ്ഞത് സൌരോർജ്ജം വേണ്ടത്ര ആഗിരണം ചെയ്യപ്പെടാതെ അന്തരീക്ഷ താപനില വർദ്ധിപ്പിക്കാൻ ഇടയാക്കി. ഓസോൺ പാളിയിൽ വിള്ളലുണ്ടായതിനു കാരണം വ്യാവസായിക അവശിഷ്ടവാതകങ്ങൾ സ്വതന്ത്രമായതു മാത്രമല്ല, വനനശീകരണത്തെയും മറ്റും തുടർന്നുള്ള അന്തരീക്ഷോഷ്മാവിലെ വർദ്ധനകൂടിയാണ്. കാർബൺ ഡൈ ഓക്സൈഡിന്റെ ആധിക്യവും ആനുപാതികമായ ഓക്സിജന്റെ കുറവും ഓസോൺ നിർമ്മാണത്തിന്റെ നിരക്കു കുറച്ചു.
ഇങ്ങനെ ഭൂമുഖത്താകമാനം അഗ്നികൊണ്ടു നിറച്ചു നാമൊരുക്കുന്ന വ്യവസായവത്കൃതലോകത്തിന്റെ പരിണിതഫലങ്ങൾ മറ്റു ജീവജാതികളാണു ആദ്യം അനുഭവിക്കുന്നതെങ്കിലും എന്നെങ്കിലും മനുഷ്യ വർഗം ഇതിനു കണക്കു പറഞ്ഞേ മതിയാകൂ. എയർ കണ്ടീഷണർ എൻട്രോപ്പിക്കു വിധേയമായതുകൊണ്ട് അന്തിമമായി ഭൂമിയുടെ ഊഷ്മാവ് പിന്നെയും വർദ്ധിപ്പിക്കുകയേ ഉള്ളൂ.
ആണവപദാർത്ഥങ്ങൾ അനേകവർഷങ്ങളിലെ നിയന്ത്രിത വിഘടനം വഴി ഭൂമിയിലേക്കു തുറന്നു വിടുന്ന താപത്തിന്റെ ഒരു മടങ്ങ് അത്ര തന്നെ വർഷങ്ങളിലൂടെ ഭൂമിയിൽ നിന്നും ബഹിരാകാശത്തേക്ക് രക്ഷപ്പെടുന്ന വികിരണങ്ങളായി നഷ്ടപ്പെടുന്നുണ്ട്. എന്നാൽ ഒരു പിശകിൽ നിന്നു തുടങ്ങാവും ഒരു ശൃംഘലാപ്രവർത്തനം സൃഷ്ടിക്കാവുന്ന ആണവവിസ്ഫോടനം അന്തരീക്ഷത്തിലേക്കു വിക്ഷേപിക്കുന്ന താപം ചില്ലറയല്ല. കടലിന്റെ ഊഷ്മാവു അര ഡിഗ്രി ഉയർന്നാൽ തന്നെ സമുദ്രഹിമാനികളിൽ അതുണ്ടാക്കാവുന്ന ആഘാതം ആഗോള തലത്തിലായിരിക്കും.
അഗ്നിയുടെ അനിയന്ത്രിതമായ ഈ ഉപഭോഗപരതയ്ക്കു രാഷ്ട്രീയ പരിഹാരമാണു വേണ്ടത്. എന്നാൽ നമ്മുടെ രാഷ്ട്രീയക്കാർ അഗ്ന്യാരാധകരായി മാറിയിരിക്കുന്നു. ഊർജ്ജം ഊർജ്ജം കൂടുതൽ ഊർജ്ജം എന്നതാണവരുടെ പൊതു മുദ്രാവാക്യം. വികസനവാദികളാണത്രേ അവർ. അമ്മയെ വിറ്റു മക്കൾ വികസിക്കുന്ന ആ പരിപാടിക്ക് മറ്റൊരു പേരു കണ്ടെത്തേണ്ടതുണ്ട്.
No comments:
Post a Comment