Sunday, December 11, 2011

കരുണ – കുമാരനാശാൻ


മലയാള സാഹിത്യത്തിലെ ആധുനിക കവിത്രയത്തിലെ പ്രഥമനാണു കുമാരനാശാൻ. ജനകീയവും ദാർശനികവുമായ ഒരു കവിതാ സരണി സൃഷ്ടിച്ചു. അകാലത്തിൽ പൊലിഞ്ഞ ആക്ടിവിസ്റ്റു കൂടിയായ ഈ മനുഷ്യസ്നേഹിയുടെ മാസ്റ്റർ പീസുകളിലൊന്നാണ് കരുണ എന്ന ഖണ്ഡകാവ്യം. മലയാള സാംസ്കാരിക രംഗത്ത് ഇതുയർത്തിയ അനുരണനങ്ങൾ ചില്ലറയല്ല. കരുണക്ക് അനേക മാധ്യമങ്ങളിലൂടെ ഒട്ടനേകം ആവിഷ്കാരങ്ങളും ഉണ്ടായിട്ടുണ്ട്. 

ഒന്ന് 

അനുപമകൃപാനിധിയഖിലബാന്ധവൻ ശാക്യ-
ജിനദേവൻ, ധർമ്മരശ്മി ചൊരിയും നാളിൽ,
ഉത്തരമഥുരാപുരിക്കുത്തരോപാന്തത്തിലുള്ള
വിസ്തൃതരാജവീഥിതൻ കിഴക്കരികിൽ,
കാളിമകാളും നഭസ്സെയുമ്മവയ്ക്കും വെണ്മനോജ്ഞ-
മാളികയൊന്നിന്റെ തെക്കേ മലർമുറ്റത്തിൽ,
വ്യാളീമുഖം വച്ചു തീർത്ത വളഞ്ഞ വാതിലാർന്നക-
ത്താളിരുന്നാൽകാണും ചെറുമതിലിനുള്ളിൽ,
ചിന്നിയ പൂങ്കുലകളാം പട്ടുതൊങ്ങൽചുഴുമൊരു
പൊന്നശോകം വിടുർത്തിയ കുടതൻകീഴിൽ,
മസൃണശിലാസനത്തിൽചരിഞ്ഞ പാർശ്വത്തിൽപുഷ്പ-
വിസൃമരസുരഭിയാമുപധാനത്തിൽ,
മെല്ലെയൊട്ടു ചാഞ്ഞും വക്കിൽകസവുമിന്നും പൂവാട
തെല്ലളകോപരിയൊരു വശത്താ‍ക്കിയും
കല്ലൊളിവീശുന്ന കർണ്ണപുരമാർന്നും, വിടരാത്ത
മുല്ലമാല മിന്നും കൂന്തൽക്കരിവാർമുകിൽ
ഒട്ടു കാണുമാറുമതിന്നടിയിൽനന്മൃഗമദ-
പ്പൊട്ടിയന്ന മുഖചന്ദ്രൻസ്ഫുരിക്കുമാറും,
ലോലമോഹനമായ “ത്തങ്കപ്പങ്കജത്തെ വെല്ലും വലം-
കാലിടത്തു തുടക്കാമ്പിൽകയറ്റിവച്ചും,
രാമച്ചവിശറി പനീനീരിൽമുക്കിത്തോഴിയെക്കൊ-
ണ്ടോമൽകൈവള കിലുങ്ങെയൊട്ടു വീശിച്ചും,
കഞ്ജബാണൻതന്റെ പട്ടംകെട്ടിയ രാജ്ഞിപോലൊരു
മഞ്ജുളാംഗിയിരിക്കുന്നു മതിമോഹിനി.
പടിഞ്ഞാറു ചാഞ്ഞു സൂര്യൻ പരിരമ്യമായ് മഞ്ഞയും
കടുംചുവപ്പും കലര്‍ന്നു തരുക്കളുടെ
രാജല്‍കരകേസരങ്ങൾ വീശിടുന്നു ദൂരത്തൊരു
“രാജമല്ലി”മരം പൂത്തു വിലസും‌പോലെ.
കൊണ്ടൽവേണീമണിയവൾ കുതുകമാര്‍ന്നൊരു മലർ-
ച്ചെണ്ടൊരു കരവല്ലിയാൽചുഴറ്റിടുന്നു.
ഇളംതെന്നൽതട്ടി മെല്ലെയിളകിച്ചെറുതരംഗ-
ച്ചുളിചേരും മൃദുചേലച്ചോലയില്‍നിന്നും
വെളിയിൽവരുമച്ചാരുവാമേതരപദാബ്ജം പൊന്‍-
തള കിലുങ്ങുമാറവൾ ചലിപ്പിക്കുന്നു.
മറയും മലര്‍വല്ലിയിൽകുണ്ഠിതമാര്‍ന്നിടയ്ക്കിടെ
മറിമാന്മിഴി നോക്കുന്നു വെളിക്കെന്നല്ല,
ഇടതൂര്‍ന്നിമകറുത്തുമിനുത്തുള്ളിൽമദജലം
പൊടിയും മോഹനനേത്രം; പ്രകൃതിലോലം,
പിടഞ്ഞു മണ്ടിനില്‍ക്കുന്നു പിടിച്ചു തൂനീർ തിളങ്ങും
സ്ഫടികക്കുപ്പിയിലിട്ട പരല്‍മീന്‍പോലെ.
തുടുതുടെ സ്ഫൊരിച്ചെഴുമധരപല്ലവങ്ങൾ തൻ
നടുവോളമെത്തും ഞാത്തിൻ ധവളരത്നം,
വിളങ്ങുന്നു മാണിക്യമായവൾ ശ്വസിക്കും രാഗംതാൻ
വെളിയിലങ്ങനെ ഘനീഭവിക്കും‌പോലെ.
നിതംബഗുരുതയാല്‍ത്താന്നിലംവിടാൻ കഴിയാതി-
സ്ഥിതിയില്‍ത്തങ്ങുമിക്ഷോണീരംഭതാനത്രേ.
‘വാസവദത്താ‘ഖ്യയായ വാരസുന്ദരി-മഥുരാ-
വാസികളിലറിയാതില്ലിവളെയാരും.
വെളിയിലെന്തിനോ പോയി മടങ്ങിവരും വേറൊരു
നളിനാക്ഷി നടന്നിതാ നടയിലായി.
കനിഞ്ഞൊരു പുഞ്ചിരിപൂണ്ടവളെയക്കാമിനി കാർ-
കുനുചില്ലിക്കൊടികാട്ടി വിളിച്ചിടുന്നു.
“ഫലിച്ചിതോ സഖി, നിന്റെ പ്രയത്നവല്ലരി, രസം
കലര്‍ന്നിതോ ഫലം, ചൊല്‍ക കനിയായിതോ?
എനിക്കു സന്ദേഹമില്ലയിക്കുറി, യോര്‍ക്കിലപ്പുമാൻ
മനുഷ്യനാണല്ലോ! നീയും ചതുരയല്ലോ.”
ത്വരയാര്‍ന്നിങ്ങനെയവൾ തുടര്‍ന്നു ചോദിച്ചാളുട-
നരികത്തണഞ്ഞു തോഴി തൊഴുകൈയോടെ
“ ‘സമയമായില്ലെ’ന്നുതാനിപ്പൊഴും സ്വാമിനി,യവൻ
വിമനസ്സായുരയ്ക്കുന്നൂ, വിഷമ”മെന്നാൾ.
കുണ്ഠിതയായിതു കേട്ടു പുരികം കോട്ടിയും കളി-
ച്ചെണ്ടു ചെറ്റു ചൊടിച്ചുടൻവലിച്ചെറിഞ്ഞും
മട്ടൊഴുകും വാണിയവൾ ചൊല്ലിനാൾ മനമുഴറി-
യൊട്ടു തോഴിയോടായൊട്ടു സ്വഗതമായും;
“ ‘സമയമായില്ല’പോലും ‘സമയമായില്ല’പോലും
ക്ഷമയെന്റെ ഹൃദയത്തിലൊഴിഞ്ഞു തോഴി.
കാടുചൊല്ലുന്നതാമെന്നെക്കബളിപ്പിക്കുവാൻകൈയി-
ലോടുമേന്തി നടക്കുമീയുല്പലബാണന്‍.
പണമില്ലാഞ്ഞുതാൻവരാൻ മടിക്കയാവാമസ്സാധു
ഗണികയായ് ത്തന്നെയെന്നെഗ്ഗണിക്കയാവാം.
ഗുണബുദ്ധിയാൽഞാൻ തോഴി, കൊതിപ്പതക്കോമളന്റെ
പ്രണയം മാത്രമാണെന്നു പറഞ്ഞില്ലേ നീ?
വശംവദസുഖ ഞാനീ വശക്കേടെനിക്കു വരാൻ
വശമില്ലെന്നാലും വന്നതയുക്തമല്ല.
വിശപ്പിന്നു വിഭവങ്ങൾ വെറുപ്പോളമശിച്ചാലും
വിശിഷ്ടഭോജ്യങ്ങൾ കാണ്‍കിൽകൊതിയാമാര്‍ക്കും.
അനുരക്തരഹോ! ധനപതികൾ നിത്യമെന്‍കാലില്‍
കനകാഭിഷേകംചെയ്തു തൊഴുതാൽപ്പോലും
കനിഞ്ഞൊരു കടാക്ഷിപ്പാൻ മടിക്കും കണ്ണുകൾ കൊച്ചു-
മുനിയെക്കാണുവാൻ മുട്ടിയുഴറുന്നല്ലോ.
കമനീയകായകാന്തി കലരും ജനമിങ്ങനെ
കമനീവിമുഖമായാൽകഠിനമല്ലേ?
ഭാസുരനക്ഷത്രം‌പോലെ ഭംഗിയിൽവിടര്‍ന്നിടുന്ന
കേസരമുകുളമുണ്ടോ ഗന്ധമേലാതെ.
അഥവാ കഷ്ട!മീ യുവാവശ്ശ്രമണഹതകന്റെ
കഥയില്ലായ്മകൾ കേട്ടു കുഴങ്ങുന്നുണ്ടാം.
അവസരം നോക്കുന്നുണ്ടാം; യമരാജ്യത്തിലാ ശാക്യ-
സ്ഥവിരന്നു പോയൊതുങ്ങാൻ സ്ഥലമില്ലല്ലി!
അനുനയം ചൊല്‍വാൻ ചെവിതരുന്നുണ്ടോ? സഖീ,യവ-
ന്നനുരാഗാങ്കുരം വാക്കിൽസ്ഫുരിക്കുന്നുണ്ടോ?
വിവിക്തദേശത്തിൽതന്നെ വചിച്ചിതോ, ദ്യൂത്യ, മെന്റെ
വിവക്ഷിതമറിഞ്ഞെല്ലാം പറഞ്ഞിതോ നീ?
യതിമര്യാദയില്‍ത്തന്നെയവനോര്‍ക്കിൽക്ഷണിക്കുമെൻ
സദനത്തിൽവന്നു ഭിക്ഷ ഗ്രഹിക്കാമല്ലോ!
അതു ചെയ്യുമായിരുന്നാലത്രമാത്രമായ് മിഴിക്കാ
മധുരാകൃതിയെ നോക്കി ലയിക്കാമല്ലോ!
അര്‍ത്ഥഭാണ്ഡങ്ങൾതൻ കനംകുറഞ്ഞുപോകുന്നു, തോഴീ-
യിത്തനുകാന്തിതൻ വിലയിടിഞ്ഞിടുന്നു,
വ്യര്‍ത്ഥമായ്ത്തോന്നുന്നു കഷ്ട!മവൻ കാണാതെനിക്കുള്ള
നൃത്തഗീതാദികളിലെ നൈപുണീപോലും.”
കുലനയവിരുദ്ധമായ് കൊഴുക്കുമെപ്രണയത്തിൽ
നില നായികയിൽകണ്ടു ഹസിച്ചു ദൂതി.
ചലദലകാഞ്ചലയായ് ‘ചാപലമീതരുതെ’ന്നു
തല വിലങ്ങനെയാട്ടിത്തിരസ്കരിച്ചു.
അപഥത്തിൽനായികയെ നയിക്കും കുട്ടീനീ, മതി-
യുപദേശസം‌രംഭം നീയുരിയാടേണ്ട,
മടയരില്ല ലോകത്തിൽമുറയുരയ്ക്കാത്തതായി
പടുപാട്ടൊന്നു പാടാത്ത കഴുതയില്ല.
വിളയും സുഖദു:ഖങ്ങൾ വിതയ്ക്കും നന്മതിന്മതൻ
ഫലമായിട്ടെന്ന ബോധം പൊരുളാണെങ്കിൽ
കൊലയും കൊള്ളയും കൂടിക്കുലപരമ്പരയായാൽ
നലമെന്നു ചൊല്ലും നീതി നുണയായ് നൂനം.
ധനദുര്‍ദ്ദേവതയ്ക്കെന്നും ത്രപവിട്ടഹോ! മോഹത്താൽ
തനതംഗം ഹോമിക്കുമിത്തയ്യലാൾക്കുള്ളിൽ
അനവദ്യസുഖദമാമനുരാഗാങ്കുരം വരാ
തനിയേ പിന്നതു വന്നാൽവരമല്ലല്ലീ?
കതിരവനുടെ ചെറുകിരണവും കാമ്യമല്ലീ-
യതിമാത്രമിരുൾതങ്ങുമന്ധകൂപത്തിൽ?
ഉടനേ ചക്രങ്ങൾ നിലത്തുരുളുമൊച്ചകൾ കൂട്ടി-
പ്പൊടിപൊങ്ങിച്ചു വീഥിയിൽവടക്കുനിന്നും
ആനതാഗ്രമായ കൊമ്പിൽപൂവണിഞ്ഞും തിരയിന്മേൽ
ഫേനപിണ്ഡം‌പോലെ പൊങ്ങും പോഞ്ഞു തുള്ളിച്ചൂം
കിലുകിലെക്കിലുങ്ങുന്ന മണിമാലയാർന്ന കണ്ഠം
കുലുക്കിയും കുതിച്ചാഞ്ഞു താടയാട്ടിയും
കാള രണ്ടു വലിച്ചൊരു കാഞ്ചനക്കളിത്തേരോടി
മാളികതൻ മുമ്പിലിതാ വന്നണയുന്നു.
വാതുക്കലായുട,നഗ്രം വളഞ്ഞു കിന്നരി വച്ച
പാദുകകൾ പൂണ്ടും, പട്ടുതലപ്പാവാര്‍ന്നും,
കാതിൽവജ്രകുണ്ഡലങ്ങൾ മിനുക്കിയണിഞ്ഞും, കൈകൾ
മോതിരങ്ങൾതൻ കാന്തിയിൽതഴുകിക്കൊണ്ടും,
തങ്കനൂല്‍ക്കുടുക്കിയന്നു തനിമഞ്ഞനിറമാര്‍ന്നോ-
രങ്കിയാൽതടിച്ചിരുണ്ട തടി മറച്ചും,
കരയാർന്ന ചെങ്കൗശേയം ഞെറിഞ്ഞു കുത്തിയുടുത്തു
പുറങ്കാല്‍വരെ പൂങ്കച്ഛം ഞാത്തിപ്പാറിച്ചും,
പൊന്നരഞ്ഞാണ്‍തുടൽപുറത്തടിയിച്ചുമിരുപാടും
മിന്നുമുത്തരീയം നീട്ടി മോടിയിലിട്ടും
മണിത്തേരിതില്‍നിന്നതിസുഭഗമ്മന്യനാമൊരു
വണീശ്വരൻ വൈദേശികനിറങ്ങിനിന്നു.
അതു കണ്ടുടനേ ദൂതിയത്തരുണീമണിയെ സ-
സ്മിതം നോക്കിക്കടക്കണ്ണാലാജ്ഞയും വാങ്ങി,
പതിവുപോലുപചാരപരയായ് പോയകത്തേയ്ക്കാ-
യതിഥിയെയെതിരേറ്റു സൽക്കരിക്കുവാൻ.
ആസനം‌വിട്ടുടൻ മെല്ലെയെഴുനേറ്റു വഴിയേതാൻ
വാസവദത്തയും മണിയറയിലേക്കായ്,
പരിച്ഛദമൊക്കെയേന്തിപ്പുറകേ നടന്നുചെല്ലും
പരിചാരികയാകുമന്നിഴലുമായി,
കരപറ്റിനിന്നു വീണ്ടും കുണങ്ങിത്തൻ കുളത്തിലേ-
ക്കരയന്നപ്പിടപോലെ നടന്നുപോയി.

രണ്ട്

കാലം പിന്നെയും കഴിഞ്ഞു, കഥകൾ നിറഞ്ഞ മാസം
നാലു പോയി നഭസ്സിൽകാറൊഴിയാറായി,
പാലപൂത്തു, പരിമളം ചുമന്നു ശുദ്ധമാം പുലർ-
കാലവായു കുളിര്‍ത്തെങ്ങും ചരിക്കയായി.
അഴകോടന്നഗരത്തിൽതെക്കുകിഴക്കതുവഴി-
യൊഴുകും യമുനതന്റെ പുളിനം കാണ്മൂ.
ഇളമഞ്ഞവെയിൽതട്ടി നിറം‌മാറി നീലവിണ്ണിൽ
വിളങ്ങുന്ന വെണ്‍മുകിലിൻ നിരകണക്കേ
ജനരഹിതമാം മേലേക്കരയിലങ്ങങ്ങു കരും-
പനയും പാറയും പുറ്റും പാഴ്‌ച്ചെടികളും
വെളിയിടങ്ങളും വായ്ക്കും സ്ഥലം കാണാം ശൂന്യതയ്ക്കു
കളിപ്പാനൊരുക്കിയിട്ട കളം‌കണക്കേ.
നെടിയ ശാഖകൾ വിണ്ണിൽനിവര്‍ന്നു മുട്ടിയിലയും
വിടപങ്ങളും ചുരുങ്ങി വികൃതമായി,
നടുവിലങ്ങു നില്‍ക്കുന്നു വലിയൊരശ്വത്ഥം, മുത്തു
തടികൾ തേഞ്ഞും തൊലികൾ പൊതിഞ്ഞു വീര്‍ത്തും.
ചടുലദലങ്ങളിലും ശൃംഗഭാഗത്തിലും വെയില്‍
തടവിച്ചുവന്നു കാറ്റിലിളകി മെല്ലെ,
തടിയനരയാലതു തലയില്‍ത്തീകാളും നെടും-
ചുടലബ്ഭൂതം‌കണക്കേ ചലിച്ചു നില്പൂ.
അടിയിലതിൻ ചുവട്ടിലധികം പഴക്കമായ്ക്ക-
ല്ലുടഞ്ഞും പൊളിഞ്ഞുമുണ്ടൊരാല്‍ത്തറ ചുറ്റും.
ഇടുങ്ങിയ മാളങ്ങളിലിഴഞ്ഞേറും പാമ്പുകൾപോൽ
വിടവുതോറും പിണഞ്ഞ വേരുകളോടും.
പറന്നടിഞ്ഞരയാലിൻ പഴുത്ത പത്രങ്ങളൊട്ടു
നിറം‌മങ്ങി നിലം‌പറ്റിക്കിടപ്പു നീളെ;
ഉറുമ്പിഴയ്ക്കുമരിയുമുണങ്ങിയ പൂവും ദർഭ-
മുറിത്തുമ്പും മറ്റും ചേര്‍ന്നു ചിതറിച്ചിന്നി.
അകലത്തൊരു മൂലയിൽകെടുന്ന കനലില്‍നിന്നു
പുകവല്ലി പൊങ്ങിക്കാറ്റിൽപടര്‍ന്നേറുന്നു.
ചികഞ്ഞെടുത്തെന്തോ ചില ദിക്കില്‍നിന്നു ശാപ്പിടുന്നു
പകലെന്നോര്‍ക്കാതെ കൂറ്റൻ കുറുനരികൾ.
കുറിയോരങ്കുശം‌പോലെ കൂര്‍ത്തുവളഞ്ഞുള്ള കൊക്കു
നിറയെക്കൊത്തിവലിച്ചും നഖമൂന്നിയും,
ഇരയെടുക്കുന്നു പെരുംകഴുകുകൾ ചില ദിക്കിൽ
പരിഭ്രമിയാതിരുന്നു ഭയങ്കരങ്ങൾ
ഉടഞ്ഞ ശംഖം‌പോലെയുമുരിച്ചു മുറിച്ച വാഴ-
ത്തടപോലെയും തിളങ്ങുമസ്ഥിഖണ്ഡങ്ങൾ,
അവയവശിഷ്ടങ്ങളായടിഞ്ഞു കിടക്കുന്നുണ്ടൊ-
ട്ടവിടെവിടെ മറഞ്ഞും മറയാതെയും,
അരയാല്‍ത്തറവരെയും വടക്കുനിന്നെത്തുന്ന കാൽ-
പ്പെരുമാറ്റം കുറഞ്ഞ പാഴ്നടക്കാവിന്റെ
പരിസരങ്ങളിൽഭസ്മപ്പാത്തികൾ കാണുന്നു ചുറ്റും
കരിക്കൊള്ളിയും കരിഞ്ഞ കട്ടയുമായി.
ഉടലെടുത്ത നരന്മാര്‍ക്കൊന്നുപോലേവര്‍ക്കും ഭോജ്യ-
മിടരറ്റു പിതൃപൈതാമഹസമ്പ്രാപ്തം.
ഇടമിതിഹലോകത്തിൽപരമാവധിയാണൊരു
ചുടുകാടാ‍ണതു ചൊല്ലാതറിയാമല്ലോ.
മരത്തിന്‍പിന്നിൽകൊക്കുകൾ പിളർത്തിപ്പറന്നുവീണും
വിരവിൽവാങ്ങിയും വീണ്ടുമോങ്ങിയുമിതാ,
കാട്ടിടുന്നെന്തോ ശല്യങ്ങൾ കണ്ഠകോലാഹലത്തോടും
കാട്ടെലിവേട്ടയില്‍പ്പോലെ മലങ്കാക്കകൾ
അഹഹ! കഷ്ടമിങ്ങിതാ കുനിഞ്ഞിരുന്നൊരു നാരി
സഹിയാത താപമാര്‍ന്നു കരഞ്ഞിടുന്നു,
കരവല്ലിയൊന്നില്‍ക്കാകതര്‍ജ്ജനത്തിനേന്തിയുള്ളോ-
രരയാല്‍ച്ചില്ലയാട്ടിയുമശ്രു വര്‍ഷിച്ചും.
കരിയും ചാമ്പലും‌പോലെ കറുത്തോരപ്പക്ഷികൾതൻ
ചരിഞ്ഞ നോട്ടങ്ങൾക്കേകശരവ്യമായി,
അരികില്‍ക്കാണുന്നു ചേലച്ചീന്തിനാൽമറഞ്ഞു, നാല്പാ-
മരമരിഞ്ഞുകൂട്ടിയമാതിരിയേതോ.
അതുമല്ലവൾതൻ മുമ്പിലാല്‍ത്തരമേൽനീണ്ടു രൂപ-
വിധുരമാമൊരു പിണ്ഡം വസ്ത്രവിദ്ധമായ്.
രുധിരാക്തമായി വില്പാനിറക്കിയിട്ട കുങ്കുമ-
പ്പൊതിപോലെ കിടക്കുന്നു പുതച്ചുമൂടി.
ന്ധടിതിയങ്ങിതാ പാരം ചാരുവായ് പ്രാംശുവായ് നിഴൽ
പടിഞ്ഞാറു വീശുമൊരു ഭാസുരാകൃതി
നടക്കാവൂടെ വരുന്നു, ഭാനുമാനില്‍നിന്നു കാറ്റിൽ
കടപൊട്ടിപ്പറന്നെത്തും കതിരുപോലെ.
പാവനമാം മുഖപരിവേഷമാർന്ന മുഗ്ദ്ധയുവ-
ഭാവമോടും കൂറെഴും വാര്‍മിഴികളോടും
ആ വരും വ്യക്തി നൂനമൊരാരഹതനമാം, മെയ്യിൽമഞ്ഞ-
ച്ചീവരം കാണുന്നു, കൈയില്‍ച്ചട്ടി കാണുന്നു.
ഭിക്ഷതേടി വരികയില്ലിവിടെയിവനെന്നല്ലി-
ബ്ഭിക്ഷു പാശുപതനല്ല ചുടലപൂകാന്‍.
ഇക്ഷണം മുങ്ങുമാര്‍ക്കോകൈയേകുവാൻ പോന്നെന്നും തോന്നും
ദക്ഷതയും ത്വരയും ദാക്ഷിണ്യവും കണ്ടാൽ.
ശരിശരി! പരദു:ഖശമനമോർത്തല്ലോ മറ്റും
ശരണത്രയീധനന്മാർ ഭിക്ഷതെണ്ടുന്നു.
തിരഞ്ഞു രക്ഷനല്‍കുന്ന ദേവതകളല്ലോ സാക്ഷാൽ
ധരണിയിൽനടക്കുമിദ്ധർമ്മദൂതന്മാർ.
അടുക്കുന്നിതവന്‍, പറന്നകലുന്നുടൻ കാക്കകൾ,
ഞടുങ്ങിയാ രംഗം കണ്ടു പകച്ചു ധന്യന്‍;
മടുത്തുനില്‍ക്കുന്നു, പിന്നമ്മഹിള മാഴ്കി വാണീടു-
മിടത്തെത്തുന്നു, കണ്ടവൾ സംഭ്രമിക്കുന്നു.
“ ‘വാസവദത്ത’ താനോയി വിപന്നമാം പ്രിയജനം?
നീ സദയം ചൊല്‍ക ഭദ്രേ, ‘ഉപഗുപ്തന്‍’ ഞാന്‍”
എന്നലിഞ്ഞുഴറിയവനുരയ്ക്കുന്നു പുതച്ചവൾ-
തന്നരികിൽകിടക്കുമത്തറ്റിയെച്ചൂണ്ടി.
ഉടനപ്പിണ്ഡമനങ്ങാനൊരുങ്ങുന്നിതഹോ! പുറ-
പ്പെടുന്നു ഞരങ്ങി ശബ്ദം ദീനദീനമായ്.
മൃതസഞ്ജീവിനിയോയി വാക്‍സുധ,യിവന്റെ നാമ-
ചറ്റുരക്ഷരിതാനിത്ര ശക്തിയാർന്നതോ!
അഹഹ! മൃത്യുവിന്നിരുട്ടാഴിയിൽമുങ്ങിയ സത്ത്വം
മുഹൂരിന്ദ്രിയവാതിലിൽമുട്ടുകല്ലല്ലി!
തല നൂണുവരികല്ലീ, കൃമികോശംതന്നില്‍നിന്നു
ശലഭംകണക്കെ, ചേലച്ചുരുളില്‍നിന്നും?
അതുമല്ലഹോ! മുക്കാലും പാഴ്മുകിൽമുടി, വിഭാത-
മതി വീണു കിടക്കുന്നിങ്ങതില്‍ക്കാണുന്നു
ജടിലമാം കുറുനിര ചിന്നിടും ശ്വേതമാം വളർ-
നിടീലവും മയ്യഴിഞ്ഞ നേത്രയുഗ്മവും
അസംശയമൊരു നാരീമുഖംതാനിതാ നയനം
സുസംവൃതമാമീത്തനു വികലാംഗംതാൻ
സസംഭ്രമം പഴക്കത്താൽഭ്രൂലതതാനുണന്നെന്തോ
പ്രസംഗിപ്പാനൊരുങ്ങുന്നു ഫലിക്കായ്കിലും.
ശരി,യസൂചനകണ്ടു ചീവരഖണ്ഡത്താൽതോഴി-
യരികിൽകാക്ക തെണ്ടീടുമപ്പദാര്‍ത്ഥത്തെ
അധികം മൂടുന്നു വിരഞ്ഞപ്പുമാൻ കാണാതെ, ഹന്തത!
മൃതിയിലും മഹിളമാർ മറക്കാ മാനം!
പഴുതേയാണഥവായിപ്പരിഭ്രമമെടോ തോഴി,
കഴിയാ നിനക്കിവന്റെ കണ്ണു മൂടുവാന്‍.
മറവിൽകിടക്കും ജന്മമൃതികാരണങ്ങൾപോലു-
മറിയും സൂക്ഷ്മദൃക്കാകുമാഹതനിവൻ
കമ്പമെന്തിനതുമല്ലിയവയവഖണ്ഡങ്ങൾ നിന്‍-
മുമ്പണയും‌മുമ്പുതന്നെ കണ്ടുപോയിവൻ
അമ്പിനോടുമിവയുടെയുടമസ്ഥയിക്കിടക്കും
ചമ്പകമേനിയാളെന്നും ഗ്രഹിച്ചുപോയി.
തുണിത്തുണ്ടിൽമായാതെ കാണുന്നു വെളിക്കൊടുവി-
ലണഞ്ഞ കോലരക്കിൻ ചാറുണങ്ങിപ്പറ്റി.
പാടലകോമളമായ പാദതാരും പരം നൃത്ത-
മാടിയയവാർന്ന ചാരു നരിയാണിയും,
കാഞ്ചനകിങ്കിണിത്തളകൾതൻ മൃദുകിണ-
ലാഞ്ച്ഛനരമ്യമാം പുറവടിയും പൂണ്ടു,
കാഴമ്പുമൊട്ടൊത്ത കണങ്കാൽമുറികളിതാ മുട്ടിൻ
താഴെച്ചോരയൊലിച്ചാർന്ന വേടുകളോടും.
അടുത്തുതാനതാ ഹൻത! മയിലാഞ്ചിയണിഞ്ഞല്പം
തുടുത്തും തന്ത്രികൾ മീട്ടും തഴമ്പുപൂണ്ടും,
മൃദുമിനുസമാം നഖം‌മിന്നി നന്മണിമോതിര-
മതിചിരമണിഞ്ഞെഴും പാടുകൾ തങ്ങി,
കോമളമായ്ത്തുമ്പു കൂർത്ത വിരലേലും കരം കാണ്മൂ
ഹേമപുഷ്പം‌പോലെ രക്തകുങ്കുമാക്തമായ്.
കോൾമയിര്‍ക്കൊള്ളുമോര്‍ക്കുമ്പോൾ കഠിനമയ്യോ! മുറിച്ചു
ഭൂമിയിലെറിഞ്ഞതാരിപ്പൂവലംഗങ്ങൾ!
ഹാ! മിന്നുന്നിപ്പോഴുമിവ-വില പരിച്ഛേദിച്ചില്ല
കാമരാജ്യത്തിങ്കൽമുമ്പിക്കല്ലുകൾക്കാരും
‘വാസവദത്ത’ താനിവൾ, ഇവൾതാൻ മലർമുറ്റത്താ
വാസരാന്തത്തിൽനാം കണ്ട വിശ്വമോഹിനി.
ഹാ! സുഖങ്ങൾ വെറുംജാലം, ആരറിവൂ നിയതിതൻ
ത്രാസുപൊങ്ങുന്നതും താനേ താണുപോവതും.
മലിനകന്ഥയാലംഗം മുറിച്ചോരുടൽമുടിയ-
ന്നിലയിലിരുന്നോളിവൾ കിടപ്പായയ്യോ.
ഇലയും കുലയുമരിഞ്ഞിടവെട്ടി മുറിച്ചിട്ട
മലവാഴത്തടിപോലെ മലർന്നടിഞ്ഞു!
ചോരരാരുമിവളുടെ ചുവരു തുരന്നിടഞ്ഞി-
ഗ്ഘോരകൃത്യം ചെയ്തതല്ല, ധനമോഹത്താൽ;
വാരുണീമത്തരാം വല്ല വിടരും കലഹത്തിലീ
വാരനാരിയാളെ വെട്ടിമുറിച്ചതല്ല;
സാരമാം മന്ത്രഭേദത്തിൽസംശയിതയായിവൾക്കി-
ഗ്ഘോരശിക്ഷതൻ കോയിമ വിധിച്ചതല്ല.
എന്തിനന്യവിപത്തുകളഥവാ തേടുന്നു കഷ്ടം!
സ്വന്തവാളാൽസ്വയംവെട്ടി നശിപ്പൂ മര്‍ത്ത്യർ!
ഒട്ടുനാൾമുമ്പിവളൊരു തൊഴിലാളിത്തലവന്റെ-
യിഷ്ടകാമുകിയായ് വാണു രമിച്ചിരുന്നു.
കഷ്ടകാലത്തിനപ്പോളക്കാളവണ്ടിയിൽനാം കണ്ട
ചെട്ടിയാരതിഥിയായ്ച്ചെന്നടുത്തുകൂടി.
പരിചയംകൊണ്ടു വിട്ടുപിരിയാതായവന്‍, പിന്നെ
പ്പരിചാരകന്മാർ കാര്യം മറച്ചുവച്ചു.
അഭ്യസൂയയിരുവര്‍ക്കുമുളവാകാതൊഴിക്കുവാ-
നഭ്യസിച്ച തന്ത്രമെല്ലാമവർ കാണിച്ചു.
ഒരുകാര്യം നിരൂപിച്ചാലൊരുവൻ കാമ്യൻ, പിന്നെ മ-
റ്റൊരുകാര്യം നിനയ്ക്കുമ്പോൾ മറ്റവൻ മാന്യൻ.
ഒരുവനെപ്പിരിവാനുമൊരുകാലത്തു രണ്ടാളെ
വരിപ്പാനും പണിയായി വലഞ്ഞു തന്വി.
ദിനങ്ങൾ ചിലതു പോയി, നടപടികളാൽസ്നേഹം
തനിപ്പൊന്നല്ലെന്നുമാദ്യൻ സംശയിക്കയായ്
പരമസാധ്വിയില്‍പ്പോലും പുരുഷന്നു ശങ്ക തോന്നാം
പുരഗണികയില്‍പ്പിന്നെപ്പറയേണമോ?
കുപിതനാക്കിയാലവൻ കലക്കമുണ്ടാക്കും ഭാവി
വിപൽക്കരമായും തീരുമവൾക്കാ,കയാൽ
മുഖം തെല്ലുകറുക്കുമോ മുഖ്യജാരനെ ക്രമേണ
പുകയുമഗ്നിബാണം‌പോലവൾ പേടിച്ചു.
പരിനാശകരമാമ’ത്തീക്കുടുക്ക’ പൊട്ടും‌മുമ്പേ
തിരിമുറിച്ചെറിയാതെ തരമില്ലെന്നായ്.
ശേഷമെന്തിനുരയ്ക്കുന്നിതവനിപ്പോളില്ല, സര്‍വ്വം
ജോഷമായ്, രണ്ടുമൂന്നുനാൾ കഴിഞ്ഞു കഷ്ടം!
തോഷവുമൊട്ടുവളര്‍ന്നു, ഹന്ത! യിദ്ധൂർത്തയെച്ചൊല്ലി
യോഷമാരേ, നിങ്ങളെല്ലാം ലജ്ജിക്കാറുമായ്!
അഹഹ! സങ്കടാമോര്‍ത്താൽമനുഷ്യജീവിതത്തെക്കാൾ
മഹിയിൽദയനീയമായ് മറ്റെന്തോന്നുള്ളു!
പുഷ്പശക്തിവഹിക്കുമിപ്പളുങ്കുപാത്രം വിരലാൽ
മുട്ടിയാൽമതി, തവിടുപൊടിയാമല്ലോ!
അതുമല്ല വിപത്തുകളറിയുന്നില്ലഹോ മര്‍ത്ത്യൻ
പ്രതിബോധവാനെന്നാ പരിമോഹത്താൽ.
ഊറ്റമായോരുരഗത്തിൻ ചുരുളിനെയുറക്കത്താൽ
കാറ്റുതലയണയായേ കരുതൂ ഭോഷൻ!
അതുപോകട്ടെ പാപത്തിൻ പരിണാമം കാണ്മിന്‍, നാടു
പ്രതികൂലമായ്, അവൾ തൻ തൊഴുത്തില്‍നിന്നും
ഒറ്റുകാർ കുഴിച്ചവന്റെ വികൃതപ്രേതമെടുത്തു,
കുറ്റവാളിയായവളെബ്ബന്ധനംചെയ്തു.
ഫലിച്ചില്ല കടക്കണ്ണിന്‍പണിയും ധനത്തിൻ മുഷ്കു-
മുല്‍ച്ചിലറ്റന്നിരുന്ന ധർമ്മപീഠത്തിൽ!
നിലപെറ്റ നേരിന്‍‌കാന്തി നീതിവാദപടുക്കൾതൻ
വലിയ വാചാലതയിൽമറഞ്ഞുമില്ല.
ഹാ! മഹാപാപമിതിവൾ ചെയ്തുവല്ലോ! കടുപ്പമി-
ക്കോമളിമയെങ്ങു നെഞ്ചിൻ ക്രൌര്യമെങ്ങഹോ!
പ്രേമമേ, നിൻ പേരുകേട്ടാൽപേടിയാം, വഴിപിഴച്ച
കാമകിങ്കരർ ചെയ്യുന്ന കടുംകൈകളാൽ.
വധദണ്ഡാര്‍ഹയവളെ വിധിജ്ഞനാം പ്രാഡ്വിവാകൻ
വിധിച്ചപോലഹോ! പിന്നെ നൃപകിങ്കരർ,
കരചരണശ്രവണനാസികൾ മുറിച്ചു ഭൂ-
നരകമാം ചുടുകാട്ടിന്‍‌നടുവിൽതള്ളി.
ഹാ! മതിമോഹത്താൽചെയ്തു സാഹസമൊ, ന്നതിനിന്നി-
പ്പുമൃദുമേനിയാൾ പെറ്റും പാടു കണ്ടില്ലേ!
നാമവും രൂപവുമറ്റ നിര്‍ദ്ദയമാം നിയമമേ,
ഭീമമയ്യോ! നിന്റെ ദണ്ഡപരിപാടികൾ!

മൂന്ന്

രക്തമെല്ലാം ഒഴികിപ്പോയ്, ക്ഷയിച്ചു ശക്തി, സിരകൾ
രിക്തമായ്; പ്രാണപാശമറുമാറായി;
അക്കിടപ്പിലുമവളാ യുവമുനിയെ വീക്ഷിപ്പാൻ
പൊക്കിടുന്നു തല, രാഗവൈഭവം കണ്ടോ!
അഥവായിവൾക്കെഴുമിബ്ഭാവബന്ധബലത്താല്‍താൻ
ശിഥിലമായ തൽപ്രാണൻതങ്ങിനില്പതാം;
അന്തിമമാം മണമര്‍പ്പിച്ചടിവാൻ മലർ കാക്കില്ലേ
ഗന്ധവാഹനെ?-രഹസ്യമാര്‍ക്കറിയാവൂ?
പുടം വരണ്ടു പറ്റിയ പോള പണിപ്പെട്ടു ചെറ്റു
വിടര്‍ത്തും കണ്ണിലവന്റെ കാന്തി വീഴവേ
അവൾ തൻ പാണ്ഡുമുഖത്തിലന്തിവിണ്ണിലെന്നപോലെ-
യെവിടുന്നോ ചാടിയെത്തി രക്തരേഖകൾ!
മരവിച്ചു മർമ്മസന്ധിനിരയര്‍ക്ഷണമൻത:-
കരണം വേദന വിട്ടു നിൽക്കവേ തന്വി
സ്മരിക്കുന്നു പൂര്‍വ്വരാഗമവനെ നോക്കിക്കണ്ണാല്‍ത്താൻ
ചിരിക്കയും കരകയും ചെയ്യുന്നു പാവം
വിരഞ്ഞന്തര്‍ഗദ്ഗദമായ്, വിടങ്കത്തിലെഴും പ്രാവിൻ
വിരുതം‌പോലെ മൃദുവായ് വ്യക്തിഹീനമായ്;
ഉരയ്ക്കുന്നുമുണ്ടവൾ താണുടൻകൈകൾ പിന്നിൽചേര്‍ത്താ-
ഞ്ഞരികില്‍ക്കുനിഞ്ഞു നില്‍ക്കുമവനോടേതോ.
അനുനാസികവികലമൻതരോഷ്ഠലീനദീന-
സ്വനമമ്മൊഴിയിതരശ്രാവ്യമല്ലഹോ!
അനുകമ്പ കലർന്നതിശ്രാവകൻ ശ്രവിപ്പൂ, നമു-
ക്കനുമിക്കാമവനോതുമുത്തരങ്ങളാല്‍;
“ഇല്ല, ഞാൻ താമസിച്ചുപോയില്ലെടൊ സരളശീലേ-
യല്ലൽനീയിന്നെന്നെച്ചൊല്ലിയാര്‍ന്നിടായ്കെടോ,
ശോഭനകാലങ്ങളിൽനീ ഗമ്യമായില്ലെനിക്കു, നിൻ
സൌഭഗത്തിൽമോഹമാർന്ന സുഹൃത്തല്ല ഞാൻ.
അറിയുന്നുണ്ടെങ്കിലും ഞാനകൃത്രിമപ്രണയത്തി-
ന്നുറവൊന്നു നിങ്ങൾക്കാമ്പിലൂറി നിന്നതും.
മുറയോര്‍ക്കുമ്പോളതു നിന്‍മഹിതഗുണമെന്നോര്‍ത്തു
നിറയുന്നുണ്ടെനിക്കുളിൽനന്ദിതാനുമേ;
പരമവിപത്തിങ്കലും പരിജനം നിന്നെ വിട്ടു-
പിരിയാതിങ്ങണഞ്ഞഹോ! പരിചരിച്ചു,
ചൊരിയുമിക്കണ്ണുനീർ നിൻ സ്ഥിരദാക്ഷിണ്യശീലത്തെ-
യുരചെയ്യുന്നുണ്ടതും ഞാനോര്‍ക്കുന്നുണ്ടെടോ.
നിയതം സ്നേഹയോഗ്യ നീ നിജവൃത്തിവശയായ് ദുർ-
ന്നിയതിയാൽഘോരകൃത്യം ചെയ്തുപോയല്ലോ!
ദയനീയം, നീയിയന്ന ധനദാഹവും സൊന്ദര്യ
സ്മയവും ഹാ! മുഗ്‌ദ്ധേ, നിന്നെ വഞ്ചിച്ചായല്ലോ!
അതിചപലമീയൻത:കരണം ലോകഭോഗങ്ങൾ
പ്രതിനവരസങ്ങളാൽഭൂരിശക്തികൾ.
ഗതിയെന്തു ജന്തുക്കൾക്കി-രതിരോഷമോഹങ്ങളാൽ
ജിതലോകമാ’മവിദ്യ’ ജയിച്ചീടുന്നു.
അതു നിൽക്ക, വിപത്തിതൊരരതുലാനുഗ്രഹമായ് നീ
മതിയിലോര്‍ക്കണം സഖീ, -എന്തുകൊണ്ടെന്നോ?
ഇതിനാലിന്നു കണ്ടില്ലേ വിഭവത്തിന്‍ചലത്വവും
രതിസമാനരൂപത്തിൽരിക്തതയും നീ?
സാരമില്ലെടോ, നിൻ നഷ്ടം സഹജേ നൊടിയിൽഗുരു-
കാരുണിയാൽനിനക്കിന്നു കൈക്കലാമല്ലോ.
ചോരനപഹരിക്കാത്ത ശാശ്വതശാന്തിധനവും
മാരനെയ്താൽമുറിയാത്ത മനശ്ശോഭയും.
കരയായ്ക ഭഗിനീ, നീ കളക ഭീരുത, ശാന്തി
വരും, നിന്റെ വാര്‍നെറുക ഞാൻതലോടുവന്‍.
ചിരകാലമഷ്ടമാര്‍ഗ്ഗചാരിയാമബ്ഭഗവാന്റെ
പരിശുദ്ധപാദപത്മം തുടച്ച കൈയാല്‍.”
എന്നലിഞ്ഞവൻ കരതാരവൾതൻ പൂവല്‍നെറ്റിമേ-
ലൊന്നുചേര്‍ക്കുന്നങ്ങവൾക്കു ചീര്‍ക്കുന്നു രോമം,
ഖിന്നമുഖിയാമവൾതൻ കെടുന്ന സംജ്ഞ വിരലാ-
ലുന്നയിച്ച ദീപമ്പോലുന്നുജ്ജ്വലിക്കുന്നു.
തുടരുന്നൂ മൊഴിയവന്‍, “ശരി, സോദരി, ഞാൻ സ്വയം
മടിച്ചുതാൻ മുമ്പു വന്നു നിന്നെ മീളുവാൻ;
കുശലമാര്‍ഗ്ഗങ്ങളന്നു കേൾക്കുമായിരുന്നില്ല നീ,
വിശസനം സുഖികളെ വിജ്ഞരാക്കുന്നു.
അഖിലജന്തുദു:ഖവുമപാകരിക്കുന്ന ബോധം
വികിരണം ചെയ്തിടുന്ന വിശ്വവന്ദ്യന്റെ
വാസപവിത്രങ്ങളാണീ വാസരങ്ങൾ ഭൂവിൽ, നമ്മൾ
വാസവദത്തേ, കരഞ്ഞാൽവെടിപ്പല്ലെടോ.
മംഗലേതരകർമ്മത്താൽമലിന നീശുഭം, നമ്മൾ
സംഗതിയില്ലെന്നെൻ സഖി, സംശയിക്കല്ലേ.
അംഗുലീമലനുപോലുമാര്‍ഹതപദമേകിയ
തുഗമാം കരുണയെ നീ വിശ്വസിച്ചാലും.
സത്യമോര്‍ക്കുകിൽസംസാരയാത്രയിൽപാപത്തിൻ കഴൽ
കുത്തിടാതെ കടന്നവർ കാണുകില്ലെടോ.
ബദ്ധപങ്കമായോടുന്നിതൊരുകാലം നദി പിന്നെ
ശുദ്ധികലര്‍ന്നൊരു കാലം ശോഭതേടുന്നു.
കലമില്ല നിനക്കെന്നും കരൾ കാഞ്ഞു വൃഥാ മതി-
ശാലിനി, മാഴ്കൊല്ല, ചിരഞ്ജീവികൾക്കുമേ,
ലോലമാം ക്ഷണമേ വേണ്ടൂ ബോധമുള്ളിൽജ്വലിപ്പാനും
മാലണയ്ക്കും തമസ്സാകെ മാഞ്ഞുപോവാനും.
ഭുക്തഭോഗയായ് സഹിച്ച പരിവേദനയാൽപാപ-
മുക്തയായി, സഹജേ, നീ മുക്തിപാത്രമായ്.
ശ്രദ്ധയാര്‍ന്നു വിദ്യയിനി ശ്രവിക്കുക പവിത്രയായ്
ബുദ്ധമാതാവെഴും പുണ്യലോകം പൂകുക!”
താണുനില്‍ക്കുന്നങ്ങനെയബ്ഭിക്ഷു വിവക്ഷുവായുടന്‍,
ക്ഷീണതയാൽമങ്ങിയ വാര്‍മിഴികൾ വീണ്ടും
കോണടിയോളവും തുറന്നവഹിതായമ്പോടു-
മേണനേത്രയാളവനെയൊന്നു നോക്കുന്നു.
കരതലമുയർത്തിക്കാര്‍ചികുരതൻ ശിരസ്സിൽവെ-
ച്ചുരചെയ്യുന്നു വാക്കലിഞ്ഞമ്മുനീശ്വരൻ,
ശരണരത്നങ്ങൾ മൂന്നും ചെവിയിലേറ്റുടനന്തഃ-
കരണത്തിലണിഞ്ഞവൾ കാന്തി തേടുന്നു.
നിറഞ്ഞതാ ലക്ഷണമൊരു നവതേജസ്സു മുഖത്തിൽ
മറഞ്ഞുപോയ് മുമ്പു കണ്ട ശോകരേഖകൾ
പറയാവതല്ലാത്തൊരു പരമശാന്തിരസത്തി-
ന്നുറവായവൾക്കു തോന്നിയവളെത്തന്നെ.
ക്ഷണമുടൽകുളുർത്തഹോ! ചലിച്ചു സിരകൾ, രക്തം
വ്രണമുഖങ്ങളിൽവാര്‍ന്നൂ വീതവേദനം.
സ്ഫുരിച്ചു ബാഷ്പബിന്ദുക്കളവൾക്കു വെണ്‍കുടക്കണ്ണി-
ലുരച്ച ചെറുശംഖില്‍ത്തൂമുത്തുകൾപോലെ.
തിരിയേയുമവളുപഗുപ്തനെയൊന്നുപകാര-
സ്മരണസൂക്തങ്ങൾ പാടും മിഴിയാൽനോക്കി.
ചരിതാര്‍ത്ഥനവനവൾ ചൊരിഞ്ഞോരശ്രുബിന്ദുകൈ-
വിരലാൽതുടച്ചു വാങ്ങി നിവര്‍ന്നു നിന്നു.
പരം പിന്നെയുഴന്നെങ്ങും മിഴികളൊന്നുഴിഞ്ഞങ്ങ-
ത്വരയിലവൾ ജീവിച്ചശുദ്ധിതേടീടും
ക്ഷണത്തിൽചെന്നു ഞെരുങ്ങി പ്രപഞ്ചം നിന്നഹോ! ഹിമ-
കണത്തിൽബിംബിച്ചുകാണും കാനനം‌പോലെ.
പരിസരമതിലവൾ പിന്നെയും കണ്ടാൾ തന്നിഷ്ട-
പരിചാരികയാൽവീണ്ടും പരിഗുപ്തങ്ങൾ.
അപാകൃതങ്ങളാകുമായംഗകങ്ങൾ, സ്വയം കർമ്മ-
വിപാകവിജ്ഞാനപാഠപരിച്ഛദങ്ങൾ.
കൃതകോപനൊരു ശിശു കളിയിൽഭഞ്ജിച്ചെറിഞ്ഞ
പതംഗികാംഗങ്ങൾപോലെ ദയനീയങ്ങൾ.
തിരിയെ നോക്കുന്നിതവളതുകൾ സാകൂതമായും
നിരുദ്വേഗമായും ഹാ! നിർമ്മമതമായും
യമുനയിലിളംകാറ്റു തിരതല്ലി ശാഖ ചലി-
ച്ചമരസല്ലാപം കേൾക്കായരയാലിന്മേൽ;
താണുടനേ രണ്ടു നീണ്ട ഭാനുകിരണങ്ങളങ്ങു
ചേണിയന്ന കനകനിശ്രേണിയുണ്ടാക്കി;
അതു നോക്കുക്കുതുകമാർന്നമലവിസ്മയസ്മേര-
വദനയാമവൾക്കഹോ; ശാന്തശാന്തമായ്,
അര്‍ദ്ധനിമീലിതങ്ങളായുപരി പൊങ്ങീ മിഴിക-
ളൂര്‍ദ്ധ്വലോകദിദൃക്ഷയാലെന്നപോലെതാൻ.
പാവക, നീ ജയിക്കുന്നു പാകവിജ്ഞാനത്താൽനശ്യ-
ജ്ജീവലോകം തേടുമിന്നോ നാളെയോ നിന്നെ;
തൂലകര്‍ണത്തൊടില്ല നനഞ്ഞാൽ; ചൂടാൽവരണ്ട
ബാലരംഭയെക്കര്‍പ്പൂരഖണ്ഡമാക്കും നീ!
പരിനിര്‍വ്വാണയായ തൻ പ്രിയസ്വാമിനിയെ നോക്കി-
പ്പരിചാരിക വാവിട്ടു വിളിച്ചുകേണു,
പരിചിലന്തസ്സമാധി ശിഥിലമാക്കിത്തിരിഞ്ഞ-
പ്പരമോദാരനവളെസ്സാന്ത്വനംചെയ്തു.
ഉപചയിച്ചംഗമെല്ലാമുടനവർ കൊണ്ടുപോയ-
ങ്ങുപനദീതടമൊരു ചിതമേൽവെച്ചു.
ഉപരിയെന്തുരപ്പൂ! കേണുഴലുമത്തോഴിതന്നെ
ഉപഗുപ്തനൊരുവിധം പറഞ്ഞയച്ചു.
ഹാ! മിഴിച്ചുനിന്നവനങ്ങമ്മഥുരയിലെ മുഖ്യ-
കാമനീയകത്തിൻ ഭസ്മകദംബം കണ്ടു!
ആ മഹാന്റെ കണ്ണിൽനിന്നാച്ചാമ്പലിലൊരശ്രുകണം
മാമലകീഫലമ്പോലെയടര്‍ന്നുവീണു.
ഉൽക്കടാശോകതിക്തമല്ലോര്‍ക്കുകിലന്നയനാംബു,
‘ദു:ഖസത്യ’ജ്ഞനദ്ധീരൻ കരകയില്ല.
തല്‍കൃതാര്‍ത്ഥതാസുഖത്തേന്‍തുള്ളിയല്ലതു-ജന്തുവി-
ന്നുല്‍ക്രമണത്തിൽമോദിക്കാ ഹൃദയാലുക്കൾ.
ക്ഷിപ്രസിദ്ധി കണ്ടു തൂർന്ന വിസ്മയരസവുമല്ല-
തദ്ഭുതചാപലം ഹേതുദര്‍ശിയാര്‍ന്നിടാം.
കരുതാം മറ്റൊന്നല്ലതു ‘കരുണ’തൻ കയത്തിലെ-
പ്പരിണതോജ്ജ്വലമുക്താഫലമല്ലാതെ.
ഉടനെയന്നു താൻ ചെയ്ത ശുഭകർമ്മത്തിൻ മഹത്ത്വം
കടുകോളം മതിയാതെ ഗളിതഗര്‍വ്വൻ
ചുടുകാടു വിട്ടു പിന്നശ്ശുചിവ്രതൻവന്നവഴി
മടങ്ങിപ്പോകുന്നു ചിന്താമന്ദവേഗനായ്.
നമസ്കാരമുപഗുപ്ത, വരിക ഭവാൻ നിര്‍വ്വാണ-
നിമഗ്നനാകാതെ വീണ്ടും ലോകസേവയ്ക്കായ്;
പതിതകാരുണികരാം ഭവാദൃശസുതന്മാരെ
ക്ഷിതിദേവിക്കിന്നു വേണമധികം പേരെ.

No comments:

Post a Comment

allnews thehindu hindustantimes timesofindia veekshanam keralakaumudi janayugom janmabhumi googlenews madhyamam BookFinder BookChums Libgen gutenberg bookyards archive feedbooks Openlibrary manybooks librivox digitallibrary bibliomania infomotions.com authorama readeasily googlebooks booksshouldbefree classicly digilibraries free-book.co.uk epubbooks pdfbooks netcarshow malayalam-blogsheet thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka Cooperative Service Examination Board KPSC KSCB civil services UPSC Kerala Govt. Kerala High Court Supreme Court Kerala University Calicut University Cochin University Kannur University M.G. University SSUS Agri. University University of Health Sciences India Govt. it@school Kerala Results hscap dhse ncert chalakudyonline angamalynews panancherynews meloorpanchayat chalakudyblock meloorwiki Kerala Entrance Exams marunadanmalayalee keralaexpress nammudemalayalam rosemalayalam harithakam malayalanatu euromalayalam ipathram indiavisiontv manoramanews ibnlive moneycontrol epapers-hub daily-malayalam metro-vaartha rashtradeepika-epaper thejasnews anweshanam britishkairali aswamedham malayalam-newspapers epaper.metrovaartha MSN Malayalam writeka generaldaily malayalam.oneindia nana puzha.com kalakaumudi samakalika malayalam sathyadeepam balarama thathamma peopletv asianetglobal dooradarshantvm amritatv sunnetwork newsat2pm epathram malayalam.samachar malayalam.yahoo snehitha malayalampathram epapers-hub epapercatalog metromatinee doolnews keralaonlive aumalayalam morningbellnews webmalayalee pravasionline prokerala kasargodvartha newkerala mangalamvarika utharakalam sradha kerala sahitya akademi solidarity entegramam cyberkerala malayalam.samachar cinemaofmalayalam cinemaofmalayalam nellu finance dept. kerala egazette sciencedaily priceindia historyofpaintings National Lalitkala Academy nrimalayalee malayalam.oneindia railradar wikimapia bhuvan google keralapolice Indiaegazette Keralaegazette