ഡോ: ബാബു എം. എൻ.
ആഥെൻസിലെ ഒരു ശില്പിക്കും വയറ്റാട്ടിക്കും ജനിച്ച സോക്രട്ടീസ് ചെറുപ്പത്തിലേ സംഗീതവും ക്ഷേത്രഗണിതവും കായികകലയും അഭ്യസിച്ചു. സ്വയം രൂപപ്പെട്ട ഒരു ദാർശനികനായിരുന്നു അദ്ദേഹം. ചെറുപ്പത്തിൽ പിതാവിന്റെ തൊഴിൽ തുടർന്നു കൊണ്ടു പോയെങ്കിലും വിശുദ്ധമെന്നു താൻ കരുതിയ അധ്യയനാദ്ധ്യാപനങ്ങൾക്കു വേണ്ടി അദ്ദേഹം ശില്പവേല ഉപേക്ഷിച്ചു. ജീവിതത്തിന്റെ എല്ലാ സന്ദിഗ്ദ്ധ വഴിത്തിരിവുകളിലും വിശുദ്ധമായ ഒരു ജ്ഞാനം തന്നെ നയിച്ചിരുന്നതായി അദ്ദേഹം പറഞ്ഞിട്ടുണ്ട്.
അഥീനിയൻ സൈന്യത്തിൽ യുദ്ധകാലത്ത് അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. കുള്ളനും വിരൂപനും ഇടയ്ക്കിടെ കണ്ണുകൾ അനിയന്ത്രിതമായി ചലിപ്പിക്കുന്ന അപസ്മാരരോഗിയുമായിരുന്നു അദ്ദേഹം. നഗ്നപാദനായ അദ്ദേഹം ഹേമന്തത്തിലും ഗ്രീഷ്മത്തിലും ഒരേപോലെയുള്ള പഴകിയ വസ്ത്രങ്ങൾ ധരിച്ചു നടന്നു. പുറം കാഴ്ചയെ സ്വാധീനിക്കാവുന്ന യാതൊന്നും ധരിക്കാത്ത അദ്ദേഹം തന്റെ ജീവിതകാലത്ത് യാതൊന്നും എഴുതിയിരുന്നില്ല. വാക്കുകൾകൊണ്ടും സംഭാഷണങ്ങൾകൊണ്ടും ദർശനം പകരുന്ന ഒരു ദാർശനിക രീതിശാസ്ത്രത്തിന്റെ ഉപജ്ഞാതാവായിരുന്നു അദ്ദേഹം. സഹകരണാത്മകവും അഭിപ്രായങ്ങളുടെ പരസ്പര വിനിമയവും ഉൾക്കൊള്ളുന്ന പ്രശ്നോത്തരികളിലൂടെ ദർശനവും ദാർശനിക സത്യങ്ങളും സൃഷ്ടിക്കാമെന്ന് അദ്ദേഹം തെളിയിച്ചു.
ദിവസവും സകലപ്രായത്തിലും ജ്ഞാനത്തിലും തൊഴിലിലും പെട്ട വ്യത്യസ്ത തരം ആളുകളോട് ആഥെൻസിലെ തെരുവുകളിൽ വച്ച് അദ്ദേഹം സംസാരിക്കുക പതിവാക്കി. അദ്ദേഹത്തിന്റെ സംഭാഷണം ഒരിക്കലും ഏകപക്ഷീയമായിരുന്നില്ല. പ്രചോദനത്തിന്റെ ഒരു ധാരാപ്രവാഹമായിരുന്നു അദ്ദേഹം. ജ്ഞാനാന്വേഷണമെന്ന തന്റെ മഹനീയ കർമ്മത്തിന്റെ ഭാഗമായി നാട്ടിലെ ജ്ഞാനികളെ ചോദ്യം ചെയ്തതോടെ അദ്ദേഹം കുഴപ്പത്തിലായി. ഭരണക്കാർക്കു താല്പര്യമില്ലാത്ത ആഥൻസിലെ ധനവാന്മാരായ ചെറുപ്പക്കാരുടെ ഇടയിൽ ആരാധ്യനായതോടെ അദ്ദേഹത്തെ മരണശിക്ഷക്കു വിധിച്ചു. രാഷ്ട്രം അംഗീകരിച്ച ദൈവങ്ങളെ നിഷേധിക്കുക, പുതിയ ദൈവങ്ങളെ സൃഷ്ടിക്കുക, യുവാക്കളെ വഴി തെറ്റിക്കുക എന്നീ കുറ്റങ്ങളാണു അദ്ദേഹത്തിനെതിരെ ആരോപിപ്പിക്കപ്പെട്ടത്. സോക്രട്ടീസ് ആരോപിക്കപ്പെട്ട കുറ്റങ്ങളെല്ലാം നിഷേധിച്ചു. അവസാന നിമിഷത്തിൽ അദ്ദേഹം പറഞ്ഞു. “നമുക്കു പോകാൻ നേരമായി. ഞാൻ മരണത്തിലേക്കും നിങ്ങൾ ജീവിതത്തിലേക്കും. പക്ഷേ ആരാണ് ആനന്ദത്തിലേക്കു പോകുന്നതെന്ന് ഈശ്വരനു മാത്രമേ അറിയൂ.
അദ്ദേഹത്തിന്റെ ദർശനത്തിൽ പ്രശ്നോത്തരികളുടെ ഒരു വൈരുദ്ധ്യാത്മക രീതിശാസ്ത്രം കണ്ടെത്താൻ നമുക്കു കഴിയും. ആശയങ്ങളുടെ വിപരീതവ്യഞ്ജകത്വവും അവയുടെ ഒരു വക സൂതികർമണീ പ്രക്രിയയും ഈ രീതിശാസ്ത്രം ഉൾക്കൊള്ളുന്നുണ്ട്. വിപരീതവ്യഞ്ജകത്വ ഘട്ടത്തിൽ സോക്രട്ടീസ് തന്റെ സഹയോഗിയുടെ അജ്ഞത വെളിവാക്കുന്നു. ഏറ്റവും വലിയ പാപം അജ്ഞതയാണ് (Ignorance is the greatest sin) എന്നു പറയുന്ന സോക്രട്ടീസ് പക്ഷേ ജ്ഞാനത്തെ നന്മയായി കാണുന്നുമില്ല (Knowledge is no good). സ്വന്തം അജ്ഞതയെക്കുറിച്ച് അജ്ഞനായിരിക്കുന്നതത്രേ ഏറ്റവും വലിയ തിന്മ. വിജ്ഞനാകുന്നതിന്റെ ആദ്യ പടി അജ്ഞനാണെന്നു സ്വയം സമ്മതിക്കുകയത്രേ. അജ്ഞനെന്ന സ്വയംസമ്മതം ഒരു കർശനമായ സ്വയം വിമർശനം ആവശ്യപ്പെടുന്നുണ്ട്. ആത്മപരിശോധന നടത്താത്ത ജീവിതം ജീവിക്കാനർഹതയുള്ളതല്ല എന്നു അദ്ദേഹം ഒരു പൊതു നിരീക്ഷണവും നടത്തിയിട്ടുണ്ട്. പദാർത്ഥങ്ങളുടെ ശരിയായ സ്വഭാവത്തെക്കുറിച്ച് ഒരാൾക്കുള്ള അജ്ഞത വെളിവാക്കും വരേക്കും പുനർപ്രശ്നങ്ങൾ ഉന്നയിക്കാൻ സ്വയം അജ്ഞനാണെന്ന സോക്രട്ടീസിന്റെ നാട്യം അദ്ദേഹത്തെ പ്രാപ്തനാക്കുന്നുമുണ്ട്.
കേൾവിക്കാരുടെ മനസ്സിൽ നിന്നും സത്യത്തെ പുറത്തേയ്ക്കാനയിപ്പിക്കാൻ സോക്രട്ടീസിന്റെ മാർഗ്ഗമാണ് ഇത്തരം വിപരീതവ്യഞ്ജകത്വം. സത്യത്തെ പുറത്തേയ്ക്കാനയിപ്പിക്കുന്ന കലയത്രേ സൂതികർമണീ പ്രക്രിയ. മനുഷ്യമനസ്സിന്റെ അഗാധതകളിൽ മറഞ്ഞിരിക്കുന്ന പ്രാപഞ്ചിക സത്യങ്ങളെ കണ്ടെത്താൻ സംഭാഷണങ്ങളും സംവാദങ്ങളും സഹായിക്കുന്നു. മനുഷ്യനാണ് സകലത്തിന്റേയും മാനദണ്ഡം എന്ന വിജ്ഞാനവാദികളായ സോഫിസ്റ്റുകളുടെ പ്രമാണത്തിന് നേരെ എതിരാണ് സോക്രട്ടീസിന്റെ നീതിശാസ്ത്രം. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ജ്ഞാനം സദ്ഗുണവും അജ്ഞത തിന്മയുമാകുന്നു. ജ്ഞാനവും സദ്ഗുണവും ഒന്നാകുന്നു, എങ്ങിനെയെന്നാൽ എന്താണു ശരിയെന്നറിയുന്ന ജ്ഞാനി ശരിയായ കർമ്മം തന്നെ അനുഷ്ഠിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ അറിഞ്ഞുകൊണ്ട് ആരും തിന്മ ചെയ്യുകയില്ല.
No comments:
Post a Comment