മേലൂർ പഞ്ചായത്തിലെ നടുത്തുരുത്തിൽ ആരമ്പിള്ളി പൌലോസിന്റേയും ഭാര്യ ആനിയുടേയും മൂന്നാമത്തെ കുട്ടിയായി ജനിച്ചു. മിമിക്രി, സീരിയൽ, സിനിമാ രംഗങ്ങളിൽ സജീവം. ഇപ്പോൾ സ്വന്തമായി ട്രിച്ചൂർ മിസ്റ്റർ ബീൻ എന്ന ട്രൂപ്പ് നടത്തുന്നു.ബൈജുവിനെ ഇന്റർവ്യൂ ചെയ്യുന്നത് കെ.ജി.ശശി.
ശശി : അടിസ്ഥാനപരമായി ബൈജു ഒരു മിമിക്രി ആർട്ടിസ്റ്റായിട്ടാണല്ലോ തുടക്കം. ഏതെല്ലാം മിമിക്രി ട്രൂപ്പുകളിൽ പ്രവർത്തിച്ചിട്ടുണ്ട്?
ബൈജു : പ്രൊഫഷണലായി കൊച്ചിൻ കലാഭവനിൽ നിന്നാണു ആരംഭം. പിന്നീട് ക്രൌൺ ഓഫ് കൊച്ചിൻ, കുമ്പളം, വൈറ്റിലയിൽ ചേർന്നു. ആലപ്പുഴയിലെ അബ്ബാ ക്രിയേഷനിലും കൊച്ചിൻ ഗിന്നസ്സിലും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ സ്വന്തമായി ട്രിച്ചൂർ മിസ്റ്റർ ബീൻ നടത്തുന്നു. ഇതിൽ ഞങ്ങൾ 18 പേരുണ്ട്. മിമിക്സ്, സിനിമാറ്റിക് ഡാൻസ്, കരോക്കേ ഗാനമേള തുടങ്ങിയവയെല്ലാം അവതരിപ്പിച്ചു വരുന്നു. ട്രിച്ചൂർ മിസ്റ്റർ ബീൻ നൂറിലധികം സ്റ്റേജുകളിൽ പരിപാടികൾ അവതരിപ്പിച്ചു കഴിഞ്ഞു. കേരളത്തിനു പുറത്ത് ഹൈദരാബാദ്, ബാംഗ്ലൂർ, ഷിമോഗാ, പൊള്ളാച്ചി, ട്രിച്ചി തുടങ്ങിയ ഇടങ്ങളിലെല്ലാം പരിപാടികൾ ലഭിച്ചിട്ടുണ്ട്. ചിലപ്പോളെല്ലാം മറ്റു ടീമുകൾക്കു വേണ്ടിയും പെർഫോം ചെയ്യാറുണ്ട്.
ശശി : ബൈജുവിന്റെ ട്രൂപ്പിൽ ബൈജു എന്തെല്ലാം പരിപാടികൾ അവതരിപ്പിക്കും?
ബൈജു : ധോണി, സൈമണ്ട്സ്, ശരത്കുമാറിന്റെ കുങ്കൻ, വിക്രമിന്റെ അംബി, റെമോ, അന്യൻ എന്നീ കഥാപാത്രങ്ങൾ, അമിതാഭ് ബച്ചൻ, ഭീമൻ രഘു, അല്ലു അർജുൻ, ഹൃതിക് റോഷൻ എന്നീ പത്തു ഫിഗറുകളായി വേഷം മാറി വരുന്ന ദശാവതാരമാണ് ഏറ്റവും പ്രശസ്തം. സിനിമാ നടന്മാരുടെ ശബ്ദാനുകരണം, കോമഡി സ്കിറ്റുകൾ എന്നിവയ്ക്കു പുറമേ മലയാളം ഹിന്ദി ഗാനങ്ങളും ആലപിയ്ക്കും.
ശശി : വിഷ്വൽ മീഡിയാ രംഗത്തെ മിമിക്സ് അനുഭവങ്ങൾ എന്തെല്ലാമാണ്?
ബൈജു : ഏഷ്യാനെറ്റിന്റെ മിന്നും താരമായി ഞാനും പ്രദീപ് പൂലാനിയും ചേർന്ന ടീം തെരഞ്ഞെടുക്കപ്പെട്ടതാണ് ആദ്യ വഴിത്തിരിവ്. ജഗദീഷായിരുന്നു അവതാരകൻ.
ശശി : അന്നു സകലകലാവല്ലഭൻ എന്നാണല്ലോ ജഗദീഷ് ബൈജുവിനെ വിശേഷിപ്പിച്ചത്.
ബൈജു : മിമിക്രി, ഫിഗർ, സ്കിറ്റ് ഇതെല്ലാം നന്നായി ചെയ്തപ്പോൾ ജഗദീഷ് സാർ പറഞ്ഞതാണ്.
ശശി : അടുത്തതായി എപ്പോളാണു ശ്രദ്ധിക്കപ്പെട്ടത്?
ബൈജു : കൊച്ചി സ്റ്റേഡിയത്തിൽ ധോണി ക്യാപ്റ്റനായി വന്നു കളിച്ച ദിവസം ഞാൻ ധോണിയുടെ ഫിഗറിൽ ജഴ്സിയുമെല്ലാമിട്ടു സ്റ്റേഡിയത്തിൽ കളികാണാൻ ചെന്നത് ദൂരദർശൻ പ്രാധാന്യത്തോടെ സമ്പ്രേഷണം ചെയ്യാനിടയായി. ഏഷ്യാനെറ്റിലെ നമ്മൾ തമ്മിൽ എന്ന പരിപാടിയിൽ ശ്രീകണ്ഠൻ നായർ എന്നെ ഇന്റർവ്യൂ ചെയ്തു. പിന്നീട് എന്റെ നേതൃത്വത്തിൽ ധോണി, ഉത്തപ്പാ, യുവരാജ്, സച്ചിൻ, ഹർഭജൻ, ജയസൂര്യ, ഷോയിബ് അക്തർ തുടങ്ങിയ കളിക്കാരുടെ ഫിഗറിൽ വന്നവരെ ഇന്റർവ്യൂ ചെയ്യുന്ന ഒരു പരിപാടിയും ഏഷ്യാനെറ്റ് സമ്പ്രേഷണം ചെയ്തു. കൊച്ചിൻ ഗിന്നസിലെ കെ.എസ്. പ്രസാദ് നയിച്ച കോമഡിയും മിമിക്സും പിന്നെ ഞാനും എന്ന പരിപാടിയിലും ഞാൻ പെർഫോം ചെയ്തിരുന്നു. ഏഷ്യാനെറ്റ് വോഡാഫോൺ കോമഡിസ്റ്റാറിൽ ജോക്ക് ബോയ്സ് എന്ന ടീമിൽ ആറു റൌണ്ട് വരെ പോയി. രസികരാജ നമ്പർ വണിൽ സാബു നായരമ്പലം നയിക്കുന്ന അഞ്ചംഗ ടീമിൽ അംഗമാണ്.
ശശി : ഇതിനിടെ മെഗാസീരിയലുകളിലും ഒരു കൈ നോക്കിയല്ലോ?
ബൈജു : സൂര്യ ടിവിയിലെ മകളുടെ അമ്മ എന്ന സീരിയലിൽ സത്യ എന്ന വില്ലനായി 20 എപിസോഡ് അഭിനയിച്ചു. സൂര്യയിലെ തന്നെ ഇന്ദ്രനീലത്തിൽ മുസാഫിൽ എന്ന വില്ലനായി 25 എപിസോഡും ചെയ്തു. ഇപ്പോൾ മഴവിൽ ചാനലിനു വേണ്ടി കോളനിവീട് എന്ന മെഗാ സീരിയലിൽ രാമു എന്ന കഥാപാത്രമായി അഭിനയിക്കുന്നു. കോളനിവീട് സമ്പ്രേഷണം ചെയ്തു തുടങ്ങിയിട്ടില്ല.
ശശി : സിനിമയോ?
ബൈജു : പാപ്പി അപ്പച്ചായിൽ ഒരു വില്ലനായി വന്നു. ട്രാഫിക്കിലും അങ്ങനെ തന്നെ. മോസ് ആന്റ് ക്യാറ്റിലും ഒരു വേഷമുണ്ട്. ചെന്നെയിൽ ഷൂട്ട് ചെയ്ത സാധു മിരണ്ടാൽ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
ശശി : ചെറുപ്പം മുതലേ മിമിക്രി രംഗത്ത് ഉണ്ടായിരുന്നോ? ധാരാളം സമ്മാനങ്ങളെല്ലാം അക്കാലത്തും കിട്ടിക്കാണുമല്ലോ?
ബൈജു : ചെറുപ്പത്തിൽ ഞാനൊരു പാവമായിരുന്നു. രണ്ടിലൊക്കെ പഠിക്കുമ്പോൾ മട്ടുള്ളവർ സമ്മാനം വാങ്ങുന്നതു കണ്ട് കൊതി തോന്നി ഞാൻ ഓട്ടമത്സരങ്ങൾക്കു ചേർന്നു സമ്മാനം നേടിയതാണ് ആദ്യത്തെ ഓർമ്മ. സ്പോർട്സിൽ പിന്നീട് ഉപജില്ലാ തലത്തിൽ 200 മീറ്റർ ഓട്ടം, ഷോട്ട് പുട്ട്, ഡിസ്കസ് ത്രോ എന്നി ഇനങ്ങളിൽ സമ്മാനം നേടിയിട്ടുണ്ട്. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോളാൾ തന്നെ പ്രച്ഛന്ന വേഷം, ടാബ്ലോ, മോണോ ആക്ട് എന്നിവയ്ക്കു സമ്മാനം ലഭിച്ചിട്ടുണ്ട്. പത്താം ക്ലാസ്സിൽ വച്ച് മിമിക്സ് പരേഡ് ചെയ്തുകൊണ്ടാണ് മിമിക്രിയിലേക്കു പ്രവേശിച്ചത്. അന്നു തന്നെ സമ്മാനം കിട്ടി. അതോടെ ഞങ്ങൾ നാലു കൂട്ടുകാർ (മനോജ്, ശിവപ്രസാദ്, സുനിൽ, ബൈജു) കൂടി ഒരു ലോക്കൽ ട്രൂപ്പുണ്ടാക്കി അടുത്തുള്ള അമ്പലങ്ങളിലും സ്കൂൾ ക്ലബ് വാർഷികങ്ങൾക്കുമൊക്കെ മിമിക്സ് അവതരിപ്പിക്കാൻ തുടങ്ങി. 1998ലാണെന്നു തോന്നുന്നു, ആദ്യമായി കേരളോത്സവ മത്സരങ്ങളിൽ പങ്കെടുത്തു. ആ വർഷവും പിന്നീടൊരിക്കലും മിമിക്രിയിൽ തൃശ്ശൂർ ജില്ലാ ജേതാവായി.
ശശി : ബൈജു മിമിക്രി ചെയ്യുന്നു, പാട്ടുപാടുന്നു, സ്കിറ്റ് ചെയ്യുന്നു. ആരെല്ലാമാണ് ആചാര്യന്മാർ?
ബൈജു : എനിക്കിരുപതു വയസ്സുള്ള കാലം മുതൽ പോൾ ആന്റണി വലിയപറമ്പിൽ എന്ന ഒരു ആർട്ടിസ്റ്റ് കലാരംഗത്തുള്ള എന്റെ പോരായ്കകൾ വല്ലപ്പോളും ചൂണ്ടിക്കാട്ടാറുണ്ട്. മിമിക്രിയ്ക്കോ സംഗീതത്തിനോ ഇതുവരെ ആരും ഒന്നും പഠിപ്പിച്ചു തരാനുണ്ടായിട്ടില്ല. ആരും വേണ്ടത്ര പ്രോത്സാഹിപ്പിച്ചുമില്ല. തനിയേ നിരന്തരം പരിശീലിക്കുകയായിരുന്നു. ഇന്നും കഷ്ടപ്പെട്ടു പഠിക്കുന്നുണ്ട്.
ശശി : വീട്ടിൽ ആരെല്ലാമുണ്ട്?
ബൈജു : അപ്പച്ചനും അമ്മയ്ക്കും പുറമേ സോബിയാസ് എന്ന ചേട്ടനും മിനി എന്ന ചേച്ചിയും ഷൈനി എന്ന അനുജത്തിയും എനിക്കു പ്രിയപ്പെട്ടവരാണ്.
ശശി : വളർന്നു വരുന്ന കലാകാരന്മാർക്കു വേണ്ടി എന്തു സന്ദേശമാണു ബൈജുവിനു നൽകാനുള്ളത്?
ബൈജു : കഷ്ടപ്പാടു സഹിക്കാതെ ആർക്കും കലാരംഗത്തു വിജയിക്കാനാകുകയില്ല. കല ആദ്യം കയ്ക്കും പിന്നെപ്പിന്നെയേ മധുരിക്കൂ.
No comments:
Post a Comment