ശരത് കെ. ശശി
സ്പോർട്ടി ലുക്ക്, കിടിലൻ പെർഫോർമൻസ്, തകർപ്പൻ മൈലേജ് എന്നിങ്ങനെ വിവിധ സവിശേഷതകളോടു കൂടിയ ഒരു ബൈക്ക് ഇന്നു സ്വപ്നത്തിൽ മാത്രമേ കാണാൻ കഴിയുകയുള്ളൂ! ഒന്നു നിൽക്കിഷ്ടാ, കാടുകേറി ചിന്തിക്കാൻ വരട്ടെ, ഇനി അങ്ങനെ ഒരു ബൈക്ക് ഉണ്ടെങ്കിലോ? ഉണ്ടെങ്കിലോ എന്നല്ല, ഉണ്ട്, ട്വിസ്റ്റർ - സി.ബി.ട്വിസ്റ്റർ. കേൾക്കുമ്പോൽ നുണ പോലെയേ തോന്നുകയുള്ളൂ. പുള്ളിയെ നേരിൽ കണ്ടാലോ, വായും പൊളിച്ചു നിന്നുപോകും. ഈ സമയത്ത് മുല്ലപ്പെരിയാർ പൊട്ടി തൊട്ടു മുമ്പിൽ എത്തിയാൽ പോലും നിങ്ങൾ അറിയുകയില്ല. ഇങ്ങനെയുള്ള ഈ ധീരന്റെ നിർമ്മാതാവ് മറ്റാരുമല്ല, ഹോണ്ട തന്നെയാണ്. ഇപ്പോൾ ഇദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയണം എന്നുണ്ടാകും അല്ലേ, എങ്കിൽ വായിച്ചു തുടങ്ങിക്കോളൂ.
എഞ്ചിൻ
ഒറ്റ നോട്ടത്തിൽ ഒരു സൂപ്പർ ബൈക്ക് ആണെന്നേ തോന്നുകയുള്ളൂ. പക്ഷേ ആളൊരു പാവമാണു കേട്ടോ. ഫോർ സ്ട്രോക്ക്, എയർ കൂൾഡ്, എസ്.ഐ എഞ്ചിൻ ആണ് ഹോണ്ട സി.ബി.ട്വിസ്റ്ററിനു നൽകിയിരിക്കുന്നത്. 150 സി.സി.യാണ് ഡിസ്പ്ലേസ്മെന്റ്. 8000 അർ. പി. എമ്മിൽ 9 ബി.എച്ച്. പി യാണ് ഇദ്ദേഹത്തിന്റെ കരുത്ത്. ടോർക്ക് 6000 ആർ. പി. എമ്മിൽ 9 എൻ.എം. മെയിന്റനൻസ് കുറയ്ക്കുന്നതിനു വേണ്ടി വിസ്ക്കസ് പേപ്പർ എയർ ഫിൽറ്ററാണു സി.ബി.ട്വിസ്റ്ററിനുള്ളത്. കിക്ക് വിത് സെൽഫ്, കിക്ക് (ഓപ്ഷണൽ) എന്നിങ്ങനെയാണ് ട്വിസ്റ്ററിന്റെ സ്റ്റാർട്ടിങ്ങ് സിസ്റ്റം. നാലു സ്പീഡ് ഗിയറുകളുള്ള ട്വിസ്റ്ററിനു വൺ ഡൌൺ ത്രീ അപ് എന്നിങ്ങനെയാണ് ട്രാൻസ്മിഷൻ. ആളു വിചാരിച്ച പോലെയല്ല, അല്ലേ?
ഡൈമെൻഷൻസ്
ചെറുപ്പക്കാർക്കു വേണ്ടി എത്തിയ ഈ ചെറുപ്പക്കാരനു ചെറുപ്പക്കാർ നൽകിയത് ഇൻഡ്യൻ ബൈക്ക് ഓഫ് ദി ഇയർ (2011) പുരസ്കാരം ആണ്. 108 കിലോഗ്രാം കെർബ് വെയ്റ്റുള്ള ഇദ്ദേഹത്തിന്റെ ലെങ്ത് 1972 മില്ലീമീറ്ററും വിഡ്ത് 742 മില്ലീമീറ്ററും ഉയരം 1075 മില്ലീമീറ്ററും ആണ്. വീൽ ബേസ് 1262 മില്ലീമീറ്ററുള്ള ട്വിസ്റ്ററിന്റെ ഗ്രൌണ്ട് ക്ലിയറൻസ് 180 മില്ലീമീറ്ററാണ്. 8 ലിറ്ററാണ് ഇദ്ദേഹത്തിന്റെ ഫ്യൂവൽ ടാങ്ക് കപ്പാസിറ്റി. 1.300 ലിറ്ററാണു റിസർവ്.
ചേസിസ്
ആഡ്വാൻസ്ഡ് ഡിസൈൻ ഡയമണ്ട്, ട്വിൻ പൈപ്പ് ടൈപ്പ് എന്നിങ്ങനെയാണ് ചേസിസ്. ഫ്രണ്ട് ടെലസ്കോപ്പിക് ഫോർക്കും റിയർ സ്പ്രിങ് ലോഡഡ് ഹൈഡ്രോളിക് ഷോക്ക് അബ്സോർബർ വിത് റെക്ടാങ്കുലർ ബോക്സ് ടൈപ്പ് സ്വിങ് ആമും ആണ് സസ്പെൻഷൻ. ഫ്രണ്ടും റിയറും ട്യൂബ് ലെസ്സ് ടയറുകളാണ്. 70/100-17/എം/സി 40 പി ഫ്രണ്ടും 80/100-17/എം/സി 53 പി റിയറും ആണ്. ഫ്രണ്ട് 240 മില്ലീമീറ്റർ ഡയാ ഡിസ്കും റിയർ 110 മില്ലീമീറ്റർ ഡയാ ഡ്രമ്മും ആണ് ട്വിസ്റ്ററിന്റെ ബ്രേക്കിങ്ങ് സിസ്റ്റം. അങ്ങനെ ചെറുപ്പക്കാരുടെ ഇടയിൽ സ്ഥാനം പിടിച്ച ഇദ്ദേഹത്തിന്റെ സാഹസങ്ങളിൽ കുറച്ച് മുകളിൽ വായിച്ചില്ലേ? ഇനി താഴോട്ടു വായിച്ചോളൂ. ബാക്കിയെല്ലാം വഴിയേ മനസ്സിലാക്കാം.
ഇലക്ട്രിക്കലും മറ്റുള്ളവയും.
ഡി.സി. സി.ഡി.ഐ. ഇഗ്നീഷൻ ആണ് ഹോണ്ട സി.ബി. ട്വിസ്റ്ററിനു നൽകിയിരിക്കുന്നത്. ബാറ്ററി 12 വോൾട്ട്, 3.0 ഏ. എച്ച് മെയിന്റനൻസ് ഫ്രീ ആണ്. ഹാലൊജൻ 12 വോൾട്ട് 35/35 വാട്ട് ഹെഡ് ലാമ്പാണ് ഹോണ്ട ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. മികച്ച പെർഫോർമൻസ് നൽകുന്നതും സൌന്ദര്യം വർദ്ധിപ്പിക്കുന്നതുമായ സ്ക്രീൻലെസ്സ് ഫ്രണ്ട് കൌൾ ട്വിസ്റ്ററിനു പുതിയ തലമുറയുടെ സ്റ്റൈൽ നൽകുന്നു. ഇതിന്റെ എയറോഡൈനാമിസം വെളിപ്പെടുത്തുന്നതിൽ മറ്റൊരു പങ്ക് സൈഡ് കൌളുകൾക്കാണ്. ഇവ ട്വിസ്റ്ററിന് ഒരു സ്പോർട്ടി ലുക്ക് നൽകുന്നു. ബോഡി ഡിസൈനിൽ ഫ്യൂവൽ ടാങ്കിന്റെ ഡിസൈൻ ട്വിസ്റ്ററിന്റെ ശക്തി വെളിപ്പെടുത്തുന്നു. കമ്പൈൻഡ് ആയിട്ടുള്ള ഇൻസ്ട്രുമെന്റ് പാനലാണ് ഇദ്ദേഹത്തിനുള്ളത്. ഷാർപ്പായി നിൽക്കുന്ന പിൻഭാഗത്തെ ഇത്തിരി കുഞ്ഞൻ റ്റൈൽ ലാമ്പ് വളരെ ആകർഷണീയമാണ്. ഇതിന്റെ ഹാഫ് ചെയിൻ കേയ്സ് ട്വിസ്റ്ററിനു ഒരു പുതിയ ഭാവം നൽകുന്നു. 110 സി.സി എഞ്ചിൻ എന്നത് സ്മൂത്ത് ആയിട്ടുള്ള ഡ്രൈവിനു മുന്നോടിയാകുന്നു. വീലുകളുടെ രൂപഭംഗി കൂട്ടുന്നതിനു വേണ്ടി വി – ഷേപ്പ് അല്ലോയിയാണു ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ മാസ്സ് ഫോർവേർഡ് പ്രൊപ്പോർഷൻ മെച്ചപ്പെട്ട സ്റ്റബിലിറ്റിയും എജിലിറ്റിയും നൽകുന്ന മാസ്സ് സെണ്ട്രലൈസേഷൻ കൺസെപ്റ്റിലുള്ളതാണ്. ഇലക്ടിക് യെല്ലൊ മെറ്റാലിക്, പേൾ നൈറ്റ് സ്റ്റാർ ബ്ലാക്, പേൾ സീയെന്നാ റെഡ്, കാൻഡി പാം ഗ്രീൻ, ഹെവി ഗ്രേ മെറ്റാലിക്, പേൾ സൺ ബീം വൈറ്റ് എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിൽ സി.ബി. ട്വിസ്ടർ ലഭ്യമാണ്.
മൈലേജും വിലയും
ഇനി അവസാനത്തെ ചടങ്ങിലേക്ക്. ലിറ്ററിനു 70 കിലോമീറ്റർ ആണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. എന്നാൽ 82 വരെ മൈലേജ് ലഭിച്ചവരും ഉണ്ട്. പെട്രോൾ വില വച്ചു നോക്കുമ്പോൾ ഇത്രയും സവിശേഷതകളോടു കൂടിയ ഇദ്ദേഹത്തിനു ഇത്രയും മൈലേജ് എന്നു പറഞ്ഞാൽ ഈശ്വരന്റെ പുതിയ അവതാരങ്ങളിൽ ഒന്നാണ് ട്വിസ്റ്റർ എന്നു തോന്നിപ്പോകും അല്ലേ? ഇനി വിലകൂടി കേട്ടാൽ നിങ്ങളും സമ്മതിക്കാതിരിക്കില്ല, ട്വിസ്റ്ററിന്റെ എക്സ് ഷോറൂം വില സ്റ്റാൻഡേർഡ് മോഡലിന് 49321ഉം സെൽഫ് വിത് ഡിസ്ക് മോഡലുകൾക്ക് 52380ഉം ആണ്. ആശ്ചര്യം തോന്നുന്നു അല്ലേ? സംശയിക്കേണ്ടാ ഇതു സത്യമാണ്. ഇപ്പോൾ മനസ്സിലായില്ലേ ചെറുപ്പക്കാർക്ക് ഈ ചെറുപ്പക്കാരനെ ഇഷ്ടപ്പെടാനുള്ള കാരണം! ഇനിയും വിശ്വസിക്കാത്തവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, കണ്ടറിയാത്തവൻ കൊണ്ടറിയും.
twster 110 cc anu..150 alla
ReplyDelete