ആപിശലി
നാട്ടിലാകെ പീഢനങ്ങൾ ഓടി നടക്കുമ്പോൾ നമുക്ക് ഓർത്തു വയ്ക്കാൻ ഒരു ഒരു ശ്ലോകം ആകട്ടെ ഈയാഴ്ച.
അപരീക്ഷ്യ ന കർത്തവ്യം
കർത്തവ്യം സുപരീക്ഷ്യ ച
ന ചേദ്ഭവതി സന്താപോ
ബ്രാഹ്മണ്യാ നകുലാദ്യഥാ
അപരീക്ഷ്യ = പരീക്ഷിക്കാതെ
ന = അല്ല
കർത്തവ്യം = താൻ കർത്താവായി ചെയ്യേണ്ടുന്നത്.
സുപരീക്ഷ്യ ച = നല്ല വണ്ണം പരീക്ഷിച്ചും
ന ചേത് = ഇല്ലെങ്കിൽ
ഭവതി = ഹേ സ്ത്രീയേ
സന്താപഃ = വലിയ ഉഷ്ണം.
ബ്രാഹ്മണ്യാ = ബ്രാഹ്മണിയുടെ
നകുലാത് = നകുലനെ കൊണ്ട്
യഥാ = എപ്രകാരമോ അപ്രകാരം.
ആദ്യം തന്നെ ഈ ശ്ലോകത്തിലെ കഥാപാത്രങ്ങളായ ബ്രാഹ്മണിയേയും നകുലനേയും പരിചയപ്പെടാം. യാ മണി ധാരതി ബ്രാ സാ ബ്രാമണി. മണിയെന്നാൽ പണമെന്നാണ് അർഥമെങ്കിൽ ബ്രായ്ക്കിടയിൽ മണി വയ്ക്കുന്നവൾ ബ്രാമണി എന്നർത്ഥം. മണിയെന്നാൽ അംഗനമാർ മണിമൌലേ ബാലേ എന്നതിലെ ആഭരണക്കല്ലാണു മണിയെങ്കിൽ ബ്രാ ധരിക്കുന്ന പെണ്മണി ബ്രാമണി എന്നു വരും അർഥം. ഇനി ബ്രാമണി ബ്രാഹ്മണി എങ്ങനെയായി എന്നാണെങ്കിൽ ബ്രാമണിയെ മനസ്സിൽ സങ്കല്പിച്ചപ്പോൾ തന്നെ കവിയുടെ മനസ്സിൽ ചിരിയുടെ ഒരു ഉറവ പൊട്ടിയിരുന്നു. അപ്പോൾ ഹാ എന്നു ചിരിക്കാൻ തുടങ്ങിയത് പകുതി അടക്കിയതുകൊണ്ട് ബാക്കി വന്ന ഹ് നടുക്കു ചേർത്തപ്പോൾ ബ്രാമണി ബ്രാഹ്മണിയായി. കുട്ടികൾ ബ്രാ ധരിക്കാത്തതിനാൽ ബ്രാഹ്മണി പ്രായപൂർത്തിയെത്താത്ത കുട്ടിയല്ലെന്നു വേറിട്ടു പറയേണ്ടതില്ലല്ലോ.
യസ്യ കുലം നാസ്തി സഃ നകുലഃ അതായത് കുലത്തിൽ പിറക്കാത്തവൻ നകുലൻ. കുലത്തിൽ പിറന്നവനു അമ്മപെങ്ങന്മാരെല്ലാം ഉണ്ടാകും. അതില്ലാത്ത തറവഴിത്തരം കാട്ടുന്നവനാണ് നകുലൻ.
ഇനി സാരം. ഹേ, യുവതി, അവിടുന്ന് (ആണുങ്ങളോട് ഇടപെടുമ്പോൾ അയാളെ) നന്നായി പരീക്ഷിക്കാതെ (ഇടപെടുന്നത് അവിടുത്തെ) കർത്തവ്യമല്ല. നന്നായി പരീക്ഷിക്കേണ്ടതോ കർത്തവ്യവുമാകുന്നു. അപ്രകാരം ചെയ്തില്ലെങ്കിൽ, കുലത്തിൽ പിറക്കാത്ത തറവഴിക്കാർ ബ്രായിട്ട പെണ്മണിയോടു എപ്രകാരമാണോ പ്രവൃത്തിക്കുന്നത്, അത്തരത്തിലുള്ള കടുത്ത ഉഷ്ണിപ്പിനു, ഭവതി (അവിടുന്നും വിധേയയാകേണ്ടിവരും).
ഇനി പ്രായപൂർത്തിയാകാത്തവർക്കും വല്ല ഉപദേശവും വേണമെങ്കിൽ ഇങ്ങനെയുമാകാം. ഏതൊരു സാഹചര്യത്തേയും ശരിക്കു പഠിക്കാതെ പ്രവർത്തിക്കരുത്. അല്ലെങ്കിൽ കീരിയെ കൊന്ന ബ്രാഹ്മണിയേപ്പോലെ ദു:ഖിക്കേണ്ടി വരും.
No comments:
Post a Comment